ലോകത്തിലെങ്കിലും അതിന്റെ ഭാഗമല്ല
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല, . . . ഇക്കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു.”—യോഹന്നാൻ 15:19, NW.
1. ക്രിസ്ത്യാനികൾക്കു ലോകവുമായി എന്തു ബന്ധമാണുള്ളത്, എങ്കിലും ലോകം അവരെ വീക്ഷിക്കുന്നതെങ്ങനെ?
ശിഷ്യന്മാരോടൊത്തുള്ള തന്റെ അവസാന രാത്രിയിൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.” അവൻ ഏതു ലോകത്തെപ്പറ്റിയായിരുന്നു സംസാരിച്ചത്? “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്ന് മുമ്പൊരു സന്ദർഭത്തിൽ അവൻ പറഞ്ഞിരുന്നില്ലേ? (യോഹന്നാൻ 3:16) ശിഷ്യന്മാർ വ്യക്തമായും ആ ലോകത്തിന്റെ ഭാഗമായിരുന്നു, കാരണം നിത്യജീവനായി യേശുവിൽ ആദ്യം വിശ്വാസം പ്രകടമാക്കിയത് അവരായിരുന്നു. അങ്ങനെയെങ്കിൽ, യേശു എന്തിനാണ് ഇപ്പോൾ ശിഷ്യന്മാർ ലോകത്തിൽനിന്നു വേറിട്ടവരാണെന്നു പറയുന്നത്? “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല, . . . ഇക്കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു” എന്നും അവൻ പറയുന്നതെന്തുകൊണ്ട്?—യോഹന്നാൻ 15:19, NW.
2, 3. (എ) ക്രിസ്ത്യാനികൾ ഏതു “ലോക”ത്തിന്റെ ഭാഗമായിരിക്കരുത്? (ബി) ക്രിസ്ത്യാനികൾ ഭാഗമല്ലാത്ത “ലോക”ത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
2 “ലോകം” (ഗ്രീക്ക്, കോസ്മോസ്) എന്ന പദം ബൈബിൾ വ്യത്യസ്ത വിധങ്ങളിൽ ഉപയോഗിക്കുന്നുവെന്നതാണ് ഉത്തരം. മുൻലേഖനത്തിൽ വിശദമാക്കിയതുപോലെ, ബൈബിളിൽ “ലോകം” എന്നത് ചിലപ്പോൾ പൊതുവേ മനുഷ്യവർഗത്തെ പരാമർശിക്കുന്നു. ഇതാണു ദൈവം സ്നേഹിച്ച ലോകം, ഈ ലോകത്തിനുവേണ്ടിയാണ് യേശു മരിച്ചത്. എന്നിരുന്നാലും, ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി പ്രസ്താവിക്കുന്നു: “ക്രിസ്തീയ പദപ്രയോഗങ്ങളിൽ ദൈവത്തിൽനിന്ന് അന്യപ്പെട്ടതും അവനു വിരോധവുമായ എന്തെങ്കിലും സംഗതിയെ സൂചിപ്പിക്കാനും ‘ലോകം’ എന്ന പദം ഉപയോഗിക്കുന്നുണ്ട്.” ഇതെങ്ങനെ ശരിയാകും? കത്തോലിക്കാ എഴുത്തുകാരനായ റോളൻ മിനരറ്റ്, ലേ ക്രേത്യൻ ആ ലാ മോണ്ട് (ക്രിസ്ത്യാനികളും ലോകവും) എന്ന തന്റെ പുസ്തകത്തിൽ വിശദമാക്കുന്നു: “അനാദരസൂചകമായ അർഥത്തിലെടുത്താൽ, ലോകം . . . ദൈവത്തിനെതിരായ ശക്തികൾ പ്രവർത്തിക്കുന്നതും ക്രിസ്തുവിന്റെ വിജയകരമായ ഭരണത്തോടുള്ള എതിർപ്പിനാൽ സാത്താന്റെ നിയന്ത്രണത്തിൻകീഴിൽ ഒരു ശത്രുസാമ്രാജ്യമായിരിക്കുന്നതുമായ ഒരു മേഖലയായി കാണപ്പെടുന്നു.” ഈ “ലോകം” ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യസമൂഹമാണ്. സത്യക്രിസ്ത്യാനികൾ ഈ ലോകത്തിന്റെ ഭാഗമല്ല, അത് അവരെ ദ്വേഷിക്കുന്നു.
3 ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ ലോകത്തെ ഉദ്ദേശിച്ച് യോഹന്നാൻ എഴുതി: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” (1 യോഹന്നാൻ 2:15, 16) കൂടാതെ “നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നും അവൻ എഴുതി. (1 യോഹന്നാൻ 5:19) യേശുതന്നെയും സാത്താനെ “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്നാണു വിളിച്ചത്.—യോഹന്നാൻ 12:31; 16:11.
ലോകശക്തികളുടെ വളർച്ച
4. ലോകശക്തികൾ അസ്തിത്വത്തിൽ വന്നതെങ്ങനെ?
4 ഇപ്പോൾ സ്ഥിതിചെയ്യുന്ന, ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗലോകം നോഹയുടെ നാളിലെ പ്രളയത്തിനുശേഷം അവന്റെ അനേകം പിൻഗാമികളും യഹോവയെ ആരാധിക്കുന്നത് നിർത്തിയ സമയംമുതൽ വികാസം പ്രാപിക്കാൻ തുടങ്ങിയതാണ്. നഗരനിർമാതാവും “യഹോവയ്ക്കെതിരെ ഒരു നായാട്ടു വീരനുമായിരുന്ന” നിമ്രോദ് ആയിരുന്നു ആദ്യകാല പ്രമുഖൻ. (ഉല്പത്തി 10:8-12, NW) അക്കാലത്ത് ഈ ലോകത്തിന്റെ നല്ലൊരുഭാഗവും കൊച്ചുനഗര രാജ്യങ്ങളായി സംഘടിപ്പിക്കപ്പെട്ടിരുന്നു. അവ ഇടയ്ക്കിടെ സംഖ്യംചേർന്ന് പരസ്പരം യുദ്ധം ചെയ്യുമായിരുന്നു. (ഉല്പത്തി 14:1-9) ചില നഗരരാജ്യങ്ങൾ മറ്റുള്ളവയുടെമേൽ ആധിപത്യം നേടി മേഖലാ ശക്തികളായിത്തീർന്നു. ചില മേഖലാ ശക്തികൾ അവസാനം വൻ ലോകശക്തികളുമായിത്തീർന്നു.
5, 6. (എ) ബൈബിൾ ചരിത്രത്തിലെ ഏഴു ലോകശക്തികൾ ഏതെല്ലാം? (ബി) ഈ ലോകശക്തികൾ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു, അവർക്ക് അധികാരം ലഭിക്കുന്നത് എവിടെനിന്ന്?
5 നിമ്രോദിന്റെ മാതൃക പിൻപറ്റിയ, ലോകശക്തികളുടെ ഭരണാധിപന്മാർ യഹോവയെ ആരാധിച്ചില്ല. ആ വസ്തുത ക്രൂരവും അക്രമാസക്തവുമായ അവരുടെ പ്രവൃത്തികളിൽ പ്രതിഫലിച്ചിരുന്നു. തിരുവെഴുത്തുകളിൽ ഈ ലോകശക്തികളെ പ്രതീകാത്മകമായി കാട്ടുമൃഗങ്ങളായാണ് ചിത്രീകരിക്കുന്നത്. നൂറ്റാണ്ടുകളിലൂടെ, യഹോവയുടെ ജനത്തിന്റെമേൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള ആറു ശക്തികളെ ബൈബിൾ തിരിച്ചറിയിക്കുന്നു. ഇവ ഈജിപ്ത്, അസ്സീറിയ, ബാബിലോൻ, മേദോ പേർഷ്യ, ഗ്രീസ്, റോം എന്നിവയായിരുന്നു. റോമിനുശേഷം, ഏഴാമത്തെ വൻശക്തി രംഗപ്രവേശം ചെയ്യുമെന്നു പ്രവചിക്കപ്പെട്ടു. (ദാനീയേൽ 7:3-7; 8:3-7, 20, 21; വെളിപ്പാടു 17:9, 10) ഇത് ബ്രിട്ടീഷ് സാമ്രാജ്യവും അതിന്റെ സഖ്യരാജ്യമായ ഐക്യനാടുകളും ഉൾപ്പെട്ട ആംഗ്ലോ-അമേരിക്കൻ ലോകശക്തിയാണെന്നു തെളിഞ്ഞു. എന്നാൽ റോമാ സാമ്രാജ്യത്തിന്റെ അവസാന തരിമ്പും അപ്രത്യക്ഷമായതിനുശേഷം വികാസം പ്രാപിച്ച ഈ ബ്രിട്ടീഷ് സാമ്രാജ്യത്തെ ശക്തിയുടെ കാര്യത്തിൽ ഐക്യനാടുകൾ അവസാനം നിഷ്പ്രഭമാക്കുകയാണുണ്ടായത്.a
6 അസ്വസ്ഥമായ മനുഷ്യസമുദ്രത്തിൽനിന്നും പൊന്തിവരുന്ന ഏഴു തലയുള്ള കാട്ടുമൃഗത്തിന്റെ തലകൾ ഒന്നിനുപുറകേ ഒന്നായി വന്ന ഏഴു ലോകശക്തികളെ പ്രതിനിധാനം ചെയ്യുന്നു. (യെശയ്യാവു 17:12, 13; 57:20, 21; വെളിപ്പാടു 13:1) വാഴ്ചനടത്തുന്ന ഈ മൃഗത്തിന് അധികാരം കൊടുക്കുന്നതാരാണ്? ബൈബിൾ ഉത്തരം പറയുന്നു: “അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.” (വെളിപ്പാടു 13:2) മഹാസർപ്പം മറ്റാരുമല്ല, പിശാചായ സാത്താനാണ്.—ലൂക്കൊസ് 4:5, 6; വെളിപ്പാടു 12:9.
വരാനിരിക്കുന്ന ദൈവരാജ്യഭരണം
7. ക്രിസ്ത്യാനികൾ എന്തിൽ പ്രത്യാശ വെക്കുന്നു, ഇത് ലോകഗവൺമെൻറുകളോടുള്ള അവരുടെ ബന്ധത്തെ ബാധിച്ചിരിക്കുന്നതെങ്ങനെ?
7 “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന് 2,000 വർഷത്തോളമായി ക്രിസ്ത്യാനികൾ പ്രാർഥിച്ചിരിക്കുന്നു. (മത്തായി 6:10) ദൈവരാജ്യത്തിനുമാത്രമേ ഭൂമിയിൽ യഥാർഥ സമാധാനം കൈവരുത്താനാകുകയുള്ളുവെന്നു യഹോവയുടെ സാക്ഷികൾക്കറിയാം. ബൈബിൾ പ്രവചനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതുകൊണ്ട്, ഈ പ്രാർഥനയ്ക്ക് ഉടൻ ഉത്തരം ലഭിക്കുമെന്നും താമസിയാതെ ആ രാജ്യം ഭൂമിയുടെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അവർക്കു ബോധ്യമുണ്ട്. (ദാനീയേൽ 2:44) ഈ രാജ്യത്തോടു വിധേയത്വം പ്രകടമാക്കുന്നതുകൊണ്ട്, അവർ ലോകഗവൺമെൻറുകളുടെ കാര്യത്തിൽ നിഷ്പക്ഷത പാലിക്കുന്നു.
8. സങ്കീർത്തനം 2-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, ദൈവരാജ്യ ഭരണത്തോടു ഗവൺമെൻറുകൾ എങ്ങനെ പ്രതികരിക്കുന്നു?
8 മതതത്ത്വങ്ങൾ പാലിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില രാഷ്ട്രങ്ങളുണ്ട്. എന്നാൽ അവരുടെ പ്രവൃത്തി യഹോവ അഖിലാണ്ഡ പരമാധികാരിയാണെന്നും ഭൂമിയുടെമേൽ അധികാരം കൊടുത്ത് അവൻ യേശുവിനെ സ്വർഗീയ രാജാവായി വാഴിച്ചിരിക്കുകയാണെന്നുമുള്ള വസ്തുത അവഗണിക്കുന്നതാണ്. (ദാനീയേൽ 4:17; വെളിപ്പാടു 11:15) ഒരു പ്രാവചനിക സങ്കീർത്തനം പ്രസ്താവിക്കുന്നു: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” (സങ്കീർത്തനം 2:2, 3) തങ്ങളുടെ ദേശീയ പരമാധികാരം പ്രയോഗിക്കുന്നതിനെ പരിമിതപ്പെടുത്തുന്ന ദിവ്യ ‘കെട്ടുകളോ കയറുകളോ’ ഗവൺമെൻറുകൾ അംഗീകരിക്കുന്നില്ല. അതുകൊണ്ട്, യഹോവ യേശുവിനോട്, തന്റെ തിരഞ്ഞെടുക്കപ്പെട്ട രാജാവിനോടു പറയുന്നു: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അററങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” (സങ്കീർത്തനം 2:8, 9) എന്നിരുന്നാലും, യേശു മരിച്ചത് മനുഷ്യവർഗലോകത്തിനുവേണ്ടിയായതിനാൽ അതു പൂർണമായും ‘തകർക്കപ്പെടുക’യില്ല.—യോഹന്നാൻ 3:17.
“മൃഗ”ത്തിന്റെ “മുദ്ര” ഒഴിവാക്കൽ
9, 10. (എ) വെളിപ്പാടു പുസ്തകത്തിൽ നമുക്ക് എന്തിനെക്കുറിച്ചു മുന്നറിവു നൽകിയിരിക്കുന്നു? (ബി) ‘മൃഗത്തിന്റെ മുദ്ര’ ധരിക്കുന്നതിന്റെ പ്രതീകാത്മക അർഥമെന്ത്? (സി) ദൈവദാസന്മാർ എന്തു മുദ്ര സ്വീകരിക്കുന്നു?
9 ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗലോകം അതിന്റെ അന്ത്യത്തോട് അടുക്കുമ്പോൾ അധികമധികം നിബന്ധനകൾ വെക്കുമെന്ന് യോഹന്നാനു ലഭിച്ച വെളിപ്പാടു മുന്നറിയിപ്പു നൽകുന്നു: “ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെററിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്വാൻ വഹിയാതെയും ആക്കുന്നു.” (വെളിപ്പാടു 13:16, 17) ഇതിന്റെ അർഥമെന്താണ്? സജീവ പിന്തുണയുടെ ഒരു ഉചിത പ്രതീകമാണ് വലങ്കൈയിലെ ഒരു മുദ്ര. നെറ്റിയിലെ മുദ്രയോ? ദി എക്സ്പോസിറ്റേഴ്സ് ഗ്രീക്ക് ടെസ്റ്റമെൻറ് പ്രസ്താവിക്കുന്നു: “അങ്ങേയറ്റം ആലങ്കാരികമായ ഈ പരാമർശത്തിന്, പടയാളികളിലും അടിമകളിലും നടത്തുന്ന ശ്രദ്ധാർഹമായ പച്ചകുത്തൽ അല്ലെങ്കിൽ തപ്തലോഹമുദ്ര പതിപ്പിക്കൽ എന്ന സമ്പ്രദായവുമായി ബന്ധമുണ്ട്. . . . അതുമല്ലെങ്കിൽ, ഒരു ദൈവനാമം ‘രക്ഷ’യായി ധരിക്കുന്ന മതാചാരത്തോട് അതു കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.” പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും അനേകം മനുഷ്യരും “മൃഗ”ത്തിന്റെ “അടിമകളോ” “പടയാളികളോ” ആയി സ്വയം തിരിച്ചറിയിച്ചുകൊണ്ട് പ്രതീകാത്മകമായി ഈ മുദ്ര ധരിക്കുന്നു. (വെളിപ്പാടു 13:3, 4) അവരുടെ ഭാവിയെക്കുറിച്ച്, തിയളോജിക്കൽ ഡിക്ഷ്ണറി ഓഫ് ദ ന്യൂ ടെസ്റ്റമെൻറ് പറയുന്നു: “മൃഗത്തിന്റെ നാമം ഉൾക്കൊണ്ടിരിക്കുന്ന ദുർജ്ഞേയ സംഖ്യയെന്ന അതിന്റെ [മുദ്ര] തങ്ങളുടെ നെറ്റിയിലും കയ്യിലും പതിക്കപ്പെടാൻ ദൈവത്തിന്റെ ശത്രുക്കൾ അനുവദിക്കുന്നു. ഇത് അവർക്ക് സാമ്പത്തികവും വാണിജ്യപരവുമായ നേട്ടങ്ങൾക്ക് വലിയ അവസരങ്ങളൊരുക്കിക്കൊടുക്കുന്നു. അതേസമയം ഇത് അവരെ ദൈവകോപത്തിന് ഇരയാക്കുകയും സഹസ്രാബ്ദവാഴ്ചയിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നു, വെളി. 13:16; 14:9; 20:4.”
10 “മുദ്ര” ലഭിക്കുന്നതിനുള്ള സമ്മർദം ചെറുക്കുന്നതിന് അധികമധികം ധൈര്യവും സഹിഷ്ണുതയും ആവശ്യമാണ്. (വെളിപ്പാടു 14:9-12) എന്നാൽ ദൈവദാസന്മാർക്ക് അത്തരം ശക്തിയുണ്ട്, അതുകൊണ്ടാണ് അവർ മിക്കപ്പോഴും വിദ്വേഷത്തിനും ദുഷ്പ്രചരണത്തിനും പാത്രമാകുന്നത്. (യോഹന്നാൻ 15:18-20; 17:14, 15) മൃഗത്തിന്റെ മുദ്ര വഹിക്കുന്നതിനുപകരം, ‘യഹോവെക്കുള്ളവർ’ എന്ന് അവർ തങ്ങളുടെ കയ്യിൽ ആലങ്കാരികമായി എഴുതുമെന്ന് യെശയ്യാവു പറഞ്ഞു. (യെശയ്യാവു 44:5) കൂടാതെ, വിശ്വാസത്യാഗിനിയായ മതം ചെയ്യുന്ന മ്ലേച്ഛ സംഗതികളെപ്രതി അവർ “നെടുവീർപ്പിട്ടു കരയുന്ന”തുകൊണ്ട്, യഹോവയുടെ ന്യായവിധി നിർവഹിക്കപ്പെടുമ്പോൾ സംരക്ഷിക്കപ്പെടുന്നതിനു യോഗ്യരെന്നു തിരിച്ചറിയിക്കുന്ന ഒരു പ്രതീകാത്മക മുദ്ര അവർക്കു നെറ്റിയിൽ ലഭിക്കുന്നു.—യെഹെസ്കേൽ 9:1-7.
11. ഭൂമിയുടെമേൽ ആധിപത്യം ഏറ്റെടുക്കാൻ ദൈവരാജ്യം വരുന്നതുവരെ ഭരണം നടത്തുന്നതിനുള്ള അനുവാദം മാനുഷ ഗവൺമെൻറുകൾക്കു നൽകുന്നതാര്?
11 ക്രിസ്തുവിന്റെ സ്വർഗീയ രാജ്യം ഭൂമിയുടെ ഭരണാധിപത്യം പൂർണമായും ഏറ്റെടുക്കുന്നതുവരെ ഭരണം നടത്താൻ ദൈവം മാനുഷ ഗവൺമെൻറുകളെ അനുവദിക്കുന്നു. രാഷ്ട്രങ്ങൾ നിലനിൽക്കാൻ ദൈവം അനുവദിക്കുന്നുവെന്നത് പ്രൊഫസർ ഓസ്കാർ കുൾമാൻ ദ സ്റ്റേറ്റ് ഇൻ ദ ന്യൂ ടെസ്റ്റമെൻറ് എന്ന തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: “ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ മനോഭാവം രാഷ്ട്രത്തോടു പൊരുത്തമുള്ളതായിരിക്കാതെ, അതിനു പ്രതികൂലമായി കാണപ്പെടുന്നതിനു കാരണം രാഷ്ട്രത്തിന്റെ ‘താത്കാലിക’ സ്വഭാവം സംബന്ധിച്ച സങ്കീർണമായ ധാരണയാണ്. അങ്ങനെ കാണപ്പെടുന്നതാണെന്നു ഞാൻ ഊന്നിപ്പറയുകയാണ്. ‘ഓരോരുത്തനും അധികാരങ്ങൾക്കു കീഴടങ്ങിയിരിക്കട്ടെ . . .’ എന്നു പറയുന്ന റോമർ 13:1-ഉം രാഷ്ട്രത്തെ അഗാധത്തിൽനിന്നുള്ള മൃഗമായി പറയുന്ന വെളിപ്പാടു 13-ഉം നാം സൂചിപ്പിക്കുകയേ വേണ്ടൂ.”
“മൃഗ”വും ‘കൈസറും’
12. യഹോവയുടെ സാക്ഷികൾക്കു മാനുഷ ഗവൺമെൻറുകളെക്കുറിച്ച് സമനിലയുള്ള എന്തു വീക്ഷണമാണുള്ളത്?
12 ഗവൺമെൻറ് അധികാരത്തിലുള്ള എല്ലാവരും സാത്താന്റെ ചട്ടുകങ്ങളാണെന്നു നിഗമനം ചെയ്യുന്നത് ശരിയല്ല. ബൈബിളിൽ “ബുദ്ധിമാനായ” എന്നു വിശേഷിപ്പിച്ചിരിക്കുന്ന ദേശാധിപതിയായ സെർഗ്ഗ്യൊസ് പൌലൊസിനെപ്പോലുള്ള അനേകം തത്ത്വമതികളുണ്ട്. (പ്രവൃത്തികൾ 13:7) യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിവില്ലാതിരുന്നിട്ടും ദൈവദത്ത മനസ്സാക്ഷിയുടെ പ്രേരണയാൽ ചില ഭരണാധിപന്മാർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധൈര്യപൂർവം സംരക്ഷിച്ചിട്ടുണ്ട്. (റോമർ 2:14, 15) ദൈവം സ്നേഹിക്കുന്നതും നാം സ്നേഹിക്കേണ്ടതുമായ മനുഷ്യവർഗലോകം, സാത്താൻ ദൈവമായിരിക്കുന്നതും നാം വിട്ടൊഴിഞ്ഞിരിക്കേണ്ടതും യഹോവയിൽനിന്ന് അന്യപ്പെട്ടിരിക്കുന്നതുമായ മനുഷ്യവർഗലോകം എന്നീ വിരുദ്ധമായ രണ്ടു വിധങ്ങളിൽ ബൈബിൾ “ലോകം” എന്ന പദം ഉപയോഗിക്കുന്നുവെന്നോർക്കുക. (യോഹന്നാൻ 1:9, 10; 17:14; 2 കൊരിന്ത്യർ 4:4; യാക്കോബ് 4:4) അങ്ങനെ, യഹോവയുടെ ദാസന്മാർക്കു മാനുഷ ഭരണങ്ങളുടെനേരേ സമനിലയുള്ള ഒരു മനോഭാവമുണ്ട്. ദൈവരാജ്യത്തിന്റെ സ്ഥാനപതികളോ സന്ദേശവാഹകരോ ആയി സേവിക്കുന്നതുകൊണ്ടും നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിച്ചിരിക്കുന്നതുകൊണ്ടും നാം രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നു. (2 കൊരിന്ത്യർ 5:20) അതേസമയം, അധികാരസ്ഥർക്കു മനസ്സാക്ഷിപൂർവകമായി കീഴ്പെടുകയും ചെയ്യുന്നു.
13. (എ) യഹോവ മാനുഷ ഗവൺമെൻറുകളെ വീക്ഷിക്കുന്നതെങ്ങനെ? (ബി) മാനുഷ ഗവൺമെൻറുകളോടു ക്രിസ്ത്യാനികൾക്ക് എത്രത്തോളം കീഴ്പെടലാകാം?
13 സമനിലയുള്ള ഈ സമീപനം യഹോവയാം ദൈവത്തിന്റെ വീക്ഷണംതന്നെയാണു പ്രതിഫലിപ്പിക്കുന്നത്. ലോകശക്തികളോ കൊച്ചുരാഷ്ട്രങ്ങളോ അധികാരദുർവിനിയോഗം നടത്തുകയോ ആളുകളെ അടിച്ചമർത്തുകയോ ദൈവത്തെ ആരാധിക്കുന്നവരെ പീഡിപ്പിക്കുകയോ ചെയ്യുമ്പോൾ, ക്രൂരമൃഗങ്ങളാണെന്ന പ്രാവചനിക വിവരണത്തോട് അവർ തീർച്ചയായും ഒത്തുവരുന്നു. (ദാനീയേൽ 7:19-21; വെളിപ്പാടു 11:7) എന്നിരുന്നാലും, ദേശീയ ഗവൺമെൻറുകൾ നീതിയോടെ നിയമവാഴ്ച നടപ്പാക്കുകയെന്ന ദൈവോദ്ദേശ്യം നിർവഹിക്കുമ്പോൾ, അവൻ അവരെ “ശുശ്രൂഷകന്മാ”രായി കരുതുന്നു. (റോമർ 13:6) തന്റെ ജനം മാനുഷ ഗവൺമെൻറുകളെ ആദരിക്കണമെന്നും അവർക്ക് കീഴ്പെട്ടിരിക്കണമെന്നും യഹോവ പ്രതീക്ഷിക്കുന്നു, എന്നാൽ അവരുടെ കീഴ്പെടലിനു പരിധിയുണ്ട്. ദൈവനിയമം വിലക്കുന്ന സംഗതികൾ ചെയ്യാൻ മനുഷ്യർ ദൈവദാസരോട് ആവശ്യപ്പെടുമ്പോൾ, അല്ലെങ്കിൽ ദൈവം ആവശ്യപ്പെടുന്ന സംഗതികൾ ചെയ്യുന്നതിൽനിന്ന് അവരെ വിലക്കുമ്പോൾ, ദൈവദാസന്മാർ അപ്പോസ്തലന്മാരുടെ നിലപാടു പിൻപറ്റുന്നു, അതായത്: “ഞങ്ങൾ മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.”—പ്രവൃത്തികൾ 5:29, NW.
14. മാനുഷ ഗവൺമെൻറുകളോടുള്ള ക്രിസ്തീയ കീഴ്പെടൽ യേശു വിശദീകരിക്കുന്നതെങ്ങനെ, പൗലൊസ് വിശദീകരിക്കുന്നതെങ്ങനെ?
14 “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന് യേശു പ്രഖ്യാപിച്ചപ്പോൾ, ഗവൺമെൻറിനോടും ദൈവത്തോടും തന്റെ അനുഗാമികൾക്കു കടമകൾ ഉണ്ടായിരിക്കുമെന്നു യേശു പറഞ്ഞു. (മത്തായി 22:21) നിശ്വസ്തതയിൽ പൗലൊസ് അപ്പോസ്തലൻ എഴുതി: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. . . . നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു.” (റോമർ 13:1, 4-6) പൊ.യു. ഒന്നാം നൂറ്റാണ്ടുമുതൽ ഇന്നുവരെയും, ക്രിസ്ത്യാനികൾക്കു രാഷ്ട്രത്തിന്റെ നിബന്ധനകൾ പരിഗണിക്കേണ്ടിവന്നിട്ടുണ്ട്. ആ നിബന്ധനകൾ നിറവേറ്റുന്നത് തങ്ങളുടെ ആരാധനയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ കലാശിക്കുമോ, അത്തരം നിബന്ധനകൾ നിയമാനുസൃതമാണോ, അവ മനസ്സാക്ഷിപൂർവം നിറവേറ്റാനാകുമോ എന്നെല്ലാം അവർക്കു വിവേചിക്കേണ്ടിവന്നിട്ടുണ്ട്.
മനസ്സാക്ഷിബോധമുള്ള പൗരന്മാർ
15. തങ്ങൾ കൈസർക്കു കടപ്പെട്ടിരിക്കുന്നത് യഹോവയുടെ സാക്ഷികൾ മനസ്സാക്ഷിപൂർവം കൊടുക്കുന്നതെങ്ങനെ?
15 ദൈവാംഗീകാരമുള്ള പ്രവൃത്തികൾ ചെയ്യുമ്പോൾ രാഷ്ട്രീയ “ശ്രേഷ്ഠാധികാരികൾ” ദൈവത്തിന്റെ ശുശ്രൂഷകനാണ്. “ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി” അധികാരം പ്രയോഗിക്കുന്നത് അതിലൊന്നാണ്. (1 പത്രൊസ് 2:13, 14) നികുതിയുടെ കാര്യത്തിൽ കൈസർ നിയമാനുസൃതം ആവശ്യപ്പെടുന്നത് യഹോവയുടെ ദാസന്മാർ മനസ്സാക്ഷിപൂർവം കൊടുക്കുന്നു. കൂടാതെ ബൈബിൾ-പരിശീലിത മനസ്സാക്ഷി അനുവദിക്കുന്നിടത്തോളം അവർ “വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരി”ക്കുകയും ‘സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരി’ക്കുകയും ചെയ്യുന്നു. (തീത്തൊസ് 3:1) ദുരന്തങ്ങൾക്കിരയായവരെ സഹായിക്കുന്നത് “സൽപ്രവൃത്തി”യിൽ ഉൾപ്പെടുന്നു. ഈ സ്ഥിതിവിശേഷങ്ങളിൽ യഹോവയുടെ സാക്ഷികൾ സഹമനുഷ്യരോടു പ്രകടിപ്പിച്ചിട്ടുള്ള ദയാവായ്പുകളെ അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.—ഗലാത്യർ 6:10.
16. യഹോവയുടെ സാക്ഷികൾ ഗവൺമെൻറുകൾക്കും സഹമനുഷ്യർക്കും മനസ്സാക്ഷിപൂർവം എന്തു സത്പ്രവൃത്തികൾ ചെയ്യുന്നു?
16 യഹോവയുടെ സാക്ഷികൾ സഹമനുഷ്യരെ സ്നേഹിക്കുകയും നീതിനിഷ്ഠമായ “പുതിയ ആകാശ”വും “പുതിയ ഭൂമി”യും കൊണ്ടുവരാനുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടാൻ അവരെ സഹായിക്കുന്നതാണ് തങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും നല്ല സത്പ്രവൃത്തിയെന്നു വിചാരിക്കുകയും ചെയ്യുന്നു. (2 പത്രൊസ് 3:13) ബൈബിളിന്റെ ഉയർന്ന ധാർമിക തത്ത്വങ്ങൾ പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനാൽ, അനേകരെ ദുഷ്കൃത്യങ്ങളിലകപ്പെടാതെ കാക്കുന്നതിനാൽ അവർ മനുഷ്യസമുദായത്തിന് ഒരു മുതൽക്കൂട്ടാണ്. യഹോവയുടെ ദാസന്മാർ നിയമാനുവർത്തികളും മന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും ന്യായാധിപന്മാരെയും നഗരാധികാരികളെയും ആദരിക്കുന്നവരുമാണ്. ‘മാനം കാണിക്കേണ്ടവരോട്’ അവർ മാനം കാണിക്കുന്നു. (റോമർ 13:7) സാക്ഷികളായ മാതാപിതാക്കൾ അധ്യാപകരോടു സന്തോഷപൂർവം സഹകരിക്കുകയും നന്നായി പഠിക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു, അങ്ങനെ പിന്നീട് ഇവർ സമൂഹത്തിന് ഒരു ഭാരമാകാതെ അഹോവൃത്തിക്കു വക തേടാൻ പ്രാപ്തരായിത്തീരുന്നു. (1 തെസ്സലൊനീക്യർ 4:11, 12) സഭയ്ക്കകത്താണെങ്കിലോ, സാക്ഷികൾ വർഗീയ മുൻവിധിയും വർഗവ്യത്യാസവും പ്രകടിപ്പിക്കുന്നില്ലെന്നുമാത്രമല്ല, കുടുംബജീവിതം ബലിഷ്ഠമാക്കുന്നതിന് അവർ വലിയ പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 10:34, 35; കൊലൊസ്സ്യർ 3:18-21) അതുകൊണ്ട് തങ്ങൾ കുടുംബവിരോധികളോ സമുദായത്തിനു പ്രയോജനമില്ലാത്തവരോ ആണെന്നുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അവർ പ്രവൃത്തിയിലൂടെ പ്രകടമാക്കുന്നു. അങ്ങനെ, പത്രൊസ് അപ്പോസ്തലന്റെ വാക്കുകൾ സത്യമാണെന്നു തെളിയുന്നു: “നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.”—1 പത്രൊസ് 2:15.
17. ക്രിസ്ത്യാനികൾക്കെങ്ങനെ “പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറാ”നാകും?
17 അങ്ങനെ ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ലെ”ങ്കിലും, അവരിപ്പോഴും മനുഷ്യസമുദായ ലോകത്തിൽത്തന്നെയാണ്. അവർ തുടർന്നും “പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാ”റേണ്ടവരാണ്. (യോഹന്നാൻ 17:16; കൊലൊസ്സ്യർ 4:5, NW) യഹോവ ശ്രേഷ്ഠാധികാരങ്ങളെ തന്റെ ശുശ്രൂഷകനായി പ്രവർത്തിക്കാൻ അനുവദിക്കുന്നിടത്തോളംകാലം നാം അവരോട് ഉചിതമായ ആദരവ് പ്രകടിപ്പിക്കും. (റോമർ 13:1-4) രാഷ്ട്രീയത്തിൽ നിഷ്പക്ഷരായി നിലകൊള്ളുകയാണെങ്കിലും, നാം “രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും”വേണ്ടി പ്രാർഥിക്കുന്നു, വിശേഷിച്ചും അവർ നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്ന ഘട്ടങ്ങളിൽ. ‘സകലമനുഷ്യരും രക്ഷപ്രാപിക്കാൻ സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു’ നാമതു തുടർന്നും ചെയ്തുകൊണ്ടിരിക്കും.—1 തിമൊഥെയൊസ് 2:1-4.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 35-ാം അധ്യായം കാണുക.
പുനരവലോകന ചോദ്യങ്ങൾ
□ ക്രിസ്ത്യാനികൾ ഭാഗമായിരിക്കുന്ന “ലോകം” ഏത്, എന്നാൽ അവർ ഭാഗമായിരിക്കരുതാത്ത “ലോകം” ഏത്?
□ ഒരു വ്യക്തിയുടെ കയ്യിലോ നെറ്റിയിലോ ഉള്ള “മൃഗ”ത്തിന്റെ “മുദ്ര”യുടെ പ്രതീകാത്മക അർഥമെന്ത്, യഹോവയുടെ വിശ്വസ്ത ദാസർക്ക് എന്തു മുദ്രയാണുള്ളത്?
□ സത്യക്രിസ്ത്യാനികൾക്കു മാനുഷ ഗവൺമെൻറുകളോടു സമനിലയുള്ള എന്തു വീക്ഷണമാണുള്ളത്?
□ യഹോവയുടെ സാക്ഷികൾ മനുഷ്യസമുദായത്തിന്റെ ക്ഷേമത്തിന് ഏതെല്ലാം വിധങ്ങളിൽ സംഭാവന ചെയ്യുന്നു?
[16-ാം പേജിലെ ചിത്രങ്ങൾ]
ബൈബിൾ മാനുഷ ഗവൺമെൻറിനെ ദൈവശുശ്രൂഷകനായും കാട്ടുമൃഗമായും തിരിച്ചറിയിക്കുന്നു
[17-ാം പേജിലെ ചിത്രം]
മറ്റുള്ളവരോടു സ്നേഹപുരസ്സരമായ താത്പര്യം പ്രകടമാക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾ സമുദായത്തിന് ഒരു മുതൽക്കൂട്ടാണ്