വിളവെടുപ്പ് ഉത്സവങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?
സ്വാദിഷ്ടമായ പഴങ്ങൾ, ആസ്വാദ്യമായ പച്ചക്കറികൾ, പുഷ്ടിയുള്ള ധാന്യക്കറ്റകൾ എന്നിവ കുന്നുകൂട്ടിയിട്ടിരിക്കുന്നത് ആകർഷകമായ ഒരു കാഴ്ചയാണ്. വിളവെടുപ്പുകാലത്ത് അത്തരം പ്രദർശനങ്ങൾ ഇംഗ്ലണ്ടിലുടനീളമുള്ള പള്ളികളിലെ ബലിപീഠങ്ങളെയും അൾത്താരകളെയും അലങ്കരിക്കുന്നു. മറ്റെവിടെയുംപോലെ യൂറോപ്പിലും വിളവെടുപ്പുകാലത്തിന്റെ ആരംഭവും അവസാനവും കുറിക്കുന്ന അസംഖ്യം ആഘോഷങ്ങളുണ്ട്.
ഉപജീവനമാർഗത്തിനായി മണ്ണിനോടു മല്ലടിക്കുന്നവർ വിളവിനെപ്രതി വിശേഷിച്ചും നന്ദിയുള്ളവരാണ്. വിളവെടുപ്പുമായി അടുത്ത ബന്ധമുള്ള മൂന്നു വാർഷികോത്സവങ്ങൾ ആഘോഷിക്കാൻ ദൈവം പുരാതന ഇസ്രായേൽ ജനതയോട് ആവശ്യപ്പെട്ടുവെന്നതു സത്യംതന്നെ. വസന്തകാലത്തിന്റെ ആരംഭത്തിൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവസമയത്ത് ബാർലി വിളവെടുപ്പിലെ ആദ്യഫലങ്ങളുടെ ഒരു കതിർകറ്റ ഇസ്രായേല്യർ ദൈവത്തിനു സമർപ്പിച്ചിരുന്നു. വസന്തകാലത്തിന്റെ അവസാനമുള്ള വാരോത്സവസമയത്ത് (അഥവാ പെന്തക്കോസ്തിൽ) ഗോതമ്പു വിളവെടുപ്പിലെ ആദ്യഫലങ്ങളിൽനിന്നുണ്ടാക്കിയ അപ്പങ്ങൾ അവർ അർപ്പിച്ചിരുന്നു. ഇസ്രായേലിലെ കാർഷിക വർഷത്തിന്റെ സമാപനം കുറിക്കുന്ന കായ്കനിപ്പെരുന്നാൾ ശരത്കാലത്തായിരുന്നു. (പുറപ്പാടു 23:14-17) ഈ ഉത്സവങ്ങൾ “വിശുദ്ധ സഭായോഗ”ങ്ങളായിരുന്നു, അവ സന്തോഷസമയങ്ങളായിരുന്നു.—ലേവ്യപുസ്തകം 23:2; ആവർത്തനപുസ്തകം 16:16.
അപ്പോൾ, ആധുനികകാല വിളവെടുപ്പ് ഉത്സവങ്ങളോ? അവ ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?
പുറജാതീയ ബന്ധങ്ങൾ
പരമ്പരാഗത കൊയ്ത്തുകാലവിരുന്നിന്റെ മതേതര സ്വഭാവത്തിലും ആ ആഘോഷവുമായി ബന്ധപ്പെട്ട മദ്യലഹരിയിലും അസ്വസ്ഥനായ ഇംഗ്ലണ്ടിലെ കോൺവാളിലുള്ള ഒരു ആംഗ്ലിക്കൻ പുരോഹിതൻ 1843-ൽ മധ്യകാലഘട്ടത്തിലെ ഒരു വിളവെടുപ്പാചാരം പുനഃരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. ആദ്യം കൊയ്ത ധാന്യത്തിൽ കുറെ എടുത്ത്, അതിൽനിന്ന് അദ്ദേഹം തന്റെ പള്ളിയിലെ തിരുവത്താഴ ശുശ്രൂഷയ്ക്കുള്ള അപ്പമുണ്ടാക്കി. അപ്രകാരം ചെയ്തുകൊണ്ട് അദ്ദേഹം ലാമാസ് ഉത്സവം—കെൽറ്റിക് ദൈവമായ ലുച്ചിന്റെ പുരാതന ആരാധനയിൽനിന്ന് ഉത്ഭവിച്ചതെന്ന് ചിലർ പറയുന്ന ഒരു “ക്രിസ്തീയ” ആഘോഷം—ശാശ്വതമാക്കി.a അതുകൊണ്ട്, ആധുനികകാല ആംഗ്ലിക്കൻ വിളവെടുപ്പ് ഉത്സവത്തിന് ഒരു പുറജാതീയ ഉത്ഭവമാണുള്ളത്.
വിളവെടുപ്പുകാലത്തിന്റെ സമാപനത്തിൽ നടക്കുന്ന മറ്റാഘോഷങ്ങളോ? എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച് ഈ ഉത്സവങ്ങളുടെ പ്രത്യേകതകളായ ഒട്ടുമിക്ക ആചാരങ്ങളുടെയും ഉത്ഭവം “ധാന്യാത്മാവിൽ അഥവാ ധാന്യമാതാവിലുള്ള പ്രപഞ്ചാത്മ വിശ്വാസമാണ്.” അവസാനം കൊയ്യുന്ന ധാന്യക്കതിരിൽ ഒരാത്മാവ് വസിക്കുന്നുണ്ടെന്നായിരുന്നു ചില പ്രദേശങ്ങളിലെ കർഷകരുടെ വിശ്വാസം. ആത്മാവിനെ തുരത്താൻ അവർ ആ കതിർ നിലത്തടിച്ചിരുന്നു. മറ്റുചിലയിടങ്ങളിൽ അവർ ധാന്യച്ചെടിയുടെ ഏതാനും തണ്ടുകൾ “ധാന്യപ്പാവ”യിൽ ഇഴച്ചുചേർത്തിട്ട് തുടർന്നുവരുന്ന വർഷം വിത്തു വിതയ്ക്കുംവരെ “ഭാഗ്യ”ത്തിനായി അതു സൂക്ഷിച്ചുവെക്കുമായിരുന്നു. എന്നിട്ട് അവർ ധാന്യക്കതിരുകൾ മണ്ണിൽ ഉഴുതുചേർക്കും, അതു പുതിയ വിളയെ കാത്തുസംരക്ഷിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
ചില ഐതിഹ്യങ്ങൾ, ഫലപുഷ്ടിയുടെ ദേവതയായ ഇഷ്ടാറിന്റെ ഭർത്താവും ബാബിലോന്യ ദേവനുമായ തമ്മൂസിന്റെ ആരാധനയുമായി വിളവെടുപ്പുകാലത്തെ ബന്ധപ്പെടുത്തുന്നു. വിളഞ്ഞ ധാന്യക്കതിർ മുറിക്കുന്നത് തമ്മൂസിന്റെ അകാല മരണത്തിനു തുല്ല്യമായിരുന്നു. മറ്റു ചില ഐതിഹ്യങ്ങൾ വിളവെടുപ്പുകാലത്തെ, യഹോവയാം ദൈവം വെറുക്കുന്ന ഒരു ആചാരമായ നരബലിയുമായി ബന്ധപ്പെടുത്തുന്നു.—ലേവ്യപുസ്തകം 20:2; യിരെമ്യാവു 7:30, 31.
ദൈവത്തിന്റെ വീക്ഷണമെന്താണ്?
സ്രഷ്ടാവും ജീവന്റെ ഉറവുമായ യഹോവ തന്റെ ആരാധകരുടെ അനന്യഭക്തി ആവശ്യപ്പെട്ടെന്ന് പുരാതന ഇസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ വ്യക്തമായി വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 36:9; നഹൂം 1:2) പ്രവാചകനായ യെഹെസ്കേലിന്റെ കാലത്ത്, തമ്മൂസ് ദേവനുവേണ്ടി കരയുന്ന ആചാരം യഹോവയുടെ ദൃഷ്ടിയിൽ “വലിയ മ്ലേച്ഛത”യായിരുന്നു. മറ്റ് വ്യാജമതാചാരങ്ങളോടൊപ്പം അത്, ആ വ്യാജാരാധകരുടെ പ്രാർഥനകൾക്കുനേരേ തന്റെ ചെവിയടയ്ക്കാൻ ദൈവത്തെ പ്രേരിപ്പിച്ചു.—യെഹെസ്കേൽ 8:6, 13, 14, 18.
യഹോവയാം ദൈവം ഇസ്രായേല്യരോട് വിളവെടുപ്പിനോടുള്ള ബന്ധത്തിൽ ആചരിക്കാൻ പറഞ്ഞ കാര്യങ്ങളുമായി ഇതു വിപരീത താരതമ്യം ചെയ്യുക. കായ്കനിപ്പെരുന്നാളിൽ ഇസ്രായേല്യർ ഒരു പാവനസമ്മേളനം നടത്തിയിരുന്നു. ആ സമയത്ത് ചെറുപ്പക്കാരും പ്രായമായവരും, സമ്പന്നരും ദരിദ്രരും ഭംഗിയുള്ള മരങ്ങളുടെ തഴച്ച ഇലകൾക്കൊണ്ടലങ്കരിച്ച താത്കാലിക വസതികളിൽ താമസിച്ചിരുന്നു. അവർക്കതു വലിയ സന്തോഷത്തിന്റെ സമയമായിരുന്നു. ഈജിപ്തിൽനിന്നു പുറപ്പെടുന്ന സമയത്തു ദൈവം അവരുടെ പൂർവികർക്കു നൽകിയ വിടുതലിനെക്കുറിച്ചു ചിന്തിക്കുന്നതിനുള്ള സമയവുമായിരുന്നു അത്.—ലേവ്യപുസ്തകം 23:40-43.
ഇസ്രായേല്യ ഉത്സവങ്ങളുടെ സമയത്ത് ഏക സത്യദൈവമായ യഹോവയ്ക്കു വഴിപാടുകൾ അർപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 8:10-20) മുമ്പു പരാമർശിച്ച മൃഗീയ വിശ്വാസങ്ങളുടെ കാര്യത്തിൽ, ഗോതമ്പുകറ്റകൾ പോലുള്ള വിളവുകൾക്ക് ദേഹിയുള്ളതായി ബൈബിളിൽ ഒരിടത്തും പറയുന്നില്ല.b ഒപ്പംതന്നെ, സംസാരിക്കാനോ കാണാനോ കേൾക്കാനോ മണക്കാനോ സ്പർശിക്കാനോ ആരാധകർക്ക് എന്തെങ്കിലും സഹായം ചെയ്യാനോ കഴിയാതെ വിഗ്രഹങ്ങൾ നിർജീവമായി തുടരുന്നുവെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു.—സങ്കീർത്തനം 115:5-8; റോമർ 1:23-25.
ക്രിസ്ത്യാനികൾ ഇന്ന് പുരാതന ഇസ്രായേൽ ജനതയുമായി ദൈവം ചെയ്ത ന്യായപ്രമാണ ഉടമ്പടിയിൻ കീഴിലല്ല. തീർച്ചയായും, ദൈവം ‘അതെടുത്ത് ക്രിസ്തുവിന്റെ ദണ്ഡനസ്തംഭത്തിൽ തറച്ച് വഴിയിൽനിന്നു നീക്കിക്കളഞ്ഞു.’ (കൊലൊസ്സ്യർ 2:13, 14, NW) യഹോവയുടെ ആധുനികകാല ദാസൻമാർ “ക്രിസ്തുവിന്റെ നിയമ”പ്രകാരം ജീവിക്കുകയും ദൈവം പ്രദാനം ചെയ്യുന്ന എല്ലാറ്റിനോടും വിലമതിപ്പോടെ പ്രതികരിക്കുകയും ചെയ്യുന്നു.—ഗലാത്യർ 6:2, NW.
യഹൂദ ഉത്സവങ്ങൾ ‘വരുവാനിരുന്നവയുടെ നിഴലാ’ണെന്ന് അപ്പോസ്തലനായ പൗലൊസ് വ്യക്തമായി പ്രസ്താവിച്ചു. “ദേഹം [“യാഥാർഥ്യം”, NW] എന്നതോ ക്രിസ്തുവിന്നുള്ളതു” എന്ന് അവൻ കൂട്ടിച്ചേർക്കുന്നു. (കൊലൊസ്സ്യർ 2:16, 17) തത്ഫലമായി സത്യക്രിസ്ത്യാനികൾ പിൻവരുന്ന തിരുവെഴുത്തു ന്യായവാദം കൈക്കൊള്ളുന്നു: “ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു . . . നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല.” (1 കൊരിന്ത്യർ 10:20, 21) അതിനുപുറമേ, “അശുദ്ധമായതു ഒന്നും തൊടരുതു” എന്ന നിർദേശത്തിനു ക്രിസ്ത്യാനികൾ ശ്രദ്ധകൊടുക്കുന്നു. നിങ്ങളുടെ പ്രദേശത്തുള്ള വിളവെടുപ്പ് ഉത്സവങ്ങൾക്കു പുറജാതീയ, അല്ലെങ്കിൽ വ്യാജമത ബന്ധങ്ങളുണ്ടോ? ഉണ്ടെങ്കിൽ, യഥാർഥ ക്രിസ്ത്യാനികൾ മലിനീകൃതമായ അത്തരം ആരാധനയിൽ ഏതെങ്കിലും തരത്തിൽ ഉൾപ്പെടാൻ വിസമ്മതിച്ചുകൊണ്ട് യഹോവയെ അപ്രീതിപ്പെടുത്തുന്നത് ഒഴിവാക്കിയേക്കാം.—2 കൊരിന്ത്യർ 6:17.
പിതാവിൽനിന്ന് ഒരു സമ്മാനം ലഭിക്കുമ്പോൾ വിലമതിപ്പുള്ള ഒരു കുട്ടി ആർക്കു നന്ദികൊടുക്കും? തികച്ചും അന്യനായ ഒരുവനോ അതോ തന്റെ പിതാവിനോ? ഹൃദയംഗമമായ പ്രാർഥനയിലൂടെ ദൈവാരാധകർ തങ്ങളുടെ സ്വർഗീയ പിതാവായ യഹോവയ്ക്ക് അവന്റെ കലവറയില്ലാത്ത ഔദാര്യത്തെപ്രതി അനുദിനം നന്ദിനൽകുന്നു.—2 കൊരിന്ത്യർ 6:18; 1 തെസ്സലൊനീക്യർ 5:17, 18.
[അടിക്കുറിപ്പുകൾ]
a “ലാമാസ്” എന്ന പദം “അപ്പക്കുർബാന” എന്നർഥമുള്ള ഒരു പഴയ ഇംഗ്ലീഷ് പദത്തിൽനിന്നു വന്നിട്ടുള്ളതാണ്.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകം പറയുന്നു: “സസ്യങ്ങൾ രക്തരഹിതമായതിനാൽ, മൂന്നാമത്തെ സൃഷ്ടിപ്പിൻ ‘ദിവസ’ത്തിൽ സസ്യജീവൻ സൃഷ്ടിച്ചതിനോടുള്ള ബന്ധത്തിലോ (ഉല്പ. 1:11-13) അതിനുശേഷമോ നീഫേഷ് (ദേഹി) ഉപയോഗിച്ചിട്ടില്ല.”—വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.