രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തൽ
ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ലോകവ്യാപകമായി അറിയപ്പെടുന്നവരാണ് യഹോവയുടെ സാക്ഷികൾ. എന്നാൽ, സമൂഹത്തിനു മറ്റു വിധങ്ങളിൽ പ്രയോജകീഭവിക്കുന്ന പരിപാടികളും അവർ നടത്താറുണ്ട്. അത്തരം പൊതുപ്രവർത്തനം പരക്കെ സ്വീകാര്യമായിരുന്നിട്ടുണ്ട്. ഇക്വഡോറിൽനിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ അതാണു വ്യക്തമാക്കുന്നത്.
◻ ഒരു വലിയ ഗ്ലാസ് ഫാക്ടറിയുടെ നടത്തിപ്പുകാർ തങ്ങളുടെ ജോലിക്കാർക്കുവേണ്ടി കുടുംബ മൂല്യങ്ങളെ ആസ്പദമാക്കി ഒരു കോഴ്സ് നടത്താൻ തീരുമാനിച്ചു. ഹ്യൂമൻ റിസോഴ്സസിന്റെ ഡയറക്ടർ നിരവധി കത്തോലിക്കാ പുരോഹിതന്മാരെ അതിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. അത്തരം വിഷയത്തെക്കുറിച്ചു സംസാരിക്കാൻ യോഗ്യരായ പുരോഹിതന്മാർ നന്നേ കുറവാണെന്നും ഒരുപക്ഷേ ആരുംതന്നെ ലഭ്യമായിരിക്കില്ലെന്നും ഒരു പുരോഹിതൻ അദ്ദേഹത്തോടു പറഞ്ഞു. അതേക്കുറിച്ചു കേട്ടറിഞ്ഞ സാക്ഷിയായ ഒരു ജോലിക്കാരി, മിക്കപ്പോഴും ബിസിനസ് പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു സഹോദരൻ ഫാക്ടറി സന്ദർശിക്കത്തക്കവണ്ണം ക്രമീകരണം ചെയ്തു.
പിറ്റേന്നുതന്നെ ആ സാക്ഷി ഹ്യൂമൻ റിസോഴ്സസിന്റെ ഡയറക്ടറെ ചെന്നുകണ്ട് ഉദ്ദിഷ്ട അധ്യയന പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി. വാച്ച് ടവർ സൊസൈറ്റിയുടെ നിരവധി പ്രസിദ്ധീകരണങ്ങളിൽനിന്നു വിഷയങ്ങളുടെ ഒരു പട്ടികതന്നെ തയ്യാറാക്കിയിരുന്നു. ഡയറക്ടർക്കു വളരെ മതിപ്പു തോന്നി. മനുഷ്യ ബന്ധങ്ങൾ, തൊഴിൽ സ്ഥലത്തെ സദാചാരം, കുടുംബത്തിനുള്ളിലെ സദാചാരം എന്നീ മൂന്നു വിഷയങ്ങൾ അദ്ദേഹം ചർച്ചയ്ക്കായി തിരഞ്ഞെടുത്തു. മുഴു ജോലിക്കാരുമായി വിവരങ്ങൾ പരിചിന്തിക്കുന്നതിനു ക്രമീകരണങ്ങൾ നടത്തപ്പെട്ടു.
ജോലിക്കാരെ 30 പേരടങ്ങുന്ന ഏഴു കൂട്ടങ്ങളായി തിരിച്ചു. എന്നിട്ട് യോഗ്യരായ മൂന്നു സഹോദരന്മാർ വിവരങ്ങൾ അവതരിപ്പിച്ചു. ഫലമോ? തങ്ങളുടെ വീട്ടിൽ വരണമെന്നു നിരവധി ജോലിക്കാർ ആവശ്യപ്പെട്ടു. മാത്രമല്ല, 216 ബൈബിളധ്യയന സഹായികളും സമർപ്പിക്കപ്പെട്ടു. തികഞ്ഞ വിലമതിപ്പു പ്രകടമാക്കിയ നടത്തിപ്പുകാർ മറ്റൊരു പ്രസംഗ പരമ്പര ക്രമീകരിക്കാൻ സാക്ഷികളോട് അഭ്യർഥിച്ചു.
◻ ഇക്വഡോറിൽ ഈയിടെ, സ്കൂളിൽ മതം പഠിപ്പിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഒരു നിയമം പാസ്സാക്കി. ഒരു മിഷനറി സഹോദരി ഒരു പ്രൈമറി സ്കൂളിലെ വനിതാ സൂപ്രണ്ടിനെ സന്ദർശിച്ച്, പ്രസ്തുത നിയമം പ്രാബല്യത്തിലായിരിക്കുന്ന വിധം ചോദിച്ചറിഞ്ഞു. മറിയാരാധനയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കു തുടക്കമിടാൻ ശ്രമിച്ചെങ്കിലും അത് എങ്ങുമെത്താതെ നിൽക്കുകയാണെന്ന് സൂപ്രണ്ടു പറഞ്ഞു. അത്തരം ആരാധന കത്തോലിക്കരല്ലാത്ത വിദ്യാർഥികൾക്കു പ്രശ്നമായേക്കാമെന്നു സഹോദരി അഭിപ്രായപ്പെട്ടപ്പോൾ സൂപ്രണ്ട് അതിനോടു യോജിച്ചു. “എന്നാൽ, ഒരു പ്രത്യേക മതം സ്വീകരിക്കാൻ ഒരു വ്യക്തിയെ നിർബന്ധിക്കാതെ, ബൈബിളിനെ ആസ്പദമാക്കി ധാർമിക തത്ത്വങ്ങൾ പഠിപ്പിക്കുന്ന പരിപാടി ഞങ്ങൾക്കുണ്ട്” എന്ന് ആ മിഷനറി പറഞ്ഞു. സൂപ്രണ്ടു ചോദിച്ചു: “നിങ്ങൾക്ക് എപ്പോൾ വരാൻ സാധിക്കും? നാളെകഴിഞ്ഞു വരാമോ?” മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം മിഷനറി സൂപ്രണ്ടിനെ കാണിച്ചപ്പോൾ “സമാധാനപ്രിയർ സന്തുഷ്ടരാകുന്നു” എന്ന അധ്യായം പരിചിന്തിക്കാമെന്നു തീരുമാനമായി.
മടങ്ങിച്ചെന്ന മിഷനറി ഏഴു ക്ലാസ്സ് മുറികൾ സന്ദർശിച്ചുകൊണ്ട് മൂന്നു മണിക്കൂർ ചെലവഴിച്ചു. സൂപ്രണ്ടും അതു അതു ശ്രദ്ധിക്കാൻ സന്നിഹിതയായി. അഞ്ചാം തരത്തിലെ കുട്ടികളുമായുള്ള ചർച്ച കഴിഞ്ഞപ്പോൾ ആ ക്ലാസ്സിലെ ഒരു കുട്ടി പറഞ്ഞു: “ടീച്ചർ, ആറാം ക്ലാസ്സിലും മറക്കാതെ പോകണേ. ഞങ്ങളെ അടിക്കാനും വഴക്കിടാനും അവർ തരംനോക്കിയിരിക്കുകയാണ്!” ഒരു അധ്യാപിക പറഞ്ഞു: “അക്രമം ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രധാന വിഷയമാണ്. അതേക്കുറിച്ചു ചർച്ച ചെയ്യാൻ നമുക്കു കൂടുതൽ സമയം വേണം.”
അനുസരണം, നുണപറയൽ എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകൾക്കായി സ്കൂളിൽ മടക്കസന്ദർശനങ്ങൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ഇന്നോളമുള്ള ഫലങ്ങൾ വളരെ തൃപ്തികരമാണ്. ഇപ്പോൾ മിഷനറി സഹോദരി റോഡിലൂടെ പോകുമ്പോൾ കുട്ടികൾ അവരെ കണ്ട് അഭിവാദ്യം ചെയ്യാനും ബൈബിൾ ചോദ്യങ്ങൾ ചോദിക്കാനും ഓടി അണയുന്നു. മറ്റു ചിലർ സഹോദരിയെ അഭിമാനപൂർവം തങ്ങളുടെ മാതാപിതാക്കൾക്കു പരിചയപ്പെടുത്തുന്നു. അതിനുപുറമേ, രണ്ടു സ്കൂൾക്കുട്ടികളുമായി ഭവന ബൈബിളധ്യയനവും തുടങ്ങിയിട്ടുണ്ട്.