ഒരു കരുത്തുറ്റ ക്രിസ്തീയ പൈതൃകം നിമിത്തം നന്ദിയുള്ളവൾ
ഗ്വെൻ ഗൂച്ച് പറഞ്ഞപ്രകാരം
‘മഹാനാം യഹോവ തന്റെ മഹത്ത്വത്തിൽ സിംഹാസനാരൂഢനായിരിക്കുന്നു’ എന്ന വാക്കുകളോടെയുള്ള ഒരു കീർത്തനം ഞാൻ സ്കൂളിൽവെച്ച് ആലപിച്ചു. ഞാൻ മിക്കപ്പോഴും ചിന്തിക്കുമായിരുന്നു, ‘ആരാണ് ഈ യഹോവ?’
എന്റെ വല്യപ്പനും വല്യമ്മയും ദൈവഭയമുള്ളവരായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവർ ബൈബിൾ വിദ്യാർഥികളുമായി—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—സഹവസിച്ചിരുന്നു. എന്റെ പിതാവ് വിജയപ്രദനായ ഒരു ബിസിനസ്സുകാരനായിരുന്നു. എന്നാൽ തനിക്കു നൽകപ്പെട്ട ക്രിസ്തീയ പൈതൃകം അദ്ദേഹം തന്റെ മക്കൾ മൂവർക്കും ആദ്യം കൈമാറിക്കൊടുത്തില്ല.
പിതാവ് എന്റെ ജ്യേഷ്ഠനായ ഡഗ്ലസിനും അനുജത്തിയായ ആനിനും എനിക്കും, അവന്റെ പ്രവൃത്തികൾ (ഇംഗ്ലീഷ്), ദൈവം ആരാണ്? (ഇംഗ്ലീഷ്) എന്നീ ചെറുപുസ്തകങ്ങൾ തന്നപ്പോൾ മാത്രമാണ് യഹോവ എന്നത് സത്യദൈവത്തിന്റെ പേരാണെന്ന് എനിക്കു മനസ്സിലായത്. (സങ്കീർത്തനം 83:18) ഞാൻ പുളകിതയായി! എന്നാൽ പിതാവിന്റെ താത്പര്യത്തെ പുനരുജ്വലിപ്പിച്ചത് എന്തായിരുന്നു?
1938-ൽ രാഷ്ട്രങ്ങൾ യുദ്ധത്തിനൊരുങ്ങുന്നത് കണ്ടപ്പോൾ, ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാനുഷ ശ്രമങ്ങളെക്കാളധികം ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വല്യമ്മ അദ്ദേഹത്തിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ശത്രുക്കൾ (ഇംഗ്ലീഷ്) എന്ന പുസ്തകം കൊടുത്തു. മനുഷ്യവർഗത്തിന്റെ യഥാർഥ ശത്രു പിശാചായ സാത്താനാണെന്നും ലോകസമാധാനം കൈവരുത്താൻ ദൈവരാജ്യത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും അതു വായിച്ചതിൽനിന്ന് അദ്ദേഹത്തിനു മനസ്സിലായി.a—ദാനീയേൽ 2:44; 2 കൊരിന്ത്യർ 4:4.
യുദ്ധം അടുത്തുവരവേ, ഉത്തര ലണ്ടനിലെ വൂഡ് ഗ്രീനിലുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഞങ്ങളുടെ കുടുംബം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. 1939 ജൂണിൽ, വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് നടത്തിയ “ഗവൺമെൻറും സമാധാനവും” എന്ന പരസ്യപ്രഭാഷണം കേൾക്കാൻ ഞങ്ങൾ അടുത്തുള്ള അലക്സാന്ദ്രാ പാലസിൽ പോയി. ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽവെച്ചു നടത്തിയ റഥർഫോർഡിന്റെ പ്രസംഗം റേഡിയോവഴി ലണ്ടനിലേക്കും മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പ്രക്ഷേപണം ചെയ്തു. പ്രസംഗം ഞങ്ങൾക്കു വളരെ വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. അതുകൊണ്ട് ന്യൂയോർക്കിൽ ഒരു ഗുണ്ടാസംഘം ബഹളമുണ്ടാക്കിയപ്പോൾ, അത് ഞങ്ങളുടെ ഓഡിറ്റോറിയത്തിലാണോ സംഭവിക്കുന്നതെന്നറിയാൻ ഞാൻ ചുറ്റും നോക്കി!
ബൈബിൾ സത്യത്തിനുവേണ്ടിയുള്ള പിതാവിന്റെ തീക്ഷ്ണത
എല്ലാ ശനിയാഴ്ച വൈകുന്നേരവും മുഴുകുടുംബവും ബൈബിളധ്യയനത്തിൽ ഒരുമിച്ചു പങ്കെടുക്കണമെന്ന് പിതാവ് നിഷ്കർഷിച്ചിരുന്നു. അടുത്ത ദിവസത്തെ ചർച്ചയ്ക്കായി വീക്ഷാഗോപുരത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അധ്യയനം. യോശുവയെക്കുറിച്ചും ഹായി പട്ടണം ഉപരോധിച്ചതിനെക്കുറിച്ചുമുള്ള 1939 മേയ് 1 വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) വിവരണം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നത് ആ അധ്യയനങ്ങൾക്കുണ്ടായിരുന്ന ഫലം വ്യക്തമാക്കുന്നു. ആ വിവരണം എന്നെ ഹഠാദാകർഷിച്ചതിനാൽ അതിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഞാൻ സ്വന്തം ബൈബിളിൽനിന്ന് എടുത്തുനോക്കി. അത്തരം ഗവേഷണം വളരെ രസകരമാണെന്നു ഞാൻ കണ്ടെത്തി—അത് ഇപ്പോഴും അങ്ങനെതന്നെ.
ഞങ്ങൾ പഠിച്ചുകൊണ്ടിരുന്നത് മറ്റുള്ളവരുമായി പങ്കുവെച്ചത് ബൈബിൾ പഠിപ്പിക്കലുകൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിയാൻ ഇടയാക്കി. ഒരു ഗ്രാമഫോണിന്റെ കൂടെ റെക്കോർഡുചെയ്ത ഒരു ബൈബിൾ പ്രസംഗവും ഞങ്ങൾ ബൈബിളധ്യയനത്തിന് ഉപയോഗിച്ചിരുന്ന ഒരു ചെറുപുസ്തകവും പ്രായമുള്ള ഒരു സ്ത്രീയുടെ മേൽവിലാസവും ഒരു ദിവസം പിതാവ് എനിക്കു തന്നു. എന്നിട്ട് അവരെ സന്ദർശിക്കാൻ അദ്ദേഹം എന്നോടു പറഞ്ഞു.
“ഞാനെന്തു പറയാനാണ്, എനിക്കെന്തു ചെയ്യാനാകും?” ഞാൻ ചോദിച്ചു.
“അതെല്ലാം അതിലുണ്ട്” എന്ന് പിതാവ് മറുപടി നൽകി. “റെക്കോർഡ് ചെയ്തിരിക്കുന്നത് കേൾപ്പിക്കുക, ചോദ്യങ്ങൾ വായിക്കുക, ഉത്തരങ്ങൾ വീട്ടുകാരിയെക്കൊണ്ട് വായിപ്പിക്കുക, എന്നിട്ട് തിരുവെഴുത്തുകൾ വായിക്കുക, അത്രമാത്രം.”
അദ്ദേഹം പറഞ്ഞതുപോലെ ഞാൻ ചെയ്തു. അങ്ങനെ ഞാൻ ബൈബിളധ്യയനം നടത്താൻ പഠിച്ചു. ശുശ്രൂഷയിൽ അപ്രകാരം തിരുവെഴുത്തുകൾ ഉപയോഗിച്ചതുകൊണ്ട് ഞാൻ അവ മെച്ചമായി മനസ്സിലാക്കാൻ ഇടയായി.
യുദ്ധവർഷങ്ങളിലെ വെല്ലുവിളി
1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യഹോവയെ സേവിക്കാനുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി തുടർന്നുവന്ന വർഷം ഞാൻ സ്നാപനമേറ്റു. എനിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു പയനിയർ—മുഴുസമയ ശുശ്രൂഷകർ അങ്ങനെയാണ് വിളിക്കപ്പെടുന്നത്—ആയിത്തീരാൻ ഞാൻ അന്നു തീരുമാനിച്ചു. 1941-ൽ ഞാൻ സ്കൂൾ വിടുകയും ലെസ്റ്റർ കൺവെൻഷനിൽവെച്ച് മുഴുസമയ പ്രസംഗപ്രവർത്തനത്തിൽ ഡഗ്ലസിനോടു ചേരുകയും ചെയ്തു.
തുടർന്നുവന്ന വർഷം, യുദ്ധത്തിൽ പങ്കെടുക്കാനുള്ള മനസ്സാക്ഷിപരമായ വിസമ്മതം നിമിത്തം പിതാവ് ജയിലിലായി. ആ ദുർഘട യുദ്ധകാലത്ത് വീട്ടുകാര്യങ്ങൾ നോക്കാൻ കുട്ടികളായ ഞങ്ങൾ ഒത്തൊരുമിച്ച് അമ്മയെ സഹായിച്ചു. പിന്നീട്, പിതാവ് ജയിൽ മോചിതനായ ഉടനെ ഡഗ്ലസിനെ പട്ടാളസേവനത്തിനു വിളിച്ചു. “പിതാവിനെപ്പോലെ പുത്രനും ജയിൽ തിരഞ്ഞെടുത്തതിന്റെ കാരണം” എന്നതായിരുന്നു ഒരു പ്രാദേശിക പത്രത്തിലെ തലക്കെട്ട്. തങ്ങളുടെ സഹമനുഷ്യരെ കൊല്ലുന്നതിൽ സത്യക്രിസ്ത്യാനികൾ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ അവസരം ലഭിച്ചതിനാൽ അത് നല്ലൊരു സാക്ഷ്യത്തിൽ കലാശിച്ചു.—യോഹന്നാൻ 13:35; 1 യോഹന്നാൻ 3:10-12.
മുഴുസമയ ശുശ്രൂഷയിലായിരുന്ന നിരവധി സാക്ഷികൾ ആ യുദ്ധവർഷങ്ങളിൽ ഞങ്ങളുടെ ഭവനത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. അവരുടെ പരിപുഷ്ടിപ്പെടുത്തുന്ന, ബൈബിളധിഷ്ഠിത ചർച്ചകൾ എന്നിൽ നിലനിൽക്കുന്ന ധാരണയുളവാക്കി. ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളായ ജോൺ ബാറും ആൽബർട്ട് ഷ്രോഡറും ആ വിശ്വസ്ത ക്രിസ്ത്യാനികളിൽ ഉൾപ്പെട്ടിരുന്നു. എന്റെ മാതാപിതാക്കൾ ശരിക്കും ആതിഥ്യമര്യാദയുള്ളവരായിരുന്നു. അങ്ങനെതന്നെ ആയിരിക്കാൻ അവർ ഞങ്ങളെയും പഠിപ്പിച്ചു.—എബ്രായർ 13:2.
ഉത്തരം നൽകാൻ സജ്ജ
പയനിയറിങ് തുടങ്ങിയ ഉടനെ ഞാൻ വീടുതോറുമുള്ള ശുശ്രൂഷയിൽ ഹിൽഡയെ കണ്ടുമുട്ടി. അവർ കോപാകുലയായി ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ ഭർത്താവ് നിങ്ങളെപ്പോലെയുള്ളവർക്കുവേണ്ടി യുദ്ധം ചെയ്യുകയാണ്! യുദ്ധോദ്യമങ്ങൾക്കായി നിങ്ങൾക്ക് എന്തുകൊണ്ട് ഒന്നും ചെയ്തുകൂടാ?”
“ഞാൻ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എത്രമാത്രം അറിവുണ്ട്?” ഞാൻ ചോദിച്ചു. “ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ?”
“നിങ്ങൾ അകത്തുവന്ന് എന്നോടു സംസാരിച്ചാൽ കൊള്ളാം,” അവർ മറുപടി പറഞ്ഞു.
ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന—മിക്കപ്പോഴും ദൈവത്തിന്റെ പേരിൽ—ഘോരകൃത്യങ്ങൾ നിമിത്തം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഞങ്ങൾ യഥാർഥ പ്രത്യാശ പ്രദാനം ചെയ്യുകയാണെന്നു വിശദീകരിക്കാൻ എനിക്കു കഴിഞ്ഞു. ഹിൽഡ വിലമതിപ്പോടെ ശ്രദ്ധിച്ചു. അവർ എന്റെ ആദ്യത്തെ ക്രമമുള്ള ബൈബിൾ വിദ്യാർഥിനിയായി. ഇപ്പോൾ 55 വർഷത്തിലേറെയായി അവർ ഒരു സജീവ സാക്ഷിയാണ്.
യുദ്ധാവസാനം, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഒരു പട്ടണമായ ഡോർച്ചെസ്റ്ററിൽ എനിക്ക് പുതിയൊരു പയനിയർ നിയമനം ലഭിച്ചു. ഞാൻ വീട്ടിൽനിന്ന് മാറിത്താമസിച്ചത് ഇതാദ്യമായിട്ടായിരുന്നു. “പഴയ ചായക്കട” എന്ന് വിളിക്കപ്പെട്ട, 16-ാം നൂറ്റാണ്ടിൽ പണിത ഒരു റെസ്റ്ററൻറിൽ ആയിരുന്നു ഞങ്ങളുടെ ചെറിയ സഭ യോഗം ചേർന്നിരുന്നത്. ഓരോ യോഗത്തിനുംവേണ്ടി ഞങ്ങൾ കസേരകളും മേശകളും പുനഃക്രമീകരിക്കേണ്ടതുണ്ടായിരുന്നു. ഇത് എനിക്കു പരിചയമുണ്ടായിരുന്ന രാജ്യഹാളിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. എന്നിരുന്നാലും, അതേ ആത്മീയ ഭക്ഷണവും സ്നേഹമസൃണമായ ക്രിസ്തീയ സഹവാസവുമുണ്ടായിരുന്നു.
അതിനിടയിൽ എന്റെ മാതാപിതാക്കൾ ലണ്ടന്റെ തെക്കുള്ള ടൺബ്രിഡ്ജ് വെൽസിലേക്കു താമസംമാറി. പിതാവിനും ആനിനും എനിക്കും ഒരുമിച്ചു പയനിയറിങ് നടത്താൻ കഴിയേണ്ടതിന് ഞാൻ വീട്ടിലേക്കു തിരികെപ്പോയി. ഞങ്ങളുടെ സഭയിലെ സാക്ഷികളുടെ എണ്ണം പെട്ടെന്ന് 12-ൽനിന്ന് 70 ആയി വർധിച്ചു. അതുകൊണ്ട്, രാജ്യഘോഷകരുടെ കൂടുതൽ ആവശ്യമുണ്ടായിരുന്ന ദക്ഷിണതീരത്തെ ബ്രൈട്ടണിലേക്കു മാറാൻ ഞങ്ങളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ പയനിയർ കുടുംബത്തോടൊപ്പം അനേകർ തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്തു. യഹോവ ഞങ്ങളുടെ വേലയെ സമൃദ്ധമായി അനുഗ്രഹിക്കുന്നത് ഞങ്ങൾ കണ്ടു. ആ ഒരു സഭ പെട്ടെന്ന് മൂന്നായി!
ഒരു അവിചാരിത ക്ഷണം
1950 വേനൽക്കാലത്ത് ന്യൂയോർക്ക് നഗരത്തിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന ദിവ്യാധിപത്യ വർധനാ സാർവദേശീയ സമ്മേളനത്തിൽ പങ്കെടുത്ത ബ്രിട്ടനിൽനിന്നുള്ള 850 പ്രതിനിധികളിൽ ഞങ്ങളുടെ കുടുംബമുണ്ടായിരുന്നു. ആ കൺവെൻഷനു വരുമായിരുന്ന വിദേശരാജ്യങ്ങളിൽനിന്നുള്ള അനേകം പയനിയർമാർക്ക് ന്യൂയോർക്കിലെ ദക്ഷിണ ലാൻസിങ്ങിനടുത്ത് സ്ഥിതിചെയ്തിരുന്ന വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ പങ്കെടുക്കാനുള്ള അപേക്ഷ അയച്ചിരുന്നു. അവരിൽ ഡഗ്ലസും ആനും ഞാനും ഉണ്ടായിരുന്നു! പൂരിപ്പിച്ച അപേക്ഷ തപാൽപ്പെട്ടിയിൽ ഇട്ടപ്പോൾ, ‘ഞാൻ അതു ചെയ്തിരിക്കുന്നു! എന്റെ ജീവിതം ഏതു ദിശയിലേക്കായിരിക്കും തിരിയുക?’ എന്നിങ്ങനെ ചിന്തിച്ചത് ഞാൻ ഓർമിക്കുന്നു. എന്റെ നിശ്ചയം ഇതായിരുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) ഡഗ്ലസിനോടും ആനിനോടും ഒപ്പം, ഗിലെയാദിന്റെ 16-ാം ക്ലാസ്സിൽ സംബന്ധിക്കാനായി കൺവെൻഷനു ശേഷം അവിടെ തുടരാൻ ക്ഷണം ലഭിച്ചപ്പോൾ ഞാൻ പുളകംകൊണ്ടു. ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഞങ്ങളെ മിഷനറിമാരായി അയച്ചേക്കാമെന്ന് ഞങ്ങൾക്കെല്ലാം നന്നായി അറിയാമായിരുന്നു.
ഒരു കുടുംബമെന്നനിലയിൽ ഒരുമിച്ച് കൺവെൻഷൻ ആസ്വദിച്ചശേഷം മാതാപിതാക്കൾക്ക് തനിച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ട സമയമായി. അവർ മൗറിറ്റാനിയായിൽ വീട്ടിലേക്കു സമുദ്രയാത്ര നടത്തവേ ഞങ്ങൾ മക്കൾ മൂവരും കൈവീശി യാത്രാമംഗളം ആശംസിച്ചു. എത്ര വൈകാരികമായൊരു വേർപിരിയലായിരുന്നു അത്!
മിഷനറി നിയമനങ്ങൾ
നാസീ തടങ്കൽ പാളയങ്ങളിൽ യാതന അനുഭവിച്ച ചിലർ ഉൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള 120 വിദ്യാർഥികൾ അടങ്ങിയതായിരുന്നു 16-ാമത്തെ ഗിലെയാദ് ക്ലാസ്സ്. ഞങ്ങളുടെ ക്ലാസ്സിൽ സ്പാനിഷ് പഠിപ്പിച്ചതിനാൽ, സ്പാനിഷ് സംസാരിക്കുന്ന തെക്കെ അമേരിക്കയിലെ ഏതെങ്കിലും രാജ്യത്ത് നിയമിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഡഗ്ലസ് ജപ്പാനിലും ആനും ഞാനും സിറിയയിലും നിയമിതരായെന്ന് ബിരുദദാന ദിവസം മനസ്സിലാക്കിയപ്പോൾ ഞങ്ങൾക്കുണ്ടായ അമ്പരപ്പ് ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. അതുകൊണ്ട് പെൺകുട്ടികളായ ഞങ്ങൾ ഇരുവരും അറബി പഠിക്കേണ്ടിയിരുന്നു. ഞങ്ങളുടെ നിയമനം ലബനോനിലേക്കു മാറിയപ്പോഴും അതാവശ്യമായിരുന്നു. വിസയ്ക്കായി കാത്തിരിക്കവേ, അറബി വീക്ഷാഗോപുരത്തിനു വേണ്ടിയുള്ള വാച്ച് ടവർ സൊസൈറ്റിയുടെ അച്ചുനിരത്തുകാരനായ ജോർജ് ഷാക്കഷിറി ആഴ്ചയിൽ രണ്ടു തവണവീതം ഞങ്ങളെ അറബി പഠിപ്പിച്ചിരുന്നു.
ഞങ്ങൾ ക്ലാസ്സിൽവെച്ച് പഠിച്ച, ഒരു ബൈബിൾ നാട്ടിലേക്കുപോകുന്നത് എത്ര ആവേശജനകമായിരുന്നു! അവിടേക്ക് ഞങ്ങളോടൊപ്പം കെത്തും ജോയിസ് ചൂവും എഡ്നാ സ്റ്റാക്ഹൗസ്, ഒലിവ് ടൂർണർ, ഡോറീൻ വോർബർട്ടൺ, ഡോറിസ് വൂഡ് എന്നിവരും ഉണ്ടായിരുന്നു. ഞങ്ങൾ എത്ര സന്തുഷ്ടമായൊരു മിഷനറി കുടുംബമായിത്തീർന്നു! ഭാഷയുടെ കാര്യത്തിൽ ഞങ്ങൾക്ക് കൂടുതലായി സഹായമേകാൻ ഒരു പ്രാദേശിക സാക്ഷി ഞങ്ങളുടെ മിഷനറി ഭവനം സന്ദർശിച്ചിരുന്നു. ദിവസേനയുള്ള പഠന സമയത്ത് ഞങ്ങൾ ഹ്രസ്വമായൊരു അവതരണം പഠിക്കുമായിരുന്നു. അതിനുശേഷം പുറത്തുപോയി ഞങ്ങൾ അത് പ്രസംഗവേലയിൽ ഉപയോഗിക്കുമായിരുന്നു.
ആദ്യത്തെ രണ്ടു വർഷം ഞങ്ങൾ സുസ്ഥാപിതമായ ഒരു സഭയുണ്ടായിരുന്ന ട്രിപ്പോളിയിൽ ചെലവഴിച്ചു. പ്രാദേശിക സാക്ഷികളുടെ ഭാര്യമാരെയും പുത്രിമാരെയും യോഗങ്ങളിലും പരസ്യശുശ്രൂഷയിലും പങ്കുപറ്റാൻ ജോയിസ്, എഡ്നാ, ഒലിവ്, ഡോറീൻ, ഡോറിസ് എന്നിവരും ആനും ഞാനും സഹായിച്ചു. അപ്പോൾവരെ, പ്രാദേശിക ആചാരം പിൻപറ്റിക്കൊണ്ട്, നമ്മുടെ ക്രിസ്തീയ സഹോദരീസഹോദരന്മാർ യോഗങ്ങളിൽ ഒരുമിച്ച് ഇരിക്കുമായിരുന്നില്ല. ആ ക്രിസ്തീയ സഹോദരിമാർ അപൂർവമായേ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കുപറ്റുമായിരുന്നുള്ളൂ. ഭാഷയുടെ കാര്യത്തിൽ, പ്രസംഗ വേലയിൽ ഞങ്ങൾക്ക് അവരുടെ സഹായം ആവശ്യമായിരുന്നു. ആ വേലയിൽ സ്വന്തമായി പങ്കെടുക്കാൻ ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചു.
തുടർന്ന് ആനിനെയും എന്നെയും പുരാതന സീദോൻ നഗരത്തിലുണ്ടായിരുന്ന സാക്ഷികളുടെ ചെറിയ കൂട്ടത്തെ സഹായിക്കാൻ നിയമിച്ചു. അതിനുശേഷം അധികം താമസിയാതെ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു മടങ്ങാൻ ഞങ്ങളോടാവശ്യപ്പെട്ടു. അവിടെയുള്ള, അർമേനിയൻ ഭാഷ സംസാരിക്കുന്ന സമൂഹത്തിൽ ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് അവരെ സഹായിക്കാനായി ഞങ്ങൾ ആ ഭാഷ പഠിച്ചു.
നിയമന മാറ്റങ്ങൾ
ഇംഗ്ലണ്ടിലായിരുന്നപ്പോൾ ഞാൻ വിൽഫ്രെഡ് ഗൂച്ചിനെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടൻ ബെഥേലിൽ സേവിച്ചിരുന്ന തീക്ഷ്ണതയുള്ള, കരുതലുള്ള, ഒരു സഹോദരനായിരുന്നു. 1950-ലെ യാങ്കീ സ്റ്റേഡിയം കൺവെൻഷൻ സമയത്ത് ബിരുദം നേടിയ 15-ാമത് ഗിലെയാദ് ക്ലാസ്സിലെ ഒരംഗമായിരുന്നു വിൽഫ്. വാച്ച് ടവർ സൊസൈറ്റിയുടെ നൈജീരിയ ബ്രാഞ്ച് ഓഫീസിലായിരുന്നു അദ്ദേഹത്തിന്റെ മിഷനറി നിയമനം. കുറച്ചുകാലം ഞങ്ങൾ പരസ്പരം കത്തുകളയച്ചിരുന്നു. 1955-ൽ ഞങ്ങൾ ഇരുവരും ലണ്ടനിലെ “ജയോത്സവ രാജ്യ” കൺവെൻഷനിൽ സംബന്ധിച്ചു. അതിനുശേഷം അധികം താമസിയാതെ ഞങ്ങൾ വിവാഹനിശ്ചയം നടത്തി. തുടർന്നുവന്ന വർഷം ഘാനയിൽവെച്ച് ഞങ്ങൾ വിവാഹിതരായി. നൈജീരിയയിലെ ലാഗോസിലുള്ള വിൽഫിന്റെ മിഷനറി നിയമനത്തിൽ ഞാൻ അദ്ദേഹത്തോടൊപ്പം ചേർന്നു.
ഞാൻ ലബനോനിൽ ആനിനെ വിട്ടിട്ടുപോന്നശേഷം, യെരൂശലേമിൽവെച്ച് ബൈബിൾ സത്യം പഠിച്ച ഒരു നല്ല ക്രിസ്തീയ സഹോദരനെ അവൾ വിവാഹം കഴിച്ചു. ഡഗ്ലസും ആനും ഞാനും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽവെച്ച് വിവാഹിതരായതിനാൽ മാതാപിതാക്കൾക്ക് ഞങ്ങളുടെ വിവാഹങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും, ഞങ്ങളെല്ലാം നമ്മുടെ ദൈവമായ യഹോവയെ സന്തോഷത്തോടെ സേവിക്കുന്നുവെന്ന് അറിഞ്ഞതിൽ അവർ സംതൃപ്തരായിരുന്നു.
നൈജീരിയയിലെ വേല
ലാഗോസിലെ ബ്രാഞ്ച് ഓഫീസിൽ, എട്ടംഗ ബ്രാഞ്ച് കുടുംബത്തിന്റെ മുറികൾ വൃത്തിയാക്കാനും അവർക്കു ഭക്ഷണം തയ്യാറാക്കാനും അവരുടെ വസ്ത്രം അലക്കാനും എന്നെ നിയമിച്ചു. ഭർത്താവിനെ മാത്രമല്ല പെട്ടെന്നൊരു കുടുംബത്തെയും ലഭിച്ചതുപോലെ എനിക്കു തോന്നി.
വിൽഫും ഞാനും യോരുബാ ഭാഷയിൽ ഹ്രസ്വമായ ബൈബിൾ അവതരണങ്ങൾ പഠിച്ചു. ഞങ്ങളുടെ ശ്രമങ്ങൾക്ക് ഫലവും ലഭിച്ചു. അന്ന് ഞങ്ങൾ കണ്ടുമുട്ടിയ ഒരു യുവവിദ്യാർഥിക്ക് ഇപ്പോൾ, ഏകദേശം 400 അംഗങ്ങളുള്ള നൈജീരിയയിലെ വലിയ ബെഥേൽ കുടുംബത്തിൽ സേവിക്കുന്ന ഒരു മകനും മകളുമുണ്ട്.
ന്യൂയോർക്കിലെ ബ്രുക്ലിനിൽ പത്തുമാസത്തെ ഒരു പ്രത്യേക പഠനക്ലാസ്സിൽ പങ്കെടുക്കാൻ 1963-ൽ വിൽഫിന് ക്ഷണം ലഭിച്ചു. അതു പൂർത്തിയായ ശേഷം അദ്ദേഹത്തിന് അവിചാരിതമായി ഇംഗ്ലണ്ടിൽ തിരിച്ചു നിയമനം ലഭിച്ചു. ഞാൻ നൈജീരിയയിലായിരുന്നു. ലണ്ടനിൽ ചെന്ന് വിൽഫുമായി സന്ധിക്കാൻ എനിക്ക് വെറും 14 ദിവസമേ അനുവദിച്ചുകിട്ടിയുള്ളൂ. നൈജീരിയയിലെ നിയമനം വളരെയേറെ സന്തോഷകരമായിരുന്നതിനാൽ സമ്മിശ്രവികാരങ്ങളോടെയാണ് ഞാൻ അവിടം വിട്ടുപോന്നത്. 14 വർഷം വിദേശത്തു സേവിച്ച ശേഷം, ഇംഗ്ലണ്ടിലെ ജീവിതവുമായി വീണ്ടും പൊരുത്തപ്പെടുന്നതിന് സമയമെടുത്തു. എങ്കിലും, പ്രായമായ മാതാപിതാക്കളോട് ഒരിക്കൽക്കൂടെ അടുത്തായിരിക്കാനും അവർക്കുവേണ്ടി കരുതുന്നതിൽ സഹായിക്കാനും സാധിക്കുന്നതിൽ ഞങ്ങൾ കൃതജ്ഞതയുള്ളവരായിരുന്നു.
നമ്മുടെ പ്രത്യാശയാൽ പുലർത്തപ്പെട്ടു
1980 മുതൽ വിൽഫ് മേഖലാമേൽവിചാരകൻ എന്നനിലയിൽ അനേകം രാജ്യങ്ങളിലേക്കു യാത്ര ചെയ്തപ്പോൾ അദ്ദേഹത്തോടൊപ്പം പോകാനുള്ള പദവി എനിക്കു ലഭിച്ചു. പ്രത്യേകിച്ചും നൈജീരിയയിലേക്കുള്ള ഞങ്ങളുടെ മടക്ക സന്ദർശനങ്ങൾക്കായി ഞാൻ നോക്കിപ്പാർത്തിരുന്നു. പിന്നീട് ഞങ്ങൾ സ്കാൻഡിനേവിയയിലും വെസ്റ്റിൻഡീസിലും ലബനോൻ ഉൾപ്പെടെയുള്ള മധ്യപൂർവദേശങ്ങളിലും പോയി. സന്തോഷകരമായ ഓർമകൾ പുതുക്കുന്നതും കൗമാരപ്രായക്കാരായിരിക്കെ എനിക്ക് അറിയാവുന്നവർ ക്രിസ്തീയ മൂപ്പന്മാരായി സേവിക്കുന്നത് കാണുന്നതും ഒരു പ്രത്യേക അനുഭൂതിയായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, എന്റെ പ്രിയപ്പെട്ട ഭർത്താവ് 1992 വസന്തകാലത്ത് മരണമടഞ്ഞു. അദ്ദേഹത്തിന് 69 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അത് വളരെ പെട്ടെന്നു സംഭവിച്ചതിനാൽ വിശേഷിച്ചും അങ്ങേയറ്റം വ്യസനകരമായിരുന്നു. 35 വർഷത്തെ വിവാഹജീവിതത്തിനുശേഷം, ഒരു വിധവയായിരിക്കുന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. എന്നാൽ എന്റെ ലോകവ്യാപക ക്രിസ്തീയ കുടുംബത്തിൽനിന്ന് എനിക്ക് വളരെയേറെ സഹായവും സ്നേഹവും ലഭിച്ചിരിക്കുന്നു. വിചിന്തനം ചെയ്യാൻ എനിക്ക് സന്തോഷകരമായ ധാരാളം അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്.
എന്റെ മാതാപിതാക്കൾ ഇരുവരും ക്രിസ്തീയ വിശ്വസ്തതയുടെ ഉത്തമ ദൃഷ്ടാന്തം കാഴ്ചവെച്ചു. മാതാവ് 1981-ലും പിതാവ് 1986-ലും നിര്യാതരായി. ഡഗ്ലസും ആനും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരുന്നു. ഡഗ്ലസും ഭാര്യ കാമും ലണ്ടനിലാണ്, പിതാവിനെ പരിചരിച്ച ശേഷം അവർ അവിടെ തുടർന്നു. ആനും കുടുംബവും ഐക്യനാടുകളിലാണ്. ഞങ്ങളെല്ലാവരും ഞങ്ങളുടെ ദൈവദത്ത പ്രത്യാശയും പൈതൃകവും അതിയായി വിലമതിക്കുന്നു. ജീവിക്കുന്നവർ, പുനരുത്ഥാനം പ്രാപിച്ച തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം യഹോവയുടെ ഭൗമിക കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ എന്നേക്കും ഒരുമിച്ചു സേവിക്കുന്ന കാലത്തിനുവേണ്ടി നോക്കിപ്പാർത്തിരുന്നുകൊണ്ട് ഞങ്ങൾ “ഒരു കാത്തിരിപ്പിൻ മനോഭാവം പ്രകടമാക്കു”ന്നതിൽ തുടരുന്നു.—വിലാപങ്ങൾ 3:24, NW.
[അടിക്കുറിപ്പുകൾ]
a എന്റെ പിതാവായ ഏർണസ്റ്റ് ബീവെറിന്റെ ജീവിത കഥ 1980 മാർച്ച് 15-ലെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) പ്രത്യക്ഷപ്പെട്ടു.
[23-ാം പേജിലെ ചിത്രം]
മുകളിൽ ഇടത്തുനിന്നു തുടങ്ങി ഘടികാരദിശയിൽ:
13-ാം വയസ്സിൽ ഗ്വെൻ, എൻഫീൽഡ് രാജ്യഹാളിൽ ഒരു മാതൃകാ അധ്യയനം പ്രകടിപ്പിച്ചുകാണിക്കുന്നു
1951-ൽ ലബനോനിലെ ട്രിപ്പോളിയിലുണ്ടായിരുന്ന മിഷനറി കുടുംബം
ഗ്വെൻ പരേതനായ തന്റെ ഭർത്താവ് വിൽഫിനോടൊപ്പം