നിങ്ങളുടെ കുട്ടിയുടെ ജീവൻ രക്ഷിക്കുക!
ദക്ഷിണാഫ്രിക്കയിലുള്ള ക്വാസുളൂ-നറ്റലിലെ ഹരിതാഭമായ കുന്നുകൾക്കിടയിലുള്ള ഒരു ഗ്രാമ താഴ്വരയിലാണ് മൈക്കളും അൽഫിനയും താമസിക്കുന്നത്. ഏഴു കുട്ടികളെ വളർത്തിക്കൊണ്ടുവരവേ അവർ ഒട്ടനവധി വെല്ലുവിളികൾ അഭിമുഖീകരിച്ചു. പിതാക്കൻമാരോടുള്ള ബൈബിളിന്റെ കൽപ്പന അനുസരിക്കാൻ ഭാര്യയുടെ പൂർണ പിന്തുണയോടെ മൈക്കൾ ആവതു ശ്രമിച്ചു: “നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:4) എന്നാൽ ചിലപ്പോൾ പ്രശ്നങ്ങൾ വികാസം പ്രാപിക്കുന്നു.
ദൃഷ്ടാന്തത്തിന്, ഒരുമിച്ചു കളിക്കാൻ കൂടുതൽ സമയം കിട്ടേണ്ടതിന് ആഫ്രിക്കൻ ഇടയബാലൻമാർ സാധാരണമായി തങ്ങളുടെ വീട്ടിലെ കന്നുകാലികളെ മറ്റുള്ളവരുടേതുമായി ഒരുമിച്ചുകൂട്ടുന്നു. അവർ ചിലപ്പോൾ വികൃതികൾ കാട്ടുകയും തങ്ങൾ ചർച്ചചെയ്യരുതാത്ത സംഗതികളെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു. മൈക്കളിന്റെ പുത്രൻമാർ വീട്ടിലെ കന്നുകാലികളെ മേയിക്കാൻ പോയപ്പോൾ, ചില കുട്ടികളുമായി സഹവസിക്കരുതെന്ന് അദ്ദേഹം അവരോടു കർശനമായി പറഞ്ഞു. (യാക്കോബ് 4:4) എന്നാൽ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിപ്പോരുമ്പോൾ, അവർ ആ കുട്ടികളുമായി സഹവസിക്കുന്നത് അദ്ദേഹം ചിലയവസരങ്ങളിൽ കണ്ടു. തത്ഫലമായി, അദ്ദേഹത്തിന് അവരെ ശിക്ഷിക്കേണ്ടിവന്നു.—സദൃശവാക്യങ്ങൾ 23:13, 14.
തന്റെ കുട്ടികളുടെ കാര്യത്തിൽ മൈക്കൾ വളരെ കർക്കശനായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? ചിലർ അങ്ങനെ വിചാരിച്ചേക്കാം, എന്നാൽ “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെ”ടുന്നുവെന്ന് യേശു പറഞ്ഞു. (മത്തായി 11:19) തങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിച്ചും അവരെ ബൈബിൾ വിവരണങ്ങളും സത്യങ്ങളും പഠിപ്പിച്ചുംകൊണ്ട്, മൈക്കളും അൽഫിനയും തങ്ങളുടെ ഭവനത്തിൽ ഹൃദ്യമായ ഒരന്തരീക്ഷം സൃഷ്ടിച്ചു.
മൈക്കളിനും അൽഫിനയ്ക്കും നാലു പുത്രിമാരുണ്ട്—തിമ്പക്കിളി, സഫിവ, തോളക്കിളി, തിമ്പക്കാനി. അവരെല്ലാവരും ദൈവരാജ്യ സുവാർത്തയുടെ മുഴുസമയ പ്രസംഗകരാണ്. അവരുടെ പുത്രൻമാരിൽ രണ്ടുപേർ യഹോവയുടെ സാക്ഷികളുടെ സഭകളിലെ അധ്യക്ഷമേൽവിചാരകൻമാരായി സേവിക്കുന്നു. അവരുടെ മൂന്നാമത്തെ പുത്രൻ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഒരു മുഴുസമയ പ്രസംഗപ്രവർത്തകയാണ്.
വലിയ കുടുംബങ്ങളുള്ള അനേകം ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ കൈവരിച്ചിരിക്കുന്ന നല്ല വിജയത്താൽ അനുഗൃഹീതരാണ്. എന്നാൽ, മാതാപിതാക്കളുടെ നല്ല പരിശീലനം ലഭിക്കുന്ന ചില കുട്ടികൾ സത്യം ഉപേക്ഷിച്ചിട്ടുണ്ട്. അവരുടെ മാതാപിതാക്കൾ യേശു പറഞ്ഞ ധൂർത്തപുത്രന്റെ ഉപമ മനസ്സിൽ സംഗ്രഹിക്കുകയും തങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ അനുതപിച്ച് ഒടുവിൽ രക്ഷപ്രാപിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യുന്നുവെന്നതിൽ സംശയമില്ല.—ലൂക്കൊസ് 15:21-24.
എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ചില ക്രിസ്തീയ മാതാപിതാക്കളുടെ എല്ലാ കുട്ടികളും വഴിപിഴച്ചു പോകുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഇതു വിശേഷിച്ചും ഉത്കണ്ഠയ്ക്കുള്ള ഒരു കാരണമാണ്. അവിടെ, കുട്ടികൾ കൗമാരപ്രായംവരെ കുഴപ്പക്കാരല്ലാതെ വളർന്നുവരുന്നതായി കാണപ്പെടുന്നു. നവയൗവനത്തിൽ അവർ സാത്താന്റെ ലോകത്തിന്റെ അധാർമിക വഴികളാൽ പ്രലോഭിതരാകുന്നു. (1 യോഹന്നാൻ 5:19) തത്ഫലമായി, നിരവധി പിതാക്കൻമാർ സഭാമൂപ്പൻമാരായി സേവിക്കാൻ യോഗ്യതപ്രാപിക്കുന്നില്ല. (1 തിമൊഥെയൊസ് 3:1, 4, 5) സ്പഷ്ടമായും, ഒരു ക്രിസ്തീയ പിതാവ് തന്റെ കുടുംബത്തിന്റെ രക്ഷയെ സുപ്രധാന സംഗതിയായി വീക്ഷിക്കണം. അതുകൊണ്ട്, തങ്ങളുടെ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാവുന്നതാണ്?
അടുത്ത സുഹൃത്തായിരിക്കുക
യേശു പൂർണതയുള്ളവൻ മാത്രമായിരുന്നില്ല, മറിച്ച് അറിവിലും അനുഭവപരിചയത്തിലും മറ്റേതൊരു മനുഷ്യനെക്കാളും അത്യന്തം ഉന്നതനുമായിരുന്നു. എന്നിരുന്നാലും, അപൂർണരായ തന്റെ ശിഷ്യൻമാരോട് അവൻ അടുത്ത സുഹൃത്തുക്കളോടെന്നപോലെ പെരുമാറി. (യോഹന്നാൻ 15:15) അതുകൊണ്ടാണ് അവർ അവനോടൊപ്പമായിരിക്കാൻ ആഗ്രഹിച്ചതും അവന്റെ സാന്നിധ്യത്തിൽ അഭിവൃദ്ധി പ്രാപിച്ചതും. (യോഹന്നാൻ 1:14, 16, 39-42; 21:7, 15-17) മാതാപിതാക്കൾക്ക് ഇതിൽനിന്നു പഠിക്കാൻ കഴിയും. ഊഷ്മളമായ സൂര്യപ്രകാശത്തിനുനേരേ ഇലകൾ നീട്ടിനിൽക്കുന്ന കൊച്ചു സസ്യങ്ങളെപ്പോലെ കുട്ടികൾ, ഭവനത്തിൽ സ്നേഹപൂർവകമായ, സൗഹൃദപരമായ അന്തരീക്ഷം ഉണ്ടെങ്കിൽ അഭിവൃദ്ധി പ്രാപിക്കുന്നു.
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്ക് അവരുടെ എല്ലാ ആകുലതകളുമായി നിങ്ങളെ സമീപിക്കാൻ സ്വാതന്ത്ര്യം തോന്നുന്നുവോ? നിങ്ങൾ അവർ പറയുന്നതു ശ്രദ്ധിക്കുന്നുവോ? നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനു മുമ്പ്, കൂടുതൽ പൂർണമായ ഒരു ചിത്രം ലഭിക്കുന്നതിനുവേണ്ടി അവരുടെ വിചാരങ്ങളും വികാരങ്ങളും തുറന്നു പ്രകടിപ്പിക്കാൻ നിങ്ങളവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ബൈബിൾ പ്രസിദ്ധീകരണങ്ങളിൽ അവരോടൊപ്പം ഗവേഷണം നടത്തിക്കൊണ്ട് ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നിങ്ങൾ അവരെ ക്ഷമാപൂർവം സഹായിക്കുന്നുണ്ടോ?
ദക്ഷിണാഫ്രിക്കക്കാരിയായ ഒരു മാതാവ് വിശദീകരിക്കുന്നു: “ഞങ്ങളുടെ മോൾ സ്കൂളിൽപോയ ആദ്യ ദിവസം മുതൽ, ഓരോ ദിവസത്തെയും സംഭവങ്ങൾ അന്നന്നു വിവരിക്കാൻ ഞങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചിരുന്നു. ദൃഷ്ടാന്തത്തിന്, ഞാൻ ഇങ്ങനെ ചോദിക്കുമായിരുന്നു: ‘ഉച്ചയ്ക്കത്തെ ഇടവേള ആരോടൊപ്പമാണ് മോൾ ചെലവഴിച്ചത്? മോളുടെ പുതിയ അധ്യാപികയെക്കുറിച്ച് എന്നോടു പറയൂ. അവരെ കണ്ടാൽ എങ്ങനെയിരിക്കും? ഈ വാരത്തേക്ക് എന്തു പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്?’ ഇംഗ്ലീഷ് ടീച്ചർ ക്ലാസ്സിനെ ഒരു സിനിമയ്ക്കു കൊണ്ടുപോകാനിരിക്കുകയാണെന്നും പിന്നീട് തങ്ങൾ അതിനെക്കുറിച്ച് ഒരു നിരൂപണമെഴുതണമെന്നും മോൾ ഒരിക്കൽ വീട്ടിൽ വന്നുപറഞ്ഞു. സിനിമയുടെ പേര് ചോദ്യംചെയ്യത്തക്കതായിരുന്നു. അത് ഒരു ക്രിസ്ത്യാനിക്കു ചേർന്നതല്ലെന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ ഞങ്ങൾക്കു മനസ്സിലായി. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അതു ചർച്ചചെയ്തു. അടുത്ത ദിവസം മോൾ ടീച്ചറെ സമീപിച്ചിട്ട്, ആ സിനിമ ചിത്രീകരിക്കുന്ന സദാചാര മൂല്യങ്ങൾ തന്റെ ക്രിസ്തീയ വിശ്വാസങ്ങളോടു ചേർച്ചയിലായിരിക്കുകയില്ലാത്തതിനാൽ താൻ അത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നു വിശദീകരിച്ചു. ടീച്ചർ അതിനെക്കുറിച്ച് പുനരാലോചിച്ചിട്ട്, താൻ ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും കാണാനായി വിദ്യാർഥികളെ കൊണ്ടുപോകാൻ ആഗ്രഹിച്ചില്ലെന്നു പറഞ്ഞുകൊണ്ട് മോളെ പിന്നീട് അഭിനന്ദിച്ചു.” തങ്ങളുടെ പുത്രിയുടെ രക്ഷയിൽ ഈ മാതാപിതാക്കൾ തുടർച്ചയായി പ്രകടിപ്പിച്ച സ്നേഹപൂർവകമായ താത്പര്യം നല്ല ഫലങ്ങൾ ഉത്പാദിപ്പിച്ചു. അവൾക്ക് സന്തോഷകരവും ക്രിയാത്മകവുമായ ഒരു മനോഭാവമുണ്ട്. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്കാ ബ്രാഞ്ചിൽ അവൾ ഇപ്പോൾ ഒരു സ്വമേധയാ സേവികയായി പ്രവർത്തിക്കുന്നു.
മറ്റാളുകളുടെ കുട്ടികളുമായി ഇടപെടുന്നതിൽ യേശു ഒരു ഉത്തമ മാതൃകവെച്ചു. അവൻ അവരുടെ സഹവാസം ആസ്വദിച്ചു. (മർക്കൊസ് 10:13-16) സ്വന്തം കുട്ടികളോടൊപ്പം കാര്യങ്ങൾ ചെയ്യുന്നതിൽ മാതാപിതാക്കൾ എത്ര സന്തുഷ്ടരായിരിക്കണം! ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ, ഒരു പിതാവ് തന്റെ പുത്രൻമാരോടൊത്തു പന്തുകളിക്കുകയോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതായി കണ്ടാൽ അത് അപമാനകരമാണ്. എന്നാൽ, തന്റെ കുട്ടികളോടൊത്തു കാര്യങ്ങൾ ചെയ്യുന്നത് അന്തസ്സിനു ചേരാത്തതാണെന്ന് ഒരു ക്രിസ്തീയ പിതാവ് ഒരിക്കലും വിചാരിക്കരുത്. തങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്ന മാതാപിതാക്കളെയാണു യുവജനങ്ങൾക്ക് ആവശ്യം. ഇത്, തങ്ങളുടെ ആകുലതകൾ പ്രകടിപ്പിക്കുന്നതു കുട്ടികൾക്ക് എളുപ്പമാക്കുന്നു. അത്തരം വൈകാരിക ആവശ്യങ്ങൾ അവഗണിക്കപ്പെടുമ്പോൾ, കുട്ടികൾ അസ്വസ്ഥരാകുകയോ ഒതുങ്ങിക്കൂടുകയോ ചെയ്തേക്കാം, അവർ തുടർച്ചയായി തിരുത്തപ്പെടുന്നുണ്ടെങ്കിൽ വിശേഷിച്ചും.
കുടുംബ ബന്ധങ്ങളെക്കുറിച്ച് കൊലൊസ്സ്യർക്ക് എഴുതുകയിൽ പൗലൊസ് പറഞ്ഞു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” (കൊലൊസ്സ്യർ 3:21) ഇത് സൂചിപ്പിക്കുന്നത്, ചിലപ്പോൾ വളരെക്കൂടിയ ശിക്ഷണത്തിന്റേതും വളരെക്കുറഞ്ഞ സൗഹൃദത്തിന്റേതുമായ ഒരു അസന്തുലിതാവസ്ഥ ഉണ്ടായിരിക്കാമെന്നാണ്. സ്നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന, കൗമാരപ്രായക്കാർ ഉൾപ്പെടെയുള്ള കുട്ടികൾ ആവശ്യമായ ശിക്ഷണത്തോട് പ്രതികരിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
ദൈവസ്നേഹം
സ്നേഹം പ്രകടമാക്കുന്നതിലെ തങ്ങളുടെ മാതൃകയാണ് കുട്ടികൾക്കായി മാതാപിതാക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ സ്വത്ത്. മാതാപിതാക്കൾ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യഥാർഥ ദൈവസ്നേഹം പ്രകടിപ്പിക്കുന്നത് കുട്ടികൾ കേൾക്കുകയും കാണുകയും ചെയ്യേണ്ടതുണ്ട്. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്കാ ബ്രാഞ്ചിൽ സേവിക്കുന്ന ഒരു ചെറുപ്പക്കാരൻ വിശദീകരിക്കുന്നു: “കുട്ടിയായിരുന്നപ്പോൾ ഞാൻ പിതാവിനെ വീട്ടു ജോലികളിൽ സഹായിക്കുമായിരുന്നു. അദ്ദേഹത്തെ സഹായിക്കുന്നതു ഞാൻ ആസ്വദിച്ചിരുന്നു, കാരണം ഞാൻ ചെയ്തിരുന്ന ചെറിയ കാര്യങ്ങളെ ഡാഡി യഥാർഥത്തിൽ വിലമതിച്ചിരുന്നു. യഹോവയെക്കുറിച്ച് അനേകം കാര്യങ്ങൾ എന്നോടു പറയുന്നതിനായി ആ സമയം അദ്ദേഹം വിനിയോഗിക്കുമായിരുന്നു. ദൃഷ്ടാന്തത്തിന്, പുല്ലുവെട്ടിമാറ്റാനായി ഞങ്ങൾ കഠിനമായി അധ്വാനിച്ച ഒരു ശനിയാഴ്ചയെക്കുറിച്ച് ഞാൻ ഓർമിക്കുന്നു. വളരെ ചൂടുള്ള സമയമായിരുന്നു അത്. ഡാഡി വിയർത്തൊലിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ ഓടിച്ചെന്ന് രണ്ടു ഗ്ലാസ് വെള്ളമെടുത്ത് അതിൽ ഐസിട്ട് കൊണ്ടുവന്നു. ഡാഡി പറഞ്ഞു: ‘മോനേ, യഹോവ എത്ര ജ്ഞാനിയാണെന്ന് നീ കാണുന്നുവോ? ഐസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. അതു മുങ്ങിയാൽ, തടാകങ്ങളുടെയും കുളങ്ങളുടെയും അടിയിലുള്ള സകല ജീവനും നശിക്കും. പകരം, ഐസ് ഒരു പ്രതിരോധ വിതാനമായി ഉപകരിക്കുന്നു! യഹോവയെ മെച്ചമായി അറിയാൻ അതു നമ്മെ സഹായിക്കുന്നില്ലേ?’a പിന്നീട്, നിഷ്പക്ഷത കാത്തുസൂക്ഷിച്ചതു നിമിത്തം ഞാൻ ജയിലിലായപ്പോൾ എനിക്കു ചിന്തിക്കാൻ സമയമുണ്ടായിരുന്നു. ജയിലറയിൽ വിഷാദമഗ്നനായി കഴിഞ്ഞ ഒരു രാത്രിയിൽ ഞാൻ ഡാഡിയുടെ ആ വാക്കുകൾ ഓർമിച്ചു. അവയ്ക്ക് എന്തൊരർഥമാണ് ഉണ്ടായിരുന്നത്! ഞാൻ യഹോവയെ ആരാധിക്കും, സാധ്യമെങ്കിൽ എന്നെന്നേക്കും.”
അതേ, മാതാപിതാക്കൾ ചെയ്യുന്ന സകലത്തിലും ദൈവസ്നേഹം പ്രതിഫലിക്കുന്നത് കുട്ടികൾ കാണേണ്ടതുണ്ട്. ക്രിസ്തീയ യോഗങ്ങളിലെ സാന്നിധ്യത്തിന്റെയും വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്റെയും കുടുംബ ബൈബിൾ വായനയും പഠനവും നടത്തുന്നതിന്റെയും പിന്നിലെ പ്രേരകശക്തി ദൈവസ്നേഹവും അവനോടുള്ള മനസ്സൊരുക്കത്തോടുകൂടിയ അനുസരണവുമാണെന്നു വിശേഷിച്ചും പ്രകടമായിരിക്കണം. (1 കൊരിന്ത്യർ 13:3) സർവപ്രധാനമായി, ഹൃദയംഗമമായ കുടുംബ പ്രാർഥനകളിൽ ദൈവസ്നേഹം പ്രതിഫലിക്കണം. അത്തരമൊരു സ്വത്ത് നിങ്ങളുടെ കുട്ടികൾക്കു നൽകുന്നതിന്റെ പ്രാധാന്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാകില്ല. അതുകൊണ്ടാണ് ഇസ്രായേല്യരോട് ഇപ്രകാരം കൽപ്പിച്ചത്: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:5-7; മത്തായി 22:37-40 താരതമ്യം ചെയ്യുക.
ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലെ ഒരു വലിയ പ്രതിബന്ധം നമുക്ക് പാരമ്പര്യമായികിട്ടിയ പാപപൂർണ സ്വഭാവമാണ്. (റോമർ 5:12) അതുകൊണ്ട് ബൈബിൾ ഇങ്ങനെയും കൽപ്പിക്കുന്നു: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ.” (സങ്കീർത്തനം 97:10) മോശമായ ചിന്തകൾ മിക്കപ്പോഴും മോശമായ നടപടികളിലേക്കു നയിക്കുന്നു. ഇവ ഒഴിവാക്കുന്നതിന്, ഒരു കുട്ടി മറ്റൊരു മർമപ്രധാന ഗുണവുംകൂടി വളർത്തിയെടുക്കണം.
ദൈവഭയം
യഹോവയെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച ആദരപൂർവകമായ ഭയത്തോടുകൂടിയ സ്നേഹം വളരെ അഭികാമ്യമായ ഒന്നാണ്. “യഹോവാ ഭയത്തിൽ” പ്രമോദം കണ്ടെത്തിയതിന്റെ പൂർണതയുള്ള ദൃഷ്ടാന്തം യേശുക്രിസ്തുതന്നെ നമുക്കായി വെച്ചിരിക്കുന്നു. (യെശയ്യാവു 11:1-3, NW) ഒരു കുട്ടി നവയൗവനത്തിലെത്തുകയും ശക്തമായ ലൈംഗിക പ്രചോദനങ്ങൾ കുട്ടിക്ക് അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യുമ്പോൾ അത്തരം ഭയം മർമപ്രധാനമാണ്. അധാർമിക നടത്തയിലേക്കു നയിച്ചേക്കാവുന്ന ലൗകിക സമ്മർദങ്ങളെ ചെറുക്കാൻ ദൈവഭയത്തിന് ഒരു ചെറുപ്പക്കാരനെ സഹായിക്കാനാകും. (സദൃശവാക്യങ്ങൾ 8:13) ചില സമുദായങ്ങളിൽ, ലൈംഗിക പ്രലോഭനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതു സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽനിന്നു മാതാപിതാക്കൾ പിന്മാറിനിൽക്കുന്നു. വാസ്തവത്തിൽ ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യുന്നതു തെറ്റാണെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ, മാതാപിതാക്കളാലുള്ള അത്തരം അവഗണനയുടെ ഫലം എന്തായിരിക്കുന്നു?
ബൂഗാ, അമൊക്കോ, റ്റ്സായിയാന എന്നീ മൂന്നു വൈദ്യശാസ്ത്ര വിദഗ്ധർ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്ക്കേ ഗ്രാമങ്ങളിലുള്ള 1,702 പെൺകുട്ടികളുമായും 903 ആൺകുട്ടികളുമായും അഭിമുഖം നടത്തി. “ഈ സർവേയിലെ 76% പെൺകുട്ടികളും 90.1% ആൺകുട്ടികളും അതിനോടകം ലൈംഗികതയിൽ ഏർപ്പെട്ടിരുന്നു”വെന്ന് ദ സൗത്താഫ്രിക്കൻ മെഡിക്കൽ ജേർണൽ റിപ്പോർട്ടു ചെയ്തു. പെൺകുട്ടികളുടെ ശരാശരി വയസ്സ് 15 ആയിരുന്നു. അവരിൽ ഒട്ടേറെപ്പേർ ലൈംഗികബന്ധത്തിനു നിർബന്ധിക്കപ്പെടുകയായിരുന്നു. 250-ലേറെപ്പേർ ഒന്നോ അതിലധികമോ തവണ ഗർഭിണികളായി. ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ഉയർന്ന നിരക്കായിരുന്നു മറ്റൊരു പരിണതഫലം.
പ്രത്യക്ഷത്തിൽ, വിവാഹപൂർവ ലൈംഗികത എങ്ങനെ ഒഴിവാക്കാം എന്നു കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം മിക്ക മാതാപിതാക്കളും മനസ്സിലാക്കുന്നില്ല. മറിച്ച്, മുമ്പു പ്രസ്താവിച്ച ജേർണൽ വിശദീകരിക്കുന്നു: “ട്രാൻസ്ക്കേ ഗ്രാമസമൂഹത്തിൽ ഗർഭധാരണവും മാതൃത്വവും അങ്ങേയറ്റം ആദരിക്കപ്പെടുന്ന സ്ത്രീത്വ ഗുണങ്ങളാണ്, കൗമാരദശയിൽ പ്രവേശിക്കുമ്പോൾതന്നെ പെട്ടെന്ന് പെൺകുട്ടികൾ ഇതു മനസ്സിലാക്കുന്നു.” ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇതേ പ്രശ്നംതന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
തങ്ങളുടെ ലൈംഗികത മനസ്സിലാക്കാൻ തങ്ങളെ സഹായിക്കാത്തതിൽ ആഫ്രിക്കയിലെ അനേകം യുവജനങ്ങൾ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നു. നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുകb എന്ന പുസ്തകം പ്രയോജനപ്പെടുത്താൻ ചില ക്രിസ്തീയ മാതാപിതാക്കൾക്കു വളരെ ബുദ്ധിമുട്ടനുഭവപ്പെട്ടിട്ടുണ്ട്. ലൈംഗിക അവയവങ്ങളുടെ മാന്യമായ ഉപയോഗത്തെയും കൗമാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെയുംകുറിച്ച് 20-3 പേജുകളിൽ അതു വിശദീകരിക്കുന്നു.
തങ്ങളുടെ കുട്ടികളുമായി ലൈംഗികത സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ചർച്ചചെയ്യാൻ ശ്രമിക്കുന്ന ക്രിസ്തീയ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കുട്ടിയുടെ പ്രാപ്തിയനുസരിച്ച്, ഇതു ക്രമാനുഗതമായി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. കുട്ടിയുടെ പ്രായം പോലുള്ള വസ്തുതകളിൽ അധിഷ്ഠിതമായി, ശരീരഭാഗങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചു പരാമർശിക്കുമ്പോൾ മാതാപിതാക്കൾ കൃത്യതയുള്ളവർ ആയിരിക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, പറയുന്ന കാര്യങ്ങൾ അനുഭവജ്ഞാനമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഗ്രഹിക്കാതെപോയേക്കാം.—1 കൊരിന്ത്യർ 14:8, 9.
രണ്ടു പുത്രിമാരും ഒരു പുത്രനുമുള്ള ഒരു ദക്ഷിണാഫ്രിക്കൻ പിതാവ് വിശദീകരിക്കുന്നു: “ക്ഷിപ്രസംവേദക വിഷയമായ ലൈംഗിക കാര്യങ്ങൾ പെൺകുട്ടികളുമായി പോലും ചർച്ചചെയ്യുന്നതിന് എനിക്കു മിക്കപ്പോഴും അവസരങ്ങളുണ്ടായിരുന്നു. എന്നാൽ, നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് ഭാര്യ ഞങ്ങളുടെ പുത്രിമാർക്കു പ്രത്യേക ശ്രദ്ധ നൽകി. [26-31 പേജുകൾ കാണുക.] എന്റെ പുത്രന് 12 വയസ്സുള്ളപ്പോൾ, അവനെ മലകളിലൂടെ ഒരു ദീർഘയാത്രയ്ക്കു കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. ഒരു ആൺകുട്ടിയുടെ ശാരീരിക വികാസങ്ങളെയും പിൽക്കാലത്ത് വിവാഹത്തിലുള്ള അവയുടെ പ്രത്യേക ഉദ്ദേശ്യത്തെയും സംബന്ധിച്ച് ഞങ്ങൾ ആ സന്ദർഭത്തിൽ വിശദമായി ചർച്ചചെയ്തു. സ്വയംഭോഗം എന്ന അധഃപതിപ്പിക്കുന്ന ശീലം ഒഴിവാക്കേണ്ടതിന്റെയും അമ്മയെയും സഹോദരിമാരെയും വീക്ഷിക്കുന്നതുപോലെ പെൺകുട്ടികളെ ബഹുമാനത്തോടും ആദരവോടുംകൂടെ വീക്ഷിക്കേണ്ടതിന്റെയും ആവശ്യം ഞാൻ അവനോടൊത്തു ചർച്ചചെയ്തു.”
സന്തോഷകരമായ പ്രതിഫലങ്ങൾ
ഇപ്പോൾ പറഞ്ഞ മാതാവും പിതാവും കഠിനമായി അധ്വാനിച്ചു, തങ്ങളുടെ മൂന്നു കുട്ടികളെ വളർത്തുന്നതിൽ നല്ല ഫലങ്ങൾ ലഭിച്ചതിൽ അവർ സന്തുഷ്ടരാണ്. പ്രായപൂർത്തിയായ ആ മൂവരും ഇപ്പോൾ വിശ്വസ്തരായ ക്രിസ്ത്യാനികളെ വിവാഹം ചെയ്തിരിക്കുന്നു. അവരുടെ പുത്രനും മരുമക്കളും ക്രിസ്തീയ സഭയിൽ മൂപ്പൻമാരായി സേവിക്കുന്നു. ആ ദമ്പതികളിൽ രണ്ടു ജോടി, അനേകം വർഷങ്ങളായി മുഴുസമയ പ്രസംഗപ്രവർത്തനത്തിലാണ്.
അതേ, തങ്ങളുടെ കുടുംബത്തിന്റെ രക്ഷയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കൾക്ക് അത്തരം ബൈബിൾ പഠനത്തോടു പ്രതികരിക്കാൻ തീരുമാനിക്കുന്ന കുട്ടികളിൽനിന്നുള്ള സന്തോഷകരമായ പ്രതിഫലം പ്രതീക്ഷിക്കാൻ കഴിയും. എന്തെന്നാൽ സദൃശവാക്യങ്ങൾ 23:24, 25 പറയുന്നു: “നീതിമാന്റെ അപ്പൻ ഏററവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ.” ഈ ലേഖനത്തിന്റെ ആമുഖത്തിൽ പരാമർശിച്ച ആ വലിയ കുടുംബത്തിന്റെ കാര്യമെടുക്കുക. അൽഫിന പറയുന്നു: “എന്റെ കുട്ടികൾ വരുത്തിയ ആത്മീയ പുരോഗതിയെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ ഹൃദയത്തിൽ സന്തോഷം നുരഞ്ഞുപൊന്തുന്നു.” എല്ലാ ക്രിസ്തീയ മാതാപിതാക്കളും ഈ സന്തുഷ്ട പ്രതിഫലത്തിനായി പ്രവർത്തിക്കട്ടെ.
[അടിക്കുറിപ്പുകൾ]
a ജലം ഹിമാങ്കത്തെ സമീപിക്കവേ അതിന്റെ സാന്ദ്രത കുറഞ്ഞ് ഉപരിതലത്തിലേക്ക് ഉയരുന്നു. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകത്തിന്റെ 137-8 പേജുകൾ കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകംകൂടി കാണുക.
[23-ാം പേജിലെ ചിത്രം]
ജീവിത യാഥാർഥ്യങ്ങൾ വിശദീകരിക്കുന്നതിനായി ഒരു പിതാവിന് ഉചിതമായൊരു പശ്ചാത്തലം ക്രമീകരിക്കാൻ കഴിയും