അവർ യഹോവയുടെ ഹിതം ചെയ്തു
ക്ഷമിക്കാൻ ഒരുക്കമുള്ള ഒരു പിതാവ്
എഴുതപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും നല്ല ചെറുകഥയെന്ന് അതിനെ വിളിക്കുന്നതു നല്ല കാരണത്തോടെയാണ്. കാണാതെപോയ മകനോടുള്ള ഒരു പിതാവിന്റെ സ്നേഹം സംബന്ധിച്ച യേശുവിന്റെ ആ ഉപമ, അനുതാപമുള്ള പാപികളോട് യഹോവയ്ക്കുള്ള അനുകമ്പയുടെ ചേതോഹരമായ ദൃശ്യം പകർന്നുതരുന്ന ഒരു ജാലകം പോലെയാണ്.
കാണാതെപോയവനെ കണ്ടുകിട്ടി
ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയവൻ അവനോട്, ‘അപ്പൻ മരിക്കുംവരെ കാത്തിരിക്കുന്നതിനു പകരം എനിക്കു വരേണ്ടുന്ന പങ്ക് ഇപ്പോൾ തരണം’ എന്നു പറഞ്ഞു. അപ്പൻ അങ്ങനെ ചെയ്തു. രണ്ടു പുത്രന്മാരിൽ ഇളയവനു നിയമപ്രകാരമുള്ള ഓഹരിയായി മുഴു വസ്തുവകകളുടെയും മൂന്നിലൊന്നു നൽകിയിരിക്കാനാണു സാധ്യത. (ആവർത്തനപുസ്തകം 21:17) ഉടൻതന്നെ ആ ചെറുപ്പക്കാരൻ സകലതും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി. അവനവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു സ്വത്തെല്ലാം ധൂർത്തടിച്ചു.—ലൂക്കൊസ് 15:11-13.
അപ്പോൾ അവിടെ ഒരു കൊടിയ ക്ഷാമമുണ്ടായി. ഗത്യന്തരമില്ലാതെ അവൻ പന്നികളെ മേയ്ക്കുന്ന തൊഴിൽ സ്വീകരിച്ചു. ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം അത്യന്തം നികൃഷ്ടമായ തൊഴിലായിരുന്നു അത്. (ലേവ്യപുസ്തകം 11:7, 8) ഭക്ഷണ ദൗർലഭ്യം കഠിനമായിരുന്നു. തന്നിമിത്തം, പന്നികൾക്കു കൊടുത്തിരുന്ന വാളവരെയെങ്കിലും തിന്നു വയറുനിറയ്ക്കാൻ അവൻ കൊതിച്ചു! ഒടുവിൽ അവനു സുബോധമുണ്ടായി. ‘എന്റെ പിതാവിന്റെ കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു. ഞാൻ വീട്ടിൽ മടങ്ങിച്ചെന്നു പാപങ്ങൾ ഏറ്റുപറഞ്ഞ് എന്നെ പിതാവിന്റെ കൂലിക്കാരിൽa ഒരുത്തനാക്കാൻ അപേക്ഷിക്കും,’ അവൻ മനസ്സിലോർത്തു.—ലൂക്കൊസ് 15:14-19.
തളർന്നവശനായി അവൻ വീട്ടിൽ തിരിച്ചെത്തി. നിസ്സംശയമായും അവൻ ആകെ മാറിയിരുന്നു. എന്നിട്ടും പിതാവ് “ദൂരത്തുനിന്നുതന്നെ” അവനെ തിരിച്ചറിഞ്ഞു. അവൻ മനസ്സലിഞ്ഞ് ഓടിച്ചെന്നു മകനെ കെട്ടിപ്പിടിച്ചു ‘ചുംബിച്ചു.’—ലൂക്കൊസ് 15:20.
ആ ഊഷ്മള സ്വാഗതം ഹൃദയഭാരം കുറയ്ക്കാൻ ചെറുപ്പക്കാരനെ വളരെയധികം സഹായിച്ചു. “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല [“എന്നെ നിന്റെ കൂലിക്കാരിൽ ഒരുവനാക്കിയാലും,” NW],” അവൻ പറഞ്ഞു. പിതാവ് ദാസന്മാരെ വിളിച്ചുകൂട്ടി അവരോട് ആജ്ഞാപിച്ചു: “വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു.”—ലൂക്കൊസ് 15:21-24.
സംഗീതവും നൃത്തവും സഹിതമുള്ള വിഭവസമൃദ്ധമായ വിരുന്നൊരുക്കി. വയലിൽനിന്നു മടങ്ങിവന്ന മൂത്തമകൻ വീടിനോടടുത്തപ്പോൾ ശബ്ദഘോഷം കേട്ടു. തന്റെ സഹോദരൻ മടങ്ങിവന്നെന്നും ആഘോഷത്തിമിർപ്പിനു കാരണമതാണെന്നും മനസ്സിലാക്കിയപ്പോൾ അവൻ കോപാകുലനായി. ‘ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. എന്നാൽ നിന്റെ മുതൽ ധൂർത്തടിച്ച മകൻ വന്നപ്പോഴേക്കോ അവന്നുവേണ്ടി വിരുന്നൊരുക്കിയിരിക്കുന്നു’ എന്ന് അവൻ പിതാവിനോടു പരാതിപ്പെട്ടു. പിതാവ് അവനോട് ആർദ്രാനുകമ്പയോടെ മറുപടി പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു.’—ലൂക്കൊസ് 15:25-32.
നമുക്കുള്ള പാഠങ്ങൾ
യേശുവിന്റെ ഉപമയിലെ പിതാവ്, കരുണാസമ്പന്നനായ യഹോവയാം ദൈവത്തെ പ്രതിനിധാനം ചെയ്യുന്നു. കാണാതെപോയ മകനെപ്പോലെ ചിലർ കുറച്ചു നാൾ ദൈവഭവനത്തിലെ സുരക്ഷിതത്വം വിട്ട് അകന്നുപോകുന്നെങ്കിലും പിന്നീടു തിരിച്ചുവരുന്നു. അത്തരക്കാരെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്? ആത്മാർഥ അനുതാപത്തോടെ യഹോവയിലേക്കു തിരിയുന്നവർക്ക് ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാവുന്നതാണ്: “അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല [“കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നില്ല,” NW]; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.” (സങ്കീർത്തനം 103:9) ഉപമയിൽ, പിതാവു മകനെ സ്വീകരിക്കാനായി ഓടിച്ചെന്നു. അതുപോലെതന്നെ, അനുതാപമുള്ള പാപികളോടു ക്ഷമിക്കാൻ യഹോവ സന്നദ്ധനാണെന്നു മാത്രമല്ല അതിനു വ്യഗ്രതയുള്ളവനുമാണ്. അവൻ “ക്ഷമിക്കാൻ ഒരുക്കമുള്ളവനാണ്,” കൂടാതെ, “ധാരാളം ക്ഷമിക്കു”ന്നവനുമാണ്.—സങ്കീർത്തനം 86:5, NW; യെശയ്യാവു 55:7; സെഖര്യാവു 1:3.
യേശുവിന്റെ ഉപമയിലെ പിതാവിന്റെ ആത്മാർഥ സ്നേഹം, മടങ്ങിവരാൻ വേണ്ടത്ര ധൈര്യം സംഭരിക്കാൻ മകനെ സഹായിച്ചു. എന്നാൽ ഒന്നു ചിന്തിച്ചുനോക്കൂ: പിതാവ് മകനെ കൈവെടിയുകയോ മേലാൽ മടങ്ങിവരരുതെന്നു കോപിഷ്ഠനായി പറയുകയോ ചെയ്തിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? അത്തരമൊരു മനോഭാവം ആ മകൻ എന്നെന്നേക്കുമായി വഴിതെറ്റിപ്പോകാൻ ഇടയാക്കുമായിരുന്നു.—2 കൊരിന്ത്യർ 2:6, 7 താരതമ്യം ചെയ്യുക.
ഒരർഥത്തിൽ, മകൻ വീടുവിട്ടുപോയ സമയത്തുതന്നെ പിതാവ് അവന്റെ തിരിച്ചുവരവിന് അടിത്തറ പാകിയിരുന്നു. ചിലപ്പോഴൊക്കെ, ഇന്നു ക്രിസ്തീയ മൂപ്പന്മാർക്ക് അനുതാപമില്ലാത്ത പാപികളെ സഭയിൽനിന്നു പുറത്താക്കേണ്ടി വരുന്നു. (1 കൊരിന്ത്യർ 5:11, 13) അങ്ങനെ ചെയ്യുമ്പോൾ, ഭാവിയിൽ പുനഃസ്ഥിതീകരണത്തിന് ഏതെല്ലാം പടികൾ സ്വീകരിക്കാമെന്നു സ്നേഹപുരസ്സരം ചൂണ്ടിക്കാട്ടിക്കൊണ്ട് അവർക്കു പാപിയുടെ തിരിച്ചുവരവിനു വഴിയൊരുക്കിത്തുടങ്ങാവുന്നതാണ്. ഹൃദയസ്പർശകമായ അത്തരം ആഹ്വാനത്തെക്കുറിച്ചുള്ള ഓർമ ആത്മീയമായി വഴിതെറ്റിപ്പോയ അനേകരെയും അനുതപിക്കുന്നതിനും ദൈവഭവനത്തിലേക്കു തിരിച്ചുവരുന്നതിനും പ്രേരിപ്പിച്ചിട്ടുണ്ട്.—2 തിമൊഥെയൊസ് 4:2.
മകൻ മടങ്ങിയെത്തിയപ്പോൾ ആ പിതാവ് അനുകമ്പയും പ്രകടമാക്കി. മകന്റെ ആത്മാർഥമായ അനുതാപം മനസ്സിലാക്കാൻ പിതാവിന് അധികസമയം വേണ്ടിവന്നില്ല. കൂടാതെ, മകന്റെ പാപങ്ങളുടെ ഓരോ വിശദാംശവും ചുഴിഞ്ഞുപരിശോധിക്കുന്നതിനു പകരം അവനെ തിരികെ കൈക്കൊള്ളുന്നതിലാണു പിതാവു ശ്രദ്ധ കേന്ദ്രീകരിച്ചത്—അതും അങ്ങേയറ്റം സന്തോഷത്തോടെ. ക്രിസ്ത്യാനികൾക്ക് ആ മാതൃക പിൻപറ്റാനാകും. കാണാതെപോയയാളെ കണ്ടുകിട്ടുന്നതിൽ അവർ സന്തോഷിക്കുകയാണു വേണ്ടത്.—ലൂക്കൊസ് 15:10.
വഴിപിഴച്ചുപോയ മകൻ മടങ്ങിവരുമെന്നു പിതാവു നേരത്തേ പ്രതീക്ഷിച്ചിരുന്നതായി പിതാവിന്റെ പ്രവൃത്തി വ്യക്തമാക്കി. തീർച്ചയായും, തന്റെ ഭവനം വിട്ടുപോയ ഏവരും മടങ്ങിവരുന്നതിനുള്ള യഹോവയുടെ വാഞ്ഛയുടെ നിഴൽ മാത്രമാണത്. ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിക്കുന്നു.’ (2 പത്രൊസ് 3:9) അതുകൊണ്ട്, തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നവർക്ക്, ‘കർത്താവിന്റെ സമ്മുഖത്തുനിന്നുള്ള ആശ്വാസകാലങ്ങ’ളാൽ അനുഗൃഹീതരാകുമെന്ന ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—പ്രവൃത്തികൾ 3:19.
[അടിക്കുറിപ്പുകൾ]
a ഒരു ദാസനെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. എന്നാൽ, ഒരു കൂലിക്കാരൻ ദിവസക്കൂലിക്കു ജോലി ചെയ്തിരുന്ന, എപ്പോൾ വേണമെങ്കിലും പറഞ്ഞുവിടാമായിരുന്ന ആളായിരുന്നു. പിതാവിന്റെ ഭവനത്തിൽ ഏറ്റവും താഴ്ന്ന സ്ഥാനംപോലും സ്വീകരിക്കാൻ താൻ ഒരുക്കമുള്ളവനാണെന്ന് ആ ചെറുപ്പക്കാരൻ ന്യായവാദം ചെയ്തു.