ഇതിന്റെയെല്ലാം പിന്നിൽ ആരാണ്?
കംബോഡിയയിലെ വനത്തിലൂടെ വഴിവെട്ടിത്തെളിച്ചു മുന്നോട്ടുപോയ, പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പര്യവേക്ഷകനായ ഹെൻറി മൗഹോ ഒരു ദേവാലയത്തിനു ചുറ്റുമുള്ള വെള്ളം നിറഞ്ഞ വിശാലമായ കിടങ്ങിനടുത്തെത്തി. അദ്ദേഹം നിന്നിടത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ ആ ദേവാലയത്തിന്റെ അഞ്ച് ഗോപുരങ്ങൾ 60 മീറ്റർ ഉയരത്തിൽ തല ഉയർത്തിനിന്നിരുന്നു. ഭൂമിയിലെ ഏറ്റവും വലിയ മതസ്മാരകമായ അങ്കോർവാത് ആയിരുന്നു അത്. മൗഹോ കണ്ടെത്തുമ്പോഴേക്കും അത് ഏഴു നൂറ്റാണ്ടുകളോളം പ്രതികൂല കാലാവസ്ഥയെ ചെറുത്തുനിന്നിരുന്നു.
പായൽ പിടിച്ചുകിടന്ന ആ സ്മാരകം മനുഷ്യ നിർമിതമാണെന്നു മൗഹോയ്ക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിഞ്ഞു. “ഏതോ ഒരു പുരാതന മൈക്കലാഞ്ചലോ പണിതുയർത്തിയ അത്, ഗ്രീക്കുകാരുടേതോ റോമാക്കാരുടേതോ ആയി അവശേഷിച്ചിട്ടുള്ള ഏതൊന്നിനെക്കാളും മഹത്തരമാണ്” എന്ന് അദ്ദേഹം എഴുതി. നൂറ്റാണ്ടുകളോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നെങ്കിലും ആ പ്രൗഢമായ നിർമിതികൾക്ക് ഒരു രൂപകൽപ്പിതാവ് ഉണ്ടായിരുന്നുവെന്നതിൽ അദ്ദേഹത്തിനു തെല്ലും സംശയമുണ്ടായിരുന്നില്ല.
രസാവഹമായി, നമുക്കു ചുറ്റുമുള്ള ലോകം ഒരു രൂപകൽപ്പിതാവിന്റെ നിർമിതിയായിരിക്കണമെന്നതിന്റെ കാരണം വിശദീകരിക്കാൻ നൂറ്റാണ്ടുകൾക്കു മുമ്പ് ജ്ഞാനത്തിന്റെ ഒരു പുസ്തകം സമാനമായ ന്യായവാദം ഉപയോഗിച്ചു. അത് സൃഷ്ടിക്കപ്പെട്ടതായിരിക്കണം. പൗലൊസ് അപ്പോസ്തലൻ എഴുതി: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) ‘പ്രകൃതിയുടെ പ്രവർത്തനങ്ങൾ മനുഷ്യ നിർമിതിയിൽനിന്നു വ്യത്യസ്തമാണ്’ എന്നു പറഞ്ഞുകൊണ്ട് ചിലർ ഈ ഉപമാനത്തോടു വിയോജിച്ചേക്കാം. എന്നിരുന്നാലും, ശാസ്ത്രജ്ഞന്മാർ എല്ലാവരുമൊന്നും ആ തടസ്സവാദത്തോടു യോജിക്കുന്നില്ല. “ജൈവരാസ വ്യവസ്ഥകൾ അചേതന വസ്തുക്കളല്ലെന്ന്” സമ്മതിച്ച ശേഷം, ലീഹൈ സർവകലാശാലയിലെ ജൈവരസതന്ത്ര അസോഷിയേറ്റ് പ്രൊഫസറായ മൈക്കിൾ ബീഹി ചോദിക്കുന്നു: “ജീവനുള്ള ജൈവരാസ വ്യവസ്ഥകൾ ബുദ്ധിപരമായി രൂപകൽപ്പന ചെയ്യപ്പെടാവുന്നവയാണോ?” ജനിതക എൻജിനിയറിങ് പോലെയുള്ള മാർഗങ്ങളിലൂടെ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ ജീവികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ രൂപകൽപ്പനചെയ്യുന്നു എന്ന് അദ്ദേഹം തുടർന്നു വിശദീകരിക്കുന്നു. വ്യക്തമായും, അചേതനവും സചേതനവുമായ വസ്തുക്കളെ രൂപകൽപ്പനചെയ്യാനും നിർമിക്കാനും സാധിക്കും! സൂക്ഷ്മദർശിനിയിൽക്കൂടി മാത്രം കാണാവുന്ന ജീവകോശങ്ങളുടെ ലോകത്തേക്ക് ചുഴിഞ്ഞിറങ്ങിക്കൊണ്ട്, പ്രവർത്തനത്തിനായി അന്യോന്യം ആശ്രയിക്കുന്ന ഘടകങ്ങളാൽ നിർമിതമായ വിസ്മയാവഹമായ സങ്കീർണ വ്യവസ്ഥകളെക്കുറിച്ച് ബീഹി ചർച്ചചെയ്യുന്നു. അദ്ദേഹത്തിന്റെ നിഗമനമോ? “കോശത്തിന്റെ പഠനത്തിനായുള്ള—ജീവനെക്കുറിച്ചു തന്മാത്രാതലത്തിലുള്ള പഠനത്തിനായുള്ള—സർവ ശ്രമങ്ങളുടെയും ഫലമായി ഉറച്ച, സ്പഷ്ടമായ, ചെവിതുളയ്ക്കും വിധമുള്ള ‘രൂപകൽപ്പന!’ എന്ന ആരവം കേൾക്കാം.”
പ്രപഞ്ചശാസ്ത്രജ്ഞന്മാരും ഭൗതികശാസ്ത്രജ്ഞന്മാരും ലോകത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച് സമാനമായ അന്വേഷണാത്മക നിരീക്ഷണം നടത്തി അതിശയകരമായ യാഥാർഥ്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, പ്രാപഞ്ചിക സ്ഥിരാങ്കങ്ങളിൽ ഏതിന്റെയെങ്കിലും മൂല്യത്തിൽ അതിസൂക്ഷ്മമായൊരു മാറ്റമെങ്കിലുമുണ്ടായാൽ പ്രപഞ്ചം നിർജീവമാകുമെന്ന് അവർക്കിപ്പോഴറിയാം.a പ്രപഞ്ചശാസ്ത്രജ്ഞനായ ബ്രാൻഡൺ കാർട്ടർ ഈ വസ്തുതകളെ ആശ്ചര്യജനകമായ യാദൃച്ഛികസംഭവങ്ങൾ എന്നു വിളിക്കുന്നു. എന്നാൽ, നിഗൂഢമായ, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന യാദൃച്ഛികസംഭവങ്ങളുടെ ഒരു പരമ്പരയെ നിങ്ങൾ അഭിമുഖീകരിക്കുന്നപക്ഷം അവയ്ക്കുപിന്നിൽ ആരോ ഉണ്ടെന്ന് നിങ്ങൾ സംശയിക്കുകയെങ്കിലും ചെയ്യില്ലേ?
ഈ സങ്കീർണ വ്യവസ്ഥകളുടെയും കൃത്യമായി ക്രമീകരിക്കപ്പെട്ട “യാദൃച്ഛികസംഭവങ്ങ”ളുടെയുമെല്ലാം പിന്നിൽ തീർച്ചയായും ഒരു രൂപകൽപ്പിതാവുണ്ട്. ആരാണത്? “ശാസ്ത്രീയ മാർഗങ്ങളിലൂടെ ആ രൂപകൽപ്പിതാവിനെ തിരിച്ചറിയുക അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കാ”മെന്നു സമ്മതിച്ചുകൊണ്ട് പ്രൊഫസർ ബീഹി ആ ചോദ്യത്തിന് ഉത്തരമേകാനുള്ള ശ്രമം “തത്ത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനും” വിട്ടുകൊടുക്കുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം ആ ചോദ്യം പ്രസക്തമല്ലെന്നു വ്യക്തിപരമായി തോന്നിയേക്കാം. എന്നാൽ, കൃത്യമായും നിങ്ങൾക്ക് ആവശ്യമായിരുന്ന സാധനങ്ങളടങ്ങിയ, നന്നായി പൊതിഞ്ഞ ഒരു പായ്ക്കറ്റ് നിങ്ങൾക്കു ലഭിക്കുന്നെങ്കിൽ, അതയച്ചത് ആരാണെന്നു കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കില്ലേ?
ആലങ്കാരികമായി പറഞ്ഞാൽ, നമുക്ക് അത്തരമൊരു പായ്ക്കറ്റ്—ജീവൻ നിലനിർത്താനും ആസ്വദിക്കാനും സഹായിക്കുന്ന വിസ്മയാവഹമായ സമ്മാനങ്ങളാൽ നിറഞ്ഞ ഒരു പായ്ക്കറ്റ്—ലഭിച്ചിട്ടുണ്ട്. ജീവൻ നിലനിർത്തുന്നതിനു വേണ്ട എല്ലാ അതിശയകരമായ വ്യവസ്ഥകളും അടങ്ങിയ ഭൂമിയാണ് ആ പായ്ക്കറ്റ്. ഈ സമ്മാനങ്ങൾ നമുക്കു നൽകിയതാരാണെന്നു കണ്ടെത്താൻ നാം ആഗ്രഹിക്കേണ്ടതല്ലേ?
സന്തോഷകരമെന്നു പറയട്ടെ, ആ പായ്ക്കറ്റ് അയച്ചയാൾ അതോടൊപ്പം ഒരു കുറിപ്പ് വെച്ചിട്ടുണ്ട്. ആ “കുറിപ്പ്” മുമ്പ് ഉദ്ധരിച്ച പുരാതന ജ്ഞാനപുസ്തകമാണ്, അതായത് ബൈബിൾ. പ്രസ്തുത പായ്ക്കറ്റ് നമുക്ക് നൽകിയത് ആരാണെന്ന ചോദ്യത്തിന് പ്രാരംഭ വാക്കുകളിൽതന്നെ ബൈബിൾ ശ്രദ്ധേയമായ ലാളിത്യത്തോടെയും വ്യക്തതയോടെയും ഉത്തരമേകുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”—ഉല്പത്തി 1:1.
സ്രഷ്ടാവ് തന്റെ “കുറിപ്പി”ൽ പേരുപയോഗിച്ച് സ്വയം തിരിച്ചറിയിക്കുന്നു: “ആകാശത്തെ സൃഷ്ടിച്ചു . . . ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെ. . . കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശയ്യാവു 42:5) (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അതേ, പ്രപഞ്ചത്തെ രൂപകൽപ്പന ചെയ്യുകയും ഭൂമിയിൽ പുരുഷനെയും സ്ത്രീയെയും ഉണ്ടാക്കുകയും ചെയ്ത ദൈവത്തിന്റെ പേര് യഹോവ എന്നാണ്. എന്നാൽ യഹോവ ആരാണ്? അവൻ ഏതു തരത്തിലുള്ള ദൈവമാണ്? ഭൂമിയിലെ സകലരും അവനെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
[അടിക്കുറിപ്പുകൾ]
a പ്രപഞ്ചത്തിലൊരിടത്തും മാറ്റം സംഭവിക്കാത്തതായി കാണപ്പെടുന്ന മൂല്യങ്ങളാണ് “സ്ഥിരാങ്കങ്ങൾ.” അതിന്റെ രണ്ട് ഉദാഹരണങ്ങളാണ് പ്രകാശത്തിന്റെ വേഗതയും പിണ്ഡവുമായുള്ള ഗുരുത്വാകർഷണത്തിന്റെ ബന്ധവും.
[3-ാം പേജിലെ ചിത്രം]
അങ്കോർവാത് മനുഷ്യനിർമിതമാണ്
[4-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് ഒരു സമ്മാനം ലഭിക്കുമ്പോൾ, അതയച്ചത് ആരാണെന്നറിയാൻ നിങ്ങൾ ആഗ്രഹിക്കില്ലേ?