കുടുംബം—ജീവിതത്തിലെ ഒരു അനിവാര്യ ഘടകം!
കുടുംബങ്ങൾ അഭിവൃദ്ധി പ്രാപിക്കുമ്പോൾ മാത്രമേ മാനവ സമുദായം അഭിവൃദ്ധി പ്രാപിക്കുന്നുള്ളുവെന്നു പറയാറുണ്ട്. കുടുംബ ക്രമീകരണം ദുർബലമാകുമ്പോൾ സമുദായങ്ങളുടെയും രാഷ്ട്രങ്ങളുടെയും ശക്തി ക്ഷയിക്കുന്നുവെന്നു ചരിത്രം പ്രകടമാക്കുന്നു. ധാർമിക അധഃപതനം പുരാതന ഗ്രീസിലെ കുടുംബങ്ങളെ തകർത്തപ്പോൾ അതിന്റെ സംസ്കാരം ശിഥിലമാകുകയും അങ്ങനെ അതു റോമാക്കാർക്ക് എളുപ്പം കീഴടക്കാവുന്ന അവസ്ഥയിലാകുകയും ചെയ്തു. റോമാസാമ്രാജ്യത്തിലെ കുടുംബങ്ങൾ കെട്ടുറപ്പുള്ളതായിരുന്നിടത്തോളം കാലം ആ സാമ്രാജ്യവും കെട്ടുറപ്പുള്ളതായിരുന്നു. എന്നാൽ നൂറ്റാണ്ടുകൾ കടന്നുപോയതോടെ കുടുംബജീവിതം ദുർബലമായി, സാമ്രാജ്യത്തിന്റെ കെട്ടുറപ്പ് ക്ഷയിച്ചു. “കുടുംബത്തിന്റെയും കുടുംബജീവിതത്തിന്റെയും സുരക്ഷിതത്വവും ഉന്നതിയുമാണ് സംസ്കാരത്തിന്റെ പ്രഥമ ലക്ഷ്യങ്ങൾ, എല്ലാ ശ്രമങ്ങളുടെയും ആത്യന്തിക ലക്ഷ്യവും അതാണ്” എന്ന് ഹാർവാർഡ് സർവകലാശാലയുടെ മുൻ പ്രസിഡന്റായിരുന്ന ചാൾസ് ഡബ്ലിയു. ഇലിയട്ട് അഭിപ്രായപ്പെട്ടു.
അതേ, കുടുംബം മാനുഷ ജീവിതത്തിലെ അനിവാര്യ ഘടകമാണ്. അതിന് സമൂഹത്തിന്റെ കെട്ടുറപ്പിലും കുട്ടികളുടെയും ഭാവി തലമുറകളുടെയും ക്ഷേമത്തിലും നേരിട്ടുള്ള ഒരു സ്വാധീനമുണ്ട്. കുട്ടികളെ ഉത്തമരായി വളർത്തിക്കൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഒട്ടനവധി ഏകാകികളായ അമ്മമാർ ഉണ്ടെന്നുള്ളതിൽ സംശയമില്ല. അവരുടെ കഠിനാധ്വാനത്തിന് അവർ അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നിരുന്നാലും, മാതാപിതാക്കൾ ഇരുവരുമുള്ള കുടുംബത്തിൽ വളരുന്ന കുട്ടികൾ പൊതുവേ അവരെക്കാൾ മെച്ചപ്പെട്ടവരായിത്തീരുമെന്ന് പഠനങ്ങൾ പ്രകടമാക്കുന്നു.
“സുദൃഢ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളെ അപേക്ഷിച്ച്, ശിഥില കുടുംബങ്ങളിൽനിന്നുള്ള കൗമാരപ്രായക്കാർക്ക് സാധാരണ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണിക്കാനും ലൈംഗികതയിൽ ഏർപ്പെടാനുമുള്ള സാധ്യത കൂടുതലായിരുന്നു”വെന്ന് 2,100 കൗമാരപ്രായക്കാരിൽ നടത്തിയ ഒരു ഓസ്ട്രേലിയൻ പഠനം കണ്ടെത്തി. തകർന്ന ഭവനങ്ങളിൽനിന്നുള്ള കുട്ടികൾക്ക് “അപകടം സംഭവിക്കാൻ 20-30 ശതമാനവും ഒരു ക്ലാസ്സിൽ തോൽക്കാൻ 40-75 ശതമാനവും സ്കൂളിൽനിന്ന് പുറത്താക്കപ്പെടാൻ 70 ശതമാനവും കൂടുതൽ സാധ്യതയു”ണ്ടെന്ന് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. “മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഭവനങ്ങളിലെ കുട്ടികൾ പരമ്പരാഗത ഭവനങ്ങളിൽ വളരുന്ന കുട്ടികളെ അപേക്ഷിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാ”ണെന്ന് ഒരു നയവിശകലന വിദഗ്ധൻ റിപ്പോർട്ടു ചെയ്യുന്നു.
ഭവനം ഒരു അഭയസ്ഥാനം
കുടുംബ ക്രമീകരണം, സന്തുഷ്ടവും കെട്ടുപണിചെയ്യുന്നതും ഉല്ലാസകരവുമായ ഭവനാന്തരീക്ഷം എല്ലാവർക്കും പ്രദാനം ചെയ്യുന്നു. “സന്തുഷ്ടിയുടെയും ക്ഷേമത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉറവ് തൊഴിലോ വസ്തുവകകളോ ഹോബികളോ സുഹൃത്തുക്കളോ അല്ല, മറിച്ച് കുടുംബ”മാണെന്ന് ഒരു സ്വീഡിഷ് വിദഗ്ധൻ അവകാശപ്പെടുന്നു.
കുടുംബ ക്രമീകരണം ഏർപ്പെടുത്തിയ, കുടുംബങ്ങളുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തോടു ഭൂമിയിലെ സകല കുടുംബവും അതിന്റെ പേരിനു കടപ്പെട്ടിരിക്കുന്നുവെന്ന് ബൈബിൾ പ്രകടമാക്കുന്നു. (ഉല്പത്തി 1:27, 28; 2:23, 24; എഫെസ്യർ 3:14, 15) എന്നാൽ ക്രിസ്തീയ സഭയ്ക്കു വെളിയിൽ ധാർമികതയുടെയും മാനവസമുദായത്തിന്റെയും തകർച്ചയ്ക്ക് ഇടയാക്കിക്കൊണ്ട് കുടുംബത്തിന്മേലുണ്ടാകുന്ന ശക്തമായൊരു ആക്രമണത്തെക്കുറിച്ച് നിശ്വസ്ത തിരുവെഴുത്തുകളിൽ അപ്പോസ്തലനായ പൗലൊസ് മുൻകൂട്ടിപ്പറഞ്ഞു. അവിശ്വസ്തത, “സ്വാഭാവിക പ്രിയ”ത്തിന്റെ അഭാവം, മാതാപിതാക്കളോടുള്ള അനുസരണക്കേട് എന്നിവ “ദൈവിക ഭക്തിയുടെ ഒരു ഭാവപ്രകടനമുള്ള”രിൽപോലും ഉണ്ടായിരിക്കുന്നത് “അന്ത്യനാളു”കളുടെ അടയാളമായിരിക്കുമെന്ന് അവൻ പറഞ്ഞു. അത്തരക്കാരിൽനിന്ന് അകന്നുമാറാൻ അവൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. ദൈവിക സത്യത്തോടുള്ള എതിർപ്പ് കുടുംബങ്ങളെ വിഭജിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു.—2 തിമൊഥെയൊസ് 3:1-5, NW; മത്തായി 10:32-37.
എന്നിരുന്നാലും, ദൈവം നമ്മെ സഹായമില്ലാത്തവരായി വിട്ടിട്ടില്ല. അവന്റെ വചനത്തിൽ വളരെയേറെ സ്ഥലം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള പ്രബോധനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. കുടുംബ ജീവിതം വിജയപ്രദമാക്കാനും ഓരോ കുടുംബാംഗത്തിനും മറ്റംഗങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കേണ്ട ഒരു ആനന്ദപ്രദമായ സ്ഥലമാക്കി ഭവനത്തെ മാറ്റിയെടുക്കാനും എങ്ങനെ സാധിക്കുമെന്ന് അതു നമ്മോടു പറയുന്നു.a—എഫെസ്യർ 5:33; 6:1-4.
കുടുംബം കടുത്ത ഭീഷണിയിലായിരിക്കുന്ന ഈ നാളുകളിൽ അത്തരമൊരു സന്തുഷ്ട ബന്ധം നേടുക സാധ്യമാണോ? തീർച്ചയായും! നിർവികാരവും ഊഷരവുമായ ഈ ലോകത്ത് നിങ്ങളുടെ കുടുംബത്തെ ആസ്വാദ്യവും നവോന്മേഷദായകവുമായ ഒരു മരുപ്പച്ചയാക്കുന്നതിൽ നിങ്ങൾക്കു വിജയിക്കാനാകും. എന്നാൽ അതിന് കുടുംബവൃത്തത്തിലുള്ള എല്ലാവരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. തുടർന്നുവരുന്നവ സഹായകമായ ചില നിർദേശങ്ങളാണ്.
അതിജീവിക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കൽ
ഒരു കുടുംബത്തിന് ഏകീകൃതമായി നിലനിൽക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ഒരുമിച്ചു സമയം ചെലവഴിക്കുന്നതാണ്. എല്ലാ അംഗങ്ങളും തങ്ങളുടെ ഒഴിവുസമയം കുടുംബത്തോടൊപ്പം മനസ്സോടെ പങ്കുവെക്കണം. അതിനു കുറച്ചൊക്കെ ത്യാഗങ്ങൾ ആവശ്യമായിരുന്നേക്കാം. ദൃഷ്ടാന്തത്തിന്, കൗമാരപ്രായക്കാരേ, നിങ്ങൾ ഇഷ്ടപ്പെട്ട ചില ടെലിവിഷൻ പരിപാടികളോ കായികമത്സരങ്ങളോ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നതോ ഒക്കെ ത്യജിക്കേണ്ടതുണ്ടായിരിക്കാം. പിതാക്കന്മാരേ, അഹോവൃത്തിക്കു വകകണ്ടെത്തുന്നതിൽ സാധാരണമായി മുഖ്യ പങ്കുവഹിക്കുന്ന നിങ്ങൾ ഹോബിക്കോ വ്യക്തിപരമായ മറ്റു താത്പര്യങ്ങൾക്കോ വേണ്ടി മാത്രം ഒഴിവുസമയം ചെലവഴിക്കരുത്. കുടുംബത്തോടൊത്തു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, ഒരുപക്ഷേ വാരാന്ത്യങ്ങളോ അവധിക്കാലമോ എങ്ങനെ ഒരുമിച്ചു ചെലവഴിക്കാമെന്നുള്ളത്. തീർച്ചയായും, എല്ലാവരും നോക്കിപ്പാർത്തിരിക്കുന്നതും ആസ്വദിക്കുന്നതുമായ എന്തെങ്കിലും ആസൂത്രണം ചെയ്യുക.
ഗുണമേന്മയുള്ള സമയം എന്നു വിളിക്കപ്പെടുന്നത്, അതായത് കുട്ടികളോടൊപ്പം ക്രമമായി ചെലവഴിക്കാൻ പട്ടികപ്പെടുത്തിയിരിക്കുന്ന അരമണിക്കൂറോ മറ്റോ, മാത്രം പോരാ അവർക്ക്. കൂടുതൽ സമയം അവർക്ക് ആവശ്യമാണ്. ഒരു സ്വീഡിഷ് ദിനപ്പത്രത്തിലെ ഒരു കോളമെഴുത്തുകാരൻ എഴുതുന്നു: “ഒരു റിപ്പോർട്ടർ എന്നനിലയിലുള്ള എന്റെ 15 വർഷക്കാല സേവനത്തിൽ ഞാൻ ഒട്ടനവധി ബാലകുറ്റവാളികളെ കണ്ടുമുട്ടിയിട്ടുണ്ട്. . . . മാതാപിതാക്കളിൽനിന്ന് അവർക്ക് ഗുണമേന്മയുള്ള സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂവെന്നതാണ് ഒരു പൊതുവായ ഘടകം: ‘എന്റെ മാതാപിതാക്കൾക്കു സമയമില്ലായിരുന്നു.’ ‘അവർ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല.’ ‘അദ്ദേഹം എല്ലായ്പോഴും യാത്രയിലായിരുന്നു.’ . . . കുട്ടികൾക്ക് എത്രമാത്രം സമയം നൽകണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്ക് എല്ലായ്പോഴുമുണ്ട്. എന്നാൽ, 15 വർഷം കഴിയുമ്പോൾ നിർദയനായ ഒരു 15 വയസ്സുകാരനായിരിക്കും നിങ്ങളുടെ തീരുമാനത്തിന്റെ മൂല്യം നിർണയിക്കുന്നത്.”
പണം സംബന്ധിച്ച ഉചിതമായ വീക്ഷണം
എല്ലാ കുടുംബാംഗങ്ങളും പണം സംബന്ധിച്ച് ഉചിതമായൊരു വീക്ഷണം വളർത്തിയെടുക്കണം. കുടുംബത്തിന്റെ പൊതുവായ ചെലവുകൾ വഹിക്കാനായി തങ്ങളാലാകുന്നതു നൽകാൻ അവർ സന്നദ്ധരായിരിക്കണം. അനേകം സ്ത്രീകൾക്ക് ഉപജീവനത്തിനായി ഒരു തൊഴിൽ തരപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഭാര്യമാരേ, നേരിട്ടേക്കാവുന്ന അപകടങ്ങളെയും പ്രലോഭനങ്ങളെയും കുറിച്ച് നിങ്ങൾ ബോധവതികളായിരിക്കണം. “മുഴു പ്രാപ്തികളും” ഉപയോഗിച്ച് “നിങ്ങൾക്ക് ഇഷ്ടമുള്ളതു ചെയ്യാൻ” ഈ ലോകം നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ തന്നിഷ്ടക്കാരിയായിത്തീർന്നിട്ട്, ഒരു മാതാവും വീട്ടമ്മയും എന്ന നിലയിലുള്ള ദൈവദത്ത ധർമത്തിൽ അസന്തുഷ്ടയായിത്തീരാൻ അത് ഇടയാക്കിയേക്കാം.—തീത്തൊസ് 2:4, 5.
അമ്മമാരായ നിങ്ങൾക്ക് ഭവനത്തിലായിരിക്കാനും കുട്ടികൾക്ക് ഒരു വഴികാട്ടിയും സുഹൃത്തുമായിരിക്കാനും കഴിഞ്ഞാൽ, സകല പ്രാതികൂല്യങ്ങൾക്കും മധ്യേ കുടുംബത്തെ ഒരുമിച്ചുനിർത്താൻ സഹായിക്കുന്ന ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ അതു തീർച്ചയായും ഏറെ സഹായിക്കും. ഒരു ഭവനത്തെ സന്തുഷ്ടവും സുരക്ഷിതവും പ്രവർത്തനോന്മുഖവും ആക്കുന്നതിൽ ഒരു സ്ത്രീക്ക് വളരെയേറെ സഹായിക്കാനാകും. “പാളയമടിക്കാൻ നൂറു പുരുഷന്മാരെങ്കിലും വേണം, എന്നാൽ ഒരു ഭവനം പണിയാൻ ഒരു സ്ത്രീ മതി” എന്ന് 19-ാം നൂറ്റാണ്ടിലെ ഒരു രാഷ്ട്രതന്ത്രജ്ഞൻ പറഞ്ഞു.
കുടുംബത്തിന്റെ വരുമാനത്തിനുള്ളിൽ ഒതുങ്ങിക്കഴിയാൻ എല്ലാവരും സഹകരിക്കുന്നെങ്കിൽ, അത് കുടുംബത്തെ അനേകം പ്രശ്നങ്ങളിൽനിന്നു സംരക്ഷിക്കും. ജീവിതം ലളിതമായി സൂക്ഷിക്കാനും ആത്മീയ താത്പര്യങ്ങൾ ഒന്നാമതുവെക്കാനും ദമ്പതികൾ സഹകരിക്കണം. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിക്ക് താങ്ങാനാകാത്ത കാര്യങ്ങൾ ആവശ്യപ്പെടാതെ, ഉള്ളതുകൊണ്ടു തൃപ്തിപ്പെടാൻ കുട്ടികൾ പഠിക്കണം. കൺമോഹം സംബന്ധിച്ച് ജാഗ്രത പുലർത്തുക! താങ്ങാനാകാത്ത വിലയുള്ള സാധനങ്ങൾ കടംമേടിച്ച് വാങ്ങാനുള്ള പ്രലോഭനം അനേകം കുടുംബങ്ങളെ തകർച്ചയിലേക്കു നയിച്ചിട്ടുണ്ട്. ഉല്ലാസപ്രദമായ ഒരു യാത്ര, വീട്ടിലേക്കുവേണ്ട പ്രയോജനപ്രദവും ആസ്വാദ്യവുമായ ചില ഉപകരണങ്ങൾ, ക്രിസ്തീയ സഭയെ പിന്താങ്ങാനുള്ള ഒരു സംഭാവന എന്നിങ്ങനെയുള്ള കൂട്ടുപദ്ധതികൾക്കായി എല്ലാവരും പണം മുടക്കുന്നത് കുടുംബ ഐക്യത്തെ സഹായിച്ചേക്കാം.
ശുചീകരണം, കേടുപോക്കൽ, വീടിനും പൂന്തോട്ടത്തിനും കാറിനും മറ്റുംവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യൽ തുടങ്ങിയവയിൽ പങ്കുപറ്റുന്നത് സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തിനുവേണ്ടി എല്ലാ കുടുംബാംഗങ്ങൾക്കും ചെയ്യാൻ കഴിയുന്ന മറ്റൊരുതരം “സംഭാവന”യാണ്. അത്തരം ജോലികൾ കുറേശ്ശെ വീതം ഓരോ കുടുംബാംഗത്തിനും, കൊച്ചുകുട്ടികൾക്കുപോലും, നിയമിച്ചുകൊടുക്കാവുന്നതാണ്. കുട്ടികളേ, നിങ്ങളുടെ സമയം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. പകരം, ഒരു സഹായ-സഹകരണ മനോഭാവം വളർത്തിയെടുക്കുക. കുടുംബ ഐക്യത്തെ ഉന്നമിപ്പിക്കുന്ന യഥാർഥ സൗഹൃദവും സഹവർത്തിത്വവുമായിരിക്കും ഫലം.
ബൈബിൾ വിദ്യാഭ്യാസത്തിന്റെ മൂല്യം
ഏകീകൃത ക്രിസ്തീയ കുടുംബത്തിൽ, ക്രമമായ ബൈബിൾ പഠനത്തിന്റെ പ്രാധാന്യത്തിനും ഊന്നൽ നൽകപ്പെടുന്നു. ബൈബിൾ വാക്യങ്ങളുടെ ദൈനംദിന ചർച്ചയും വിശുദ്ധതിരുവെഴുത്തുകളുടെ പ്രതിവാര പഠനവും ഒരു ഏകീകൃത കുടുംബത്തിനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുന്നു. കുടുംബത്തിലുള്ള എല്ലാവരുടെയും ഹൃദയത്തെ പ്രചോദിപ്പിക്കത്തക്കവണ്ണം അടിസ്ഥാന ബൈബിൾ സത്യങ്ങളും തത്ത്വങ്ങളും ഒരുമിച്ചു ചർച്ചചെയ്യണം.
അത്തരം കുടുംബയോഗങ്ങൾ പ്രബോധനാത്മകമായിരിക്കുന്നതിനു പുറമേ ആസ്വാദ്യവും പ്രോത്സാഹജനകവുമായിരിക്കണം. ഉത്തരസ്വീഡനിലെ ഒരു കുടുംബം, ഓരോ വാരത്തിലും ഉയർന്നുവരുന്ന ചോദ്യങ്ങൾ കുട്ടികളെക്കൊണ്ട് പതിവായി എഴുതിവെപ്പിച്ചിരുന്നു. എന്നിട്ട് ആ ചോദ്യങ്ങൾ പ്രതിവാര ബൈബിളധ്യയന സമയത്ത് ചർച്ചചെയ്തിരുന്നു. ചോദ്യങ്ങൾ മിക്കപ്പോഴും ഗഹനവും ചിന്തോദ്ദീപകവുമായിരുന്നു. അവ കുട്ടികളുടെ ചിന്താപ്രാപ്തിയുടെയും ബൈബിൾ പഠിപ്പിക്കലുകളോടുള്ള വിലമതിപ്പിന്റെയും പ്രതിഫലനമാണെന്നു തെളിഞ്ഞു. പിൻവരുന്നവയായിരുന്നു ചില ചോദ്യങ്ങൾ: “എല്ലാം വളർന്നുവരാൻ യഹോവ എപ്പോഴും ഇടയാക്കുന്നുണ്ടോ, അതോ ഒരിക്കൽ മാത്രമേ അവൻ അങ്ങനെ ചെയ്തുള്ളോ?” “ദൈവം ഒരു മനുഷ്യനല്ലാത്ത സ്ഥിതിക്ക്, അവൻ മനുഷ്യനെ ‘തന്റെ സ്വരൂപത്തിൽ’ സൃഷ്ടിച്ചുവെന്ന് ബൈബിൾ പറയുന്നതെന്തുകൊണ്ട്?” “ആദാമും ഹവ്വായും നഗ്നപാദരും വിവസ്ത്രരുമായിരുന്നതിനാൽ ശൈത്യകാലത്ത് പറുദീസയിൽ അവർ തണുത്തുമരവിച്ചുകാണില്ലേ?” “രാത്രിയിൽ ഇരുട്ടുണ്ടായിരിക്കേണ്ട സ്ഥിതിക്ക് നമുക്കു ചന്ദ്രന്റെ ആവശ്യമെന്ത്?” ആ കുട്ടികൾ ഇപ്പോൾ വളർന്ന്, മുഴുസമയ ശുശ്രൂഷകരായി ദൈവത്തെ സേവിക്കുന്നു.
മാതാപിതാക്കളേ, കുടുംബപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശുഭാപ്തിവിശ്വാസവും സന്തോഷവുമുള്ളവരായിരിക്കുക. പരിഗണനയും വഴക്കവുമുള്ളവരായിരിക്കുക. എന്നാൽ, പ്രധാനപ്പെട്ട തത്ത്വങ്ങൾക്കു ശ്രദ്ധ കൊടുക്കേണ്ട കാര്യം വരുമ്പോൾ ദൃഢതയുള്ളവരായിരിക്കുക. ദൈവത്തോടും അവന്റെ ശരിയായ തത്ത്വങ്ങളോടുമുള്ള സ്നേഹം എല്ലായ്പോഴും നിങ്ങളുടെ തീരുമാനങ്ങളെ ഭരിക്കുന്നുവെന്ന് കുട്ടികൾ കാണട്ടെ. സ്കൂളിലെ അന്തരീക്ഷം മിക്കപ്പോഴും വളരെ സമ്മർദപൂരിതവും വിഷാദാത്മകവുമാണ്. ആ സ്വാധീനത്തെ നിർവീര്യമാക്കാൻ ഭവനത്തിൽ കുട്ടികൾക്കു നല്ല പ്രോത്സാഹനം ആവശ്യമാണ്.
മാതാപിതാക്കളേ, പൂർണരായി നടിക്കരുത്. തെറ്റുകൾ സമ്മതിക്കുകയും ആവശ്യമായിവരുമ്പോൾ നിങ്ങളുടെ കുട്ടികളോടു ക്ഷമാപണം നടത്തുകയും ചെയ്യുക. യുവജനങ്ങളേ, മമ്മിയും ഡാഡിയും തെറ്റ് സമ്മതിക്കുമ്പോൾ അവരെ കൂടുതൽ സ്നേഹിക്കുക.—സഭാപ്രസംഗി 7:16.
അതേ, ഒരു ഏകീകൃത കുടുംബം സമാധാനവും സുരക്ഷിതത്വവും സന്തുഷ്ടിയുമുള്ള ഒരു ഭവനമാണ്. ജർമൻ കവിയായ ഗോഥെ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “രാജാവാകട്ടെ, കൃഷിവലനാകട്ടെ, ഭവനത്തിൽ സന്തുഷ്ടി കണ്ടെത്തുന്നവനാണ് ഏറ്റവും സന്തുഷ്ടൻ.” വിലമതിപ്പുള്ള മാതാപിതാക്കൾക്കും കുട്ടികൾക്കും ഭവനത്തോടു തുല്യമായ മറ്റൊരു സ്ഥലമുണ്ടായിരിക്കില്ല.
നാം ജീവിക്കുന്ന ലോകത്തിലെ സമ്മർദങ്ങൾ നിമിത്തം കുടുംബം കടുത്ത ഭീഷണിയിലാണെന്നതു സത്യംതന്നെ. എന്നാൽ കുടുംബം ദൈവത്തിൽനിന്നുള്ളതാകയാൽ അത് അതിജീവിക്കും. സന്തുഷ്ട കുടുംബജീവിതത്തിനു വേണ്ടി ദൈവത്തിന്റെ നീതിനിഷ്ഠമായ മാർഗനിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും അതിജീവിക്കും.
[അടിക്കുറിപ്പുകൾ]
a ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന 192 പേജുള്ള പുസ്തകം കാണുക.