നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാനാകും?
വീടിനടുത്തുള്ള ഒരു സ്കൂളിൽ വർഷങ്ങളോളം പഠിച്ച ശേഷം വെർനർa ഏകദേശം 3,000 ചെറുപ്പക്കാരോടൊപ്പം ബ്രസീലിലെ സാവൊ പൗലോയിൽ ഉന്നത വിദ്യാഭ്യാസം തുടങ്ങി. സഹപാഠികൾ മയക്കുമരുന്നുകൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും അവൻ ആദ്യമായി കണ്ടു. വലുപ്പം കുറഞ്ഞ അവൻ പെട്ടെന്നുതന്നെ മുതിർന്ന വിദ്യാർഥികളാലുള്ള അവമതിക്കലിനും റാഗിങ്ങിനും വിധേയനായി.
വെർനറിന്റെ പെങ്ങളായ ഇവായ്ക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിവിന്റെ പരമാവധി ചെയ്യാനുള്ള ആഗ്രഹം നിമിത്തം അവൾ വളരെ കഠിനമായി പഠിച്ചു. തത്ഫലമായി അവൾക്കു തളർച്ചയും മാനസിക ക്ഷോഭവും അനുഭവപ്പെട്ടു. മറ്റു ചെറുപ്പക്കാരെപ്പോലെ തന്നെ വെർനറിനും ഇവായ്ക്കും ശാരീരികവും വൈകാരികവുമായ സംരക്ഷണം ആവശ്യമായിരുന്നു. നിങ്ങളുടെ കുട്ടികൾക്ക് ഏതു തരത്തിലുള്ള സഹായമാണു വേണ്ടത്? പ്രായപൂർത്തിയായവർ എന്ന നിലയിലുള്ള ജീവിതത്തിനായി നിങ്ങൾക്ക് അവരെ എങ്ങനെ ഒരുക്കാനാകും? വാസ്തവത്തിൽ നിങ്ങളുടെ കുട്ടികൾക്കായി എന്തു ഭാവിയാണു നിങ്ങൾ കാംക്ഷിക്കുന്നത്?
അവർക്കു ഭക്ഷണപാനീയങ്ങൾ മാത്രം പോരാ
കുട്ടികളെ സംരക്ഷിക്കുന്നതിൽ ഇന്നു മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. കുടുംബ ജീവിതത്തിന്റെ ഗുണശോഷണവും ദാരിദ്ര്യത്തിന്റെ വർധനവും നിമിത്തം അനേകം രാജ്യങ്ങളിൽ തെരുവു കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. കുട്ടികളെ ചൂഷണത്തിൽനിന്നു സംരക്ഷിക്കുന്നതിലെ പരാജയത്തിന്റെ ഫലമാണ് ബാലതൊഴിൽ. മയക്കുമരുന്നു ദുരുപയോഗവും ഒട്ടേറെ കുട്ടികളെ നശിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ബ്രസീലിലെ ഒരു കൗമാരക്കാരൻ മയക്കുമരുന്നിന് അടിമ ആയപ്പോൾ അവന്റെ വീട്ടിൽനിന്നു സമാധാനം അപ്രത്യക്ഷമായി. അവന്റെ മാതാപിതാക്കൾ വൈകാരിക സംഘർഷം അനുഭവിച്ചതിനു പുറമേ, അവനെ സുഖപ്പെടുത്താൻ ആവശ്യമായ പണത്തിനു വേണ്ടി പെടാപ്പാടുപെടുകയും ചെയ്തു. മാത്രവുമല്ല, നിർദയരായ മയക്കുമരുന്ന് ഇടപാടുകാർ പണം ആവശ്യപ്പെട്ടുകൊണ്ട് അവരുടെ വീട്ടുപടിക്കൽ എത്തി.
ജീവിത സമ്മർദങ്ങൾക്ക് ഇടയിലും തങ്ങളുടെ കുട്ടികൾക്കു ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പ്രദാനം ചെയ്യാൻ മാത്രമല്ല, അക്രമം, മയക്കുമരുന്നു ദുരുപയോഗം, മറ്റു പ്രശ്നങ്ങൾ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും അനേകം മാതാപിതാക്കൾ തീവ്ര ശ്രമം നടത്തുന്നു. ഇത് ഉദാത്തമായ ഒരു ശ്രമമാണ്. എന്നാൽ അതു മതിയോ? വൈകാരികവും ആത്മീയവുമായ ഉപദ്രവത്തിൽ നിന്നുള്ള സംരക്ഷണത്തിന്റെ കാര്യമോ? സുഹൃത്തുക്കളുടെയും വിനോദത്തിന്റെയും കാര്യത്തിൽ കുട്ടികൾ നടത്തുന്ന തിരഞ്ഞെടുപ്പിനോടു ബന്ധപ്പെട്ട വെല്ലുവിളിയെ നേരിടുന്നതും കുട്ടികളെ വിജയകരമായി വളർത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് അനേകർ തിരിച്ചറിയുന്നു. എന്നാൽ, അമിതമായി സംരക്ഷണം നൽകുന്നതോ കയറൂരി വിടുന്നതോ ഒഴിവാക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയും? അടുത്ത ലേഖനത്തിൽ കൊടുത്തിരിക്കുന്ന ഉത്തരങ്ങൾ പരിശോധിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.