രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
മലാവിയിൽ സഹിഷ്ണുത ദൈവാനുഗ്രഹത്തിലേക്കു നയിക്കുന്നു
യഹോവയുടെ ഒരു വിശ്വസ്ത ദാസനായിരുന്നു യോസേഫ്. (എബ്രായർ 11:22) സഹിഷ്ണുതയുടെ മകുടോദാഹരണവുമായിരുന്നു അവൻ. സ്വന്തം സഹോദരന്മാർ അവനെ ഒറ്റിക്കൊടുത്തു. രണ്ടു പ്രാവശ്യം അടിമയായി വിൽക്കപ്പെട്ടു. പിന്നീട് വ്യാജാരോപണങ്ങൾ ചുമത്തപ്പെട്ട് തടവിലായി. എന്നിട്ടും, യോസേഫ് തളർന്നുപോയില്ല. പകരം, അവൻ വർഷങ്ങളോളം നീണ്ടുനിന്ന പീഡനം ക്ഷമയോടെ സഹിക്കുകയും യഹോവയുടെ അനുഗ്രഹത്തിനായി താഴ്മയോടെ കാത്തിരിക്കുകയും ചെയ്തു.—ഉല്പത്തി 37:23-28, 36; 39:11-20.
സമാനമായി ഇന്ന്, മലാവിയിലെ യഹോവയുടെ സാക്ഷികൾ ദൈവാനുഗ്രഹത്തിനായി ക്ഷമയോടെ കാത്തിരുന്നിട്ടുണ്ട്. ഈ ക്രിസ്തീയ സാക്ഷികൾക്ക് 26 വർഷത്തോളം ഗവൺമെൻറിൽനിന്നുള്ള നിരോധനവും കടുത്ത എതിർപ്പും അനവധി കൊടുംക്രൂരതകളും സഹിക്കേണ്ടതായി വന്നു. എന്നാൽ അവരുടെ സഹിഷ്ണുതയ്ക്കു ഫലമുണ്ടായി!
1967-ന്റെ ഒടുവിൽ മലാവിയിൽ പീഡനം പൊട്ടിപ്പുറപ്പെട്ടപ്പോൾ 18,000-ത്തോളം രാജ്യപ്രസാധകർ ഉണ്ടായിരുന്നു. 38,393 എന്ന പുതിയ അത്യുച്ചത്തോടെ 1997 സേവനവർഷം തുടങ്ങിയപ്പോൾ സാക്ഷികൾക്കുണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യൂ—നിരോധനം തുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിന്റെ രണ്ടിരട്ടിയിലധികമായിരുന്നു അത്! തന്നെയുമല്ല, മലാവിയിൽ നടത്തിയ 13 “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ 1,17,000-ത്തിലധികം പേർ സംബന്ധിക്കുകയും ചെയ്തു. യഹോവ സത്യമായും അവരുടെ വിശ്വാസത്തെയും സഹിഷ്ണുതയെയും അനുഗ്രഹിച്ചിരിക്കുന്നു.
ഈ അനുഗ്രഹത്തിന്റെ ഒരു ദൃഷ്ടാന്തമാണ് മാച്ചേക്കാ എന്ന യുവാവിന്റെ അനുഭവം. ബൈബിൾ പഠിക്കാനുള്ള യഹോവയുടെ സാക്ഷികളുടെ ക്ഷണം മാച്ചേക്കാ സ്വീകരിച്ചപ്പോൾ അവന്റെ മാതാപിതാക്കൾ വളരെ അസ്വസ്ഥരായി. അവർ പറഞ്ഞു: “നീ സാക്ഷിയായിത്തീരാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ വീട്ടിൽനിന്നു പൊയ്ക്കോണം.” എന്നാൽ ബൈബിൾപഠനം തുടരുന്നതിൽനിന്ന് അവനെ പിന്തിരിപ്പിക്കാൻ ആ ഭീഷണിക്കായില്ല. തത്ഫലമായി, മാച്ചേക്കായുടെ മാതാപിതാക്കൾ അവന്റെ വസ്ത്രങ്ങളെല്ലാം പിടിച്ചുവെച്ചു. സഹോദരങ്ങൾ അവനു കുറെ വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തുകൊണ്ട് പ്രതികരിച്ചു. അതേക്കുറിച്ച് അറിഞ്ഞപ്പോൾ മാച്ചേക്കായുടെ മാതാപിതാക്കൾ അവനോടു പറഞ്ഞു: “സാക്ഷികളാണു നിന്റെ കാര്യം നോക്കുന്നതെങ്കിൽ, നീ പോയി അവരുടെ കൂടെ ജീവിച്ചോണം.” ശ്രദ്ധാപൂർവം അക്കാര്യത്തെക്കുറിച്ചു പരിചിന്തിച്ചശേഷം അവൻ തന്റെ വീടു വിട്ടിറങ്ങി. പ്രാദേശിക സഭയിലെ ഒരു സാക്ഷിക്കുടുംബം അവന് അഭയം നൽകി.
വളരെ കോപാകുലരായ മാച്ചേക്കായുടെ മാതാപിതാക്കൾ, സാക്ഷികളുമായുള്ള സകല സമ്പർക്കവും ഒഴിവാക്കുന്നതിനു വേണ്ടി ആ പ്രദേശത്തുനിന്നു മറ്റെവിടേക്കെങ്കിലും പോകാൻ തീരുമാനിച്ചു. തീർച്ചയായും ഇത് മാച്ചേക്കായെ വളരെയേറെ വേദനിപ്പിച്ചെങ്കിലും, സഹോദരങ്ങൾ അവനുമായി സങ്കീർത്തനം 27:10 ചർച്ച ചെയ്തപ്പോൾ അവനു വളരെ ആശ്വാസം കൈവന്നു. ആ വാക്യം പറയുന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.”
കാലക്രമേണ, മാച്ചേക്കായുടെ മാതാപിതാക്കൾ തങ്ങളുടെ നിലപാടിനു മയം വരുത്തി. തന്മൂലം അവൻ സ്വന്തം വീട്ടിലേക്കു പോകാൻ തീരുമാനിച്ചു. യഹോവയെ സേവിക്കാനുള്ള തങ്ങളുടെ മകന്റെ ദൃഢനിശ്ചയം അവരിൽ വലിയ മതിപ്പുളവാക്കി. തന്മൂലം, യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ അവർക്കും ആഗ്രഹമായി! “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ മൂന്നു ദിവസവും അവർ സംബന്ധിച്ചു. അതേത്തുടർന്ന് “സത്യത്തിൽ, ഇതാണ് ദൈവസ്ഥാപനം!” എന്ന് ഉദ്ഘോഷിക്കാൻ അവർ പ്രേരിതരായി.
അതേ, എതിർപ്പ് തീവ്രമായിരുന്നേക്കാം. എന്നാൽ ദൈവത്തിന്റെ വിശ്വസ്ത സന്ദേശവാഹകർ തളർന്ന് പിന്മാറുന്നില്ല. “കഷ്ടത സഹിഷ്ണുത ഉളവാക്കുന്നു; ക്രമത്തിൽ, സഹിഷ്ണുത അംഗീകൃതനില ഉളവാക്കുന്നു” എന്നറിഞ്ഞുകൊണ്ട് അവർ ധൈര്യസമേതം മുന്നേറുന്നു. (റോമർ 5:3, 4, NW) സഹിഷ്ണുത ദൈവാനുഗ്രഹത്തിലേക്കു നയിക്കുന്നുവെന്ന് മലാവിയിലെ യഹോവയുടെ സാക്ഷികൾക്കു സമുചിതമായി സാക്ഷ്യപ്പെടുത്താനാകും.