ആധുനിക ക്രിസ്തുമസ്സിന്റെ വേരുകൾ
ലോകവ്യാപകമായി കോടിക്കണക്കിനാളുകൾക്ക് ക്രിസ്തുമസ്സ് കാലം വളരെ സന്തോഷപ്രദമായൊരു സമയമാണ്. വിഭവസമൃദ്ധമായ ഭക്ഷണം, കാലാകാലങ്ങളായി ആദരിക്കപ്പെട്ടുപോരുന്ന പാരമ്പര്യാചാരങ്ങൾ, കുടുംബാംഗങ്ങളുടെ ഒത്തുചേരൽ എന്നിവയെല്ലാം ഈ സമയത്തിന്റെ സവിശേഷതകളാണ്. സുഹൃത്തുക്കളും ബന്ധുക്കളും ആശംസാകാർഡുകളും സമ്മാനങ്ങളും കൈമാറുന്ന ഒരു അവസരവുമാണ് ക്രിസ്തുമസ്സ്ദിനം.
എന്നാൽ വെറും 150 വർഷം മുമ്പ് ക്രിസ്തുമസ്സ് വളരെ വ്യത്യസ്തമായൊരു വിശേഷദിനമായിരുന്നു. ക്രിസ്തുമസ്സിനുവേണ്ടിയുള്ള പോരാട്ടം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസർ സ്റ്റീഫൻ നിസെൻബോം എഴുതുന്നു: “ക്രിസ്തുമസ്സ് . . . അമിതമദ്യപാനത്തിന്റെ ഒരു സമയമായിരുന്നു. അപ്പോൾ, ഒരുതരം ഡിസംബർ മാർഡി ഗ്രാസായ അനിയന്ത്രിത ‘ആഹ്ലാദപ്രകടന’ത്തിനുവേണ്ടി പൊതുജന പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ താത്കാലികമായി അവഗണിക്കപ്പെട്ടിരുന്നു.”
ക്രിസ്തുമസ്സിനെ ഭയാദരവോടെ വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വിവരണം അലോസരപ്പെടുത്തുന്നതായിരിക്കാം. ദൈവപുത്രന്റെ ജനനാഘോഷദിനമെന്ന് അവകാശപ്പെടുന്ന ഒരു വിശേഷദിനത്തെ ആരെങ്കിലും എന്തുകൊണ്ട് അനാദരിക്കണം? ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.
ന്യൂനതയുള്ള അടിസ്ഥാനം
ക്രിസ്തുമസ്സ് നാലാം നൂറ്റാണ്ടിലെ അതിന്റെ ഉത്ഭവംമുതൽ വിവാദച്ചുഴിയിലാണ്. ദൃഷ്ടാന്തത്തിന്, യേശുവിന്റെ ജന്മദിനം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ക്രിസ്തു ജനിച്ച ദിവസമോ മാസമോ ബൈബിൾ വ്യക്തമാക്കാത്തതിനാൽ നിരവധി തീയതികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിൽ, ഈജിപ്തുകാരായ ഒരു സംഘം ദൈവശാസ്ത്രജ്ഞന്മാർ മേയ് 20-ന് ആയിരുന്നു ആ ദിനമെന്ന് കണക്കാക്കി. അതേസമയം മറ്റുള്ളവർ മാർച്ച് 28, ഏപ്രിൽ 2, ഏപ്രിൽ 19 എന്നിങ്ങനെ കുറെക്കൂടെ നേരത്തേയുള്ള തീയതികളെ അനുകൂലിച്ചു. 18-ാം നൂറ്റാണ്ടോടെ യേശുവിന്റെ ജനനത്തെ വർഷത്തിലെ എല്ലാ മാസങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു! അപ്പോൾപ്പിന്നെ എങ്ങനെയാണ് ഒടുവിൽ ഡിസംബർ 25 തിരഞ്ഞെടുത്തത്?
ഡിസംബർ 25 യേശുവിന്റെ ജന്മദിനമായി തിരഞ്ഞെടുത്തത് കത്തോലിക്കാ സഭയാണെന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. എന്തുകൊണ്ട്? “സർവ സാധ്യതയുമനുസരിച്ച് അതിന്റെ കാരണം, ആദിമ ക്രിസ്ത്യാനികൾ പ്രസ്തുത തീയതിയെ ‘അജയ്യ സൂര്യന്റെ ജന്മദിന’ത്തെക്കുറിക്കുന്ന പുറജാതീയ റോമൻ ആഘോഷവുമായി ഏകീഭവിപ്പിക്കാൻ ആഗ്രഹിച്ചു”വെന്നതാണെന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. രണ്ടര നൂറ്റാണ്ടിലധികമായി പുറജാതികളാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾ എന്തിന് തങ്ങളുടെ പീഡകർക്ക് പെട്ടെന്ന് വഴങ്ങിക്കൊടുത്തു?
ദുഷിപ്പ് കടന്നുകൂടി
“ദുഷ്ടമനുഷ്യരും വഞ്ചകന്മാരും” ക്രിസ്തീയ സഭയിലേക്കു നുഴഞ്ഞുകടന്ന് അനേകരെ വഴിതെറ്റിക്കുമെന്ന് അപ്പോസ്തലനായ പൗലൊസ് തിമൊഥെയൊസിന് മുന്നറിയിപ്പു നൽകി. (2 തിമൊഥെയൊസ് 3:13, NW) ഈ കൊടിയ വിശ്വാസത്യാഗം അപ്പോസ്തലന്മാരുടെ മരണശേഷം തുടങ്ങി. (പ്രവൃത്തികൾ 20:29, 30) നാലാം നൂറ്റാണ്ടിൽ നടന്നതായി പറയപ്പെടുന്ന കോൺസ്റ്റന്റയിന്റെ മതപരിവർത്തനത്തെ തുടർന്ന് അന്നു നിലവിലിരുന്ന തരം ക്രിസ്ത്യാനിത്വത്തിലേക്ക് വലിയൊരു സംഘം പുറജാതികൾ ഒഴുകിയെത്തി. എന്തായിരുന്നു ഫലം? ആദിമ ക്രിസ്ത്യാനിത്വവും പുറജാതീയതയും (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “ശരിക്കും ആത്മാർഥതയുണ്ടായിരുന്ന വിശ്വാസികളുടെ താരതമ്യേന പരിമിതമായിരുന്ന സംഘം, ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന വലിയ ജനസമൂഹത്തിനിടയിൽ അപ്രത്യക്ഷമായി.”
പൗലൊസിന്റെ വാക്കുകൾ എത്ര സത്യമെന്നു തെളിഞ്ഞു! യഥാർഥ ക്രിസ്ത്യാനിത്വത്തെ പുറജാതീയ ദുഷിപ്പ് വിഴുങ്ങിയതുപോലെയായിരുന്നു അത്. വിശേഷദിനങ്ങളുടെ ആഘോഷത്തിലാണ് മറ്റെല്ലാ മണ്ഡലങ്ങളെയും അപേക്ഷിച്ച് ഈ ദുഷിപ്പ് കൂടുതൽ പ്രകടമായിരുന്നത്.
വാസ്തവത്തിൽ, ആചരിക്കാൻ ക്രിസ്ത്യാനികളോട് കൽപ്പിച്ചിരിക്കുന്ന ഏക ആഘോഷം കർത്താവിന്റെ സന്ധ്യാഭക്ഷണമാണ്. (1 കൊരിന്ത്യർ 11:23-26) റോമൻ വിശേഷദിനങ്ങളോടു ബന്ധപ്പെട്ടിരുന്ന വിഗ്രഹാരാധനാപരമായ നടപടികൾ നിമിത്തം ആദിമ ക്രിസ്ത്യാനികൾ അവയിൽ പങ്കുപറ്റിയില്ല. അക്കാരണത്താൽ മൂന്നാം നൂറ്റാണ്ടിലെ പുറജാതികൾ നിന്ദാപൂർവം ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കലാപ്രദർശനങ്ങൾക്കു പോകാറില്ല; നിങ്ങൾക്ക് പൊതുപ്രദർശനങ്ങളിൽ താത്പര്യമില്ല; നിങ്ങൾ പൊതുസദ്യകൾ നിരസിക്കുകയും വിശുദ്ധ മത്സരങ്ങളെ വെറുക്കുകയും ചെയ്യുന്നു.” നേരേമറിച്ച്, പുറജാതികൾ ഇങ്ങനെ വീമ്പിളക്കി: “ഞങ്ങൾ ആഹ്ലാദാതിരേകത്താലും കെങ്കേമമായ സദ്യകൾ, പാട്ടുകൾ, വിനോദക്കളികൾ എന്നിവയാലും ദൈവങ്ങളെ പൂജിക്കുന്നു.”
നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആ അസംതൃപ്തി പ്രകടനം കെട്ടടങ്ങി. എന്തുകൊണ്ട്? കൂടുതൽക്കൂടുതൽ വ്യാജ ക്രിസ്ത്യാനികൾ സഭയിലേക്കു നുഴഞ്ഞുകയറിയതോടെ വിശ്വാസത്യാഗപരമായ ആശയങ്ങൾ പെരുകി. റോമൻ ലോകവുമായി അനുരഞ്ജനത്തിലാകുന്നതിലേക്ക് ഇതു നയിച്ചു. ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് നമ്മുടെ ക്രിസ്ത്യാനിത്വത്തിലെ പുറജാതീയത (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “പരമ്പരാഗതമായി ജനപ്രീതിയുള്ള പുറജാതീയ ആഘോഷങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് അവയ്ക്കു ക്രിസ്തീയ പരിവേഷം നൽകുന്നത് ഒരു വ്യക്തമായ ക്രിസ്തീയ നയമായിരുന്നു.” അതേ, കൊടിയ വിശ്വാസത്യാഗം ദോഷകരമായ ഫലങ്ങൾ ഉളവാക്കുകയായിരുന്നു. ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടവർ പുറജാതീയ ആഘോഷങ്ങൾ സ്വീകരിക്കാൻ കാട്ടിയ മനസ്സൊരുക്കം സമൂഹത്തിൽ അവർക്കു കുറെയൊക്കെ സ്വീകാര്യത നേടിക്കൊടുത്തു. അധികം താമസിയാതെ, ക്രിസ്ത്യാനികൾക്ക് പുറജാതീയർക്കുള്ള അത്രയും തന്നെ വാർഷിക വിശേഷദിനങ്ങൾ ഉണ്ടായി. ക്രിസ്തുമസ്സ് അവയിൽ ഏറ്റവും പ്രമുഖമായിത്തീർന്നതിൽ അതിശയിക്കാനില്ല.
ഒരു സാർവദേശീയ വിശേഷദിനം
ക്രിസ്ത്യാനിത്വത്തിന്റെ ഏറ്റവും പ്രബലമായ രൂപം യൂറോപ്പിലുടനീളം വ്യാപിച്ചതോടൊപ്പം ക്രിസ്തുമസ്സും വ്യാപകമായി. യേശുവിന്റെ ജന്മദിനത്തോടുള്ള ആദരവെന്നനിലയിൽ സന്തോഷകരമായൊരു ഉത്സവം നിലനിർത്തുന്നത് ഉചിതമാണെന്നുള്ള വീക്ഷണം കത്തോലിക്കാ സഭ സ്വീകരിച്ചു. തത്ഫലമായി, പൊ.യു. 567-ൽ ടൂർ കൗൺസിൽ, “ക്രിസ്തുമസ്സ്മുതൽ പൂജരാജാക്കന്മാരുടെ തിരുന്നാൾവരെയുള്ള 12 ദിവസങ്ങളെ വിശുദ്ധവും ഉത്സവകാലവുമായി പ്രഖ്യാപിച്ചു.”—സ്കൂളിനും ഭവനത്തിനും വേണ്ടിയുള്ള കത്തോലിക്കാ വിശ്വവിജ്ഞാനകോശം (ഇംഗ്ലീഷ്).
ക്രിസ്തുമസ്സ് പെട്ടെന്നുതന്നെ ഉത്തരയൂറോപ്പിലെ മതേതര വിളവെടുപ്പുത്സവങ്ങളിൽനിന്നുള്ള ഒട്ടനവധി സവിശേഷതകൾ ഉൾക്കൊണ്ടു. കുടിച്ചുകൂത്താടുന്നവർ അമിത തീറ്റിയിലും മദ്യപാനത്തിലും മുഴുകിയതോടെ ആഹ്ലാദപ്രകടനം ഭക്തിയെക്കാൾ ജനപ്രീതിയുള്ളതായി തുടർന്നു. അഴിഞ്ഞ നടത്തയ്ക്കെതിരെ ശബ്ദമുയർത്തുന്നതിനു പകരം സഭ അതിനെ അംഗീകരിച്ചു. (റോമർ 13:13-ഉം 1 പത്രൊസ് 4:3-ഉം താരതമ്യം ചെയ്യുക.) “അത്തരം പുരാതന പുറജാതീയ ഉത്സവങ്ങൾ നിർത്തലാക്കുന്നതിനു പകരം അവ ആഘോഷിക്കുന്നതിന്റെ പിന്നിലെ പ്രേരകഘടകത്തെ പുറജാതീയതയിൽനിന്ന് ക്രിസ്തീയമാക്കുകമാത്രം ചെയ്തുകൊണ്ട് അവയെ സഭയുടെ ആചാരാനുഷ്ഠാനങ്ങൾക്ക് അനുയോജ്യമാക്കാൻ” ഇംഗ്ലണ്ടിലെ തന്റെ മിഷനറിയായ മെലിറ്റസിന് പൊ.യു. 601-ൽ ഗ്രിഗറി ഒന്നാമൻ പാപ്പാ എഴുതി. ഒരിക്കൽ ഈജിപ്ഷ്യൻ ഗവൺമെൻറിനുവേണ്ടിയുള്ള പൗരാണികവിവര ഗവേഷണത്തിന്റെ ഇൻസ്പെക്ടർ ജനറലായിരുന്ന ആർതർ വൈഗോളാണ് അപ്രകാരം റിപ്പോർട്ടു ചെയ്യുന്നത്.
അത്തരം അമിതത്വങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടതാണെന്ന് മധ്യകാലഘട്ടത്തെ പരിഷ്കരണ മനസ്കരായ വ്യക്തികൾക്കു തോന്നി. “ക്രിസ്തുമസ്സ് ഉത്സവത്തിന്റെ ദുരുപയോഗ”ത്തിനെതിരെ അവർ അസംഖ്യം തീർപ്പുകൾ പുറപ്പെടുവിച്ചു. അമേരിക്കയിലെ ക്രിസ്തുമസ്സ്—ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. പെനി റെസ്റ്റഡ് പറയുന്നു: “അപൂർണ മനുഷ്യർക്ക് ഉത്സാഹത്തിമിർപ്പിന്റെയും അമിതത്വത്തിന്റെയും ഒരു കാലം ആവശ്യമാണെന്ന് ചില പുരോഹിതന്മാർ ഊന്നിപ്പറഞ്ഞു, അത് ക്രിസ്തീയ മേൽനോട്ടത്തിന്റെ കുടക്കീഴിലായിരിക്കണമെന്നു മാത്രം.” ഇത് ആശയക്കുഴപ്പം വർധിപ്പിച്ചതേയുള്ളൂ. എന്നിരുന്നാലും, പുറജാതീയ ആചാരങ്ങൾ അപ്പോൾത്തന്നെ ക്രിസ്തുമസ്സുമായി വളരെയേറെ ഇഴുകിച്ചേർന്നിരുന്നതുകൊണ്ട് അത് അത്ര വ്യത്യസ്തത ഉളവാക്കിയില്ല, മിക്കവരും അതുപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. എഴുത്തുകാരനായ ട്രിസ്ട്രം കോഫിൻ ഇപ്രകാരം വിവരിക്കുന്നു: “ആളുകൾ പൊതുവേ തങ്ങൾ എല്ലായ്പോഴും ചെയ്[തിട്ടുള്ള]തുതന്നെ ചെയ്[തുകൊണ്ടിരുന്നു], സന്മാർഗവാദികളുടെ സംവാദങ്ങൾക്ക് അവർ കാര്യമായ ശ്രദ്ധയൊന്നും കൊടു[ത്തിരുന്നില്ല].”
യൂറോപ്യന്മാർ പശ്ചിമാർധഗോളത്തിൽ വാസമുറപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും ക്രിസ്തുമസ്സ് സുവിദിതമായൊരു വിശേഷദിനമായിത്തീർന്നിരുന്നു. എന്നിട്ടും ബ്രിട്ടീഷ് കോളനികളിൽ ക്രിസ്തുമസ്സ് സ്വീകാര്യമായിരുന്നില്ല. പ്യൂരിറ്റൻ പരിഷ്കരണവാദികൾ പ്രസ്തുത ആഘോഷത്തെ പുറജാതീയമായി വീക്ഷിക്കുകയും 1659-നും 1681-നും ഇടയ്ക്ക് മാസച്ചുസെറ്റ്സിൽ അതു നിരോധിക്കുകയും ചെയ്തു.
നിരോധനം നീക്കിയതിനെത്തുടർന്ന് കോളനികളിൽ ഉടനീളം ക്രിസ്തുമസ്സ് ആഘോഷം വർധിച്ചു, വിശേഷിച്ച് ന്യൂ ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്ത്. എന്നാൽ, പ്രസ്തുത വിശേഷദിനത്തിന്റെ ചരിത്രവീക്ഷണത്തിൽ, ദൈവപുത്രനെ ആദരിക്കുന്നതിനെക്കാൾ ഒരു ഉല്ലാസാവസരം ആസ്വദിക്കുന്നതിൽ ചിലർ തത്പരരായിരുന്നതിൽ അതിശയിക്കാനില്ല. വിശേഷാൽ നശീകരണാത്മകമായിരുന്ന ഒരു ക്രിസ്തുമസ്സ് ആചാരമായിരുന്നു മദ്യവിരുന്ന്. റൗഡികളായ ചെറുപ്പക്കാരുടെ സംഘങ്ങൾ ധനാഢ്യരായ അയൽക്കാരുടെ ഭവനങ്ങളിൽ പ്രവേശിച്ച് അവരെ ഭീഷണിപ്പെടുത്തി സൗജന്യമായി ഭക്ഷണപാനീയങ്ങൾ ആവശ്യപ്പെടുമായിരുന്നു. വീട്ടുകാരൻ അത് നിരസിച്ചാൽ, അയാളെ പുലഭ്യം പറയും. ചിലപ്പോഴൊക്കെ, അയാളുടെ വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്യുമായിരുന്നു.
1820-കളിൽ, “ക്രിസ്തുമസ്സ്കാല അരക്ഷിതാവസ്ഥ ഗുരുതരമായൊരു സാമൂഹിക ഭീഷണി” ആയിത്തീരുന്ന ഘട്ടത്തോളം സാഹചര്യങ്ങൾ വഷളായെന്ന് പ്രൊഫസർ നിസെൻബം പറയുന്നു. ന്യൂയോർക്കും ഫിലദെൽഫിയായും പോലുള്ള നഗരങ്ങളിൽ സമ്പന്നരായ ഭൂവുടമകൾ തങ്ങളുടെ എസ്റ്റേറ്റുകൾ സംരക്ഷിക്കുന്നതിന് കാവൽക്കാരെ കൂലിക്കെടുക്കാൻ തുടങ്ങി. 1827/28-ലെ ക്രിസ്തുമസ്സ്കാലത്തെ അക്രമാസക്ത കലാപത്തോടുള്ള പ്രതികരണമായിട്ടാണ് ന്യൂയോർക്ക് നഗരം ആദ്യമായി പ്രൊഫഷണൽ പൊലീസ് സേനയെ രൂപീകരിച്ചതെന്നുപോലും പറയപ്പെടുന്നു!
ക്രിസ്തുമസ്സ് പുനരാവിഷ്കരണം
19-ാം നൂറ്റാണ്ട് മനുഷ്യരാശിക്ക് അഭൂതപൂർവമായ മാറ്റങ്ങൾ കൈവരുത്തി. റോഡുകളുടെയും റെയിൽപ്പാതകളുടെയും ഒരു ശൃംഖല ആവിർഭവിച്ചതോടെ ആളുകളും, സാധനങ്ങളും വാർത്തകളും വളരെ വേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി. വ്യാവസായിക വിപ്ലവം കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഫാക്ടറികൾ വ്യാപാരവസ്തുക്കൾ ദ്രുതഗതിയിൽ തുടർച്ചയായി ഉത്പാദിപ്പിക്കുകയും ചെയ്തു. വ്യവസായവത്കരണം നവീനവും സങ്കീർണവുമായ സാമൂഹിക പ്രശ്നങ്ങൾ ഉളവാക്കി. ഒടുവിലവ ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്ന വിധത്തെയും ബാധിച്ചു.
ആളുകൾ ദീർഘകാലമായി വിശേഷദിനങ്ങളെ കുടുംബ ബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാനുള്ള ഒരു മാർഗമായി ഉപയോഗിച്ചിരുന്നു, ക്രിസ്തുമസ്സിന്റെ കാര്യത്തിലും അത് അങ്ങനെയാണ്. പഴയ ക്രിസ്തുമസ്സ് പാരമ്പര്യങ്ങളിൽ ചിലവ വിവേചനാപൂർവം പരിഷ്കരിച്ചുകൊണ്ട് ക്രിസ്തുമസ്സിനെ വന്യമായ, കുടിച്ചുകൂത്താടുന്ന ഉത്സവത്തിൽനിന്ന് കുടുംബാധിഷ്ഠിത വിശേഷദിനമാക്കി മാറ്റാൻ അതിന്റെ അഭിവർധകർക്കു സാധിച്ചു.
വാസ്തവത്തിൽ, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആധുനിക അമേരിക്കൻ ജീവിതത്തിലെ അസാന്മാർഗികതയ്ക്കുള്ള ഒരുതരം പ്രത്യൗഷധമായി ക്രിസ്തുമസ്സിനെ വീക്ഷിക്കാൻ തുടങ്ങി. ഡോ. റെസ്റ്റഡ് പറയുന്നു: “മറ്റു വിശേഷദിനങ്ങളെയെല്ലാം അപേക്ഷിച്ച് ക്രിസ്തുമസ്സ്, മതവും മതവിചാരവും ഭവനങ്ങളിലേക്കു കൊണ്ടുവരാനും പൊതുലോകത്തിന്റെ അമിതത്വങ്ങളും പരാജയങ്ങളും ശരിപ്പെടുത്താനുമുള്ള പൂർണമായൊരു മാർഗമായിരുന്നു.” അവർ കൂട്ടിച്ചേർക്കുന്നു: “സമ്മാനം നൽകൽ, ഔദാര്യപ്രകടനങ്ങൾ, വിശേഷദിന ആശംസയുടെ സൗഹാർദപരമായ കൈമാറ്റം, സന്ദർശക മുറിയിലോ സൺഡേ സ്കൂളിന്റെ ഹാളിലോ നിത്യഹരിതവൃക്ഷം അലങ്കരിക്കൽ, അതു നൽകുന്ന ആസ്വാദനം എന്നിവ, ഓരോ അണുകുടുംബത്തിലെയും അംഗങ്ങളെ പരസ്പരവും പള്ളിയോടും സമൂഹത്തോടും ബന്ധപ്പെടുത്തി.”
സമാനമായി, പരസ്പര സ്നേഹം ഉറപ്പുവരുത്താനും കുടുംബ ഐക്യം നിലനിർത്താൻ സഹായിക്കുന്നതിനുമുള്ള ഒരു മാർഗമെന്ന നിലയിൽ ഇന്ന് അനേകർ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. ആത്മീയ വശങ്ങൾ തീർച്ചയായും അവഗണിക്കാവുന്നതല്ല. കോടിക്കണക്കിന് ആളുകൾ യേശുവിന്റെ ജനനത്തോടുള്ള ആദരവിനാൽ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. അവർ പ്രത്യേക പള്ളിശുശ്രൂഷകളിൽ പങ്കെടുക്കുകയോ വീട്ടിൽ പുൽക്കൂട് ഉണ്ടാക്കുകയോ യേശുവിന് നന്ദിപ്രാർഥനകൾ അർപ്പിക്കുകയോ ചെയ്തേക്കാം. എന്നാൽ ഈ സംഗതികളെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്? അവൻ അവയെ അംഗീകരിക്കുന്നുണ്ടോ? ബൈബിളിന് എന്താണു പറയാനുള്ളതെന്ന് നോക്കാം.
“സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ”
യേശു ഭൂമിയിലായിരുന്നപ്പോൾ അവൻ തന്റെ അനുഗാമികളോടു പറഞ്ഞു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹന്നാൻ 4:24) യേശു ആ വാക്കുകളനുസരിച്ച് ജീവിച്ചു. അവൻ എല്ലായ്പോഴും സത്യം സംസാരിച്ചു. തന്റെ പിതാവിനെ, “സത്യത്തിന്റെ ദൈവമായ യഹോവ”യെ അവൻ പൂർണമായി അനുകരിച്ചു.—സങ്കീർത്തനം 31:5, NW; യോഹന്നാൻ 14:9.
എല്ലാത്തരത്തിലുള്ള വഞ്ചനയെയും താൻ വെറുക്കുന്നെന്ന് ബൈബിളിന്റെ താളുകളിലൂടെ യഹോവ വ്യക്തമാക്കിയിരിക്കുന്നു. (സങ്കീർത്തനം 5:6) അതിന്റെ വീക്ഷണത്തിൽ, ക്രിസ്തുമസ്സിനോടു ബന്ധപ്പെട്ട നിരവധി സവിശേഷതകൾക്ക് കാപട്യത്തിന്റെ ലക്ഷണങ്ങൾ ഉള്ളത് വിരോധാഭാസമല്ലേ? ദൃഷ്ടാന്തത്തിന്, സാന്താക്ലോസിനെക്കുറിച്ചുള്ള കെട്ടുകഥയെപ്പറ്റി ചിന്തിക്കുക. മിക്ക സ്ഥലങ്ങളിലും വിശ്വസിക്കപ്പെടുന്നതുപോലെ, സാന്താക്ലോസ് വാതിലിൽക്കൂടെ പ്രവേശിക്കാതെ ചിമ്മിനിയിലൂടെ അകത്തുകടക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്ന് ഒരു കുട്ടിയോടു വിശദീകരിക്കാൻ നിങ്ങൾ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? സാന്താ ഒറ്റ രാത്രികൊണ്ട് കോടിക്കണക്കിന് വീടുകൾ സന്ദർശിക്കുന്നതെങ്ങനെ? പറക്കുംകലമാന്റെ കാര്യമോ? സാന്താ ഒരു യഥാർഥ വ്യക്തിയാണെന്ന് വിശ്വസിക്കാൻ തക്കവണ്ണം താൻ വഞ്ചിക്കപ്പെട്ടതായി ഒരു കുട്ടി മനസ്സിലാക്കുമ്പോൾ, അത് തന്റെ മാതാപിതാക്കളിൽ അവനുള്ള വിശ്വാസത്തിനു തുരങ്കംവയ്ക്കില്ലേ?
ദ കാത്തലിക് എൻസൈക്ലോപീഡിയാ തുറന്നു പ്രസ്താവിക്കുന്നു: “പുറജാതീയ ആചാരങ്ങൾ . . . ക്രിസ്തുമസ്സിനെ സ്വാധീനിച്ചിരിക്കുന്നു.” അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് കത്തോലിക്കാ സഭയും ക്രൈസ്തവലോകത്തിലെ മറ്റു സഭകളും ക്രിസ്തീയേതര ഉത്ഭവമുള്ള ഒരു വിശേഷദിവസം തുടർന്നും നിലനിർത്തിക്കൊണ്ടുപോകുന്നത്? പുറജാതീയ പഠിപ്പിക്കലുകളെ വെച്ചുപൊറുപ്പിക്കുന്നതായി അതു സൂചിപ്പിക്കുന്നില്ലേ?
യേശു ഭൂമിയിലായിരുന്നപ്പോൾ അവൻ തന്നെ ആരാധിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചില്ല. യേശുതന്നെ പറഞ്ഞു: ‘“നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.”’ (മത്തായി 4:10) സമാനമായി, യേശുവിന്റെ സ്വർഗീയ മഹത്ത്വീകരണത്തിനു ശേഷം, ഈ സംഗതിയിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു സൂചിപ്പിച്ചുകൊണ്ട് ഒരു ദൂതൻ അപ്പോസ്തലനായ യോഹന്നാനോട് “ദൈവത്തെ നമസ്കരിക്ക” എന്നു പറഞ്ഞു. (വെളിപ്പാടു 19:10) ഇത് ഒരു ചോദ്യത്തിലേക്കു നയിക്കുന്നു. ക്രിസ്തുമസ്സ്കാലത്ത് തന്റെ പിതാവിനു നൽകുന്നതിനുപകരം തനിക്കു നൽകുന്ന ആരാധനാപൂർണമായ ഭക്തിയെല്ലാം യേശു അംഗീകരിക്കുമോ?
ആധുനിക ക്രിസ്തുമസ്സിനെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ തീർച്ചയായും അത്ര അഭികാമ്യമല്ല. മിക്ക തെളിവുകളും തരംതാണ ഗതകാലത്തേക്കു വിരൽചൂണ്ടുന്ന, പ്രധാനമായും കെട്ടിച്ചമച്ച ഒരു വിശേഷദിനമാണ് അത്. അതുകൊണ്ട് ശുദ്ധമായൊരു മനസ്സാക്ഷിയിൽ അധിഷ്ഠിതമായി, ലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആചരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, റിൻ എന്നുപേരായ ഒരു ചെറുപ്പക്കാരൻ ക്രിസ്തുമസ്സിനെക്കുറിച്ച് പറയുന്നു: “കുടുംബം ഒത്തൊരുമിക്കുകയും എല്ലാവരും സന്തുഷ്ടരായിരിക്കുകയും ചെയ്യുന്ന ഏതാനും ദിവസങ്ങളെക്കുറിച്ച് ആളുകൾ വളരെ പുളകം കൊള്ളുന്നു. എന്നാൽ അതിലെന്താണിത്ര പ്രത്യേകത? എന്റെ മാതാപിതാക്കൾ വർഷം മുഴുവനും എനിക്കു സമ്മാനങ്ങൾ തരുന്നുണ്ട്!” 12 വയസ്സുള്ള ഒരു ചെറുപ്പക്കാരി പറയുന്നു: “എന്തെങ്കിലും നഷ്ടപ്പെടുന്നതായി എനിക്കു തോന്നുന്നില്ല. വർഷത്തിലുടനീളം എനിക്കു സമ്മാനങ്ങൾ ലഭിക്കുന്നു, സമ്മാനങ്ങൾ വാങ്ങാൻ ആളുകൾക്കു കടപ്പാടു തോന്നുന്ന ഒരു പ്രത്യേക ദിവസത്തിൽ മാത്രമല്ല.”
“സത്യവും സമാധാനവും ഇഷ്ടപ്പെ”ടാൻ പ്രവാചകനായ സെഖര്യാവ് സഹ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. (സെഖര്യാവു 8:19) സെഖര്യാവിനെയും പുരാതന കാലത്തെ മറ്റ് വിശ്വസ്തരെയും പോലെ നാം ‘സത്യം ഇഷ്ടപ്പെടു’ന്നെങ്കിൽ, “ജീവനുള്ള സത്യദൈവ”മായ യഹോവയെ അനാദരിക്കുന്ന ഏതു വ്യാജമത ആഘോഷവും ഒഴിവാക്കേണ്ടതല്ലേ?—1 തെസ്സലൊനീക്യർ 1:9.
[7-ാം പേജിലെ ചിത്രം]
“എന്തെങ്കിലും നഷ്ടപ്പെടുന്നതായി എനിക്കു തോന്നുന്നില്ല. വർഷത്തിലുടനീളം എനിക്കു സമ്മാനങ്ങൾ ലഭിക്കുന്നു”