യഹോവ അനുകമ്പയോടെ ഭരിക്കുന്നു
ചരിത്രത്തിലുടനീളം ഒട്ടനവധി മാനുഷ ഭരണാധിപന്മാർ തങ്ങളുടെ പ്രജകളുടെ യാതനയിൽ യാതൊരു അനുകമ്പയും പ്രകടമാക്കാതെ അധികാരം കയ്യാളിയിട്ടുണ്ട്. എന്നിരുന്നാലും, ഒരു ജനതയെ—ഇസ്രായേലിനെ—തിരഞ്ഞെടുത്ത് അതിനെ അനുകമ്പയോടെ ഭരിച്ചുകൊണ്ട് യഹോവ വ്യത്യസ്തമായൊരു വിധത്തിൽ പ്രവർത്തിച്ചു.
ഇസ്രായേല്യർ പുരാതന ഈജിപ്തിൽ അടിമകൾ ആയിരുന്നപ്പോൾത്തന്നെ, സഹായത്തിനായുള്ള അവരുടെ നിലവിളികൾ യഹോവ കേട്ടു. “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; . . . തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു.” (യെശയ്യാവു 63:9) അവർക്ക് അത്ഭുതകരമായി ഭക്ഷണം നൽകി, സ്വന്തമായൊരു ദേശത്തേക്ക് വിടുവിച്ചുകൊണ്ട് യഹോവ ഇസ്രായേലിനെ രക്ഷിച്ചു.
ആ ജനതയ്ക്കു നൽകിയ നിയമങ്ങളിൽ യഹോവയുടെ അനുകമ്പാഗുണം കൂടുതലായി പ്രകടമാക്കപ്പെട്ടു. അനാഥരോടും വിധവമാരോടും പരദേശികളോടും അനുകമ്പയോടെ ഇടപെടാൻ അവൻ ഇസ്രായേല്യരോടു കൽപ്പിച്ചു. അവർ വികലാംഗരെ ന്യായരഹിതമായി മുതലെടുക്കരുതായിരുന്നു.
ദരിദ്രരോട് അനുകമ്പ കാണിക്കാൻ ന്യായപ്രമാണം ആവശ്യപ്പെട്ടു. വിളവെടുപ്പിനെ തുടർന്ന് ദരിദ്രർക്ക് കാലാപെറുക്കാൻ കഴിയുമായിരുന്നു. ശബത്തു (ഏഴാമത്തെ) വർഷം കടങ്ങൾ റദ്ദാക്കിയിരുന്നു. വിറ്റുകളഞ്ഞ, പൈതൃകമായി ലഭിച്ച നിലം മുഴുവൻ ജൂബിലി (50-ാമത്തെ) വർഷത്തിൽ തിരികെ കിട്ടുമായിരുന്നു. പുരാതന ഇസ്രായേൽ—അതിന്റെ ജീവിതവും ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു: “വാസ്തവത്തിൽ, ആധുനിക അർഥത്തിലുള്ള സാമൂഹിക വിഭാഗങ്ങൾ ഇസ്രായേലിൽ ഒരിക്കലുമുണ്ടായിരുന്നില്ല.” “അധിവാസത്തിന്റെ ആദിമ നാളുകളിൽ, എല്ലാ ഇസ്രായേല്യരും ഏതാണ്ട് ഒരേ ജീവിതനിലവാരം ആസ്വദിച്ചിരുന്നു.”—ലേവ്യപുസ്തകം 25:10; ആവർത്തനപുസ്തകം 15:12-14; 24:17-22; 27:18.
യഹോവയുടെ അനുകമ്പ അനുകരിക്കൽ
ദൈവദാസന്മാർ അവന്റെ അനുകമ്പയാൽ പ്രചോദിപ്പിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന് ചരിത്രത്തിലുടനീളം, പുതിയ രാജാക്കന്മാർ മുൻ രാജവംശത്തിലെ അതിജീവിക്കുന്ന അംഗങ്ങളെ വധിച്ചിട്ടുണ്ട്. എന്നാൽ യഹോവയുടെ ദാസനായിരുന്ന ദാവീദ് അപ്രകാരം ചെയ്തില്ല. ശൗൽ രാജാവിന്റെ മരണശേഷം, അതിജീവിച്ച പൗത്രനും അവകാശിയുമായിരുന്ന മെഫീബോശെത്തിനെ ദാവീദ് സംരക്ഷിച്ചു. “ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനോട് രാജാവിന് അനുകമ്പ തോന്നി.”—2 ശമൂവേൽ 21:7, NW.
യഹോവയുടെ അനുകമ്പയെ യേശു അനുകരിച്ചതുപോലെ മറ്റൊരു മനുഷ്യനും അനുകരിച്ചിട്ടില്ല. അവന്റെ മിക്ക അത്ഭുതങ്ങളും ദൈവിക അനുകമ്പയാൽ പ്രേരിതമായിരുന്നു. ഒരവസരത്തിൽ ഒരു കുഷ്ഠരോഗി അവനോട് അപേക്ഷിച്ചു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” മനസ്സലിവു തോന്നിയ യേശു അയാളെ തൊട്ടുകൊണ്ട് പറഞ്ഞു: “മനസ്സുണ്ടു, ശുദ്ധമാക.” (മർക്കൊസ് 1:40-42) മറ്റൊരവസരത്തിൽ വലിയോരു പുരുഷാരം യേശുവിനെ അനുഗമിച്ചു. വലിയ കോലാഹലമുണ്ടായിരുന്നിട്ടും, യേശു രണ്ട് കുരുടന്മാർക്ക് ശ്രദ്ധനൽകി. അവർ അവനോട് നിലവിളിച്ചുപറഞ്ഞു: “കർത്താവേ, ദാവീദ്പുത്രാ, ഞങ്ങളോടു കരുണതോന്നേണമേ, . . . യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു: ഉടനെ അവർ കാഴ്ചപ്രാപിച്ചു.”—മത്തായി 20:29-34.
വലിയ പുരുഷാരങ്ങൾ തനിക്കു ചുറ്റുംകൂടിയത് മറ്റുള്ളവരോടുള്ള യേശുവിന്റെ വികാരങ്ങളെ മന്ദീഭവിപ്പിച്ചില്ല. ആളുകൾ കുറെനേരം ഭക്ഷണം കഴിക്കാതിരുന്നതു നിമിത്തം ഒരവസരത്തിൽ അവൻ പറഞ്ഞു: “എനിക്കു അവരോടു അലിവു തോന്നുന്നു.” അതുകൊണ്ട് അവൻ അവർക്ക് അത്ഭുതകരമായി ഭക്ഷണം നൽകി. (മർക്കൊസ് 8:1-8) യേശു പര്യടനം നടത്തിയപ്പോൾ ജനസഞ്ചയങ്ങളെ പഠിപ്പിക്കുക മാത്രമല്ല ചെയ്തത്, അവൻ അവരുടെ ആവശ്യങ്ങൾ സംബന്ധിച്ച് ശ്രദ്ധയുള്ളവനുമായിരുന്നു. (മത്തായി 9:35, 36) അത്തരമൊരു പര്യടനത്തിനുശേഷം യേശുവിനും അവന്റെ അപ്പോസ്തലന്മാർക്കും ആഹാരം കഴിക്കാൻപോലും സമയം കിട്ടിയില്ല. ബൈബിൾ വിവരണം നമ്മോടു പറയുന്നു: “അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി. അവർ പോകുന്നതു പലരു കണ്ടു അറിഞ്ഞു, എല്ലാപട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ എത്തി. അവൻ പടകിൽനിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.”—മർക്കൊസ് 6:31-34.
പ്രവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത് കേവലം ജനങ്ങളുടെ രോഗവും ദാരിദ്ര്യവുമായിരുന്നില്ല, മറിച്ച് അവരുടെ ആത്മീയ അവസ്ഥയായിരുന്നു. അവരുടെ നേതാക്കന്മാർ അവരെ മുതലെടുക്കുകയായിരുന്നു. അതുകൊണ്ട് യേശുവിന് ‘അവരോട് മനസ്സലിവ്’ തോന്നി. “മനസ്സലിഞ്ഞു” എന്നതിനുള്ള ഗ്രീക്ക് പദത്തിന്റെ അർഥം “ആഴമായ സഹതാപം തോന്നുക” എന്നാണ്. യേശു തീർച്ചയായും അനുകമ്പയുള്ള ഒരു മനുഷ്യനായിരുന്നു!
ഒരു ക്രൂരമായ ലോകത്ത് അനുകമ്പ
യേശുക്രിസ്തു ഇപ്പോൾ യഹോവയുടെ സ്വർഗീയ രാജ്യത്തിന്റെ രാജാവാണ്. പുരാതന ഇസ്രായേലിൽ ചെയ്തതുപോലെതന്നെ ദൈവം ഇന്ന് തന്റെ ജനത്തെ അനുകമ്പയോടെ ഭരിക്കുന്നു. “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; . . . ഞാൻ അവരെ ആദരിക്കും [“അവരോട് അനുകമ്പകാട്ടും,” NW].”—മലാഖി 3:17.
യഹോവയുടെ അനുകമ്പയുടെ സ്വീകർത്താക്കളാകാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും അവന്റെ വഴികൾ അനുകരിക്കണം. ദരിദ്രരെ സഹായിക്കുന്നതിനെക്കാൾ സ്വന്തം കാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കുന്ന ആളുകളുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നതു സത്യംതന്നെ. അധികാര സ്ഥാനത്തുള്ളവർ മിക്കപ്പോഴും തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷിതത്വം ബലികഴിച്ചുകൊണ്ട് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നു. അനേകരുടെ ഹൃദയത്തിലെ അനുകമ്പയെ ഇല്ലായ്മ ചെയ്തിരിക്കുന്ന, നമ്മുടെ കാലത്തെ ധാർമിക സ്ഥിതിവിശേഷത്തെ 2 തിമൊഥെയൊസ് 3:1-4-ൽ ബൈബിൾ കൃത്യമായി വിവരിക്കുന്നു.
എങ്കിലും, സാധ്യതയനുസരിച്ച് അനുകമ്പ പ്രകടമാക്കാനുള്ള അവസരങ്ങൾ നമുക്കു കണ്ടെത്താൻ കഴിയും. നമ്മുടെ അയൽക്കാർക്ക് ആവശ്യമായ എന്തെങ്കിലും സഹായം ചെയ്യാൻ നമുക്കു കഴിയുമോ? രോഗികളായിരിക്കുന്നവരെ നമുക്ക് സന്ദർശിക്കാൻ കഴിയുമോ? “വിഷാദമുള്ള ദേഹികളോട് ആശ്വാസദായകമായി സംസാരിക്കുവിൻ, ബലഹീനരെ താങ്ങുവിൻ,” എന്ന ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ, നമുക്ക് വിഷാദമഗ്നരെ ആശ്വസിപ്പിക്കാൻ കഴിയുമോ?—1 തെസ്സലൊനീക്യർ 5:14.
മറ്റുള്ളവർ തെറ്റുകൾ വരുത്തുമ്പോൾ പരുഷമായി പ്രതികരിക്കുന്നത് ഒഴിവാക്കാനും അനുകമ്പ നമ്മെ സഹായിക്കും. “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:31, 32.
അധികാരം ദുർവിനിയോഗം ചെയ്യാനുള്ള പ്രവണത ഒഴിവാക്കാൻ അനുകമ്പ നമ്മെ സഹായിക്കും. ബൈബിൾ പറയുന്നു: “ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു [“അനുകമ്പ” NW], ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരി”ക്കുക. (കൊലൊസ്സ്യർ 3:12) നമ്മുടെ മേൽനോട്ടത്തിൻ കീഴിലുള്ളവരുടെ സ്ഥാനത്ത് നമ്മെത്തന്നെ നിർത്താൻ താഴ്മ നമ്മെ പ്രാപ്തരാക്കുന്നു. അനുകമ്പ ഉള്ളവരായിരിക്കുന്നതിൽ, പ്രീതിപ്പെടുത്താൻ പ്രയാസമുള്ളവരായിരിക്കുന്നതിനു പകരം താഴ്മയും ന്യായയുക്തതയും ഉള്ളവരായിരിക്കുന്നത് ഉൾപ്പെടുന്നു. ആളുകളെ വെറും യന്ത്രഭാഗങ്ങൾപോലെ കൈകാര്യം ചെയ്യുന്നതിന് കാര്യക്ഷമത ഒരു ഒഴികഴിവായിരിക്കരുത്. കൂടാതെ, കുടുംബത്തിൽ അനുകമ്പയുള്ള ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാർ ബലഹീന പാത്രങ്ങളാണെന്ന് ഓർമിക്കുന്നു. (1 പത്രൊസ് 3:7) യേശുവിന്റെ അനുകമ്പാപൂർവമായ ദൃഷ്ടാന്തത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് ഈ കാര്യങ്ങളിലെല്ലാം സഹായകമാണ്.
തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് ആളുകളോട് അവന് ആഴമായ മനസ്സലിവ് തോന്നിയതുകൊണ്ട്, അവൻ ഇപ്പോഴും തുടർന്നും അനുകമ്പയുള്ള ഒരു ഭരണാധിപനായിരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവനെക്കുറിച്ച് സങ്കീർത്തനം 72 പ്രാവചനികമായി ഇങ്ങനെ പറയുന്നു: “ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ; അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾവരെയും ഭരിക്കട്ടെ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.”—സങ്കീർത്തനം 72:4, 8, 13.
ദൈവവചനം മുൻകൂട്ടിപ്പറയുന്നു: “അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; . . .അവൻ . . . ദുഷ്ടനെ കൊല്ലും.” ക്രൂരരായ, മൃഗസമാനരായ ചില ആളുകൾപോലും തങ്ങളുടെ വഴികളിൽ എങ്ങനെ മാറ്റം വരുത്തുമെന്ന് വിവരിച്ചശേഷം, പ്രവചനം തുടരുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശയ്യാവു 11:4-9) വാസ്തവത്തിൽ ഈ പ്രവചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്, യഹോവയെ അറിയുകയും അവന്റെ അനുകമ്പാർദ്രമായ വഴികൾ അനുകരിക്കുകയും ചെയ്യുന്ന ഒരു ഭൂവ്യാപക ജനസമുദായത്തെയാണ്!