തിഹിക്കൊസ്—ആശ്രയയോഗ്യനായ സഹഭൃത്യൻ
തിഹിക്കൊസ് വ്യത്യസ്ത അവസരങ്ങളിൽ പൗലൊസ് അപ്പൊസ്തലനോട് ഒപ്പം യാത്ര ചെയ്യുകയും അവന്റെ സന്ദേശവാഹകനായി പ്രവർത്തിക്കുകയും ചെയ്തു. പണവും മേൽവിചാരണയുടെ ഉത്തരവാദിത്വവും ഭരമേൽപ്പിക്കാൻ കഴിയുമായിരുന്ന ഒരു സന്ദേശവാഹകൻ ആയിരുന്നു അവൻ. തിരുവെഴുത്തുകൾ, അവന്റെ ആശ്രയയോഗ്യത—എല്ലാ ക്രിസ്ത്യാനികൾക്കും അത്യാവശ്യമായ ഒരു ഗുണം—എടുത്തുപറയുന്ന സ്ഥിതിക്ക് അവനെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
തന്റെ “പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യ”നും എന്നാണ് പൗലൊസ് തിഹിക്കൊസിനെ വർണിച്ചത്. (കൊലൊസ്സ്യർ 4:7) എന്തുകൊണ്ടാണ് അപ്പൊസ്തലൻ അവനെ അങ്ങനെ വീക്ഷിച്ചത്?
യെരൂശലേമിലെ ദുരിതാശ്വാസ ദൗത്യം
പൊ.യു. 55-നോടടുത്ത് യഹൂദ്യയിലെ ക്രിസ്ത്യാനികൾക്ക് ഒരു സാമ്പത്തിക ഞെരുക്കം നേരിട്ടു. അവരെ സഹായിക്കാൻ യൂറോപ്പിലെയും ഏഷ്യാ മൈനറിലെയും സഭകളുടെ സഹായത്തോടെ പൗലൊസ് ഒരു ധനശേഖരണം നടത്തി. ആസ്യ പ്രവിശ്യയിൽ നിന്നുള്ള തിഹിക്കൊസ് ആ ദുരിതാശ്വാസ ദൗത്യത്തിൽ ഒരു പങ്കു വഹിച്ചു.
ആ സംഭാവന എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് നിർദേശങ്ങൾ നൽകിയ ശേഷം, മൊത്തം പണവുമായി ആശ്രയയോഗ്യരായ പുരുഷന്മാരെ യെരൂശലേമിലേക്ക് അയയ്ക്കുകയോ തന്നോടൊപ്പം അവർ അങ്ങോട്ടു പോകുകയോ ചെയ്യണമെന്ന് പൗലൊസ് നിർദേശിച്ചു. (1 കൊരിന്ത്യർ 16:1-4) ഗ്രീസിൽനിന്ന് യെരൂശലേമിലേക്കുള്ള ദീർഘയാത്ര തുടങ്ങിയപ്പോൾ അവനോട് ഒപ്പം അനേകം പുരുഷന്മാരുണ്ടായിരുന്നു. വ്യക്തമായും അവരിൽ ഒരുവൻ തിഹിക്കൊസ് ആയിരുന്നു. (പ്രവൃത്തികൾ 20:4) അത്തരമൊരു വലിയ സംഘം ആവശ്യമായിരുന്നിരിക്കാം. കാരണം അനേകം സഭകൾ ഭരമേൽപ്പിച്ച പണവുമായാണ് അവർ പോയത്. സുരക്ഷിതത്വം ഒരു പ്രധാന സംഗതി ആയിരുന്നിരിക്കണം. എന്തെന്നാൽ പെരുവഴി കവർച്ചക്കാർ സുരക്ഷിതമായ യാത്രയ്ക്കു ഭീഷണി ഉയർത്തിയിരുന്നു.—2 കൊരിന്ത്യർ 11:26.
അരിസ്തർഹൊസും ത്രോഫിമോസും പൗലൊസിനോട് ഒപ്പം യെരൂശലേമിലേക്കു പോയ സ്ഥിതിക്ക് തിഹിക്കൊസും മറ്റുള്ളവരും അവരോടൊപ്പം ഉണ്ടായിരുന്നിരിക്കാം എന്നു ചിലർ വിചാരിക്കുന്നു. (പ്രവൃത്തികൾ 21:29; 24:17; 27:1, 2) തിഹിക്കൊസ് ഈ ദുരിതാശ്വാസ ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ, ധനശേഖരണം നടത്താൻ ഗ്രീസിൽ തീത്തൊസിനോട് ഒപ്പം പ്രവർത്തിക്കുകയും ‘ഈ ധർമ്മകാര്യത്തിൽ [പൗലൊസിന്റെ] കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടു’ക്കപ്പെടുകയും ചെയ്ത “സഹോദര”നായി കരുതപ്പെടുന്നവരിൽ ഒരുവനാണ് അവൻ. (2 കൊരിന്ത്യർ 8:18, 19; 12:18) തിഹിക്കൊസ് നിർവഹിച്ച ആദ്യ ദൗത്യം ഉത്തരവാദിത്വപൂർണമായ ഒന്നായിരുന്നെങ്കിൽ, രണ്ടാമത്തേത് അതിൽ ഒട്ടും കുറഞ്ഞതായിരുന്നില്ല.
റോമിൽനിന്ന് കൊലൊസ്സ്യയിലേക്ക്
അഞ്ചോ ആറോ വർഷത്തിനു ശേഷം (പൊ.യു. 60-61), റോമിലെ തന്റെ ആദ്യത്തെ തടവിൽനിന്ന് മോചിപ്പിക്കപ്പെടുന്നതിന്റെ പ്രതീക്ഷയിൽ ആയിരുന്നു പൗലൊസ്. തിഹിക്കൊസ് അവനോടൊപ്പം ഉണ്ടായിരുന്നു, അതേ, വീട്ടിൽനിന്ന് നൂറുകണക്കിനു കിലോമീറ്റർ അകലെ. ഇപ്പോൾ, തിഹിക്കൊസ് ആസ്യയിലേക്കു മടങ്ങി പോകുകയായിരുന്നു. തത്ഫലമായി, ആ പ്രദേശത്തെ സഭകൾക്കുള്ള ലേഖനങ്ങൾ കൊടുത്തയയ്ക്കാനും ഫിലേമോന്റെ ഒളിച്ചോടിയ ദാസനായ ഒനേസിമൊസിനെ അവനോടൊപ്പം കൊലൊസ്സ്യയിലേക്കു മടക്കി അയയ്ക്കാനും പൗലൊസിനു സാധിച്ചു. ഇപ്പോൾ ബൈബിൾ കാനോനിലുള്ള കുറഞ്ഞത് മൂന്ന് ലേഖനങ്ങൾ എങ്കിലും—എഫെസ്യർക്കും കൊലൊസ്സ്യർക്കും ഫിലേമോനും ഉള്ള ഓരോ ലേഖനങ്ങൾ—തിഹിക്കൊസും ഒനേസിമൊസും കൂടെ കൊണ്ടുപോയി. കൊലൊസ്സ്യയിൽനിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയുള്ള ഒരു ലവോദിക്യ നഗരത്തിലെ സഭയ്ക്കും ഒരു ലേഖനം കൊടുത്തയച്ചിരുന്നിരിക്കാം.—എഫെസ്യർ 6:21; കൊലൊസ്സ്യർ 4:7-9, 16; ഫിലേമോൻ 10-12.
തിഹിക്കൊസ് വെറും ഒരു തപാലുകാരൻ ആയിരുന്നില്ല. അവൻ ആശ്രയയോഗ്യനായ ഒരു സ്വകാര്യ സന്ദേശവാഹകൻ ആയിരുന്നു. കാരണം പൗലൊസ് എഴുതി: “എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും. നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാൻ അവനെ . . . നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.”—കൊലൊസ്സ്യർ 4:7-9.
ഒരു ലേഖനം കൊണ്ടുപോകുന്ന ആൾ “മിക്കപ്പോഴും എഴുത്തുകാരന്റെയും സ്വീകർത്താക്കളുടെയും ഇടയിലെ ലിഖിത കണ്ണിക്കു പുറമെയുള്ള ഒരു സ്വകാര്യ കണ്ണിയായിരുന്നു. . . . ആശ്രയയോഗ്യനായ ഒരാൾ ആവശ്യമായിരുന്നതിന്റെ [ഒരു കാരണം] അയാൾ മിക്കപ്പോഴും കൂടുതലായ വിവരങ്ങൾ വഹിച്ചിരുന്നു എന്നതാണ്. ഒരു ലേഖനം, എഴുത്തുകാരന്റെ കൂടെക്കൂടെയുള്ള വിലയിരുത്തലോടെ ഒരു സാഹചര്യം ചുരുക്കി വിവരിച്ചേക്കാം, എന്നാൽ അതു കൊണ്ടുപോകുന്ന ആൾ സ്വീകർത്താവിനു വേണ്ടി എല്ലാ വിശദാംശങ്ങളും വിവരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു” എന്ന് പണ്ഡിതനായ ഇ. റാൻഡോൾഫ് റിച്ചാഡ്സ് ചൂണ്ടിക്കാട്ടുന്നു. പഠിപ്പിക്കലുകളും അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളും ഒരു ലേഖനത്തിൽ പ്രതിപാദിച്ചേക്കാം എങ്കിലും മറ്റു കാര്യങ്ങൾ ആശ്രയയോഗ്യനായ സന്ദേശവാഹകനിലൂടെ വാമൊഴിയായി കൈമാറുമായിരുന്നു.
എഫെസ്യർക്കും കൊലൊസ്സ്യർക്കും ഫിലേമോനും ഉള്ള ലേഖനങ്ങൾ, പൗലൊസ് കഴിഞ്ഞുകൂടിയിരുന്നത് എങ്ങനെയെന്നതു സംബന്ധിച്ച് ഒന്നും തന്നെ പറയുന്നില്ല. അതുകൊണ്ട്, റോമിലെ പൗലൊസിന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ട് തിഹിക്കൊസ് വ്യക്തിപരമായ വിവരങ്ങൾ പകർന്നു കൊടുക്കണമായിരുന്നു. തന്നെയുമല്ല, അവർക്കു പ്രോത്സാഹനമേകാൻ കഴിയത്തക്കവിധം പ്രസ്തുത സഭകളിലെ സാഹചര്യങ്ങൾ അവൻ നന്നായി ഗ്രഹിക്കുകയും ചെയ്യണമായിരുന്നു. അയയ്ക്കുന്ന വ്യക്തിയെ വിശ്വസ്തമായി പ്രതിനിധീകരിക്കുമെന്ന് ഉറപ്പുള്ള ഒരുവനെ മാത്രമേ ഇത്തരം സന്ദേശങ്ങളും ഉത്തരവാദിത്വങ്ങളും ഭരമേൽപ്പിച്ചിരുന്നുള്ളൂ. തിഹിക്കൊസ് അത്തരം ഒരു മനുഷ്യൻ ആയിരുന്നു.
വിദൂരസ്ഥ നിയമനങ്ങളിൽ മേൽനോട്ടം
റോമിലെ വീട്ടുതടങ്കലിൽനിന്നു മോചിതനായ ശേഷം പൗലൊസ് തിഹിക്കൊസിനെയോ അർത്തെമാസിനെയോ ക്രേത്താ ദ്വീപിൽ തീത്തൊസിന്റെ അടുക്കൽ അയയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. (തീത്തൊസ് 1:5; 3:12) റോമിലെ തന്റെ രണ്ടാമത്തെ തടങ്കലിന്റെ സമയത്ത് (സാധ്യതയനുസരിച്ച് ഏകദേശം പൊ.യു. 65-ൽ) പൗലൊസ് അപ്പൊസ്തലൻ തിഹിക്കൊസിനെ വീണ്ടും എഫെസൊസിലേക്ക് അയച്ചു. തിമൊഥെയൊസിന്റെ സ്ഥാനം ഏറ്റെടുക്കാനും അങ്ങനെ തിമൊഥെയൊസിന് പൗലൊസിന്റെ അടുത്തു വരാനും കഴിയേണ്ടതിന് ആയിരുന്നിരിക്കാം അത്.—2 തിമൊഥെയൊസ് 4:9, 12.
ആ സമയത്തു തിഹിക്കൊസ് രണ്ടു സ്ഥലത്തേക്കും, അതായതു ക്രേത്തയിലേക്കും എഫെസൊസിലേക്കും പോയോ എന്നതു വ്യക്തമല്ല. എന്നിരുന്നാലും അവൻ പൗലൊസ് അപ്പൊസ്തലന്റെ ശുശ്രൂഷയുടെ അവസാന വർഷങ്ങൾവരെ അവന്റെ അടുത്ത സഹകാരികളിൽ ഒരുവൻ ആയിരുന്നുവെന്ന് ഇതുപോലുള്ള വിവരണങ്ങൾ സൂചിപ്പിക്കുന്നു. ഉത്തരവാദിത്വപൂർണവും ഒരുപക്ഷേ ആയാസകരവുമായ ദൗത്യങ്ങൾക്കായി തിമൊഥെയൊസിനും തീത്തൊസിനും പകരം തിഹിക്കൊസിനെ അയയ്ക്കുന്നതിനെ കുറിച്ചു പൗലൊസ് ചിന്തിച്ചതിനാൽ, അവൻ പക്വതയുള്ള ഒരു ക്രിസ്തീയ മേൽവിചാരകൻ ആയിത്തീർന്നിരുന്നു എന്നു വ്യക്തമാണ്. (1 തിമൊഥെയൊസ് 1:3, 4-ഉം തീത്തൊസ് 1:10-13-ഉം താരതമ്യം ചെയ്യുക.) യാത്ര ചെയ്യാനും വിദൂരസ്ഥ നിയമനങ്ങൾ ഏറ്റെടുക്കാനുമുള്ള മനസ്സൊരുക്കം അവനെ പൗലൊസിനും മുഴു ക്രിസ്തീയ സഭയ്ക്കും പ്രയോജനം ഉള്ളവനാക്കി.
ആത്മത്യാഗികളായ ക്രിസ്ത്യാനികൾ ഇന്ന് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭകളിൽ ദൈവത്തെ മനസ്സൊരുക്കത്തോടെ സേവിക്കുകയോ മറ്റ് എവിടെയെങ്കിലും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനായി തങ്ങളെത്തന്നെ ലഭ്യമാക്കുകയോ ചെയ്യുന്നു. മിഷനറിമാർ, സഞ്ചാര മേൽവിചാരകന്മാർ, നിർമാണ പദ്ധതികളിലെ രാജ്യാന്തര സേവകന്മാർ എന്നീ നിലകളിലോ വാച്ച് ടവർ സൊസൈറ്റിയുടെ ലോക ആസ്ഥാനത്തോ അതിന്റെ ബ്രാഞ്ച് ഓഫീസുകളിൽ ഒന്നിലോ ആയിരങ്ങൾ സന്തോഷപൂർവം നിയമനങ്ങൾ സ്വീകരിച്ചിരിക്കുന്നു. തിഹിക്കൊസിനെപ്പോലെ അവർ പുറമേ ശ്രദ്ധിക്കപ്പെടുന്നവരല്ല. എന്നാൽ അവർ കഠിനാധ്വാനികളാണ്. ദൈവത്തിനു പ്രിയപ്പെട്ടവരും ‘കർത്താവിൽ’ ആശ്രയയോഗ്യരായ ‘സഹഭൃത്യന്മാർ’ എന്ന നിലയിൽ മറ്റു ക്രിസ്ത്യാനികൾ സ്നേഹിക്കുന്നവരുമായ “വിശ്വസ്തശുശ്രൂഷക”രാണ് അവർ.