യഥാർഥ സന്തുഷ്ടി—എന്താണതിന്റെ താക്കോൽ?
മനുഷ്യർ സന്തുഷ്ടരായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു. നമുക്ക് അതേക്കുറിച്ച് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? കൊള്ളാം, മമനുഷ്യന്റെ ആരംഭം പരിചിന്തിക്കുക.
യഹോവയാം ദൈവം ആദ്യ മാനുഷ ജോടിയെ സന്തുഷ്ടി ആസ്വദിക്കാനുള്ള പ്രാപ്തിയോടെ സൃഷ്ടിച്ചു. ആദാമിനെയും ഹവ്വായെയും ഒരു പറുദീസയിൽ, ഏദെൻ എന്നു വിളിക്കപ്പെടുന്ന ഒരു ഉല്ലാസ ഉദ്യാനത്തിൽ, ആക്കിവെച്ചു. ജീവിതത്തിലെ എല്ലാ അനിവാര്യ ഭൗതികവസ്തുക്കളും സ്രഷ്ടാവ് അവർക്കു കൊടുത്തു. “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ [“എല്ലാ,” NW] വൃക്ഷങ്ങളും” ആ തോട്ടത്തിൽ ഉണ്ടായിരുന്നു. (ഉല്പത്തി 2:9) ആദാമും ഹവ്വായും ആരോഗ്യവും ശക്തിയും സൗന്ദര്യവും ഉള്ളവരായിരുന്നു—അവർ പൂർണരും യഥാർഥമായും സന്തുഷ്ടരുമായിരുന്നു.
എന്നാൽ എന്തായിരുന്നു അവരുടെ സന്തുഷ്ടിയുടെ താക്കോൽ? അത് അവരുടെ പറുദീസാ ഭവനമോ ഒരുപക്ഷേ അവരുടെ ശാരീരിക പൂർണതയോ ആയിരുന്നോ? ദൈവത്തിൽനിന്നുള്ള ഈ ദാനങ്ങൾ അവരുടെ ജീവിതാസ്വാദനത്തിന് സഹായമേകിയെന്നതു ശരിതന്നെ. എന്നാൽ അവരുടെ സന്തുഷ്ടി അത്തരം പ്രകടമായ കാര്യങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. ഏദെൻ തോട്ടം മനോഹരമായൊരു ഉദ്യാനത്തിലുമധികമായിരുന്നു. അതൊരു വിശുദ്ധ സ്ഥലമായിരുന്നു, ദൈവത്തെ ആരാധിക്കാനുള്ള ഒരു സ്ഥലം. സ്രഷ്ടാവുമായി ഒരു സ്നേഹപൂർവകമായ ബന്ധം സ്ഥാപിച്ചു നിലനിർത്താനുള്ള പ്രാപ്തിയായിരുന്നു അവരുടെ നിത്യ സന്തുഷ്ടിയുടെ താക്കോൽ. സന്തുഷ്ടരായിരിക്കുന്നതിന് അവർ ഒന്നാമതായി ആത്മീയരായിരിക്കേണ്ടിയിരുന്നു.—മത്തായി 5:3 താരതമ്യം ചെയ്യുക.
ആത്മീയത സന്തുഷ്ടിയിലേക്കു നയിക്കുന്നു
ആദാമിനു തുടക്കത്തിൽ ദൈവവുമായി ഒരു ആത്മീയ ബന്ധമുണ്ടായിരുന്നു. ഒരു പുത്രനും പിതാവും തമ്മിലുള്ള ബന്ധംപോലെ സ്നേഹപൂർവകമായ, ആർദ്രമായ ഒന്നായിരുന്നു അത്. (ലൂക്കൊസ് 3:38) ആരാധന അർപ്പിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന എല്ലാ അനുകൂല സാഹചര്യങ്ങളും ഏദെൻ തോട്ടത്തിൽ ആദാമിനും ഹവ്വായ്ക്കും ഉണ്ടായിരുന്നു. യഹോവയെ മനസ്സോടെ, സ്നേഹപൂർവം അനുസരിച്ചുകൊണ്ട്, മൃഗസൃഷ്ടികൾക്കു കൈവരുത്താൻ കഴിയുന്നതിലും വളരെയേറെ ബഹുമാനവും മഹത്ത്വവും അവർ ദൈവത്തിനു കൈവരുത്തുമായിരുന്നു. ദൈവത്തിന്റെ അതിശയകരമായ ഗുണങ്ങളെപ്രതി അവനെ ബുദ്ധിശക്തിയോടെ സ്തുതിക്കാനും അവന്റെ പരമാധികാരത്തെ പിന്താങ്ങാനും അവർക്കു കഴിഞ്ഞു. യഹോവയുടെ സ്നേഹനിർഭരവും ആർദ്രവുമായ പരിപാലനത്തിൽ തുടരാനും അവർക്കു കഴിഞ്ഞു.
സ്രഷ്ടാവുമായുള്ള ഈ സൗഹൃദവും അവന്റെ നിയമങ്ങളോടുള്ള അനുസരണവും നമ്മുടെ ആദ്യ മാതാപിതാക്കൾക്ക് യഥാർഥ സന്തുഷ്ടി കൈവരുത്തി. (ലൂക്കൊസ് 11:28) ആദാമും ഹവ്വായും അനേക വർഷത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ സന്തുഷ്ടിയുടെ താക്കോൽ കണ്ടെത്താൻ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. സൃഷ്ടിക്കപ്പെട്ട നിമിഷം മുതൽ അവർ സന്തുഷ്ടരായിരുന്നു. ദൈവവുമായി സമാധാനത്തിലായിരിക്കുന്നതും അവന്റെ അധികാരത്തിനു കീഴ്പെട്ടിരിക്കുന്നതും അവരെ സന്തുഷ്ടരാക്കി.
എന്നാൽ, അവർ ദൈവത്തോട് അനുസരണക്കേടു കാണിച്ച നിമിഷംതന്നെ ആ സന്തുഷ്ടി അവസാനിച്ചു. മത്സരിച്ചുകൊണ്ട് ആദാമും ഹവ്വായും യഹോവയുമായുള്ള തങ്ങളുടെ ആത്മീയ ബന്ധം വിച്ഛേദിച്ചു. അവർ മേലാൽ ദൈവത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നില്ല. (ഉല്പത്തി 3:17-19) ഏദെൻ തോട്ടത്തിൽനിന്ന് അവർ പുറത്താക്കപ്പെട്ട ദിവസംമുതൽ യഹോവ അവരുമായുള്ള സകല ആശയവിനിമയവും അവസാനിപ്പിച്ചതായി തോന്നുന്നു. അവർക്കു തങ്ങളുടെ പൂർണതയും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും ഉദ്യാന ഭവനവും നഷ്ടമായി. (ഉല്പത്തി 3:23) എന്നാൽ കൂടുതൽ പ്രധാനമായി, ദൈവവുമായുള്ള ബന്ധം അവർക്കു നഷ്ടപ്പെട്ടതുകൊണ്ട് സന്തുഷ്ടിയുടെ താക്കോലും അവർക്കു നഷ്ടമായി.
തിരഞ്ഞെടുക്കാനുള്ള നമ്മുടെ പ്രാപ്തി
മരിക്കുന്നതിനു മുമ്പ്, ആദാമും ഹവ്വായും തങ്ങളുടെ മാനുഷിക സ്വഭാവഗുണങ്ങളും ജന്മസിദ്ധ മനസ്സാക്ഷിയും ആത്മീയതയ്ക്കുള്ള പ്രാപ്തിയും സന്താനങ്ങളിലേക്കു കൈമാറി. മാനുഷ കുടുംബം മൃഗങ്ങളുടെ നിലയിലേക്ക് അധഃപതിച്ചില്ല. അവയിൽനിന്നു വ്യത്യസ്തമായി നമുക്കു സ്രഷ്ടാവുമായി രമ്യതയിലാകാൻ കഴിയും. (2 കൊരിന്ത്യർ 5:18) ദൈവത്തെ അനുസരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ബുദ്ധിശക്തിയുള്ള സൃഷ്ടികളെന്നനിലയിൽ മനുഷ്യർക്കു തുടർന്നും പ്രാപ്തിയുണ്ട്. അനേക നൂറ്റാണ്ടുകൾക്കു ശേഷം അതു ചിത്രീകരിക്കപ്പെടുകയുണ്ടായി. പുതുതായി രൂപീകരിക്കപ്പെട്ട ഇസ്രായേൽ ജനതയ്ക്ക് ജീവനോ മരണമോ തിരഞ്ഞെടുക്കാൻ യഹോവ അവസരം നൽകിയപ്പോഴായിരുന്നു അത്. തന്റെ വക്താവിലൂടെ ദൈവം പറഞ്ഞു: “ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.”—ആവർത്തനപുസ്തകം 30:15-18.
യഥാർഥ പറുദീസ നഷ്ടപ്പെട്ടിട്ട് ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും മനുഷ്യർ ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാണ്. പ്രവർത്തനക്ഷമമായ ഒരു മനസ്സാക്ഷിയും ദൈവനിയമങ്ങൾ അനുസരിക്കുന്നതിനുള്ള അടിസ്ഥാന പ്രാപ്തിയും നമുക്കുണ്ട്. “നമ്മുടെ ഉള്ളിലുള്ള മനുഷ്യ”നെക്കുറിച്ചും “അകമേ”യുള്ള മനുഷ്യനെക്കുറിച്ചും ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 4:16; റോമർ 7:22, NW) ദൈവത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിനും അവൻ ചിന്തിക്കുന്ന വിധത്തിൽ ചിന്തിക്കുന്നതിനും ആത്മീയരായിരിക്കുന്നതിനും നമുക്കെല്ലാമുള്ള ജന്മസിദ്ധ പ്രാപ്തിയുമായി ഈ പ്രയോഗങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
നമ്മുടെ ധാർമിക പ്രകൃതത്തെയും മനസ്സാക്ഷിയെയും സംബന്ധിച്ച് അപ്പോസ്തലനായ പൗലൊസ് എഴുതി: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”—റോമർ 2:14, 15.
താക്കോൽ—ദൈവിക ജ്ഞാനവും അനുസരണവും
എന്നാൽ ഒരുവൻ ചോദിച്ചേക്കാം, ‘ദൈവത്തെ ആരാധിക്കാനും തത്ഫലമായി യഥാർഥ സന്തുഷ്ടി ആസ്വദിക്കാനുമുള്ള ഒരു സ്വാഭാവിക ചായ്വ് നമുക്കെല്ലാമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അസന്തുഷ്ടി ഇത്രകണ്ട് വ്യാപകമായിരിക്കുന്നത്?’ സന്തുഷ്ടരായിരിക്കുന്നതിന് നാമോരോരുത്തരും ആത്മീയത വളർത്തിയെടുക്കണം എന്നുള്ളതാണ് അതിന്റെ കാരണം. ആരംഭത്തിൽ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടെങ്കിലും മനുഷ്യൻ തന്റെ സ്രഷ്ടാവിൽനിന്ന് അന്യപ്പെട്ടു. (എഫെസ്യർ 4:17, 18) അതുകൊണ്ട്, ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ചു നിലനിർത്താൻ നാമോരോരുത്തരും സുനിശ്ചിത പടികൾ സ്വീകരിക്കണം. അത്തരമൊരു ബന്ധം യാന്ത്രികമായി വികാസം പ്രാപിക്കുകയില്ല.
ആത്മീയത വികസിപ്പിക്കുന്നതിനുള്ള രണ്ടു പ്രധാനപ്പെട്ട തത്ത്വങ്ങൾ യേശു വിവരിച്ചു. ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുക എന്നതാണ് ഒന്ന്. മറ്റേത്, അവന്റെ ഇഷ്ടത്തിന് അനുസരണപൂർവം കീഴടങ്ങുകയെന്നതും. (യോഹന്നാൻ 17:3) ദൈവവചനത്തെ ഉദ്ധരിച്ചുകൊണ്ട് യേശു പറഞ്ഞു: ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”’ (മത്തായി 4:4) മറ്റൊരവസരത്തിൽ യേശു പ്രസ്താവിച്ചു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) സന്തുഷ്ടി നേടാൻ എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ച് പരീക്ഷണനിരീക്ഷണങ്ങൾ നടത്തിക്കൊണ്ട് നാം അനേക ദശകങ്ങൾ ചെലവഴിക്കേണ്ടതില്ല. സന്തുഷ്ടിയുടെ താക്കോൽ അനുഭവജ്ഞാനമല്ല. മറിച്ച്, ദൈവിക ജ്ഞാനവും നമ്മുടെ സ്രഷ്ടാവിനോടുള്ള അനുസരണവും മാത്രമേ ജീവിതത്തിലെ യഥാർഥ സന്തുഷ്ടിയിലേക്കു നമ്മെ നയിക്കൂ.—സങ്കീർത്തനം 19:7, 8; സഭാപ്രസംഗി 12:13.
വ്യക്തമായും, ദൈവിക ജ്ഞാനം പ്രകടമാക്കുന്നതിലൂടെയും ദൈവമുമ്പാകെ ഒരു നല്ല നില ഉണ്ടായിരിക്കുന്നതിലൂടെയും കൈവരുന്ന സന്തുഷ്ടി നമ്മുടെ എത്തുപാടിനതീതമല്ല. (പ്രവൃത്തികൾ 17:26, 27) യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയുംകുറിച്ചുള്ള അറിവ് എല്ലാവർക്കും ലഭ്യമാണ്. അനവധി ഭാഷകളിലായി ശതകോടിക്കണക്കിനു പ്രതികളുള്ള ബൈബിൾ ലോകത്ത് ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമായി തുടരുന്നു. ദൈവത്തിന്റെ സുഹൃത്തായിത്തീരാനും യഥാർഥ സന്തുഷ്ടി ആസ്വദിക്കാനും ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. എന്തെന്നാൽ, “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു [“സന്തുഷ്ടർ,” NW]” എന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു.—സങ്കീർത്തനം 144:15.
[7-ാം പേജിലെ ചിത്രം]
“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.”—മത്തായി 5:3, NW