വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 10/1 പേ. 13-18
  • യഹോവയുടെ കരുണയെ അനുകരിക്കുവിൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ കരുണയെ അനുകരിക്കുവിൻ
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു സഹോ​ദ​രന്റെ ക്രോധം
  • തെറ്റായ ന്യായ​വാ​ദം
  • ഒരു പിതാ​വി​ന്റെ കരുണ
  • ഇന്ന്‌ ദൈവ​ത്തി​ന്റെ കരുണയെ അനുക​രി​ക്കൽ
  • ‘യഹോവ കരുണയും കൃപയുമുള്ള ദൈവം’
    വീക്ഷാഗോപുരം—1998
  • നമ്മുടെ “കരുണാസമ്പന്നനായ” ദൈവം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ‘നിങ്ങളുടെ പിതാവ്‌ കരുണയുള്ളവൻ ആകുന്നു’
    2007 വീക്ഷാഗോപുരം
  • നമുക്കു കരുണ കാണിക്കാം!
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 10/1 പേ. 13-18

യഹോ​വ​യു​ടെ കരുണയെ അനുക​രി​ക്കു​വിൻ

“നിങ്ങളു​ടെ പിതാവു കരുണാ​സ​മ്പന്നൻ ആയിരി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും കരുണാ​സ​മ്പന്നർ ആയിരി​ക്കു​ന്ന​തിൽ തുടരു​വിൻ.”—ലൂക്കൊസ്‌ 6:36, NW.

1. പരീശ​ന്മാർ കരുണ​യി​ല്ലാ​ത്തവർ ആണെന്നു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യിൽ സൃഷ്ടി​ക്ക​പ്പെ​ട്ടവർ ആണെങ്കി​ലും, മനുഷ്യർ അവന്റെ കരുണയെ അനുക​രി​ക്കാൻ പലപ്പോ​ഴും പരാജ​യ​പ്പെ​ടു​ന്നു. (ഉല്‌പത്തി 1:27) ഉദാഹ​ര​ണ​ത്തിന്‌, പരീശ​ന്മാ​രു​ടെ കാര്യം പരിചി​ന്തി​ക്കുക. ഒരു മനുഷ്യ​ന്റെ ശോഷിച്ച കൈ യേശു ശബത്തു ദിവസം കരുണാ​പൂർവം സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ ഒരു കൂട്ടം എന്ന നിലയിൽ അവർ അതിൽ ആഹ്ലാദി​ച്ചില്ല. പകരം, അവർ “അവനെ നശിപ്പി​പ്പാൻ വേണ്ടി അവന്നു വിരോ​ധ​മാ​യി തമ്മിൽ ആലോ​ചി​ച്ചു.” (മത്തായി 12:9-14) മറ്റൊരു സന്ദർഭ​ത്തിൽ, ജന്മനാ അന്ധനായ ഒരു മനുഷ്യ​നെ യേശു സുഖ​പ്പെ​ടു​ത്തി. അപ്പോ​ഴും, “പരീശൻമാ​രിൽ ചിലർ” യേശു​വി​ന്റെ അനുക​മ്പ​യിൽ സന്തോ​ഷി​ക്കാൻ യാതൊ​രു കാരണ​വും കണ്ടില്ല. പകരം അവർ ഇങ്ങനെ പരാതി​പ്പെ​ടു​ക​യാ​ണു ചെയ്‌തത്‌: “ഈ മനുഷ്യൻ ശബ്ബത്ത്‌ പ്രമാ​ണി​ക്കാ​യ്‌ക​കൊ​ണ്ടു ദൈവ​ത്തി​ന്റെ അടുക്കൽനി​ന്നു വന്നവനല്ല.”—യോഹ​ന്നാൻ 9:1-7, 16.

2, 3. ‘പരീശ​ന്മാ​രു​ടെ പുളിച്ച മാവു സൂക്ഷി​ച്ചു​കൊൾവിൻ’ എന്ന പ്രസ്‌താ​വ​ന​യാൽ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

2 പരീശ​ന്മാ​രു​ടെ അനുക​മ്പാ​ര​ഹി​ത​മായ മനോ​ഭാ​വം മനുഷ്യർക്കും ദൈവ​ത്തി​നും എതി​രെ​യുള്ള ഒരു പാപം ആയിത്തീർന്നു. (യോഹ​ന്നാൻ 9:39-41) അതു​കൊ​ണ്ടു​തന്നെ, ശക്തരായ ഈ ന്യൂനപക്ഷ സമൂഹ​ത്തി​ന്റെ​യും സദൂക്യ​രെ​പോ​ലുള്ള മറ്റു മതനി​ര​ത​രു​ടെ​യും “പുളിച്ച മാവു സൂക്ഷി​ച്ചു​കൊ”ള്ളാൻ യേശു തന്റെ ശിഷ്യ​ന്മാർക്കു മുന്നറി​യി​പ്പു നൽകി. (മത്തായി 16:6) ബൈബി​ളിൽ, പുളിച്ച മാവ്‌ പാപ​ത്തെ​യോ ദുഷി​പ്പി​നെ​യോ പ്രതി​നി​ധാ​നം ചെയ്യാൻ ഉപയോ​ഗി​ക്കു​ന്നു. അതു​കൊണ്ട്‌ ‘ശാസ്‌ത്രി​മാ​രു​ടെ​യും പരീശൻമാ​രു​ടെ​യും’ പഠിപ്പി​ക്ക​ലു​കൾക്ക്‌ നിർമല ആരാധ​നയെ ദുഷി​പ്പി​ക്കാ​നാ​കും എന്നു പറയു​ക​യാ​യി​രു​ന്നു യേശു. എങ്ങനെ? കരുണ ഉൾപ്പെ​ടെ​യുള്ള “ഘനമേ​റിയ” സംഗതി​കൾ അവഗണി​ക്കു​ക​യും അതേസ​മയം ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണത്തെ തങ്ങളുടെ വ്യാഖ്യാ​ന പ്രകാ​ര​മുള്ള നിയമ​ങ്ങ​ളു​ടെ​യും ആചാര​ങ്ങ​ളു​ടെ​യും ചട്ടക്കൂ​ട്ടി​ലൂ​ടെ മാത്രം വീക്ഷി​ക്കാൻ ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്‌ത​തി​നാൽ. (മത്തായി 23:23) ആചാരാ​നു​ഷ്‌ഠാന വിധി​ക​ളു​ടേ​തായ ഈ മതം ദൈവ​ത്തി​ന്റെ ആരാധ​നയെ ദുർവ​ഹ​മാ​ക്കി.

3 ധൂർത്ത പുത്രനെ കുറി​ച്ചുള്ള ഉപമയു​ടെ രണ്ടാം ഭാഗത്ത്‌, യേശു യഹൂദ മതനേ​താ​ക്ക​ന്മാ​രു​ടെ ദുഷിച്ച ചിന്തയെ തുറന്നു​കാ​ട്ടി. ഉപമയിൽ, യഹോ​വയെ പ്രതി​നി​ധാ​നം ചെയ്യുന്ന പിതാവ്‌, അനുതാ​പം പ്രകട​മാ​ക്കിയ പുത്ര​നോട്‌ ക്ഷമിക്കാൻ ഉത്സുകൻ ആയിരു​ന്നു. എന്നാൽ ‘പരീശ​ന്മാ​രെ​യും ശാസ്‌ത്രി​മാ​രെ​യും’ പ്രതി​നി​ധാ​നം ചെയ്യുന്ന, അവന്റെ ജ്യേഷ്‌ഠന്‌ സംഗതി​യെ കുറിച്ച്‌ തികച്ചും വ്യത്യ​സ്‌ത​മായ വീക്ഷണം ആണ്‌ ഉണ്ടായി​രു​ന്നത്‌.—ലൂക്കൊസ്‌ 15:2.

ഒരു സഹോ​ദ​രന്റെ ക്രോധം

4, 5. ധൂർത്ത പുത്രൻ “നഷ്ടപ്പെട്ടു പോയ”വനായി​രു​ന്നത്‌ ഏത്‌ അർഥത്തിൽ?

4 “അവന്റെ മൂത്തമകൻ വയലിൽ ആയിരു​ന്നു; അവൻ വന്നു വീട്ടി​നോ​ടു അടുത്ത​പ്പോൾ വാദ്യ​വും നൃത്ത​ഘോ​ഷ​വും കേട്ടു, ബാല്യ​ക്കാ​രിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദി​ച്ചു. അവൻ അവനോ​ടു: നിന്റെ സഹോ​ദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യ​ത്തോ​ടെ കിട്ടി​യ​തു​കൊ​ണ്ടു തടിപ്പിച്ച കാളക്കു​ട്ടി​യെ അറുത്തു എന്നു പറഞ്ഞു. അപ്പോൾ അവൻ കോപി​ച്ചു [“ക്രോ​ധ​മു​ള്ളവൻ ആയിത്തീർന്നു,” “NW”], അകത്തു കടപ്പാൻ മനസ്സി​ല്ലാ​തെ നിന്നു.”—ലൂക്കൊസ്‌ 15:25-28.

5 വ്യക്തമാ​യും, യേശു​വി​ന്റെ ഉപമയിൽ ധൂർത്ത പുത്രനു മാത്രമല്ല പ്രശ്‌നം ഉണ്ടായി​രു​ന്നത്‌. ഒരു പരാമർശ ഗ്രന്ഥം പറയുന്നു: “ഇവിടെ ചിത്രീ​ക​രി​ച്ചി​രി​ക്കുന്ന രണ്ടു പുത്ര​ന്മാ​രും നഷ്ടപ്പെട്ടു പോയ​വർതന്നെ, ഒരാൾ അനീതി​യി​ലൂ​ടെ അധമൻ ആയി​ക്കൊ​ണ്ടും മറ്റേയാൾ സ്വയനീ​തീ​ക​ര​ണ​ത്തി​ലൂ​ടെ അവി​വേകി ആയി​ക്കൊ​ണ്ടും.” ധൂർത്ത പുത്രന്റെ സഹോ​ദരൻ ആഹ്ലാദി​ക്കാൻ കൂട്ടാ​ക്കി​യി​ല്ലെന്നു മാത്രമല്ല, “ക്രോ​ധ​മു​ള്ളവൻ ആയിത്തീ”രുകയും ചെയ്‌തു. ‘ക്രോധം’ എന്നതി​നുള്ള മൂല ഗ്രീക്കു പദം സൂചി​പ്പി​ക്കു​ന്നത്‌ കോപ പ്രകട​ന​ത്തെ​ക്കാൾ ഉപരി, കോപം ഉറഞ്ഞു​കൂ​ടിയ മനസ്സിന്റെ അവസ്ഥ​യെ​യാണ്‌. ധൂർത്ത പുത്രന്റെ സഹോ​ദരൻ ഹൃദയ​ത്തിൽ കടുത്ത അമർഷം വെച്ചു​കൊ​ണ്ടി​രു​ന്നു എന്നു വ്യക്തമാണ്‌, അതു​കൊണ്ട്‌ വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും വീടു​വി​ട്ടു​പോ​കാൻ പാടി​ല്ലാ​യി​രുന്ന ഒരുവന്റെ തിരി​ച്ചു​വ​രവ്‌ ആഘോ​ഷി​ക്കു​ന്നത്‌ അവന്‌ ഉചിത​മാ​യി തോന്നി​യില്ല.

6. ധൂർത്ത പുത്രന്റെ സഹോ​ദരൻ ആരെ പ്രതി​നി​ധാ​നം ചെയ്യുന്നു, എന്തു​കൊണ്ട്‌?

6 യേശു പാപി​ക​ളോ​ടു കാട്ടിയ അനുക​മ്പ​യി​ലും ശ്രദ്ധയി​ലും അമർഷം പ്രകടി​പ്പി​ച്ച​വരെ ധൂർത്ത പുത്രന്റെ സഹോ​ദരൻ നന്നായി പ്രതി​നി​ധാ​നം ചെയ്യുന്നു. യേശു​വി​ന്റെ കരുണ സ്വയനീ​തി​ക്കാ​രായ ഇക്കൂട്ട​രിൽ ഒരു സ്വാധീ​ന​വും ചെലു​ത്തി​യില്ല; ഒരു പാപിക്കു ക്ഷമ ലഭിക്കു​മ്പോൾ സ്വർഗ​ത്തിൽ ഉണ്ടാകുന്ന സന്തോ​ഷ​വും ഇവരിൽ പ്രതി​ഫ​ലി​ച്ചില്ല. പകരം, യേശു​വി​ന്റെ കരുണ​യിൽ ക്രോ​ധ​മു​ള്ള​വ​രാ​യി അവർ ഹൃദയ​ത്തിൽ “ദോഷം നിരൂ​പി​ക്കാ”ൻ തുടങ്ങി. (മത്തായി 9:2-4) ഒരു സന്ദർഭ​ത്തിൽ ചില പരീശ​ന്മാ​രു​ടെ കോപം അതിക​ഠി​നം ആയിത്തീർന്നു, അവർ യേശു സൗഖ്യ​മാ​ക്കി​യ​വനെ വിളി​ച്ചു​വ​രു​ത്തി പള്ളിയിൽനി​ന്നു “പുറത്താ​ക്കി​ക്ക​ളഞ്ഞു”! (യോഹ​ന്നാൻ 9:22, 34) ധൂർത്ത പുത്രന്റെ സഹോ​ദ​രന്‌ “അകത്തു കടപ്പാൻ മനസ്സില്ലാ”തിരു​ന്ന​തു​പോ​ലെ, യഹൂദ മതനേ​താ​ക്ക​ന്മാർക്ക്‌ “സന്തോ​ഷി​ക്കു​ന്ന​വ​രോ​ടു​കൂ​ടെ സന്തോ​ഷി​ക്കാ”നുള്ള അവസരം ലഭിച്ച​പ്പോൾ അവർ അതിനു കൂട്ടാ​ക്കി​യില്ല. (റോമർ 12:15) യേശു തന്റെ ഉപമയു​ടെ ശേഷിച്ച ഭാഗത്ത്‌ അവരുടെ ദുഷ്ട നിരൂ​പ​ണ​ങ്ങളെ കൂടു​ത​ലാ​യി തുറന്നു​കാ​ട്ടി.

തെറ്റായ ന്യായ​വാ​ദം

7, 8. (എ) ധൂർത്ത പുത്രന്റെ സഹോ​ദരൻ പുത്ര​ത്വ​ത്തി​ന്റെ അർഥം ഗ്രഹി​ക്കാൻ പരാജ​യ​പ്പെ​ട്ടത്‌ ഏതു വിധത്തിൽ? (ബ) മൂത്ത പുത്രൻ പിതാ​വിൽനി​ന്നു വ്യത്യ​സ്‌തൻ ആയിരു​ന്നത്‌ എങ്ങനെ?

7 അപ്പോൾ “അപ്പൻ പുറത്തു വന്നു അവനോ​ടു അപേക്ഷി​ച്ചു. അവൻ അവനോ​ടു: ഇത്ര കാലമാ​യി ഞാൻ നിന്നെ സേവി​ക്കു​ന്നു [“സേവി​ച്ചി​രി​ക്കു​ന്നു,” “NW”]; നിന്റെ കല്‌പന ഒരിക്ക​ലും ലംഘി​ച്ചി​ട്ടില്ല; എന്നാൽ എന്റെ ചങ്ങാതി​ക​ളു​മാ​യി ആനന്ദി​ക്കേ​ണ്ട​തി​ന്നു നീ ഒരിക്ക​ലും എനിക്കു ഒരു ആട്ടിൻകു​ട്ടി​യെ തന്നിട്ടില്ല. വേശ്യ​മാ​രോ​ടു കൂടി നിന്റെ മുതൽ തിന്നു​കളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോ​ഴേ​ക്കോ തടിപ്പിച്ച കാളക്കു​ട്ടി​യെ അവന്നു​വേണ്ടി അറുത്തു​വ​ല്ലോ.”—ലൂക്കൊസ്‌ 15:28-30.

8 ഈ വാക്കു​ക​ളി​ലൂ​ടെ, താൻ പുത്ര​ത്വ​ത്തി​ന്റെ യഥാർഥ അർഥം ഗ്രഹി​ക്കാൻ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ധൂർത്ത പുത്രന്റെ സഹോ​ദരൻ വ്യക്തമാ​ക്കി. ഒരു തൊഴി​ലാ​ളി തന്റെ തൊഴി​ലു​ട​മയെ സേവി​ക്കു​ന്നതു പോ​ലെ​യാണ്‌ അവൻ തന്റെ പിതാ​വി​നെ സേവി​ച്ചത്‌. “ഞാൻ നിന്നെ സേവി​ച്ചി​രി​ക്കു​ന്നു” എന്നാണ്‌ അവൻ പിതാ​വി​നോ​ടു പറഞ്ഞത്‌. ഈ മൂത്ത പുത്രൻ ഒരിക്ക​ലും വീടു​വി​ട്ടു പോകു​ക​യോ പിതാ​വി​ന്റെ കൽപ്പനകൾ ലംഘി​ക്കു​ക​യോ ചെയ്‌തില്ല എന്നതു സത്യം​തന്നെ. എന്നാൽ സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​മാ​യി​രു​ന്നോ ആ അനുസ​രണം? പിതാ​വി​നെ സേവി​ക്കു​ന്ന​തിൽ അവനു യഥാർഥ സന്തോഷം തോന്നി​യി​രു​ന്നോ, അതോ, “വയലിൽ” തന്റെ കർത്തവ്യ​ങ്ങൾ നിർവ​ഹി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ താൻ ഒരു നല്ല പുത്ര​നാ​ണെന്ന ധാരണ​യിൽ അവൻ അങ്ങേയറ്റം കൃതാർഥ​നാ​യി തീർന്നി​രു​ന്നു​വോ? യഥാർഥ​ത്തിൽ അർപ്പണ​ബോ​ധ​മുള്ള ഒരു പുത്രൻ ആയിരു​ന്നെ​ങ്കിൽ, അവൻ പിതാ​വി​ന്റെ മനസ്സ്‌ പ്രതി​ഫ​ലി​പ്പി​ക്കാൻ പരാജ​യ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌? സഹോ​ദ​ര​നോട്‌ കരുണ കാട്ടാൻ അവസരം ലഭിച്ച​പ്പോൾ, അവന്റെ ഹൃദയ​ത്തിൽ അനുക​മ്പ​യ്‌ക്കു സ്ഥാനം ഇല്ലാ​തെ​പോ​യത്‌ എന്തു​കൊണ്ട്‌?—സങ്കീർത്തനം 50:20-22 താരത​മ്യം ചെയ്യുക.

9. യഹൂദ മതനേ​താ​ക്ക​ന്മാർ മൂത്ത പുത്ര​നോ​ടു സദൃശർ ആയിരു​ന്നത്‌ എങ്ങനെ എന്നു വിശദ​മാ​ക്കുക.

9 യഹൂദ മതനേ​താ​ക്ക​ന്മാർ ഈ മൂത്ത പുത്ര​നോ​ടു സദൃശർ ആയിരു​ന്നു. ഒരു നിയമ​സം​ഹിത കർശന​മാ​യി പാലി​ച്ചി​രു​ന്ന​തു​കൊണ്ട്‌ തങ്ങൾ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാണ്‌ എന്നായി​രു​ന്നു അവരുടെ വിശ്വാ​സം. അനുസ​രണം മർമ​പ്ര​ധാ​ന​മാണ്‌ എന്നതു സത്യം​തന്നെ. (1 ശമൂവേൽ 15:22) എന്നാൽ അവർ പ്രവൃ​ത്തി​കൾക്ക്‌ അമിത പ്രാധാ​ന്യം കൽപ്പി​ച്ചത്‌ ദൈവ​ത്തി​ന്റെ ആരാധ​നയെ കേവലം യാന്ത്രി​ക​വും ഭക്തിയു​ടെ പരി​വേഷം മാത്ര​മു​ള്ള​തു​മാ​ക്കി, യഥാർഥ ആത്മീയത ഉണ്ടായി​രു​ന്നില്ല. അവരുടെ മനസ്സിന്‌ പാരമ്പ​ര്യ​ജ്വ​രം ബാധി​ക്കു​ക​യും ഹൃദയം സ്‌നേ​ഹ​ശൂ​ന്യം ആയിത്തീ​രു​ക​യും ചെയ്‌തി​രു​ന്നു. സാധാ​ര​ണ​ക്കാ​രെ പാദത്തി​ന​ടി​യി​ലെ പൊടി പോലെ വീക്ഷിച്ച അവർ വെറു​പ്പോ​ടെ അവരെ “ശപിക്ക​പ്പെട്ട”വർ എന്ന്‌ വിശേ​ഷി​പ്പി​ക്കു​മാ​യി​രു​ന്നു. (യോഹ​ന്നാൻ 7:49) വാസ്‌ത​വ​ത്തിൽ, അത്തരം നേതാ​ക്ക​ന്മാ​രു​ടെ ഹൃദയങ്ങൾ ദൈവ​ത്തിൽനി​ന്നു വളരെ​യേറെ അകന്നി​രി​ക്കു​മ്പോൾ അവരുടെ പ്രവൃ​ത്തി​ക​ളിൽ ദൈവ​ത്തിന്‌ എങ്ങനെ മതിപ്പു തോന്നാ​നാണ്‌?—മത്തായി 15:7, 8.

10. (എ) ‘യാഗത്തി​ലല്ല കരുണ​യിൽ അത്രേ ഞാൻ പ്രസാ​ദി​ക്കു​ന്നത്‌’ എന്ന വാക്കുകൾ ഉചിത​മായ ബുദ്ധ്യു​പ​ദേശം ആയിരു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) കരുണ​യി​ല്ലായ്‌മ എത്ര ഗുരു​ത​ര​മായ സംഗതി​യാണ്‌?

10 “യാഗത്തി​ലല്ല കരുണ​യിൽ അത്രേ ഞാൻ പ്രസാ​ദി​ക്കു​ന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ” എന്ന്‌ യേശു പരീശ​ന്മാ​രോ​ടു പറഞ്ഞു. (മത്തായി 9:13; ഹോശേയ 6:6) തങ്ങളുടെ മുൻഗ​ണ​നകൾ സംബന്ധിച്ച്‌ അവർ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി, എന്തെന്നാൽ കരുണ​യി​ല്ലെ​ങ്കിൽ അവരുടെ എല്ലാ ബലിക​ളും നിരർഥകം ആകുമാ​യി​രു​ന്നു. ഇത്‌ ഗൗരവ​മുള്ള സംഗതി​യാണ്‌, എന്തെന്നാൽ “കരുണ​യി​ല്ലാത്ത”വരെ “മരണ​യോ​ഗ്യ”രുടെ കൂട്ടത്തി​ലു​ള്ളവർ ആയിട്ടാണ്‌ ദൈവം വീക്ഷി​ക്കു​ന്നത്‌ എന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (റോമർ 1:31, 32) അതു​കൊണ്ട്‌, ഒരു വർഗമെന്ന നിലയിൽ മതനേ​താ​ക്ക​ന്മാർ നിത്യ​നാ​ശ​ത്തി​നു വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ യേശു പറഞ്ഞതിൽ അത്ഭുത​പ്പെ​ടാ​നില്ല. വ്യക്തമാ​യും, അവർക്ക്‌ ഈ ന്യായ​വി​ധി ലഭിക്കു​ന്ന​തി​നുള്ള മുഖ്യ​കാ​രണം അവരുടെ കരുണ​യി​ല്ലായ്‌മ ആയിരു​ന്നു. (മത്തായി 23:33) എന്നാൽ ഈ വർഗത്തിൽപ്പെട്ട ചില വ്യക്തികൾ സഹായം സ്വീക​രി​ച്ചെ​ന്നി​രി​ക്കും. ഉപമയു​ടെ അവസാനം പിതാവ്‌ മൂത്ത പുത്ര​നോ​ടു പറഞ്ഞ വാക്കു​ക​ളി​ലൂ​ടെ യേശു അത്തരം യഹൂദ​ന്മാ​രു​ടെ ചിന്തയെ നേരെ​യാ​ക്കാൻ ശ്രമിച്ചു. അത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

ഒരു പിതാ​വി​ന്റെ കരുണ

11, 12. ഉപമയി​ലെ പിതാവ്‌ മൂത്ത പുത്ര​നു​മാ​യി ന്യായ​വാ​ദം ചെയ്യാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ, പിതാവ്‌ ‘നിന്റെ സഹോ​ദരൻ’ എന്ന പ്രയോ​ഗം നടത്തി​യ​തി​ലെ സാരം എന്തായി​രു​ന്നി​രി​ക്കാം?

11 “അതിന്നു അവൻ അവനോ​ടു: മകനേ, നീ എപ്പോ​ഴും എന്നോ​ടു​കൂ​ടെ ഇരിക്കു​ന്നു​വ​ല്ലോ; എനിക്കു​ള്ളതു എല്ലാം നിന്റേതു ആകുന്നു. നിന്റെ ഈ സഹോ​ദ​ര​നോ മരിച്ച​വ​നാ​യി​രു​ന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയി​രു​ന്നു; കണ്ടു കിട്ടി​യി​രി​ക്കു​ന്നു. ആകയാൽ ആനന്ദിച്ചു സന്തോ​ഷി​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി​രു​ന്നു എന്നു പറഞ്ഞു.”—ലൂക്കൊസ്‌ 15:31, 32.

12 പിതാവ്‌ ‘നിന്റെ സഹോ​ദരൻ’ എന്ന പ്രയോ​ഗം നടത്തു​ന്നതു ശ്രദ്ധി​ക്കുക. ആ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌? നേരത്തേ പിതാ​വി​നോ​ടു സംസാ​രി​ക്കവേ, മൂത്ത പുത്രൻ ധൂർത്ത പുത്രനെ “എന്റെ സഹോ​ദരൻ” എന്നതിനു പകരം “നിന്റെ മകൻ” എന്നു പറഞ്ഞത്‌ അനുസ്‌മ​രി​ക്കുക. അവൻ തനിക്കും തന്റെ ഉടപ്പി​റ​ന്ന​വ​നും ഇടയിലെ സഹോ​ദ​ര​ബന്ധം അംഗീ​ക​രി​ച്ചു സംസാ​രി​ച്ചില്ല. അതു​കൊണ്ട്‌ ഫലത്തിൽ, പിതാവ്‌ ഇപ്പോൾ തന്റെ മൂത്ത പുത്ര​നോട്‌ ഇങ്ങനെ പറയു​ക​യാണ്‌: ‘അവൻ കേവലം എന്റെ പുത്രനല്ല, നിന്റെ സഹോ​ദരൻ ആണ്‌, നിന്റെ​തന്നെ മാംസ​വും രക്തവും. അവന്റെ തിരി​ച്ചു​വ​ര​വിൽ നിനക്ക്‌ ആഹ്ലാദി​ക്കാൻ നല്ല കാരണം ഉണ്ട്‌!’ യേശു​വി​ന്റെ സന്ദേശം യഹൂദ നേതാ​ക്ക​ന്മാർക്ക്‌ വ്യക്തമാ​യി​രു​ന്നി​രി​ക്കണം. അവർ പുച്ഛി​ച്ചി​രുന്ന പാപികൾ വാസ്‌ത​വ​ത്തിൽ അവരുടെ “സഹോ​ദ​ര​ന്മാർ” ആയിരു​ന്നു. നിശ്ചയ​മാ​യും, “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമി​യിൽ ഇല്ല.” (സഭാ​പ്ര​സം​ഗി 7:20) അതു​കൊണ്ട്‌, പാപികൾ അനുതാ​പം പ്രകട​മാ​ക്കി​യ​പ്പോൾ ശ്രേഷ്‌ഠ​രായ യഹൂദ​ന്മാർക്ക്‌ ആഹ്ലാദി​ക്കാൻ മതിയായ കാരണം ഉണ്ടായി​രു​ന്നു.

13. യേശു​വി​ന്റെ ഉപമ പെട്ടെന്ന്‌ അവസാ​നി​ക്കു​ന്നത്‌ നമ്മുടെ മുമ്പാകെ ഏതു ഗൗരവ​മായ ചോദ്യം അവശേ​ഷി​പ്പി​ക്കു​ന്നു?

13 പിതാ​വി​ന്റെ അഭ്യർഥ​ന​യ്‌ക്കു ശേഷം, ഉപമ പെട്ടെന്ന്‌ അവസാ​നി​ക്കു​ക​യാണ്‌. ശ്രോ​താ​ക്കൾ തങ്ങളു​ടേ​തായ നിഗമ​ന​ത്തിൽ എത്താൻ യേശു ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ തോന്നു​ന്നു. മൂത്ത പുത്രന്റെ പ്രതി​ക​രണം എന്തായി​രു​ന്നാ​ലും, ഓരോ ശ്രോ​താ​വും ഈ ചോദ്യം അഭിമു​ഖീ​ക​രി​ക്കു​ന്നു: ‘ഒരു പാപി അനുതാ​പം പ്രകട​മാ​ക്കു​മ്പോൾ, സ്വർഗ​ത്തിൽ അനുഭ​വ​പ്പെ​ടുന്ന സന്തോ​ഷ​ത്തിൽ നിങ്ങളും പങ്കു​ചേ​രു​മോ? ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്കും ഈ ചോദ്യ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്ന​തി​നുള്ള അവസരം ഉണ്ട്‌. എങ്ങനെ?

ഇന്ന്‌ ദൈവ​ത്തി​ന്റെ കരുണയെ അനുക​രി​ക്കൽ

14. (എ) കരുണ​യു​ടെ കാര്യ​ത്തിൽ എഫെസ്യർ 5:1-ൽ കാണുന്ന പൗലൊ​സി​ന്റെ ബുദ്ധ്യു​പ​ദേശം നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാൻ കഴിയും? (ബി) ദൈവ​ത്തി​ന്റെ കരുണ സംബന്ധിച്ച ഏതു തെറ്റി​ദ്ധാ​ര​ണ​യ്‌ക്ക്‌ എതിരെ നാം ജാഗരി​ക്കേണ്ട ആവശ്യ​മുണ്ട്‌?

14 പൗലൊസ്‌ എഫെസ്യ​രെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ആകയാൽ പ്രിയ​മക്കൾ എന്നപോ​ലെ ദൈവത്തെ അനുക​രി​പ്പിൻ.” (എഫെസ്യർ 5:1) അതു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ, നാം ദൈവ​ത്തി​ന്റെ കരുണയെ വിലമ​തി​ക്കു​ക​യും നമ്മുടെ ഹൃദയ​ത്തിൽ അത്‌ ഉൾനടു​ക​യും എന്നിട്ട്‌ മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലിൽ ആ ഗുണം പ്രകട​മാ​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. എന്നാൽ ജാഗ്രത ആവശ്യ​മാണ്‌. ദൈവ​ത്തി​ന്റെ കരുണയെ പാപത്തി​ന്റെ ഗൗരവം കുറയ്‌ക്ക​ലാ​യി ദുർവ്യാ​ഖ്യാ​നം ചെയ്യരുത്‌. ഉദാഹ​ര​ണ​ത്തിന്‌, കാര്യ​ഗൗ​ര​വ​മി​ല്ലാ​തെ ഇങ്ങനെ ചിന്തി​ക്കുന്ന ചിലർ ഉണ്ട്‌, ‘പാപം ചെയ്യു​മ്പോ​ഴൊ​ക്കെ, എന്നോടു ക്ഷമിക്ക​ണമേ എന്ന്‌ എനിക്ക്‌ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ സാധി​ക്കും, അവൻ കരുണ കാണി​ക്കും.’ അത്തരം മനോ​ഭാ​വം, ബൈബിൾ എഴുത്തു​കാ​ര​നായ യൂദാ പറഞ്ഞതു​പോ​ലെ, “നമ്മുടെ ദൈവ​ത്തി​ന്റെ കൃപയെ ദുഷ്‌കാ​മ​വൃ​ത്തി​ക്കു ഹേതു​വാ​ക്കു”ന്നതിനു തുല്യ​മാണ്‌. (യൂദാ 4) യഹോവ കരുണ​യു​ള്ളവൻ ആണെങ്കി​ലും, അനുതാ​പ​മി​ല്ലാത്ത ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോട്‌ ഇടപെ​ടു​മ്പോൾ അവൻ “യാതൊ​രു കാരണ​വ​ശാ​ലും ശിക്ഷ ഇളവു ചെയ്യു​ക​യില്ല.”—പുറപ്പാ​ടു 34:7, NW; യോശുവ 24:19-ഉം 1 യോഹ​ന്നാൻ 5:16-ഉം താരത​മ്യം ചെയ്യുക.

15. (എ) വിശേ​ഷാൽ മൂപ്പന്മാർ കരുണ സംബന്ധിച്ച്‌ സമനി​ല​യുള്ള ഒരു കാഴ്‌ച​പ്പാട്‌ നിലനിർത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) മനഃപൂർവം തെറ്റു ചെയ്യു​ന്ന​തി​നെ മൂപ്പന്മാർ വെച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ങ്കി​ലും, അവർ എന്തു ചെയ്യാൻ യത്‌നി​ക്കണം, എന്തു​കൊണ്ട്‌?

15 അതേസ​മയം, ഇതിനു നേർവി​പ​രീ​ത​മായ ദിശയിൽ അങ്ങേയറ്റം പോകു​ന്ന​തിന്‌, അതായത്‌ തങ്ങളുടെ പാപങ്ങളെ കുറിച്ച്‌ യഥാർഥ അനുതാ​പ​വും ദിവ്യ​മായ ദുഃഖ​വും പ്രകട​മാ​ക്കു​ന്ന​വ​രോട്‌ കർക്കശ​മാ​യും വിമർശന ബുദ്ധി​യോ​ടെ​യും ഇടപെ​ടു​ന്ന​തിന്‌ എതി​രെ​യും നാം ജാഗരി​ക്കണം. (2 കൊരി​ന്ത്യർ 7:11) യഹോ​വ​യു​ടെ ആടുക​ളു​ടെ പരിപാ​ലനം മൂപ്പന്മാ​രെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്ന​തി​നാൽ, ഇക്കാര്യ​ത്തിൽ, വിശേ​ഷിച്ച്‌ നീതി​ന്യാ​യ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​മ്പോൾ, അവർ സമനി​ല​യുള്ള ഒരു കാഴ്‌ച​പ്പാട്‌ നിലനിർത്തേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​തം ആണ്‌. ക്രിസ്‌തീയ സഭയെ ശുദ്ധമാ​യി സൂക്ഷി​ക്കണം, പുറത്താ​ക്കൽ നടപടി​യി​ലൂ​ടെ ‘ദുഷ്ടനെ നീക്കിക്കള’യുന്നത്‌ തിരു​വെ​ഴു​ത്തു​പ​ര​മാ​യി ഉചിത​മാണ്‌. (1 കൊരി​ന്ത്യർ 5:11-13) അതേസ​മയം, വ്യക്തമായ അടിസ്ഥാ​നം ഉള്ളപ്പോൾ കരുണ പ്രകട​മാ​ക്കു​ക​യും വേണം. മനഃപൂർവം തെറ്റു ചെയ്യു​ന്ന​തി​നെ മൂപ്പന്മാർ വെച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ങ്കി​ലും, അവർ നീതി​യു​ടെ പരിധി​യിൽ നിന്നു​കൊണ്ട്‌ സ്‌നേ​ഹ​പു​ര​സ്സ​ര​വും കരുണാ​പൂർവ​ക​വു​മായ ഗതി പിൻപ​റ്റാൻ യത്‌നി​ക്കു​ന്നു. അവർ ഈ ബൈബിൾ തത്ത്വത്തെ കുറിച്ച്‌ എപ്പോ​ഴും ബോധ​മു​ള്ള​വ​രാണ്‌: “കരുണ കാണി​ക്കാ​ത്ത​വന്നു കരുണ​യി​ല്ലാത്ത ന്യായ​വി​ധി ഉണ്ടാകും; കരുണ ന്യായ​വി​ധി​യെ ജയിച്ചു പ്രശം​സി​ക്കു​ന്നു.”—യാക്കോബ്‌ 2:13; സദൃശ​വാ​ക്യ​ങ്ങൾ 19:17; മത്തായി 5:7.

16. (എ) ദുഷ്‌പ്ര​വൃ​ത്തി​ക്കാർ തന്നി​ലേക്കു തിരി​ച്ചു​വ​രാൻ യഹോവ യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു എന്ന്‌ ബൈബിൾ ഉപയോ​ഗി​ച്ചു പ്രകട​മാ​ക്കുക. (ബി) അനുതാ​പം പ്രകട​മാ​ക്കുന്ന പാപി​ക​ളു​ടെ തിരി​ച്ചു​വ​ര​വി​നെ നാമും സ്വാഗതം ചെയ്യുന്നു എന്ന്‌ എങ്ങനെ പ്രകട​മാ​ക്കാം?

16 ദുഷ്‌പ്ര​വൃ​ത്തി​ക്കാർ തന്നി​ലേക്കു തിരി​ച്ചു​വ​രാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നു ധൂർത്ത പുത്രന്റെ ഉപമ വ്യക്തമാ​ക്കു​ന്നു. നിശ്ചയ​മാ​യും, പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലെന്ന്‌ അവർ തെളി​യി​ക്കു​ന്ന​തു​വരെ അവൻ അവർക്ക്‌ ക്ഷണം നീട്ടി​ക്കൊ​ടു​ക്കു​ന്നു. (യെഹെ​സ്‌കേൽ 33:11; മലാഖി 3:7; റോമർ 2:4, 5; 2 പത്രൊസ്‌ 3:9) ധൂർത്ത പുത്രന്റെ പിതാ​വി​നെ പോലെ, യഹോവ തിരി​ച്ചു​വ​രു​ന്ന​വ​രോട്‌ മാന്യ​ത​യോ​ടെ ഇടപെട്ട്‌ അവരെ സമ്പൂർണ അർഥത്തിൽത്തന്നെ കുടും​ബാം​ഗങ്ങൾ ആയി കൈ​ക്കൊ​ള്ളു​ന്നു. ഇക്കാര്യ​ത്തിൽ നിങ്ങൾ യഹോ​വയെ അനുക​രി​ക്കു​ന്നു​ണ്ടോ? പുറത്താ​ക്ക​പ്പെട്ട്‌ കുറച്ച്‌ കാലം കഴിഞ്ഞ്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടുന്ന ഒരു സഹവി​ശ്വാ​സി​യോട്‌ നിങ്ങൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ക്കു​ന്നത്‌? ‘സ്വർഗ്ഗ​ത്തിൽ സന്തോഷം’ ഉണ്ടെന്നു നമുക്ക്‌ ഇതി​നോ​ട​കം​തന്നെ അറിയാം. (ലൂക്കൊസ്‌ 15:7) എന്നാൽ ഭൂമി​യിൽ, നിങ്ങളു​ടെ സഭയിൽ, നിങ്ങളു​ടെ ഹൃദയ​ത്തിൽ സന്തോഷം ഉണ്ടോ? അതോ, ഉപമയി​ലെ മൂത്ത പുത്രനെ പോലെ, ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ വിട്ടു​പി​രി​യാൻ പാടി​ല്ലാ​യി​രുന്ന ഒരാൾ സ്വാഗതം അർഹി​ക്കു​ന്നില്ല എന്നമട്ടിൽ കുറ​ച്ചൊ​ക്കെ അമർഷം തോന്നു​ന്നു​വോ?

17. (എ) ഒന്നാം നൂറ്റാ​ണ്ടിൽ കൊരി​ന്തിൽ എന്തു സ്ഥിതി​വി​ശേഷം വികാസം പ്രാപി​ച്ചു, സംഗതി കൈകാ​ര്യം ചെയ്യാൻ ആ സഭയി​ലു​ള്ള​വരെ പൗലൊസ്‌ ഉപദേ​ശി​ച്ചത്‌ എങ്ങനെ? (ബി) പൗലൊ​സി​ന്റെ ഉദ്‌ബോ​ധനം പ്രാ​യോ​ഗി​കം ആയിരു​ന്നത്‌ എന്തു​കൊണ്ട്‌, ഇന്നു നമുക്ക്‌ അത്‌ എങ്ങനെ ബാധക​മാ​ക്കാൻ കഴിയും? (വലതു വശത്തുള്ള ചതുരം കാണുക.)

17 ഇക്കാര്യ​ത്തിൽ നമ്മെത്തന്നെ പരി​ശോ​ധി​ക്കു​ന്ന​തിന്‌, ഏതാണ്ട്‌ പൊ.യു. 55-ൽ കൊരി​ന്തിൽ എന്തു സംഭവി​ച്ചു എന്നു പരിചി​ന്തി​ക്കുക. അവിടെ ആ സഭയിൽനി​ന്നു പുറത്താ​ക്ക​പ്പെ​ട്ടി​രുന്ന ഒരു മനുഷ്യൻ അവസാനം തന്റെ ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി. സഹോ​ദ​രങ്ങൾ എന്തു ചെയ്യണ​മാ​യി​രു​ന്നു? അയാളു​ടെ അനുതാ​പത്തെ സംശയ​ത്തോ​ടെ വീക്ഷിച്ച്‌ അയാളെ തുടർന്നും അവഗണി​ക്ക​ണ​മാ​യി​രു​ന്നോ? നേരേ​മ​റിച്ച്‌, പൗലൊസ്‌ കൊരി​ന്ത്യ​രെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “അവൻ അതിദുഃ​ഖ​ത്തിൽ മുങ്ങി​പ്പോ​കാ​തി​രി​ക്കേ​ണ്ട​തി​ന്നു നിങ്ങൾ അവനോ​ടു ക്ഷമിക്ക​യും അവനെ ആശ്വസി​പ്പി​ക്ക​യും തന്നേ വേണ്ടതു. അതു​കൊ​ണ്ടു നിങ്ങളു​ടെ സ്‌നേഹം അവന്നു ഉറപ്പി​ച്ചു​കൊ​ടു​പ്പാൻ ഞാൻ നിങ്ങ​ളോ​ടു അപേക്ഷി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 2:7, 8) അനുതാ​പം പ്രകട​മാ​ക്കുന്ന ദുഷ്‌പ്ര​വൃ​ത്തി​ക്കാർ അവമാ​ന​ത്തി​ന്റെ​യും നിരാ​ശ​യു​ടെ​യും വികാ​ര​ങ്ങൾക്കു വിശേ​ഷാൽ വശംവദർ ആയെന്നി​രി​ക്കും. അതു​കൊണ്ട്‌, സഹവി​ശ്വാ​സി​ക​ളാ​ലും യഹോ​വ​യാ​ലും തങ്ങൾ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു​വെന്ന ഉറപ്പ്‌ അവർക്കു ലഭി​ക്കേ​ണ്ട​തുണ്ട്‌. (യിരെ​മ്യാ​വു 31:3; റോമർ 1:12) അതു മർമ​പ്ര​ധാ​നം ആണ്‌. എന്തു​കൊണ്ട്‌?

18, 19. (എ) കൊരി​ന്ത്യർ ആദ്യം അങ്ങേയറ്റം മൃദു​വായ സമീപനം സ്വീക​രി​ക്കു​ന്നവർ ആണെന്നു പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (ബി) കരുണ​യി​ല്ലാത്ത മനോ​ഭാ​വം ഹേതു​വാ​യി കൊരി​ന്ത്യർ ‘സാത്താ​നാൽ തോല്‌പിക്ക’പ്പെടു​മാ​യി​രു​ന്നത്‌ എങ്ങനെ?

18 ക്ഷമിക്കു​ന്നത്‌ ശീലമാ​ക്കാൻ കൊരി​ന്ത്യ​രെ ഉദ്‌ബോ​ധി​പ്പി​ക്കവേ, പൗലൊസ്‌ ഒരു കാരണം നൽകി, അതായത്‌ അവൻ പറഞ്ഞു: “സാത്താൻ നമ്മെ തോല്‌പി​ക്ക​രു​തു; അവന്റെ തന്ത്രങ്ങളെ നാം അറിയാ​ത്ത​വ​ര​ല്ല​ല്ലോ.” (2 കൊരി​ന്ത്യർ 2:11) അവൻ എന്തായി​രു​ന്നു അർഥമാ​ക്കി​യത്‌? അങ്ങേയറ്റം മൃദു​വായ സമീപനം സ്വീക​രി​ച്ച​തിന്‌ നേരത്തേ കൊരി​ന്ത്യ സഭയെ പൗലൊസ്‌ ശാസി​ച്ചി​രു​ന്നു. അവർ ഈ മനുഷ്യ​നെ ശിക്ഷി​ക്കാ​തെ അയാളു​ടെ പാപഗ​തി​യിൽ തുടരാൻ അനുവ​ദി​ച്ചി​രു​ന്നു. അങ്ങനെ ചെയ്യുക വഴി, സഭ—വിശേ​ഷി​ച്ചും അതിലെ മൂപ്പന്മാർ—സാത്താനെ പ്രസാ​ദി​പ്പി​ക്കു​മാറ്‌ പ്രവർത്തി​ച്ചി​രു​ന്നു, എന്തെന്നാൽ സഭയുടെ സത്‌പേ​രി​നെ കളങ്ക​പ്പെ​ടു​ത്തു​ന്നത്‌ അവന്‌ ഒരു രസം ആയിരു​ന്നി​രി​ക്കാം.—1 കൊരി​ന്ത്യർ 5:1-5.

19 അവർ ഇപ്പോൾ ഇതിനു നേർവി​പ​രീ​ത​മാ​യി അങ്ങേയ​റ്റത്തെ നിലപാട്‌ എടുത്താൽ, അതായത്‌ അനുതാ​പം ഉള്ളവ​നോ​ടു ക്ഷമിക്കാൻ വിസമ്മ​തി​ക്കു​ന്നെ​ങ്കിൽ, സാത്താൻ അവരെ മറ്റൊരു ദിശയിൽ തോൽപ്പി​ക്കുക ആയിരി​ക്കും. എങ്ങനെ? സാത്താന്‌ അവരുടെ പരുക്കൻ, കരുണ​യി​ല്ലാത്ത പെരു​മാ​റ്റത്തെ മുത​ലെ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നു. അനുതാ​പ​മുള്ള പാപി ‘അതിദുഃ​ഖ​ത്തിൽ മുങ്ങി​പ്പോ​കു​ന്നെ​ങ്കിൽ’—അല്ലെങ്കിൽ ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ, “പൂർണ​മാ​യും ഉപേക്ഷി​ച്ചു​പോ​കു​മാറ്‌ ദുഃഖി​തൻ” ആകു​ന്നെ​ങ്കിൽ’—യഹോ​വ​യു​ടെ മുമ്പാകെ എത്ര ഭാരിച്ച ഉത്തരവാ​ദി​ത്വം ആണ്‌ മൂപ്പന്മാർക്കു വഹിക്കാ​നു​ള്ളത്‌! (യെഹെ​സ്‌കേൽ 34:6; യാക്കോബ്‌ 3:1 എന്നിവ താരത​മ്യം ചെയ്യുക.) തന്റെ അനുഗാ​മി​ക​ളോട്‌ “ഈ ചെറി​യ​വ​രിൽ ഒരുത്തന്നു” ഇടർച്ച വരുത്താ​തെ സൂക്ഷി​ക്കാൻ ആജ്ഞാപി​ച്ചിട്ട്‌ യേശു, മതിയായ കാരണ​ത്തോ​ടെ, ഇങ്ങനെ പറഞ്ഞു: “സൂക്ഷി​ച്ചു​കൊൾവിൻ; സഹോ​ദരൻ പിഴെ​ച്ചാൽ അവനെ ശാസിക്ക; അവൻ മാനസാ​ന്ത​ര​പ്പെ​ട്ടാൽ അവനോ​ടു ക്ഷമിക്ക.”a (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—ലൂക്കൊസ്‌ 17:1-4.

20. ഒരു പാപി അനുത​പി​ക്കു​മ്പോൾ ഏതു വിധത്തിൽ സ്വർഗ​ത്തി​ലും ഭൂമി​യി​ലും സന്തോഷം അനുഭ​വ​പ്പെ​ടു​ന്നു?

20 വർഷം​തോ​റും നിർമല ആരാധ​ന​യി​ലേക്കു തിരി​ച്ചു​വ​രുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ യഹോവ തങ്ങൾക്കു നീട്ടി​ത്ത​ന്നി​രി​ക്കുന്ന കരുണ​യ്‌ക്ക്‌ നന്ദിയു​ള്ളവർ ആണ്‌. “ജീവി​ത​ത്തിൽ ഇത്രയും സന്തോഷം അനുഭ​വ​പ്പെട്ട ഒരു സമയം ഉണ്ടായി​രു​ന്ന​താ​യി എനിക്ക്‌ ഓർമ​യില്ല” എന്നാണ്‌ തന്റെ പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറിച്ച്‌ ഒരു ക്രിസ്‌തീയ സഹോ​ദരി പറയു​ന്നത്‌. തീർച്ച​യാ​യും, അവരുടെ സന്തോഷം ദൂതന്മാർക്കി​ട​യി​ലും പ്രതി​ഫ​ലി​ക്കു​ന്നുണ്ട്‌. ഒരു പാപി അനുത​പി​ക്കു​മ്പോൾ “സ്വർഗ്ഗ​ത്തിൽ” അനുഭ​വ​പ്പെ​ടുന്ന “സന്തോഷ”ത്തിൽ നമുക്കും പങ്കു​ചേ​രാം. (ലൂക്കൊസ്‌ 15:7) അങ്ങനെ ചെയ്യു​മ്പോൾ, നാം യഹോ​വ​യു​ടെ കരുണയെ അനുക​രി​ക്കുക ആയിരി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a കൊരിന്തിലെ ആ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ താരത​മ്യേന ഹ്രസ്വ​മായ ഒരു കാലയ​ള​വി​നു​ള്ളിൽ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ടു എന്നു കാണു​ന്നു​ണ്ടെ​ങ്കി​ലും, ഇത്‌ എല്ലാ പുറത്താ​ക്ക​ലു​കൾക്കും ഒരു മാനദണ്ഡം ആയി ഉപയോ​ഗി​ക്കാ​വു​ന്നതല്ല. ഓരോ കേസും വ്യത്യ​സ്‌ത​മാണ്‌. ചില ദുഷ്‌പ്ര​വൃ​ത്തി​ക്കാർ പുറത്താ​ക്ക​പ്പെട്ട്‌ മിക്കവാ​റും ഉടൻതന്നെ യഥാർഥ അനുതാ​പം പ്രകട​മാ​ക്കാൻ തുടങ്ങു​ന്നു. എന്നാൽ മറ്റുള്ള​വ​രാ​കട്ടെ ഗണ്യമായ സമയം കഴിഞ്ഞാണ്‌ അത്തരം ഒരു മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ, പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടാൻ ആദ്യം ദൈവിക ദുഃഖ​ത്തി​ന്റെ തെളി​വും, സാധ്യ​മാ​യി​രി​ക്കു​ന്നി​ടത്ത്‌, അനുതാ​പ​ത്തി​നു യോഗ്യ​മായ പ്രവൃ​ത്തി​ക​ളും പ്രകട​മാ​ക്കണം.—പ്രവൃ​ത്തി​കൾ 26:20; 2 കൊരി​ന്ത്യർ 7:11.

പുനരവലോകനം

□ യഹൂദ മതനേ​താ​ക്ക​ന്മാർ ധൂർത്ത പുത്രന്റെ സഹോ​ദ​ര​നോ​ടു സദൃശർ ആയിരു​ന്നത്‌ ഏതു വിധത്തിൽ?

□ ധൂർത്ത പുത്രന്റെ സഹോ​ദരൻ പുത്ര​ത്വ​ത്തി​ന്റെ യഥാർഥ അർഥം ഗ്രഹി​ക്കാൻ പരാജ​യ​പ്പെ​ട്ടത്‌ ഏതെല്ലാം വിധങ്ങ​ളിൽ?

□ ദൈവ​ത്തി​ന്റെ കരുണയെ കുറിച്ചു വിചി​ന്തനം ചെയ്യു​മ്പോൾ, അതിരു​കടന്ന ഏത്‌ രണ്ടു നിലപാ​ടു​കൾ നാം ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌?

□ നമുക്ക്‌ ഇന്ന്‌ എങ്ങനെ ദൈവ​ത്തി​ന്റെ കരുണയെ അനുക​രി​ക്കാം?

[17-ാം പേജിലെ ചതുരം]

‘നിങ്ങളു​ടെ സ്‌നേഹം അവന്‌ ഉറപ്പി​ച്ചു​കൊ​ടു​പ്പിൻ’

പുറത്താ​ക്ക​പ്പെട്ട ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ പിന്നീട്‌ അനുതാ​പം പ്രകട​മാ​ക്കി​യ​പ്പോൾ അവനെ കുറിച്ച്‌ പൗലൊസ്‌ കൊരി​ന്ത്യ സഭയോ​ടു പറഞ്ഞു: “നിങ്ങളു​ടെ സ്‌നേഹം അവന്നു ഉറപ്പി​ച്ചു​കൊ​ടു​പ്പാൻ ഞാൻ നിങ്ങ​ളോ​ടു അപേക്ഷി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 2:8) “ഉറപ്പി​ച്ചു​കൊ​ടു​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദം “സാധൂ​ക​രി​ക്കുക” എന്ന്‌ അർഥമുള്ള ഒരു നിയമ പദമാണ്‌. അതേ, അനുത​പിച്ച്‌ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ലേക്കു വരുന്ന​വർക്ക്‌ തങ്ങൾ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു എന്നും സഭാം​ഗങ്ങൾ എന്ന നിലയിൽ തങ്ങൾ വീണ്ടും സ്വാഗതം ചെയ്യ​പ്പെ​ടു​ന്നു എന്നും ബോധ്യ​പ്പെ​ടേണ്ട ആവശ്യം ഉണ്ട്‌.

എന്നിരു​ന്നാ​ലും, ഒരു വ്യക്തി​യു​ടെ പുറത്താ​ക്ക​ലി​ലേ​ക്കോ പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ലേ​ക്കോ നയിച്ച പ്രത്യേക സാഹച​ര്യ​ങ്ങൾ സംബന്ധിച്ച്‌ സഭയിലെ മിക്കവർക്കും അറിയി​ല്ലെന്ന്‌ നാം ഓർക്കണം. അതിലു​പരി, അനുതാ​പം പ്രകട​മാ​ക്കി​യി​രി​ക്കുന്ന വ്യക്തി​യു​ടെ ദുഷ്‌പ്ര​വൃ​ത്തി ചിലരെ, ഒരുപക്ഷേ ദീർഘ​കാല അടിസ്ഥാ​ന​ത്തിൽപ്പോ​ലും, വ്യക്തി​പ​ര​മാ​യി ബാധി​ക്കു​ക​യോ വ്രണ​പ്പെ​ടു​ത്തു​ക​യോ ചെയ്‌തി​ട്ടു​ണ്ടാ​കാം. അതു​കൊണ്ട്‌, പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറി​ച്ചുള്ള അറിയി​പ്പു നടത്തി​ക്ക​ഴി​യു​മ്പോൾ, ഇത്തരം കാര്യങ്ങൾ മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, നാം സ്വാഗത പ്രകട​നങ്ങൾ ഒഴിവാ​ക്കു​ന്നത്‌ ഉചിത​മാണ്‌, അത്തരം സംഗതി​കൾ പിന്നീട്‌ വ്യക്തി​പ​ര​മായ അടിസ്ഥാ​ന​ത്തിൽ നിർവ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ക്രിസ്‌തീയ സഭയുടെ അംഗങ്ങൾ എന്ന നിലയിൽ തങ്ങൾ വീണ്ടും സ്വാഗതം ചെയ്യ​പ്പെ​ടു​ന്നു എന്ന്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ടവർ മനസ്സി​ലാ​ക്കു​ന്നത്‌ അവരുടെ വിശ്വാ​സത്തെ എത്രകണ്ട്‌ ബലിഷ്‌ഠ​മാ​ക്കു​ന്ന​താണ്‌! അനുത​പിച്ച്‌ തിരി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​വ​രു​മാ​യി രാജ്യ​ഹാ​ളിൽ വെച്ചും ശുശ്രൂ​ഷ​യി​ലും മറ്റ്‌ ഉചിത​മായ സന്ദർഭ​ങ്ങ​ളി​ലും സംസാ​രി​ച്ചു​കൊ​ണ്ടും കൂട്ടായ്‌മ ആസ്വദി​ച്ചു​കൊ​ണ്ടും അവരെ നമുക്കു പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കും. ഈ പ്രിയ​പ്പെ​ട്ട​വ​രോ​ടുള്ള നമ്മുടെ സ്‌നേഹം അങ്ങനെ ഉറപ്പിച്ചു കൊടു​ക്കു​ന്ന​തി​ലൂ​ടെ, അഥവാ സാധൂ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, നാം ഒരു തരത്തി​ലും അവരുടെ പാപത്തി​ന്റെ ഗുരു​ത​രാ​വ​സ്ഥയെ നിസ്സാ​രീ​ക​രി​ക്കു​ന്നില്ല. മറിച്ച്‌, അവർ പാപഗതി ഉപേക്ഷിച്ച്‌ യഹോ​വ​യി​ലേക്കു മടങ്ങി വന്നിരി​ക്കു​ന്നു എന്ന വസ്‌തു​ത​യിൽ നാം, സ്വർഗീയ വൃന്ദങ്ങ​ളോ​ടൊ​പ്പം, ആഹ്ലാദി​ക്കു​ക​യാണ്‌.—ലൂക്കൊസ്‌ 15:7.

[15-ാം പേജിലെ ചിത്രം]

സഹോദരന്റെ തിരി​ച്ചു​വ​ര​വിൽ മൂത്ത പുത്രൻ ആഹ്ലാദി​ക്കാൻ കൂട്ടാ​ക്കി​യി​ല്ല

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക