അവർ യഹോവയുടെ ഹിതം ചെയ്തു
ഏലീയാവ് സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നു
അവൻ ഇസ്രായേലിലെ ഏറ്റവുമധികം വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു. രാജാവ് കണ്ടുപിടിച്ചാൽ അവനെ വധിച്ചതുതന്നെ. വേട്ടയാടപ്പെട്ട ഈ മനുഷ്യൻ ആരായിരുന്നു? യഹോവയുടെ പ്രവാചകനായ ഏലീയാവ്.
ആഹാബ് രാജാവും അദ്ദേഹത്തിന്റെ പുറജാതീയ ഭാര്യ ഈസേബെലും ഇസ്രായേലിൽ ബാൽ ആരാധന തഴച്ചുവളരാൻ ഇടയാക്കിയിരുന്നു. തത്ഫലമായി, യഹോവ ദേശത്ത് ഒരു വരൾച്ച വരുത്തിയിരുന്നു, അതിപ്പോൾ 4-ാം വർഷത്തിലേക്കു കടന്നിരിക്കുന്നു. കലിയിളകിയ ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ വധിക്കാൻ കച്ചകെട്ടിയിറങ്ങി. എന്നാൽ ആഹാബിനു വിശേഷിച്ചും ഏലീയാവിനെയാണു വേണ്ടിയിരുന്നത്. മൂന്നുവർഷംമുമ്പ് ആഹാബിനോട് ഇങ്ങനെ പറഞ്ഞത് ഏലീയാവായിരുന്നു: “ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല.” (1 രാജാക്കന്മാർ 17:1) തത്ഫലമായുണ്ടായ വരൾച്ച അപ്പോഴും തുടരുകയായിരുന്നു.
ഈ അപകടകരമായ സ്ഥിതിവിശേഷത്തിൽ, യഹോവ ഏലീയാവിനോടു പറഞ്ഞു: “നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു.” ജീവൻ പണയപ്പെടുത്തിക്കൊണ്ട്, ഏലീയാവ് യഹോവയുടെ കൽപ്പന അനുസരിച്ചു.—1 രാജാക്കന്മാർ 18:1, 2.
രണ്ട് എതിരാളികൾ സന്ധിക്കുന്നു
ആഹാബ് ഏലീയാവിനെ കണ്ടപ്പോൾ ചോദിച്ചു: “ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ?” ഏലീയാവ് സധൈര്യം മറുപടി പറഞ്ഞു: “യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.” പിന്നെ “ബാലിന്റെ നാനൂററമ്പതു പ്രവാചകന്മാരെയും” “നാനൂറു അശേരാപ്രവാചകന്മാരെയും” ഉൾപ്പെടെ എല്ലാ ഇസ്രായേല്യരെയും കർമ്മേൽപർവ്വതത്തിൽ കൂട്ടിവരുത്തണമെന്ന് ഏലീയാവ് നിർദേശിച്ചു. എന്നിട്ട് അവൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു: “നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? [“രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളുമായി മുടന്തിനടക്കും?” NW]a യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ; ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ.”—1 രാജാക്കന്മാർ 18:17-21.
ആളുകൾ നിശബ്ദരായിരുന്നു. യഹോവയ്ക്കു സമ്പൂർണ ഭക്തി കൊടുക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടിരിക്കുന്നുവെന്ന് അവർ തിരിച്ചറിഞ്ഞിരിക്കാം. (പുറപ്പാടു 20:4, 5) അല്ലെങ്കിൽ യഹോവയ്ക്കും ബാലിനുമായി വിശ്വസ്തത പങ്കുവെക്കുന്നതിൽ ഒരു തെറ്റുമില്ലെന്നു വിചാരിക്കുമാറ് അവരുടെ മനസ്സാക്ഷി തഴമ്പിച്ചുപോയിരിക്കാം. എന്തായാലും, ഏലീയാവ് ആളുകളോടു രണ്ടു കാളക്കുട്ടികളെ കൊണ്ടുവരാൻ നിർദേശിച്ചു—ഒന്നു ബാലിന്റെ പ്രവാചകന്മാർക്കുവേണ്ടിയും മറ്റേത് അവനുവേണ്ടിയും. രണ്ടു കാളക്കുട്ടികളെയും ബലിക്കായി ഒരുക്കി തീ ഇടാതെവെക്കണമായിരുന്നു. ഏലീയാവ് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ.”—1 രാജാക്കന്മാർ 18:23, 24.
യഹോവ മഹത്ത്വീകരിക്കപ്പെടുന്നു
ബാലിന്റെ പ്രവാചകന്മാർ “തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുററും . . . തുള്ളിച്ചാടിക്കൊണ്ടിരുന്നു.” രാവിലെമുതൽ ഉച്ചവരെ അവർ വിളിച്ചപേക്ഷിച്ചു: “ബാലേ, ഉത്തരമരുളേണമേ.” എന്നാൽ ബാൽ വിളികേട്ടില്ല. (1 രാജാക്കന്മാർ 18:26) അപ്പോൾ ഏലീയാവ് അവരെ കളിയാക്കാൻ തുടങ്ങി: “ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ.” (1 രാജാക്കന്മാർ 18:27) ബാലിന്റെ പ്രവാചകന്മാർ വാൾകൊണ്ടും കുന്തംകൊണ്ടും സ്വയം കുത്തിമുറിവേൽപ്പിക്കാനും തുടങ്ങി—തങ്ങളുടെ ദൈവങ്ങളുടെ സഹതാപം പിടിച്ചുപറ്റുന്നതിനു പുറജാതീയർ പലപ്പോഴും ചെയ്തിരുന്ന ഒരാചാരമായിരുന്നു അത്.b—1 രാജാക്കന്മാർ 18:28.
ഇപ്പോൾ ഉച്ചതിരിഞ്ഞു. ബാൽ ആരാധകർ “വെളിച്ചപ്പെട്ടുകൊണ്ടിരുന്നു [“പ്രവാചകന്മാരെപ്പോലെ പെരുമാറിക്കൊണ്ടിരുന്നു,” NW]”—ഉന്മാദലഹരിയിൽ ആത്മസംയമനമില്ലാതെ പെരുമാറുക എന്ന ആശയമാണ് ഈ സന്ദർഭത്തിൽ പ്രസ്തുത പ്രയോഗം നൽകുന്നത്. സമയം ഉച്ചതിരിഞ്ഞ് വളരെയായിരുന്നു. ഏലീയാവ് അവസാനം സർവജനത്തോടുമായി പറഞ്ഞു: “എന്റെ അടുക്കൽ വരുവിൻ.” ഏലീയാവ് യഹോവയുടെ യാഗപീഠം നന്നാക്കി അതിനുചുറ്റും ഒരു തോട് ഉണ്ടാക്കി, കാളക്കുട്ടിയെ കഷണങ്ങളാക്കി, ദഹിപ്പിക്കാൻ വിറക് അടുക്കിവെച്ച യാഗപീഠത്തിന്മേൽ വെക്കുന്നത് എല്ലാവരും സസൂക്ഷ്മം നിരീക്ഷിച്ചു. തോടു നിറച്ചത് (മധ്യധരണ്യാഴിയിൽനിന്നു കൊണ്ടുവന്ന വെള്ളംകൊണ്ടാണെന്നതിൽ സംശയമില്ല). കാള, യാഗപീഠം, വിറക് എന്നിവയെല്ലാം വെള്ളത്തിൽ കുതിർത്തു. എന്നിട്ട് ഏലീയാവ് യഹോവയോടു പ്രാർഥിച്ചു: “യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടു വരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ.”—1 രാജാക്കന്മാർ 18:29-37.
പെട്ടെന്ന്, ആകാശത്തുനിന്നു തീ ഇറങ്ങി, “ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വററിച്ചുകളഞ്ഞു.” കണ്ടുനിന്ന ജനം കവിണ്ണുവീണു പറഞ്ഞു: “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം.” തുടർന്ന് ഏലീയാവിന്റെ കൽപ്പനയിങ്കൽ ബാലിന്റെ പ്രവാചകന്മാരെ പിടികൂടി കീശോൻതാഴ്വരയിൽ കൊണ്ടുചെന്ന് അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.—1 രാജാക്കന്മാർ 18:38-40.
നമുക്കുള്ള പാഠം
അമാനുഷമെന്നു തോന്നുന്ന ധൈര്യമാണ് ഏലീയാവ് പ്രകടമാക്കിയത്. എന്നിട്ടും, “ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു”വെന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് ഉറപ്പുതരുന്നു. (യാക്കോബ് 5:17) സ്വാഭാവികമായും അവനു കുറച്ചൊക്കെ ഭയവും ഉത്കണ്ഠയും ഉണ്ടായിരുന്നിരിക്കണം. ഉദാഹരണത്തിന്, ബാലിന്റെ പ്രവാചകരുടെ നഷ്ടത്തിന് പ്രതികാരം ചെയ്യുമെന്നു പിന്നീട് ഈസേബെൽ ശപഥം ചെയ്തപ്പോൾ, ഏലീയാവ് പലായനം ചെയ്തു. അവൻ യഹോവയോട് പ്രാർഥനയിൽ അപേക്ഷിച്ചു: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ.”—1 രാജാക്കന്മാർ 19:4.
യഹോവ ഏലീയാവിന്റെ പ്രാണനെ എടുത്തില്ല. പകരം, അവൻ കരുണാപൂർവം സഹായം പ്രദാനം ചെയ്തു. (1 രാജാക്കന്മാർ 19:5-8) ഇന്ന് ദൈവദാസർ എതിർപ്പുപോലുള്ള സംഗതികളാൽ കടുത്ത ഉത്കണ്ഠ നേരിടുമ്പോൾ, യഹോവ അതുതന്നെ ചെയ്യുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. നിശ്ചയമായും, യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുന്നെങ്കിൽ, അവർക്കാവശ്യമായ “അത്യന്തശക്തി [“സാധാരണയിൽ കവിഞ്ഞ ശക്തി,” NW]” പ്രദാനം ചെയ്യാൻ അവനു കഴിയും, അങ്ങനെ അവർ “ബുദ്ധിമുട്ടുന്ന”വരെങ്കിലും “ഇടുങ്ങിയിരിക്കു”കയില്ല. സഹിച്ചുനിൽക്കാൻ അവർ സഹായിക്കപ്പെടും, ഏലീയാവിനെപ്പോലെ.—2 കൊരിന്ത്യർ 4:7, 8.
[അടിക്കുറിപ്പുകൾ]
a ഏലീയാവ് പരാമർശിച്ചത് ബാൽ ആരാധകരുടെ പൂജാനൃത്തത്തെയാകാമെന്നു ചില പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. ബാലിന്റെ പ്രവാചകന്മാരുടെ നൃത്തത്തെ വർണിക്കാൻ ‘മുടന്തിനടക്കുക’യെന്ന ഇതേ പദം 1 രാജാക്കന്മാർ 18:26-ൽ (NW) ഉപയോഗിച്ചിട്ടുണ്ട്.
b സ്വയം മുറിവേൽപ്പിക്കുന്നതിനു നരബലി ആചാരവുമായി ബന്ധമുണ്ടെന്നു ചിലർ അഭിപ്രായപ്പെടുന്നു. രണ്ടു പ്രവൃത്തികളുടെയും സൂചന ശരീരപീഡനത്തിലൂടെയോ രക്തച്ചൊരിച്ചിലിലൂടെയോ ഒരു ദേവന്റെ പ്രീതി സമ്പാദിക്കാനാകുമെന്നായിരുന്നു.