നമ്മുടെ കാലം സംബന്ധിച്ച് നിങ്ങൾ ഉണർവ് ഉള്ളവരോ?
അപകടം സംബന്ധിച്ച് ഉണർവുള്ളവർ ആയിരിക്കുന്നത് ജീവൻ രക്ഷിച്ചെന്നിരിക്കും. രണ്ട് അഗ്നിപർവത ദ്വീപുകളിൽ സംഭവിച്ചത് ഇതിന്റെ ദൃഷ്ടാന്തമാണ്.
20-ാം നൂറ്റാണ്ടിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവതമായ, മാർട്ടിനിക്കിലെ കരീബിയൻ ദ്വീപിലെ മൗണ്ട് പെലി 1902 മേയ് 8-ന് പൊട്ടിത്തെറിച്ചു. ആ അഗ്നിപർവതത്തിന്റെ താഴ്വാരത്തിലുള്ള നഗരമായ സെന്റ്പിയറിലെ ഏതാണ്ട് 30,000 നിവാസികളിൽ മിക്കവരെയും അതു തുടച്ചുനീക്കി.
എന്നാൽ സാധ്യതയനുസരിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനം നടന്നത് ഫിലിപ്പീൻസിലെ മൗണ്ട് പിനറ്റുബൊ പൊട്ടിത്തെറിച്ചപ്പോഴായിരുന്നു. 1991 ജൂണിൽ, ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയിൽ നടന്ന ഈ പൊട്ടിത്തെറിയിൽ മരിച്ചതോ കേവലം 900 പേർ. എന്നാൽ ഇവിടെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിനു പിന്നിൽ മുഖ്യമായും രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത്: (1) അപകടം സംബന്ധിച്ച ഉണർവ് (2) മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള മനസ്സൊരുക്കം.
ഉചിതമായ നടപടി ജീവൻ രക്ഷിച്ചു
നൂറുകണക്കിന് വർഷം നിശ്ചലമായി കിടന്നിരുന്ന മൗണ്ട് പിനറ്റുബൊയിൽ ആസന്നമായ പൊട്ടിത്തെറിയുടെ അടയാളങ്ങൾ പ്രകടമായത് 1991 ഏപ്രിലിൽ ആയിരുന്നു. അഗ്നിപർവതമുഖത്തുനിന്ന് ആവിയും സൾഫർ ഡയോക്സൈഡും പുറത്തുവരാൻ തുടങ്ങി. സ്ഥലവാസികൾക്കു ഭൂചലനങ്ങളുടെ ഒരു പരമ്പരതന്നെ അനുഭവപ്പെട്ടു. തുടർന്ന് ആപത്സൂചകമായ അടയാളവും കാണാറായി. അഗ്നിപർവതത്തിൽനിന്നുള്ള കട്ടിയായ ലാവ പൊന്തിവന്ന് താഴികക്കുടത്തിന്റെ രൂപം കൈക്കൊണ്ടു. നിതാന്ത ജാഗ്രത പുലർത്തിയിരുന്ന ഫിലിപ്പീൻസിലെ അഗ്നിപർവത, ഭൂചലന വിജ്ഞാനവിഭാഗം ശാസ്ത്രജ്ഞന്മാർ, സമീപ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 35,000 നിവാസികളെയും ഒഴിപ്പിക്കുന്നതാണു നല്ലതെന്ന് തക്കസമയത്ത് അധികാരികളെ ബോധ്യപ്പെടുത്തി.
കാരണമില്ലാതെ വീടു വിട്ടു പലായനം ചെയ്യാൻ ആളുകൾ മടിക്കുന്നതു സാധാരണമാണ്. എന്നാൽ അഗ്നിപർവത സ്ഫോടനത്തിന്റെ അപകടങ്ങൾ നന്നായി ചിത്രീകരിക്കുന്ന ഒരു വീഡിയോ കാണിച്ചതോടെ അവർ ഉഷാറായി. തക്ക സമയത്തുതന്നെ ജനങ്ങൾ പലായനം ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കനത്ത സ്ഫോടനം നടന്നു. 8 ക്യുബിക് കിലോമീറ്റർ ചാരം അന്തരീക്ഷത്തിലേക്കു പുറന്തള്ളപ്പെട്ടു. തുടർന്നുള്ള ലാഹാർ, അഥവാ ചെളിവെള്ളപ്പാച്ചൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കി. എന്നിരുന്നാലും, അപകടത്തെ കുറിച്ച് അറിവ് ലഭിച്ച്, ആളുകൾ മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിച്ചതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾക്കു തങ്ങളുടെ ജീവൻ രക്ഷിക്കാനായി.
മനുഷ്യരാലുള്ള വിപത്തിൽനിന്നുള്ള രക്ഷ
പൊ.യു. ഒന്നാം നൂറ്റാണ്ടിൽ, യെരൂശലേമിൽ പാർത്തിരുന്ന ക്രിസ്ത്യാനികൾക്കും തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യണമോ എന്നു തീരുമാനിക്കേണ്ടിയിരുന്നു. പൊ.യു. 66-ൽ ആ നഗരത്തിൽനിന്നു പലായനം ചെയ്തവർ നാശത്തിൽനിന്നു രക്ഷപ്പെട്ടു, എന്നാൽ മറ്റു നിവാസികളും പൊ.യു. 70-ലെ പെസഹായ്ക്കു യെരൂശലേമിലേക്കു വന്ന ആയിരക്കണക്കിന് യഹൂദന്മാരും കൊല്ലപ്പെട്ടു. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം റോമാ സൈന്യം അടച്ചപ്പോൾ ആ നഗരത്തിന്റെ മതിലുകൾക്കുള്ളിൽപ്പെട്ടുപോയത് പത്തു ലക്ഷത്തിലധികം ആളുകളായിരുന്നു. ക്ഷാമവും അധികാര വടംവലികളും റോമാക്കാരുടെ നിർദയ ആക്രമണങ്ങളും നിമിത്തം പത്തു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.
റോമാ സാമ്രാജ്യത്തിന് എതിരായ യഹൂദ ലഹളയെ തുടച്ചുനീക്കിയ ആ കൊടിയ വിപത്തിനെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ, യെരൂശലേമിനുനേരെ ഉണ്ടാകാൻ പോകുന്ന ഉപരോധത്തെ കുറിച്ച് യേശു പ്രവചിച്ചിരുന്നു. അവൻ പറഞ്ഞു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” (ലൂക്കൊസ് 21:20, 21) യേശുവിന്റെ അനുഗാമികൾ ആ വ്യക്തമായ നിർദേശങ്ങൾ ഗൗരവമായി എടുത്തു.
യഹൂദ്യയിലെ എല്ലാ ക്രിസ്ത്യാനികളും യേശുവിന്റെ മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിച്ചു എന്ന് നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ കൈസര്യയിലെ യൂസിബിയസ് റിപ്പോർട്ടു ചെയ്യുന്നു. പൊ.യു. 66-ൽ യെരൂശലേമിന് എതിരായ ആദ്യ ഉപരോധം റോമാക്കാർ പിൻവലിച്ചപ്പോൾ, അനേകം യഹൂദ ക്രിസ്ത്യാനികൾ റോമൻ പ്രവിശ്യയായ പെരിയയിലെ പുറജാതീയ നഗരമായ പെല്ലയിൽ പോയി പാർത്തു. തങ്ങളുടെ കാലത്തെ കുറിച്ച് ഉണർവുള്ളവർ ആയിരുന്നതിനാലും യേശുവിന്റെ മുന്നറിയിപ്പിനു ചേർച്ചയിൽ പ്രവർത്തിച്ചതിനാലും, “ചരിത്രത്തിലെ ഏറ്റവും ഭയങ്കര ഉപരോധങ്ങളിലൊന്ന്” എന്നു വിശേഷിപ്പിക്കപ്പെടുന്ന ദുരന്തത്തിൽനിന്ന് അവർ രക്ഷപ്പെട്ടു.
ഇന്ന്, സമാനമായ ജാഗ്രത ആവശ്യമാണ്. അതുപോലെതന്നെ വ്യക്തമായ നടപടികളും. അതിന്റെ കാരണം വിശദമാക്കുന്നതാണ് പിൻവരുന്ന ലേഖനം.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Godo-Foto, West Stock