സന്തുഷ്ടി—വഴുതിപ്പോകുന്ന ഒന്ന്
കോപം, ആകുലത, വിഷാദം എന്നിവ വളരെക്കാലമായി ശാസ്ത്രീയ പഠന വിഷയങ്ങളാണ്. എന്നാൽ കുറച്ചുവർഷങ്ങളായി പ്രമുഖ ശാസ്ത്രജ്ഞൻമാർ മനുഷ്യർക്ക് അനുഭവപ്പെടുന്ന ക്രിയാത്മകവും അഭികാമ്യവുമായ വികാരത്തിൽ—സന്തുഷ്ടിയിൽ—തങ്ങളുടെ ഗവേഷണം കേന്ദ്രീകരിക്കുകയാണ്.
ആളുകളെ കൂടുതൽ സന്തുഷ്ടരാക്കുന്നത് എന്തായിരിക്കാം? അവർ കുറെച്ചുകൂടെ ചെറുപ്പക്കാരോ ധനികരോ ആരോഗ്യവാന്മാരോ ഉയരമുള്ളവരോ വണ്ണംകുറഞ്ഞവരോ ആയിരുന്നാൽ സന്തുഷ്ടരാകുമോ? യഥാർഥ സന്തുഷ്ടിയുടെ താക്കോലെന്താണ്? ആ ചോദ്യത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടാണെന്ന്, അല്ലെങ്കിൽ അസാധ്യമാണെന്ന് മിക്കവരും വിചാരിക്കുന്നു. സന്തോഷം കണ്ടെത്തുന്നതിലെ വിപുലവ്യാപകമായ പരാജയം പരിഗണിക്കുമ്പോൾ, സന്തുഷ്ടിയുടെ താക്കോൽ എന്ത് അല്ല എന്നതിന് ഉത്തരം നൽകാൻ കൂടുതൽ എളുപ്പമാണെന്നു ഒരുപക്ഷേ ചിലർ കണ്ടെത്തിയേക്കാം.
സന്തുഷ്ടിയുടെ താക്കോലെന്ന നിലയിൽ സ്വകേന്ദ്രീകൃത തത്ത്വശാസ്ത്രത്തെ പ്രമുഖ മനഃശാസ്ത്രജ്ഞന്മാർ ദീർഘകാലം ശുപാർശ ചെയ്തു. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ അസന്തുഷ്ടരായ ആളുകളെ പ്രോത്സാഹിപ്പിച്ചു. “വ്യക്തിമാഹാത്മ്യം പ്രകടിപ്പിക്കുക,” “ആത്മബോധമുള്ളവരായിരിക്കുക,” “സ്വയം ആരാഞ്ഞറിയുക” തുടങ്ങിയ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രയോഗങ്ങൾ മനോരോഗചികിത്സയിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ ചിന്താഗതിയെ പ്രോത്സാഹിപ്പിച്ച ചില പ്രഗത്ഭന്മാർതന്നെ അത്തരം വ്യക്തിമാഹാത്മ്യ മനോഭാവം നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുകയില്ലെന്ന് ഇപ്പോൾ സമ്മതിക്കുന്നു. അഹംഭാവം നിശ്ചയമായും വേദനയും അസന്തുഷ്ടിയും കൈവരുത്തും. സ്വാർഥത സന്തുഷ്ടിയുടെ താക്കോലല്ല.
അസന്തുഷ്ടിയുടെ അടിസ്ഥാനം
ഉല്ലാസാനുധാവനത്തിൽ സന്തുഷ്ടി കണ്ടെത്താൻ ശ്രമിക്കുന്നവർ ശരിയായ ഉറവിലേക്കല്ല നോക്കുന്നത്. പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ ദൃഷ്ടാന്തം പരിഗണിക്കുക. ബൈബിൾ പുസ്തകമായ സഭാപ്രസംഗിയിൽ അവൻ വിശദീകരിക്കുന്നു: “എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകല പ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.” (സഭാപ്രസംഗി 2:10) ശലോമോൻ തനിക്കുവേണ്ടി വീടുകൾ പണിതു, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി, തോട്ടങ്ങളും ഉദ്യാനങ്ങളും കുളങ്ങളും നിർമിച്ചു. (സഭാപ്രസംഗി 2:4-6) ഒരിക്കൽ അവൻ ചോദിച്ചു: “എന്നെക്കാൾ മെച്ചമായി തിന്നുകയും കുടിക്കുകയും ചെയ്യുന്നത് ആർ?” (സഭാപ്രസംഗി 2:25, NW) അവനെ വിനോദിപ്പിക്കുന്നതിന് വിദഗ്ധരായ പാട്ടുകാരും സംഗീതജ്ഞരും ഉണ്ടായിരുന്നു. ദേശത്തെ ഏറ്റവും സുന്ദരിമാരായ സ്ത്രീകളുടെ സഖിത്വവും അവൻ ആസ്വദിച്ചു.—സഭാപ്രസംഗി 2:8.
ഉല്ലാസകരമായ പ്രവർത്തനങ്ങളൊന്നും ശലോമോൻ ഒഴിവാക്കിയില്ലെന്നുള്ളതാണ് വസ്തുത. ജീവിതത്തിൽ അത്യന്തം ഉല്ലാസം ആസ്വദിച്ച ശേഷം അവൻ എന്തു നിഗമനത്തിൽ എത്തിച്ചേർന്നു? അവൻ പറഞ്ഞു: “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.”—സഭാപ്രസംഗി 2:11.
ജ്ഞാനിയായ ആ രാജാവിന്റെ കണ്ടെത്തലുകൾ ഇന്നും സത്യമാണ്. ഐക്യനാടുകളെപ്പോലുള്ള ഒരു സമ്പന്ന രാജ്യത്തിന്റെ ദൃഷ്ടാന്തമെടുക്കുക. കഴിഞ്ഞ 30 വർഷംകൊണ്ട് അമേരിക്കക്കാർ മോട്ടോർവാഹനങ്ങളും ടെലിവിഷനും പോലുള്ള തങ്ങളുടെ ഭൗതിക സമ്പാദ്യങ്ങൾ മിക്കവാറും ഇരട്ടിയാക്കിയിരിക്കുന്നു. എന്നിരുന്നാലും, മാനസികാരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് അമേരിക്കക്കാർ കൂടുതൽ സന്തുഷ്ടരേയല്ല. “അതേ കാലയളവിൽതന്നെ വിഷാദ നിരക്ക് കുതിച്ചുയർന്നിരിക്കുന്നു. കൗമാര ആത്മഹത്യ മൂന്നിരട്ടിയായിട്ടുണ്ട്. വിവാഹമോചന നിരക്ക് ഇരട്ടിയും,” ഒരു ഉറവിടം പറയുന്നു. ഏതാണ്ട് 50 വ്യത്യസ്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിൽ പണവും സന്തുഷ്ടിയും തമ്മിലുള്ള ബന്ധം പഠനവിധേയമാക്കിയശേഷം ഗവേഷകർ സമാനമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. ലളിതമായി പറഞ്ഞാൽ, നിങ്ങൾക്ക് സന്തുഷ്ടി പണംകൊടുത്തു വാങ്ങാനാവില്ല.
നേരേമറിച്ച്, പണത്തിനു പിന്നാലെയുള്ള നെട്ടോട്ടത്തെ അസന്തുഷ്ടിയുടെ അടിസ്ഥാനകാരണമെന്ന് ഉചിതമായും വിളിക്കാനാകും. അപ്പോസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”—1 തിമൊഥെയൊസ് 6:9, 10.
ധനം, ആരോഗ്യം, യുവത്വം, സൗന്ദര്യം, അധികാരം എന്നിവയ്ക്ക് ഒറ്റയ്ക്കോ കൂട്ടമായോ നിലനിൽക്കുന്ന സന്തുഷ്ടി ഉറപ്പുനൽകാനാവില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മോശമായ കാര്യങ്ങൾ സംഭവിക്കുന്നതു തടയാനുള്ള ശക്തി നമുക്കില്ല. ശലോമോൻ രാജാവ് ഉചിതമായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നുകൂടുന്ന ദുഷ്കാലത്തു കെണിയിൽ കുടുങ്ങിപ്പോകുന്നു.”—സഭാപ്രസംഗി 9:12, ദാനീയേൽ റഫറൻസ് ബൈബിൾ.
വഴുതിപ്പോകുന്ന ലക്ഷ്യം
യാതൊരളവിലുള്ള ശാസ്ത്രീയ ഗവേഷണത്തിനും സന്തുഷ്ടിക്കുള്ള മാനുഷനിർമിത സൂത്രവാക്യമോ തന്ത്രമോ നൽകാനാവില്ല. ശലോമോൻ ഇങ്ങനെയും പറഞ്ഞു: “പിന്നെയും ഞാൻ സൂര്യന്നു കീഴെ കണ്ടതു: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികൾക്കു ആഹാരവും വിവേകികൾക്കു സമ്പത്തും സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും [“മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും,” NW] അത്രേ ലഭിക്കുന്നതു.”—സഭാപ്രസംഗി 9:11.
മേൽപ്പറഞ്ഞ വാക്കുകളോടു യോജിക്കുന്ന മിക്കവരും യഥാർഥ സന്തുഷ്ട ജീവിതം അയഥാർഥമാണെന്നു നിഗമനം ചെയ്തിരിക്കുന്നു. “സന്തുഷ്ടി ഒരു സാങ്കൽപ്പിക അവസ്ഥയാ”ണെന്ന് ഒരു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ പ്രസ്താവിച്ചു. സന്തുഷ്ടിയുടെ താക്കോൽ ഒരു നിഗൂഢ രഹസ്യമാണെന്നും ആ രഹസ്യത്തിന്റെ കുരുക്കഴിക്കാനുള്ള പ്രാപ്തി ബൗദ്ധികവാസനയുള്ള ചുരുക്കംചില യോഗികൾക്കേയുള്ളുവെന്നും മറ്റുചിലർ വിശ്വസിക്കുന്നു.
എന്നിട്ടും, സന്തുഷ്ടിക്കായുള്ള അന്വേഷണത്തിൽ ആളുകൾ വ്യത്യസ്ത ജീവിതരീതികൾ ഇടതടവില്ലാതെ പരീക്ഷിച്ചുനോക്കുന്നു. തങ്ങളുടെ മുൻഗാമികളുടെ പരാജയം ഗണ്യമാക്കാതെ അനേകർ ഇപ്പോഴും അസന്തുഷ്ടിക്കുള്ള പരിഹാരമായി ധനം, അധികാരം, ആരോഗ്യം, ഉല്ലാസം എന്നിവ പിന്തുടരുന്നു. നിലനിൽക്കുന്ന സന്തുഷ്ടി വെറുമൊരു സാങ്കൽപ്പിക അവസ്ഥയല്ലെന്ന് ഉള്ളിന്റെയുള്ളിൽ മിക്കയാളുകളും വിശ്വസിക്കുന്നതുകൊണ്ട് അന്വേഷണം തുടരുന്നു. സന്തുഷ്ടി വഴുതിമാറുന്ന ഒരു സ്വപ്നമല്ലെന്ന് അവർ കരുതുന്നു. അതുകൊണ്ട് നിങ്ങൾ ചോദിച്ചേക്കാം, ‘എനിക്കത് എങ്ങനെ കണ്ടെത്താനാകും?’