രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“നിന്റെ ജനം മനസ്സോടെ തങ്ങളെത്തന്നെ അർപ്പിക്കും”
കരുത്തനായ സിറിയൻ പട്ടാളമേധാവി നയമാൻ കുഷ്ഠരോഗിയാണ്. ഈ അറപ്പുളവാക്കുന്ന രോഗം ചികിത്സിച്ചില്ലെങ്കിൽ ആൾക്ക് വൈരൂപ്യം ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. നയമാൻ എന്താണു ചെയ്യുക? നയമാന്റെ ഗൃഹത്തിൽ ‘യിസ്രായേൽദേശത്തുനിന്നു പിടിച്ചുകൊണ്ടുപോയ’ ഒരു കൊച്ചു പെൺകുട്ടിയുമുണ്ട്. നയമാനെ സുഖപ്പെടുത്താൻ കഴിയുന്ന ഒരുവനായി പ്രവാചകനായ എലീശായെ തിരിച്ചറിയിച്ചുകൊണ്ട് അവൾ ധൈര്യപൂർവം സംസാരിക്കുന്നു.—2 രാജാക്കന്മാർ 5:1-3.
അവളുടെ ധീരോദാത്തമായ നിലപാടു നിമിത്തം നയമാൻ എലീശായെ തേടി പുറപ്പെടുകയും സുഖം പ്രാപിക്കുകയും ചെയ്യുന്നു. അതിനുപുറമേ, നയമാൻ യഹോവയുടെ ആരാധകനായിത്തീരുന്നു! ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവം നടന്നത് പൊ.യു.മു. പത്താം നൂറ്റാണ്ടിലാണ്. (2 രാജാക്കന്മാർ 5:4-15) ഇന്ന്, രാജ്യതാത്പര്യങ്ങളെപ്രതി സംസാരിക്കുന്ന കാര്യത്തിൽ അനേകം ചെറുപ്പക്കാർ സമാനമായ ധൈര്യം കാണിക്കുന്നു. മൊസാമ്പിക്കിൽനിന്നുള്ള പിൻവരുന്ന അനുഭവം അതു സ്ഥിരീകരിക്കുന്നു.
ആറു വയസ്സുള്ള നുനു സുവാർത്ത ഘോഷിക്കുന്ന സ്നാപനമേൽക്കാത്ത പ്രസാധകനാണ്. സ്നാപനമേൽക്കാത്ത പ്രസാധകനാകുന്നതിനു മുമ്പുപോലും നുനു അയൽപക്കത്തുള്ള കുട്ടികളെ വിളിച്ചുകൂട്ടി പ്രാർഥിച്ചിട്ട് എന്റെ ബൈബിൾ കഥാ പുസ്തകം ഉപയോഗിച്ച് അവരെ ബൈബിൾ പഠിപ്പിക്കുമായിരുന്നു.
മിക്കപ്പോഴും നുനു ശനിയാഴ്ച അതിരാവിലെ എഴുന്നേറ്റ്, “ഇന്ന് നാം വയൽശുശ്രൂഷയ്ക്കു പോകുന്ന ദിവസമാണ്” എന്ന് കുടുംബാംഗങ്ങളെ ഓർമിപ്പിക്കുന്നു. മറ്റു വിധങ്ങളിലും ശുശ്രൂഷയോടുള്ള അവന്റെ തീക്ഷ്ണത പ്രകടമാകുന്നു. മാപ്പുട്ടോയിൽ തെരുവു സാക്ഷീകരണത്തിനായി മാതാപിതാക്കളോടൊപ്പം പോകുമ്പോൾ നുനു മിക്കപ്പോഴും തനിയെ ആളുകളെ സമീപിക്കുന്നു. അത്തരമൊരു അവസരത്തിൽ ഒരു ബിസിനസ്സുകാരൻ അവന്റെ അടുത്തു വന്നു ചോദിച്ചു: “നീ എന്തിനാണ് ഈ മാസികകൾ വിൽക്കുന്നത്?” നുനു പറഞ്ഞു: “ഞാൻ മാസികകൾ വിൽക്കുകയല്ല, എന്നാൽ പ്രസംഗവേലയെ സാമ്പത്തികമായി സഹായിക്കുന്നതിന് ഞാൻ സംഭാവന സ്വീകരിക്കാറുണ്ട്.” ആ ബിസിനസ്സുകാരൻ ഇങ്ങനെ പ്രതിവചിച്ചു: “എനിക്കു താത്പര്യമില്ലെങ്കിലും, നിന്റെ മനോഭാവവും കഴിവും എന്നിൽ മതിപ്പുളവാക്കിയിരിക്കുന്നു. ഈ വേലയ്ക്കുവേണ്ടി ഒരു സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”
മറ്റൊരവസരത്തിൽ, നുനു തെരുവിലുണ്ടായിരുന്ന ഒരു മനുഷ്യനെ സമീപിച്ച് അദ്ദേഹത്തിന് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക് അത് എങ്ങനെ കണ്ടെത്താം? എന്ന പുസ്തകം കൊടുത്തു. ആ മനുഷ്യൻ ചോദിച്ചു: “അവിടെയുള്ള ആ സ്കൂളിൽ നീ പോകാറില്ലേ?” “ഉണ്ട്,” നുനു മറുപടി പറഞ്ഞു, “ഞാൻ ആ സ്കൂളിൽ പോകുന്നുണ്ട്, എന്നാൽ ഇന്ന് ഞാൻ ഈ പുസ്തകത്തിൽനിന്നുള്ള ഒരു സുപ്രധാന സന്ദേശം ആളുകൾക്കു പരിചയപ്പെടുത്തുകയാണ്. ഈ പുസ്തകത്തിലെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെയുള്ള, ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ നിങ്ങൾക്കു ജീവിക്കാൻ കഴിയുമെന്ന് അതു പ്രകടമാക്കുന്നു.” തന്റെ സ്കൂളിലെ ഒരു അധ്യാപകനോടാണ് താൻ സംസാരിക്കുന്നതെന്ന് നുനു അറിഞ്ഞില്ല. അധ്യാപകൻ ആ പുസ്തകം സ്വീകരിച്ചു. ഇപ്പോൾ നുനുവിൽനിന്ന് അദ്ദേഹം വീക്ഷാഗോപുരം, ഉണരുക! മാസികകൾ പതിവായി സ്വീകരിക്കുകയും ചെയ്യുന്നു.
പ്രസംഗവേലയിൽ പങ്കെടുക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നു ചോദിക്കുമ്പോൾ നുനു പറയുന്നു: “യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ച് ആളുകളോടു സംസാരിക്കാനും അവരെ പഠിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.” അവൻ കൂട്ടിച്ചേർക്കുന്നു: “ആളുകൾക്ക് കേൾക്കാൻ ആഗ്രഹമില്ലെങ്കിൽ, നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല.”
ലോകവ്യാപകമായി, നുനുവിനെപ്പോലെ ആയിരക്കണക്കിനു ചെറുപ്പക്കാർ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാനും പ്രസംഗിക്കാനുമായി “മനസ്സോടെ തങ്ങളെത്തന്നെ അർപ്പിക്കു”ന്നു. (സങ്കീർത്തനം 110:3, NW) എന്നാൽ അത് യാദൃച്ഛികമായി സംഭവിക്കുന്നതല്ല. ശൈശവംമുതൽ തങ്ങളുടെ കുട്ടികളെ യഹോവയെക്കുറിച്ചു പഠിപ്പിക്കുകയും ശുശ്രൂഷയിൽ നല്ല ദൃഷ്ടാന്തം വെക്കുകയും രാജ്യതാത്പര്യങ്ങൾ തീക്ഷ്ണതയോടെ പിന്തുടരുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് സമൃദ്ധമായ പ്രതിഫലം കിട്ടും.