അനീതി ഒഴിവാക്കാനാവാത്തത് ആണോ?
“ഇതൊക്കെയാണെങ്കിലും, ആളുകൾ ഹൃദയത്തിൽ വാസ്തവമായും നല്ലവരാണെന്നു ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കുഴപ്പം, ദുരിതം, മരണം എന്നിവകൊണ്ടുള്ള ഒരു അടിത്തറയിന്മേൽ എന്റെ പ്രതീക്ഷകൾ പണിതുയർത്താൻ എനിക്കാവില്ല.”—ആനി ഫ്രാങ്ക്.
ആനി ഫ്രാങ്ക് എന്ന 15-കാരി യഹൂദ പെൺകുട്ടി ശോകാർദ്രമായ ആ വാക്കുകൾ തന്റെ ഡയറിയിൽ കുറിച്ചിട്ടത് അവളുടെ മരണത്തിന് ഏറെ മുമ്പ് ആയിരുന്നില്ല. രണ്ടു വർഷത്തിൽ ഏറെയായി അവളുടെ കുടുംബം ആംസ്റ്റെർഡാമിലെ ഒരു തട്ടിൻപുറത്ത് ഒളിച്ചു പാർക്കുക ആയിരുന്നു. ഒരു ഒറ്റുകാരൻ അവരുടെ താമസസ്ഥലം നാസികൾക്കു വെളിപ്പെടുത്തിയപ്പോൾ, ഒരു മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള അവളുടെ പ്രതീക്ഷകൾ തകർന്നുടഞ്ഞു. പിറ്റേ വർഷം, അതായത് 1945-ൽ, ബെർഗെൻ ബെസെനിലെ തടങ്കൽപ്പാളയത്തിൽ വെച്ച് റ്റെഫെസ് നിമിത്തം അവൾ മരണമടഞ്ഞു. 60 ലക്ഷം മറ്റ് യഹൂദരും സമാനമായ അത്യാഹിതങ്ങൾ അനുഭവിച്ചു.
ഒരു മുഴു ജനതയെയും ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറിന്റെ പൈശാചിക പദ്ധതി നമ്മുടെ നൂറ്റാണ്ട് കണ്ടിട്ടുള്ളതിലേക്കും ഏറ്റവും നികൃഷ്ടമായ വർഗീയ അനീതി ആയിരിക്കാം. എന്നാൽ അത് അത്തരത്തിലുള്ള ഏക സംഭവമല്ല. ഒരു “വ്യത്യസ്ത” ഗോത്രത്തിൽ പെട്ടവരാണെന്നുള്ള കാരണത്താൽ മാത്രം, 1994-ൽ റുവാണ്ടയിൽ അഞ്ചു ലക്ഷത്തിൽപ്പരം ടൂട്സികൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഒരു വംശീയ നിർമാർജനത്തിൽ ഏകദേശം പത്തു ലക്ഷം അർമേനിയക്കാർ കൊല്ലപ്പെട്ടു.
അനീതിയുടെ ക്രൂര മുഖങ്ങൾ
അനീതിയുടെ ഒരേ ഒരു രൂപമല്ല വംശഹത്യ. സാമൂഹിക അനീതി മാനവരാശിയുടെ ഏതാണ്ട് അഞ്ചിൽ ഒന്നിനെ, സാവധാനം കൊല്ലുന്ന ആയുഷ്കാല ദാരിദ്ര്യത്തിനു വിധിക്കുന്നു. അതിലും മോശമായി, ഒരു മനുഷ്യാവകാശ സംഘടനയായ അന്തർദേശീയ അടിമത്ത വിരുദ്ധ സംഘത്തിന്റെ കണക്ക് അനുസരിച്ച് 20,00,00,000-യിലധികം ആളുകൾ അടിമത്തത്തിലാണ്. ചരിത്രത്തിലെ മറ്റ് ഏതൊരു കാലത്ത് ഉണ്ടായിരുന്നിട്ടുള്ളതിലും കൂടുതൽ അടിമകൾ ഇന്നു ലോകത്തിൽ ഉണ്ടായിരിക്കാം. അവർ പരസ്യമായി ലേലത്തിൽ വിൽക്കപ്പെടുന്നില്ലായിരിക്കാം. എന്നാൽ പലപ്പോഴും അവരുടെ തൊഴിൽ സാഹചര്യങ്ങൾ മുൻ കാലങ്ങളിലെ മിക്ക അടിമകളുടെയും അവസ്ഥയെക്കാൾ മോശമാണ്.
നിയമസംബന്ധമായ അനീതി ലക്ഷക്കണക്കിന് ആളുകളുടെ അടിസ്ഥാന അവകാശങ്ങൾ കവർന്നെടുക്കുന്നു. “മിക്കവാറും എല്ലാ ദിവസവും ലോകത്ത് എവിടെയെങ്കിലും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുന്നു” എന്ന് അമ്നെസ്റ്റി ഇന്റർനാഷണലിന്റെ 1996-ലെ റിപ്പോർട്ട് പ്രസ്താവിക്കുന്നു. “ഏറ്റവും എളുപ്പം ബാധിക്കപ്പെടുന്നത് ദരിദ്രരും പ്രാതികൂല്യങ്ങൾ ഉള്ളവരുമാണ്—വിശേഷിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, അഭയാർഥികൾ എന്നിവർ.” ആ റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ചില രാജ്യങ്ങളിൽ ദേശീയ രാഷ്ട്രത്തിന്റെ ഘടനകൾ മിക്കവാറും തകർന്നിരിക്കുന്നു, തത്ഫലമായി ശക്തരിൽ നിന്ന് അശക്തരെ സംരക്ഷിക്കാൻ നിയമപരമായ യാതൊരു അധികാര സ്ഥാനവുമില്ല.”
1996-ൽ, നൂറിലേറെ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തു. ഈ അടുത്ത വർഷങ്ങളിൽ ലക്ഷക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. തെളിവനുസരിച്ച് അവരെ സംരക്ഷണ സേനകളോ ഭീകരപ്രവർത്തക സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണ്. അവരിൽ ഒട്ടേറെ പേർ മരിച്ചുപോയെന്നു കരുതപ്പെടുന്നു.
തീർച്ചയായും, യുദ്ധങ്ങൾ തികച്ചും ന്യായരഹിതമാണ്, അവ കൂടുതൽ കൂടുതൽ ന്യായരഹിതമാകുകയുമാണ്. ആധുനിക യുദ്ധം സ്ത്രീകളും കുട്ടികളും അടക്കമുള്ള പൗരജനങ്ങളെ ലക്ഷ്യമിടുന്നു. നഗരങ്ങളിൽ വിവേചനാരഹിതമായി ബോംബു വർഷിക്കുന്നതിനാൽ മാത്രമല്ല ഇത്. സൈനിക പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീകളും പെൺകുട്ടികളും പതിവായി ബലാൽസംഗം ചെയ്യപ്പെടുന്നു. അനേകം വിപ്ലവ സംഘങ്ങൾ കൊലയാളികളായി പരിശീലിപ്പിക്കാൻ കുട്ടികളെ തട്ടിയെടുക്കുന്നു. അത്തരം പ്രവണതകളെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിക്കൊണ്ട്, “സായുധ സംഘട്ടനത്തിനു കുട്ടികളുടെ മേലുള്ള ഫലം” എന്ന ഐക്യരാഷ്ട്ര റിപ്പോർട്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “ദാരുണമായ ധാർമിക ശൂന്യതയിലേക്കു ലോകം അധികമധികം വലിച്ചെടുക്കപ്പെടുകയാണ്.”
ഈ ധാർമിക ശൂന്യത വംശീയമോ സാമൂഹികമോ നീതിന്യായപരമോ സൈനികമോ ആയ മണ്ഡലങ്ങളിൽ അനീതി നിറഞ്ഞ ഒരു ലോകത്തിനു വഴിതെളിച്ചിരിക്കുന്നു എന്നതിൽ തെല്ലും സംശയമില്ല. തീർച്ചയായും ഇത് ഒരു പുതിയ കാര്യമല്ല. 2500-ലധികം വർഷങ്ങൾ മുമ്പ് ഒരു എബ്രായ പ്രവാചകൻ ഇങ്ങനെ വിലപിച്ചു: “നിയമം നിർവീര്യമാക്കപ്പെടുന്നു. നീതി നിർവഹിക്കപ്പെടുന്നില്ല. ദുഷ്ടൻ നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെടുന്നു.” (ഹബക്കൂക് 1:4, പി.ഒ.സി. ബൈബിൾ) അനീതി എല്ലാ കാലത്തും കൊടികുത്തി വാണിട്ടുണ്ടെങ്കിലും, അനീതിയുടെ തലം പുതിയ പാരമ്യങ്ങളിൽ എത്തിച്ചേർന്ന യുഗമാണ് 20-ാം നൂറ്റാണ്ട്.
അനീതി പ്രാധാന്യം അർഹിക്കുന്നുവോ?
അനീതിയുടെ ഫലം നിങ്ങൾ നേരിട്ട് അനുഭവിക്കുമ്പോൾ അതു പ്രാധാന്യം അർഹിക്കുന്നു. മാനവരാശിയിൽ ഭൂരിപക്ഷത്തിന്റെയും സന്തുഷ്ടിക്കുള്ള അവകാശം അതു കവർന്നെടുക്കുന്നതിനാൽ അതു പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. അനീതി കൂടെക്കൂടെ രക്തരൂക്ഷിത സംഘട്ടനങ്ങൾക്കു തിരികൊളുത്തുകയും തത്ഫലമായി അനീതിയുടെ അഗ്നിജ്വാലകൾ തുടർച്ചയായി കത്തിനിൽക്കുകയും ചെയ്യുന്നതിനാലും അതു പ്രാധാന്യം അർഹിക്കുന്നു.
സമാധാനവും സന്തുഷ്ടിയും വേർപെടുത്താൻ കഴിയാത്ത വിധം നീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ അനീതി പ്രത്യാശയെ ഛിന്നഭിന്നമാക്കുകയും ശുഭാപ്തിവിശ്വാസത്തെ തകർക്കുകയും ചെയ്യുന്നു. ആനി ഫ്രാങ്ക് ദാരുണമായി കണ്ടെത്തിയ പ്രകാരം, കുഴപ്പം, ദുരിതം, മരണം എന്നിവ കൊണ്ടുള്ള ഒരു അടിത്തറയിന്മേൽ ആളുകൾക്കു തങ്ങളുടെ പ്രതീക്ഷകൾ പണിതുയർത്താൻ കഴിയില്ല. അവളെപ്പോലെ, നാമെല്ലാം മെച്ചപ്പെട്ട ഒന്നിനായി വാഞ്ഛിക്കുന്നു.
ആ ആഗ്രഹം നിമിത്തം ആത്മാർഥരായ ആളുകൾ മാനുഷ സമുദായത്തിന് ഒരളവുവരെ നീതി കൈവരുത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ലക്ഷ്യ സാക്ഷാത്കാരത്തിനായി 1948-ൽ ഐക്യരാഷ്ട്ര പൊതു സഭ അംഗീകരിച്ച സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം ഇങ്ങനെ പ്രസ്താവിക്കുന്നു: “സകല മനുഷ്യരും സ്വതന്ത്രരായും തുല്യ മാന്യതയോടെയും അവകാശങ്ങളോടെയും ജനിച്ചിരിക്കുന്നു. ന്യായബോധവും മനസ്സാക്ഷിയും അവർക്കു പ്രകൃത്യാതന്നെയുണ്ട്, സാഹോദര്യത്തിന്റെ ആത്മാവിൽ അവർ പരസ്പരം വർത്തിക്കണം.”
അവ തീർച്ചയായും ഉത്കൃഷ്ടമായ വാക്കുകളാണ്. എല്ലാവരും തുല്യ അവകാശങ്ങൾ ആസ്വദിക്കുകയും എല്ലാവരും സഹമനുഷ്യനെ സഹോദരനായി കാണുകയും ചെയ്യുന്ന ആ പ്രിയങ്കരമായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരം മാനവരാശിക്ക് ഇന്നും വളരെ അകലെയാണ്. യുഎൻ പ്രഖ്യാപനത്തിന്റെ ആമുഖം ചൂണ്ടിക്കാണിക്കുന്ന പ്രകാരം, ആ ലക്ഷ്യ സാക്ഷാത്കാരം “ലോകത്തിലെ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാന”മായി വർത്തിക്കും.
മാനവ സമുദായത്തിന്റെ ചട്ടക്കൂട്ടിലെ ഒരിക്കലും പിഴുതെറിയപ്പെടില്ലാത്ത അവിഭാജ്യ ഘടകമാണോ അനീതി? അതോ, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ഒരു ഉറച്ച അടിസ്ഥാനം വല്ലവിധേനയും ഇടപ്പെടുമോ? അതു സാധിക്കുമെങ്കിൽ, ആ അടിസ്ഥാനം ഇടാനും എല്ലാവരും അതിൽ നിന്നു പ്രയോജനം അനുഭവിക്കുന്നു എന്ന് ഉറപ്പുവരുത്താനും ആർക്കാണു കഴിയുക?
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
UPI/Corbis-Bettmann