ബൈബിൾ നമുക്കു ലഭിച്ച വിധം—ഭാഗം മൂന്ന്
ബർമ, 1824. രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അഡോണിരാമിന്റെയും ആൻ ജഡ്സന്റെയും മിഷനറി ഭവനം പരിശോധിച്ച് മൂല്യവത്തെന്നു തങ്ങൾക്കു തോന്നിയതെല്ലാം എടുത്തുകൊണ്ടു പോയതേയുള്ളൂ. എന്നാൽ ഏറ്റവും അമൂല്യമായ നിധി കൈവശപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടില്ല—ആൻ വീടിനടിയിൽ രഹസ്യമായി കുഴിച്ചിട്ടിരുന്ന, പരിഭാഷപ്പെടുത്തിയ ഒരു ബൈബിൾ കയ്യെഴുത്തുപ്രതിയായിരുന്നു അത്. ചാരവൃത്തി ആരോപിക്കപ്പെട്ട്, പരിഭാഷകനായ അഡോണിരാം കൊതുകു നിറഞ്ഞ ജയിലിൽ ബന്ധനസ്ഥനായി കിടക്കുന്നു. ഈർപ്പം നിമിത്തം കയ്യെഴുത്തുപ്രതി നശിക്കുമെന്നതാണ് ഇപ്പോഴത്തെ ഭീഷണി. അതിനെ എങ്ങനെ രക്ഷിക്കാനാകും? കട്ടിയുള്ള ഒരു തലയണയ്ക്കുള്ളിലാക്കി ആൻ അത് ജയിലിൽ കിടക്കുന്ന ഭർത്താവിനു കൈമാറുന്നു. ആ തലയണ സംരക്ഷിക്കപ്പെടുന്നു. അതിലെ ഉള്ളടക്കം ആദ്യത്തെ ബർമീസ് ബൈബിളിന്റെ ഭാഗമായിത്തീരുന്നു.
ചരിത്രത്തിലുടനീളം ബൈബിൾ അത്തരം അനേകം സാഹസികതകളിലൂടെ കടന്നുപോയിട്ടുണ്ട്. ബൈബിളിന്റെ എഴുത്തു പൂർത്തിയായതുമുതൽ 1600-കളുടെ ആരംഭംവരെയുള്ള അതിന്റെ പരിഭാഷയും വിതരണവും സംബന്ധിച്ച് കഴിഞ്ഞ ലക്കങ്ങളിൽ നാം പരിചിന്തിച്ചു. അന്നുമുതൽ ഇന്നുവരെ ബൈബിൾ അതിജീവിച്ചതെങ്ങനെ? അത് എന്നെങ്കിലും സകലർക്കും ലഭ്യമായിത്തീരുമോ? വാച്ച് ടവർ സൊസൈറ്റി എന്തു പങ്കാണു വഹിച്ചിട്ടുള്ളത്?
മിഷനറിമാരും ബൈബിൾ സൊസൈറ്റികളും
നിരവധി രാജ്യങ്ങളിൽ, ബൈബിൾ വായനയിൽ ദ്രുതഗതിയിലുണ്ടായ വലിയ വർധനവ് 1600-കളെയും 1700-കളെയും ശ്രദ്ധേയമാക്കി. ഈ കാലഘട്ടത്തിൽ വിശേഷിച്ചും ഇംഗ്ലണ്ടിൽ ബൈബിൾ ആഴമായ പ്രഭാവം ചെലുത്തി. വാസ്തവത്തിൽ, ബൈബിൾ കഥകളും പഠിപ്പിക്കലുകളും, രാജാവുമുതൽ ഉഴവുബാലൻവരെ രാജ്യത്തുള്ള മിക്കവാറുമെല്ലാവരുടെയും ചിന്തയെ സ്വാധീനിച്ചു. എന്നാൽ ബൈബിളിന്റെ സ്വാധീനം തുടർന്നും വ്യാപകമായി. ഇംഗ്ലണ്ട് അന്ന് കോളനികളുള്ള ഒരു സമുദ്രവാണിജ്യ ശക്തിയായിരുന്നു. ചില ഇംഗ്ലീഷുകാർ യാത്രയിൽ തങ്ങളോടൊപ്പം ബൈബിൾ കൊണ്ടുപോയി. ബൈബിളിന്റെ വ്യാപകമായ പ്രചരണത്തിന് ഇതു കളമൊരുക്കി.
1700-കളുടെ അവസാനത്തോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിൻകീഴിലെ അതിവിദൂര സ്ഥലങ്ങളിലുള്ള തദ്ദേശവാസികളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഇംഗ്ലണ്ടിലുള്ള ചിലർക്കു ബൈബിൾ പ്രേരണയേകി. എന്നാൽ ഈ താത്പര്യം യാതൊരു പ്രകാരത്തിലും സാർവലൗകികമായിരുന്നില്ല. ഒട്ടനവധി സഭാംഗങ്ങൾ വിധിവിശ്വാസക്കാരായിരുന്നു. അതുകൊണ്ട്, ചിലയാളുകൾ രക്ഷിക്കപ്പെടാതിരിക്കുന്നതു ദൈവഹിതമാണെന്ന് അവർ വിചാരിച്ചു. മിഷനറിവേലയ്ക്കു പുറപ്പെടുംമുമ്പ് വില്യം കാരി, ഇന്ത്യയിലേക്കുള്ള ഒരു ദൗത്യസംഘത്തിനു പിന്തുണ നേടാനായി ആവേശകരമായൊരു പ്രഭാഷണം നടത്തവേ ഒരുവൻ ഭർത്സിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു: “എടോ താനവിടെ ഇരിക്ക്; അവിശ്വാസികളെ മതപരിവർത്തനം ചെയ്യിക്കണമെന്നു ദൈവം ആഗ്രഹിക്കുമ്പോൾ തന്റെ സഹായമില്ലാതെ ദൈവം അതു ചെയ്തുകൊള്ളും!” എങ്കിലും, 1793-ൽ കാരി ഇന്ത്യയിലേക്കു കപ്പൽകയറി. അതിശയകരമെന്നു പറയട്ടെ, കാലക്രമത്തിൽ അദ്ദേഹം മുഴു ബൈബിളോ അതിന്റെ ഭാഗങ്ങളോ 35 ഇന്ത്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
പ്രാദേശിക ഭാഷയിലുള്ള ബൈബിളാണ് തങ്ങളുടെ ഏറ്റവും അടിസ്ഥാന ഉപകരണമെന്നു മിഷനറിമാർ തിരിച്ചറിഞ്ഞു. എന്നാൽ ബൈബിളുകൾ ആർ നൽകുമായിരുന്നു? രസാവഹമായി, ലോകം മുഴുവൻ ബൈബിൾ വിതരണം ചെയ്യാൻ ഇടയാക്കുമായിരുന്ന ഒരു പ്രസ്ഥാനത്തിന് അറിയാതെ തിരികൊളുത്തിയത് വെയിൽസിൽനിന്നുള്ള ഒരു 16-കാരി, മേരി ജോൺസ്, ആയിരുന്നു. ഒരു പുരോഹിതനിൽനിന്ന് വെൽഷ് ബൈബിൾ വാങ്ങാനായി 1800-ൽ മേരി നഗ്നപാദയായി 40 കിലോമീറ്റർ നടന്നു. ആറു വർഷംകൊണ്ടാണ് അവൾ പണം സ്വരൂപിച്ചത്. ബൈബിൾ മുഴുവനും വിറ്റുകഴിഞ്ഞെന്നു മനസ്സിലാക്കിയപ്പോൾ മേരി കടുത്ത നിരാശയാൽ തേങ്ങിക്കരഞ്ഞു. അതു തന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചതിന്റെ ഫലമായി ആ പുരോഹിതൻ സ്വന്തം ബൈബിളുകളിലൊന്ന് മേരിക്കു കൊടുത്തു.
അതെത്തുടർന്ന് ആ പുരോഹിതൻ ബൈബിൾ ആവശ്യമുള്ള മറ്റുള്ളവരെക്കുറിച്ചു ചിന്തിച്ചു. അദ്ദേഹം ആ പ്രശ്നം ലണ്ടനിലുള്ള തന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. തത്ഫലമായി 1804-ൽ ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റി രൂപീകൃതമായി. അതിന്റെ ലക്ഷ്യം ലളിതമായിരുന്നു: “കുറിപ്പോ വ്യാഖ്യാനമോ ഇല്ലാതെ” അച്ചടിച്ച ബൈബിളുകൾ ന്യായമായ വിലയ്ക്ക് ആളുകൾക്കു സ്വന്തം ഭാഷയിൽ ലഭ്യമാക്കുക. മാർജിനിലെ വ്യാഖ്യാനങ്ങൾ നീക്കംചെയ്യുകവഴി ഉപദേശ സംബന്ധമായ വിവാദങ്ങൾ ഒഴിവാക്കാമെന്നു സൊസൈറ്റിയുടെ സ്ഥാപകർ പ്രത്യാശിച്ചു. എന്നിരുന്നാലും, ഉത്തരകാനോനിക പുസ്തകങ്ങൾ, നിമജ്ജനംചെയ്തുള്ള സ്നാപനം, ത്രിത്വോപദേശം എന്നിവയെ ചൊല്ലി അവരുടെ ഇടയിൽ പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടാകുമായിരുന്നു.
തുടക്കത്തിലെ ഉത്സാഹം പെട്ടെന്നുതന്നെ വ്യാപിച്ചു. 1813-ഓടെ ജർമനി, നെതർലൻഡ്സ്, ഡെൻമാർക്ക്, റഷ്യ എന്നിവിടങ്ങളിൽ സഹസൊസൈറ്റികൾ രൂപംകൊണ്ടു. കാലക്രമത്തിൽ മറ്റു രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റികളും കൂട്ടിച്ചേർക്കപ്പെട്ടു. ആദിമ ബൈബിൾ സൊസൈറ്റികൾ തങ്ങളുടെ ലക്ഷ്യങ്ങൾക്കു രൂപം നൽകിയപ്പോൾ അവർ വിചാരിച്ചിരുന്നത് ലോകത്തു മിക്കവാറുമെല്ലായിടത്തുമായി ഏതാനും ചില പ്രമുഖ ഭാഷകളേ ഉപയോഗത്തിലുള്ളുവെന്നായിരുന്നു. ആയിരക്കണക്കിനു ഭാഷകളുണ്ടെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയില്ല! പ്രാദേശിക ഭാഷയിലേക്കു നേരിട്ടു പരിഭാഷപ്പെടുത്താൻതക്കവണ്ണം എബ്രായയും ഗ്രീക്കും അറിയാവുന്ന താരതമ്യേന ചുരുക്കം ചില പരിഭാഷകരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റി പരിഭാഷകൾ ഏറ്റെടുത്തപ്പോൾ, പരിഭാഷകർ മിക്കപ്പോഴും തങ്ങളുടെ പരിഭാഷയെ ഇംഗ്ലീഷ് ഭാഷയിലുള്ള ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ അടിസ്ഥാനപ്പെടുത്തി.
ഒരു പരിഭാഷകന്റെ പരിശോധനകൾ
ബൈബിളിന്റെ ഭൂരിഭാഗവും അനുദിന ജീവിതത്തിലെ അനുഭവങ്ങളിൽ അധിഷ്ഠിതമായ വിവരണങ്ങളും ദൃഷ്ടാന്തങ്ങളുമാണ്. അത് പരിഭാഷ കൂടുതൽ എളുപ്പമാക്കുന്നു, എഴുത്ത് അമൂർത്ത തത്ത്വശാസ്ത്ര ഭാഷയിലായിരുന്നെങ്കിൽ പരിഭാഷ കൂടുതൽ ദുഷ്കരമാകുമായിരുന്നു. എന്നിരുന്നാലും, മിഷനറിമാരുടെ ആദ്യകാല ശ്രമങ്ങൾ ചിലയവസരങ്ങളിൽ കുഴപ്പിക്കുന്നതോ ഫലിതരസം നിറഞ്ഞതോ ആയ പരിഭാഷകൾ ഉളവാക്കിയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ദൃഷ്ടാന്തത്തിന് ഒരു പരിഭാഷ, ഇന്ത്യയുടെ ഒരു പ്രത്യേക ഭാഗത്തുള്ള ആളുകൾക്ക് ദൈവം നീലനിറമുള്ള ഒരു വ്യക്തിയാണെന്ന ധാരണ നൽകി. “സ്വർഗീയ പിതാവ്” എന്ന പ്രയോഗത്തിലെ “സ്വർഗീയ” എന്നതിന് ഉപയോഗിച്ച പദത്തിന്റെ അർഥം, അക്ഷരീയ “ആകാശത്തിന്റെ നിറമുള്ള” എന്നായിരുന്നു!
പരിഭാഷകന്റെ വൈതരണികളെക്കുറിച്ച് അഡോണിരാം ജഡ്സൻ 1819-ൽ എഴുതി: ‘നമ്മുടേതിൽനിന്നു വിഭിന്നമായ ചിന്താധാരകളുള്ള, തത്ഫലമായി നമുക്കു തികച്ചും അപരിചിതമായ ഭാഷാപ്രയോഗരീതികളുള്ള, നമുക്കു പരിചിതമായ ഒരു ഭാഷയുമായും യാതൊരു സാമ്യവുമില്ലാത്ത അക്ഷരങ്ങളും വാക്കുകളുമുള്ള, ലോകത്തിന്റെ മറുഭാഗത്തെ ആളുകൾ സംസാരിക്കുന്ന ഒരു ഭാഷ നാം പഠിക്കുമ്പോൾ; സഹായത്തിനായി നിഘണ്ടുവോ ദ്വിഭാഷിയോ ഇല്ലാതെ, പ്രാദേശിക അധ്യാപകന്റെ സഹായം തേടുന്നതിനു മുമ്പ് ആ ഭാഷ നാം കുറച്ചെങ്കിലും മനസ്സിലാക്കേണ്ടതുള്ളപ്പോൾ, നാം കഠിനമായി ശ്രമിക്കേണ്ടതുണ്ട്!’ ജഡ്സനെപ്പോലുള്ള പരിഭാഷകരുടെ പ്രവർത്തനം ബൈബിളിന്റെ ലഭ്യത വളരെയേറെ വർധിപ്പിച്ചു.—12-ാം പേജിലെ ചാർട്ട് കാണുക.
പരിഭാഷ എന്ന ആയാസകരമായ കൃത്യം നിർവഹിക്കാൻ ആൻ ജഡ്സൻ ഭർത്താവിനെ സഹായിച്ചു. എന്നാൽ കേവലം പരിഭാഷാ സംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല ജഡ്സൻ കുടുംബം അഭിമുഖീകരിച്ചത്. രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അഡോണിരാമിനെ ജയിലിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയ സമയത്ത് ആൻ ഗർഭിണിയായിരുന്നു. തന്റെ ഭർത്താവിനെ വിടുവിക്കുന്നതിനായി, ശത്രുതാപരമായി പെരുമാറിയ അധികാരികൾക്ക് അവർ 21 മാസം ധീരതയോടെ നിവേദനം നൽകി. ആ കഠിനപരീക്ഷയും രോഗവും നിമിത്തം അവരുടെ ആരോഗ്യം വഷളായി. അഡോണിരാം ജയിൽവിമോചിതനായി അധികനാൾ കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ധീരയായ ആനും കൊച്ചുപുത്രിയും പനിപിടിച്ചു മരിച്ചു. അഡോണിരാം ദുഃഖാർത്തനായി. എങ്കിലും, ശക്തിക്കായി ദൈവത്തിലേക്കു നോക്കിക്കൊണ്ട് അദ്ദേഹം പരിഭാഷ തുടരുകയും 1835-ൽ ബർമീസ് ബൈബിൾ പൂർത്തിയാക്കുകയും ചെയ്തു. അതിനിടയിൽ ബൈബിളിനെതിരായി കുടിലമായ മറ്റു വെല്ലുവിളികൾ വികാസം പ്രാപിക്കുകയായിരുന്നു.
വിവാദങ്ങൾ ബൈബിളിനെ വലയം ചെയ്യുന്നു
1800-കൾ വലിയ സാമൂഹിക-രാഷ്ട്രീയ വിവാദങ്ങൾക്കു സാക്ഷ്യം വഹിച്ചു. ചിലപ്പോഴൊക്കെ ബൈബിൾ അവയിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. ദൃഷ്ടാന്തത്തിന്, റഷ്യൻ ബൈബിൾ സൊസൈറ്റി ചക്രവർത്തിയുടെയും റഷ്യൻ ഓർത്തഡോക്സ് സഭയുടെയും രക്ഷാകർത്തൃത്വത്തോടെയാണ് ആരംഭിച്ചതെങ്കിലും, ഒടുവിൽ അവർ ആ സൊസൈറ്റി പിരിച്ചുവിടുകയും അതിനെ നിരോധിക്കുകയും ചെയ്തു. (അതിന് ഒരു വർഷം മുമ്പുതന്നെ സൊസൈറ്റിയുടെ എതിരാളികൾ ആയിരക്കണക്കിനു ബൈബിളുകൾ ചുട്ടെരിച്ചിരുന്നു.) ആദിമ ക്രിസ്ത്യാനികൾ തികഞ്ഞ ആവേശത്തോടെ തുടങ്ങിവെച്ച, സാർവദേശീയ ബൈബിൾ വിതരണം അവസാനിപ്പിക്കാൻ ഓർത്തഡോക്സ് വൈദികവൃന്ദം ഉത്സാഹപൂർവം ശ്രമിച്ചു. ബൈബിൾ സഭയുടെയും രാഷ്ട്രത്തിന്റെയും അധികാരത്തെ ഭീഷണിപ്പെടുത്തിയെന്ന് 19-ാം നൂറ്റാണ്ടിലെ ഓർത്തഡോക്സ് നേതാക്കന്മാർ ശക്തിയുക്തം പ്രഖ്യാപിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ഉയർന്നുവന്നുകൊണ്ടിരുന്ന രാഷ്ട്രീയ വിപ്ലവ പ്രസ്ഥാനം ബൈബിളിനെ അധികാരികൾക്കൊരു ഭീഷണിയായിട്ടല്ല, പ്രത്യുത, ജനക്കൂട്ടത്തെ നിയന്ത്രണത്തിൽ നിർത്താനുള്ള സഭയുടെയും രാഷ്ട്രത്തിന്റെയും ഒരു ആയുധമായിട്ടാണു വീക്ഷിച്ചത്. ബൈബിൾ ഇരു വിഭാഗങ്ങളിൽനിന്നുമുള്ള കടുത്ത ആക്രമണത്തിനു വിധേയമായി!
ബൈബിളിനെതിരായ വർധിച്ചുവരുന്ന “ബൗദ്ധിക” ആക്രമണത്തിനും തുടർന്നുവന്ന വർഷങ്ങൾ സാക്ഷ്യം വഹിച്ചു. 1831-ൽ ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തത്തിലേക്കു വഴിനയിച്ച തന്റെ സമുദ്ര പര്യടനത്തിന് തുടക്കം കുറിച്ചു. ക്രിസ്ത്യാനിത്വത്തെ ഒരു അടിച്ചമർത്തൽ ഉപകരണമായി ചിത്രീകരിച്ചുകൊണ്ട് മാർക്സും ഏങ്ഗെൽസും 1848-ൽ കമ്മ്യുണിസ്റ്റു മാനിഫെസ്റ്റോ പുറത്തിറക്കി. അതിനുപുറമേ, ഈ കാലഘട്ടത്തിൽ അതികൃത്തിപ്പുകാർ തിരുവെഴുത്തുകളുടെ ആധികാരികതയെയും ബൈബിൾ കഥാപാത്രങ്ങളുടെ, യേശുക്രിസ്തുവിന്റെ പോലും, ചരിത്രപരമായ സത്യതയെയും ചോദ്യം ചെയ്തു! എന്നാൽ ദൈവത്തെയും ബൈബിളിനെയും നിരസിച്ച സിദ്ധാന്തങ്ങളിലെ കാപട്യം ചില ചിന്തകർ തിരിച്ചറിയുകയും ബൈബിളിന്റെ വിശ്വാസ്യതയെ സ്ഥിരീകരിക്കാനുള്ള പണ്ഡിതോചിത മാർഗങ്ങൾ തേടുകയും ചെയ്തു. പ്രഗത്ഭ ജർമൻ ഭാഷാപണ്ഡിതനായ കോൺസ്റ്റാൻറിൻ വോൺ തിഷെൻഡോർഫായിരുന്നു അവരിലൊരാൾ.
ബൈബിൾ പാഠത്തെ സ്ഥിരീകരിക്കാൻ കണ്ടുപിടിത്തങ്ങൾ സഹായിക്കുന്നു
ബൈബിളിന്റെ ആദിമ പാഠത്തെ തികച്ചും അസന്ദിഗ്ധമായി സ്ഥിരീകരിക്കാനാകുമെന്ന പ്രത്യാശയിൽ തിഷെൻഡോർഫ് പുരാതന ബൈബിൾ കയ്യെഴുത്തു പ്രതികൾ തേടി മധ്യപൂർവദേശത്തുകൂടെ യാത്രചെയ്തു. 1859-ൽ, ഡാർവിൻ വർഗോത്പത്തി (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ച അതേ വർഷംതന്നെ, തിഷെൻഡോർഫ് സീനായി പർവതത്തിന്റെ അടിവാരത്തുള്ള ഒരു ആശ്രമത്തിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും പഴക്കമുള്ള സമ്പൂർണ പ്രതി കണ്ടെത്തി. സൈനാറ്റിക്കസ് കയ്യെഴുത്തുപ്രതി എന്ന് അതറിയപ്പെടുന്നു. സാധ്യതയനുസരിച്ച് അതു പ്രസിദ്ധീകരിച്ചത് ജെറോം ലാറ്റിൻ വൾഗേറ്റ് പൂർത്തീകരിക്കുന്നതിന് 50 വർഷം മുമ്പാണ്. അദ്ദേഹം ആ കയ്യെഴുത്തുപ്രതി ആശ്രമത്തിൽനിന്ന് നീക്കം ചെയ്തതിന്റെ ഔചിത്യം ഇപ്പോഴും തർക്ക വിഷയമാണെങ്കിലും തിഷെൻഡോർഫ് അതു പ്രസിദ്ധീകരിച്ചു. അങ്ങനെ അത് പണ്ഡിതന്മാർക്കു ലഭ്യമായി.a
സൈനാറ്റിക്കസ് ഏറ്റവും പഴക്കംചെന്ന ആദിമഭാഷാ കയ്യെഴുത്തുപ്രതികളിൽ ഉൾപ്പെട്ടതായതിനാൽ അത്, ഗ്രീക്കു തിരുവെഴുത്തുകളിൽ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു വെളിപ്പെടുത്തുക മാത്രമല്ല, പിന്നീടുള്ള കയ്യെഴുത്തുപ്രതികളിൽ നുഴഞ്ഞുകയറിയ പിശകുകൾ വെളിച്ചത്തുകൊണ്ടുവരാൻ പണ്ഡിതന്മാരെ സഹായിക്കുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, 1 തിമൊഥെയൊസ് 3:16-ലെ, യേശുവിനെക്കുറിച്ചുള്ള പരാമർശനം സൈനാറ്റിക്കസിൽ ഇങ്ങനെ വായിക്കുന്നു: “അവൻ ജഡത്തിൽ പ്രത്യക്ഷനായി.” അന്ന് അറിയപ്പെട്ടിരുന്ന മിക്ക കയ്യെഴുത്തുപ്രതികളും “അവൻ” എന്നതിന്റെ സ്ഥാനത്ത് “ദൈവം” എന്നതിന്റെ സംക്ഷിപ്ത രൂപമാണ് ഉപയോഗിച്ചിരുന്നത്. “അവൻ” എന്നതിനുള്ള ഗ്രീക്കു പദത്തിൽ ചെറിയൊരു മാറ്റം വരുത്തിയാണ് അതു രൂപപ്പെടുത്തിയത്. എന്നാൽ, “ദൈവം” എന്ന് എഴുതിയിരിക്കുന്ന ഏതു ഗ്രീക്കു കയ്യെഴുത്തുപ്രതിയെക്കാളും വളരെ വർഷങ്ങൾ മുമ്പാണ് സൈനാറ്റിക്കസ് തയ്യാറാക്കിയത്. അങ്ങനെ, പാഠത്തിൽ പിൽക്കാലത്ത് പിശകുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് അതു വെളിപ്പെടുത്തി. തെളിവനുസരിച്ച്, ത്രിത്വോപദേശത്തെ പിന്താങ്ങാൻവേണ്ടി അവതരിപ്പിച്ചതായിരുന്നു അത്.
തിഷെൻഡോർഫിന്റെ കാലംതൊട്ട് കൂടുതൽ കയ്യെഴുത്തുപ്രതികൾ കണ്ടെത്തിയിരിക്കുന്നു. ഇന്ന്, എബ്രായ തിരുവെഴുത്തുകളുടെ അറിയപ്പെടുന്ന മൊത്തം കയ്യെഴുത്തുപ്രതികൾ 6,000-വും ഗ്രീക്കു തിരുവെഴുത്തുകളുടേത് 13,000-ത്തിലധികവുമാണ്. ഇവയുടെ താരതമ്യ പഠനത്തിന്റെ ഫലമായി ഉറപ്പോടെ വിശ്വസിക്കാനാകുന്ന ഒരു മൂലഭാഷാ പാഠം ലഭിച്ചിരിക്കുന്നു. പണ്ഡിതനായ എഫ്. എഫ്. ബ്രൂസ് അഭിപ്രായപ്പെടുന്ന പ്രകാരം: “വ്യത്യസ്ത ഭാഷാന്തരങ്ങൾ . . . പ്രധാന ചരിത്ര യാഥാർഥ്യങ്ങൾക്കോ ക്രിസ്തീയ വിശ്വാസ-ആചാരങ്ങൾക്കോ മാറ്റം വരുത്തുന്നില്ല.” ഒട്ടനവധി ഭാഷകളിലേക്കുകൂടിയുള്ള ബൈബിൾ പരിഭാഷ തുടരവേ, ഈ വർധിച്ച അറിവ് ആളുകൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമായിരുന്നു?
വാച്ച് ടവർ സൊസൈറ്റിയും ബൈബിളും
ബൈബിൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചെറുതെങ്കിലും ഉത്സാഹമുള്ള ഒരു കൂട്ടം 1881-ൽ രൂപീകൃതമായി. ഇത് പിൽക്കാലത്ത് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയായിത്തീർന്നു. ആദ്യകാലത്ത്, മറ്റു ബൈബിൾ സൊസൈറ്റികൾ പ്രസിദ്ധീകരിച്ച, തിഷെൻഡോർഫിന്റെ ഗ്രീക്ക് തിരുവെഴുത്തുകൾ ഉൾപ്പെടെയുള്ള, ബൈബിളുകൾ അവർ വിതരണം ചെയ്തു. എന്നാൽ 1890-ഓടെ അവർ വ്യത്യസ്ത ബൈബിളുകളുടെ മുദ്രണം ഏറ്റെടുത്തുകൊണ്ട് ആദ്യമായി നേരിട്ട് ബൈബിൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. 1926-ൽ സൊസൈറ്റി സ്വന്തം പ്രസ്സുകളിൽ ബൈബിൾ അച്ചടിക്കാൻ തുടങ്ങി. എന്നാൽ ഒരു പരിഷ്കരിച്ച ബൈബിൾ പരിഭാഷയുടെ ആവശ്യം കൂടുതൽ വ്യക്തമാകുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കണ്ടുപിടിത്തങ്ങളിലൂടെയും പഠനങ്ങളിലൂടെയും നേടിയ അറിവ്, സുഗ്രാഹ്യമായ, താങ്ങാനാവുന്ന വിലയുള്ള ഒരു ബൈബിളിൽ ഉൾപ്പെടുത്താൻ കഴിയുമായിരുന്നോ? ഈ ലക്ഷ്യത്തിൽ, തിരുവെഴുത്തുകളുടെ ഒരു പുതിയ പരിഭാഷ പുറത്തിറക്കാൻ 1946-ൽ സൊസൈറ്റിയിലെ അംഗങ്ങൾ പരിപാടിയിട്ടു.
ഒരു പരിഭാഷ, അനേകം ഭാഷകൾ
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാനായി യോഗ്യരായ അഭിഷിക്ത ക്രിസ്ത്യാനികളുടെ ഒരു കമ്മിറ്റി സംഘടിപ്പിക്കപ്പെട്ടു. 1950 മുതൽ 1960 വരെയുള്ള കാലയളവിൽ ആറ് വാല്യങ്ങളായി അതു പുറത്തിറക്കി. തുടക്കം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലായിരുന്നു. 1963 മുതൽ അത് മറ്റ് 27 ഭാഷകളിലേക്കുകൂടി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഭാഷകളിൽ പരിഭാഷ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷിന്റെ കാര്യത്തിൽ ലക്ഷ്യം എന്തായിരുന്നുവോ അതുതന്നെയാണ് മറ്റു ഭാഷകളുടെ കാര്യത്തിലും. ഒന്നാമതായി, പരിഭാഷ കൃത്യതയുള്ളത്, മൂല ആശയങ്ങളോട് സാധിക്കുന്നത്ര അടുത്തു പറ്റിനിൽക്കുന്നത് ആയിരിക്കണം. ഒരു പ്രത്യേക ഉപദേശപരമായ ഗ്രാഹ്യത്തോടുള്ള യോജിപ്പിൽ അർഥം വളച്ചൊടിച്ചതായിരിക്കരുത്. രണ്ടാമതായി, പൂർവാപരയോജിപ്പ് നിലനിർത്തണം. സന്ദർഭം ന്യായയുക്തമായും അനുവദിക്കുന്നിടത്തോളം, ഓരോ പ്രധാന പദങ്ങൾക്കും ഒരേ പരിഭാഷ തന്നെയായിരിക്കണം. ബൈബിളെഴുത്തുകാർ നിശ്ചിത പദങ്ങൾ ഉപയോഗിച്ച വിധം മനസ്സിലാക്കാൻ അത്തരമൊരു സമീപനം വായനക്കാരെ സഹായിക്കുന്നു. മൂന്നാമതായി, അർഥം അവ്യക്തമാകാതെതന്നെ, സാധിക്കുന്നത്ര പദാനുപദമായിട്ടായിരിക്കണം പരിഭാഷ. പദാനുപദ പരിഭാഷ മൂലഭാഷകളുടെ സ്വഭാവവും ബന്ധപ്പെട്ട ചിന്താധാരയും വളരെ അടുത്തു മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കുന്നു. നാലാമതായി, അത് സാധാരണ ജനങ്ങൾക്ക് എളുപ്പം വായിക്കാനും ഗ്രഹിക്കാനും കഴിയുന്നതായിരിക്കണം.
ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരത്തിന്റെ മിക്കവാറും പദാനുപദമായ പരിഭാഷാരീതി അത് മറ്റു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഈ ഉദ്ദേശ്യത്തിൽ, തങ്ങളുടെ വേല ത്വരിതപ്പെടുത്തുന്നതിനും കൂടുതൽ കൃത്യതയുള്ളതാക്കുന്നതിനും വേണ്ടി സൊസൈറ്റിയുടെ പരിഭാഷാ സംഘങ്ങൾ ഇപ്പോൾ ആധുനിക കമ്പ്യൂട്ടർവത്കൃത ഉപാധികൾ ഉപയോഗിക്കുന്നു. ഓരോ പ്രധാന പദങ്ങളുടെയും തത്തുല്യ നാട്ടുഭാഷാ പദങ്ങളുടെ പട്ടിക സമാഹരിക്കുന്നതിന് ഈ സംവിധാനം പരിഭാഷകരെ സഹായിക്കുന്നു. ബൈബിളിലെ ഓരോ എബ്രായ-ഗ്രീക്ക് പദത്തിന്റെയും ഇംഗ്ലീഷ് പരിഭാഷ പഠിക്കാനും അത് അവരെ പ്രാപ്തരാക്കുന്നു.
എബ്രായ-ഗ്രീക്കു ഭാഷകളിൽനിന്നു നേരിട്ടു പരിഭാഷപ്പെടുത്തുന്നതിനു പകരം ഇംഗ്ലീഷിൽനിന്നു പരിഭാഷപ്പെടുത്തുന്നതുകൊണ്ട് പ്രധാനപ്പെട്ട ചില നേട്ടങ്ങളുണ്ട്. പരിഭാഷാസമയം കുറയ്ക്കുന്നതിനു പുറമേ അത് എല്ലാ ഭാഷകളിലും വർധിച്ച ആശയപ്രകടന ഐക്യം സാധ്യമാക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു പുരാതന ഭാഷയിൽനിന്നു വ്യത്യസ്ത ആധുനിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിനെ അപേക്ഷിച്ച് ഒരു ആധുനിക ഭാഷയിൽനിന്നു മറ്റ് ആധുനിക ഭാഷകളിലേക്കു കൃത്യമായി പരിഭാഷപ്പെടുത്തുക വളരെയേറെ എളുപ്പമാണ്. പരിഭാഷകർക്ക് ആധുനിക ഭാഷകൾ സംസാരിക്കുന്ന തദ്ദേശീയരുമായി കൂടിയാലോചിക്കാൻ കഴിയും, എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മുമ്പ് സംസാരിച്ചിരുന്ന ഭാഷകളുടെ കാര്യത്തിൽ അതു സാധ്യമല്ലല്ലോ.
സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത
ബൈബിളിനെ ഭൂമിയിൽ ഏറ്റവും വ്യാപകമായി ലഭ്യമായ പുസ്തകമാക്കാൻ സഹായിച്ച നിശ്ചയദാർഢ്യമുള്ള സ്ത്രീപുരുഷന്മാരെക്കുറിച്ച് ഇനിയും വളരെക്കൂടുതൽ എഴുതാൻ കഴിയും. നൂറ്റാണ്ടുകൾകൊണ്ട്, കുറഞ്ഞത് 400 കോടി ബൈബിളുകളും ബൈബിളിന്റെ ഭാഗങ്ങളും ലോകത്തെ 90 ശതമാനത്തിലധികം ആളുകൾ സംസാരിക്കുന്ന രണ്ടായിരത്തിലധികം ഭാഷകളിലായി അച്ചടിച്ചിരിക്കുന്നു!
ദൈവരാജ്യം നമ്മുടെ നാളിൽ ലോകവ്യാപകമായി ഘോഷിക്കപ്പെടുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ഈ ലക്ഷ്യത്തിൽ, ബൈബിൾ മിക്കവാറും സാർവദേശീയമായി ലഭ്യമാക്കുന്നതിൽ വ്യക്തമായും യഹോവയാം ദൈവംതന്നെ മനുഷ്യരെ നയിച്ചിട്ടുണ്ട്. (മത്തായി 13:47, 48; 24:14) ധാർമിക അന്ധകാരം ബാധിച്ച ഒരു ലോകത്തിലെ ആത്മീയ വെളിച്ചത്തിന്റെ ഏക സ്രോതസ്സായ ദൈവവചനം നമുക്കു നൽകുന്നതിനായി കഴിഞ്ഞകാലത്തെ നിർഭയരായ ബൈബിൾ പരിഭാഷകരും പ്രസാധകരും തങ്ങൾക്കുള്ള സകലതും അപകടത്തിലാക്കി. അവർ പ്രദർശിപ്പിച്ച അതേ ബോധ്യത്തോടെ, ആ വചനം വായിക്കാനും അതനുസരിച്ചു ജീവിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനും അവരുടെ ദൃഷ്ടാന്തം നമ്മെ പ്രേരിപ്പിക്കട്ടെ. അതേ, നിങ്ങളുടെ കൈവശമുള്ള ആശ്രയയോഗ്യമായ ബൈബിളിൽനിന്ന് ദിനംപ്രതി പരമാവധി പ്രയോജനം നേടുക!—യെശയ്യാവു 40:6-8.
[അടിക്കുറിപ്പുകൾ]
a 1990 ഏപ്രിൽ 1 വീക്ഷാഗോപുരത്തിലെ, “കോഡക്സ് സൈനാററിക്കസിനെ രക്ഷിക്കുന്നു” എന്ന ലേഖനം കാണുക.
[12-ാം പേജിലെ ചാർട്ട്]
ബൈബിൾ പരിഭാഷയിലെ വളർച്ച
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഭാഷകളുടെ എണ്ണം
1 യഹൂദന്മാർ എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങുന്നു
പൊ.യു.മു. ഏതാണ്ട് 280
12 ജെറോം ലാറ്റിൻ വൾഗേറ്റ് പൂർത്തിയാക്കുന്നു പൊ.യു. ഏതാണ്ട് 400
35 ഗുട്ടെൻബർഗ് അച്ചടിച്ച തന്റെ ആദ്യബൈബിൾ പൂർത്തിയാക്കുന്നു ഏതാണ്ട് 1455
81 ബ്രിട്ടീഷ് ആൻഡ് ഫോറിൻ ബൈബിൾ സൊസൈറ്റി 1804-ൽ സ്ഥാപിതമായി
ഭാഷകളുടെ കണക്കാക്കപ്പെട്ട എണ്ണം വർഷാടിസ്ഥാനത്തിൽ
522
1900
600
700
800
900
1,049
1950
1,100
1,200
1,300
1,471
1970
2,123
1996
2,200
2,300
2,400
[കടപ്പാട]
Sources: Christianity Today, United Bible Society
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Mountain High Maps® Copyright © 1995 Digital Wisdom, Inc.
[8-ാം പേജിലെ ചിത്രം]
ജഡ്സനെ ബന്ധിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി
[കടപ്പാട]
ഉറവിട ഗ്രന്ഥം Judson the Hero of Burma, by Jesse Page
[10-ാം പേജിലെ ചിത്രം]
സീനായി പർവതത്തിന്റെ അടിവാരത്തുള്ള ഈ ആശ്രമത്തിലെ വിലപിടിപ്പുള്ള ഒരു കയ്യെഴുത്തുപ്രതി തിഷെൻഡോർഫ് സംരക്ഷിച്ചു
[കടപ്പാട]
Pictorial Archive (Near Eastern History) Est.