ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥം
“പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”—2 പത്രൊസ് 1:21.
1, 2. (എ) ആധുനിക ജീവിതത്തിൽ ബൈബിളിനു പ്രസക്തിയുണ്ടോ എന്നു ചിലർ സംശയിക്കുന്നതെന്തുകൊണ്ട്? (ബി) ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്നു പ്രകടമാക്കാൻ നമുക്ക് ഉപയോഗിക്കാവുന്ന മൂന്നു തെളിവുകളേവ?
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കവാടത്തിങ്കൽ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ബൈബിളിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഇല്ലെന്നാണ് ചിലർ വിചാരിക്കുന്നത്. “ആധുനിക രസതന്ത്രക്ലാസ്സിൽ ഉപയോഗിക്കുന്നതിനു വേണ്ടി 1924-ലെ രസതന്ത്രപാഠ[പുസ്തക]ത്തിന്റെ പതിപ്പ് ഉപയോഗിക്കണമെന്ന് ആരും വാദിക്കുകയില്ല—ആ കാലത്തിനുശേഷം രസതന്ത്രം ഏറെ വളർന്നിരിക്കുന്നു,” ഡോ. ഇലി. എസ്. ചെസ്സൻ എഴുതി. ബൈബിൾ കാലഹരണപ്പെട്ടതാണെന്നു തനിക്കു തോന്നുന്നതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ, ആ വാദത്തിനു കഴമ്പുള്ളതായി തോന്നാം. എന്തൊക്കെയായാലും, ബൈബിൾകാലങ്ങൾക്കുശേഷം മനുഷ്യൻ ശാസ്ത്രം, മാനസികാരോഗ്യം, മനുഷ്യസ്വഭാവം എന്നിവയെക്കുറിച്ചെല്ലാം ഏറെക്കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട്, ചിലർ സംശയിച്ചേക്കാം: ‘അത്തരമൊരു പുരാതന ഗ്രന്ഥത്തിന് ശാസ്ത്രീയ അബദ്ധങ്ങളിൽനിന്ന് എങ്ങനെയാണ് മുക്തമായിരിക്കാനാകുക? അതിലെങ്ങനെയാണ് ആധുനിക ജീവിതത്തിന് പ്രായോഗികമായ ബുദ്ധ്യുപദേശമുണ്ടായിരിക്കുക?’
2 ബൈബിൾതന്നെ അതിന് ഉത്തരം തരുന്നുണ്ട്. ബൈബിൾ പ്രവാചകന്മാർ “ദൈവകല്പനയാൽ . . . പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ” എന്നു 2 പത്രൊസ് 1:21 നമ്മോടു പറയുന്നു. അങ്ങനെ ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥമാണെന്ന് അതു സൂചിപ്പിക്കുന്നു. എന്നാൽ അതു സത്യമാണെന്നു നമുക്കെങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാകും? ബൈബിൾ ദൈവത്തിന്റെ വചനമാണെന്നുള്ളതിന് നമുക്കു മൂന്നു തെളിവുകൾ പരിചിന്തിക്കാം: (1) അതു ശാസ്ത്രീയമായി കൃത്യതയുള്ളതാണ്, (2) ആധുനിക ജീവിതത്തിനു പ്രായോഗികമായ കാലാതീത തത്ത്വങ്ങൾ അതിലുണ്ട്, (3) ചരിത്രവസ്തുതകളാൽ സ്ഥിരീകരിക്കാവുന്ന, നിവൃത്തിയേറിയ സൂക്ഷ്മതയുള്ള പ്രവചനങ്ങൾ അതിലടങ്ങിയിരിക്കുന്നു.
ശാസ്ത്രത്തോടു യോജിക്കുന്ന ഒരു ഗ്രന്ഥം
3. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ബൈബിളിനു ഭീഷണിയായിരുന്നിട്ടില്ലാത്തത് എന്തുകൊണ്ട്?
3 ബൈബിൾ ഒരു ശാസ്ത്രപാഠപുസ്തകമല്ല. എന്നാൽ അത് സത്യം അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ഥമാണ്. സത്യത്തിനു കാലത്തിന്റെ പരിശോധനയെ അതിജീവിക്കാനാകും. (യോഹന്നാൻ 17:17) ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ബൈബിളിനു ഭീഷണിയായിരുന്നിട്ടില്ല. ശാസ്ത്രവുമായി ബന്ധപ്പെട്ട സംഗതികളെക്കുറിച്ചു പരാമർശിക്കുമ്പോൾ, അത് പിൽക്കാലത്തു കേവലം കെട്ടുകഥകളാണെന്നു തെളിഞ്ഞ പുരാതന “ശാസ്ത്രീയ” സിദ്ധാന്തങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ്. വാസ്തവത്തിൽ, ശാസ്ത്രീയമായി കൃത്യതയുള്ളതും എഴുതപ്പെട്ട കാലത്തെ അംഗീകൃത അഭിപ്രായങ്ങൾക്കു കടകവിരുദ്ധവുമായിരുന്ന പ്രസ്താവനകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, ബൈബിളും വൈദ്യശാസ്ത്രവും തമ്മിലുള്ള പൊരുത്തത്തെക്കുറിച്ചു പരിചിന്തിക്കുക.
4, 5. (എ) പുരാതന വൈദ്യന്മാർ രോഗത്തെക്കുറിച്ച് എന്തു മനസ്സിലാക്കിയിരുന്നില്ല? (ബി) ഈജിപ്ഷ്യൻ വൈദ്യന്മാരുടെ ചികിത്സാരീതികളുമായി മോശ നിശ്ചയമായും പരിചിതനായിരുന്നതെന്തുകൊണ്ട്?
4 രോഗങ്ങൾ പകരുന്നതെങ്ങനെയെന്ന് പുരാതന വൈദ്യന്മാർക്ക് പൂർണമായും മനസ്സിലായിരുന്നില്ല. രോഗപ്രതിരോധത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യവും അവർക്കറിയില്ലായിരുന്നു. ആധുനിക നിലവാരങ്ങൾ വെച്ചുനോക്കുമ്പോൾ അനേകം പുരാതന ചികിത്സാരീതികളും അപരിഷ്കൃതമായി കാണപ്പെടും. ലഭ്യമായ ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്ര പുസ്തകങ്ങളിലൊന്നാണ് ഏബേഴ്സ് പപ്പൈറസ്. പൊ.യു.മു. 1550-നോടടുത്ത കാലം മുതലുള്ള ഈജിപ്ഷ്യൻ വൈദ്യശാസ്ത്ര വിജ്ഞാന സമാഹാരമാണ് അത്. “മുതലകടി മുതൽ കാൽനഖത്തിലെ വേദനവരെ” പലവിധ രോഗങ്ങൾക്കുള്ള 700 പ്രതിവിധികൾ അതിലുണ്ട്. പ്രതിവിധികളിൽ മിക്കതും ഫലപ്രദമായിരുന്നില്ല, തന്നെയുമല്ല ചിലത് അങ്ങേയറ്റം അപകടകരവുമായിരുന്നു. മുറിവിനു ശുപാർശ ചെയ്തിരുന്ന ചികിത്സാരീതികളിലൊന്ന് മനുഷ്യമലവും മറ്റു പദാർഥങ്ങളും ചേർത്തുണ്ടാക്കിയ ഒരു മിശ്രിതം പുരട്ടുകയെന്നതായിരുന്നു.
5 ഈജിപ്ഷ്യൻ ചികിത്സാവിധികളടങ്ങിയ ഈ പുസ്തകം എഴുതപ്പെട്ടത് മോശൈക ന്യായപ്രമാണം ഉൾപ്പെടെയുള്ള ബൈബിളിന്റെ ആദ്യപുസ്തകങ്ങൾ എഴുതപ്പെട്ട ഏതാണ്ട് അതേകാലത്തുതന്നെയായിരുന്നു. പൊ.യു.മു. 1593-ൽ ജനിച്ച മോശ വളർന്നത് ഈജിപ്തിലായിരുന്നു. (പുറപ്പാടു 2:1-10) ഫറവോന്റെ ഭവനത്തിൽ വളർത്തപ്പെട്ട മോശ “മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു.” (പ്രവൃത്തികൾ 7:22) ഈജിപ്തിലെ “വൈദ്യന്മാ”രെ അവനു പരിചയമുണ്ടായിരുന്നു. (ഉല്പത്തി 50:1-3) അവരുടെ ഫലപ്രദമല്ലാത്തതോ അപകടകരമോ ആയ ചികിത്സാരീതികൾ അവന്റെ എഴുത്തുകളെ സ്വാധീനിച്ചോ?
6. ആധുനിക ശാസ്ത്രം മോശൈക ന്യായപ്രമാണത്തിലെ ഏതെല്ലാം ശുചിത്വനിബന്ധനകൾ ന്യായയുക്തമായി കരുതുന്നു?
6 നേരേമറിച്ച്, ആധുനിക വൈദ്യശാസ്ത്രം ന്യായയുക്തമെന്നു കരുതുന്ന ശുചിത്വനിബന്ധനകളാണ് മോശൈക ന്യായപ്രമാണത്തിലുണ്ടായിരുന്നത്. ഉദാഹരണത്തിന്, സൈനിക പാളയങ്ങൾക്കുള്ള നിയമം മനുഷ്യമലം പാളയത്തിനു വെളിയിൽ കുഴിച്ചുമൂടണമെന്ന് അനുശാസിച്ചിരുന്നു. (ആവർത്തനപുസ്തകം 23:13) ഇത് അങ്ങേയറ്റം പുരോഗമനാത്മകമായ ഒരു രോഗപ്രതിരോധനടപടിയായിരുന്നു. അത് ജലസ്രോതസ്സുകളെ മാലിന്യരഹിതമായി സൂക്ഷിക്കുകയും ഈച്ചകൾവഴി പകരുന്ന ഷിഗല്ലോസിസ് രോഗത്തിൽനിന്നും ഇപ്പോഴും വർഷംതോറും പൊതുവേ വികസ്വര രാജ്യങ്ങളിൽ ദശലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിക്കുന്ന മറ്റ് അതിസാര രോഗങ്ങളിൽനിന്നും സംരക്ഷണം നൽകുകയും ചെയ്തു.
7. മോശൈക ന്യായപ്രമാണത്തിലെ ഏതെല്ലാം ശുചിത്വനിബന്ധനകൾ പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ സഹായിച്ചു?
7 പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ സഹായിച്ച മറ്റു ശുചിത്വനിബന്ധനകളും മോശൈക ന്യായപ്രമാണത്തിലുണ്ടായിരുന്നു. പകർച്ചവ്യാധിയുള്ളതോ ഉണ്ടെന്നു സംശയിക്കപ്പെടുന്നതോ ആയ ഒരു വ്യക്തിയെ മാറ്റിപ്പാർപ്പിച്ചിരുന്നു. (ലേവ്യപുസ്തകം 13:1-5) താനേ ചത്ത (ഒരുപക്ഷേ രോഗംബാധിച്ച്) ഒരു മൃഗവുമായി സമ്പർക്കത്തിൽ വന്ന വസ്ത്രങ്ങളോ പാത്രങ്ങളോ വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പായി കഴുകണമായിരുന്നു, അല്ലെങ്കിൽ നശിപ്പിച്ചുകളയണമായിരുന്നു. (ലേവ്യപുസ്തകം 11:27, 28, 32, 33) ശവത്തെ സ്പർശിച്ച ഏതു വ്യക്തിയെയും അശുദ്ധനായി കരുതിയിരുന്നു, തന്റെ വസ്ത്രം കഴുകലും കുളിക്കലും ഉൾപ്പെട്ട ഒരു ശുദ്ധീകരണ നടപടിക്ക് അയാൾ വിധേയനാകണമായിരുന്നു. അശുദ്ധിയുടെ ഈ ഏഴുദിവസ കാലയളവിൽ, അയാൾ മറ്റുള്ളവരുമായി ശാരീരിക സമ്പർക്കം ഒഴിവാക്കണമായിരുന്നു.—സംഖ്യാപുസ്തകം 19:1-13.
8, 9. മോശൈക ന്യായപ്രമാണത്തിലെ ശുചിത്വനിയമങ്ങൾ നിലവിലിരുന്ന ജ്ഞാനത്തിനതീതമായിരുന്നു എന്നു പറയാവുന്നതെന്തുകൊണ്ട്?
8 ഈ ശുചിത്വനിയമങ്ങൾ അന്നു നിലവിലിരുന്ന ജ്ഞാനത്തിനതീതമായിരുന്നു. ആധുനിക ശാസ്ത്രം രോഗത്തിന്റെ വ്യാപനത്തെയും പ്രതിരോധത്തെയും കുറിച്ച് ഏറെ മനസ്സിലാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്ര നേട്ടങ്ങൾനിമിത്തം ആൻറിസെപ്സിസ്—ശുചിത്വത്തിലൂടെ രോഗബാധ കുറയ്ക്കുന്ന രീതി—നടപ്പിലായി. അതിന്റെ ഫലമായി രോഗസംക്രമണത്തിലും അകാലമരണത്തിലും ഗണ്യമായ കുറവുണ്ടായി. 1900 എന്ന വർഷത്തിൽ, അനേകം യൂറോപ്യൻ രാജ്യങ്ങളിലും ഐക്യനാടുകളിലും ജനനസമയത്ത് ആയുർപ്രതീക്ഷ 50-ൽ താഴെയായിരുന്നു. എന്നാൽ അന്നുമുതൽ അത് രോഗനിയന്ത്രണത്തിലുള്ള വൈദ്യശാസ്ത്രത്തിന്റെ പുരോഗതിനിമിത്തം മാത്രമല്ല, മെച്ചപ്പെട്ട ശുചിത്വവും ജീവിതാവസ്ഥയും ഹേതുവായും, നാടകീയമായി ഉയർന്നിരിക്കുന്നു.
9 എന്നിരുന്നാലും, രോഗങ്ങൾ പകരുന്നതെങ്ങനെയെന്നു ശാസ്ത്രം മനസ്സിലാക്കിയതിന് ആയിരക്കണക്കിനു വർഷംമുമ്പേ, രോഗങ്ങളിൽനിന്നുള്ള സംരക്ഷണമെന്ന നിലയിൽ ബൈബിൾ ന്യായയുക്തമായ പ്രതിരോധനടപടികൾ ശുപാർശചെയ്തു. തന്റെ നാളിലെ ഇസ്രായേല്യർ പൊതുവേ 70-തോ 80-ഓ വയസ്സോളം ജീവിക്കുന്നുവെന്ന് അവരെക്കുറിച്ചു മോശയ്ക്കു പറയാൻ കഴിഞ്ഞതിൽ അതിശയിക്കാനില്ല. (സങ്കീർത്തനം 90:10) അത്തരം ശുചിത്വനിയമങ്ങൾ മോശയ്ക്ക് അറിയാൻ കഴിഞ്ഞതെങ്ങനെ? ബൈബിൾതന്നെ വിശദമാക്കുന്നു: ആ നിയമസംഹിത “ദൂതൻമാർ മുഖാന്തരം . . . ഏല്പി”ക്കപ്പെട്ടതാണ്. (ഗലാത്യർ 3:19) അതേ, മാനുഷജ്ഞാനമടങ്ങിയ ഒരു ഗ്രന്ഥമല്ല ബൈബിൾ; അതു ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥമാണ്.
ആധുനിക ജീവിതത്തിനുള്ള ഒരു പ്രായോഗിക ഗ്രന്ഥം
10. ബൈബിൾ ഏതാണ്ട് 2,000 വർഷംമുമ്പ് പൂർത്തീകരിക്കപ്പെട്ടെങ്കിലും, അതിന്റെ ബുദ്ധ്യുപദേശം സംബന്ധിച്ച് എന്തു സത്യമാണ്?
10 ഉപദേശഗ്രന്ഥങ്ങൾ കാലഹരണപ്പെടുന്നു, വേഗം പരിഷ്കരിക്കപ്പെടുന്നു, അല്ലെങ്കിൽ അവയുടെ സ്ഥാനത്തു മറ്റുള്ളവ വരുന്നു. എന്നാൽ ബൈബിൾ സത്യമായും അനുപമമാണ്. “നിന്റെ ഓർമിപ്പിക്കലുകൾ വളരെ ആശ്രയയോഗ്യമാണെന്നു തെളിഞ്ഞിരിക്കുന്നു” എന്നു സങ്കീർത്തനം 93:5 (NW) പറയുന്നു. ഏതാണ്ട് 2,000 വർഷംമുമ്പ് എഴുത്ത് പൂർത്തിയായതാണെങ്കിലും, ബൈബിളിലെ വചനങ്ങൾ ഇപ്പോഴും പ്രായോഗികമാണ്. നമ്മുടെ തൊലിയുടെ നിറമേതായാലും, നാം പാർക്കുന്ന രാജ്യമേതായാലും അവ ഒരുപോലെ ബാധകമാണ്. ബൈബിളിന്റെ കാലാതീതവും “വളരെ ആശ്രയയോഗ്യ”വുമായ ബുദ്ധ്യുപദേശങ്ങളിൽ ചിലത് പരിചിന്തിക്കുക.
11. പതിറ്റാണ്ടുകൾക്കുമുമ്പ്, കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്നതു സംബന്ധിച്ച് അനേകം മാതാപിതാക്കളും എന്തു വിശ്വസിക്കാനിടയായി?
11 കുട്ടികളെ വളർത്തുന്നതിലുള്ള “പുത്തൻ ആശയങ്ങ”ളാൽ പ്രേരിതരായി, പല ദശകങ്ങൾക്കുമുമ്പ് അനേകം മാതാപിതാക്കളും കരുതിയിരുന്നത് “ശിക്ഷിക്കുന്നത് തെറ്റാണ്” എന്നായിരുന്നു. കുട്ടികളുടെമേൽ നിബന്ധനകൾ വെക്കുന്നത് അവരിൽ ആഘാതവും നിരാശയും ഉളവാക്കുമെന്ന് അവർ ഭയപ്പെട്ടു. മാതാപിതാക്കൾ കുട്ടികൾക്ക് മൃദുവായ ഒരു തിരുത്തലേ കൊടുക്കാൻ പാടുള്ളൂ, അതിൽ കൂടുതൽ ഒന്നും ചെയ്യരുതെന്ന് സദുദ്ദേശ്യപ്രേരിതരായ ഉപദേഷ്ടാക്കന്മാർ നിർബന്ധം പിടിച്ചിരുന്നു. അത്തരത്തിലുള്ള അനേകം വിദഗ്ധരും ഇപ്പോൾ “മാതാപിതാക്കളെ കുറച്ചുകൂടി കർശനസ്വഭാവക്കാരാകാനും പഴയതുപോലെ നിയന്ത്രണം ഏറ്റെടുക്കാനും പ്രോത്സാഹിപ്പിക്കുക”യാണെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
12. “ശിക്ഷണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് നാമപദത്തിന്റെ അർഥമെന്ത്, കുട്ടികൾക്ക് അത്തരം ശിക്ഷണം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
12 എന്നാൽ കുട്ടികളെ പരിശീലിപ്പിക്കുന്ന വിഷയത്തിൽ ബൈബിൾ സുനിശ്ചിതവും സമനിലയുള്ളതുമായ ബുദ്ധ്യുപദേശം നൽകിയിട്ടുണ്ട്. അതിങ്ങനെ ഉപദേശിക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) “ശിക്ഷണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു നാമപദത്തിനർഥം “അഭ്യസിപ്പിക്കൽ, പരിശീലിപ്പിക്കൽ, പ്രബോധിപ്പിക്കൽ” എന്നെല്ലാമാണ്. ശിക്ഷണം, അഥവാ പ്രബോധനം മാതാപിതാക്കളുടെ സ്നേഹത്തിന്റെ തെളിവാണെന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:24) ശരിയും തെറ്റും സംബന്ധിച്ച അവബോധം വികസിപ്പിച്ചെടുക്കാൻ തങ്ങളെ സഹായിക്കുന്ന വ്യക്തമായ ധാർമിക മാർഗനിർദേശങ്ങൾക്കു കീഴിൽ കുട്ടികൾ തഴയ്ക്കുന്നു. ഉചിതമായി നൽകപ്പെടുന്ന ശിക്ഷണം അവർക്കു സുരക്ഷിതത്വബോധം പ്രദാനം ചെയ്യുന്നു. മാതാപിതാക്കൾ തങ്ങൾക്കുവേണ്ടി കരുതുന്നുവെന്നും തങ്ങൾ എത്തരക്കാരായിത്തീരുന്നു എന്നതിൽ അവർ തത്പരരാണെന്നും അത് അവരോടു പറയുന്നു.—സദൃശവാക്യങ്ങൾ 4:10-13 താരതമ്യം ചെയ്യുക.
13. (എ) ശിക്ഷണത്തിന്റെ കാര്യത്തിൽ, ബൈബിൾ മാതാപിതാക്കൾക്ക് എന്ത് മുന്നറിയിപ്പ് നൽകുന്നു? (ബി) ബൈബിൾ ഏതുതരം ശിക്ഷണം ശുപാർശചെയ്യുന്നു?
13 എന്നാൽ ശിക്ഷണത്തിന്റെ കാര്യത്തിൽ ബൈബിൾ മാതാപിതാക്കൾക്ക് ചില മുന്നറിയിപ്പുകളും നൽകുന്നു. മാതാപിതാക്കൾ ഒരിക്കലും തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യരുത്. (സദൃശവാക്യങ്ങൾ 22:15) കുട്ടിയെ ഒരിക്കലും ക്രൂരമായി ശിക്ഷിക്കരുത്. ബൈബിൾ തത്ത്വങ്ങളനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബത്തിൽ ദേഹോപദ്രവത്തിനു സ്ഥാനമില്ല. (സങ്കീർത്തനം 11:5) പരുഷമായ വാക്കുകൾ, നിരന്തരമുള്ള വിമർശനം, കടുത്ത പരിഹാസം എന്നിവയാലുള്ള വൈകാരികോപദ്രവവും പാടില്ല, അവയ്ക്കെല്ലാം കുട്ടിയുടെ ആത്മവീര്യത്തെ കെടുത്താനാകും. (സദൃശവാക്യങ്ങൾ 12:18 താരതമ്യം ചെയ്യുക.) ജ്ഞാനപൂർവകമായി, ബൈബിൾ മാതാപിതാക്കളെ ഇങ്ങനെ അനുശാസിക്കുന്നു: “നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുന്മേഷരാകും [അല്ലെങ്കിൽ, “നിങ്ങൾ അവരെ അധീരരാക്കും,” ഫിലിപ്സ്].” (കൊലൊസ്സ്യർ 3:21, പി.ഒ.സി. ബൈബിൾ) ബൈബിൾ പ്രതിരോധ നടപടികൾ ശുപാർശചെയ്യുന്നു. ആവർത്തനപുസ്തകം 11:19-ൽ, അനൗപചാരിക അവസരങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളിൽ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ ഉൾനടാൻ മാതാപിതാക്കളോടു പറഞ്ഞിരിക്കുന്നു. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട അത്തരം വ്യക്തവും ന്യായയുക്തവുമായ ബുദ്ധ്യുപദേശം ബൈബിൾകാലങ്ങളെപ്പോലെ ഇന്നും പ്രസക്തമാണ്.
14, 15. (എ) കേവലം ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശത്തിലുമധികം ബൈബിൾ പ്രദാനംചെയ്യുന്നത് ഏതു വിധത്തിൽ? (ബി) വ്യത്യസ്ത വർഗങ്ങളിലും രാഷ്ട്രങ്ങളിലുംപെട്ട സ്ത്രീപുരുഷന്മാരെ, പരസ്പരം തുല്യരായി വീക്ഷിക്കാൻ ഏതു ബൈബിൾ പഠിപ്പിക്കലുകൾ സഹായിക്കും?
14 കേവലം ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശത്തെക്കാളധികം ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്. അതിന്റെ സന്ദേശം ഹൃദയത്തെ ആകർഷിക്കുന്നതാണ്. എബ്രായർ 4:12 പറയുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” ബൈബിളിന്റെ പ്രചോദനാത്മക ശക്തിയെ ദൃഷ്ടാന്തീകരിക്കുന്ന ഒരുദാഹരണം എടുക്കാം.
15 ഇന്ന് ആളുകൾ വർഗീയ, ദേശീയ, വംശീയ പ്രതിബന്ധങ്ങളാൽ വിഭജിതരാണ്. അത്തരം കൃത്രിമ മതിലുകൾ ലോകമെമ്പാടുമുള്ള യുദ്ധങ്ങളിൽ നിഷ്കളങ്കരായ മനുഷ്യരുടെ കൂട്ടക്കുരുതിക്കു കാരണമായിരിക്കുന്നു. അതേസമയം, വ്യത്യസ്ത വർഗങ്ങളിലും രാഷ്ട്രങ്ങളിലുംപെട്ട സ്ത്രീപുരുഷന്മാരെ തുല്യരായി വീക്ഷിക്കാൻ സഹായിക്കുന്ന പഠിപ്പിക്കലുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, ദൈവം “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി”യെന്നു പ്രവൃത്തികൾ 17:26 പറയുന്നു. ഇതു പ്രകടമാക്കുന്നതനുസരിച്ച്, മനുഷ്യവർഗം എന്ന ഒരേയൊരു വർഗമേ വാസ്തവത്തിലുള്ളൂ! കൂടുതലായി ബൈബിൾ നമ്മോട് “ദൈവത്തിന്റെ അനുകാരികൾ” ആയിത്തീരാൻ ആവശ്യപ്പെടുന്നു. ആ ദൈവത്തെക്കുറിച്ച് അത് ഇങ്ങനെ പറയുന്നു: “ദൈവത്തിന്നു മുഖപക്ഷമില്ല,” “ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.” (എഫെസ്യർ 5:1; പ്രവൃത്തികൾ 10:34, 35) ബൈബിളിന്റെ പഠിപ്പിക്കലുകളനുസരിച്ചു ജീവിക്കാൻ യഥാർഥ ശ്രമം ചെയ്യുന്നവർക്ക് ഈ പരിജ്ഞാനം ഏകീകരണ സ്വാധീനമുള്ളതാണ്. അത് ഏറ്റവും കൂടുതൽ ആഴ്ന്നിറങ്ങി, ഹൃദയത്തിലേക്കിറങ്ങി പ്രവർത്തിക്കുന്നു, ആളുകളെ വിഭജിക്കുന്ന മനുഷ്യനിർമിത പ്രതിബന്ധങ്ങളെ അതു തകർക്കുന്നു. അത് ഇന്നത്തെ ലോകത്തിൽ യഥാർഥത്തിൽ പ്രായോഗികമാണോ?
16. യഹോവയുടെ സാക്ഷികൾ ഒരു യഥാർഥ സാർവദേശീയ സഹോദരവർഗമാണെന്നു പ്രകടമാക്കുന്ന ഒരു അനുഭവം വിവരിക്കുക.
16 തീർച്ചയായും അതു പ്രായോഗികമാണ്! സാധാരണഗതിയിൽ പരസ്പരം സമാധാനത്തിലല്ലാത്ത വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളെ ഏകീകരിക്കുന്ന സാർവദേശീയ സാഹോദര്യത്തിനു പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. ഉദാഹരണത്തിന്, റുവാണ്ടയിൽ വംശീയ പോരാട്ടങ്ങൾ നടന്ന സമയത്ത്, ഓരോ ഗോത്രത്തിലുംപെട്ട യഹോവയുടെ സാക്ഷികൾ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് മറ്റേ വർഗത്തിൽപ്പെട്ട തങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാരെ സംരക്ഷിച്ചു. ഒരു സംഭവത്തിൽ, ഒരു ഹൂട്ടു സാക്ഷി തന്റെ സഭയിലെ ഒരു ആറംഗ ടൂട്സി കുടുംബത്തിന് രഹസ്യാഭയം നൽകി. സങ്കടകരമെന്നു പറയട്ടെ, ആ ടൂട്സി കുടുംബം അവസാനം കണ്ടെത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഘാതകരുടെ ക്രോധപാത്രമായിത്തീർന്ന ഹൂട്ടു സഹോദരനും കുടുംബത്തിനും ടാൻസാനിയയിലേക്കു പലായനം ചെയ്യേണ്ടിവന്നു. സമാനമായ അനവധി സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുണ്ട്. അവരുടെ ഹൃദയങ്ങൾ ബൈബിൾ സന്ദേശത്തിന്റെ പ്രചോദനാത്മക ശക്തിയാൽ ആഴത്തിൽ സ്പർശിക്കപ്പെട്ടതുകൊണ്ടാണ് അത്തരം ഐക്യം സാധ്യമായതെന്ന് യഹോവയുടെ സാക്ഷികൾ സത്വരം സമ്മതിക്കുന്നു. പകനിറഞ്ഞ ഈ ലോകത്തിലെ ജനങ്ങളെ ബൈബിളിന് ഏകീകരിക്കാനാകുന്നുവെന്നത് അത് ദൈവത്തിൽനിന്നുള്ളതാണെന്നതിന്റെ ശക്തമായ തെളിവാണ്.
യഥാർഥ പ്രവചനങ്ങളുടെ ഒരു ഗ്രന്ഥം
17. ബൈബിൾപ്രവചനങ്ങൾ മനുഷ്യരുടെ പ്രവചനങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
17 “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല” എന്ന് 2 പത്രൊസ് 1:20 പറയുന്നു. ബൈബിൾ പ്രവാചകന്മാർ നിലവിലുള്ള ലോകാവസ്ഥകൾ അപഗ്രഥിച്ച് സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധമായ ഊഹാപോഹങ്ങൾ നടത്തുകയായിരുന്നില്ല. ഭാവിയിലെ ഏതൊരു സംഭവത്തിനും ആരോപിക്കാൻ കഴിയുംവിധം അവ്യക്തമായ പ്രവചനങ്ങൾ നടത്തുകയുമായിരുന്നില്ല അവർ. അങ്ങേയറ്റം സൂക്ഷ്മമായിരുന്നതും അന്നു ജീവിച്ചിരുന്ന ആളുകളുടെ പ്രതീക്ഷയ്ക്കു നേർവിപരീതമായി മുൻകൂട്ടിപ്പറഞ്ഞതുമായ ഒരു ബൈബിൾപ്രവചനം നമുക്കു ദൃഷ്ടാന്തമായെടുക്കാം.
18. പുരാതന ബാബിലോൻ നിവാസികൾക്ക് നിശ്ചയമായും വളരെ സുരക്ഷിതത്വബോധം തോന്നിയതെന്തുകൊണ്ട്, എന്നിട്ടും ബാബിലോനെക്കുറിച്ച് യെശയ്യാവ് എന്തു മുൻകൂട്ടിപ്പറഞ്ഞു?
18 പൊ.യു.മു. ഏഴാം നൂറ്റാണ്ട് ആയപ്പോഴേക്കും ബാബിലോൻ നഗരം അജയ്യമെന്നു തോന്നുമാറ് ബാബിലോന്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിക്കഴിഞ്ഞിരുന്നു. ആ നഗരം യൂഫ്രട്ടീസ് നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്തിരുന്നു. നദിയിലെ വെള്ളം, വിശാലവും ആഴമുള്ളതുമായ പരസ്പരബന്ധിത കിടങ്ങുകളിലും കനാലുകളിലും കേറിക്കിടന്നിരുന്നു. തന്നെയുമല്ല, ആ നഗരം ഒരു വൻ ഇരട്ടമതിലിനാൽ സംരക്ഷിക്കപ്പെട്ടിരുന്നു. തലയെടുപ്പുള്ള അനവധി കോട്ടകൊത്തളങ്ങളുമുണ്ടായിരുന്നു. നിസ്സംശയമായും ബാബിലോനിലെ നിവാസികൾക്കു വളരെ സുരക്ഷിതത്വം തോന്നിയിരുന്നു. എന്നിരുന്നാലും, ബാബിലോൻ അതിന്റെ പ്രതാപത്തിന്റെ ഉന്നതിയിലേക്കു വരുന്നതിനു മുമ്പുതന്നെ, പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ യെശയ്യാ പ്രവാചകൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും. അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.” (യെശയ്യാവു 13:19, 20) ബാബിലോൻ നശിപ്പിക്കപ്പെടുമെന്നു മാത്രമല്ല, അത് എന്നെന്നും നിവസിക്കപ്പെടാതെ കിടക്കുമെന്നും പ്രവചനം മുൻകൂട്ടിപ്പറഞ്ഞുവെന്നതു ശ്രദ്ധിക്കുക. അത്തരമൊരു പ്രവചനം തികച്ചും ഒരു സാഹസംതന്നെയായിരുന്നു! ബാബിലോൻ ശൂന്യമായിക്കിടക്കുന്നതു കണ്ടതിനു ശേഷമായിരിക്കുമോ യെശയ്യാവു തന്റെ പ്രവചനം എഴുതിയത്? അല്ല എന്നു ചരിത്രം പറയുന്നു!
19. പൊ.യു.മു. 539 ഒക്ടോബർ 5-ന് യെശയ്യാ പ്രവചനം പൂർണമായി നിവർത്തിക്കാഞ്ഞതെന്തുകൊണ്ട്?
19 പൊ.യു.മു. 539 ഒക്ടോബർ 5 രാത്രി കോരെശിന്റെ നേതൃത്വത്തിൻ കീഴിലെ മേദോ-പേർഷ്യൻ സൈന്യത്തിനുമുമ്പിൽ ബാബിലോൻ തോറ്റു. എന്നിരുന്നാലും, യെശയ്യാവിന്റെ പ്രവചനത്തിന് അപ്പോൾ പൂർണമായ നിവൃത്തിയുണ്ടായില്ല. കോരെശ് പിടിച്ചടക്കിയതിനുശേഷവും ആൾപ്പാർപ്പുണ്ടായിരുന്ന, എന്നാൽ അത്ര പ്രബലമല്ലായിരുന്ന ബാബിലോൻ നൂറ്റാണ്ടുകളോളം നിലനിന്നു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ, അതായത് യെശയ്യാവിന്റെ ചാവുകടൽ ചുരുൾ പകർത്തിയെഴുതിയ സമയത്തോടടുത്ത്, അയൽരാജ്യങ്ങളുടെയെല്ലാം സ്വപ്നഭൂമിയായിരുന്ന ബാബിലോന്റെമേൽ പാർത്തിയാൻകാർ നിയന്ത്രണമേറ്റെടുത്തു. പൊ.യു.മു. ഒന്നാം നൂറ്റാണ്ടിൽ “നല്ലൊരു കൂട്ടം” യഹൂദന്മാർ അവിടെ പാർത്തിരുന്നതായി ജോസീഫസ് റിപ്പോർട്ടു ചെയ്യുന്നുണ്ട്. ദ കേംബ്രിഡ്ജ് ഏൻഷ്യൻറ് ഹിസ്റ്ററി പറയുന്നതനുസരിച്ച്, പൊ.യു. 24-ൽ പാമിറിൻ വ്യാപാരികൾ ബാബിലോനിൽ ആദായമുള്ള ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചിരുന്നു. അതുകൊണ്ട്, പൊ.യു. ഒന്നാം നൂറ്റാണ്ടിലും ബാബിലോൻ പൂർണമായി ശൂന്യമായിരുന്നില്ല. എന്നാൽ അപ്പോഴേക്കും യെശയ്യാവിന്റെ പുസ്തകം പൂർത്തിയായിട്ട് ദീർഘകാലം കഴിഞ്ഞിരുന്നു.—1 പത്രൊസ് 5:13.
20. ബാബിലോൻ അവസാനം ‘കല്ക്കുന്നുകളായി’ത്തീർന്നുവെന്നതിന് എന്തു തെളിവുണ്ട്?
20 ബാബിലോൻ നിവസിക്കപ്പെടാതെ കിടക്കുന്നതു കാണാൻ യെശയ്യാവു ജീവിച്ചിരുന്നില്ല. എന്നാൽ പ്രവചനം സത്യമായി, ബാബിലോൻ അവസാനം ‘കല്ക്കുന്നുകളായി’ മാറി. (യിരെമ്യാവു 51:37) എബ്രായ പണ്ഡിതനായ ജെറോം (പൊ.യു. നാലാം നൂറ്റാണ്ടിൽ ജനിച്ചയാൾ) പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാളിൽ ബാബിലോൻ “എല്ലാത്തരം മൃഗങ്ങളും” വിഹരിച്ചിരുന്ന ഒരു വേട്ടനിലമായി മാറിക്കഴിഞ്ഞിരുന്നു. ബാബിലോൻ ഇന്നും ശൂന്യമായി കിടക്കുന്നു. ഒരു വിനോദസഞ്ചാരസ്ഥലമായി ബാബിലോനെ പുനഃസ്ഥിതീകരിക്കുന്നത് സന്ദർശകരെ ആകർഷിച്ചെന്നിരിക്കും. എന്നാൽ യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ബാബിലോന്റെ ‘പുത്രനും പൗത്രനും’ എന്നേക്കും പൊയ്പോയിരിക്കുന്നു.—യെശയ്യാവു 14:22.
21. വിശ്വസ്ത പ്രവാചകന്മാർക്കു പിഴവുപറ്റാത്ത കൃത്യതയോടെ ഭാവി മുൻകൂട്ടിപ്പറയാൻ സാധിച്ചതെങ്ങനെ?
21 യെശയ്യാവ് വിദഗ്ധമായൊരു ഊഹാപോഹം നടത്തിയതായിരുന്നില്ല. പ്രവചനമായി തോന്നത്തക്കവണ്ണം അവൻ ചരിത്രത്തെ തിരുത്തിയെഴുതുകയും ചെയ്തില്ല. യെശയ്യാവ് ഒരു യഥാർഥ പ്രവാചകൻ ആയിരുന്നു. അങ്ങനെതന്നെയായിരുന്നു ബൈബിളിലെ മറ്റു വിശ്വസ്ത പ്രവാചകന്മാരും. പിഴവുപറ്റാത്ത കൃത്യതയോടെ ഭാവി മുൻകൂട്ടിപ്പറയുകയെന്ന, മറ്റു മനുഷ്യർക്കാർക്കും ചെയ്യാനാകാത്ത സംഗതി ഈ മനുഷ്യർക്കു സാധിച്ചതെന്തുകൊണ്ട്? ഉത്തരം വ്യക്തമാണ്. ആ പ്രവചനങ്ങളുടെ ഉത്ഭവം പ്രവചനത്തിന്റെ ദൈവമായ, ‘ആരംഭത്തിങ്കൽ തന്നേ അവസാനവും പറയുന്ന’ യഹോവയിൽനിന്നാണ്.—യെശയ്യാവു 46:10.
22. ബൈബിൾ സ്വയം പരിശോധിക്കുന്നതിന് പരമാർഥഹൃദയരെ പ്രോത്സാഹിപ്പിക്കാൻ നാം പരമാവധി ചെയ്യേണ്ടതെന്തുകൊണ്ട്?
22 അതുകൊണ്ട്, ബൈബിൾ പരിശോധനായോഗ്യമാണോ? ആണെന്നു നമുക്കറിയാം! എന്നാൽ അനേകമാളുകൾക്കും ഈ ബോധ്യം ഇല്ല. ഒരിക്കലും വായിച്ചിട്ടില്ലെങ്കിലും അവർ ബൈബിളിനെക്കുറിച്ച് അഭിപ്രായം രൂപപ്പെടുത്തിയിരിക്കുന്നു. മുൻലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചിരുന്ന പ്രൊഫസറുടെ കാര്യം ഓർക്കുക. ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ച അദ്ദേഹം ശ്രദ്ധാപൂർവം ബൈബിൾ പരിശോധിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം ബൈബിൾ ദൈവത്തിൽനിന്നുള്ള ഒരു ഗ്രന്ഥമാണെന്ന നിഗമനത്തിലെത്തി. അവസാനം യഹോവയുടെ സാക്ഷികളിലൊരുവനായി സ്നാപനമേറ്റ ഈ പ്രൊഫസർ ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുകയാണ്! ബൈബിൾ സ്വയം പരിശോധിച്ച് അതേക്കുറിച്ച് ഒരഭിപ്രായം രൂപപ്പെടുത്താൻ പരമാർഥഹൃദയരെ പ്രോത്സാഹിപ്പിക്കാൻ നമുക്കു നമ്മുടെ പരമാവധി ചെയ്യാം. അവർ നേരിട്ടു സത്യസന്ധമായി പരിശോധിക്കുന്നെങ്കിൽ, ബൈബിൾ ഒരു അനുപമ ഗ്രന്ഥമാണെന്ന്, തീർച്ചയായും സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥമാണെന്ന് അവർ മനസ്സിലാക്കുമെന്നു നമുക്കുറപ്പുണ്ട്!
നിങ്ങൾക്കു വിശദീകരിക്കാമോ?
□ മോശൈക ന്യായപ്രമാണം ഉപയോഗിച്ച് ബൈബിൾ മനുഷ്യനിൽനിന്ന് ഉത്ഭവിച്ചതല്ലെന്നു പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
□ ബൈബിളിലെ ഏതെല്ലാം കാലാതീത തത്ത്വങ്ങൾ ആധുനിക ജീവിതത്തിനു പ്രായോഗികമാണ്?
□ യെശയ്യാവു 13:19, 20-ലെ പ്രവചനം വാസ്തവത്തിൽ സംഭവം നടന്നതിനുശേഷം എഴുതിയതായിരിക്കാനിടയില്ലാത്തതെന്തുകൊണ്ട്?
□ നാം പരമാർഥഹൃദയരെ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കണം, എന്തുകൊണ്ട്?
[19-ാം പേജിലെ ചതുരം]
തെളിയിക്കാനാകാത്ത സംഗതികളുടെ കാര്യമോ?
ഓരോന്നിനും ഭൗതിക തെളിവുകളില്ലാത്ത പല പ്രസ്താവനകളും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, ആത്മസൃഷ്ടികൾ വസിക്കുന്ന അദൃശ്യമേഖലയെക്കുറിച്ച് അതു പറയുന്നു. അത് ഉണ്ടെന്നോ ഇല്ലെന്നോ ശാസ്ത്രീയമായി തെളിയിക്കാനാകില്ല. തെളിയിക്കാനാകാത്ത അത്തരം പരാമർശങ്ങൾ ബൈബിളിനെ അവശ്യം ശാസ്ത്രത്തിന്റെ ശത്രുവാക്കണമോ?
ഗ്രഹങ്ങളിലെ ശിലകളെക്കുറിച്ചു ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനെ കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു അത്. അദ്ദേഹം ഏതാനും വർഷംമുമ്പ് യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാനാരംഭിച്ചു. “എനിക്കു ചില ബൈബിൾ പ്രസ്താവനകൾ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ആദ്യമൊക്കെ ബൈബിളിനെ അംഗീകരിക്കുക എനിക്കു ബുദ്ധിമുട്ടായിരുന്നുവെന്നു സമ്മതിക്കുന്നു,” അദ്ദേഹം അനുസ്മരിക്കുന്നു. ആത്മാർഥതയുള്ള ഈ മനുഷ്യൻ ബൈബിൾ പഠനം തുടർന്നു. ലഭ്യമായ തെളിവുകൾ വെച്ചുനോക്കുമ്പോൾ അത് ദൈവത്തിന്റെ വചനമാണെന്ന് അവസാനം അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം പറയുന്നു: “ഓരോ ബൈബിൾ പ്രസ്താവനയ്ക്കും തെളിവു വേണമെന്ന ഉത്കടമായ ആഗ്രഹത്തിന് അയവുവന്നു. ശാസ്ത്രീയ അഭിരുചിയുള്ള ഒരാൾ ബൈബിളിനെ ആത്മീയ വീക്ഷണത്തിൽ പരിശോധിക്കാൻ തയ്യാറാകണം, അല്ലാത്തപക്ഷം അയാൾ ഒരിക്കലും സത്യം സ്വീകരിക്കാൻ പോകുന്നില്ല. ബൈബിളിലെ ഓരോ പ്രസ്താവനയ്ക്കും തെളിവു തരാൻ ശാസ്ത്രത്തിനു കഴിയുമെന്നു പ്രതീക്ഷിക്കാനാവില്ല. ചില പ്രസ്താവനകൾ തെളിയിക്കാനാകുന്നില്ലെന്നുവെച്ച് അവ അസത്യമാണെന്നു വരുന്നില്ല. തെളിയിക്കാവുന്നിടങ്ങളിലെല്ലാം ബൈബിളിന്റെ കൃത്യത സ്ഥിരീകരിക്കപ്പെടുന്നുവെന്നതാണ് പ്രധാനപ്പെട്ട സംഗതി,” അദ്ദേഹം വിശദമാക്കുന്നു.
[17-ാം പേജിലെ ചിത്രം]
തന്റെ കാലത്ത് നിലവിലിരുന്ന ജ്ഞാനത്തിനതീതമായ ശുചിത്വ നിബന്ധനകൾ മോശ രേഖപ്പെടുത്തി