“എപ്പിക്കൂര്യ”രെ സൂക്ഷിക്കുക
“നല്ലയാൾ! ഉയർന്ന ധാർമിക നിലവാരങ്ങളുള്ളയാൾ.പുകവലിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ അശ്ലീലം പറയുകയോ ഇല്ല.വാസ്തവത്തിൽ, ക്രിസ്ത്യാനികളെന്നു പറയുന്ന ചിലരെക്കാളും നല്ലവൻ!”
തങ്ങൾ വളർത്തിയെടുക്കുന്ന അനുചിത സൗഹൃദങ്ങളെ ന്യായീകരിക്കാനായി ചിലർ ഇത്തരം ന്യായവാദങ്ങൾ ഉപയോഗിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ? തിരുവെഴുത്തുപരമായി പരിശോധിക്കുമ്പോൾ അതിൽ കഴമ്പുണ്ടോ? ഇക്കാര്യത്തിലേക്കു വെളിച്ചം വീശുന്നതാണ് ആദിമ ക്രിസ്തീയ സഭയിൽനിന്നുള്ള ഒരു ദൃഷ്ടാന്തം.
ഒന്നാം നൂറ്റാണ്ടിൽ, പൗലൊസ് അപ്പോസ്തലൻ കൊരിന്ത്യ സഭയ്ക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “വഴിതെററിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” ഒരുപക്ഷേ എപ്പിക്കൂര്യരുടേത് ഉൾപ്പെടെയുള്ള ഗ്രീക്കു തത്ത്വചിന്തയ്ക്കു വശംവദരായ വ്യക്തികളുമൊത്തു ചില ക്രിസ്ത്യാനികൾ അടുത്തു സഹവസിച്ചിരുന്നിരിക്കാം. എപ്പിക്കൂര്യർ ആരായിരുന്നു? അവരെന്തിനു കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് ആത്മീയ ഭീഷണിയാകണം? നാം സൂക്ഷിക്കേണ്ട അത്തരക്കാർ ഇന്നുണ്ടോ?—1 കൊരിന്ത്യർ 15:33, NW.
എപ്പിക്കൂര്യർ ആരായിരുന്നു?
പൊ.യു.മു. 341 മുതൽ 270 വരെ ജീവിച്ചിരുന്ന ഗ്രീക്കു തത്ത്വചിന്തകനായിരുന്ന എപ്പിക്കൂറസിന്റെ അനുഗാമികളായിരുന്നു എപ്പിക്കൂര്യർ. ജീവിതത്തിലെ ഏക, അല്ലെങ്കിൽ മുഖ്യ നന്മയാണു സുഖം എന്ന് അദ്ദേഹം പഠിപ്പിച്ചു. അതിനർഥം എപ്പിക്കൂര്യർ തത്ത്വദീക്ഷയില്ലാതെ, നിരന്തരം സുഖംതേടി മ്ലേച്ഛ നടപടികളിലേർപ്പെട്ട് നിന്ദ്യമായി ജീവിച്ചിരുന്നവരാണെന്നാണോ? അത്തരം ജീവിതം നയിക്കാൻ എപ്പിക്കൂറസ് തന്റെ അനുഗാമികളെ പഠിപ്പിച്ചില്ലെന്നത് അതിശയകരംതന്നെ! മറിച്ച്, ഏറ്റവും കൂടുതൽ സുഖം ലഭിക്കുന്നത് വിവേകത്തിനും ധൈര്യത്തിനും ആത്മനിയന്ത്രണത്തിനും നീതിക്കും ചേർച്ചയിൽ ജീവിക്കുന്നതിലൂടെയാണെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. തത്ക്ഷണ, താത്കാലിക സുഖമല്ല, ജീവിതത്തിലുടനീളം നിലനിൽക്കുന്ന സുഖം തേടാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ, കൊടിയ പാപങ്ങൾ ചെയ്യുന്നവരുമായുള്ള താരതമ്യത്തിൽ എപ്പിക്കൂര്യർ നല്ലവരായി കാണപ്പെട്ടിരിക്കാം.—തീത്തൊസ് 1:12 താരതമ്യം ചെയ്യുക.
ക്രിസ്ത്യാനിത്വത്തോടു സാമ്യമുള്ളതോ?
നിങ്ങൾ ആദിമ കൊരിന്ത്യ സഭയിലെ ഒരംഗമായിരുന്നെങ്കിൽ, എപ്പിക്കൂര്യരെക്കുറിച്ചു നിങ്ങൾക്കു മതിപ്പു തോന്നുമായിരുന്നോ? എപ്പിക്കൂര്യർക്കുണ്ടെന്നു തോന്നിയ ഉന്നത മൂല്യങ്ങൾ ഹേതുവായി അവർ ക്രിസ്ത്യാനികൾക്കു കൊള്ളാവുന്ന സഹകാരികളാണെന്ന് ചിലർ വാദിച്ചിരിക്കാം. തുടർന്നുള്ള യുക്തിചിന്തയിൽ, എപ്പിക്കൂര്യൻ നിലവാരങ്ങളും ദൈവവചന നിലവാരങ്ങളും സാമ്യമുള്ളതാണെന്നു കൊരിന്ത്യർക്കു തോന്നിയിരിക്കാം.
ഉദാഹരണത്തിന്, എപ്പിക്കൂര്യർ സുഖാന്വേഷണത്തിൽ മിതത്വം പാലിച്ചിരുന്നു, അവർ ശാരീരിക സുഖത്തെക്കാൾ പ്രാധാന്യം മനഃസുഖത്തിനു കൽപ്പിച്ചിരുന്നു. ഒരു വ്യക്തി എന്തു ഭക്ഷിക്കുന്നുവെന്നതിനല്ല, മറിച്ച് ആരോടൊപ്പം ഭക്ഷിക്കുന്നുവെന്നതിനായിരുന്നു പ്രാധാന്യം. എപ്പിക്കൂര്യർ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നും രഹസ്യതെറ്റുകളിൽനിന്നും വിട്ടകന്നുനിന്നിരുന്നു. “അവരും ഏറെക്കുറെ നമ്മെപ്പോലെതന്നെ!” എന്നു ധരിക്കുന്നത് എത്ര എളുപ്പമായിരുന്നു.
എന്നാൽ എപ്പിക്കൂര്യർ ശരിക്കും ആദിമ ക്രിസ്ത്യാനികളെപ്പോലെയായിരുന്നോ? തീർച്ചയായുമല്ല. ശരിയായ പരിശീലനം ലഭിച്ച ഗ്രഹണപ്രാപ്തികളുള്ളവർക്ക് കാര്യമായ വ്യത്യാസങ്ങൾ കണ്ടുപിടിക്കാനാകുമായിരുന്നു. (എബ്രായർ 5:14) നിങ്ങൾക്കോ? എപ്പിക്കൂറസിന്റെ പഠിപ്പിക്കലുകൾ നമുക്കൊന്ന് അടുത്തു പരിശോധിക്കാം.
എപ്പിക്കൂര്യവാദത്തിന്റെ ഇരുണ്ടവശം
ദേവന്മാരെയും മരണത്തെയും കുറിച്ചുള്ള ഭയം മറികടക്കാൻ ആളുകളെ സഹായിക്കുന്നതിനുവേണ്ടി, ദൈവങ്ങൾക്കു മനുഷ്യരിൽ ഒരു താത്പര്യവുമില്ലെന്നും മനുഷ്യരുടെ കാര്യങ്ങളിൽ അവർ ഇടപെടുന്നില്ലെന്നും എപ്പിക്കൂറസ് പഠിപ്പിച്ചു. പ്രപഞ്ചം ദേവന്മാരുടെ സൃഷ്ടിയല്ലെന്നും ജീവൻ യാദൃച്ഛികമായി അസ്തിത്വത്തിൽ വന്നതാണെന്നും എപ്പിക്കൂറസ് പറഞ്ഞു. വ്യക്തമായും ഇതു സ്രഷ്ടാവായ “ഏകദൈവമേ”യുള്ളുവെന്നും അവൻ തന്റെ മനുഷ്യ സൃഷ്ടികൾക്കായി കരുതുന്നുവെന്നുമുള്ള ബൈബിൾ പഠിപ്പിക്കലിനു നേർവിപരീതമല്ലേ?—1 കൊരിന്ത്യർ 8:6; എഫെസ്യർ 4:6; 1 പത്രൊസ് 5:6, 7.
മരണാനന്തര ജീവിതം ഇല്ലായിരിക്കാമെന്നും എപ്പിക്കൂറസ് പഠിപ്പിച്ചു. തീർച്ചയായും, ഇതും ബൈബിളിന്റെ പുനരുത്ഥാന പഠിപ്പിക്കലിന് എതിരായിരുന്നു. വാസ്തവത്തിൽ, പൗലൊസ് അപ്പോസ്തലൻ അരയോപഗസിൽ പ്രസംഗിച്ചപ്പോൾ, പുനരുത്ഥാന പഠിപ്പിക്കലിൽ വിയോജിപ്പു പ്രകടിപ്പിച്ചവരിൽ എപ്പിക്കൂര്യരും ഉണ്ടായിരുന്നിരിക്കാം.—പ്രവൃത്തികൾ 17:18, 31, 32; 1 കൊരിന്ത്യർ 15:12-14.
എപ്പിക്കൂറസിന്റെ തത്ത്വശാസ്ത്രത്തിലെ ഏറ്റവും അപകടകരമായ ഘടകം ഏറ്റവും കുടിലവുമായിരുന്നു. മരണാനന്തര ജീവിതം ഇല്ലെന്ന അദ്ദേഹത്തിന്റെ ധാരണ മനുഷ്യൻ ഭൂമിയിലെ ഈ ഹ്രസ്വകാലഘട്ടത്തിനിടയിൽ കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കണമെന്ന നിഗമനത്തിൽ അദ്ദേഹത്തെ എത്തിച്ചു. നാം കണ്ടതുപോലെ, അദ്ദേഹത്തിന്റെ ആശയം അവശ്യം പാപം ചെയ്തുകൊണ്ടു ജീവിക്കാമെന്നല്ല, മറിച്ച് നമുക്ക് ആകെയുള്ളത് ഇപ്പോഴത്തെ ജീവിതമായതിനാൽ വർത്തമാനകാലം ആസ്വദിച്ചുതീർക്കുക എന്നതായിരുന്നു.
രഹസ്യതെറ്റുകൾ കണ്ടുപിടിക്കപ്പെടുമെന്ന ഭയം ഒരുവന്റെ ഇപ്പോഴത്തെ സന്തുഷ്ടിയെ തീർച്ചയായും കെടുത്തുമെന്നതിനാൽ, അവ ഒഴിവാക്കാൻ എപ്പിക്കൂറസ് പ്രോത്സാഹിപ്പിച്ചു. ഇപ്പോഴത്തെ സന്തുഷ്ടിക്ക് ഒരു പ്രതിബന്ധമായ അമിതത്വത്തിന്റെ ഭവിഷ്യത്തുകൾ ഒഴിവാക്കുന്നതിനായി അദ്ദേഹം മിതത്വം പ്രോത്സാഹിപ്പിച്ചു. മറ്റുള്ളവരുമായുള്ള നല്ല ബന്ധം തിരികെ പ്രയോജനം ചെയ്യുമെന്നതിനാൽ അദ്ദേഹം അതിനും ഊന്നൽ നൽകി. തീർച്ചയായും, രഹസ്യതെറ്റുകൾ ഒഴിവാക്കുന്നതും മിതത്വം പാലിക്കുന്നതും സൗഹൃദം വളർത്തിയെടുക്കുന്നതും പ്രശംസനീയ പ്രവൃത്തികളാണ്. അപ്പോൾപ്പിന്നെ എപ്പിക്കൂറസിന്റെ തത്ത്വചിന്ത ക്രിസ്ത്യാനിക്ക് അപകടമായിരുന്നതെന്തുകൊണ്ട്? എന്തെന്നാൽ അദ്ദേഹത്തിന്റെ ഉപദേശം “നാം തിന്നുക, കുടിക്ക നാളെ ചാകുമല്ലോ” എന്ന വിശ്വാസരഹിത വീക്ഷണത്തിൽ അധിഷ്ഠിതമായിരുന്നു.—1 കൊരിന്ത്യർ 15:32.
ഇപ്പോൾ സന്തോഷത്തോടെ ജീവിക്കേണ്ടതെങ്ങനെയെന്നു ബൈബിൾ കാണിച്ചുതരുന്നുവെന്നത് സത്യംതന്നെ. എന്നിരുന്നാലും, അതിങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 21) ബൈബിൾ മുന്തിയ പ്രാധാന്യം കൊടുക്കുന്നത് ക്ഷണികമായ വർത്തമാനകാലത്തിനല്ല, ശാശ്വത ഭാവിക്കാണ്. ഒരു ക്രിസ്ത്യാനിയുടെ മുഖ്യതാത്പര്യം ദൈവത്തെ സേവിക്കുന്നതിലാണ്, ദൈവത്തെ ഒന്നാം സ്ഥാനത്തുവെക്കുമ്പോഴാണ് അവൻ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നത്. സമാനമായ വിധത്തിൽ, സ്വന്തം കാര്യങ്ങളിൽ മുഴുകുന്നതിനുപകരം, യഹോവയെ സേവിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനുമായി യേശു തന്റെ ഊർജം നിസ്വാർഥമായി ചെലവിട്ടു. തിരികെ ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെയല്ല, മറിച്ച് മറ്റുള്ളവരോടുള്ള യഥാർഥ സ്നേഹത്തെപ്രതി അവർക്കു നന്മ ചെയ്യാൻ അവൻ ശിഷ്യന്മാരെ പഠിപ്പിച്ചു. വ്യക്തമായും, എപ്പിക്കൂര്യവാദത്തിന്റെയും ക്രിസ്ത്യാനിത്വത്തിന്റെയും അടിസ്ഥാന പ്രചോദനങ്ങൾ തികച്ചും വ്യത്യസ്തങ്ങളായിരുന്നു.—മർക്കൊസ് 12:28-31; ലൂക്കൊസ് 6:32-36; ഗലാത്യർ 5:14; ഫിലിപ്പിയർ 2:2-4.
കുടിലമായ അപകടസാധ്യത
വൈരുധ്യമെന്നു പറയട്ടെ, സന്തോഷവാന്മാരായിരിക്കുന്നതിന് എപ്പിക്കൂര്യർ കാര്യമായി ശ്രമിച്ചിട്ടും, എത്ര നല്ല പരിസ്ഥിതിയിലും അവർക്കു പരിമിത സന്തോഷമേ ലഭിച്ചുള്ളൂ. “യഹോവയിങ്കലെ സന്തോഷം” ഇല്ലാതിരുന്നതിനാൽ, ജീവിതത്തെ എപ്പിക്കൂറസ് “കയ്പുള്ള സമ്മാനം” എന്നാണു വിശേഷിപ്പിച്ചത്. (നെഹെമ്യാവു 8:10) ഇക്കൂട്ടരുമായുള്ള താരതമ്യത്തിൽ ആദിമ ക്രിസ്ത്യാനികൾ എത്ര സന്തുഷ്ടരായിരുന്നു! അവശ്യ സംഗതികൾ ത്യജിച്ചുകൊണ്ടുള്ള അസന്തുഷ്ട ജീവിതം നയിക്കാനായിരുന്നില്ല യേശു ശുപാർശ ചെയ്തത്. വാസ്തവത്തിൽ, ഏറ്റവും വലിയ സന്തുഷ്ടിക്കുള്ള മാർഗംതന്നെ അവന്റെ ഗതി പിൻപറ്റുന്നതാണ്.—മത്തായി 5:3-12.
എപ്പിക്കൂര്യ ചിന്താഗതിയാൽ സ്വാധീനിക്കപ്പെട്ടവരുമൊത്തു സഹവസിച്ചതുകൊണ്ടു വിശ്വാസത്തിനു കുഴപ്പമൊന്നും വരില്ലെന്ന് കൊരിന്തിലെ ചില സഭാംഗങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ ആ വിശ്വാസം തെറ്റായിരുന്നു. പൗലൊസ് കൊരിന്ത്യർക്കു തന്റെ ആദ്യ ലേഖനം എഴുതിയ സമയത്ത്, അവരിൽ ചിലർക്ക് അതിനോടകംതന്നെ പുനരുത്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടിരുന്നു.—1 കൊരിന്ത്യർ 15:12-19.
എപ്പിക്കൂര്യവാദം ഇന്ന്?
പൊ.യു. നാലാം നൂറ്റാണ്ടിൽ എപ്പിക്കൂര്യവാദം അപ്രത്യക്ഷമായെങ്കിലും, വർത്തമാനകാല ജീവിതം ആസ്വദിച്ചുതീർക്കണമെന്ന സമാനമായ വീക്ഷണം വെച്ചുപുലർത്തുന്നവർ ഇന്നുമുണ്ട്. അനന്തമായ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ ഇക്കൂട്ടർക്കു കാര്യമായ വിശ്വാസമില്ല, അല്ലെങ്കിൽ ഒട്ടുംതന്നെ വിശ്വാസമില്ല. എന്നാൽ, നടത്തയുടെ കാര്യത്തിൽ അവരിൽ ചിലർ താരതമ്യേന ഉയർന്ന നിലവാരം പുലർത്തുന്നവരാണ്.
അത്തരക്കാരുടെ നല്ല ഗുണങ്ങൾ സൗഹൃദത്തെ ന്യായീകരിക്കുന്നെന്നു വിചാരിച്ച് അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ഒരു ക്രിസ്ത്യാനിക്കു പ്രലോഭനമുണ്ടായേക്കാം. എന്നിരുന്നാലും, നമ്മെത്തന്നെ ശ്രേഷ്ഠരായി കരുതുന്നില്ലെങ്കിലും കൂടുതൽ കുടിലമായി സ്വാധീനിക്കാൻ സാധിക്കുന്നവരുൾപ്പെടെയുള്ള “മോശ”മായ എല്ലാ ‘സഹവാസങ്ങളും പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു’വെന്നു നാമോർക്കണം.
വർത്തമാനകാല ജീവിതം ആസ്വദിച്ചുതീർക്കണമെന്ന തത്ത്വചിന്ത ചില ബിസിനസ് സെമിനാറുകൾ, സ്വാശ്രയ പുസ്തകങ്ങൾ, നോവലുകൾ, ചലച്ചിത്രങ്ങൾ, ടിവി പരിപാടികൾ, സംഗീതം എന്നിവയിലെല്ലാം അപ്രതീക്ഷിതമായി പൊന്തിവരാറുണ്ട്. പാപകരമായ നടത്തയെ നേരിട്ടു പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും, ഈ വിശ്വാസരഹിത വീക്ഷണത്തിനു നമ്മെ കുടിലമായ വിധത്തിൽ സ്വാധീനിക്കാനാകുമോ? ഉദാഹരണത്തിന്, യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദം മറന്നുപോകാൻതക്കവണ്ണം നാം സ്വന്തം തൃപ്തി ലക്ഷ്യമിട്ട് അതിന്റെ അനുധാവനത്തിൽ മുഴുകുമോ? “കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവ”രാകുന്നതിനുപകരം കുറഞ്ഞ പ്രവർത്തനത്തിന്റേതായ ഒരു ഗതി നാം സ്വീകരിക്കുമോ? അല്ലെങ്കിൽ യഹോവയുടെ നിലവാരങ്ങൾ ശരിയാണോ, പ്രയോജനപ്രദമാണോ എന്നൊക്കെയുള്ള സംശയവുമായി നാം തെറ്റായ ഗതിയിലായിപ്പോകുമോ? കടുത്ത അധാർമികതയും അക്രമവും ആത്മവിദ്യയുമായി സമ്പർക്കത്തിൽ വരുന്നതിനെതിരെയും ലൗകിക വീക്ഷണങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നവർക്കെതിരെയും നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.—1 കൊരിന്ത്യർ 15:58; കൊലൊസ്സ്യർ 2:8.
അതുകൊണ്ട് മുഖ്യമായും, യഹോവയുടെ മാർഗനിർദേശം മുഴുഹൃദയത്തോടെ പിൻപറ്റുന്നവരുമായി നമുക്കു സഹവാസം വളർത്തിയെടുക്കാം. (യെശയ്യാവു 48:17) തത്ഫലമായി, പ്രയോജനപ്രദമായ നമ്മുടെ ശീലങ്ങൾ ബലിഷ്ഠമാക്കപ്പെടും. വിശ്വാസം ശക്തമാക്കപ്പെടും. നിത്യജീവന്റെ പ്രത്യാശ മുറുകെപ്പിടിച്ചുകൊണ്ട് നമുക്കിപ്പോൾമാത്രമല്ല ഭാവിയിലും സന്തോഷത്തോടെ ജീവിക്കാനാകും.—സങ്കീർത്തനം 26:4, 5; സദൃശവാക്യങ്ങൾ 13:20.
[24-ാം പേജിലെ ചിത്രം]
ദൈവങ്ങൾക്കു മനുഷ്യരിൽ ഒരു താത്പര്യവുമില്ലെന്ന് എപ്പിക്കൂറസ് പഠിപ്പിച്ചു
[കടപ്പാട]
Courtesy of The British Museum