വിജയപ്രദരായ വിദ്യാർഥികളിൽനിന്ന് വിജയപ്രദരായ മിഷനറിമാരിലേക്ക്
“ഞങ്ങൾക്ക് ഈ പദവി ലഭിച്ചിരിക്കുന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല!” വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 103-ാമത്തെ ക്ലാസ്സിലെ വിദ്യാർഥികളെന്ന നിലയിൽ തനിക്കും ഭാര്യ പാറ്റ്സിക്കും ലഭിച്ച പരിശീലനം പൂർത്തിയാക്കിയ ഉടനെ അതിനെ പരാമർശിച്ചുകൊണ്ട് വിൽ അപ്രകാരം ഉദ്ഘോഷിച്ചു. സാഹിദും ജെന്നിയും ആ അഭിപ്രായത്തോടു യോജിച്ചു. “ഇവിടെയായിരിക്കുന്നത് ഒരു പദവിയാണെന്ന് ഞങ്ങൾ കരുതുന്നു,” അവർ പറഞ്ഞു. എല്ലാ വിദ്യാർഥികളും സ്കൂളിൽ നന്നായി പഠിച്ചു. ഇപ്പോൾ, തങ്ങളുടെ മിഷനറിവൃത്തി ആരംഭിക്കാൻ അവർ ആകാംക്ഷയുള്ളവരാണ്. എന്നാൽ അതിനുമുമ്പ് 1997 സെപ്റ്റംബർ 6-ലെ ബിരുദദാന പരിപാടിയിൽവെച്ച് അവർക്ക്, മിഷനറി നിയമനങ്ങളിൽ വിജയിക്കുന്നതിന് സഹായിക്കുന്ന സ്നേഹപൂർവകമായ ബുദ്ധ്യുപദേശങ്ങൾ ലഭിച്ചു.
ഭരണസംഘത്തിലെ ഒരംഗമായ തിയോഡർ ജാരറ്റ്സ് ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. ബെഥേൽ കുടുംബത്തോടും വാച്ച് ടവർ സൊസൈറ്റിയുടെ 48 ബ്രാഞ്ചുകളിൽനിന്നുള്ള പ്രതിനിധികളോടുമൊപ്പം, കാനഡ, യൂറോപ്പ്, പോർട്ടോറിക്കോ, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നുള്ള ബന്ധുമിത്രാദികൾ വിദ്യാർഥികൾക്കു തങ്ങളുടെ പിന്തുണയും സ്നേഹവും ഉറപ്പുനൽകാനായി സന്നിഹിതരായിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവമണ്ഡലത്തിലെ സഭകൾ അയച്ച മിഷനറിമാർ മിക്കപ്പോഴും മിഷനറി പ്രവർത്തനത്തിൽനിന്നു വ്യതിചലിച്ച് പണ്ഡിതോചിത ഉദ്യമങ്ങൾ പിന്തുടരുകയോ രാഷ്ട്രീയത്തിൽ ഉൾപ്പെടുകയോപോലും ചെയ്തിരിക്കുന്നതായി ജാരറ്റ്സ് സഹോദരൻ അഭിപ്രായപ്പെട്ടു. നേരേമറിച്ച് ഗിലെയാദ് ബിരുദധാരികൾ, എന്തു ചെയ്യാൻ തങ്ങൾ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നുവോ അതു ചെയ്യുന്നു. അവർ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നു.
തുടർന്ന്, സൊസൈറ്റിയുടെ ബ്രുക്ലിൻ ഓഫീസിൽനിന്നുള്ള റോബർട്ട് ബട്ട്ലർ “നിങ്ങളുടെ പാത വിജയപ്രദമാക്കുക” എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ആളുകൾ വിജയം അളക്കുന്നത് സാമ്പത്തിക നേട്ടങ്ങളുടെയോ മറ്റ് വ്യക്തിപരമായ നേട്ടങ്ങളുടെയോ അടിസ്ഥാനത്തിലാണെങ്കിലും, ദൈവം വിജയം അളക്കുന്ന വിധമാണ് വാസ്തവത്തിൽ പ്രാധാന്യമർഹിക്കുന്ന സംഗതിയെന്ന് അദ്ദേഹം വിശദീകരിച്ചു. യേശുവിന്റെ ശുശ്രൂഷ വിജയപ്രദമായിരുന്നത്, അവൻ അനേകം മതപരിവർത്തിതരെ ഉളവാക്കിയതുകൊണ്ടല്ല മറിച്ച് തന്റെ നിയമനത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ടാണ്. യേശു യഹോവയ്ക്കു മഹത്ത്വം കരേറ്റുകയും ലോകത്താൽ മലിനപ്പെടാതെ നിലകൊള്ളുകയും ചെയ്തു. (യോഹന്നാൻ 16:33; 17:4) എല്ലാ ക്രിസ്ത്യാനികൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണിവ.
“സകല മനുഷ്യർക്കും ദാസന്മാരായിരിക്കുക,” പൂർവദേശത്ത് മുമ്പൊരു മിഷനറിയായിരുന്ന റോബർട്ട് പെവി ഉപദേശിച്ചു. അപ്പോസ്തലനായ പൗലൊസ് വിജയപ്രദനായൊരു മിഷനറിയായിരുന്നു. എന്തായിരുന്നു അതിന്റെ രഹസ്യം? അവൻ തന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി. (1 കൊരിന്ത്യർ 9:19-23) പ്രസംഗകൻ വിശദീകരിച്ചു: “ആ മനോഭാവമുള്ള ഒരു ഗിലെയാദ് ബിരുദധാരി, മിഷനറി സേവനത്തെ ഒരു പുരോഗമനാത്മക ജീവിതവൃത്തിയായോ സ്ഥാപനത്തിലെ കൂടുതൽ പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയായോ വീക്ഷിക്കുകയില്ല. ഒരു മിഷനറി ഓരേയൊരു ആന്തരത്തോടെ തന്റെ മിഷനറി നിയമനത്തിനു പോകുന്നു—സേവിക്കാൻ, കാരണം അതാണ് ദാസന്മാർ ചെയ്യുന്നത്.”
തന്റെ ബുദ്ധ്യുപദേശത്തെ പ്രധാനമായും 2 കൊരിന്ത്യർ 3-ഉം 4-ഉം അധ്യായങ്ങളിൽ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഭരണസംഘത്തിലെ ഗെരിററ് ലോഷ് “യഹോവയുടെ മഹത്ത്വത്തെ ദർപ്പണങ്ങളെപ്പോലെ പ്രതിഫലിപ്പി”ക്കാൻ വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. ദൈവപരിജ്ഞാനം സ്വീകരിക്കാനായി ഒരു ക്രിസ്ത്യാനി തന്റെ ഹൃദയം തുറക്കുമ്പോൾ അത് അയാളെ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചം പോലെയാണെന്ന് അദ്ദേഹം അവരെ ഓർമിപ്പിച്ചു. സുവാർത്ത പ്രസംഗിച്ചുകൊണ്ടും നല്ല നടത്ത നിലനിർത്തിക്കൊണ്ടും നാം ആ വെളിച്ചം പ്രതിഫലിപ്പിക്കുന്നു. “അപര്യാപ്തരാണെന്ന തോന്നൽ ചിലപ്പോൾ നിങ്ങൾക്കുണ്ടായേക്കാം,” അദ്ദേഹം സമ്മതിച്ചു. “അത്തരം തോന്നലുകൾ ഉണ്ടാകുമ്പോൾ യഹോവയിൽ ആശ്രയിക്കുക, ‘എന്തെന്നാൽ സാധാരണയിൽ കവിഞ്ഞ ശക്തി ദൈവത്തിന്റേതാകാം.’” (2 കൊരിന്ത്യർ 4:7, NW) 2 കൊരിന്ത്യർ 4:1-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ പ്രതിധ്വനിപ്പിച്ചുകൊണ്ട് ലോഷ് സഹോദരൻ വിദ്യാർഥികളോട് അഭ്യർഥിച്ചു: “നിങ്ങളുടെ മിഷനറി നിയമനം ഉപേക്ഷിക്കരുത്. നിങ്ങളുടെ ദർപ്പണം മിനുസമുള്ളതായി നിലനിർത്തുക!”
ഗിലെയാദ് അധ്യാപകരിൽ ഒരാളായ കാൾ ആഡംസ്, “യഹോവ എവിടെ?” എന്ന രസകരമായ വിഷയം അവതരിപ്പിച്ചു. ആ ചോദ്യം, പ്രപഞ്ചത്തിൽ ദൈവം വസിക്കുന്ന സ്ഥലത്തെയല്ല, മറിച്ച് യഹോവയുടെ വീക്ഷണഗതിയും അവന്റെ മാർഗനിർദേശത്തിന്റെ സൂചനകളും പരിഗണിക്കേണ്ടതിന്റെ ആവശ്യത്തെ പരാമർശിക്കുന്നു. “യഹോവയുടെ സേവനത്തിൽ ദീർഘകാല പരിചയമുള്ള ഒരു വ്യക്തിപോലും സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ അവന്റെ വീക്ഷണഗതി വിസ്മരിച്ചേക്കാം,” അദ്ദേഹം പറഞ്ഞു. (ഇയ്യോബ് 35:10) നമ്മുടെ ആധുനിക കാലത്തെ സംബന്ധിച്ചെന്ത്? 1942-ൽ ദൈവജനം മാർഗനിർദേശം ആവശ്യമുള്ള അവസ്ഥയിലായിരുന്നു. പ്രസംഗവേല സമാപിക്കുകയായിരുന്നോ, അതോ കൂടുതൽ വേല ചെയ്യേണ്ടതുണ്ടായിരുന്നോ? തന്റെ ജനത്തിനുവേണ്ടിയുള്ള യഹോവയുടെ ഹിതം എന്തായിരുന്നു? അവർ ദൈവവചനം പഠിച്ചപ്പോൾ ഉത്തരം വ്യക്തമായിത്തീർന്നു. “ആ വർഷം അവസാനിക്കുന്നതിനു മുമ്പുതന്നെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിനുവേണ്ടിയുള്ള ആസൂത്രണങ്ങൾ ചെയ്തു കഴിഞ്ഞിരുന്നു,” ആഡംസ് സഹോദരൻ പ്രസ്താവിച്ചു. ആ സ്കൂൾ അയച്ച മിഷനറിമാരുടെ വേലയെ യഹോവ നിശ്ചയമായും അനുഗ്രഹിച്ചിരിക്കുന്നു.
പ്രസംഗിച്ച രണ്ടാമത്തെ അധ്യാപകൻ മാർക്ക് നൂമർ ആയിരുന്നു. “നിങ്ങളുടെ പ്രാപ്തികൾ നിങ്ങൾ എങ്ങനെ ഉപയോഗിക്കും?” എന്ന ശീർഷകത്തോടുകൂടിയ തന്റെ പ്രസംഗത്തിൽ, തങ്ങളുടെ പുതിയ നിയമനസ്ഥലത്ത് എത്തിയാലുടനെ ഗിലെയാദിൽ ലഭിച്ച പരിശീലനം ബാധകമാക്കാൻ അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. “മറ്റുള്ളവരിൽ താത്പര്യമെടുക്കാൻ കഠിനശ്രമം ചെയ്യുക,” അദ്ദേഹം പറഞ്ഞു. “അവരുമായി ഇടപഴകുക. അതതു രാജ്യത്തെ ആചാരങ്ങളും ചരിത്രവും നർമങ്ങളും പഠിക്കുന്നതിൽ ഉത്സാഹമുള്ളവരായിരിക്കുക. നിങ്ങൾ എത്ര വേഗം ഭാഷ പഠിക്കുന്നുവോ അത്ര എളുപ്പം നിങ്ങൾ നിയമനത്തോട് അനുരൂപപ്പെടും.”
തീക്ഷ്ണതയുള്ള വിദ്യാർഥികൾ ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നു
ഗിലെയാദിലായിരിക്കെ തങ്ങളുടെ പഠനത്തിൽ ഉറ്റിരിക്കുന്നതിനു പുറമേ, വിദ്യാർഥികൾ 11 പ്രാദേശിക സഭകളിലേക്കു നിയമിക്കപ്പെട്ടു. വാരാന്ത്യങ്ങളിൽ അവർ ഉത്സാഹപൂർവം പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്തു. തങ്ങളുടെ അനുഭവങ്ങളിൽ ചിലത് സദസ്സുമായി പങ്കുവെക്കാൻ ഗിലെയാദ് അധ്യാപകനായ വാലസ് ലിവെറൻസ് അവരിൽ ചിലരെ ക്ഷണിച്ചു. ഷോപ്പിങ് കേന്ദ്രങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, ബിസിനസ് പ്രദേശങ്ങൾ, തെരുവുകൾ, വീടുകൾ എന്നിവിടങ്ങളിൽ സാക്ഷീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പറഞ്ഞപ്പോൾ അവരുടെ സന്തോഷം പ്രകടമായിരുന്നു. അവരിൽ ചിലർ, തങ്ങളുടെ സഭയുടെ പ്രദേശത്ത് താമസിച്ച് ജോലിചെയ്യുന്ന, വിദേശഭാഷ സംസാരിക്കുന്നവരുമായി ബന്ധപ്പെടാനുള്ള വഴികൾ തേടി. 103-ാമത്തെ ക്ലാസ്സിലെ അംഗങ്ങൾ തങ്ങളുടെ അഞ്ചു മാസത്തെ പരിശീലന സമയത്ത് കുറഞ്ഞത് പത്ത് ഭവനബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്തു.
ദീർഘകാല മിഷനറിമാർ വിജയരഹസ്യങ്ങൾ പങ്കുവെക്കുന്നു
പരിപാടിയിലെ ഈ ആസ്വാദ്യമായ ഭാഗത്തെ തുടർന്ന്, പാട്രിക് ലാഫ്രൻകയും വില്യം വാൻ ഡെ വോളും ഏഴ് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ തങ്ങളുടെ മിഷനറിവൃത്തിയിൽ അവർ പഠിച്ച പാഠങ്ങൾ ക്ലാസ്സിന്റെ പ്രയോജനത്തിനായി വിവരിക്കാൻ ക്ഷണിച്ചു. മിഷനറി നിയമനത്തെ യഹോവയിൽനിന്നു വരുന്നതായി പരിഗണിക്കാനും നിയമനത്തോട് പറ്റിനിൽക്കാൻ ദൃഢനിശ്ചയം ചെയ്യാനും അവർ ബിരുദധാരികളെ ഉദ്ബോധിപ്പിച്ചു. മറ്റു രാജ്യങ്ങളിലെ വേലയിൽ ഗിലെയാദ്-പരിശീലിത മിഷനറിമാർ ഉളവാക്കിയിട്ടുള്ള ക്രിയാത്മക ഫലങ്ങളെക്കുറിച്ച് അവർ സംസാരിച്ചു.
സന്തുഷ്ടരും ഫലപ്രദരുമായ മിഷനറിമാർ എന്നനിലയിൽ പതിറ്റാണ്ടുകളോളം സേവിക്കാൻ ഈ ബ്രാഞ്ച് കമ്മിററി അംഗങ്ങളെ സഹായിച്ചതെന്താണ്? അവർ പ്രാദേശിക സഹോദരന്മാരുമായി അടുത്തു പ്രവർത്തിക്കുകയും അവരിൽനിന്ന് പഠിക്കുകയും ചെയ്തു. അവർ തങ്ങളുടെ നിയമനസ്ഥലത്തെത്തിയ ഉടൻതന്നെ അവിടുത്തെ ഭാഷ പഠിക്കുന്നതിൽ മുഴുകി. പ്രാദേശിക ആചാരങ്ങളോടുള്ള ബന്ധത്തിൽ വഴക്കമുള്ളവരായിരിക്കാനും അവയോടു പൊരുത്തപ്പെടാനും അവർ പഠിച്ചു. ആദ്യ ഗിലെയാദ് ക്ലാസ്സിലെ ഒരു ബിരുദധാരിയും 54 വർഷമായി ഒരു മിഷനറിയുമായ ചാൾസ് ഐസ്നോവർ വിജയപ്രദരായ മിഷനറിമാർ പഠിച്ചിട്ടുള്ള അഞ്ച് “രഹസ്യങ്ങൾ” പങ്കുവെച്ചു: (1) ക്രമമായി ബൈബിൾ പഠിക്കുക, (2) ഭാഷ പഠിക്കുക, (3) ശുശ്രൂഷയിൽ സജീവരായിരിക്കുക, (4) മിഷനറി ഭവനത്തിലെ സമാധാനത്തിനായി യത്നിക്കുക, (5) യഹോവയോടു പതിവായി പ്രാർഥിക്കുക. തങ്ങൾക്കു ലഭിച്ച പ്രായോഗിക ഉപദേശം മാത്രമല്ല, അനുഭവസമ്പന്നരായ ഈ മിഷനറിമാർക്ക് യഹോവയുടെ സേവനത്തിലുള്ള പ്രകടമായ സന്തോഷവും വിദ്യാർഥികളിൽ മതിപ്പുളവാക്കി. അർമാൻഡോയും ലൂപ്പും ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അവർ സന്തുഷ്ടരാണ്.”
അഭിമുഖങ്ങൾക്കു ശേഷം ഒരു പ്രസംഗം കൂടിയുണ്ടായിരുന്നു. ഭരണസംഘത്തിലെ ഒരംഗമായ ആൽബർട്ട് ഷ്രോഡർ, “ദൈവ വചനത്തിന്റെ വിശ്വസ്ത കാര്യസ്ഥവൃത്തി സത്യത്തിന്റെ അമൂല്യ രത്നങ്ങൾ അനാവരണം ചെയ്യുന്നു” എന്നത് തന്റെ വിഷയമായി തിരഞ്ഞെടുത്തു. ഗിലെയാദ് സ്കൂളിലെ മുഖ്യ പാഠപുസ്തകം ബൈബിളായിരുന്നതിനാൽ, അദ്ദേഹത്തിന് പറയാനുണ്ടായിരുന്നതിൽ വിദ്യാർഥികൾ തത്പരരായിരുന്നു. 50 വർഷം മുമ്പ് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ ജോലി ആരംഭിച്ചപ്പോൾ, പുതിയലോക ബൈബിൾ പരിഭാഷാ സംഘത്തിലെ അഭിഷിക്ത അംഗങ്ങൾ മനുഷ്യരുടെ അംഗീകാരം തേടിയില്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിൽ ആശ്രയിച്ചുവെന്ന് ഷ്രോഡർ സഹോദരൻ ചൂണ്ടിക്കാട്ടി. (യിരെമ്യാവു 17:5-8) എന്നാൽ അടുത്തയിടെ, പുതിയലോക ഭാഷാന്തരം നിലനിർത്തിയിരിക്കുന്ന ഉന്നതനിലവാരം ചില പണ്ഡിതന്മാർ തിരിച്ചറിഞ്ഞിരിക്കുന്നു. സൊസൈറ്റിക്കുള്ള ഒരു കത്തിൽ ഒരു പണ്ഡിതൻ എഴുതി: “ഗുണമേന്മയുള്ള ഒരു പ്രസിദ്ധീകരണം കാണുമ്പോൾ എനിക്കറിയാം, ‘പുതിയലോക ബൈബിൾ പരിഭാഷാ സംഘം’ ഒരു അത്യുത്തമ വേല നിർവഹിച്ചിരിക്കുന്നു.”
ആ പ്രസംഗത്തിനു ശേഷം വിദ്യാർഥികൾക്കു തങ്ങളുടെ ഡിപ്ലോമകൾ ലഭിച്ചു. അവരുടെ നിയമനങ്ങൾ സദസ്സിനെ അറിയിച്ചു. ക്ലാസ്സിലെ അംഗങ്ങളെ സംബന്ധിച്ചിടത്തോളം അത് വികാരാർദ്രമായ ഒരു സമയമായിരുന്നു. ക്ലാസ്സിന്റെ ഒരു പ്രതിനിധി വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് വായിച്ചപ്പോൾ അനേകരിൽനിന്ന് ഗദ്ഗദമുയരുകയും കണ്ണുകൾ ഈറനണിയുകയും ചെയ്തു. വിദ്യാർഥികളിൽ ചിലർ വർഷങ്ങളായി മിഷനറിവേലയ്ക്കു വേണ്ടി ഒരുങ്ങുകയായിരുന്നു. ഗിലെയാദ് കോഴ്സ് ഇംഗ്ലീഷിലായിരിക്കും നടത്തപ്പെടുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് ചുരുക്കം ചിലർ ആ ഭാഷയിലുള്ള തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനായി ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന സഭകളിലേക്ക് മാറിയിരുന്നു. മറ്റു ചിലർ തങ്ങളുടെ രാജ്യത്തോ വിദേശത്തോ പയനിയർമാരുടെ കൂടുതൽ ആവശ്യമുള്ള സ്ഥലത്തേക്ക് മാറിയിരുന്നു. ഇനിയും ചിലർ, അനുഭവങ്ങൾ വായിക്കുകയോ ഗവേഷണം നടത്തുകയോ ഭൂമിയുടെ അറുതികളിലേക്ക് എന്ന സൊസൈറ്റിയുടെ വീഡിയോ കാസെറ്റ് ആവർത്തിച്ചാവർത്തിച്ച് കാണുകയോ ചെയ്തുകൊണ്ട് തയ്യാറെടുപ്പ് നടത്തിയിരുന്നു.
ആമുഖത്തിൽ പരാമർശിച്ച വില്ലും പാറ്റ്സിയും, വിദ്യാർഥികളോടു പ്രദർശിപ്പിച്ച വ്യക്തിപരമായ താത്പര്യത്താൽ വികാരതരളിതരായി. “ഞങ്ങളെ അറിയുകപോലുമില്ലാത്ത ആളുകൾ ഞങ്ങളെ ആശ്ലേഷിക്കുകയും ഞങ്ങളുടെ ഫോട്ടോയെടുക്കുകയും ചെയ്തു. ഭരണസംഘത്തിലെ ഒരംഗം ഞങ്ങളുടെ കൈപിടിച്ച് കുലുക്കിയിട്ട് പറഞ്ഞു: ‘നിങ്ങളെപ്രതി ഞങ്ങൾ അഭിമാനം കൊള്ളുന്നു!’” യാതൊരു സംശയവുമില്ല, 103-ാമത്തെ ക്ലാസ്സിലെ വിദ്യാർഥികൾ അതിയായി സ്നേഹിക്കപ്പെടുന്നു. അവർ നന്നായി പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. ഗിലെയാദിൽ അവർക്കു ലഭിച്ച പരിശീലനം വിജയപ്രദരായ വിദ്യാർഥികളിൽനിന്ന് വിജയപ്രദരായ മിഷനറിമാരായി മാറാൻ അവരെ സഹായിക്കും.
[22-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 9
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 18
വിദ്യാർഥികളുടെ എണ്ണം: 48
വിവാഹിത ദമ്പതികളുടെ എണ്ണം: 24
ശരാശരി വയസ്സ്: 33
സത്യത്തിലായിരുന്ന ശരാശരി വർഷം: 16
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12
[23-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദം നേടുന്ന 103-ാമത്തെ ക്ലാസ്സ്
ചുവടെ ചേർത്തിരിക്കുന്ന ലിസ്ററിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) ബെൻ, എ.; ഡാൽസ്റ്റെഡ്, എം.; കമ്പാനിയ, ഇസെഡ്.; ബോയിയജിളൂ, ആർ.; ഒഗാൻഡോ, ജി.; നിക്കൻചുക്ക്, റ്റി.; മെൽവിൻ, എസ്. (2) മേ, എം.; മാപുല, എം.; ല്വിൻ, ജെ.; ഹിറ്റാമാ, ഡി.; ഹെർനാൻഡസ്, സി.; ബോയിയജിളൂ, എൻ.; സ്ട്രം, എ.; മെൽവിൻ, കെ. (3) റ്റോം, ജെ.; മാപുല, ഇ.; നോൾ, എം.; റ്റിസഡൽ, പി.; റൈറ്റ്, പി.; പെരസ്, എൽ.; ഷെനപെൽറ്റ്, എം.; പാക്ക്, എച്ച്. (4) മർഫി, എം.; കമ്പാനിയ, ജെ.; സ്റ്റ്യൂവർറ്റ്, എസ്.; ചറഡാ, എം.; റീഡ്, എം.; പെരസ്, എ.; റ്റിസഡൽ, ഡബ്ലിയു.; പാക്ക്, ജെ. (5) സ്റ്റ്യൂവർറ്റ്, ഡി.; റൈറ്റ്, എ.; ചറഡാ, പി.; നിക്കൻചുക്ക്, എഫ്.; റീഡ്, ജെ.; ഹിറ്റാമാ, കെ.; ഒഗാൻഡോ, സി.; ഷെനപെൽറ്റ്, ആർ. (6) മർഫി, റ്റി.; ഹെർനാൻഡസ്, ജെ.; നോൾ, എം.; ബെൻ, ബി.; റ്റോം, ആർ.; ഡാൽസ്റ്റെഡ്, റ്റി.; ല്വിൻ, ഇസെഡ്.; മേ, ആർ.; സ്ട്രം, എ.
[24-ാം പേജിലെ ചിത്രം]
എവിടേക്കാണ് നാം പോകുന്നത്?