നീതിനിഷ്ഠമായ ലോകം—ഒരു സ്വപ്നമല്ല!
“ഭൂമിയിൽ മനുഷ്യൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ് നീതി” എന്ന് അമേരിക്കൻ രാജ്യതന്ത്രജ്ഞനായ ഡാനിയൽ വെബ്സ്റ്റെർ അഭിപ്രായപ്പെട്ടു. “യഹോവ ന്യായപ്രിയനാകുന്നു” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (സങ്കീർത്തനം 37:28) ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യമാനുഷ ദമ്പതികൾക്കു നീതിബോധം ഉൾപ്പെടെയുള്ള ദൈവിക ഗുണങ്ങൾ ഉണ്ടായിരുന്നു.—ഉല്പത്തി 1:26, 27.
“ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യു”ന്നതിനെക്കുറിച്ചും തിരുവെഴുത്തുകൾ പറയുന്നു. അങ്ങനെ, “അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.” (റോമർ 2:14, 15) അതേ, മനുഷ്യർക്ക് മനസ്സാക്ഷിയുടെ പ്രാപ്തി—ശരിയും തെറ്റും സംബന്ധിച്ച ഒരു ആന്തരികബോധം—നൽകപ്പെട്ടിരിക്കുന്നു. വ്യക്തമായും, നീതി ലഭിക്കണമെന്നത് മനുഷ്യന്റെ സ്വതഃസിദ്ധ ആഗ്രഹമാണ്.
സന്തുഷ്ടിക്കുവേണ്ടിയുള്ള മാനുഷ വാഞ്ഛ നീതിയുടെ ആവശ്യകതയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. എന്തെന്നാൽ സങ്കീർത്തനം 106:3 ഉദ്ഘോഷിക്കുന്നു: “ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ [“സന്തുഷ്ടർ” NW].” എന്നാൽ, നീതിനിഷ്ഠമായ ഒരു ലോകം ഉളവാക്കാൻ മനുഷ്യനു സാധിക്കാത്തതെന്തുകൊണ്ടാണ്?
മനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
നീതിനിഷ്ഠമായ ഒരു ലോകം നേടിയെടുക്കുന്നതിലെ പരാജയത്തിന്റെ ഒരടിസ്ഥാന കാരണം നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിൽനിന്നും ഹവ്വായിൽനിന്നും നമുക്ക് പാരമ്പര്യമായി ലഭിച്ച കളങ്കമാണ്. ബൈബിൾ വിശദീകരിക്കുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ആ കളങ്കം പാപമാണ്. കളങ്കരഹിതരായി സൃഷ്ടിക്കപ്പെട്ടെങ്കിലും ആദാമും ഹവ്വായും ദൈവത്തിനെതിരെ മത്സരിക്കാൻ തീരുമാനിക്കുകയും അങ്ങനെ തങ്ങളെത്തന്നെ പാപികളാക്കുകയും ചെയ്തു. (ഉല്പത്തി 2:16, 17; 3:1-6) തന്നിമിത്തം, അവർ തങ്ങളുടെ കുട്ടികൾക്ക് അവകാശമായി നൽകിയതു പാപപൂർണമായ, തെറ്റായ പ്രവണതകളാണ്.
അത്യാഗ്രഹവും മുൻവിധിയും പോലുള്ള വ്യക്തിത്വ സ്വഭാവങ്ങൾ പാപപൂർണമായ പ്രവണതകളുടെ പ്രവർത്തനഫലമല്ലേ? ഈ പ്രവണതകൾ ലോകത്ത് അനീതിക്ക് ആക്കംകൂട്ടുന്നില്ലേ? എന്തിന്, മനഃപൂർവമായ പാരിസ്ഥിതിക ദുരുപയോഗത്തിന്റെയും സാമ്പത്തിക അടിച്ചമർത്തലിന്റെയും അടിസ്ഥാനംതന്നെ അത്യാഗ്രഹമാണ്! വംശീയ പോരാട്ടത്തിന്റെയും വർഗീയ അനീതികളുടെയും പിന്നിൽ തീർച്ചയായും മുൻവിധിയാണുള്ളത്. മോഷ്ടിക്കാനും ചതിക്കാനും മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിൽ പ്രവർത്തിക്കാനും അത്തരം പ്രവണതകൾ ആളുകളെ പ്രേരിപ്പിക്കുന്നു.
നീതി നടപ്പാക്കാനും നന്മ ചെയ്യാനുമുള്ള ഉത്തമ പ്രേരണയാൽ നടത്തുന്ന ശ്രമങ്ങൾപോലും മിക്കപ്പോഴും പരാജയപ്പെടുന്നത് നമ്മുടെ പാപപൂർണമായ പ്രവണതകൾ നിമിത്തമാണ്. അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.” ആ പോരാട്ടത്തെ അവൻ തുടർന്ന് ഇങ്ങനെ വിശദീകരിക്കുന്നു: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമർ 7:19-23) ഇന്ന് അതേ പോരാട്ടംതന്നെ നമുക്കുമുണ്ടായിരിക്കാം. അതുകൊണ്ടാണ് ഇത്ര കൂടെക്കൂടെ അനീതികൾ സംഭവിക്കുന്നത്.
മാനുഷ ഭരണരീതിയും ലോകത്ത് അനീതിക്കു വളമിട്ടിട്ടുണ്ട്. എല്ലാ രാജ്യത്തും നിയമങ്ങളും അതു നടപ്പാക്കുന്നവരും ഉണ്ട്. തീർച്ചയായും, ന്യായാധിപന്മാരും കോടതികളുമുണ്ട്. തത്ത്വമതികളായ ചിലയാളുകൾ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്താനും ശ്രമിച്ചിട്ടുണ്ടെന്നുള്ളതു നിസ്തർക്കമാണ്. എന്നിട്ടും, അവരുടെ മിക്ക ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്? അവരുടെ പരാജയത്തിൽ ഉൾപ്പെട്ടിരുന്ന വ്യത്യസ്ത ഘടകങ്ങളെ സംക്ഷേപിച്ചുകൊണ്ട് യിരെമ്യാവു 10:23 പ്രസ്താവിക്കുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യൻ നീതിനിഷ്ഠവും ന്യായയുക്തവുമായ ഒരു ലോകം സംസ്ഥാപിക്കാൻ തികച്ചും അപ്രാപ്തനാണ്.—സദൃശവാക്യങ്ങൾ 14:12; സഭാപ്രസംഗി 8:9.
നീതിനിഷ്ഠമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള മാനുഷ ശ്രമത്തിനു വലിയൊരു തടസ്സം പിശാചായ സാത്താനാണ്. സാത്താൻ എന്ന മത്സരിയായ ദൂതൻ “കുലപാതക”നും “ഭോഷ്കു പറയുന്നവനു”മാണെന്നും “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു”വെന്നും ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. (യോഹന്നാൻ 8:44; 1 യോഹന്നാൻ 5:19) അപ്പോസ്തലനായ പൗലൊസ് അവനെ “ഈ ലോകത്തിന്റെ ദൈവ”മായി തിരിച്ചറിയിക്കുന്നു. (2 കൊരിന്ത്യർ 4:3, 4) നീതിയെ ദ്വേഷിക്കുന്നവൻ എന്നനിലയിൽ സാത്താൻ ദുഷ്ടതയെ പ്രോത്സാഹിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു. അവൻ ലോകത്തെ നിയന്ത്രിക്കുന്നിടത്തോളം കാലം, എല്ലാത്തരത്തിലുള്ള അനീതികളും അവയുടെ ദുരന്തഫലങ്ങളും മനുഷ്യവർഗത്തെ അടിമപ്പെടുത്തും.
മാനവസമുദായത്തിൽ അനീതി ഒഴിവാക്കാനാകാത്തതാണെന്നാണോ ഇതിന്റെയെല്ലാം അർഥം? നീതിനിഷ്ഠമായ ലോകം വെറുമൊരു സ്വപ്നമാണോ?
നീതിനിഷ്ഠമായ ഒരു ലോകം—എങ്ങനെ?
നീതിനിഷ്ഠമായ ഒരു ലോകത്തിനുവേണ്ടിയുള്ള പ്രതീക്ഷ യാഥാർഥ്യമായിത്തീരുന്നതിന്, മനുഷ്യവർഗം അനീതിയുടെ കാരണങ്ങളെ തുടച്ചുനീക്കാൻ കഴിയുന്ന ഒരു ഉറവിലേക്ക് നോക്കേണ്ടതുണ്ട്. എന്നാൽ പാപത്തെ ഇല്ലായ്മ ചെയ്യാനും സാത്താനെയും അവന്റെ ഭരണാധിപത്യത്തെയും തുടച്ചുനീക്കാനും ആർക്കു കഴിയും? വ്യക്തമായും, ഏതെങ്കിലുമൊരു മനുഷ്യനോ മനുഷ്യസംഘടനയ്ക്കോ അത്തരമൊരു അതിബൃഹത്തായ കൃത്യം ചെയ്യാനാകില്ല. യഹോവയാം ദൈവത്തിനു മാത്രമേ കഴിയൂ! അവനെക്കുറിച്ച് ബൈബിൾ പറയുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:4) മനുഷ്യവർഗം നീതിനിഷ്ഠമായൊരു ലോകത്തിൽ ജീവിതം ആസ്വദിക്കണമെന്ന് ‘ന്യായപ്രിയനായ’ യഹോവ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 37:28.
നീതിനിഷ്ഠമായ ഒരു ലോകം ആനയിക്കാനുള്ള ദൈവത്തിന്റെ ക്രമീകരണത്തെക്കുറിച്ച് അപ്പോസ്തലനായ പത്രൊസ് എഴുതി: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) ഈ ‘പുതിയ ആകാശം’ പുതിയ അക്ഷരീയ ആകാശമല്ല. ദൈവം നമ്മുടെ അക്ഷരീയ ആകാശത്തെ കുറ്റമറ്റതായി നിർമിച്ചു. അത് അവന് മഹത്ത്വം കരേറ്റുകയും ചെയ്യുന്നു. (സങ്കീർത്തനം 8:3; 19:1, 2) ‘പുതിയ ആകാശം’ ഭൂമിയുടെമേലുള്ള ഒരു പുതിയ ഭരണാധിപത്യമാണ്. ഇപ്പോഴത്തെ ‘ആകാശം’ മനുഷ്യനിർമിത ഗവൺമെൻറുകൾ അടങ്ങിയതാണ്. പെട്ടെന്നുതന്നെ അവ, ദൈവത്തിന്റെ അർമഗെദോൻ യുദ്ധത്തിൽ “പുതിയ ആകാശ”ത്തിന്—ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന് അഥവാ ഗവൺമെൻറിന്—വഴിമാറിക്കൊടുക്കും. (വെളിപ്പാടു 16:14-16) ആ രാജ്യത്തിന്റെ രാജാവ് യേശുക്രിസ്തു ആണ്. മാനുഷഭരണാധിപത്യത്തെ സ്ഥിരമായി അവസാനിപ്പിച്ചുകൊണ്ട് ഈ ഗവൺമെൻറ് എന്നേക്കും ഭരണം നടത്തും.—ദാനീയേൽ 2:44.
അപ്പോൾ, “പുതിയ ഭൂമി” എന്താണ്? അതൊരു പുതിയ ഗ്രഹമല്ല, എന്തെന്നാൽ മനുഷ്യനിവാസത്തിന് തികച്ചും അനുയോജ്യമായ വിധത്തിലാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്, അത് എന്നേക്കും നിലനിൽക്കണമെന്നുള്ളത് അവന്റെ അഭീഷ്ടവുമാണ്. (സങ്കീർത്തനം 104:5) “പുതിയ ഭൂമി” ഒരു പുതിയ മനുഷ്യസമുദായത്തെ പരാമർശിക്കുന്നു. (ഉല്പത്തി 11:1; സങ്കീർത്തനം 96:1) തങ്ങളെത്തന്നെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ ഭാഗമാക്കുന്ന ആളുകൾ അടങ്ങിയതാണ് നശിപ്പിക്കപ്പെടുന്ന “ഭൂമി.” (2 പത്രൊസ് 3:7) അതിനു പകരം വരുന്ന “പുതിയ ഭൂമി” ദുഷ്ടതയെ വെറുക്കുന്ന, നീതിയെയും ന്യായത്തെയും സ്നേഹിക്കുന്ന, ദൈവത്തിന്റെ സത്യാരാധകർ അടങ്ങിയതാണ്. (സങ്കീർത്തനം 37:10, 11) അങ്ങനെ, സാത്താന്റെ ലോകം പൊയ്പോയിരിക്കും.
എന്നാൽ സാത്താന്റെ ഭാവിയോ? അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അവൻ [ക്രിസ്തുയേശു] പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു.” (വെളിപ്പാടു 20:1-3) ബന്ധനസ്ഥനായ സാത്താന് മനുഷ്യവർഗത്തിന്മേൽ യാതൊരു സ്വാധീനവും ചെലുത്താനാകില്ല, അഗാധകൂപത്തിലിട്ടിരിക്കുന്ന ഒരുവന്റെ അവസ്ഥയ്ക്കു തുല്യമായിരിക്കും അവന്റെയും അവസ്ഥ. നീതിനിഷ്ഠമായ ഒരു ലോകത്തിന്റെ മുന്നോടികളായിത്തീരുന്ന മനുഷ്യവർഗത്തിന് അത് എന്തൊരാശ്വാസമായിരിക്കും! ആയിരം വർഷത്തിന്റെ അവസാനം സാത്താൻ അസ്തിത്വത്തിൽനിന്ന് ഉന്മൂലനം ചെയ്യപ്പെടും—വെളിപ്പാടു 20:7-10.
പാരമ്പര്യമായി ലഭിച്ച പാപത്തിന്റെ കാര്യമോ? പാപത്തെ ഇല്ലായ്മ ചെയ്യുന്നതിന് യഹോവ ഇപ്പോൾത്തന്നെ ഒരു അടിസ്ഥാനം പ്രദാനം ചെയ്തിട്ടുണ്ട്. ‘മനുഷ്യപുത്രൻ [യേശുക്രിസ്തു] അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ വന്നു.’ (മത്തായി 20:28) “മറുവില” എന്ന പദം തടവുപുള്ളികളെ വിട്ടുകിട്ടുന്നതിന് ആവശ്യമായിരിക്കുന്ന വിലയെ അർഥമാക്കുന്നു. മനുഷ്യവർഗത്തെ വിടുവിക്കുന്നതിനുള്ള മറുവിലയെന്ന നിലയിൽ യേശു തന്റെ പൂർണതയുള്ള മനുഷ്യ ജീവൻ വിലയായി നൽകി.—2 കൊരിന്ത്യർ 5:14; 1 പത്രൊസ് 1:18, 19.
യേശുവിന്റെ മറുവിലയാഗത്തിന് ഇപ്പോൾപ്പോലും നമുക്കു പ്രയോജനം ചെയ്യാൻ കഴിയും. അതിൽ വിശ്വാസമർപ്പിച്ചുകൊണ്ട് നമുക്കു ദൈവമുമ്പാകെ ഒരു ശുദ്ധമായ നില ആസ്വദിക്കാൻ കഴിയും. (പ്രവൃത്തികൾ 10:43; 1 കൊരിന്ത്യർ 6:11) ദൈവരാജ്യ ഭരണത്തിൻ കീഴിൽ, മറുവില മനുഷ്യവർഗത്തിന് പാപത്തിൽനിന്നുള്ള സമ്പൂർണ വിടുതൽ സാധ്യമാക്കും. ദൈവത്തിന്റെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതും ‘ജാതികളുടെ രോഗശാന്തിക്കു ഉതകുന്ന ഇല’കളോടുകൂടിയ പ്രതീകാത്മക ഫലവൃക്ഷങ്ങൾ ഇരുകരയിലുമുള്ളതുമായ ഒരു ആലങ്കാരിക “ജീവജലനദി”യെക്കുറിച്ചു ബൈബിളിലെ അവസാന പുസ്തകം വിവരിക്കുന്നു. (വെളിപ്പാടു 22:1, 2) ബൈബിളിലെ ഈ ചിത്രീകരണം യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗത്തെ പാപത്തിൽനിന്നു വീണ്ടെടുക്കാനുള്ള സ്രഷ്ടാവിന്റെ അത്ഭുതകരമായ കരുതലിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ കരുതലിന്റെ പൂർണമായ ബാധകമാക്കൽ അനുസരണമുള്ള മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കും.
നീതിനിഷ്ഠമായ ലോകത്തിലെ ജീവിതം
രാജ്യഭരണത്തിൻ കീഴിൽ ജീവിതം എങ്ങനെയായിരിക്കുമെന്നു വിചിന്തനം ചെയ്യുക. കുറ്റകൃത്യവും അക്രമവും കഴിഞ്ഞകാല സംഗതികളായിരിക്കും. (സദൃശവാക്യങ്ങൾ 2:21, 22) സാമ്പത്തിക അനീതി പൊയ്പോയിരിക്കും. (സങ്കീർത്തനം 37:6; 72:12, 13; യെശയ്യാവു 65:21-23) സാമൂഹികവും വർഗീയവും ഗോത്രപരവും വംശീയവുമായ വിവേചനത്തിന്റെ സകല കണികകളും തുടച്ചുനീക്കപ്പെടും. (പ്രവൃത്തികൾ 10:34, 35) മേലാൽ യുദ്ധങ്ങളും യുദ്ധായുധങ്ങളും ഉണ്ടായിരിക്കില്ല. (സങ്കീർത്തനം 46:9) മരിച്ച ലക്ഷക്കണക്കിനാളുകൾ അനീതി ഇല്ലാത്ത ഒരു ലോകത്തിൽ ജീവനിലേക്കു തിരികെവരുത്തപ്പെടും. (പ്രവൃത്തികൾ 24:15) എല്ലാവരും പൂർണവും ഓജസ്സുറ്റതുമായ ആരോഗ്യം ആസ്വദിക്കും. (ഇയ്യോബ് 33:25; വെളിപ്പാടു 21:3-5എ) “അവൻ [യേശുക്രിസ്തു] സത്യത്തോടെ ന്യായം” നടപ്പിലാക്കുമെന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു.—യെശയ്യാവു 42:3.
അതിനിടെ, നാം അനീതിക്കിരയായേക്കാം, എന്നാൽ നമുക്ക് തിരിച്ച് ഒരിക്കലും അനീതി പ്രവർത്തിക്കാതിരിക്കാം. (മീഖാ 6:8) അനീതി സഹിക്കേണ്ടിവരുമ്പോഴും നമുക്കു ക്രിയാത്മക മനോഭാവം നിലനിർത്താം. നീതിനിഷ്ഠമായ വാഗ്ദത്ത ലോകം പെട്ടെന്നുതന്നെ ഒരു യാഥാർഥ്യമായിത്തീരും. (2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:11-13) സർവശക്തനായ ദൈവം വാക്കുതന്നിരിക്കുന്നു, അതു ‘നിവർത്തിയേറും.’ (യെശയ്യാവു 55:10, 11) ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നുവെന്ന് പഠിച്ചുകൊണ്ട് നീതിനിഷ്ഠമായ ആ ലോകത്തിലെ ജീവനുവേണ്ടി ഒരുങ്ങുന്നതിനുള്ള സമയം ഇപ്പോഴാണ്.—യോഹന്നാൻ 17:3; 2 തിമൊഥെയൊസ് 3:16, 17.
[7-ാം പേജിലെ ചിത്രം]
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ അനീതിയുടെ എല്ലാ കണികകളും തുടച്ചുനീക്കപ്പെടും