‘യഹോവയുടെ ദിവസ’ത്തെ അതിജീവിക്കൽ
“യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; സഹിക്കാകുന്നവൻ ആർ?”—യോവേൽ 2:11.
1. ‘യഹോവയുടെ അതിഭയങ്കര ദിവസം’ ആഹ്ലാദത്തിനുള്ള സന്ദർഭമായിരിക്കേണ്ടതെന്തുകൊണ്ട്?
‘അതിഭയങ്കരം!’ അങ്ങനെയാണ് ദൈവത്തിന്റെ പ്രവാചകനായ യോവേൽ “യഹോവയുടെ ദിവസ”ത്തെ വർണിക്കുന്നത്. എന്നിരുന്നാലും, യഹോവയെ സേവിക്കുന്ന, യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പണം നടത്തിയിരിക്കുന്ന നാം യഹോവയുടെ ദിവസം സമീപിക്കുന്തോറും ഭയന്നുവിറയ്ക്കേണ്ടതില്ല. തീർച്ചയായും ആ ദിവസം ഭയങ്കരംതന്നെയായിരിക്കും, അതേസമയം മഹത്തായ രക്ഷയുടെ ഒരു ദിവസവുമായിരിക്കും. സഹസ്രാബ്ദങ്ങളായി മനുഷ്യവർഗത്തെ ദുരിതങ്ങളിലാഴ്ത്തിയിരിക്കുന്ന ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്നു മോചനം ലഭിക്കുന്ന ദിവസമായിരിക്കും അത്. ആ ദിവസത്തെ മനസ്സിൽപ്പിടിച്ചുകൊണ്ട്, യോവേൽ ദൈവജനത്തോടു പറയുന്നു. “ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.” തുടർന്ന് അവൻ ഈ ഉറപ്പുനൽകുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” പിന്നെ ദൈവരാജ്യക്രമീകരണത്തിൽ, “ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ [“അതിജീവകരുടെ,” NW] കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.”—യോവേൽ 2:11, 21, 22, 32.
2. ദൈവോദ്ദേശ്യങ്ങൾ നിവൃത്തിയേറവേ, (എ) “കർത്താവിന്റെ ദിവസ”ത്തിൽ എന്തു സംഭവിക്കുന്നു? (ബി) “യഹോവയുടെ ദിവസ”ത്തിൽ എന്തു സംഭവിക്കുന്നു?
2 യഹോവയുടെ അതിഭയങ്കര ദിവസവും വെളിപ്പാടു 1:10-ലെ “കർത്താവിന്റെ ദിവസ”വും (NW) ഒന്നാണെന്നു ധരിക്കരുത്. രണ്ടാമത്തേതിൽ വെളിപ്പാടു 1-22 അധ്യായങ്ങളിൽ വർണിച്ചിരിക്കുന്ന 16 ദർശനങ്ങളുടെ നിവൃത്തി ഉൾപ്പെടുന്നു. “ഇവ എപ്പോഴായിരിക്കുമെന്നും നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറഞ്ഞാലും” എന്ന ശിഷ്യന്മാരുടെ അഭ്യർഥനയ്ക്കുള്ള ഉത്തരമായി യേശു പ്രവചിച്ച എല്ലാ സംഭവങ്ങളും നിവൃത്തിയേറുന്നതും അതിലുൾപ്പെടുന്നു. ഭൂമിയിലെ ഭയാനകമായ ‘യുദ്ധങ്ങളും ക്ഷാമങ്ങളും വിദ്വേഷവും മഹാമാരികളും നിയമരാഹിത്യവും’ യേശുവിന്റെ സ്വർഗീയ സാന്നിധ്യത്തിന്റെ തെളിവാണ്. ഈ ദുരിതങ്ങൾ പലമടങ്ങായി വർധിക്കവേ, “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗി”ക്കാൻ തന്റെ ആധുനികകാല ശിഷ്യന്മാരെ അയച്ചുകൊണ്ട് യേശു ദൈവഭക്തരായ മനുഷ്യർക്ക് ആശ്വാസം പ്രദാനം ചെയ്തിട്ടുണ്ട്. തുടർന്ന്, കർത്താവിന്റെ ദിവസത്തിലെ ഒരു നിർണായക ഘട്ടത്തിൽ, ഈ വ്യവസ്ഥിതിയുടെ “അവസാനം,” യഹോവയുടെ അതിഭയങ്കര ദിവസം പൊട്ടിപ്പുറപ്പെടും. (മത്തായി 24:3-14; ലൂക്കൊസ് 21:11) അതു സാത്താന്റെ ദുഷിച്ച ലോകത്തിന്മേൽ ശീഘ്രന്യായവിധി നിർവഹിക്കുന്നതിനുള്ള യഹോവയുടെ ദിവസമായിരിക്കും. ‘ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണമായിരിക്കും.’—യോവേൽ 3:16.
യഹോവ നോഹയുടെ നാളിൽ പ്രവർത്തിക്കുന്നു
3. ഇന്നത്തെ അവസ്ഥകൾ നോഹയുടെ നാളിലേതിനോടു സമാനമായിരിക്കുന്നതെങ്ങനെ?
3 ഇന്നത്തെ ലോകാവസ്ഥകൾ 4,000 വർഷത്തിലധികം മുമ്പത്തെ ‘നോഹയുടെ നാളി’ലേതുപോലെയാണ്. (ലൂക്കൊസ് 17:26, 27) ഉല്പത്തി 6:5-ൽ നാമിങ്ങനെ വായിക്കുന്നു: “ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.” ലോകം ഇന്ന് അതിനോട് എത്ര സമാനം! ദുഷ്ടതയും അത്യാഗ്രഹവും സ്നേഹരാഹിത്യവും എവിടെയും നടമാടുകയാണ്. മനുഷ്യവർഗത്തിന്റെ വഷളത്തം അതിന്റെ പാരമ്യത്തിലെത്തിയെന്നു നമുക്കു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ “അന്ത്യനാളു”കളെക്കുറിച്ചുള്ള പൗലൊസിന്റെ പ്രവചനം നിറവേറിക്കൊണ്ടേയിരിക്കുകയാണ്: “ദുഷ്ട മനുഷ്യരും കാപട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.”—2 തിമൊഥെയൊസ് 3:1, 13, NW.
4. ആദ്യകാലങ്ങളിൽ വ്യാജാരാധനയ്ക്ക് എന്തു സ്വാധീനമുണ്ടായിരുന്നു?
4 നോഹയുടെ നാളിലെ മനുഷ്യവർഗത്തിന് ആശ്വാസം കൈവരുത്താൻ അന്നത്തെ മതത്തിനു കഴിയുമായിരുന്നോ? ഇല്ല, മറിച്ച് അന്നത്തെ വിശ്വാസത്യാഗം ഭവിച്ച മതം നാശകരമായ അവസ്ഥകൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടാകണം. നമ്മുടെ ആദ്യ മാതാപിതാക്കൾ “പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പി”ന്റെ വ്യാജപഠിപ്പിക്കലിനു വശംവദരായി. ആദാമിനുശേഷമുള്ള രണ്ടാമത്തെ തലമുറയിൽ, വ്യക്തമായും ദൈവദൂഷണപരമായി “യഹോവയുടെ നാമംവിളി തുടങ്ങി.” (വെളിപ്പാടു 12:9; ഉല്പത്തി 3:3-6; 4:26, NW) പിന്നീട്, ദൈവത്തോടുള്ള സമ്പൂർണ ഭക്തി വെടിഞ്ഞ മത്സരികളായ ദൂതന്മാർ മനുഷ്യശരീരം ധരിച്ച് മനുഷ്യരുടെ സുന്ദരികളായ പുത്രിമാരുമായി അവിഹിത ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു. ഈ സ്ത്രീകൾ നെഫിലിമുകൾ എന്ന അതികായന്മാരായ സങ്കരസന്തതികൾക്കു ജന്മം നൽകി. മർദകരായ അവർ മനുഷ്യവർഗത്തോടു ക്രൂരമായി പെരുമാറി. ഈ ഭൂത സ്വാധീനത്തിൻകീഴിൽ, “സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കി.”—ഉല്പത്തി 6:1-12.
5. നോഹയുടെ നാളിലെ സംഭവങ്ങളോടുള്ള ബന്ധത്തിൽ, യേശു നമുക്ക് എന്തു മുന്നറിയിപ്പിൻ ഉദ്ബോധനം നൽകുന്നു?
5 എന്നിരുന്നാലും, യഹോവയോടു നിർമലത പാലിച്ച ഒരു കുടുംബമുണ്ടായിരുന്നു. അതുകൊണ്ട്, ദൈവം “ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലി”ച്ചു. (2 പത്രൊസ് 2:5) ആ പ്രളയം ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ കുറിക്കുന്ന യഹോവയുടെ അതിഭയങ്കര ദിവസത്തിന്റെ മുൻനിഴലായിരുന്നു. അതിനെക്കുറിച്ച് യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും [“സാന്നിധ്യവും,” NW] ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല [“ഗൗനിച്ചില്ല,” NW]; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്തായി 24:36-39) നാമിന്നു സമാനമായ സ്ഥിതിവിശേഷത്തിലാണ്. അതുകൊണ്ട് ‘സംഭവിപ്പാനുള്ള എല്ലാററിൽനിന്നും ഒഴിഞ്ഞുപോകുവാൻ നാം പ്രാപ്തരാകേണ്ടതിന്നു സദാ ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിക്കാൻ’ യേശു നമ്മെ ഉദ്ബോധിപ്പിക്കുന്നു.—ലൂക്കൊസ് 21:34-36.
സൊദോം ഗൊമോരയുടെമേലുള്ള യഹോവയുടെ ശിക്ഷാവിധി
6, 7. (എ) ലോത്തിന്റെ നാളിലെ സംഭവങ്ങൾ എന്തിനെ മുൻനിഴലാക്കുന്നു? (ബി) ഇതു നമുക്ക് ഏതു വ്യക്തമായ മുന്നറിയിപ്പു പ്രദാനം ചെയ്യുന്നു?
6 പ്രളയാനന്തരം ഏതാനും നൂറ്റാണ്ടുകൾക്കുശേഷം, നോഹയുടെ പിൻഗാമികൾ ഭൂമിയിൽ പെരുകിയപ്പോൾ, വിശ്വസ്തനായ അബ്രാഹാമും അവന്റെ മച്ചുനനായ ലോത്തും യഹോവയുടെ മറ്റൊരു അതിഭയങ്കര ദിവസത്തിനു ദൃക്സാക്ഷികളായി. ലോത്തും കുടുംബവും സൊദോം നഗരത്തിലാണ് പാർത്തിരുന്നത്. അതും അയൽനഗരമായ ഗൊമോരയും മ്ലേച്ഛമായ ലൈംഗിക അധാർമികതയിൽ മുങ്ങിയിരുന്നു. ഭൗതികത്വചിന്താഗതിയും പ്രബലമായിരുന്നു. അവസാനം അതു ലോത്തിന്റെ ഭാര്യയെയും ബാധിച്ചു. യഹോവ അബ്രാഹാമിനോടു പറഞ്ഞു: “സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.” (ഉല്പത്തി 18:20) സ്ഥലവാസികളായ നീതിമാന്മാരെപ്രതി ആ നഗരങ്ങൾ നശിപ്പിക്കരുതെന്ന് അബ്രാഹാം യഹോവയോടു യാചിച്ചു. എന്നാൽ അവിടെ പത്തു നീതിമാന്മാർപോലുമില്ലെന്നു യഹോവ പ്രഖ്യാപിച്ചു. അടുത്ത നഗരമായ സോവറിലേക്കു രക്ഷപ്പെടാൻ ലോത്തിനെയും രണ്ടു പുത്രിമാരെയും ദൈവദൂതന്മാർ സഹായിച്ചു.
7 അതിനുശേഷമോ? നമ്മുടെ “അന്ത്യനാളു”കളെ ലോത്തിന്റെ നാളുകളുമായി താരതമ്യം ചെയ്തുകൊണ്ട് ലൂക്കൊസ് 17:28-30 പറയുന്നു: “ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിററും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും.” യഹോവയുടെ ആ ഭയങ്കര ദിവസത്തിൽ സൊദോമിനും ഗൊമോരയ്ക്കും സംഭവിച്ച ദുരന്തം യേശുവിന്റെ സാന്നിധ്യകാലത്ത് ജീവിക്കുന്ന നമുക്ക് ഒരു വ്യക്തമായ മുന്നറിയിപ്പു നൽകുന്നുണ്ട്. ഈ ആധുനികകാല മനുഷ്യവർഗ തലമുറയും “ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നി”രിക്കുന്നു. (യൂദാ 7) കൂടാതെ, നമ്മുടെ നാളിലെ അധാർമിക ലൈംഗികനടപടികൾ ഈ നാളിലേക്കായി യേശു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന “മഹാവ്യാധികളി”ലധികത്തിനും കാരണമായിരിക്കുന്നു.—ലൂക്കൊസ് 21:11.
ഇസ്രായേൽ “ചുഴലിക്കാറ്റു” കൊയ്യുന്നു
8. യഹോവയുമായുള്ള ഉടമ്പടി ഇസ്രായേൽ എത്രത്തോളം പാലിച്ചു?
8 കാലക്രമത്തിൽ, യഹോവ ഇസ്രായേലിനെ ‘സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായി, ഒരു പുരോഹിതരാജത്വവും വിശുദ്ധജനവു’മായി തിരഞ്ഞെടുത്തു. എന്നാലത് നിരുപാധികമായിരുന്നില്ല; അവർ ‘അവന്റെ വാക്കു കേട്ടു അനുസരിക്കയും അവന്റെ നിയമം പ്രമാണിക്കയും ചെയ്യണമായിരുന്നു.’ (പുറപ്പാടു 19:5, 6) ആ മഹത്തായ പദവിയെ അവർ ആദരിച്ചുവോ? നിശ്ചയമായും ഇല്ല! മോശ, ശമൂവേൽ, ദാവീദ്, യെഹോശാഫാത്ത്, ഹിസ്കീയാവ്, യോശിയാവ് എന്നിവരും മറ്റ് അർപ്പിത പ്രവാചകീപ്രവാചകന്മാരുമായ ആ ജനതയിലെ വിശ്വസ്തരായ വ്യക്തികൾ അവനെ സേവിച്ചു കൂറു കാട്ടിയെന്നത് സത്യംതന്നെ. എന്നിരുന്നാലും, ഒരു ജനതയെന്ന നിലയിൽ അവർ അവിശ്വസ്തരായിരുന്നു. കാലക്രമത്തിൽ, ആ രാജ്യം രണ്ടായി പിളർന്നു—ഇസ്രായേലും യഹൂദയും. പൊതുവേ പറഞ്ഞാൽ, രണ്ടു ജനതയും അയൽരാജ്യങ്ങളുടെ വിജാതീയ ആരാധനയിലും ദൈവത്തെ അപമാനിക്കുന്ന മറ്റാചാരങ്ങളിലും മുങ്ങിത്തുടിച്ചു.—യെഹെസ്കേൽ 23:49.
9. മത്സരികളായ പത്തുഗോത്ര രാജ്യത്തെ യഹോവ ന്യായംവിധിച്ചതെങ്ങനെ?
9 യഹോവ കാര്യങ്ങളെ വിധിച്ചതെങ്ങനെ? എന്നത്തെയുംപോലെ, അവൻ മുന്നറിയിപ്പു കൊടുത്തു. അത് ആമോസ് പറഞ്ഞ തത്ത്വത്തിനു ചേർച്ചയിലായിരുന്നു: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ഇസ്രായേലെന്ന വടക്കേ രാജ്യത്തിന്റെ നാശം മുൻകൂട്ടി അറിയിച്ചത് ആമോസ്തന്നെയായിരുന്നു. “യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.” (ആമോസ് 3:7; 5:18) കൂടാതെ, ആമോസിന്റെ സഹപ്രവാചകനായ ഹോശേയ പ്രഖ്യാപിച്ചു: “അവർ കാററു വിതെച്ചു, ചുഴലിക്കാററു കൊയ്യും.” (ഹോശേയ 8:7) പൊ.യു.മു. 740-ൽ, യഹോവ അസീറിയൻ സൈന്യത്തെക്കൊണ്ട് ഇസ്രായേലെന്ന വടക്കേ രാജ്യത്തെ എന്നന്നേക്കുമായി നശിപ്പിച്ചു.
വിശ്വാസത്യാഗംഭവിച്ച യഹൂദയുമായുള്ള യഹോവയുടെ കണക്കുതീർപ്പ്
10, 11. (എ) യഹൂദയോടു യഹോവ ക്ഷമിക്കാഞ്ഞതെന്തുകൊണ്ട്? (ബി) ഏതെല്ലാം മ്ലേച്ഛതകൾ ജനതയെ ദുഷിപ്പിച്ചിരുന്നു?
10 യഹൂദയെന്ന തെക്കേ രാജ്യത്തേക്കും യഹോവ തന്റെ പ്രവാചകന്മാരെ അയച്ചു. എന്നിട്ടും, ‘കുററമില്ലാത്ത രക്തം ഏററവും വളരെ ചിന്നിച്ചും വിഗ്രഹങ്ങളെ സേവിച്ചു നമസ്കരിച്ചും’കൊണ്ട് മനശ്ശെ, അവന്റെ പിൻഗാമിയായ ആമോൻ എന്നിവരെപ്പോലെയുള്ള യഹൂദാ രാജാക്കന്മാർ യഹോവയുടെ ദൃഷ്ടിയിൽ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടേയിരുന്നു. ആമോന്റെ പുത്രനായ യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്തെങ്കിലും, അവന്റെ പിൻഗാമികളായ രാജാക്കന്മാരും ജനവും പിന്നെയും ദുഷ്ടതയിൽ മുങ്ങി, അങ്ങനെ “ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.”—2 രാജാക്കന്മാർ 21:16-21; 24:3, 4.
11 യഹോവ തന്റെ പ്രവാചകനായ യിരെമ്യാവിലൂടെ പ്രഖ്യാപിച്ചു: “വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു. പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തുചെയ്യും?” യഹൂദ രാജ്യം അങ്ങേയറ്റത്തെ രക്തപാതകക്കുറ്റം പേറി. മോഷണം, കൊലപാതകം, വ്യഭിചാരം, കള്ളസത്യം ചെയ്യൽ, മറ്റു ദൈവങ്ങളെ ആരാധിക്കൽ, മറ്റു മ്ലേച്ഛ കാര്യങ്ങൾ എന്നിവയാൽ അതിലെ ആളുകൾ ദുഷിച്ചിരുന്നു. ദൈവത്തിന്റെ ആലയം “കള്ളന്മാരുടെ ഗുഹ”യായിത്തീർന്നു.—യിരെമ്യാവു 2:34; 5:30, 31; 7:8-12.
12. വിശ്വാസത്യാഗംഭവിച്ച യെരൂശലേമിനെ യഹോവ ശിക്ഷിച്ചതെങ്ങനെ?
12 “ഞാൻ വടക്കുനിന്നു [കല്ദയരിൽനിന്നു] അനർത്ഥവും വലിയനാശവും വരുത്തു”മെന്നു യഹോവ പ്രഖ്യാപിച്ചു. (യിരെമ്യാവു 4:6) അങ്ങനെ, വിശ്വാസത്യാഗംഭവിച്ച യെരൂശലേമിനെയും അതിന്റെ ആലയത്തെയും ഇടിച്ചുതകർക്കാൻ അവൻ ആ കാലത്ത് “സർവ്വഭൂമിയുടെയും ചുററിക”യായിരുന്ന ബാബിലോന്യ ലോകശക്തിയെ വരുത്തി. (യിരെമ്യാവു 50:23) പൊ.യു.മു. 607-ൽ ഒരു കടുത്ത ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന്, നഗരം നെബൂഖദ്നേസരിന്റെ ശക്തമായ സൈന്യത്തിനുമുമ്പിൽ മുട്ടുകുത്തി. “ബാബേൽരാജാവു രിബ്ലയിൽവെച്ചു സിദെക്കീയാ[രാജാ]വിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു. അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു. കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു. നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.”—യിരെമ്യാവു 39:6-9.
13. പൊ.യു.മു. 607-ലെ യഹോവയുടെ ദിവസത്തിൽ രക്ഷിക്കപ്പെട്ടതാർ, എന്തുകൊണ്ട്?
13 തീർച്ചയായും അതിഭയങ്കര ദിവസംതന്നെ! എന്നിരുന്നാലും, യഹോവയെ അനുസരിച്ച ഏതാനുംപേർ ആ അഗ്നിമയ ന്യായവിധിയിൽനിന്നു രക്ഷപ്പെട്ടു. യഹൂദരിൽനിന്നു നേർവിപരീതമായി താഴ്മയും അനുസരണവും പ്രകടമാക്കിയ ഇസ്രായേല്യേതരരായ രേഖാബ്യരും അതിലുൾപ്പെട്ടിരുന്നു. യിരെമ്യാവിനെ ചെളിനിറഞ്ഞ കിണറ്റിൽനിന്നു ജീവനോടെ രക്ഷിച്ച വിശ്വസ്തനായ ഏബെദ്-മേലെക് എന്ന വിശ്വസ്ത ഷണ്ഡനും യിരെമ്യാവിന്റെ വിശ്വസ്ത പകർപ്പെഴുത്തുകാരനായ ബാരൂക്കും രക്ഷപ്പെട്ടവരിൽപെടുന്നു. (യിരെമ്യാവു 35:18, 19; 38:7-13; 39:15-18; 45:1-5) അത്തരക്കാരോടായിരുന്നു യഹോവ പ്രഖ്യാപിച്ചത്: “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.” ആ വാഗ്ദാനത്തിന്റെ ഒരു ചെറിയ നിവൃത്തി പൊ.യു.മു. 539-ൽ ഉണ്ടായി. ബാബിലോനെ ജയിച്ചടക്കിയ കോരെശ് രാജാവ്, ദൈവഭക്തരായ യഹൂദന്മാരെ മോചിപ്പിച്ച് യെരൂശലേം നഗരവും ആലയവും പുനർനിർമിക്കാനായി മടക്കിയയച്ചപ്പോഴായിരുന്നു അത്. സമാനമായി, ഇന്നു ബാബിലോന്യ മതത്തിൽനിന്നു പുറത്തുവന്ന് യഹോവയുടെ നിർമലാരാധനയിലേക്കു പുനഃസ്ഥാപിക്കപ്പെടുന്നവർക്കു യഹോവയുടെ പുനഃസ്ഥാപിത പറുദീസയിൽ നിത്യസമാധാനമുള്ള ഒരു മഹനീയ ഭാവിക്കായി പ്രതീക്ഷാപൂർവം കാത്തിരിക്കാവുന്നതാണ്.—യിരെമ്യാവു 29:11; സങ്കീർത്തനം 37:34; വെളിപ്പാടു 18:2, 4.
ഒന്നാം നൂറ്റാണ്ടിലെ “മഹോപദ്രവം”
14. യഹോവ ഇസ്രായേലിനെ എന്നെന്നേക്കുമായി പരിത്യജിച്ചതെന്തുകൊണ്ട്?
14 നമുക്കിനി പൊ.യു. ഒന്നാം നൂറ്റാണ്ടിലേക്കു തിരിയാം. പുനഃസ്ഥാപിത യഹൂദന്മാർക്ക് അപ്പോഴേക്കും വീണ്ടും വിശ്വാസത്യാഗം സംഭവിച്ചിരുന്നു. യഹോവ തന്റെ ഏകജാതപുത്രനെ അഭിഷിക്തൻ, അഥവാ മിശിഹാ ആകാൻ ഭൂമിയിലേക്ക് അയച്ചു. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പറഞ്ഞുകൊണ്ട് പൊ.യു. 29-33 വർഷങ്ങളിൽ യേശു ഇസ്രായേൽ ദേശത്തുടനീളം പ്രസംഗിച്ചു. (മത്തായി 4:17) കൂടാതെ, തന്നോടൊപ്പം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി അവൻ ശിഷ്യന്മാരെ സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. യഹൂദ ഭരണാധിപന്മാർ എങ്ങനെ പ്രതികരിച്ചു? അവർ യേശുവിനെ തുച്ഛീകരിച്ച് അവസാനം അവനെ ദണ്ഡനസ്തംഭത്തിന്മേൽ കഠോരവേദന അനുഭവിച്ചു മരിക്കുന്നതിന് ഏൽപ്പിച്ചുകൊടുക്കുകയെന്ന നിന്ദ്യമായ കുറ്റം ചെയ്തു. തന്റെ ജനമെന്ന നിലയിൽ യഹോവ യഹൂദന്മാരെ തള്ളിക്കളഞ്ഞു. അങ്ങനെ ആ ജനത എന്നെന്നേക്കുമായി പരിത്യജിക്കപ്പെട്ടു.
15. അനുതാപമുള്ള യഹൂദന്മാർക്ക് എന്തു നിർവഹിക്കാനുള്ള പദവിയുണ്ടായിരുന്നു?
15 പുനരുത്ഥാനം പ്രാപിച്ച യേശു പൊ.യു. 33-ലെ പെന്തക്കോസ്ത് നാളിൽ തന്റെ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നു. ഇത് അവിടെ തിടുക്കത്തിൽ കൂടിവന്നിരുന്ന യഹൂദന്മാരോടും മതപരിവർത്തിതരോടും ഭാഷാവരത്തോടെ സംസാരിക്കാൻ അവരെ ശക്തീകരിച്ചു. ജനക്കൂട്ടത്തെ സംബോധന ചെയ്തുകൊണ്ട് പത്രൊസ് അപ്പോസ്തലൻ പ്രഖ്യാപിച്ചു: “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു . . . ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” സത്യസന്ധരായ യഹൂദന്മാർ എങ്ങനെയാണു പ്രതികരിച്ചത്? “അവർ ഹൃദയത്തിൽ കുത്തുകൊണ്ട”വരായി, തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് സ്നാപനമേറ്റു. (പ്രവൃത്തികൾ 2:32-41) രാജ്യപ്രസംഗവേലയുടെ ഗതിവേഗം വർധിച്ചു. 30 വർഷംകൊണ്ട് അത് “ആകാശത്തിൻകീഴെ സകലസൃഷ്ടി”കളുടെയും പക്കൽ എത്തിച്ചേർന്നു.—കൊലൊസ്സ്യർ 1:23.
16. സ്വാഭാവിക ഇസ്രായേലിന്മേൽ ന്യായവിധി നിർവഹിക്കാൻതക്കവണ്ണം സംഭവങ്ങളെ യഹോവ തന്റെ ഹിതപ്രകാരം നയിച്ചതെങ്ങനെ?
16 താൻ തള്ളിക്കളഞ്ഞ സ്വാഭാവിക ഇസ്രായേൽ എന്ന തന്റെ ജനത്തിന്മേൽ യഹോവയ്ക്കിപ്പോൾ ന്യായവിധി നിർവഹിക്കുന്നതിനുള്ള സമയം വന്നെത്തി. അന്നത്തെ അറിയപ്പെടുന്ന ലോകത്തുടനീളമുള്ള ജനതകളിൽനിന്ന് ആയിരക്കണക്കിനാളുകൾ ക്രിസ്തീയ സഭയിലേക്കു വരികയും “ദൈവത്തിന്റെ [ആത്മീയ] യിസ്രായേൽ” ആയി അഭിഷിക്തരാക്കപ്പെടുകയും ചെയ്തിരുന്നു. (ഗലാത്യർ 6:16) എന്നിരുന്നാലും അക്കാലത്തെ യഹൂദജനം വിദ്വേഷത്തിന്റെയും വിഭാഗീയ അക്രമത്തിന്റെയും ഗതിയിൽ മുഴുകിയിരിക്കുകയായിരുന്നു. ‘ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങിയിരിക്കുവിൻ’ എന്ന് പൗലൊസ് എഴുതിയിരുന്ന ആഹ്വാനത്തിനു വിപരീതമായി, അവർ തങ്ങളുടെമേൽ ഭരണംനടത്തിയിരുന്ന റോമാസാമ്രാജ്യത്തിനെതിരെ പരസ്യമായി മത്സരിച്ചു. (റോമർ 13:1) വ്യക്തമായും യഹോവ അതിനുശേഷമുള്ള സംഭവങ്ങളെ തന്റെ ഹിതപ്രകാരം നയിച്ചു. പൊ.യു. 66-ൽ, ജനറൽ ഗാലസിന്റെ നേതൃത്വത്തിൽ റോമാ സൈന്യം യെരൂശലേമിനെ ഉപരോധിക്കാനായി പുറപ്പെട്ടു. റോമൻ ആക്രമണസേന അതിക്രമിച്ച് ആലയമതിലിന്റെ അടിയിലൂടെ തുരങ്കമുണ്ടാക്കി. ജോസീഫസിന്റെ ചരിത്രം രേഖപ്പെടുത്തുന്നപ്രകാരം, നഗരത്തിനും ജനത്തിനും യഥാർഥ ഉപദ്രവം നേരിട്ടു.a എന്നാൽ പെട്ടെന്ന് ആക്രമണസേന പിൻവാങ്ങി. ഇത് മത്തായി 24:15, 16-ൽ രേഖപ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പിനുചേർച്ചയിൽ യേശുവിന്റെ ശിഷ്യന്മാർക്കു ‘മലകളിലേക്കു ഓടിപ്പോകാ’നുള്ള അവസരമൊരുക്കി.
17, 18. (എ) ഏത് ഉപദ്രവം വരുത്തിക്കൊണ്ടാണ് യഹോവ യഹൂദജനത്തിന്മേൽ ന്യായവിധി നടപ്പാക്കിയത്? (ബി) ആരെല്ലാം ‘രക്ഷിക്കപ്പെട്ടു,’ അത് എന്തിനെ മുൻനിഴലാക്കി?
17 എന്നിരുന്നാലും, ഉപദ്രവങ്ങളുടെ പാരമ്യമായ യഹോവയുടെ സമ്പൂർണ ന്യായവിധിനിർവഹണം സംഭവിക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. പൊ.യു. 70-ൽ റോമാസൈന്യം—ഇപ്പോൾ ജനറൽ ടൈറ്റസിനുകീഴിൽ—ആക്രമിക്കാനായി മടങ്ങിയെത്തി. ഇപ്രാവശ്യം യുദ്ധം നിർണായകമായിരുന്നു! പരസ്പരം പോരാടിയിരുന്ന യഹൂദർ റോമാക്കാർക്ക് ഒരു വെല്ലുവിളിയായിരുന്നില്ല. അവർ നഗരത്തെയും ആലയത്തെയും നിലംപരിചാക്കി. തളർന്നവശരായ പത്തുലക്ഷത്തിലധികം യഹൂദന്മാർ മരണമടഞ്ഞു. ഏതാണ്ട് 6,00,000 മൃതശരീരങ്ങളായിരുന്നു നഗരകവാടത്തിനു വെളിയിലേക്കു തള്ളപ്പെട്ടത്. നഗരത്തിന്റെ പതനത്തെത്തുടർന്ന് 97,000 യഹൂദന്മാർ തടവുകാരായി പിടിക്കപ്പെട്ടു. പിന്നീട് അവരിലനേകരും ദ്വന്ദയുദ്ധപ്രകടനങ്ങളിൽ മരിച്ചുവീണു. യഥാർഥത്തിൽ, യോർദാന് അപ്പുറമുള്ള മലകളിലേക്കു പലായനം ചെയ്ത അനുസരണമുള്ള ക്രിസ്ത്യാനികൾ മാത്രമാണ് ഉപദ്രവത്തിന്റെ ആ വർഷങ്ങളിൽനിന്നു രക്ഷപ്പെട്ടത്.—മത്തായി 24:21, 22; ലൂക്കൊസ് 21:20-22.
18 അങ്ങനെ, പൊ.യു. 66-70 കാലഘട്ടത്തിൽ മത്സരികളായ യഹൂദ ജനതയുടെമേൽ ന്യായവിധി നടപ്പാക്കിയ യഹോവയുടെ ദിവസത്തിൽ പാരമ്യത്തിലെത്തിയത് “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചുള്ള യേശുവിന്റെ വലിയ പ്രവചനത്തിന്റെ ആദ്യ നിവൃത്തിയായിരുന്നു. (മത്തായി 24:3-22) മുഴുലോകത്തെയും ഗ്രസിക്കാനിരിക്കുന്ന അവസാന ഉപദ്രവമായ, ‘വരാനിരിക്കുന്ന യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ’ത്തിന്റെ ഒരു നിഴൽമാത്രമായിരുന്നു അത്. (യോവേൽ 2:31) നിങ്ങൾക്കെങ്ങനെ “രക്ഷിക്കപ്പെടാ”നാകും? അത് അടുത്ത ലേഖനം ചർച്ചചെയ്യും.
[അടിക്കുറിപ്പുകൾ]
a റോമൻ ആക്രമണസേന നഗരത്തെ വളഞ്ഞ് ഭാഗികമായി മതിലിന്റെ അടിയിലൂടെ തുരങ്കമുണ്ടാക്കി യഹോവയുടെ ആലയവാതിലിനു തീവെക്കാനൊരുങ്ങിയെന്നു ജോസീഫസ് വിവരിക്കുന്നു. ഇതുനിമിത്തം അകത്തു കുടുങ്ങിപ്പോയ അനേകം യഹൂദന്മാരും തങ്ങളുടെ മരണം ആസന്നമായിരിക്കുന്നെന്നു മനസ്സിലാക്കി ഭീതിയിലായി.—യഹൂദന്മാരുടെ യുദ്ധങ്ങൾ (ഇംഗ്ലീഷ്), പുസ്തകം II, അധ്യായം 19.
പുനരവലോകന ചോദ്യങ്ങൾ
□ “കർത്താവിന്റെ ദിവസം” “യഹോവയുടെ ദിവസ”ത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
□ നോഹയുടെ നാൾ പുനരവലോകനം ചെയ്യുമ്പോൾ, നാം ഏതു മുന്നറിയിപ്പിനു ചെവികൊടുക്കണം?
□ സൊദോമും ഗൊമോരയും ശക്തമായ പാഠം പ്രദാനം ചെയ്യുന്നതെങ്ങനെ?
□ ഒന്നാം നൂറ്റാണ്ടിലെ “മഹോപദ്രവ”ത്തിൽ ആരെല്ലാം രക്ഷിക്കപ്പെട്ടു?
[15-ാം പേജിലെ ചിത്രങ്ങൾ]
നോഹയുടെയും ലോത്തിന്റെയും കുടുംബങ്ങൾക്കും, കൂടാതെ പൊ.യു.മു. 607-ലും പൊ.യു. 70-ലും യഹോവ രക്ഷ പ്രദാനം ചെയ്തു