‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’
‘നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.’ യെരൂശലേം ദേവാലയത്തിൽ വെച്ച് ജനക്കൂട്ടത്തെ പഠിപ്പിക്കവേ യേശു അപ്രകാരം പ്രഖ്യാപിച്ചു. (യോഹന്നാൻ 8:32) ആ സത്യം യേശുവിന്റെ പഠിപ്പിക്കലുകൾ ആണെന്ന് അവന്റെ അപ്പൊസ്തലന്മാർക്ക് ഉടൻതന്നെ മനസ്സിലാക്കാൻ കഴിഞ്ഞു. തങ്ങളുടെ ഗുരുവിന്റെ ദിവ്യ ഉത്ഭവത്തിന്റെ ധാരാളം തെളിവുകൾ അവർ കണ്ടിരുന്നു.
എന്നാൽ യേശു പറഞ്ഞ ആ സത്യം തിരിച്ചറിയാൻ ഇക്കാലത്തു ചിലർക്കു ബുദ്ധിമുട്ട് ഉണ്ടായിരിക്കാം. “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർ” യെശയ്യാവിന്റെ കാലത്തെന്നപോലെ ഇന്നുമുണ്ട്. (യെശയ്യാവു 5:20) ഇന്ന് അസംഖ്യം അഭിപ്രായങ്ങളും തത്ത്വചിന്തകളും ജീവിത രീതികളും പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാൽ സർവതും ആപേക്ഷികമാണെന്നും സത്യം എന്നൊന്ന് ഇല്ലെന്നും അനേകർ വിചാരിക്കുന്നു.
യേശു തന്റെ സദസ്സിനോട് സത്യം അവരെ സ്വതന്ത്രന്മാരാക്കുമെന്നു പറഞ്ഞപ്പോൾ, “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസൻമാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ” എന്നായിരുന്നു അവരുടെ പ്രതികരണം. (യോഹന്നാൻ 8:33) തങ്ങളെ സ്വതന്ത്രന്മാരാക്കാൻ ആരുടെയെങ്കിലും അല്ലെങ്കിൽ എന്തിന്റെയെങ്കിലും ആവശ്യമുണ്ടെന്ന് അവർക്കു തോന്നിയില്ല. എന്നാൽ യേശു ഇങ്ങനെ വിശദീകരിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.” (യോഹന്നാൻ 8:34) യേശു പറഞ്ഞ സത്യത്തിന് പാപത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കാൻ കഴിയും. അവൻ പറഞ്ഞു: “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.” (യോഹന്നാൻ 8:36) അതുകൊണ്ട് ആളുകളെ സ്വതന്ത്രരാക്കുന്ന സത്യം, ദൈവപുത്രനായ യേശുക്രിസ്തുവിനെ കുറിച്ചുള്ള സത്യമാണ്. യേശുവിന്റെ പൂർണ മാനുഷ ജീവന്റെ ബലിയിലുള്ള വിശ്വാസത്താൽ മാത്രമേ ഒരുവനു പാപത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രനാകാൻ കഴിയൂ.
മറ്റൊരു അവസരത്തിൽ യേശു പറഞ്ഞു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) ബൈബിളിൽ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ദൈവത്തിന്റെ മൊഴികളാണ് അന്ധവിശ്വാസത്തിൽ നിന്നും വ്യാജ ആരാധനയിൽ നിന്നും സ്വാതന്ത്ര്യം കൈവരുത്താൻ കഴിയുന്ന സത്യം. ബൈബിളിൽ യേശുക്രിസ്തുവിനെ കുറിച്ചുള്ള സത്യം അടങ്ങിയിരിക്കുന്നു. അവനിൽ വിശ്വാസം അർപ്പിക്കുന്നതിലേക്ക് അത് ആളുകളെ നയിക്കുകയും ഭാവി സംബന്ധിച്ച ഒരു ശോഭനമായ പ്രത്യാശയിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു. ദൈവവചനത്തിലെ സത്യം അറിയുന്നത് ഒരു മഹത്തായ കാര്യമാണ്!
സത്യം അറിയുന്നത് എത്ര മർമപ്രധാനമാണ്? ബൈബിളിനെ പിൻപറ്റുന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്നത്തെ അനേകം മതങ്ങളും മാനുഷ തത്ത്വശാസ്ത്രങ്ങളാലും പാരമ്പര്യങ്ങളാലും ഏറെ സ്വാധീനിക്കപ്പെടുന്നു. മിക്കപ്പോഴും, മതനേതാക്കന്മാർക്ക് തങ്ങളുടെ സന്ദേശത്തിന്റെ കൃത്യതയെക്കാൾ ജനങ്ങളുടെ അംഗീകാരത്തിലാണ് താത്പര്യമെന്നു തോന്നുന്നു. ആത്മാർഥത ഉള്ളടത്തോളം കാലം ഏതു രൂപത്തിലുള്ള ആരാധനയും ദൈവത്തിനു തൃപ്തികരമാണെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ യേശുക്രിസ്തു വിശദീകരിച്ചു: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.”—യോഹന്നാൻ 4:23.
ദൈവത്തെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം സത്യം അറിഞ്ഞിരിക്കണം. ഇത് ഒരു പ്രധാനപ്പെട്ട സംഗതിയാണ്. നമ്മുടെ നിത്യ സന്തുഷ്ടി അതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട്, ഓരോരുത്തരും സ്വയം ഇങ്ങനെ ചോദിക്കണം: ‘എന്റെ ആരാധനാ രീതി ദൈവത്തിനു സ്വീകാര്യമാണോ? ദൈവവചന സത്യം പഠിക്കാൻ എനിക്ക് ആത്മാർഥമായ താത്പര്യമുണ്ടോ? അല്ലെങ്കിൽ, ശ്രദ്ധാപൂർവകമായ ഒരു അന്വേഷണം എന്തു വെളിപ്പെടുത്തിയേക്കാം എന്നതിനെ ഞാൻ ഭയപ്പെടുന്നുവോ?’