രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
അദ്ദേഹം “വിലയേറിയ ഒരു മുത്തു” കണ്ടെത്തി
“സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിററു അതു വാങ്ങി.” ഈ വാക്കുകളിലൂടെ യേശു ദൈവരാജ്യത്തിന്റെ അളവറ്റ മൂല്യം ദൃഷ്ടാന്തീകരിച്ചു. (മത്തായി 13:45, 46) രാജ്യത്തിന്റെ മൂല്യം തിരിച്ചറിയുന്നവർ അതു മുറുകെപ്പിടിക്കുന്നതിന് ഒട്ടുമിക്കപ്പോഴും വ്യക്തിപരമായി വലിയ ത്യാഗങ്ങൾ ചെയ്യാറുണ്ട്. തായ്വാനിലെ പിങ്ടോങ് പ്രദേശത്തുനിന്നുള്ള പിൻവരുന്ന അനുഭവം അതു ദൃഷ്ടാന്തീകരിക്കുന്നു.
ശ്രീ. ലിന്നും ഭാര്യയും 1991-ൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അതേക്കുറിച്ചു കേട്ട ഒരു പ്രാദേശിക വൈദികൻ അവരെ തന്റെ പള്ളിയിൽ ചേർക്കാൻ ശ്രമിച്ചു. പന്നിയുടെയും താറാവിന്റെയും രക്തം വിപണിയിൽ വിൽക്കുന്നതായിരുന്നു ലിൻ ദമ്പതികളുടെ തൊഴിൽ. അതേക്കുറിച്ച് അവർ വൈദികന്റെ അഭിപ്രായമാരാഞ്ഞു. “ദൈവം സൃഷ്ടിച്ച സകലതും മനുഷ്യനു ഭക്ഷണമായി ഉതകാം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരേമറിച്ച്, ദൈവവചനം ഇക്കാര്യത്തെക്കുറിച്ച് എന്തു പറയുന്നുവെന്നു പരിചിന്തിക്കാൻ സാക്ഷികൾ അവരെ പ്രോത്സാഹിപ്പിച്ചു. ദൈവം രക്തത്തെ പവിത്രമായി വീക്ഷിക്കുന്നുവെന്ന് അവർ മനസ്സിലാക്കി. കാരണം, “ശരീരത്തിന്റെ ജീവൻ രക്തത്തിലാണിരിക്കുന്നത്.” (ലേവ്യപുസ്തകം 17:10, 11, പി.ഒ.സി. ബൈബിൾ) തന്മൂലം, സത്യക്രിസ്ത്യാനികൾ “രക്തം . . . വർജ്ജി”ക്കണം. (പ്രവൃത്തികൾ 15:20) പ്രസ്തുത വിഷയത്തെക്കുറിച്ചു തിരുവെഴുത്തുകളിൽ പറയുന്നതു പരിശോധിച്ചശേഷം ലിൻ കുടുംബം തങ്ങളുടെ മുഖ്യ വരുമാനമാർഗമായ രക്തവിൽപ്പന നിർത്തലാക്കി. എന്നുവരികിലും, അധികം താമസിയാതെ അവർ അതിലും വലിയ പരിശോധനയെ അഭിമുഖീകരിച്ചു.
സത്യം പഠിക്കുന്നതിനുമുമ്പു ലിൻ കുടുംബം തങ്ങളുടെ പറമ്പിൽ 1,300 കമുകു നട്ടിരുന്നു. അതിൽനിന്ന് ആദായം ലഭിക്കുന്നതിന് അഞ്ചു വർഷമെടുക്കുമെങ്കിലും ആദായം ലഭിക്കാൻ തുടങ്ങുന്നതോടെ ലിൻ കുടുംബത്തിനു പ്രതിവർഷം 77,000 ഡോളർ ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ആദ്യത്തെ വിളവെടുപ്പ് അടുത്തുവരവേ ലിൻ കുടുംബം ഒരു പ്രധാന തീരുമാനം എടുക്കേണ്ടിവന്നു. ക്രിസ്ത്യാനികൾ “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി”ക്കളയണമെന്ന് അവർ തങ്ങളുടെ ബൈബിളധ്യയനത്തിലൂടെ മനസ്സിലാക്കിയിരുന്നു. പുകവലിയും മയക്കുമരുന്നു ദുരുപയോഗവും അടയ്ക്കാ ചവയ്ക്കലും പോലുള്ള ദുശ്ശീലങ്ങളെ ഉന്നമിപ്പിക്കുകയോ അവയിൽ ഏർപ്പെടുകയോ ചെയ്യുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്നതായി അവർ മനസ്സിലാക്കി. (2 കൊരിന്ത്യർ 7:1) അവർ എന്തു ചെയ്യുമായിരുന്നു?
മനസ്സാക്ഷിക്കുത്തു നിമിത്തം അധ്യയനം നിർത്താൻ ശ്രീ. ലിൻ തീരുമാനിച്ചു. അതിനോടകം ശ്രീമതി ലിൻ, കായ്ച്ചുതുടങ്ങിയ ചില കമുകുകളിലെ അടയ്ക്ക വിറ്റ് 3,000 ഡോളർ സമ്പാദിച്ചു. മരങ്ങൾ വെട്ടാതിരുന്നാൽ അവർക്ക് എത്രമാത്രം ആദായം ലഭിക്കുമെന്നതിന്റെ സൂചന മാത്രമായിരുന്നു അത്. എങ്കിലും, ശ്രീ. ലിന്നിനു മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടുകൊണ്ടിരുന്നു.
ആ സംഗതി അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ, ഒരിക്കൽ അദ്ദേഹം പ്രാദേശിക സാക്ഷികളോട് തനിക്കുവേണ്ടി ആ കമുകുകൾ വെട്ടിക്കളയാൻ അഭ്യർഥിച്ചു. അതു സ്വന്ത തീരുമാനമായിരിക്കണമെന്നും ‘സ്വന്ത ചുമടു ചുമന്നു’കൊണ്ട് അദ്ദേഹംതന്നെ മരങ്ങൾ വെട്ടേണ്ടതാണെന്നും സാക്ഷികൾ വിശദീകരിച്ചു. (ഗലാത്യർ 6:4, 5) 1 കൊരിന്ത്യർ 10:13-ൽ കാണുന്ന വാഗ്ദത്തം ഓർമിക്കാൻ അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” കൂടാതെ, സാക്ഷികൾ അദ്ദേഹത്തോട് ഇങ്ങനെയും ന്യായവാദം ചെയ്തു: “ഞങ്ങൾ താങ്കളുടെ മരങ്ങൾ വെട്ടിക്കളഞ്ഞാൽ താങ്കൾ അതിൽ ഖേദിച്ച് നഷ്ടത്തിനു ഞങ്ങളെ പഴിചാരും.” കുറച്ചുനാൾ കഴിഞ്ഞ്, ഒരു ദിവസം രാവിലെ ഈർച്ചവാളിന്റെ ശബ്ദം കേട്ടാണു ശ്രീമതി ലിൻ ഉണർന്നത്. ഭർത്താവും കുട്ടികളും കൂടി കമുകുകൾ വെട്ടിക്കളയുകയായിരുന്നു!
യഹോവ ഉറപ്പായും തന്റെ വാഗ്ദത്തം നിവർത്തിക്കുന്നവനാണെന്നു ശ്രീ. ലിൻ തിരിച്ചറിഞ്ഞു. മനസ്സാക്ഷിയെ അലട്ടാത്ത ഒരു തൊഴിൽ ലഭിച്ചതുമൂലം അദ്ദേഹത്തിന് യഹോവയുടെ സ്തുതിപാഠകനായിത്തീരാൻ സാധിച്ചു. 1996 ഏപ്രിലിൽ യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിൽവെച്ച് അദ്ദേഹം സ്നാപനമേറ്റു.
അതേ, “വിലയേറിയ ഒരു മുത്തു” കണ്ടെത്തിയപ്പോൾ ശ്രീ. ലിൻ ഫലത്തിൽ “തനിക്കുള്ളതൊക്കെയും വിററു അതു വാങ്ങി.” ഇപ്പോൾ അദ്ദേഹത്തിന് യഹോവയുമായി വ്യക്തിപരമായ ബന്ധമുണ്ടായിരിക്കുന്നതിനും അവന്റെ രാജ്യതാത്പര്യങ്ങൾക്കായി സേവിക്കുന്നതിനുമുള്ള അമൂല്യ പദവി ലഭിച്ചിരിക്കുന്നു.