സമ്പത്തും ജ്ഞാനവുമുള്ള ഒരു രാജാവ്
ധനം നിങ്ങളെ സന്തുഷ്ടനാക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? നിങ്ങൾക്ക് ആരെങ്കിലും വലിയൊരു തുക നൽകിയിരുന്നെങ്കിൽ, നിങ്ങൾ സന്തോഷിക്കുമായിരുന്നില്ലേ? സന്തോഷിക്കാനാണ് സാധ്യത. അതു ചെലവഴിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു നിങ്ങൾ ചിന്തിച്ചെന്നുംവരാം.
ജീവിതം കൂടുതൽ സുഖപ്രദവും ആസ്വാദ്യകരവും ആക്കാനായി വാങ്ങാൻ കഴിയുന്ന ധാരാളം വസ്തുക്കളുണ്ടെന്നുള്ളത് സത്യംതന്നെ. രോഗം, തൊഴിലില്ലായ്മ തുടങ്ങിയ അവിചാരിത പ്രശ്നങ്ങൾക്കെതിരെ “ഒരു സംരക്ഷണമാ”യും പണം ഉപകരിച്ചേക്കും.—സഭാപ്രസംഗി 7:12, NW.
എന്നാൽ പണവും സന്തുഷ്ടിയും തമ്മിലുള്ള ബന്ധമെന്താണ്? അനേകരും വിചാരിക്കുന്നതുപോലെ, സന്തുഷ്ടി സമ്പത്തിന്റെ ഒരു ഉപോത്പന്നം ആണെന്നു നിങ്ങൾ കരുതുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നേക്കാം. കാരണം, പണം നിഷ്പ്രയാസം തിട്ടപ്പെടുത്താനോ എണ്ണാനോ കഴിയുമെങ്കിലും സന്തുഷ്ടിയുടെ കാര്യം അങ്ങനെയല്ല. സന്തുഷ്ടിയെ ഒരു തുലാസിൽ വെച്ചു തൂക്കാനാകില്ല.
മാത്രവുമല്ല, ചില ധനവാന്മാർ സന്തുഷ്ടരായി കാണപ്പെടുമ്പോൾ മറ്റുചിലർ ക്ലേശമനുഭവിക്കുന്നു. ദരിദ്രരുടെ കാര്യത്തിലും അതു സത്യമാണ്. എങ്കിലും, കൂടുതൽ പണം തങ്ങൾക്കു കൂടുതൽ സന്തുഷ്ടി കൈവരുത്തുമെന്നു സമ്പന്നർ ഉൾപ്പെടെ മിക്കവരും കരുതുന്നു.
അത്തരം കാര്യങ്ങളെക്കുറിച്ച് എഴുതിയ ഒരു വ്യക്തിയായിരുന്നു പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും ധനാഢ്യരിൽ ഒരാളായിരുന്നു അവൻ. ബൈബിൾ പുസ്തകമായ ഒന്നു രാജാക്കന്മാർ 10-ാം അധ്യായത്തിൽ അവന്റെ ബൃഹത്തായ സമ്പത്തിനെക്കുറിച്ചുള്ള വിവരണം നിങ്ങൾക്കു വായിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, 15-ാം വാക്യം പ്രസ്താവിക്കുന്നതു ശ്രദ്ധിക്കുക: “ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അത് 25 ടൺ സ്വർണത്തിനു തുല്യമാണ്. ഇന്ന് അത്രയും സ്വർണത്തിന് 775,00,00,000-യിലധികം രൂപയുടെ മൂല്യമുണ്ട്!
പക്ഷേ, ശലോമോൻ ധനാഢ്യൻ മാത്രമായിരുന്നില്ല; ദൈവം അവനെ ജ്ഞാനം കൊണ്ട് അനുഗ്രഹിച്ചിരുന്നു. ബൈബിൾ പറയുന്നു: “ഇങ്ങനെ ശലോമോൻ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു. ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.” (1 രാജാക്കന്മാർ 10:23, 24) ശലോമോന്റെ എഴുത്തുകൾ ബൈബിൾ രേഖയുടെ ഭാഗമായതിനാൽ നമുക്കും അവന്റെ ജ്ഞാനത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയും. സമ്പത്തും സന്തുഷ്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവന് എന്താണു പറയാനുണ്ടായിരുന്നതെന്നു നമുക്കു നോക്കാം.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Reproduced from Die Heilige Schrift - Übersetzt von Dr. Joseph Franz von Allioli. Druck und Verlag von Eduard Hallberger, Stuttgart