ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുക!
ഓർത്തിരിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട ഒന്നാണ് നാം സ്നാപനമേറ്റ ദിവസം. ദൈവത്തെ സേവിക്കുന്നതിനുള്ള നമ്മുടെ സമർപ്പണത്തിനു പരസ്യ സാക്ഷ്യം നൽകിയ ദിവസമാണല്ലോ അത്.
പലരെയും സംബന്ധിച്ചിടത്തോളം ആ പടിയിലെത്താൻ വലിയ ശ്രമങ്ങൾതന്നെ നടത്തേണ്ടി വന്നിട്ടുണ്ട്—ദീർഘകാലം ഉണ്ടായിരുന്ന മോശമായ ശീലങ്ങൾ ഒഴിവാക്കുക, ചീത്ത സുഹൃത്തുക്കളുമായുള്ള ബന്ധം അവസാനിപ്പിക്കുക, ആഴത്തിൽ മുദ്രിതമായ ചിന്താരീതിയും പെരുമാറ്റവും മാറ്റിയെടുക്കുക തുടങ്ങിയവയൊക്കെ അതിൽ പെടുന്നു.
ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ സ്നാപനം സന്തോഷകരവും സുപ്രധാനവുമായ ഒരു പടിയാണെങ്കിലും, അത് വെറുമൊരു തുടക്കം മാത്രമാണ്. യഹൂദ്യയിലെ സ്നാപനമേറ്റ ക്രിസ്ത്യാനികളോടു പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ടു നമുക്കു ക്രിസ്തുവിന്റെ തത്ത്വങ്ങളുടെ ബാലപാഠങ്ങൾ വിട്ടു പക്വതയിലേക്കു നീങ്ങാം.” (എബ്രായർ 6:1, ഓശാന ബൈബിൾ) അതേ, ക്രിസ്ത്യാനികൾ എല്ലാവരും “വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപി”ക്കേണ്ടതുണ്ട്. (എഫെസ്യർ 4:13) പക്വതയിലേക്കു പുരോഗമിക്കുന്നതിനാൽ മാത്രമേ “വിശ്വാസത്തിൽ ഉറച്ച”വരായിരിക്കാൻ നമുക്കു കഴിയൂ.—കൊലൊസ്സ്യർ 2:7, NW.
കഴിഞ്ഞ ഏതാനും വർഷങ്ങളായി, പുതുതായി സ്നാപനമേറ്റ ലക്ഷക്കണക്കിന് ആളുകൾ ക്രിസ്തീയ സഭയിലേക്കു വന്നിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളും അവരിൽ ഒരാൾ ആയിരിക്കാം. ഒന്നാം നൂറ്റാണ്ടിലെ നിങ്ങളുടെ സഹോദരങ്ങളെപ്പോലെ, ആത്മീയ ശൈശവത്തിൽ കഴിയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. വളരാൻ, അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു! എന്നാൽ എങ്ങനെ? നിങ്ങൾക്ക് അത്തരം പുരോഗതി കൈവരിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതാണ്?
വ്യക്തിപരമായ പഠനത്തിലൂടെ പുരോഗമിക്കൽ
പൗലൊസ് ഫിലിപ്പിയിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ [സൂക്ഷ്മ] പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചുവരാൻ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.’ (ഫിലിപ്പിയർ 1:9) “സൂക്ഷ്മ പരിജ്ഞാന”ത്തിൽ വളരുന്നത് ആത്മീയ പുരോഗതിക്കു നിർണായകമാണ്. ‘യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള പരിജ്ഞാനം നേടുന്നത്’ സ്നാപനത്തിനു ശേഷം നിലച്ചുപോകുന്ന ഒരു പ്രക്രിയ അല്ല, മറിച്ച് അനവരതം തുടരുന്ന ഒന്നാണ്.—യോഹന്നാൻ 17:3.
ഒരു ക്രിസ്തീയ സഹോദരിയുടെ കാര്യം നോക്കുക. നമുക്ക് അവളെ അലക്സാൻഡ്ര എന്നു വിളിക്കാം. 16-ാമത്തെ വയസ്സിൽ സ്നാപനമേറ്റ അവൾ പത്തു വർഷം കഴിഞ്ഞാണ് ഇതു മനസ്സിലാക്കിയത്. സത്യത്തിൽ വളർന്നുവന്ന അവൾ പതിവായി ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും പ്രസംഗ വേലയിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അവൾ എഴുതുന്നു: “എവിടെയോ കാര്യമായ കുഴപ്പമുണ്ടെന്നു കഴിഞ്ഞ ഏതാനും മാസംകൊണ്ട് ഞാൻ മനസ്സിലാക്കി. എന്നെത്തന്നെയും സത്യത്തോടുള്ള എന്റെ മനോഭാവത്തെയും ഞാൻ ഇപ്പോഴും സത്യത്തിൽ ആയിരിക്കുന്നതിന്റെ കാരണത്തെയും സത്യസന്ധമായി വിലയിരുത്തി നോക്കാൻ ഞാൻ തീരുമാനിച്ചു.” തത്ഫലമായി എന്താണു കണ്ടെത്തിയത്? അവൾ തുടരുന്നു: “ഞാൻ സത്യത്തിൽ ആയിരിക്കുന്നതിന്റെ കാരണങ്ങൾ എന്നെ അസ്വസ്ഥയാക്കുന്നതായിരുന്നു. ചെറുപ്പം ആയിരുന്നപ്പോൾ യോഗങ്ങൾക്കും വയൽ സേവനത്തിനും ഞാൻ ഊന്നൽ കൊടുത്തിരുന്നതായി ഓർത്തു. പിന്നെ വ്യക്തിപരമായി പഠിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ശീലങ്ങൾ എങ്ങനെയോ തുടങ്ങി. എന്നാൽ, ഞാൻ എന്റെ അവസ്ഥ വിശകലനം ചെയ്തപ്പോൾ, അത്തരം സംഗതികൾ ഇപ്പോൾ ഇല്ലാത്തതായി ഞാൻ മനസ്സിലാക്കി.”
പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നാം പുരോഗതി പ്രാപിച്ചിരിക്കുന്ന അളവിനൊത്തവണ്ണം, അതേ ചര്യയിൽ ക്രമമായി നടക്കുന്നതിൽ നമുക്കു തുടരാം.” (ഫിലിപ്പിയർ 3:16, NW) ഒരു ചര്യയ്ക്കു മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിർണയിക്കാൻ സാധിക്കും. നിങ്ങളുടെ സ്നാപനത്തിനു മുമ്പ്, നല്ല യോഗ്യതയുള്ള ഒരു അധ്യാപകൻ നിങ്ങൾക്കു വാരംതോറും ക്രമമായി ബൈബിൾ അധ്യയനം എടുത്തിരുന്നു എന്നതിനു സംശയമില്ല. നിങ്ങളുടെ വിലമതിപ്പു വർധിച്ചുവന്നതോടെ, പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ ബൈബിളിൽനിന്ന് എടുത്തുനോക്കിക്കൊണ്ട് അതതു വാരത്തേക്കു മുന്നമേ തയ്യാറാകുന്നതു പോലുള്ള കാര്യങ്ങൾ നിങ്ങൾ ആ ചര്യയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ നിങ്ങൾ സ്നാപനമേറ്റിരിക്കുന്ന സ്ഥിതിക്ക് ‘അതേ ചര്യയിൽ നടക്കുന്നതിൽ’ തുടരുന്നുണ്ടോ?
ഇല്ലെങ്കിൽ, നിങ്ങൾ ഇപ്പോൾ ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തിക്കൊണ്ട്’ നിങ്ങളുടെ മുൻഗണനകൾ പരിശോധിക്കേണ്ടതുണ്ട്. (ഫിലിപ്പിയർ 1:10, NW) നമ്മുടെ തിരക്കിട്ട ജീവിതത്തിൽ വ്യക്തിപരമായ ബൈബിൾ വായനയ്ക്കും പഠനത്തിനും സമയം മാറ്റിവെക്കുന്നതിന് ആത്മനിയന്ത്രണം ആവശ്യമാണ്. എന്നാൽ ശ്രമത്തിനുതക്ക മൂല്യമുള്ളതായിരിക്കും അതിന്റെ പ്രയോജനങ്ങളും. അലക്സാൻഡ്രയുടെ അനുഭവം വീണ്ടും പരിചിന്തിക്കാം. അവൾ ഇങ്ങനെ സമ്മതിക്കുന്നു: “യാന്ത്രികമായി യോഗങ്ങളിൽ സംബന്ധിക്കുകയും വയൽ ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് 20 വർഷത്തോളം ഞാൻ സത്യത്തിൽ ചെലവഴിച്ചു എന്നു പറയേണ്ടിയിരിക്കുന്നു.” എന്നിരുന്നാലും, അവൾ തുടരുന്നു: “അവ പ്രധാനമാണെങ്കിലും സംഗതികൾ ദുഷ്കരമാകാൻ തുടങ്ങുമ്പോൾ അവയ്ക്കു മാത്രം എന്നെ നിലനിർത്താനാവില്ല എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നിരിക്കുന്നു. എന്റെ വ്യക്തിഗത പഠന ശീലങ്ങൾ ഫലത്തിൽ ഇല്ലാതാവുകയും പ്രാർഥനകൾ വല്ലപ്പോഴുമുള്ളതും ഉപരിപ്ലവവും ആയിത്തീരുകയും ചെയ്തതിനാൽ അവ കൂടുതൽ പ്രയാസകരമായി അനുഭവപ്പെടുന്നു. യഹോവയെ ശരിക്കും അടുത്തറിയാനും അവനെ സ്നേഹിക്കാനും അവന്റെ പുത്രൻ നമുക്കു തന്നിരിക്കുന്നതിനെ വിലമതിക്കാനും കഴിയേണ്ടതിന് എന്റെ ചിന്തയിൽ പൊരുത്തപ്പെടുത്തൽ വരുത്തുകയും അർഥവത്തായ ഒരു പഠന പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നു ഞാൻ തിരിച്ചറിയുന്നു.”
ആരോഗ്യകരമായ ഒരു വ്യക്തിഗത പഠനക്രമം സ്ഥാപിക്കുന്നതിൽ നിങ്ങൾക്കു സഹായം ആവശ്യമാണെങ്കിൽ, സഭയിലെ മൂപ്പന്മാരും പക്വതയുള്ള മറ്റുള്ളവരും നിങ്ങളെ സഹായിക്കുന്നതിൽ സന്തോഷമുള്ളവർ ആയിരിക്കും. കൂടുതലായി, വീക്ഷാഗോപുരത്തിന്റെ മേയ് 1 1995; ആഗസ്റ്റ് 15, 1993; ജൂൺ 1, 1987 എന്നീ ലക്കങ്ങളിൽ സഹായകമായ കൂടുതൽ നിർദേശങ്ങൾ കാണാം.
ദൈവത്തോട് അടുത്തുവരേണ്ടതിന്റെ ആവശ്യം
അഭിവൃദ്ധി വരുത്താൻ നിങ്ങൾ ശ്രമിക്കേണ്ട മറ്റൊരു മണ്ഡലം ദൈവവുമായുള്ള നിങ്ങളുടെ ബന്ധമാണ്. ചിലരുടെ കാര്യത്തിൽ, ഈ ആവശ്യം വളരെ വലുതായിരിക്കാം. ചെറുപ്പത്തിലേ സ്നാപനമേറ്റ ആന്റണിയുടെ കാര്യം പരിചിന്തിക്കുക. “വീട്ടിൽ ആദ്യം സ്നാപനമേറ്റ കുട്ടി ഞാൻ ആയിരുന്നു,” അവൻ വിവരിക്കുന്നു. “എന്റെ സ്നാപനം കഴിഞ്ഞപ്പോൾ അമ്മ എന്നെ ഊഷ്മളമായി ആലിംഗനം ചെയ്തു. ഞാൻ അവരെ അത്ര സന്തോഷവതിയായി മുമ്പൊരിക്കലും കണ്ടിരുന്നില്ല. എല്ലാവർക്കും വളരെ സന്തോഷമായിരുന്നു, കരുത്തൻ ആയതുപോലെ എനിക്കും തോന്നി.” എന്നാൽ, അതിന് ഒരു മറുവശം ഉണ്ടായിരുന്നു. “കുറേ കാലത്തേക്ക് ഞങ്ങളുടെ സഭയിലെ യുവജനങ്ങളിൽ ആരും സ്നാപനമേറ്റില്ല,” ആന്റണി തുടരുന്നു. “അതുകൊണ്ട്, എനിക്ക് എന്നെക്കുറിച്ചുതന്നെ വളരെ അഭിമാനം തോന്നി. യോഗങ്ങളിൽ ഞാൻ പറയുന്ന ഉത്തരങ്ങളിലും നടത്തുന്ന പ്രസംഗങ്ങളിലും എനിക്ക് ഗർവ് തോന്നിയിരുന്നു. ആളുകളുടെ പ്രശംസയും അംഗീകാരവും ആയിരുന്നു യഹോവയ്ക്കു സ്തുതി കരേറ്റുന്നതിനെക്കാൾ എനിക്കു പ്രധാനം. വാസ്തവത്തിൽ അവനുമായി എനിക്ക് ഒരു അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.”
ആന്റണിയെപ്പോലെ ചിലർ സമർപ്പണം നടത്തിയിരിക്കുന്നത് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി ആയിരിക്കാം, അല്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ ആയിരിക്കണമെന്നില്ല. എങ്കിൽപ്പോലും, തന്നെ സേവിച്ചുകൊള്ളാം എന്നുള്ള അവരുടെ വാക്കിനൊത്ത് അവർ ജീവിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (സഭാപ്രസംഗി 5:4 താരതമ്യം ചെയ്യുക.) ദൈവത്തോട് വ്യക്തിപരമായ ഒരു അടുപ്പം ഇല്ലെങ്കിൽ അവർക്ക് അങ്ങനെ ചെയ്യുന്നതു ദുഷ്കരം ആയിരിക്കും. ആന്റണി ഇങ്ങനെ ഓർമിക്കുന്നു: “സ്നാപനമേറ്റപ്പോൾ എനിക്ക് ഉണ്ടായിരുന്ന അതിയായ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. സ്നാപനമേറ്റ് ഒരു വർഷം തികയുന്നതിനു മുമ്പേ ഞാൻ ഗുരുതരമായ ദുഷ്പ്രവൃത്തിയിൽ ഏർപ്പെട്ടു, സഭാമൂപ്പന്മാരുടെ ശാസനയും കിട്ടി. ആവർത്തിച്ചാവർത്തിച്ച് ദുർന്നടത്തയിൽ ഏർപ്പെട്ടപ്പോൾ ഞാൻ സഭയിൽനിന്നു പുറത്താക്കപ്പെട്ടു. ഞാൻ യഹോവയ്ക്ക് സമർപ്പണം നടത്തി ആറു വർഷം കഴിഞ്ഞപ്പോൾ, കൊലപാതക കുറ്റത്തിന് എന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.”
യഹോവയുമായി ഉറ്റ ബന്ധം വളർത്തിയെടുക്കൽ
നിങ്ങളുടെ സ്ഥിതിവിശേഷം എന്തുതന്നെ ആയിരുന്നാലും, എല്ലാ ക്രിസ്ത്യാനികൾക്കും ബൈബിളിന്റെ പിൻവരുന്ന ക്ഷണത്തോടു പ്രതികരിക്കാൻ സാധിക്കും: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) നിങ്ങൾ ആദ്യം ബൈബിൾ പഠിച്ച അവസരത്തിൽ ദൈവത്തോട് ഒരു പരിധിവരെ അടുപ്പം നട്ടുവളർത്തിയിരുന്നു എന്നതിനു സംശയമില്ല. യഥാർഥ ദൈവം, ക്രൈസ്തവലോകം ആരാധിക്കുന്ന വ്യക്തിഗുണം ഇല്ലാത്ത ദൈവം അല്ലെന്ന്, യഹോവ എന്ന നാമത്തോടു കൂടിയ ഒരു വ്യക്തിയാണെന്നു നിങ്ങൾ മനസ്സിലാക്കി. അവന് ആകർഷകമായ ഗുണങ്ങൾ ഉണ്ടെന്ന്, അതായത് അവൻ ‘കരുണയും കൃപയുമുള്ളവനും കോപത്തിനു താമസമുള്ളവനും മഹാ സ്നേഹദയ ഉള്ളവനുമായ’ ദൈവം ആണെന്ന് നിങ്ങൾ മനസ്സിലാക്കി.—പുറപ്പാടു 34:6, NW.
എന്നിരുന്നാലും, ദൈവത്തെ സേവിക്കാനുള്ള നിങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിനു നിങ്ങൾ അവനോടു കൂടുതൽ അടുത്തു വരേണ്ടതുണ്ട്! എങ്ങനെ? സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ!” (സങ്കീർത്തനം 25:4) ബൈബിളും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളും പഠിക്കുന്നത് യഹോവയോടു കൂടുതൽ അടുത്തു വരാൻ നിങ്ങളെ സഹായിക്കും. ദിവസേന ഹൃദയംഗമമായി പ്രാർഥിക്കുന്നതും പ്രധാനമാണ്. “നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്ന് സങ്കീർത്തനക്കാരൻ ഉദ്ബോധിപ്പിക്കുന്നു. (സങ്കീർത്തനം 62:8) നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നതു കാണുമ്പോൾ, ദൈവത്തിനു നിങ്ങളിലുള്ള വ്യക്തിപരമായ താത്പര്യം നിങ്ങൾ അനുഭവിച്ചറിയും. ദൈവത്തോടു കൂടുതൽ അടുത്തു വരാൻ ഇതു നിങ്ങളെ സഹായിക്കും.
ദൈവത്തോട് അടുത്തു വരുന്നതിനു നമ്മെ സഹായിക്കുന്ന മറ്റൊരു ഘടകമാണ് പരിശോധനകളും പ്രശ്നങ്ങളും. രോഗങ്ങൾ, സ്കൂളിലും ജോലി സ്ഥലത്തും ഉള്ള സമ്മർദങ്ങൾ, അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ പോലുള്ള വെല്ലുവിളികളും വിശ്വാസത്തിന്റെ പരിശോധനകളും നിങ്ങൾക്കു നേരിട്ടേക്കാം. ശുശ്രൂഷയിൽ പങ്കെടുക്കുന്നതോ യോഗങ്ങൾക്കു പോകുന്നതോ കുട്ടികളുമൊത്തു ബൈബിൾ പഠിക്കുന്നതോ പോലുള്ള സാധാരണ ദിവ്യാധിപത്യ ദിനചര്യ പോലും നിങ്ങൾക്കു ദുഷ്കരം ആയിത്തീർന്നേക്കാം. അത്തരം പ്രശ്നങ്ങളെ ഒറ്റയ്ക്കു നേരിടാതിരിക്കുക! വഴിനടത്തിപ്പിനും മാർഗനിർദേശത്തിനും വേണ്ടി അപേക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ സഹായത്തിനായി യാചിക്കുക. (സദൃശവാക്യങ്ങൾ 3:5, 6) അവന്റെ പരിശുദ്ധാത്മാവിനു വേണ്ടി പ്രാർഥിക്കുക! (ലൂക്കൊസ് 11:13) ദൈവത്തിന്റെ സ്നേഹപുരസ്സരമായ സഹായം നിങ്ങൾ അനുഭവിക്കുമ്പോൾ നിങ്ങൾ കുറെക്കൂടി അവനോട് അടുത്തുവരും. സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞതുപോലെ, “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”—സങ്കീർത്തനം 34:8.
ആന്റണിയുടെ കാര്യം എന്തായി? “യഹോവയുടെ ഹിതം ചെയ്യുന്നതിനെ കേന്ദ്രീകരിച്ച് എനിക്കു ധാരാളം ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചു ഞാൻ ചിന്തിച്ചു തുടങ്ങി,” അവൻ ഓർമിക്കുന്നു. “അതു വേദനാകരമായിരുന്നു. ദുഃഖവും നിരാശയും തോന്നിയെങ്കിലും, ഞാൻ യഹോവയുടെ സ്നേഹത്തെക്കുറിച്ച് ഓർത്തു. കുറെ നാൾ കഴിഞ്ഞപ്പോഴാണ് യഹോവയോടു പ്രാർഥിക്കാൻതന്നെ സാധിച്ചത്. എന്നാൽ അതു സാധിച്ചപ്പോൾ ക്ഷമയ്ക്കു വേണ്ടി യാചിച്ചുകൊണ്ട് ഞാൻ ഹൃദയം അവന്റെ മുമ്പാകെ തുറന്നു. ഞാൻ ബൈബിൾ വായനയും തുടങ്ങി. എത്രയോ കാര്യങ്ങൾ ഞാൻ മറന്നിരിക്കുന്നു എന്നും യഹോവയെക്കുറിച്ചുള്ള എന്റെ അറിവ് എത്ര തുച്ഛമാണ് എന്നും മനസ്സിലാക്കിയപ്പോൾ ഞാൻ അമ്പരന്നുപോയി.” ചെയ്ത കുറ്റകൃത്യത്തിന് ആന്റണി ഇനിയും ശിക്ഷാകാലം പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും പ്രാദേശിക സാക്ഷികളിൽനിന്ന് അവനു സഹായം ലഭിക്കുന്നുണ്ട്. കൂടാതെ, അവൻ ഇപ്പോൾ ആത്മീയമായി സൗഖ്യം പ്രാപിച്ചുവരുന്നു. ആന്റണി കൃതജ്ഞതയോടെ പറയുന്നു: “യഹോവയും അവന്റെ സംഘടനയും നൽകുന്ന സഹായത്തിന്റെ ഫലമായി പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഓരോ ദിവസവും പുതിയ വ്യക്തിത്വം ധരിക്കാൻ ഞാൻ കഠിനമായി യത്നിക്കുകയുമാണ്. ഇപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം സർവപ്രധാനം യഹോവയുമായുള്ള ബന്ധമാണ്.”
നിങ്ങളുടെ ശുശ്രൂഷയിൽ ആത്മീയ പുരോഗതി
‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കാൻ യേശുക്രിസ്തു തന്റെ അനുഗാമികളോടു കൽപ്പിച്ചു. (മത്തായി 24:14) സുവാർത്തയുടെ ഒരു പുതിയ പ്രസാധകൻ എന്ന നിലയിൽ, ശുശ്രൂഷയിലെ നിങ്ങളുടെ അനുഭവ പരിചയം പരിമിതമായിരിക്കാം. അപ്പോൾപ്പിന്നെ, ‘ശുശ്രൂഷ നിറപടിയായി നിവർത്തിക്കാൻ തക്കവണ്ണം’ നിങ്ങൾക്ക് എങ്ങനെ പുരോഗതി കൈവരിക്കാൻ സാധിക്കും.—2 തിമൊഥെയൊസ് 4:5.
ക്രിയാത്മകമായ ഒരു മനോഭാവം വളർത്തിയെടുക്കുക എന്നതാണ് ഒരു മാർഗം. പ്രസംഗവേല ഒരു “നിക്ഷേപം” ആയി, ഒരു പദവി ആയി വീക്ഷിക്കാൻ പഠിക്കുക. (2 കൊരിന്ത്യർ 4:7) യഹോവയോടുള്ള നമ്മുടെ സ്നേഹവും വിശ്വസ്തതയും നിഷ്ഠയും പ്രകടമാക്കുന്നതിനുള്ള ഒരു അവസരമാണ് അത്. നമ്മുടെ അയൽക്കാരനോടുള്ള താത്പര്യം പ്രകടമാക്കുന്നതിന് അതു നമ്മെ സഹായിക്കുന്നു. ഇക്കാര്യത്തിൽ നമ്മെത്തന്നെ നിസ്വാർഥമായി വിട്ടുകൊടുക്കുന്നത് യഥാർഥ സന്തുഷ്ടിയുടെ ഒരു ഉറവിടമായിരിക്കാൻ കഴിയും.—പ്രവൃത്തികൾ 20:35.
പ്രസംഗ പ്രവർത്തനം സംബന്ധിച്ച് യേശുതന്നെ ഒരു ക്രിയാത്മക വീക്ഷണം പുലർത്തി. ബൈബിൾ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് അവന് “ആഹാരം” പോലെ ആയിരുന്നു. (യോഹന്നാൻ 4:34) അതുകൊണ്ട്, മറ്റുള്ളവരെ സഹായിക്കാനുള്ള അവന്റെ പ്രചോദനത്തെ “മനസ്സുണ്ടു” എന്ന അവന്റെ വാക്കുകളിൽ ഉപസംഹരിക്കാൻ കഴിയും. (മത്തായി 8:3) യേശുവിന് ആളുകളോട്, പ്രത്യേകിച്ച് സാത്താന്റെ ലോകത്താൽ “കുഴഞ്ഞവരും ചിന്നിയവരുമായ” ആളുകളോട്, അനുകമ്പ തോന്നി. (മത്തായി 9:35, 36) അതുപോലെ ആത്മീയമായി അന്ധകാരത്തിൽ ആയിരിക്കുന്നവരെയും ദൈവവചനത്തിൽ നിന്നുള്ള പ്രബുദ്ധത ആവശ്യമായിരിക്കുന്നവരെയും സഹായിക്കാൻ നിങ്ങൾക്കു ‘മനസ്സുണ്ടോ’? അപ്പോൾ, “നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പനയോടു പ്രതികരിക്കാൻ നിങ്ങൾ പ്രേരിതരാകും. (മത്തായി 28:19) നിങ്ങളുടെ ആരോഗ്യവും സാഹചര്യങ്ങളും അനുവദിക്കുന്നിടത്തോളം ഈ വേലയിൽ പൂർണമായി പങ്കെടുക്കാൻ നിങ്ങൾ തീർച്ചയായും പ്രേരിതരാകും.
ശുശ്രൂഷയിൽ പതിവായി—സാധ്യമെങ്കിൽ എല്ലാ വാരത്തിലും—പങ്കെടുക്കുന്നതാണ് അഭിവൃദ്ധിക്കുള്ള മറ്റൊരു സംഗതി. അങ്ങനെ ചെയ്യുന്നത്, വല്ലപ്പോഴും മാത്രം പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിക്കുള്ള ആശങ്കയും ഭയവും തരണം ചെയ്യാൻ സഹായിക്കും. പതിവായി വയൽസേവനത്തിൽ പങ്കെടുക്കുന്നതു മറ്റു വിധങ്ങളിലും നിങ്ങൾക്കു പ്രയോജനം ചെയ്യും. അത് സത്യത്തോടുള്ള നിങ്ങളുടെ വിലമതിപ്പ് വർധിപ്പിക്കും, യഹോവയോടും അയൽക്കാരനോടുമുള്ള നിങ്ങളുടെ സ്നേഹത്തെ പരിപോഷിപ്പിക്കും, രാജ്യപ്രത്യാശയിൽ ദൃഷ്ടി കേന്ദ്രീകരിച്ചു നിലകൊള്ളാൻ നിങ്ങളെ സഹായിക്കും.
എന്നാൽ, നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിനെ വളരെ പരിമിതപ്പെടുത്തുന്നു എങ്കിലോ? പൊരുത്തപ്പെടുത്തലുകൾ സാധ്യമല്ലെങ്കിൽ, നിങ്ങൾ സേവനത്തിൽ മുഴുദേഹിയോടെ പ്രവർത്തിക്കുന്നിടത്തോളം കാലം നിങ്ങളുടെ പ്രാപ്തിക്കൊത്ത് ചെയ്യാനാകുന്ന സകലത്തിലും ദൈവം പ്രസാദിക്കുന്നു എന്നതിൽ ആശ്വാസം കണ്ടെത്തുക. (മത്തായി 13:23) നിങ്ങളുടെ പ്രസംഗ പാടവം മെച്ചപ്പെടുത്തുന്നതു പോലുള്ള മറ്റു മണ്ഡലങ്ങളിലും നിങ്ങൾക്കു പുരോഗമിക്കാൻ സാധിക്കും. സഭയിൽ, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളും സേവനയോഗവും ഈ വശത്തു നല്ല പരിശീലനം നൽകുന്നു. സ്വാഭാവികമായും, നാം ശുശ്രൂഷയിൽ എത്രമാത്രം പാടവം നേടുന്നുവോ നാം അത്രയധികം അത് ആസ്വദിക്കുകയും അതിന്റെ ഫലം കാണുകയും ചെയ്യും.
അതുകൊണ്ട്, വ്യക്തമായും നാം സ്നാപനമേൽക്കുന്നതോടെ ആത്മീയ പുരോഗതി നിലച്ചുപോകരുത്. സ്വർഗത്തിൽ അമർത്യ ജീവൻ പ്രാപിക്കുന്നതിനുള്ള തന്റെ പ്രത്യാശയെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “സഹോദരൻമാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്ക് ഓടുന്നു. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെ തന്നേ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറെവിധമായി ചിന്തിച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും.”—ഫിലിപ്പിയർ 3:13-15.
തങ്ങളുടെ പ്രത്യാശ സ്വർഗത്തിലെ അമർത്യ ജീവനായാലും ഭൗമിക പറുദീസയിലെ നിത്യജീവനായാലും എല്ലാ ക്രിസ്ത്യാനികളും ‘മുമ്പിലുള്ളതിനായി ആയണം’—അതായത്, ജീവന്റെ ലാക്കിലെത്താൻ കഠിന ശ്രമം നടത്തണം! നിങ്ങളുടെ സ്നാപനം ഒരു നല്ല തുടക്കമായിരുന്നു, എന്നാൽ അത് ഒരു തുടക്കം മാത്രമാണ്. ആത്മീയ പുരോഗതി വരുത്താൻ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുക. യോഗങ്ങളിലൂടെയും വ്യക്തിപരമായ പഠനത്തിലൂടെയും “ഗ്രഹണശക്തികളിൽ മുതിർന്നവർ ആയിത്തീ”രുക. (1 കൊരിന്ത്യർ 14:20, NW) സത്യത്തിന്റെ ‘വീതിയും നീളവും ഉയരവും ആഴവും ഗ്രഹിക്കാൻ പ്രാപ്തരാകുക.’ (എഫെസ്യർ 3:18, 19) നിങ്ങൾ കൈവരിക്കുന്ന പുരോഗതി സന്തോഷവും സന്തുഷ്ടിയും ഇപ്പോൾ നിലനിർത്താൻ മാത്രമല്ല ദൈവത്തിന്റെ പുതിയ ലോകത്തിൽ സുരക്ഷിതമായ ഒരു സ്ഥാനം കൈവരിക്കാനും സഹായിക്കും. അവിടെ അവന്റെ സ്വർഗീയ രാജ്യഭരണത്തിൻ കീഴിൽ നിത്യമായി പുരോഗമിക്കാൻ നിങ്ങൾക്കു കഴിയും!
[29-ാം പേജിലെ ചിത്രം]
വ്യക്തിപരമായ പഠനത്തിന് സമയം കണ്ടെത്താൻ ശിക്ഷണം ആവശ്യമാണ്
[31-ാം പേജിലെ ചിത്രം]
ഒരു ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കുന്നത് ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു