നിങ്ങളൊരു ശുഭപ്രതീക്ഷകനോ അതോ അശുഭപ്രതീക്ഷകനോ?
“അത് ഏറ്റവും നല്ല കാലമായിരുന്നു, അത് ഏറ്റവും മോശമായ കാലമായിരുന്നു, . . . അതു പ്രത്യാശയുടെ വസന്തമായിരുന്നു, അതു നിരാശയുടെ ശിശിരമായിരുന്നു. ഞങ്ങൾക്കു മുന്നിൽ എല്ലാമുണ്ടായിരുന്നു, ഞങ്ങൾക്കു മുന്നിൽ ഒന്നുമില്ലായിരുന്നു.” ചാൾസ് ഡിക്കൻസിന്റെ സർവോത്കൃഷ്ട കൃതിയായ രണ്ടു നഗരങ്ങളുടെ കഥയുടെ (ഇംഗ്ലീഷ്) പ്രാരംഭ വാക്കുകളാണവ. സംഭവങ്ങൾക്കു നമ്മുടെ ചിന്തയെയും വികാരങ്ങളെയും വീക്ഷണത്തെയും എങ്ങനെ ബാധിക്കാൻ കഴിയുമെന്ന് അതു വിദഗ്ധമായി വിപരീത താരതമ്യം ചെയ്യുന്നു.
അതിൽ പരാമർശിച്ചിരിക്കുന്ന രണ്ടു നഗരങ്ങൾ ഫ്രഞ്ച് വിപ്ലവം അരങ്ങേറിയ പ്രക്ഷുബ്ധതയുടെ നാളുകളിലെ ലണ്ടനും പാരീസുമാണ്. 18-ാം നൂറ്റാണ്ടിൽ ഫ്രാൻസിലുണ്ടായിരുന്ന മർദിത ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യാവകാശങ്ങൾ സംബന്ധിച്ച വിപ്ലവപ്രഖ്യാപനം തീർച്ചയായും “പ്രത്യാശയുടെ വസന്ത”മായിരുന്നു. എന്നാൽ വിപ്ലവപൂർവ രാഷ്ട്രീയ വ്യവസ്ഥിതിയെ അഥവാ സ്ഥാനമൊഴിയുന്ന രാഷ്ട്രീയ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അത് മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന “നിരാശയുടെ ശിശിര”മായിരുന്നു.
ശുഭപ്രതീക്ഷയോ അശുഭപ്രതീക്ഷയോ? അതെല്ലാം ആശ്രയിച്ചിരുന്നത് ഒരുവൻ ഏതു പക്ഷത്തായിരുന്നുവെന്നതിനെയാണ്. ഇപ്പോഴും അതിനു മാറ്റമില്ല.
ആത്മവിശകലനത്തിനുള്ള സമയം
നിങ്ങളൊരു ശുഭപ്രതീക്ഷകനാണോ? എപ്പോഴും ഏറ്റവും നല്ലതു പ്രതീക്ഷിച്ചുകൊണ്ട് ജീവിതത്തിന്റെ ശോഭനവശം നിങ്ങൾ കാണാറുണ്ടോ? അതോ നിങ്ങൾക്കു ഭവിക്കാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച് നിഷേധാത്മകമായ ഒരു വീക്ഷണം സ്വീകരിച്ചുകൊണ്ട്, ഏറ്റവും നല്ലതിനു വേണ്ടി ആശിക്കുമ്പോൾത്തന്നെ ഏറ്റവും മോശമായതു പ്രതീക്ഷിക്കുന്ന അശുഭപ്രതീക്ഷകനായിരിക്കാനാണോ നിങ്ങളുടെ പ്രവണത?
അറുപത് വർഷം മുമ്പ് അമേരിക്കൻ നോവലിസ്റ്റായ ജയിംസ് ബ്രാഞ്ച് കാബെൽ ഈ രണ്ട് വിരുദ്ധ തത്ത്വചിന്തകളെ ഇങ്ങനെ സംഗ്രഹിച്ചു: “നാം ജീവിക്കുന്നത് സാധ്യമായ ഏറ്റവും നല്ല കാലത്താണെന്നു ശുഭപ്രതീക്ഷകൻ ഘോഷിക്കുന്നു; അതു സത്യമാണോയെന്ന് അശുഭപ്രതീക്ഷകൻ സംശയിക്കുന്നു.” അതു ദോഷൈകപരമായ വീക്ഷണമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, താഴെ കൊടുത്തിരിക്കുന്നപ്രകാരം ഇന്നത്തെ ലോകത്തിന്റെ കേവലം മൂന്നു വശങ്ങൾ സംബന്ധിച്ച അനുകൂലവും പ്രതികൂലവുമായ കാര്യങ്ങൾ പരിശോധിക്കുക. തുടർന്ന് നിങ്ങളുടെ പ്രതികരണങ്ങൾ അപഗ്രഥനം ചെയ്തിട്ട് സ്വയം ചോദിക്കുക, ‘ഞാനൊരു ശുഭപ്രതീക്ഷകനാണോ അതോ അശുഭപ്രതീക്ഷകനാണോ?’
ശാശ്വത സമാധാനം: കുഴപ്പങ്ങളുള്ള എത്ര സ്ഥലങ്ങളുടെ പേര് നിങ്ങൾക്കു പറയാനാകും? അയർലൻഡ്, മുൻ യൂഗോസ്ലാവിയ, മധ്യപൂർവദേശം, ബുറുണ്ടി, റുവാണ്ട—ഇവയൊക്കെ പെട്ടെന്നുതന്നെ മനസ്സിലേക്കു വരുന്നു. ശാശ്വതവും ആഗോളതലത്തിലുള്ളതുമായ സമാധാനം ഉറപ്പു വരുത്തുന്നതിന് ഇവിടങ്ങളിലെയും മറ്റിടങ്ങളിലെയും പ്രശ്നങ്ങൾ എന്നെങ്കിലും പരിഹരിക്കാനാകുമോ? ലോകം സമാധാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണോ?
സാമ്പത്തിക ഭദ്രത: 1999-ഓടെ സാമ്പത്തിക ഏകീകരണത്തിനു പ്രതീക്ഷിക്കുന്ന യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ നാണയപ്പെരുപ്പവും പൊതുജനങ്ങളോടുള്ള ഋണബാധ്യതയും പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. അഴിമതി അമേരിക്കയിലെയും ആഫ്രിക്കയിലെയും രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെ കാർന്നുതിന്നുന്നു. അവിടത്തെ നാണയപ്പെരുപ്പം പേറാനാകാത്ത ഭാരമാണ് ഉളവാക്കിയിരിക്കുന്നത്. മാത്രവുമല്ല, വംശീയ പ്രശ്നങ്ങൾ ഇപ്പോഴും ആളുകളെ ഭിന്നിപ്പിച്ചുനിർത്തുന്നു. ലോക സാമ്പത്തിക ഭദ്രത പടിവാതിൽക്കലാണോ?
തൊഴിലില്ലായ്മ: 1997-ലെ ദേശീയ തെരഞ്ഞെടുപ്പിൽ, തങ്ങളുടെ അജണ്ടയിൽ തൊഴിലിന് മുന്തിയ സ്ഥാനം നൽകാൻ ബ്രിട്ടനിലെ സഭകൾ ഒന്നടങ്കം എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ചു. എന്നാൽ ലോകത്തിലെ തൊഴിൽസന്നദ്ധരുടെ 30 ശതമാനവും തൊഴിലില്ലാത്തവരാണ് അല്ലെങ്കിൽ വേണ്ടത്ര തൊഴിലില്ലാത്തവരാണ്. അതിന്റെ വീക്ഷണത്തിൽ സ്ഥായിയായ, പൂർണമായ ജോലി ലഭിക്കുമോ—വിശേഷിച്ചും യുവജനങ്ങൾക്ക്?
അശുഭപ്രതീക്ഷകനായിരിക്കുക എത്ര എളുപ്പമാണ്! എങ്കിലും, ശോഭനമായ ഒരു വശമുണ്ട്. ശുഭപ്രതീക്ഷയുള്ള ഒരു വീക്ഷണം വളർത്തിയെടുക്കാൻ എങ്ങനെ സാധിക്കുമെന്ന് പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[3-ാം പേജിലെ ചിത്രം]
ഫ്രഞ്ച് വിപ്ലവം
[കടപ്പാട]
ലോകത്തിന്റെ ചിത്രാവിഷ്കൃത ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്