ഭൂമി അത് എന്തിനു സൃഷ്ടിക്കപ്പെട്ടു?
നിങ്ങൾ പരിചിന്തിക്കേണ്ട ഒരു ചോദ്യമുണ്ട്: നമ്മുടെ ഈ മനോഹര ഗ്രഹം ഭൂമിയെയും അതിലെ മനുഷ്യരെയും സംബന്ധിച്ച് എന്തെങ്കിലും ഉദ്ദേശ്യമുള്ള ബുദ്ധിമാനായ ഒരു സ്രഷ്ടാവ് ഉണ്ടാക്കിയതാണോ? ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്തുന്നത്, നമ്മുടെ ഗ്രഹത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
പ്രപഞ്ചത്തെയും നമ്മുടെ ഭൂമിയെയും കുറിച്ച് ആഴമായി പഠിച്ചിട്ടുള്ള ഒട്ടേറെ ശാസ്ത്രജ്ഞന്മാർ അതിനു പിന്നിൽ ഒരു സ്രഷ്ടാവ്, അതായത് ദൈവം ഉണ്ടെന്നു സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. അവരിൽ ഒരാളിൽനിന്നുള്ള അഭിപ്രായങ്ങൾ പരിചിന്തിക്കുക:
പ്രൊഫസർ പോൾ ഡേവിസ് ദൈവമനസ്സ് (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു: “സുസ്ഥിരവും സുസംഘടിതവും സങ്കീർണവുമായ ഘടനകൾ ഉള്ള ക്രമനിബദ്ധമായ, പരസ്പര ബന്ധമുള്ള ഒരു പ്രപഞ്ചത്തിന്റെ അസ്തിത്വത്തിന് തികച്ചും വിശേഷവിധമായ നിയമങ്ങളും സ്ഥിതിഗതികളും ആവശ്യമാണ്.”
ജ്യോതിർഭൗതിക ശാസ്ത്രജ്ഞന്മാരും മറ്റും സൂചിപ്പിച്ച നിരവധി “യാദൃച്ഛിക സംഭവങ്ങ”ളെ കുറിച്ച് ചർച്ചചെയ്ത ശേഷം പ്രൊഫസർ ഡേവിസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവയെല്ലാം ഒരുമിച്ചു പരിഗണിക്കുമ്പോൾ, നമുക്കറിയാവുന്നതു പോലെതന്നെ, ഭൗതിക നിയമങ്ങളുടെ അടിസ്ഥാന സ്വഭാവത്തിലും വ്യത്യസ്ത പിണ്ഡകണങ്ങൾ, ബലതീവ്രത, തുടങ്ങിയവയ്ക്കായി പ്രകൃതി തിരഞ്ഞെടുത്തിരിക്കുന്ന യഥാർഥ മൂല്യങ്ങളിൽ ശുഭകരമായി കാണപ്പെടുന്ന ചില ആകസ്മികതകളിലുമാണ് ജീവൻ ആശ്രയിച്ചിരിക്കുന്നത്, അതും പെട്ടെന്നു മാറ്റം സംഭവിക്കാവുന്ന വിധത്തിൽ. . . . ദൈവത്തിന്റെ സ്ഥാനത്തുനിന്നു പ്രവർത്തിക്കാനും ഒരു കൂട്ടം നോബുകൾ തിരിച്ചുകൊണ്ട് ഈ പരിമാണങ്ങളുടെ മൂല്യങ്ങൾ തിരഞ്ഞെടുക്കാനും നമുക്കു സാധിച്ചിരുന്നെങ്കിൽ, നോബ് തിരിച്ചുകൊണ്ടുള്ള മിക്കവാറും ഏതൊരു ക്രമീകരണവും പ്രപഞ്ചത്തെ നിവാസയോഗ്യം അല്ലാതാക്കുമെന്ന് നാം കണ്ടെത്തുമായിരുന്നു എന്നു പറഞ്ഞാൽ മതിയാകും. ചില കേസുകളിൽ, പ്രപഞ്ചം ജീവൻ തഴച്ചു വളരുന്നിടം ആയിരിക്കുന്നതിന് വ്യത്യസ്ത നോബുകൾ അതീവ കൃത്യതയിലേക്ക് അൽപ്പമൊന്നു തിരിക്കേണ്ടതുണ്ട് എന്നപോലെ തോന്നാം. . . . എന്നാൽ, കാര്യങ്ങൾ ആയിരിക്കുന്ന സ്ഥിതിയിൽനിന്ന് ചെറിയൊരു മാറ്റമെങ്കിലും ഉണ്ടായാൽ പ്രപഞ്ചത്തിൽ മനുഷ്യർ ഉണ്ടാവില്ലെന്ന വസ്തുത അതീവ പ്രാധാന്യം അർഹിക്കുന്നു.”
പ്രപഞ്ചത്തിന്റെ ഇതര ഭാഗങ്ങളോടൊപ്പം നമ്മുടെ ഭൂമിയും നിർമിക്കപ്പെട്ടത് ഉദ്ദേശ്യമുള്ള ഒരു സ്രഷ്ടാവിനാൽ ആണെന്നു മേൽപ്പറഞ്ഞ കണ്ടെത്തലുകൾ അനേകരെ ബോധ്യപ്പെടുത്തുന്നു. അതു ശരിയാണെങ്കിൽ, ആദ്യം തന്നെ, അവൻ എന്തിനാണു ഭൂമിയെ സൃഷ്ടിച്ചതെന്നു നാം കണ്ടെത്തേണ്ടതുണ്ട്. നമുക്കു കഴിയുമെങ്കിൽ, ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യം എന്താണെന്നും നാം ഉറപ്പുവരുത്തണം. ഇതിനോടുള്ള ബന്ധത്തിൽ അസാധാരണമായൊരു വിരോധാഭാസം കാണുന്നു. നിരീശ്വരവാദത്തിനു വ്യാപകമായ ജനപ്രീതി ഉണ്ടായിരുന്നിട്ടും, അതിശയകരമാംവണ്ണം അനവധി ആളുകൾ ഇപ്പോഴും ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നു. ക്രൈസ്തവലോകത്തിലെ മിക്ക സഭകളും സർവശക്തനായ ഒരു ദൈവത്തെയും നമ്മുടെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെയും കുറിച്ച് നാമമാത്രമായി സംസാരിക്കുന്നു. പക്ഷേ, ദൈവോദ്ദേശ്യത്തിൽ ഭൂമിയുടെ ഭാവി എന്ത് എന്നതിനെക്കുറിച്ച് ഈ മതങ്ങൾ ആത്മവിശ്വാസത്തോടും ബോധ്യത്തോടും കൂടെ ഒന്നുംതന്നെ പറയുന്നില്ല.
ബൈബിൾ എന്താണ് പറയുന്നത്?
സ്രഷ്ടാവിൽനിന്നുള്ളത് എന്നു വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു വിജ്ഞാന സ്രോതസ്സിലേക്കു നോക്കുന്നതു യുക്തിസഹമാണ്. ആ സ്രോതസ്സ് ബൈബിളാണ്. നമ്മുടെ ഭൂമിയുടെ ഭാവിയെ സംബന്ധിച്ചുള്ള അതിലെ ഏറ്റവും ലളിതവും വ്യക്തവുമായ പ്രസ്താവനകളിൽ ഒന്ന് സഭാപ്രസംഗി 1:4-ൽ കാണപ്പെടുന്നു. നാം ഇങ്ങനെ വായിക്കുന്നു: “ഒരു തലമുറ പോകുന്നു; മറെറാരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.” യഹോവയാം ദൈവം എന്തിനാണ് ഭൂമിയെ സൃഷ്ടിച്ചതെന്ന് ബൈബിൾ വളച്ചുകെട്ടില്ലാതെ വിശദീകരിക്കുന്നു. അതിലെ ജീവൻ നിലനിർത്താനായി അവൻ അതിനെ പ്രപഞ്ചത്തിലെ ഏറ്റവും ഉചിതമായ സ്ഥാനത്തും സൂര്യനോടുള്ള ബന്ധത്തിൽ ഉചിതമായ അകലത്തിലും ആക്കിവെച്ചെന്നും അതു നമുക്കു കാണിച്ചുതരുന്നു. സർവശക്തനായ ദൈവം പുരാതന പ്രവാചകനായ യെശയ്യാവിനെ പിൻവരുന്ന പ്രകാരം എഴുതാൻ നിശ്വസ്തനാക്കി: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:—ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.”—യെശയ്യാവു 45:18.
എന്നാൽ, ഭൂമിയിലെ സമസ്ത ജീവനെയും നശിപ്പിക്കാനുള്ള മാർഗം മനുഷ്യൻ വികസിപ്പിച്ചെടുക്കുന്നതോ? മനുഷ്യവർഗത്തിന് നമ്മുടെ ഗ്രഹത്തിലെ സമസ്ത ജീവനെയും നശിപ്പിക്കാൻ സാധിക്കുന്നതിനു മുമ്പ് താൻ ഇടപെടുമെന്ന് ദൈവം തന്റെ അനുപമ ജ്ഞാനത്താൽ പ്രഖ്യാപിക്കുന്നു. ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിലെ ഈ ഉറപ്പേകുന്ന വാഗ്ദാനം ശ്രദ്ധിക്കുക: “ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായംവിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.”—വെളിപ്പാടു 11:18.
ഭൂമിയെ—ഒരു ബഹിരാകാശ യാത്രികൻ വർണിച്ചതുപോലെ ശൂന്യാകാശത്തിലെ ഈ രത്നത്തെ—സൃഷ്ടിച്ചതിന്റെ യഥാർഥ ഉദ്ദേശ്യം എന്തായിരുന്നെന്ന് യഹോവ നമുക്കു വെളിപ്പെടുത്തുന്നു. അത് ഒരു ആഗോള പറുദീസ ആയിത്തീരണമെന്നും അതിൽ മനുഷ്യർ—സ്ത്രീ പുരുഷന്മാർ—ഉചിതമായ അളവിൽ നിറഞ്ഞ് എല്ലാവരും സമാധാനത്തിലും യോജിപ്പിലും ജീവിക്കണമെന്നും ദൈവം ഉദ്ദേശിച്ചു. സന്താനോത്പാദനം നടത്താൻ ആദ്യ മാനുഷ ജോടിയെ അനുവദിച്ചുകൊണ്ട് ഭൗമ ഗ്രഹം ക്രമേണ ജനങ്ങളാൽ നിറയുന്നതിന് അവൻ ക്രമീകരണം ചെയ്തു. ആദ്യ മാനുഷ ജോടിയുടെ ഉല്ലാസത്തിനും സന്തോഷത്തിനും വേണ്ടി യഹോവ ഭൂമിയുടെ ചെറിയൊരു ഭാഗം പറുദീസ അവസ്ഥയിലാക്കി. മാനുഷ കുടുംബങ്ങളുടെ പുനരുത്പാദനം വർഷങ്ങളും നൂറ്റാണ്ടുകളും പിന്നിടുമ്പോൾ, ഉല്പത്തി 1:28 നിവൃത്തിയാകുന്നതു വരെ ഏദെൻ തോട്ടം ക്രമേണ വികസിപ്പിക്കപ്പെടുമായിരുന്നു: “ദൈവം . . . നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ എന്നു അവരോടു കല്പിച്ചു.”
ഭൂമിയുടെയും അതിലെ നിവാസികളുടെയും ഇന്നത്തെ ദുഃഖപൂർണമായ അവസ്ഥ, ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം പരാജയപ്പെട്ടിരിക്കുന്നു എന്ന് അർഥമാക്കുന്നുവോ? അതോ, അവൻ തന്റെ ഉദ്ദേശ്യത്തിനു മാറ്റം വരുത്തുകയും മനുഷ്യവർഗത്തിന്റെ വഴിപിഴച്ച ഗതി നിമിത്തം ഭൗമ ഗ്രഹം ഒട്ടാകെ നശിപ്പിക്കപ്പെടാൻ അനുവദിച്ചിട്ട് വീണ്ടും ഒരു തുടക്കം കുറിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നുവോ? ഇല്ല. ഇതു രണ്ടും സംഭവിക്കില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. യഹോവ ഉദ്ദേശിക്കുന്ന എന്തും ഒടുവിൽ സംഭവിക്കേണ്ടതാകുന്നു എന്നു ബൈബിൾ നമ്മോടു പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിക്കോ ഒരു അവിചാരിത സംഭവവികാസത്തിനു പോലുമോ അവന്റെ തീരുമാനത്തെ തകിടംമറിക്കാൻ കഴിയില്ല. അവൻ നമുക്ക് ഇങ്ങനെ ഉറപ്പു തരുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.
ദൈവോദ്ദേശ്യത്തിനു തടസ്സം നേരിട്ടു, മാറ്റം വന്നിട്ടില്ല
ആദാമും ഹവ്വായും മനപ്പൂർവം അവിശ്വസ്തത കാട്ടുകയും അവർ ഏദെൻ തോട്ടത്തിൽനിന്നു പുറന്തള്ളപ്പെടുകയും ചെയ്തതോടെ, ഒരു പറുദീസാ ഭൂമി എന്ന ദൈവോദ്ദേശ്യം അവരെ കൂടാതെ നിവൃത്തിയാകുമെന്നു വ്യക്തമായി. എന്നിരുന്നാലും, അവരുടെ സന്തതികളിൽ ചിലർ തന്റെ ആദിമ കൽപ്പന നടപ്പാക്കുമെന്ന് യഹോവ അപ്പോൾത്തന്നെ സൂചിപ്പിക്കുകയുണ്ടായി. അതിന് കുറെ സമയം, അനവധി നൂറ്റാണ്ടുകൾ പോലും ആവശ്യമായിരുന്നു എന്നതു സത്യംതന്നെ. എന്നാൽ, ആദാമും ഹവ്വായും പൂർണതയിൽ തുടർന്നിരുന്നെങ്കിൽ പോലും ആദിമ കൽപ്പന നടപ്പാക്കാൻ എത്രമാത്രം സമയമെടുക്കുമായിരുന്നു എന്നതിനു യാതൊരു സൂചനയും ഇല്ല. ക്രിസ്തുയേശുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ ഒടുവിൽ—ഇന്നേക്ക് ആയിരത്തിൽപ്പരം വർഷങ്ങൾ കഴിയുമ്പോൾ—ഏദെനിലെ പറുദീസ അവസ്ഥ ഭൂമിയിലെങ്ങും വ്യാപിക്കുകയും ആദിമ മാനുഷ ജോടിയുടെ സമാധാന സ്നേഹികളും സന്തുഷ്ടരുമായ പിൻഗാമികളാൽ ഭൗമ ഗ്രഹം നിവസിക്കപ്പെടുകയും ചെയ്യും എന്നതാണ് വസ്തുത. പരാജയപ്പെടാനാകാത്ത ഉദ്ദേശ്യങ്ങളുള്ള ഒരുവൻ എന്നനിലയിലുള്ള യഹോവയുടെ പ്രാപ്തി തീർച്ചയായും എന്നെന്നേക്കുമായി സംസ്ഥാപിക്കപ്പെടും.
വളരെക്കാലം മുമ്പു ദൈവം നിശ്വസ്തമാക്കിയ പുളകം കൊള്ളിക്കുന്ന പ്രവചനങ്ങൾ അന്നു നിവൃത്തിയേറും. യെശയ്യാവു 11:6-9 പോലെയുള്ള തിരുവെഴുത്തുകൾ മഹോന്നതമാം വിധം നിവൃത്തിയേറും: “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”
അനാരോഗ്യവും മാരകമായ രോഗങ്ങളും കഴിഞ്ഞകാല സംഗതികളായിരിക്കും, മരണം പോലും. ബൈബിളിലെ അവസാന പുസ്തകത്തിൽ കാണുന്ന പിൻവരുന്ന ലളിതമായ വാക്കുകളെക്കാൾ വ്യക്തമായി അവയെ എങ്ങനെയാണ് വിവരിക്കാൻ കഴിയുക? “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു [“പഴയ കാര്യങ്ങൾ,” NW] കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
അതേ, നമുക്ക് ആത്മവിശ്വാസമുള്ളവർ ആയിരിക്കാം. നമ്മുടെ മനോഹരമായ ഭൗമ ഗ്രഹം നിലനിൽക്കാനുള്ളതാണ്. ഈ ദുഷ്ട വ്യവസ്ഥിതി, ഭൂമിയെ നശിപ്പിക്കുന്ന അതിന്റെ സമസ്ത നടപടികളോടും ഒപ്പം അവസാനിക്കുമ്പോൾ അതിജീവിക്കാനുള്ള പദവി നിങ്ങൾക്ക് ഉണ്ടായിരിക്കട്ടെ. ദൈവം നിർമിക്കുന്ന ശുദ്ധമായ പുതിയ ലോകം സമീപസ്ഥമാണ്. പുനരുത്ഥാന അത്ഭുതത്താൽ പ്രിയപ്പെട്ട അനേകർ മരണത്തിൽനിന്ന് ഉണർത്തപ്പെടും. (യോഹന്നാൻ 5:28, 29) തീർച്ചയായും നമ്മുടെ ഭൂമി നിലനിൽക്കാനുള്ളതാണ്. നമുക്ക് അതിൽ വസിക്കാനും അത് ആസ്വദിക്കാനും കഴിയും.