“ചെറിയവൻ ശക്തമായൊരു ജനത”യായിത്തീരുന്നത് ഞാൻ കണ്ടു
വില്യം ഡിങ്മാൻ പറഞ്ഞപ്രകാരം
വർഷം 1936; സ്ഥലം യു.എസ്.എ-യിലെ ഒറിഗൊണിലുള്ള സേലം. ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കുകയായിരുന്നു. “മഹാപുരുഷാരം എവിടെ?” ഒരു ചോദ്യമുയർന്നു. (വെളിപ്പാടു 7:9) ഞാൻ മാത്രമായിരുന്നു പുതിയ ആൾ. അതുകൊണ്ട് അവരെല്ലാം എന്റെനേരേ കൈചൂണ്ടി പറഞ്ഞു, “അതാ, അവിടെയിരിക്കുന്നു!”
ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുക എന്ന ബൈബിൾ പ്രത്യാശയുള്ള താരതമ്യേന ചുരുക്കം ചിലരേ 1930-കളുടെ മധ്യത്തിൽ യഹോവയുടെ സാക്ഷികളുടെയിടയിൽ ഉണ്ടായിരുന്നുള്ളൂ. (സങ്കീർത്തനം 37:29; ലൂക്കൊസ് 23:43) അന്നുമുതൽ കാര്യങ്ങൾക്ക് നാടകീയമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. എന്നാൽ, ഒറിഗൊണിലെ സേലത്തുള്ള ആ യോഗത്തിൽ ഞാൻ ഹാജരാകുന്നതിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചു പറയട്ടെ.
എന്റെ പിതാവ് സുവർണയുഗത്തിന്റെ വരിക്കാരനായിരുന്നു, ഉണരുക! മാസികയുടെ ആദ്യകാലത്തെ പേരായിരുന്നു അത്. ഞാൻ കൗമാര പ്രായത്തിലായിരുന്നപ്പോൾ, അതിന്റെ വായന ആസ്വദിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ബൈബിൾ സത്യം അടങ്ങിയിട്ടുണ്ടെന്ന് എനിക്കു ബോധ്യമായി. അതുകൊണ്ട് സുവർണയുഗത്തിന്റെ പിൻപേജിൽ പ്രത്യക്ഷപ്പെട്ട ഒരു കൂപ്പൺ ഞാൻ ഒരിക്കൽ അയച്ചുകൊടുത്തു. അത് വായനക്കാരന് 20 ചെറുപുസ്തകങ്ങളും ഒരു പുസ്തകവും യഹോവയുടെ സാക്ഷികളുടെ ഏറ്റവും അടുത്തുള്ള സഭയുടെ പേരും വാഗ്ദാനം ചെയ്തു. സാഹിത്യം കിട്ടിക്കഴിഞ്ഞപ്പോൾ ഞാൻ വീടുതോറും പോയി എല്ലാ ചെറുപുസ്തകങ്ങളും പുസ്തകവും സമർപ്പിച്ചു.
ആ സമയത്ത് എന്നോടൊപ്പം ആരും ബൈബിൾ പഠിച്ചിട്ടുണ്ടായിരുന്നില്ല. ഒരു യഹോവയുടെ സാക്ഷിയുമായി ഞാൻ ഒരിക്കലും സംസാരിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ, ഏറ്റവുമടുത്തുള്ള രാജ്യഹാളിന്റെ മേൽവിലാസവും കയ്യിൽപ്പിടിച്ച് യോഗത്തിൽ ഹാജരാകാനായി ഒറിഗൊണിലെ സേലത്തേയ്ക്കു ഞാൻ ഏകദേശം 40 കിലോമീറ്റർ വാഹനമോടിച്ചു പോയി. അവിടെവെച്ചായിരുന്നു എന്നെ “മഹാപുരുഷാര”മെന്ന നിലയിൽ വേർതിരിച്ചുകാണിച്ചത്, അന്നെനിക്കു 18 വയസ്സ്.
ശുശ്രൂഷയ്ക്കായി യാതൊരു പ്രായോഗിക തയ്യാറെടുപ്പും ഇല്ലായിരുന്നെങ്കിലും സേലം സഭയോടൊത്തു ഞാൻ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. സാക്ഷീകരണത്തിൽ മൂന്ന് അടിസ്ഥാന ആശയങ്ങൾ ഉൾപ്പെടുത്താൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഒന്നാമത്, യഹോവ ദൈവമാകുന്നു; രണ്ടാമത്, യേശുക്രിസ്തു അവന്റെ നിയമിത രാജാവാണ്; മൂന്നാമത്, ലോകത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യമാണ്. എല്ലാ വീടുകളിലും ആ സന്ദേശം പങ്കുവെക്കാൻ ഞാൻ ശ്രമിച്ചു.
സേലത്തുള്ള യഹോവയുടെ സാക്ഷികളുമായി രണ്ടുവർഷം സഹവസിച്ചശേഷം 1938 ഏപ്രിൽ 3-ന് ഞാൻ സ്നാപനമേറ്റു. “മഹാപുരുഷാര”ത്തിൽപ്പെട്ട ഞങ്ങളിലനേകർ സ്നാപനമേൽക്കുന്നതു കണ്ട് സേലത്തെ സാക്ഷികൾ പുളകിതരായി. 1939 ഫെബ്രുവരിയിൽ ഞാൻ ഒരു പയനിയർ അതായത് മുഴുസമയ ശുശ്രൂഷകൻ ആയി. ആ വർഷം ഡിസംബറിൽ, രാജ്യഘോഷകരുടെ വലിയ ആവശ്യമുണ്ടായിരുന്ന അരിസോണയിലേക്കു പോകാനുള്ള ക്ഷണം ഞാൻ സ്വീകരിച്ചു.
അരിസോണയിലെ പയനിയറിങ്
യഹോവയുടെ സാക്ഷികളുടെ വേല അരിസോണയിൽ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. അതുകൊണ്ട്, ഐക്യനാടുകൾ രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിച്ചപ്പോൾ ഞങ്ങൾ വല്ലാതെ പീഡിപ്പിക്കപ്പെട്ടു. ദൃഷ്ടാന്തത്തിന് 1942-ൽ, ഞാൻ അരിസോണയിലെ സ്റ്റാഫൊർഡിൽ സേവിക്കുമ്പോൾ, ഞങ്ങൾക്കെതിരെ മോർമൻ സഭക്കാരായ ഒരുകൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിടാൻ പോകുന്നതായി വാർത്തപരന്നു. സന്ദർഭവശാൽ, ഞാനും എന്റെ പയനിയർ സഹകാരികളും താമസിച്ചിരുന്നത് ഞങ്ങളെ ആദരിച്ചിരുന്ന ഒരു മോർമൻ ബിഷപ്പിന്റെ വീടിനടുത്തായിരുന്നു. അദ്ദേഹം പറഞ്ഞു: “മോർമൻ മിഷനറിമാർ സാക്ഷികളെപ്പോലെ പ്രവർത്തനനിരതരായിരുന്നെങ്കിൽ മോർമൻ സഭ എത്രമാത്രം വളരുമായിരുന്നു.” അതുകൊണ്ട് പള്ളിയിൽ അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞു: “സാക്ഷികളായ ചെറുപ്പക്കാർക്കെതിരെ ജനക്കൂട്ടം ആക്രമണം അഴിച്ചുവിടാൻ പോകുന്നെന്നു ഞാൻ കേൾക്കുന്നു. ഞാൻ ആ ചെറുപ്പക്കാരുടെ അയൽപക്കത്താണ് താമസിക്കുന്നത്. അങ്ങനെയൊന്നുണ്ടായാൽ വേലിക്കപ്പുറത്തുനിന്നു ഞാൻ എന്റെ കൈത്തോക്കു ചൂണ്ടും. എന്നാൽ, കൈത്തോക്ക് ഉപയോഗിക്കുന്നതു സാക്ഷികൾക്കെതിരെയായിരിക്കില്ല, ഗുണ്ടകൾക്കെതിരെയായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരു ആക്രമണത്തിനു മുതിരുന്നെങ്കിൽ എന്തുപ്രതീക്ഷിക്കാമെന്ന് അറിഞ്ഞുകൊൾക.” ജനക്കൂട്ടം ഒരിക്കലും ആക്രമിക്കാൻ വന്നില്ല.
ഞാൻ അരിസോണയിലായിരുന്ന മൂന്നുവർഷത്തിനിടയിൽ, ഞങ്ങളെ അനേക തവണ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഒരിക്കൽ 30 ദിവസത്തേക്ക് എന്നെ ജയിലിൽ പാർപ്പിച്ചു. ശുശ്രൂഷയിൽ പൊലീസിന്റെ ശല്യം ഒഴിവാക്കുന്നതിന് പറക്കും സംഘം എന്ന പേരിൽ ഞങ്ങളൊരു ക്രമീകരണമുണ്ടാക്കി. അതിന്റെ മേൽനോട്ടംവഹിച്ച സാക്ഷി ഞങ്ങളോടു പറഞ്ഞു: “നമ്മുടെ പേരുപോലെതന്നെ ആയിരിക്കും നമ്മുടെ പ്രവർത്തനവും. രാവിലെ അഞ്ചിനോ ആറിനോ നാം പ്രവർത്തനമാരംഭിക്കും, എല്ലാ വീട്ടുവാതിൽക്കലും ഒരു ലഘുലേഖയോ ചെറുപുസ്തകമോ ഇടും, എന്നിട്ട് അവിടെനിന്നു പറപറക്കും.” ഞങ്ങളുടെ “പറക്കും സംഘം” അരിസോണ സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗം പ്രവർത്തിച്ചു തീർത്തു. എന്നാൽ, താത്പര്യക്കാർക്കു സഹായം നൽകാൻ അത്തരം പ്രസംഗരീതി ഞങ്ങളെ അനുവദിക്കാഞ്ഞതിനാൽ ഒടുവിൽ അതു നിർത്തലാക്കി.
ഗിലെയാദ് സ്കൂളും പ്രത്യേക സേവനവും
1942 ഡിസംബറിൽ, യഹോവയുടെ സാക്ഷികൾ രൂപംകൊടുത്തുകൊണ്ടിരുന്ന ഒരു പുതിയ മിഷനറി സ്കൂളിലേക്കു ക്ഷണക്കത്തു ലഭിച്ച അരിസോണയിലെ പല പയനിയർമാരിൽ ഞാനും ഉണ്ടായിരുന്നു. വാച്ച്ടവർ ഗിലെയാദ് ബൈബിൾ കോളെജ് എന്നായിരുന്നു ആ സ്കൂൾ ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് പേര് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ എന്നാക്കിമാറ്റി. സ്കൂൾ സ്ഥിതിചെയ്തിരുന്നത് ഏതാണ്ട് 4,800 കിലോമീറ്റർ അകലെ ഉത്തര ന്യൂയോർക്കിലെ ഇതൈക്ക നഗരത്തിനടുത്തായിരുന്നു.
1943 ജനുവരിയിൽ ഒറിഗൊണിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തിയശേഷം പയനിയർമാരായ ഞങ്ങൾ പലരും ഗ്രേഹോണ്ഡ് ബസിൽ യാത്രയായി. അങ്ങനെ, അരിസോണാ മരുഭൂമിയിലെ ചൂടിൽനിന്നു രക്ഷപ്പെട്ടു. പലദിവസങ്ങൾക്കു ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനത്ത്, ഉത്തര ന്യൂയോർക്കിൽ എത്തിച്ചേർന്നു. അവിടെ ശീതകാല തുഷാരമാണു ഞങ്ങളെ എതിരേറ്റത്. 1943 ഫെബ്രുവരി 1-ന് സ്കൂൾ തുറന്നു, അതിന്റെ പ്രസിഡൻറ് നാഥൻ എച്ച്. നോർ വിദ്യാർഥികളായ നൂറുപേരോട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു: “നിങ്ങളെ നിയമിത ശുശ്രൂഷകരെന്ന നിലയിൽ സജ്ജരാക്കുക അല്ല ഈ കോളെജിന്റെ ഉദ്ദേശ്യം. നിങ്ങൾ ഇപ്പോൾത്തന്നെ ശുശ്രൂഷകരാണ്, വർഷങ്ങളായി ശുശ്രൂഷയിൽ പ്രവർത്തനനിരതരുമാണ്. . . . നിങ്ങൾ പോകുന്ന പ്രദേശങ്ങളിൽ കൂടുതൽ യോഗ്യരായ ശുശ്രൂഷകരായിരിക്കാൻ നിങ്ങളെ ഒരുക്കുകയാണ് ഈ കോളെജിലെ പാഠ്യപദ്ധതിയുടെ ഏക ഉദ്ദേശ്യം.”
എന്റെ ലൗകിക വിദ്യാഭ്യാസം പരിമിതമായിരുന്നതിനാൽ ഗിലെയാദ് പഠനം എനിക്ക് ആദ്യം ആയാസകരമായിരുന്നു. എന്നാൽ അധ്യാപകർ എന്നോടു സഹാനുഭൂതിയുള്ളവരായിരുന്നു, ഞാൻ പഠനം വളരെയേറെ ആസ്വദിച്ചുതുടങ്ങി. ഞങ്ങളുടെ ക്ലാസ്സ് അഞ്ചുമാസത്തെ സമഗ്രപരിശീലനത്തിനുശേഷം ബിരുദം നേടി. അതെത്തുടർന്ന്, ഞങ്ങളിൽ ചിലരെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്ക് അയച്ചു. സർക്കിട്ട് മേൽവിചാരകന്മാരെന്നനിലയിൽ സഞ്ചാരവേലയിൽ സേവിക്കുന്നതിനു ഞങ്ങളെ സജ്ജരാക്കാനായി അവിടെവെച്ചു കൂടുതലായ പരിശീലനം നൽകി. ഉത്തര-ദക്ഷിണ കരോലിനയിലായിരുന്നു എന്റെ ആദ്യ നിയമനം.
അന്നൊക്കെ, സർക്കിട്ട് മേൽവിചാരകൻ മിക്കവാറും തുടർച്ചയായി യാത്രചെയ്തുകൊണ്ടിരുന്നു. ചെറിയ സഭയോടൊപ്പം ഞങ്ങൾ ഒരു ദിവസം താമസിക്കുമായിരുന്നു, സഭ വലുതാണെങ്കിൽ രണ്ടുദിവസവും. അന്നു മിക്ക സഭകളും ചെറുതായിരുന്നു. പകൽ മുഴുവൻ സേവനത്തിൽ ചെലവഴിച്ച്, ഒട്ടുമിക്കപ്പോഴും സന്ദർശനങ്ങൾ നടത്തിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും പാതിരാത്രിവരെ സമയം ചെലവഴിച്ചശേഷം, അടുത്ത സഭയിലേക്കു യാത്ര ചെയ്യാനായി രാവിലെ ഏകദേശം അഞ്ചുമണിയോടെ ഞാൻ ഉണരുമായിരുന്നു. ഏതാണ്ട് ഒരു വർഷം ഞാൻ സർക്കിട്ട് വേല ചെയ്തു. അതിനുശേഷം കുറെക്കാലം ടെനസിയിലും ന്യൂയോർക്കിലും പയനിയറിങ് നടത്തി.
ക്യൂബയിലേക്കും അവിടെനിന്ന് പോർട്ടോറിക്കോയിലേക്കും
1945 മേയിൽ എന്നെ മറ്റനേകരോടൊപ്പം എന്റെ ആദ്യത്തെ വിദേശ മിഷനറി സേവനത്തിന് ക്യൂബയിലേക്കയച്ചു! ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ എത്തിച്ചേർന്ന ആ വൈകുന്നേരംതന്നെ ഞങ്ങൾ മാസികാ വേലയ്ക്കു പോയി. സാന്താ ക്ലാരയിൽ ഒരു വീട് തരപ്പെടുത്താൻ കഴിയുന്നതുവരെ ഞങ്ങൾ ഹവാനയിൽ താമസിച്ചു. ഭക്ഷണവും വാടകയും ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കുമായി ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ചിരുന്ന പ്രതിമാസ അലവൻസ് വെറും 25 ഡോളറായിരുന്നു. ലഭ്യമായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് ഞങ്ങൾ കട്ടിലുകളും ഫർണീച്ചറുകളും നിർമിക്കുകയും ആപ്പിൾ പെട്ടികൾ അലമാരകളായി ഉപയോഗിക്കുകയും ചെയ്തു.
തുടർന്നുവന്ന വർഷം എന്നെ സർക്കിട്ട് വേലയ്ക്കു നിയമിച്ചു. അന്നു ക്യൂബ മുഴുവനും ഒരു സർക്കിട്ടായിരുന്നു. എനിക്കു മുമ്പുണ്ടായിരുന്ന സർക്കിട്ട് മേൽവിചാരകനു നടക്കുന്നത് വളരെയേറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ കാലുകൾക്കു നല്ല നീളമുണ്ടായിരുന്നതിനാൽ അദ്ദേഹത്തോടൊപ്പം എത്താൻ സഹോദരീസഹോദരന്മാർ അക്ഷരാർഥത്തിൽ ഓടണമായിരുന്നു. വ്യക്തമായും, ഞാനും അതുപോലെതന്നെ ആയിരിക്കുമെന്നു കരുതി എന്റെ സന്ദർശനത്തിനായി അവർ കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തിരുന്നു. ഒരേ ദിവസംതന്നെ അവർ എല്ലാവരും ശുശ്രൂഷക്കിറങ്ങിയില്ല, മറിച്ച് കൂട്ടങ്ങളായി തിരിഞ്ഞ് ഊഴമനുസരിച്ച് എന്റെകൂടെ ശുശ്രൂഷയിൽ ഏർപ്പെട്ടു. ആദ്യ ദിവസം ഒരു കൂട്ടം എന്നെ ഒരു വിദൂര പ്രദേശത്തു കൊണ്ടുപോയി; അടുത്ത ദിവസം മറ്റൊരു കൂട്ടം അതുപോലുള്ള മറ്റൊരു പ്രദേശത്തു കൊണ്ടുപോയി, അങ്ങനെ ഓരോ കൂട്ടവും വ്യത്യസ്ത പ്രദേശങ്ങളിലേക്ക് എന്നെ കൊണ്ടുപോയി. സന്ദർശനം അവസാനിച്ചപ്പോഴേക്കും ഞാൻ ക്ഷീണിച്ചവശനായി, എങ്കിലും ഞാനത് ആസ്വദിച്ചു. ആ സഭയെക്കുറിച്ച് എനിക്ക് മധുരസ്മരണകളുണ്ട്.
1950-ഓടെ ക്യൂബയിൽ 7,000-ത്തിലധികം പ്രസാധകരുണ്ടായിരുന്നു, ഏതാണ്ട് മെക്സിക്കോയിലുണ്ടായിരുന്ന അത്രയും. ഞാൻ ആ വർഷം ജൂലൈയിൽ ന്യൂയോർക്ക് നഗരത്തിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന ദിവ്യാധിപത്യ വർധന സാർവദേശീയ കൺവെൻഷനു സംബന്ധിച്ചു. അതെത്തുടർന്ന് പോർട്ടോറിക്കോയിലേക്ക് എനിക്കു പുതിയൊരു മിഷനറി നിയമനം ലഭിച്ചു. അങ്ങോട്ടുള്ള വിമാനത്തിൽ എന്നോടൊപ്പം 12-ാമതു ഗിലെയാദ് ക്ലാസ്സിൽനിന്നുള്ള പുതിയ മിഷനറിമാരായ എസ്റ്റൽ വിക്ലിയും തെൽമ വിക്ലിയും ഉണ്ടായിരുന്നു.
എട്ട് വർഷം കഴിഞ്ഞ്, പോർട്ടോറിക്കോയിലെ ബയമോണിൽ നടന്ന ഞങ്ങളുടെ സർക്കിട്ട് സമ്മേളനത്തിന്റെ ഇടവേളയിൽ ആ പ്ലാററ്ഫാറത്തിൽവെച്ചു നടത്തിയ ഒരു ലളിതമായ ചടങ്ങിൽ ഞാനും എസ്റ്റലും വിവാഹിതരായി. ഞങ്ങളുടെ വിവാഹത്തിനു മുമ്പും അതിനു ശേഷവും ഞാൻ സർക്കിട്ട് വേലയിൽ സേവിച്ചു. പത്തിലധികം വർഷം ഞങ്ങൾ പോർട്ടോറിക്കോയിൽ ഉണ്ടായിരുന്നു. ആ കാലത്ത് ഞാനും എസ്റ്റലും വലിയ വർധനവ്, 500-ൽ താഴെയായിരുന്ന പ്രസാധകർ 2,000-ത്തിലധികമായി വർധിക്കുന്നതു കണ്ടു. സമർപ്പിച്ചു സ്നാപനമേൽക്കുന്ന ഘട്ടത്തോളമെത്താൻ അനേകരെ സഹായിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അനേകം പുതിയ സഭകൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾ പങ്കുകൊണ്ടു.
ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്നുള്ള മിൽട്ടൺ ഹെൻഷൽ 1960 ഡിസംബറിൽ പോർട്ടോറിക്കോ സന്ദർശിച്ച് മിഷനറിമാരോടു സംസാരിച്ചു. ഒരു വ്യത്യസ്ത നിയമനത്തിനുവേണ്ടി ചിലർക്കെങ്കിലും സ്വയം ലഭ്യമാക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. സ്വമനസ്സാലെ തയ്യാറായവരിൽ ഞാനും എസ്റ്റലും ഉണ്ടായിരുന്നു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഞങ്ങളുടെ ഭവനം
ഞങ്ങളുടെ പുതിയ നിയമനം ഡൊമിനിക്കൻ റിപ്പബ്ലിക്കിലായിരുന്നു. 1961 ജൂൺ 1-നു സ്ഥലംമാറാൻ ഞങ്ങൾ നിശ്ചയിച്ചു. മേയ് 30-ന് ഡൊമിനിക്കൻ സ്വേച്ഛാധിപതിയായിരുന്ന റാഫെൽ ട്രുഹിയോ വധിക്കപ്പെട്ടു. അതോടെ അങ്ങോട്ടുള്ള വിമാനങ്ങൾ റദ്ദാക്കി. എന്നിരുന്നാലും വിമാന സർവീസ് പെട്ടെന്നുതന്നെ പുനഃരാരംഭിച്ചു. പദ്ധതിയിട്ടിരുന്നതുപോലെ തന്നെ ജൂൺ 1-ന് ഞങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കു പറന്നു.
ഞങ്ങൾ എത്തിയപ്പോൾ രാജ്യം ഒരു പ്രക്ഷോഭാവസ്ഥയിലായിരുന്നു, പട്ടാളം ഏതാണ്ട് പൂർണമായും പ്രവർത്തനനിരതവുമായിരുന്നു. ഒരു വിപ്ലവമുണ്ടാകുമെന്നു ഭയപ്പെട്ടിരുന്നു. ഹൈവേയിലുണ്ടായിരുന്ന എല്ലാവരെയും പട്ടാളക്കാർ പരിശോധിക്കുകയായിരുന്നു. നിരവധി പരിശോധനാസ്ഥലങ്ങളിൽ ഞങ്ങളെ തടഞ്ഞുനിർത്തി, എല്ലായിടത്തും ഞങ്ങളുടെ ലഗേജു പരിശോധിച്ചു. ഞങ്ങളുടെ പെട്ടിയിൽനിന്ന് എല്ലാം, ഏറ്റവും ചെറിയ സാധനങ്ങൾപോലും പുറത്തെടുത്തു പരിശോധിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഞങ്ങളുടെ ആദ്യ അനുഭവം അതായിരുന്നു.
ലാ റൊമാനയിലെ ഞങ്ങളുടെ ആദ്യ നിയമനത്തിനു പോകുന്നതിനുമുമ്പ് ആഴ്ചകളോളം ഞങ്ങൾ തലസ്ഥാനമായ സാന്റോ ഡോമിങ്കോയിൽ താമസിച്ചു. യഹോവയുടെ സാക്ഷികൾ കമ്മ്യുണിസ്റ്റുകാരാണെന്നും ഏറ്റവും മോശമായ ആളുകളാണെന്നും ട്രുഹിയോയുടെ സ്വേച്ഛാധിപത്യ ഭരണകാലത്തു ജനങ്ങളോടു പറഞ്ഞിരുന്നു. തത്ഫലമായി സാക്ഷികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ക്രമേണ ആ മുൻവിധി തകർക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.
ലാ റൊമാനയിൽ അൽപ്പകാലം പ്രവർത്തിച്ച ശേഷം ഞങ്ങൾ വീണ്ടും സർക്കിട്ട് വേലയിൽ സേവിക്കാൻ തുടങ്ങി. പിന്നീട്, 1964-ൽ സാൻറിയാഗോ നഗരത്തിൽ ഞങ്ങളെ മിഷനറിമാരായി നിയമിച്ചു. പിറ്റേ വർഷം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒരു വിപ്ലവമുണ്ടായിട്ട് രാജ്യം ഒരിക്കൽക്കൂടെ പ്രക്ഷുബ്ധാവസ്ഥയിലായി. ആ സംഘട്ടനത്തിന്റെ സമയത്ത് ഞങ്ങളെ, രാഷ്ട്രീയജ്വരത്തിനു പേരുകേട്ട സാൻ ഫ്രാൻസിസ്കോ ദെ മാകോറിസ് പട്ടണത്തിലേക്കു സ്ഥലം മാറ്റി. എന്നിരുന്നാലും, അനാവശ്യമായ ഇടപെടലൊന്നുമില്ലാതെ ഞങ്ങൾ സ്വതന്ത്രമായി പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ ഉണ്ടായിരുന്നിട്ടും ഞങ്ങൾ ഒരു പുതിയ സഭ രൂപീകരിക്കുകപോലും ചെയ്തു. തുടർന്നുവന്ന വർഷങ്ങളിൽ, സാൻറിയാഗോയിലുള്ള ഇപ്പോഴത്തെ താമസസ്ഥലത്തേക്കു ഞങ്ങളെ പുനർനിയമിക്കുന്നതിനുമുമ്പ് കൂടുതലായ നിയമനമാറ്റങ്ങളുണ്ടായി.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രവർത്തനത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഞങ്ങൾ തീർച്ചയായും കണ്ടിരിക്കുന്നു. 1961-ൽ ഞങ്ങൾ ഇവിടെ എത്തിച്ചേർന്നപ്പോൾ ഏകദേശം 600 സാക്ഷികളും 20 സഭകളും ഉണ്ടായിരുന്നു. ഇപ്പോൾ 300-ലധികം സഭകളിലായി ഏതാണ്ട് 20,000 പ്രസാധകർ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നു. ഭാവി വർധനവിനുള്ള സാധ്യതകൾ വളരെ വലുതാണ്. 1996-ൽ, ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് 69,908 പേർ ഹാജരായത് അതാണ് വ്യക്തമാക്കുന്നത്. അത് പ്രസാധകരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നര ഇരട്ടിയാണ്!
ഇപ്പോൾ ഒരു ശക്തമായ ജനത
ലോകരംഗം അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നെങ്കിലും യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന ബൈബിൾ സന്ദേശം മാറ്റമില്ലാതെ തുടരുന്നു. (1 കൊരിന്ത്യർ 7:31) യഹോവ ഇപ്പോഴും ദൈവമാണ്, ക്രിസ്തു ഇപ്പോഴും രാജാവാണ്, ദൈവരാജ്യം മുമ്പെന്നത്തെക്കാളും പ്രകടമായ വിധത്തിൽ ലോകത്തിന്റെ ഏക പ്രത്യാശയുമാണ്.
അതേസമയം, ഞാൻ ഏതാണ്ട് 60 വർഷം മുമ്പ് ഒറിഗൊണിലെ സേലത്ത് ആ യോഗത്തിൽ പങ്കെടുത്തതുമുതൽ യഹോവയുടെ ജനത്തിനിടയിൽ അതിശയകരമായ പരിവർത്തനം സംഭവിച്ചിട്ടുണ്ട്. മഹാപുരുഷാരം സത്യമായും ഒരു മഹാജനത ആയിത്തീർന്നിരിക്കുന്നു—50 ലക്ഷത്തിലധികം. അത് തന്റെ ജനത്തെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെയാണ്: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും [“ശക്തമായൊരു ജനതയും,” NW] ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായിനിവർത്തിക്കും.”—യെശയ്യാവു 60:22.
ഏതാണ്ട് 60 വർഷത്തെ മുഴുസമയ ശുശ്രൂഷയ്ക്കു ശേഷം ഇപ്പോഴും മിഷനറി നിയമനത്തിൽ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ആ വേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നതും “ചെറിയവൻ ശക്തമായൊരു ജനത”യായിത്തീരുന്നതു കാണാൻ കഴിയുന്നതും എന്തൊരു മഹത്തായ പദവിയാണ്!
[21-ാം പേജിലെ ചിത്രം]
ഭാര്യയോടൊപ്പം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ