അരിസ്തർഹോസ്—ഒരു വിശ്വസ്ത സഹചാരി
അപ്പോസ്തലനായ പൗലൊസിന്റെ ആശ്രയയോഗ്യരായ അനേകം സഹപ്രവർത്തകരിൽ ഒരാളായിരുന്നു അരിസ്തർഹോസ്. ആ പേരു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? എന്തെങ്കിലും ഉണ്ടോ? ആദിമ ക്രിസ്തീയ ചരിത്രത്തിൽ അവൻ വഹിച്ച പങ്കെന്തെന്ന് നിങ്ങൾക്കു പറയാനാകുമോ? അരിസ്തർഹോസ് നമുക്കു സുപരിചിതരായ ബൈബിൾ കഥാപാത്രങ്ങളിൽ ഒരാളല്ലെങ്കിലും, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന ഒട്ടനവധി സംഭവങ്ങളിൽ അവൻ ഉൾപ്പെട്ടിരിക്കുന്നു.
അങ്ങനെയെങ്കിൽ, അരിസ്തർഹോസ് ആരായിരുന്നു? പൗലൊസുമായി അവനുള്ള ബന്ധമെന്തായിരുന്നു? അരിസ്തർഹോസ് ഒരു വിശ്വസ്ത സഹചാരിയായിരുന്നുവെന്ന് പറയാൻ സാധിക്കുന്നത് എന്തുകൊണ്ട്? അവന്റെ മാതൃക പരിശോധിക്കുകവഴി നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകും?
പ്രവൃത്തികളുടെ പുസ്തകത്തിൽ, എഫെസോസ് നഗരത്തിലെ ഭ്രാന്തൻ ജനക്കൂട്ടത്തിന്റെ ബഹളത്തെയും കോലാഹലത്തെയും കുറിച്ചു പ്രതിപാദിക്കുന്ന വിവരണത്തിലാണ് അരിസ്തർഹോസിന്റെ നാടകീയ രംഗപ്രവേശം. (പ്രവൃത്തികൾ 19:23-41) വ്യാജദേവിയായ അർത്തെമിസിന്റെ ക്ഷേത്രരൂപങ്ങൾ വെള്ളികൊണ്ടുണ്ടാക്കുന്നത് ദെമേത്രിയൊസിനും എഫെസോസിലെ മറ്റു തട്ടാൻമാർക്കും ലാഭകരമായ ഒരു ബിസിനസായിരുന്നു. അതിനാൽ, ആ നഗരത്തിലെ പൗലൊസിന്റെ പ്രസംഗപ്രചരണ പരിപാടിയുടെ ഫലമായി ആ ദേവിയുടെ അശുദ്ധാരാധന അനവധി പേർ ഉപേക്ഷിച്ചപ്പോൾ ദെമേത്രിയൊസ് മറ്റു കരകൗശലപ്പണിക്കാരെ ഇളക്കിവിട്ടു. പൗലൊസിന്റെ പ്രസംഗം തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കു തുരങ്കംവെക്കുക മാത്രമല്ല അർത്തെമിസിന്റെ ആരാധന നിന്നുപോകാൻ സാധ്യതയുയർത്തുന്നതായും അവൻ അവരോടു പറഞ്ഞു.
പൗലൊസിനെ കണ്ടെത്താൻ കഴിയാഞ്ഞ കോപാകുലരായ ജനക്കൂട്ടം അവന്റെ സഹചാരികളായ അരിസ്തർഹോസിനെയും ഗായൊസിനെയും രംഗസ്ഥലത്തേക്കു വലിച്ചിഴച്ചു. അവരിരുവരും വലിയ അപകടത്തിലായിരുന്നതിനാൽ ‘രംഗസ്ഥലത്ത് പോകരുതെന്ന്’ പൗലൊസിന്റെ കൂട്ടുകാർ അവനോട് അപേക്ഷിച്ചു.
നിങ്ങൾ ആ സാഹചര്യത്തിലായിരിക്കുന്നതായി ഒന്നു സങ്കൽപ്പിച്ചുനോക്കൂ. ആ ഭ്രാന്തൻ ജനക്കൂട്ടം “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്നു രണ്ടു മണിക്കൂർ നേരത്തോളം ആർത്തുകൊണ്ടിരുന്നു. തങ്ങൾക്കായി ഒന്നും വാദിക്കാനാകാതെ, അലറിവിളിക്കുന്ന ആ ജനക്കൂട്ടത്തിന്റെ അധീനതയിലകപ്പെട്ടത് അരിസ്തർഹോസിനെയും ഗായൊസിനെയും സംബന്ധിച്ചിടത്തോളം ശരിക്കും ഭീതിദമായ ഒരു കഠിനപരിശോധന ആയിരുന്നിരിക്കണം. തങ്ങൾ ജീവനോടെയിരിക്കുമോ എന്നു പോലും അവർ സംശയിച്ചിരിക്കാം. സന്തോഷകരമെന്നു പറയട്ടെ, അവർക്കു ജീവൻ നഷ്ടമായില്ല. ലൂക്കൊസിന്റെ വിവരണം വളരെ സ്പഷ്ടമാണ്. അതുകൊണ്ട്, അവൻ ആ വിവരങ്ങൾ ശേഖരിച്ചത് ദൃക്സാക്ഷി മൊഴികളിൽനിന്ന്, ഒരുപക്ഷേ അരിസ്തർഹോസിൽനിന്നും ഗായൊസിൽനിന്നും, ആയിരിക്കാമെന്നാണു ചില പണ്ഡിതന്മാരുടെ അഭിപ്രായം.
ഒടുവിൽ പട്ടണാധികാരി ജനക്കൂട്ടത്തെ ശാന്തമാക്കി. അദ്ദേഹം തങ്ങളുടെ നിരപരാധിത്വം വസ്തുനിഷ്ഠമായി അംഗീകരിച്ചതു കേട്ടതും ബഹളം ശമിച്ചുകണ്ടതും അരിസ്തർഹോസിനും ഗായൊസിനും വലിയ ആശ്വാസം പകർന്നിരിക്കാം.
അതുപോലൊരു അനുഭവമുണ്ടായാൽ നിങ്ങൾക്കെന്തു തോന്നും? പൗലൊസിന്റെ ഒരു മിഷനറി സഹചാരിയായിരിക്കുന്നത് എനിക്കു പറ്റിയതല്ല, അതു വളരെ അപകടകരമാണ്, കുറെക്കൂടെ സ്വസ്ഥമായ ജീവിതം തിരഞ്ഞെടുക്കുന്നതാണ് എനിക്കു നല്ലത് എന്നൊക്കെയായിരിക്കുമോ നിങ്ങൾ ചിന്തിക്കുക? എന്നാൽ, അരിസ്തർഹോസ് അങ്ങനെ ചിന്തിച്ചില്ല! തെസ്സലൊനീക്യയിൽ നിന്നുള്ളവനായിരുന്നതിനാൽ, സുവാർത്ത പ്രസംഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവൻ ബോധവാനായിരുന്നിരിക്കാം. ഏതാനും വർഷങ്ങൾക്കു മുമ്പ് പൗലൊസ് അവന്റെ നഗരത്തിൽ പ്രസംഗിച്ചപ്പോൾ അവിടെയും കലഹം പൊട്ടിപ്പുറപ്പെട്ടിരുന്നു. (പ്രവൃത്തികൾ 17:1-9; 20:4) അരിസ്തർഹോസ് പൗലൊസിനോടു വിശ്വസ്തമായി പറ്റിനിന്നു.
ഗ്രീസിൽനിന്നു യെരൂശലേമിലേക്ക്
തട്ടാന്മാരുടെ കലഹം നടന്ന് ഏതാനും മാസങ്ങൾക്കുശേഷം പൗലൊസ് ഗ്രീസിലെത്തി. യെരൂശലേമിലേക്കു പോകുന്നതിനായി സിറിയയിലേക്കു കപ്പൽയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു അവൻ. അപ്പോഴാണ് “യഹൂദൻമാർ അവനെതിരായി ഗൂഢാലോചന നടത്തി”യത്. (പ്രവൃത്തികൾ 20:2, 3, പി.ഒ.സി. ബൈബിൾ) ഈ ആപത്ഘട്ടത്തിൽ പൗലൊസിന്റെ കൂടെ ആരാണുള്ളത്? അരിസ്തർഹോസ്!
ഈ പുതിയ ഭീഷണി നിമിത്തം പൗലൊസും അരിസ്തർഹോസും അവരുടെ സഹചാരികളും തങ്ങളുടെ പരിപാടികൾക്കു മാറ്റം വരുത്തി. ആദ്യം മക്കെദോന്യയിലേക്കു പോയ അവർ ഏഷ്യാമൈനറിന്റെ തീരപ്രദേശത്തുകൂടി പല ഘട്ടങ്ങളായി യാത്രചെയ്ത് ഒടുവിൽ പത്തരയിൽനിന്ന് ഫൊയ്നിക്യയിലേക്കു തിരിച്ചു. (പ്രവൃത്തികൾ 20:4, 5, 13-15; 21:1-3) ഈ യാത്രയുടെ ഉദ്ദേശ്യം മക്കെദോന്യയിലും അഖായയിലുമുള്ള ക്രിസ്ത്യാനികളുടെ സംഭാവനകൾ യെരൂശലേമിലെ ദരിദ്ര സഹോദരങ്ങൾക്കു നൽകുക എന്നതായിരുന്നു. (പ്രവൃത്തികൾ 24:17; റോമർ 15:25, 26) ഒരു വലിയ കൂട്ടം ഒന്നിച്ചാണു യാത്ര ചെയ്തത്. അതിന്റെ കാരണം പല സഭകൾ ഈ ഉത്തരവാദിത്വം അവരുടെമേൽ ഭരമേൽപ്പിച്ചിരുന്നതായിരിക്കണം. അത്തരം വലിയൊരു കൂട്ടമുള്ളതിനാൽ കൂടുതൽ സുരക്ഷിതത്വമുണ്ടായിരിക്കുമെന്നതിനും സംശയമില്ല.
ഗ്രീസിൽനിന്ന് യെരൂശലേമിലേക്ക് പൗലൊസിനെ അനുഗമിക്കുക എന്ന വലിയ പദവി അരിസ്തർഹോസിനുണ്ടായിരുന്നു. എന്നാൽ, അവരുടെ അടുത്ത യാത്ര യഹൂദ്യയിൽനിന്ന് വളരെ അകലെയുള്ള റോമിലേക്കായിരുന്നു.
റോമിലേക്കുള്ള യാത്ര
ഇത്തവണ അവസ്ഥകൾ തികച്ചും വിഭിന്നമായിരുന്നു. കൈസര്യയിൽ രണ്ടു വർഷം തടവിൽ കഴിയേണ്ടിവന്ന പൗലൊസ് കൈസർക്ക് അപ്പീൽ കൊടുത്തിരുന്നു. അതിനാൽ പൗലൊസിനെ ചങ്ങലയിൽ ബന്ധിച്ച് റോമിലേക്ക് അയയ്ക്കാനിരിക്കുകയായിരുന്നു. (പ്രവൃത്തികൾ 24:27; 25:11, 12) പൗലൊസിന്റെ സഹചാരികൾക്ക് എന്തു തോന്നിയിരിക്കാമെന്നു സങ്കൽപ്പിച്ചുനോക്കുക. കൈസര്യയിൽനിന്നു റോമിലേക്കുള്ള യാത്ര വളരെ ദീർഘമായിരിക്കുമെന്നു മാത്രമല്ല, വൈകാരികമായി ക്ഷീണിപ്പിക്കുന്നതുമായിരിക്കും. അനന്തരഫലം മുൻകൂട്ടി പറയാനും വയ്യ. പിന്തുണയ്ക്കും സഹായത്തിനുമായി അവന്റെകൂടെ ആർ പോകും? തിരഞ്ഞെടുക്കപ്പെട്ട രണ്ടു പുരുഷന്മാർ തങ്ങളെത്തന്നെ സ്വമേധയാ ലഭ്യമാക്കി. അവർ അരിസ്തർഹോസും പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരനായ ലൂക്കൊസുമായിരുന്നു.—പ്രവൃത്തികൾ 27:1, 2.
റോമിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടത്തിൽ ലൂക്കൊസിനും അരിസ്തർഹോസിനും അതേ കപ്പലിൽത്തന്നെ കയറാൻ എങ്ങനെ കഴിയുമായിരുന്നു? ചരിത്രകാരനായ ജൂസെപ്പേ റിച്ചൊട്ടി പറയുന്നു: “ഇവർ ഇരുവരും സ്വകാര്യ യാത്രികരായാണ് യാത്രയാരംഭിച്ചത് . . . അല്ലെങ്കിൽ, അവരെ പൗലൊസിന്റെ അടിമകളായി കരുതാൻ ഭാവിച്ച ശതാധിപന്റെ ദയയാൽ അവർക്ക് അതിൽ പ്രവേശനം ലഭിച്ചിരിക്കാനാണു കൂടുതൽ സാധ്യത. കാരണം, ഒരു റോമാപൗരന് രണ്ട് അടിമകളുടെ സഹായം ലഭിക്കാനുള്ള നിയമസാധുതയുണ്ടായിരുന്നു.” അവരുടെ സാന്നിധ്യത്താലും പ്രോത്സാഹനത്താലും പൗലൊസിന് എത്രമാത്രം ആശ്വാസം തോന്നിയിരിക്കണം!
പൗലൊസിനോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കുന്നതിനു ലൂക്കൊസിനും അരിസ്തർഹോസിനും വലിയ വില ഒടുക്കേണ്ടിവരുക മാത്രമല്ല ജീവൻതന്നെയും പണയപ്പെടുത്തേണ്ടിവന്നു. വാസ്തവത്തിൽ, മെലിത്ത (മാൾട്ട) എന്ന ദ്വീപിനു സമീപം കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ തങ്ങളുടെ ബന്ദിയായ സഹചാരിയോടൊപ്പം ഒരു ജീവാപായ സാഹചര്യത്തെ അവർക്ക് അഭിമുഖീകരിക്കേണ്ടിവന്നു.—പ്രവൃത്തികൾ 27:13–28:1.
പൗലൊസിന്റെ ‘സഹബദ്ധൻ’
പൊ.യു. 60-61 കാലഘട്ടത്തിൽ പൗലൊസ് കൊലൊസ്സ്യർക്കും ഫിലേമോനുമുള്ള ലേഖനങ്ങളെഴുതിയപ്പോൾ, അരിസ്തർഹോസും ലൂക്കൊസും അപ്പോഴും അവനോടൊപ്പം റോമിലുണ്ടായിരുന്നു. അരിസ്തർഹോസിനെയും എപ്പഫ്രാസിനെയും പൗലൊസിന്റെ ‘സഹബദ്ധരായി’ പരാമർശിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 4:10, 14; ഫിലേമോൻ 23, 24) അതിനാൽ, കുറെക്കാലത്തേക്ക് അരിസ്തർഹോസ് പൗലൊസിനോടൊപ്പം ബന്ധനാവസ്ഥയിലായിരുന്നതായി തോന്നുന്നു.
ചുരുങ്ങിയത് രണ്ടു വർഷക്കാലം പൗലൊസ് റോമിൽ തടവിലായിരുന്നെങ്കിലും, സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ കാവലിൽ താമസിക്കാൻ അവന് അനുവാദം ലഭിച്ചു, അവിടെവെച്ച് സന്ദർശകരോടു സുവാർത്ത ഘോഷിക്കാൻ അവനു കഴിഞ്ഞു. (പ്രവൃത്തികൾ 28:16, 30) അരിസ്തർഹോസും എപ്പഫ്രാസും ലൂക്കൊസും മറ്റുള്ളവരും പൗലൊസിനു ശുശ്രൂഷ ചെയ്യുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്തുപോന്നു.
‘ആശ്വാസം’
നിശ്വസ്ത ബൈബിൾ രേഖയിൽ അരിസ്തർഹോസ് ഉൾപ്പെടുന്ന അനവധി സംഭവപരമ്പരകൾ പരിചിന്തിച്ചശേഷം, തെളിഞ്ഞുവരുന്ന ചിത്രമേതാണ്? ഡബ്ലിയു. ഡി. തോമസ് എന്ന എഴുത്തുകാരൻ പറയുന്നപ്രകാരം അരിസ്തർഹോസ്, “എതിർപ്പിനെ അഭിമുഖീകരിച്ച് വിശ്വാസത്തിന് ഒരു പോറൽപോലുമേൽക്കാതെ നിലകൊള്ളാനും സേവിക്കാനുള്ള തീരുമാനം മങ്ങലേൽക്കാതെ നിലനിർത്താനും കഴിഞ്ഞ ഒരു മനുഷ്യനെന്ന നിലയിൽ വ്യതിരിക്തനാണ്. നീലാകാശത്തുനിന്ന് സൂര്യൻ പ്രകാശം ചൊരിഞ്ഞ നല്ല നാളുകളിൽ മാത്രമല്ല, കൊടുങ്കാറ്റുള്ള പ്രയാസ നാളുകളിൽപ്പോലും ദൈവത്തെ സ്നേഹിച്ച ഒരു മനുഷ്യനെന്ന നിലയിൽ അവൻ വ്യതിരിക്തനായി നിലകൊള്ളുന്നു.”
അരിസ്തർഹോസും മറ്റുള്ളവരും ‘ആശ്വാസം’ (ഗ്രീക്ക്, പാരെഗോറിയ) ആയിരുന്നുവെന്ന്, അതായത് സമാശ്വാസത്തിന്റെ ഉറവായിരുന്നുവെന്ന്, പൗലൊസ് പറയുന്നു. (കൊലൊസ്സ്യർ 4:10, 11) അതുകൊണ്ട്, പൗലൊസിന് ആശ്വാസവും പ്രോത്സാഹനവും നൽകിയ അരിസ്തർഹോസ് പ്രയാസനാളുകളിൽ ഒരു യാഥാർഥ സ്നേഹിതനായിരുന്നു. അനേക വർഷക്കാലം അപ്പോസ്തലന്റെ സഹവാസവും സുഹൃദ്ബന്ധവും അനുഭവിക്കാൻ കഴിഞ്ഞത് അവന് വളരെ സംതൃപ്തിദായകവും ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതുമായ ഒരനുഭവമായിരുന്നിരിക്കണം.
അരിസ്തർഹോസ് അനുഭവിച്ചതുപോലുള്ള തികച്ചും നാടകീയ സാഹചര്യങ്ങളിലല്ലായിരിക്കാം നമ്മൾ. എന്നിരുന്നാലും, ഇന്നു ക്രിസ്തീയ സഭയിലുള്ള എല്ലാവർക്കും ക്രിസ്തുവിന്റെ ആത്മീയ സഹോദരങ്ങളോടും യഹോവയുടെ സ്ഥാപനത്തോടും സമാനമായ വിശ്വസ്തത ആവശ്യമാണ്. (മത്തായി 25:34-40 താരതമ്യം ചെയ്യുക.) നമുക്കറിയാവുന്ന സഹാരാധകർ ഇന്നല്ലെങ്കിൽ നാളെ വിയോഗത്താലോ രോഗത്താലോ മറ്റു പരിശോധനകളാലോ ദുരിതവും കഷ്ടതയും അനുഭവിച്ചേക്കാം. അവരോടു പറ്റിനിന്നുകൊണ്ട് അവർക്ക് സഹായവും സമാശ്വാസവും പ്രോത്സാഹനവും നൽകിക്കൊണ്ട് സന്തോഷം കണ്ടെത്താനും വിശ്വസ്ത സ്നേഹിതരാണെന്ന് തെളിയിക്കാനും നമുക്കു സാധിക്കും.—സദൃശവാക്യങ്ങൾ 17:17; പ്രവൃത്തികൾ 20:35.