ഇന്ന് ശുഭപ്രതീക്ഷയ്ക്കുള്ള ഈടുറ്റ അടിസ്ഥാനം
ചരിത്രകാരനും സാമൂഹ്യശാസ്ത്രജ്ഞനുമായ എച്ച്. ജി. വെൽസിന്റെ ജനനം 1866-ലായിരുന്നു. അദ്ദേഹം 20-ാം നൂറ്റാണ്ടിലെ ആളുകളുടെ ചിന്തയിൽ ശക്തമായ ഒരു സ്വാധീനം ചെലുത്തി. ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമസ്ത ഐശ്വര്യങ്ങളുടെയും സഹസ്രാബ്ദം സ്വതവേ വന്നുചേരുമെന്ന വിശ്വാസം തന്റെ എഴുത്തുകളിൽ അദ്ദേഹം മുഴപ്പിച്ചുകാട്ടി. തന്റെ ആശയഗതിയുടെ പ്രചാരണത്തിനായി അവിരാമം പ്രവർത്തിച്ച വെൽസിനുണ്ടായിരുന്ന “സീമാതീത ശുഭപ്രതീക്ഷ”യെക്കുറിച്ച് കോളിയേഴ്സ് എൻസൈക്ലോപീഡിയ അനുസ്മരിക്കുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷ തകർന്നുപോയെന്നുകൂടി അതു പറയുന്നു.
“ശാസ്ത്രത്തിനു നന്മയെന്നപോലെ തിന്മയും പ്രവർത്തിക്കാനാകു”മെന്ന അവബോധം വെൽസിനുണ്ടായപ്പോൾ “വിശ്വാസം നഷ്ടപ്പെട്ട അദ്ദേഹം അശുഭപ്രതീക്ഷയുടെ പിടിയിലമർന്നു” എന്ന് ചേംബേഴ്സ് ബയോഗ്രഫിക്കൽ ഡിക്ഷനറി പ്രസ്താവിക്കുന്നു. എന്തുകൊണ്ടാണ് അതു സംഭവിച്ചത്?
വെൽസിന്റെ വിശ്വാസവും ശുഭപ്രതീക്ഷയും തികച്ചും മാനുഷിക നേട്ടങ്ങളിലായിരുന്നു അധിഷ്ഠിതമായിരുന്നത്. തന്റെ ആദർശലോകം നേടാൻ മനുഷ്യനു സാധിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ, അദ്ദേഹത്തിനു തിരിയാൻ വേറൊരിടവുമില്ലായിരുന്നു. നൈരാശ്യം പെട്ടെന്നുതന്നെ അശുഭപ്രതീക്ഷയായി മാറി.
ഇന്ന് അതേ അനുഭവം പലർക്കുമുണ്ടാകുന്നു. കാരണവും അതുതന്നെ. ചെറുപ്പത്തിൽ അവർക്കു ശുഭപ്രതീക്ഷയേ ഉള്ളൂ. എന്നാൽ, പ്രായമേറുന്തോറും അവർ ദുഃഖകരമായ അശുഭപ്രതീക്ഷയുടെ പിടിയിലമരുന്നു. യുവപ്രായക്കാർപോലും, സാധാരണ ജീവിതം എന്നു വിളിക്കപ്പെടുന്നത് ത്യജിച്ചുകൊണ്ട് മയക്കുമരുന്ന് ദുരുപയോഗത്തിലും കുത്തഴിഞ്ഞതും നാശകരവുമായ ജീവിതരീതികളിലും മറ്റും മുങ്ങിത്തുടിക്കുകയാണ്. എന്താണതിനു പരിഹാരം? ബൈബിൾകാലങ്ങളിലെ പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിച്ചുകൊണ്ട്—കഴിഞ്ഞകാലത്തും വർത്തമാനകാലത്തും ഭാവികാലത്തും—ശുഭപ്രതീക്ഷയ്ക്ക് എന്ത് അടിസ്ഥാനമുണ്ടെന്ന് കാണുക.
അബ്രാഹാമിന്റെ ശുഭപ്രതീക്ഷയ്ക്കു പ്രതിഫലം ലഭിക്കുന്നു
പൊ.യു.മു. 1943-ൽ ഹാരാനിൽനിന്നു യാത്രതിരിച്ച അബ്രാഹാം യൂഫ്രട്ടീസ് നദി കുറുകെ കടന്ന് കനാൻദേശത്തെത്തി. ‘വിശ്വസിക്കുന്നവർക്കു പിതാവായി’ അബ്രാഹാമിനെ വർണിച്ചിരിക്കുന്നു. അവൻ എത്ര നല്ലൊരു മാതൃകയാണു വെച്ചത്!—റോമർ 4:11.
അബ്രാഹാമിന്റെ അനാഥനായ സഹോദരപുത്രൻ ലോത്തും കുടുംബവും അവനോടൊപ്പമുണ്ടായിരുന്നു. പിന്നീട് ആ ദേശത്ത് ഒരു ക്ഷാമമുണ്ടായപ്പോൾ, ആ രണ്ടു കുടുംബങ്ങളും ഈജിപ്തിലേക്കു താമസം മാറ്റി. യഥാകാലം അവർ മടങ്ങിവരുകയും ചെയ്തു. അപ്പോഴേക്കും അബ്രാഹാമിന്റെയും ലോത്തിന്റെയും സമ്പത്തും ആടുമാടുകളും ധാരാളമായി വർധിച്ചിരുന്നു. അവരുടെ ഇടയന്മാർ തമ്മിൽ ശണ്ഠയുണ്ടായപ്പോൾ മുൻകൈ എടുത്തുകൊണ്ട് അബ്രാഹാം പറഞ്ഞു: “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം.”—ഉല്പത്തി 13:8, 9.
പ്രായക്കൂടുതലുള്ള അബ്രാഹാമിന്, തനിക്കു ഗുണം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ നീക്കാമായിരുന്നു. അതേസമയം, തന്റെ മാതുലനോടുള്ള ആദരവു നിമിത്തം ലോത്തിന് അബ്രാഹാമിന്റെ തിരഞ്ഞെടുപ്പിനു വഴങ്ങുകയും ചെയ്യാമായിരുന്നു. പകരം, “ലോത്ത് നോക്കി യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു. ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു.” അത്തരമൊരു തിരഞ്ഞെടുപ്പു നടത്തിയ ലോത്തിന് ശുഭപ്രതീക്ഷയുണ്ടായിരിക്കാൻ സകല കാരണവുമുണ്ടായിരുന്നു. എന്നാൽ അബ്രാഹാമിന്റെ കാര്യമോ?—ഉല്പത്തി 13:10, 11.
തന്റെ കുടുംബത്തിന്റെ ക്ഷേമം അപകടത്തിലാക്കിക്കൊണ്ട് അബ്രാഹാം വിഡ്ഢിത്തം കാട്ടുകയായിരുന്നോ? അല്ല. അബ്രാഹാമിന്റെ ക്രിയാത്മകവും ഉദാരവുമായ മനോഭാവം അവനു സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തി. യഹോവ അബ്രാഹാമിനോടു പറഞ്ഞു: “തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.”—ഉല്പത്തി 13:14, 15.
അബ്രാഹാമിന്റെ ശുഭപ്രതീക്ഷയ്ക്ക് ഈടുറ്റ അടിസ്ഥാനമുണ്ടായിരുന്നു. “[അബ്രാഹാം മുഖാന്തരം] ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്ക”പ്പെടാൻ തക്കവണ്ണം അവനിൽനിന്ന് ഒരു മഹാജാതിയെ ഉളവാക്കുമെന്നുള്ള ദൈവവാഗ്ദത്തത്തിൽ അടിസ്ഥാനപ്പെട്ടതായിരുന്നു അത്. (ഉല്പത്തി 12:2-4, 7) “ദൈവത്തെ സ്നേഹിക്കുന്നവർക്ക് . . . അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു”വെന്ന് അറിഞ്ഞുകൊണ്ട് ഉറപ്പുള്ളവരായിരിക്കാൻ നമുക്കും തക്ക കാരണമുണ്ട്.—റോമർ 8:28, പി.ഒ.സി. ബൈബിൾ.
ശുഭപ്രതീക്ഷയുള്ള രണ്ട് ഒറ്റുനോട്ടക്കാർ
400-ലധികം വർഷങ്ങൾക്കുശേഷം, ഇസ്രായേൽജനത കനാനിലേക്ക്, “പാലും തേനും ഒഴുകുന്ന” ദേശത്തേക്ക് പ്രവേശിക്കാൻ സജ്ജരായി നിൽക്കുകയായിരുന്നു. (പുറപ്പാടു 3:8; ആവർത്തനപുസ്തകം 6:3) ‘ദേശം ഒററുനോക്കീട്ടു തങ്ങൾ ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരേണ്ടതിന്’ മോശ 12 ഗോത്രത്തലവന്മാരെ നിയോഗിച്ചു. (ആവർത്തനപുസ്തകം 1:22; സംഖ്യാപുസ്തകം 13:2) ആ ദേശത്തിന്റെ സമൃദ്ധിയെക്കുറിച്ചു വിവരിക്കുന്നതിൽ ആ 12 ഒറ്റുനോട്ടക്കാരും ഏകാഭിപ്രായമുള്ളവരായിരുന്നു. എന്നാൽ അവരിൽ 10 പേർ അശുഭപ്രതീക്ഷയുള്ള ഒരു റിപ്പോർട്ടാണു നൽകിയത്. അത് ജനഹൃദയങ്ങളിൽ ഭയം ഉളവാക്കി.—സംഖ്യാപുസ്തകം 13:31-33.
നേരേമറിച്ച്, യോശുവയും കാലേബും ആളുകൾക്കു നൽകിയത് ശുഭപ്രതീക്ഷയുള്ള ഒരു സന്ദേശമായിരുന്നു. കൂടാതെ, ആളുകളുടെ ഭയം ദൂരികരിക്കാൻ തങ്ങളാലാവുന്നതെല്ലാം അവർ ചെയ്തു. വാഗ്ദത്തദേശത്തേക്ക് തങ്ങളെ മടക്കിവരുത്തുമെന്നുള്ള യഹോവയുടെ വചനം നിവർത്തിക്കാനുള്ള അവന്റെ കഴിവിൽ സമ്പൂർണ വിശ്വാസം പ്രതിഫലിപ്പിക്കുന്നതായിരുന്നു അവർ പ്രകടമാക്കിയ മനോഭാവവും നൽകിയ റിപ്പോർട്ടും. എങ്കിലും, അതിനു ഫലമുണ്ടായില്ല. പകരം, “അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു.”—സംഖ്യാപുസ്തകം 13:30; 14:6-10.
യഹോവയിൽ ആശ്രയിക്കാൻ മോശ ജനത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും, അവർ അത് നിരസിച്ചു. തങ്ങളുടെ അശുഭപ്രതീക്ഷാ മനോഭാവത്തിനു മാറ്റം വരുത്താഞ്ഞതിനാൽ 40 വർഷം ആ ജനതയ്ക്കൊന്നടങ്കം മരുഭൂമിയിൽ അലഞ്ഞുതിരിയേണ്ടിവന്നു. 12 ഒറ്റുനോട്ടക്കാരിൽ, യോശുവയ്ക്കും കാലേബിനും മാത്രമേ ശുഭപ്രതീക്ഷയുടെ പ്രതിഫലങ്ങൾ അനുഭവിക്കാനായുള്ളൂ. അടിസ്ഥാന പ്രശ്നം എന്തായിരുന്നു? വിശ്വാസക്കുറവ്. അവർ തങ്ങളുടെ സ്വന്തം ജ്ഞാനത്തിൽ ആശ്രയിച്ചു.—സംഖ്യാപുസ്തകം 14:26-30; എബ്രായർ 3:7-12.
യോനായുടെ ചാഞ്ചല്യം
യോനാ ജീവിച്ചിരുന്നത് പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിലാണ്. യൊരോബെയാം രണ്ടാമന്റെ വാഴ്ചക്കാലത്തെപ്പോഴോ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിനായുള്ള യഹോവയുടെ ഒരു വിശ്വസ്ത പ്രവാചകനായിരുന്നു അവനെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. എങ്കിലും, നീനെവേയിലെ ആളുകൾക്ക് ഒരു മുന്നറിയിപ്പായി വർത്തിക്കാൻ അവിടേക്കു പോകാനുള്ള നിയോഗം അവൻ തിരസ്കരിച്ചു. യോനാ, “അതിൽനിന്ന് തലയൂരി” പകരം യാഫോവിലേക്കു പോകുന്നതാണ് “ഏറെ നല്ലതെന്ന് വിചാരിച്ച”തായി ചരിത്രകാരനായ ജോസീഫസ് പറയുന്നു. അവിടെവെച്ച് അവൻ, ആധുനികകാല സ്പെയിനായിരിക്കാൻ സാധ്യതയുള്ള, തർശീശിലേക്കുള്ള ഒരു പടകിൽ കയറി. (യോനാ 1:1-3) ഈ നിയമനം സംബന്ധിച്ച് യോനാ അശുഭപ്രതീക്ഷയുള്ള അത്തരമൊരു വീക്ഷണം കൈക്കൊണ്ടതിന്റെ കാരണം യോനാ 4:2-ൽ വിശദീകരിച്ചിരിക്കുന്നു.
ഒടുവിൽ തന്റെ നിയോഗം ഏറ്റെടുക്കാൻ യോനാ സമ്മതിച്ചു. പക്ഷേ, നീനെവേയിലെ ആളുകൾ അനുതപിച്ചപ്പോൾ അവൻ കോപാകുലനായി. അതുകൊണ്ട്, യോനായ്ക്കു തണലേകിയ ആവണക്കുചെടി വാടിക്കരിഞ്ഞുപോകാൻ ഇടയാക്കുകവഴി അനുകമ്പ സംബന്ധിച്ച ഒരു ഗുണപാഠം യഹോവ അവനെ പഠിപ്പിച്ചു. (യോനാ 4:1-8) ആ ചെടി ഉണങ്ങിപ്പോയതിൽ യോനായ്ക്കു തോന്നിയ ദുഃഖം “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത” നീനെവേയിലെ 1,20,000 ആളുകളുടെ പേരിൽ തോന്നിയിരുന്നെങ്കിൽ അത് ഏറെ ശരിയായിരുന്നേനേ.—യോനാ 4:11.
യോനായുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ സാധിക്കും? വിശുദ്ധ സേവനം അശുഭപ്രതീക്ഷയ്ക്കു യാതൊരു സ്ഥാനവും നൽകുന്നില്ല. യഹോവയുടെ മാർഗനിർദേശം തിരിച്ചറിഞ്ഞ് പൂർണ ബോധ്യത്തോടെ പിൻപറ്റുന്നെങ്കിൽ, നാം വിജയിക്കും.—സദൃശവാക്യങ്ങൾ 3:5, 6.
പ്രതികൂല സംഗതികൾക്കു മധ്യേയും ശുഭപ്രതീക്ഷ
“ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു” എന്നു ദാവീദുരാജാവു പ്രഖ്യാപിച്ചു. (സങ്കീർത്തനം 37:1) തീർച്ചയായും, അത് ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശമാണ്. കാരണം, ഇന്ന് അനീതിയും വക്രതയും നമുക്കു ചുറ്റും നടമാടുന്നു.—സഭാപ്രസംഗി 8:11.
നാം ദുഷ്ടരോട് അസൂയപ്പെടുന്നില്ലെങ്കിൽപ്പോലും, നിർദോഷികളായ ആളുകൾ അവരുടെ കൈകളാൽ കഷ്ടമനുഭവിക്കുകയോ നാംതന്നെ നീതിരഹിതമായ പ്രവൃത്തികൾക്ക് ഇരകളാകുകയോ ചെയ്യുമ്പോൾ എളുപ്പം നിരാശ തോന്നിയേക്കാം. അത് ആശയറ്റ, അശുഭപ്രതീക്ഷയുള്ള ഒരു മനോഭാവം നമ്മിൽ വളർന്നുവരാൻ കാരണമാക്കിയേക്കാം. അങ്ങനെ തോന്നുമ്പോൾ നാം എന്തു ചെയ്യണം? ഒന്നാമത്, പ്രതികാരം ഒരിക്കലും ഉണ്ടാവുകയില്ല എന്ന ഉദാസീന മനോഭാവം ദുഷ്ടന്മാർക്കു കൈക്കൊള്ളാനാകില്ലെന്ന് നമുക്കു മനസ്സിൽ പിടിക്കാൻ സാധിക്കും. 37-ാം സങ്കീർത്തനം 2-ാം വാക്യത്തിൽ നമുക്ക് ഈ ഉറപ്പു നൽകുന്നു: “അവർ [ദുഷ്പ്രവൃത്തിക്കാർ] പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.”
തന്നെയുമല്ല, നമുക്കു നന്മ ചെയ്തുകൊണ്ടിരിക്കാനും ശുഭപ്രതീക്ഷയുള്ളവരായി നിലകൊള്ളാനും യഹോവയ്ക്കായി കാത്തിരിക്കാനും സാധിക്കും. “ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ [“വിശ്വസ്തരെ,” NW] ഉപേക്ഷിക്കുന്നതുമില്ല” എന്ന് സങ്കീർത്തനക്കാരൻ തുടർന്നു പറഞ്ഞു.—സങ്കീർത്തനം 37:27, 28.
യഥാർഥ ശുഭപ്രതീക്ഷ നിലനിൽക്കുന്നു!
അപ്പോൾ, നമ്മുടെ ഭാവിയുടെ കാര്യമോ? “വേഗത്തിൽ സംഭവിപ്പാനുള്ള” കാര്യങ്ങളെക്കുറിച്ചു ബൈബിളിലെ വെളിപ്പാടു പുസ്തകം നമ്മോടു പറയുന്നു. യുദ്ധത്തെ സൂചിപ്പിക്കുന്ന അഗ്നിനിറമുള്ള ഒരു കുതിരപ്പുറത്തിരിക്കുന്ന സവാരിക്കാരൻ “ഭൂമിയിൽനിന്നു സമാധാനം എടുത്തുകള”യുന്നതായി അക്കൂട്ടത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.—വെളിപ്പാടു 1:1; 6:4
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ പരക്കെയുണ്ടായിരുന്ന—ശുഭപ്രതീക്ഷയുള്ള—ഒരു ചിന്താഗതി അത് ഏറ്റവും അവസാനത്തെ മുഖ്യയുദ്ധം ആയിരിക്കുമെന്നായിരുന്നു. ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ ഡേവിഡ് ലോയിഡ് ജോർജ് 1916-ൽ ഏറെ വാസ്തവികമായ ഒരു അഭിപ്രായം നടത്തി. അദ്ദേഹം പറഞ്ഞു: “ഈ യുദ്ധം, അടുത്ത യുദ്ധംപോലെതന്നെ, യുദ്ധത്തിന് അറുതി വരുത്താനുള്ള യുദ്ധമാണ്.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു. കൂട്ടനശീകരണത്തിനുള്ള അതിഘോരമായ രീതികൾ കണ്ടുപിടിക്കുന്നതിന്റെ ആക്കം വർധിപ്പിക്കുക മാത്രമാണ് രണ്ടാം ലോകമഹായുദ്ധം ചെയ്തത്. അതിനുശേഷം, 50 വർഷം പിന്നിട്ടിട്ടും യുദ്ധത്തിന് അടുത്തെങ്ങും അറുതി വരുമെന്നു തോന്നുന്നില്ല.
അതേ വെളിപ്പാടുപുസ്തകത്തിൽത്തന്നെ, ക്ഷാമത്തെയും മഹാമാരിയെയും മരണത്തെയും പ്രതിനിധീകരിക്കുന്ന മറ്റു കുതിരക്കാരെക്കുറിച്ചും നാം വായിക്കുന്നു. (വെളിപ്പാടു 6:5-8) അന്ത്യകാലം സംബന്ധിച്ച അടയാളത്തിന്റെ കൂടുതലായ സവിശേഷതകളാണ് അവ.—മത്തായി 24:3-8.
അശുഭപ്രതീക്ഷയ്ക്കുള്ള കാരണങ്ങളാണോ അവ? തീർച്ചയായുമല്ല. കാരണം, “ഒരു വെള്ളക്കുതിരയെ”ക്കുറിച്ചും ആ ദർശനം വിവരിക്കുന്നു. “അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.” (വെളിപ്പാടു 6:2) സകല ദുഷ്ടതയും തുടച്ചുനീക്കിക്കൊണ്ട് ലോകവ്യാപകമായി സമാധാനവും ഐക്യവും സ്ഥാപിക്കാൻ സവാരിചെയ്യുന്ന സ്വർഗീയ രാജാവായ യേശുക്രിസ്തുവിനെയാണ് നാമിവിടെ കാണുന്നത്.a
നിയുക്ത രാജാവെന്നനിലയിൽ, യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ ആ രാജ്യം വരാനായി പ്രാർഥിക്കാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥന അഥവാ കർതൃപ്രാർഥന ചൊല്ലാൻ നിങ്ങളും പഠിച്ചിട്ടുണ്ടായിരിക്കാം. അതിൽ നാം പ്രാർഥിക്കുന്നത് ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടപ്പാക്കപ്പെടാനുമാണ്.—മത്തായി 6:9-13.
ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ കേടുപോക്കുന്നതിനു പകരം, തന്റെ മിശിഹൈക രാജാവായ യേശുക്രിസ്തു മുഖാന്തരം നടപടിയെടുത്തുകൊണ്ട് യഹോവ അതിനെ പാടേ നീക്കം ചെയ്യും. അതിന്റെ സ്ഥാനത്ത് “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്ന് യഹോവ പറയുന്നു. ആ സ്വർഗീയ രാജ്യഗവൺമെൻറിൻ കീഴിൽ ഭൂമി മനുഷ്യവർഗത്തിനായി സമാധാനവും സന്തോഷവുമുള്ള ഒരു ഭവനമായിത്തീരും. അവിടത്തെ ജീവിതവും ജോലിയും എന്നെന്നും ആമോദമായിരിക്കും. “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ” എന്ന് യഹോവ പറയുന്നു. “എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:17-22) ഒരിക്കലും പിഴവുപറ്റാത്ത ആ വാഗ്ദാനത്തിൽ നിങ്ങൾ ഭാവി പ്രത്യാശ ഉറപ്പിക്കുന്നെങ്കിൽ, ശുഭപ്രതീക്ഷയുള്ളവരായിരിക്കാൻ നിങ്ങൾക്കു സകല കാരണവുമുണ്ടായിരിക്കും—ഇപ്പോൾ മാത്രമല്ല, എന്നെന്നും!
[അടിക്കുറിപ്പുകൾ]
a ഈ ദർശനത്തെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 16-ാം അധ്യായം ദയവായി കാണുക.
[4-ാം പേജിലെ ചിത്രം]
എച്ച്. ജി. വെൽസ്
[കടപ്പാട]
Corbis-Bettmann