യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്
“അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.”—ആവർത്തനപുസ്തകം 32:4.
1. നമുക്ക് നീതിക്കായുള്ള ഒരു സഹജമായ ആവശ്യം ഉള്ളത് എന്തുകൊണ്ട്?
എല്ലാവർക്കും സ്നേഹത്തിനായുള്ള ഒരു ജന്മസിദ്ധ ആവശ്യം ഉള്ളതുപോലെതന്നെ മറ്റുള്ളവർ തങ്ങളോടു നീതിപൂർവം പെരുമാറണമെന്നുള്ള വാഞ്ഛയുമുണ്ട്. അമേരിക്കൻ ഭരണതന്ത്രജ്ഞനായ തോമസ് ജാഫേഴ്സ്സൺ എഴുതിയതു പോലെ, “[നീതി] സഹജവും ജന്മസിദ്ധവുമാണ്, . . . തോന്നൽ, കാഴ്ച, കേൾവി എന്നിവയുടെ കാര്യത്തിലെന്ന പോലെ ഇതും നമ്മുടെ ഘടനയുടെ ഭാഗമാണ്.” അതിൽ അതിശയിക്കാനില്ല, കാരണം ദൈവം തന്റെ പ്രതിച്ഛായയിലാണ് നമ്മെ സൃഷ്ടിച്ചത്. (ഉല്പത്തി 1:26) തീർച്ചയായും, സ്വന്തം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഗുണങ്ങൾ അവൻ നമുക്കു തന്നു. അവയിൽ ഒന്ന് നീതിയാണ്. അതുകൊണ്ടാണ് നീതിക്കായുള്ള ഒരു സഹജമായ ആവശ്യം നമുക്കുള്ളത്. യഥാർഥ നീതിയും ന്യായവും ഉള്ള ഒരു ലോകത്തു ജീവിക്കാൻ നാം കാംക്ഷിക്കുന്നതും അതുകൊണ്ടാണ്.
2. നീതി യഹോവയ്ക്ക് എത്ര പ്രധാനമാണ്, ദിവ്യ നീതിയുടെ അർഥം നാം ഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
2 യഹോവയെക്കുറിച്ചു ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പു തരുന്നു: “അവന്റെ വഴികൾ ഒക്കെയും ന്യായം.” (ആവർത്തനപുസ്തകം 32:4, NW) എന്നാൽ അനീതി നിറഞ്ഞ ഒരു ലോകത്ത്, ദിവ്യ നീതിയുടെ അർഥം ഗ്രഹിക്കുക എളുപ്പമല്ല. എന്നിരുന്നാലും ദൈവവചനത്തിന്റെ പേജുകളിലൂടെ, ദൈവം നീതി നടപ്പാക്കുന്ന വിധം തിരിച്ചറിയാനും അവന്റെ അത്ഭുതകരമായ വഴികളെ കൂടുതൽ വിലമതിക്കാനും നമുക്കു സാധിക്കും. (റോമർ 11:33) നീതിയെക്കുറിച്ചുള്ള നമ്മുടെ ആശയം മാനുഷിക സങ്കൽപ്പങ്ങളാൽ ഏറെ സ്വാധീനിക്കപ്പെട്ടേക്കാം എന്നതിനാൽ നീതിയെ ബൈബിൾപരമായ അർഥത്തിൽ മനസ്സിലാക്കുന്നതു പ്രധാനമാണ്. മാനുഷിക കാഴ്ചപ്പാടിൽ, നീതി എന്നതു നിയമവാഴ്ചയുടെ നിഷ്പക്ഷമായ ബാധകമാക്കൽ മാത്രമായിരിക്കാം. അല്ലെങ്കിൽ, തത്ത്വചിന്തകനായ ഫ്രാൻസിസ് ബേക്കൺ എഴുതിയതു പോലെ, “ഓരോ മനുഷ്യനും അവൻ അർഹിക്കുന്നതു നൽകുന്നതാണ് നീതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.” എന്നാൽ യഹോവയുടെ നീതിയിൽ വളരെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നു.
യഹോവയുടെ നീതി ഹൃദയോഷ്മളമാണ്
3. ബൈബിളിൽ ന്യായത്തിനും നീതിക്കും ഉപയോഗിച്ചിരിക്കുന്ന മൂലഭാഷാ പദങ്ങൾ പരിചിന്തിക്കുന്നതിനാൽ എന്തു പഠിക്കാവുന്നതാണ്?
3 മൂല ഭാഷാ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന വിധം പരിശോധിക്കുന്നതിനാൽ ദൈവത്തിന്റെ നീതിയുടെ വിശാലത മെച്ചമായി മനസ്സിലാക്കാൻ കഴിയും.a രസാവഹമായി, ന്യായവും നീതിയും തമ്മിൽ തിരുവെഴുത്തുകളിൽ കാര്യമായ വ്യത്യാസം ഒന്നുമില്ല. ഇവയുടെ എബ്രായ പദങ്ങൾ ചില അവസരങ്ങളിൽ സമാന്തരമായി ഉപയോഗിച്ചിരിക്കുന്നു. “ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ” എന്ന് യഹോവ തന്റെ ജനത്തെ ഉദ്ബോധിപ്പിക്കുന്ന ആമോസ് 5:24-ൽ നാം അതു കാണുന്നു. മാത്രമല്ല, നിരവധി സന്ദർഭങ്ങളിൽ ‘ന്യായം,’ ‘നീതി’ എന്നീ പ്രയോഗങ്ങൾ ഊന്നൽ നൽകാനായി ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നു.—സങ്കീർത്തനം 33:5; യെശയ്യാവു 33:5; യിരെമ്യാവു 33:15; യെഹെസ്കേൽ 18:21; 45:9.
4. നീതി പ്രവർത്തിക്കുക എന്നാൽ അർഥമെന്ത്, നീതിയുടെ ആത്യന്തിക പ്രമാണം എന്താണ്?
4 ഈ എബ്രായ, ഗ്രീക്കു പദങ്ങൾ എന്ത് ആശയമാണു നൽകുന്നത്? തിരുവെഴുത്തുപരമായ അർഥത്തിൽ നീതി പ്രവർത്തിക്കുക എന്നതിന്റെ സാരം ശരിയും ഉചിതവുമായതു ചെയ്യുക എന്നാണ്. ധാർമിക നിയമങ്ങളും തത്ത്വങ്ങളും സ്ഥാപിക്കുന്നത്, അഥവാ ശരിയും ഉചിതവും ആയിരിക്കുന്നത് എന്താണെന്നു തീരുമാനിക്കുന്നത് യഹോവ ആയതിനാൽ, അവൻ കാര്യങ്ങൾ ചെയ്യുന്ന വിധമാണു നീതിയുടെ ആത്യന്തിക പ്രമാണം. നീതി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം (റ്റെസ്ദെക്ക്) “സദാചാരപരമായ, ധാർമികമായ നിലവാരത്തെ അർഥമാക്കുന്നു” എന്നും “പ[ഴയ] നി[യമ]ത്തിൽ ആ നിലവാരം തീർച്ചയായും ദൈവത്തിന്റെ പ്രകൃതവും ഹിതവും ആണെ”ന്നും പഴയ നിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) വിശദീകരിക്കുന്നു. അതുകൊണ്ട്, ദൈവം തന്റെ തത്ത്വങ്ങൾ ബാധകമാക്കുന്ന വിധം, വിശേഷിച്ചും അപൂർണ മനുഷ്യരുമായി അവൻ ഇടപെടുന്ന വിധം യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ശരിയായ അർഥം വെളിപ്പെടുത്തുന്നു.
5. ഏതെല്ലാം ഗുണങ്ങളാണ് ദൈവ നീതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്?
5 ദൈവിക നീതി പരുഷമോ വഴക്കമില്ലാത്തതോ അല്ല, മറിച്ച് ഹൃദയോഷ്മളം ആണെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. ദാവീദ് ഇങ്ങനെ പാടി: “യഹോവ നീതിപ്രിയൻ ആകുന്നു; അവൻ തന്റെ വിശ്വസ്തരെ ഉപേക്ഷിക്കില്ല.” (സങ്കീർത്തനം 37:28, NW) തന്റെ ദാസന്മാരോടു വിശ്വസ്തതയും അനുകമ്പയും കാട്ടാൻ ദൈവത്തിന്റെ നീതി അവനെ പ്രേരിപ്പിക്കുന്നു. ദിവ്യ നീതി നമ്മുടെ ആവശ്യങ്ങൾ എളുപ്പം മനസ്സിലാക്കുകയും നമ്മുടെ അപൂർണതകളോടു പരിഗണന കാട്ടുകയും ചെയ്യുന്നു. (സങ്കീർത്തനം 103:14) ദൈവം ദുഷ്ടതയെ ഗൗനിക്കാതിരിക്കുന്നു എന്ന് അതിന് അർഥമില്ല. കാരണം അപ്രകാരം ചെയ്യുന്നത് അനീതിയെ പ്രോത്സാഹിപ്പിക്കും. (1 ശമൂവേൽ 3:12, 13; സഭാപ്രസംഗി 8:11) താൻ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളൻ” ആണെന്ന് യഹോവ മോശയോടു വിശദീകരിച്ചു. തെറ്റുകളും ലംഘനങ്ങളും ക്ഷമിക്കാൻ ദൈവം സന്നദ്ധനാണെങ്കിലും, ശിക്ഷ അർഹിക്കുന്നവരെ അവൻ ശിക്ഷയിൽനിന്ന് ഒഴിവാക്കുകയില്ല.—പുറപ്പാടു 34:6, 7.
6. യഹോവ തന്റെ ഭൗമിക മക്കളോട് ഇടപെടുന്നത് എങ്ങനെ?
6 യഹോവ നീതി നടത്തുന്ന വിധത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ, അവൻ ദുഷ്പ്രവൃത്തിക്കാർക്കു ശിക്ഷ വിധിക്കുന്നതിൽ മാത്രം താത്പര്യമുള്ള കർക്കശനായ ഒരു ന്യായാധിപൻ ആണെന്നു നാം ചിന്തിക്കരുത്. നേരേമറിച്ച്, എല്ലായ്പോഴും തന്റെ മക്കളോടു സാധിക്കുന്നത്ര മെച്ചമായ വിധത്തിൽ ഇടപെടുന്ന സ്നേഹവാനായ, എന്നാൽ ദൃഢചിത്തനായ ഒരു പിതാവിനെ പോലെയാണ് അവനെന്നു നാം ചിന്തിക്കണം. “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് യെശയ്യാ പ്രവാചകൻ പറഞ്ഞു. (യെശയ്യാവു 64:8) ന്യായവും നീതിയുമുള്ള ഒരു പിതാവ് എന്ന നിലയിൽ യഹോവ ശരിയായതിനു വേണ്ടിയുള്ള ദൃഢമായ തന്റെ നിലപാടിനെ, പ്രയാസ സാഹചര്യങ്ങളോ ജഡിക ദൗർബല്യങ്ങളോ നിമിത്തം സഹായമോ ക്ഷമയോ ആവശ്യമായ തന്റെ ഭൗമിക മക്കളോടുള്ള ആർദ്രാനുകമ്പയുമായി സമനിലയിൽ നിർത്തുന്നു.—സങ്കീർത്തനം 103:6, 10, 13.
നീതി എന്താണെന്നു വ്യക്തമാക്കുന്നു
7. (എ) യെശയ്യാവിന്റെ പ്രവചനത്തിൽ നിന്ന് ദിവ്യ നീതിയെ കുറിച്ച് നാം എന്തു പഠിക്കുന്നു? (ബി) നീതിയെ കുറിച്ച് ജനതകളെ പഠിപ്പിക്കുന്നതിൽ യേശുവിന് എന്തു പങ്ക് ഉണ്ടായിരുന്നു?
7 യഹോവയുടെ നീതിയുടെ അനുകമ്പാർദ്രമായ സ്വഭാവം മിശിഹായുടെ വരവോടെ പ്രദീപ്തമാക്കപ്പെട്ടു. യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറഞ്ഞതുപോലെ, യേശു ദിവ്യ നീതി പഠിപ്പിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്തു. വ്യക്തമായും, മർദിതരോട് ആർദ്രതാപൂർവം ഇടപെടുന്നത് ദൈവത്തിന്റെ നീതിയിൽ ഉൾപ്പെടുന്നു. അതുകൊണ്ട്, പുനരുദ്ധരിക്കാൻ കഴിയാത്ത വിധം അവർ തകർക്കപ്പെടുന്നില്ല. ദൈവത്തിന്റെ നീതിയുടെ ഈ വശം ‘ജാതികളോടു പ്രസ്താവി’ക്കാൻ യഹോവയുടെ “ദാസ”നായ യേശു ഭൂമിയിൽ വന്നു. അവൻ അപ്രകാരംതന്നെ ചെയ്തു, പ്രധാനമായും, ദിവ്യ നീതി എന്ത് അർഥമാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഒരു ദൃഷ്ടാന്തം നൽകിക്കൊണ്ട്. ദാവീദ് രാജാവിന്റെ “നീതിയുള്ളോരു മുള” എന്ന നിലയിൽ യേശു, ‘ന്യായതല്പരനും നീതി നടത്തുവാൻ വേഗതയുള്ളവനും’ ആയിരിക്കാൻ ഉത്സാഹിച്ചു.—യെശയ്യാവു 16:5; 42:1-4; മത്തായി 12:18-21; യിരെമ്യാവു 33:14, 15.
8. ഒന്നാം നൂറ്റാണ്ടിൽ യഥാർഥ നീതിയും ന്യായവും അവ്യക്തമായി തീർന്നത് എന്തുകൊണ്ട് ആയിരുന്നു?
8 യഹോവയുടെ നീതിയുടെ സ്വഭാവം അപ്രകാരം വ്യക്തമാക്കേണ്ടത് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ വിശേഷിച്ചും ആവശ്യമായിരുന്നു. നീതിയുടെയും ന്യായത്തിന്റെയും വികലമായ വീക്ഷണമാണ് യഹൂദ മൂപ്പന്മാരും മത നേതാക്കളും—ശാസ്ത്രിമാർ, പരീശന്മാർ തുടങ്ങിയവർ—ഘോഷിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ചെയ്തിരുന്നത്. തത്ഫലമായി, ശാസ്ത്രിമാരും പരീശന്മാരും വെച്ച നിബന്ധനകൾ അനുസരിച്ചു ജീവിക്കാൻ സാധിക്കില്ലെന്നു കണ്ടെത്തിയ സാധാരണ ജനങ്ങൾ, ദൈവത്തിന്റെ നീതി തങ്ങളുടെ എത്തുപാടിന് വളരെ അതീതമാണെന്നു കരുതിയിരിക്കാം. (മത്തായി 23:4; ലൂക്കൊസ് 11:46) യാഥാർഥ്യം അതല്ലെന്ന് യേശു കാണിച്ചുകൊടുത്തു. യേശു ആ സാധാരണ ജനങ്ങളിൽനിന്ന് തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തു. അവൻ അവരെ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ പഠിപ്പിച്ചു.—മത്തായി 9:36; 11:28-30.
9, 10. (എ) ശാസ്ത്രിമാരും പരീശന്മാരും തങ്ങളുടെ നീതി പ്രദർശിപ്പിക്കാൻ ശ്രമിച്ചത് എങ്ങനെ? (ബി) ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ആചാരങ്ങൾ വ്യർഥമാണെന്ന് യേശു വെളിപ്പെടുത്തിയത് എങ്ങനെ, എന്തുകൊണ്ട്?
9 നേരേമറിച്ച്, പരസ്യമായി പ്രാർഥിക്കുകയോ സംഭാവനകൾ നൽകുകയോ ചെയ്തുകൊണ്ട് തങ്ങളുടെ “നീതി” പ്രദർശിപ്പിക്കാൻ പരീശന്മാർ അവസരം അന്വേഷിച്ചു. (മത്തായി 6:1-6) അസംഖ്യം നിയമങ്ങളും ചട്ടങ്ങളും പിൻപറ്റിക്കൊണ്ടും തങ്ങളുടെ നീതി പ്രദർശിപ്പിക്കാൻ അവർ ശ്രമിച്ചു. ആ നിയമങ്ങളിൽ മിക്കവയും അവർതന്നെ ഉണ്ടാക്കിയവ ആയിരുന്നു. അത്തരം ശ്രമങ്ങൾ അവരെ “ന്യായവും ദൈവസ്നേഹവും വിട്ടുകള”യുന്നതിലേക്കു നയിച്ചു. (ലൂക്കൊസ് 11:42) പുറമേ അവർ നീതിമാന്മാരായി കാണപ്പെട്ടിരുന്നിരിക്കാം, എന്നാൽ അകമേ അവർ ‘അധർമ്മം നിറഞ്ഞവർ,’ അഥവാ നീതികെട്ടവർ ആയിരുന്നു. (മത്തായി 23:28) ലളിതമായി പറഞ്ഞാൽ, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവർക്ക് ഒന്നുംതന്നെ അറിയില്ലായിരുന്നു.
10 ആ കാരണത്താൽ, യേശു തന്റെ അനുഗാമികൾക്ക് ഇപ്രകാരം മുന്നറിയിപ്പു നൽകി: “നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശൻമാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 5:20) യേശുവിനാൽ ദൃഷ്ടാന്തീകരിക്കപ്പെട്ട ദിവ്യ നീതിയും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും സങ്കുചിത സ്വയനീതിയും തമ്മിലുള്ള തികഞ്ഞ വൈരുദ്ധ്യമായിരുന്നു അവർ തമ്മിൽ കൂടെക്കൂടെ ഉണ്ടായ വാദപ്രതിവാദങ്ങൾക്കു നിദാനം.
ദിവ്യ നീതി വികല നീതിയെ എതിരിടുന്നു
11. (എ) ശബത്തിൽ സൗഖ്യമാക്കുന്നതു സംബന്ധിച്ച് പരീശന്മാർ യേശുവിനെ ചോദ്യം ചെയ്തത് എന്തുകൊണ്ട്? (ബി) യേശുവിന്റെ ഉത്തരം എന്തു വെളിപ്പെടുത്തി?
11 പൊ.യു. 31 വസന്തകാലത്ത് ഗലീലയിലെ ശുശ്രൂഷയുടെ സമയത്ത് ഒരു സിനഗോഗിൽ വെച്ച് യേശു വരണ്ട കൈയുള്ള ഒരു മനുഷ്യനെ കണ്ടു. അത് ഒരു ശബത്ത് ദിവസം ആയിരുന്നതിനാൽ പരീശന്മാർ, “ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ”? എന്ന് യേശുവിനോടു ചോദിച്ചു. അവരുടെ ചോദ്യത്തിൽ നിന്നു വെളിപ്പെടുന്നതു പോലെ, ആ ദരിദ്ര മനുഷ്യന്റെ കഷ്ടപ്പാടിൽ യഥാർഥ ദുഃഖം തോന്നുന്നതിനു പകരം യേശുവിനെ കുറ്റംവിധിക്കാൻ ഒരു മുടന്തൻ ന്യായം കണ്ടെത്തുക എന്നതായിരുന്നു അവരുടെ ആഗ്രഹം. അവരുടെ തഴമ്പിച്ച ഹൃദയത്തെ പ്രതി യേശുവിനു ദുഃഖം തോന്നിയതിൽ യാതൊരു അതിശയവുമില്ല. അപ്പോൾ അവൻ പരീശന്മാരുടെ നേർക്കു സമാനമായ ഒരു മറുചോദ്യം തൊടുത്തു വിട്ടു: ‘ശബ്ബത്തിൽ നൻമ ചെയ്യുന്നത് വിഹിതമാണോ?’ അവർ മിണ്ടാതിരുന്നപ്പോൾ, ശബത്ത് ദിവസം ഒരു കുഴിയിൽ വീണ ആടിനെ അവർ രക്ഷിക്കുകയില്ലേ എന്ന് അവരോടു ചോദിച്ചുകൊണ്ട് യേശു സ്വന്തം ചോദ്യത്തിന് ഉത്തരമേകി.b “മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ”! ഖണ്ഡിക്കാനാകാത്ത യുക്തി ഉപയോഗിച്ച് യേശു ന്യായവാദം ചെയ്തു. “ആകയാൽ ശബ്ബത്തിൽ നൻമ ചെയ്യുന്നതു വിഹിതം തന്നെ” എന്ന് അവൻ നിഗമനം ചെയ്തു. മാനുഷ പാരമ്പര്യം ഒരിക്കലും ദൈവ നീതിക്കു വിലങ്ങുതടി ആകരുത്. ആ ആശയം വ്യക്തമാക്കിയിട്ട് യേശു മുന്നോട്ടു ചെന്ന് ആ മനുഷ്യന്റെ കൈ സൗഖ്യമാക്കി.—മത്തായി 12:9-13; മർക്കൊസ് 3:1-5.
12, 13. (എ) ശാസ്ത്രിമാരിൽ നിന്നും പരീശന്മാരിൽ നിന്നും വ്യത്യസ്തനായി, യേശു പാപികളെ സഹായിക്കുന്നതിലുള്ള തന്റെ താത്പര്യം പ്രകടമാക്കിയത് എങ്ങനെ? (ബി) ദിവ്യ നീതിയും സ്വയ നീതിയും തമ്മിലുള്ള വ്യത്യാസം എന്ത്?
12 ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കു കാര്യമായ യാതൊരു ശ്രദ്ധയും നൽകാതിരുന്ന പരീശന്മാർ ആത്മീയമായി ദരിദ്രരായവർക്ക് അത്രയും പോലും ശ്രദ്ധ നൽകിയില്ല. നീതി സംബന്ധിച്ച അവരുടെ വികലമായ വീക്ഷണം നികുതി പിരിവുകാരെയും പാപികളെയും അവഗണിക്കുകയും അവമതിക്കുകയും ചെയ്യുന്നതിലേക്ക് അവരെ നയിച്ചു. (യോഹന്നാൻ 7:49) എന്നാൽ യേശു തങ്ങളെ ന്യായംവിധിക്കാനല്ല മറിച്ച് സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കിക്കൊണ്ട് പാപികളായ അനേകർ അവന്റെ പഠിപ്പിക്കലിനോടു പ്രതികരിച്ചു. (മത്തായി 21:31; ലൂക്കൊസ് 15:1) എന്നാൽ, ആത്മീയ രോഗികളെ സൗഖ്യമാക്കാനുള്ള യേശുവിന്റെ ശ്രമങ്ങളെ പരീശന്മാർ നിസ്സാരീകരിച്ചു. “ഇവൻ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു,” അവർ നിന്ദാപൂർവം പിറുപിറുത്തു. (ലൂക്കൊസ് 15:2) അവരുടെ ആരോപണത്തിനുള്ള മറുപടിയായി യേശു വീണ്ടും ഇടയവേലയോടു ബന്ധപ്പെട്ട ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. കാണാതെപോയ ഒരു ആടിനെ കണ്ടുകിട്ടുമ്പോൾ ഒരു ഇടയൻ സന്തോഷിക്കുന്നതു പോലെ, ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗത്തിലെ ദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊസ് 15:3-7) പാപപൂർണമായ മുൻകാല ഗതിയിൽനിന്ന് അനുതപിച്ചു തിരിഞ്ഞുവരാൻ സക്കായിയെ സഹായിക്കാൻ കഴിഞ്ഞപ്പോൾ യേശുതന്നെ സന്തോഷിച്ചു. “കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു,” അവൻ പറഞ്ഞു.—ലൂക്കൊസ് 19:8-10.
13 സൗഖ്യമാക്കാനും രക്ഷിക്കാനും ശ്രമിക്കുന്ന ദിവ്യ നീതിയും ചുരുക്കം ചിലരെ മഹത്ത്വീകരിക്കാനും അനേകരെ കുറ്റം വിധിക്കാനും ശ്രമിക്കുന്ന സ്വയനീതിയും തമ്മിലുള്ള വ്യത്യാസം ഈ ഏറ്റുമുട്ടലുകൾ വ്യക്തമായി വെളിപ്പെടുത്തുന്നു. നിരർഥകമായ ആചാരാനുഷ്ഠാനങ്ങളും മനുഷ്യ നിർമിത പാരമ്പര്യങ്ങളും ശാസ്ത്രിമാരെയും പരീശന്മാരെയും അഹങ്കാരികളും ദുരഭിമാനികളും ആക്കിയിരുന്നു. എന്നാൽ അവർ ‘ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങൾ ത്യജിച്ചുകള’ഞ്ഞെന്ന് യേശു സമുചിതമായി ചൂണ്ടിക്കാട്ടി. (മത്തായി 23:23) ചെയ്യുന്ന എല്ലാറ്റിലും യഥാർഥ നീതി പ്രവർത്തിക്കുന്ന കാര്യത്തിൽ നമുക്ക് യേശുവിനെ അനുകരിക്കാം. സ്വയനീതിയുടെ അപകടത്തിന് എതിരെ നമുക്കു ജാഗ്രത പുലർത്തുകയും ചെയ്യാം.
14. ദിവ്യ നീതി ഒരു വ്യക്തിയുടെ സാഹചര്യങ്ങൾ കണക്കിൽ എടുക്കുന്നു എന്ന് യേശുവിന്റെ ഒരു അത്ഭുത പ്രവർത്തനം ചിത്രീകരിക്കുന്നത് എങ്ങനെ?
14 യേശു പരീശന്മാരുടെ സ്വേച്ഛാപരമായ നിയമങ്ങൾ അവഗണിച്ചെങ്കിലും മോശൈക ന്യായപ്രമാണം അവൻ അനുസരിക്കുകതന്നെ ചെയ്തു. (മത്തായി 5:17, 18) അപ്രകാരം ചെയ്യവേ, നീതിനിഷ്ഠമായ ന്യായപ്രമാണത്തിലെ അക്ഷരങ്ങൾ അതിലെ തത്ത്വങ്ങളുടെ മേൽ ആധിപത്യം പുലർത്താൻ അവൻ അനുവദിച്ചില്ല. 12 വർഷമായി രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അവന്റെ വസ്ത്രങ്ങളിൽ തൊട്ട് സുഖം പ്രാപിച്ചപ്പോൾ യേശു അവളോടു പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക.” (ലൂക്കൊസ് 8:43-48) ദൈവ നീതി അവളുടെ സാഹചര്യങ്ങൾ കണക്കിൽ എടുത്തെന്ന് യേശുവിന്റെ അനുകമ്പാപൂർവകമായ വാക്കുകൾ വ്യക്തമാക്കി. ആചാരപരമായി അശുദ്ധ ആയിരുന്ന അവൾ ജനക്കൂട്ടത്തിന്റെ ഇടയിൽ ആയിരിക്കുക വഴി മോശൈക ന്യായപ്രമാണം സാങ്കേതികമായ അർഥത്തിൽ ലംഘിച്ചെങ്കിലും അവളുടെ വിശ്വാസം പ്രതിഫലം അർഹിക്കുന്നതായിരുന്നു.—ലേവ്യപുസ്തകം 15:25-27; റോമർ 9:30-33 താരതമ്യം ചെയ്യുക.
നീതി എല്ലാവർക്കും വേണ്ടിയാണ്
15, 16. (എ) അയൽക്കാരനായ ശമര്യാക്കാരനെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നീതി സംബന്ധിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു? (ബി) “അതിനീതിമാ”ന്മാർ ആയിരിക്കുന്നത് നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
15 ദിവ്യ നീതിയുടെ അനുകമ്പാപൂർവകമായ സ്വഭാവത്തിന് ഊന്നൽ നൽകിയതിനു പുറമേ, ദിവ്യ നീതിയിൽ എല്ലാ ആളുകളെയും ഉൾപ്പെടുത്തണമെന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. “ജനതകൾക്കു നീതി പ്രദാനം ചെയ്യ”ണമെന്നുള്ളത് അവനെ സംബന്ധിച്ചുള്ള ദൈവ ഹിതമായിരുന്നു. (യെശയ്യാവു 42:1, പി.ഒ.സി. ബൈ.) യേശുവിന്റെ ഏറ്റവും വിഖ്യാതമായ ദൃഷ്ടാന്തങ്ങളിൽ ഒന്നായ അയൽക്കാരനായ ശമര്യാക്കാരന്റെ ദൃഷ്ടാന്തത്തിലെ ആശയം അതായിരുന്നു. “സ്വയം നീതീകരിക്കാൻ” ആഗ്രഹിച്ച ഒരു ന്യായപ്രമാണ പണ്ഡിതൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ആയിരുന്നു ആ ദൃഷ്ടാന്തം. “‘ആരാണ് എന്റെ അയൽക്കാരൻ?’” എന്ന് അയാൾ ചോദിച്ചു. നിസ്സംശയമായും, അയൽക്കാരന്റേതായ ഉത്തരവാദിത്വങ്ങൾ യഹൂദന്മാർക്കു മാത്രമായി പരിമിതപ്പെടുത്താൻ അയാൾ ആഗ്രഹിച്ചു. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ശമര്യാക്കാരൻ ദൈവിക നീതി പ്രകടമാക്കി. കാരണം, മറ്റൊരു ദേശക്കാരനായ ഒരു അപരിചിതനു വേണ്ടി തന്റെ സമയവും പണവും ചെലവഴിക്കാൻ അയാൾ സന്നദ്ധനായിരുന്നു. ചോദ്യകർത്താവിനെ പിൻവരുന്ന പ്രകാരം ഉപദേശിച്ചുകൊണ്ട് യേശു തന്റെ ദൃഷ്ടാന്തം ഉപസംഹരിച്ചു: “‘നീയും പോയി ഇതു പോലെ ചെയ്യുക.’” (ലൂക്കൊസ് 10:25-37, ഓശാന ബൈബിൾ) സമാനമായി, വർഗീയമോ വംശീയമോ ആയ പശ്ചാത്തലം ഗണ്യമാക്കാതെ നാം എല്ലാ ആളുകൾക്കും നന്മ ചെയ്യുന്നെങ്കിൽ, നാം ദൈവ നീതി അനുകരിക്കുക ആയിരിക്കും.—പ്രവൃത്തികൾ 10:34, 35.
16 നേരേമറിച്ച്, നാം ദിവ്യ നീതി പ്രവർത്തിക്കണം എങ്കിൽ, നാം “അതിനീതിമാ”ന്മാർ ആയിരിക്കരുതെന്നു ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ദൃഷ്ടാന്തം നമ്മെ ഓർമപ്പെടുത്തുന്നു. (സഭാപ്രസംഗി 7:16) നീതിയുടെ ബാഹ്യ പ്രകടനത്താൽ മറ്റുള്ളവരിൽ മതിപ്പ് ഉളവാക്കാൻ ശ്രമിക്കുകയോ മനുഷ്യ നിർമിത നിയമങ്ങൾക്ക് അമിതമായ പ്രാധാന്യം നൽകുകയോ ചെയ്യുന്നതു നമുക്കു ദൈവാംഗീകാരം കൈവരുത്തില്ല.—മത്തായി 6:1.
17. ദൈവിക നീതി പ്രകടമാക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
17 ജനതകൾക്കു ദൈവ നീതിയുടെ സ്വഭാവം വ്യക്തമാക്കി കൊടുത്തപ്പോഴത്തെ യേശുവിന്റെ ഒരു ലക്ഷ്യം, തന്റെ ശിഷ്യന്മാർക്ക് ആ ഗുണം പ്രകടമാക്കുന്നതിന് പഠിക്കാൻ കഴിയണം എന്നതായിരുന്നു. അത് വളരെ പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? “ദൈവത്തെ അനുകരി”ക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ വഴികളാണെങ്കിൽ, എല്ലാം നീതിയും. (എഫെസ്യർ 5:1) സമാനമായി, നാം നമ്മുടെ ദൈവത്തോട് ഒപ്പം നടക്കവേ “ന്യായം പ്രവർത്തി”ക്കണം എന്നുള്ളത് യഹോവയുടെ നിബന്ധനകളിൽ ഒന്നാണെന്നു മീഖാ 6:8 വിശദീകരിക്കുന്നു. മാത്രവുമല്ല, യഹോവയുടെ കോപദിവസത്തിൽ മറയ്ക്കപ്പെടാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ആ ദിവസം ആഗതമാകുന്നതിനു മുമ്പേ നാം “നീതി അന്വേഷി”ക്കേണ്ടതുണ്ടെന്നു സെഫന്യാവു 2:2, 3 നമ്മെ ഓർമപ്പെടുത്തുന്നു.
18. അടുത്ത ലേഖനത്തിൽ ഏത് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും?
18 അതുകൊണ്ട് നീതി പ്രവർത്തിക്കാനുള്ള, “വിശേഷാൽ സ്വീകാര്യമായ സമയമാണ്” ഈ നിർണായക അന്ത്യനാളുകൾ. (2 കൊരിന്ത്യർ 6:2, NW) ഇയ്യോബിനെ പോലെ നാം ‘നീതിയെ ഉടുപ്പാ’ക്കുകയും ‘ന്യായത്തെ ഉത്തരീയ’മാക്കുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മെ അനുഗ്രഹിക്കും എന്ന കാര്യത്തിൽ നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. (ഇയ്യോബ് 29:14) ഭാവിയിലേക്ക് ഉറപ്പോടെ നോക്കാൻ യഹോവയുടെ നീതിയിലുള്ള വിശ്വാസം നമ്മെ എങ്ങനെ സഹായിക്കും? അതിലുപരി, നീതിനിഷ്ഠമായ “പുതിയ ഭൂമി”ക്കായി നാം കാത്തിരിക്കവേ, ദൈവിക നീതി നമ്മെ എപ്രകാരം ആത്മീയമായി സംരക്ഷിക്കുന്നു? (2 പത്രൊസ് 3:13) പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരമേകും.
[അടിക്കുറിപ്പുകൾ]
a എബ്രായ തിരുവെഴുത്തുകളിൽ മൂന്നു പ്രധാന വാക്കുകൾ ഉൾപ്പെട്ടിരിക്കുന്നു. അവയിൽ ഒന്നിനെ (മിഷ്പാറ്റ്) പലപ്പോഴും “ന്യായം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവയെ (റ്റെസ്ദെക്കും ബന്ധപ്പെട്ട പദമായ റ്റെസ്ദാഹും) മിക്കപ്പോഴും “നീതി” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു. “നീതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം (ഡിക്കൈയോസിനേ) “ശരിയോ ന്യായമോ ആയിരിക്കുന്ന ഗുണം” എന്നു നിർവചിക്കപ്പെട്ടിരിക്കുന്നു.
b യേശുവിന്റെ ദൃഷ്ടാന്തം ശ്രദ്ധാപൂർവം തിരഞ്ഞെടുത്തത് ആയിരുന്നു. കാരണം ശബത്ത് ദിവസം അപകടത്തിലായ ഒരു മൃഗത്തിനു ശുശ്രൂഷ ചെയ്യാൻ അലിഖിത നിയമം യഹൂദന്മാർക്കു പ്രത്യേകം അനുവാദം നൽകിയിരുന്നു. ശബത്ത് ദിവസം സൗഖ്യമാക്കുന്നതു നിയമപരമാണോ എന്ന ഈ വിഷയത്തെ കുറിച്ചു മറ്റു പല സന്ദർഭങ്ങളിലും വാദപ്രതിവാദങ്ങൾ നടന്നു.—ലൂക്കൊസ് 13:10-17; 14:1-6; യോഹന്നാൻ 9:13-16.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ ദിവ്യ നീതിയുടെ അർഥമെന്ത്?
□ യേശു ജനതകളെ നീതി പഠിപ്പിച്ചത് എങ്ങനെ?
□ പരീശന്മാരുടെ നീതി വികലമായിരുന്നത് എന്തുകൊണ്ട്?
□ നാം നീതി പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
[8-ാം പേജിലെ ചിത്രം]
യേശു ദിവ്യ നീതിയുടെ വിശാലത വ്യക്തമാക്കി