യെരൂശലേം—അതിനെ ‘നിങ്ങളുടെ മുഖ്യ സന്തോഷത്തെക്കാൾ വിലമതിക്കുന്നുവോ?’
“യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.”—സങ്കീർത്തനം 137:6.
1. ദൈവം തിരഞ്ഞെടുത്ത നഗരത്തോട് പ്രവാസികളായ പല യഹൂദന്മാർക്കും എങ്ങനെയുള്ള മനോഭാവമാണ് ഉണ്ടായിരുന്നത്?
ആദ്യത്തെ യഹൂദാ പ്രവാസികൾ പൊ. യു. മു. 537-ൽ യെരൂശലേമിലേക്ക് മടങ്ങിവന്നിട്ട് ഏകദേശം ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിരുന്നു. ദൈവത്തിന്റെ ആലയം പുതുക്കിപ്പണിതു കഴിഞ്ഞിരുന്നു. എന്നാൽ, നഗരം അപ്പോഴും ശൂന്യാവസ്ഥയിൽ ആയിരുന്നു. അതിനിടെ, പ്രവാസത്തിൽ ആയിരിക്കെ ഒരു പുതിയ തലമുറ വളർന്നുവന്നിരുന്നു. “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ” എന്നു പാടിയ സങ്കീർത്തനക്കാരനെപ്പോലെ പലർക്കും തോന്നി എന്നതിൽ സംശയിക്കാനില്ല. (സങ്കീർത്തനം 137:5) യെരൂശലേമിനെ കേവലം സ്മരിക്കുന്നതിൽ അധികം ചിലർ ചെയ്തു; “[തങ്ങളുടെ] മുഖ്യസന്തോഷത്തെക്കാൾ [അതിനെ] വിലമതിക്കുന്നു” എന്ന് അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ തെളിയിച്ചു.—സങ്കീർത്തനം 137:6.
2. ആരായിരുന്നു എസ്രാ, അവൻ എങ്ങനെയാണ് അനുഗ്രഹിക്കപ്പെട്ടത്?
2 ഉദാഹരണത്തിന്, പുരോഹിതനായ എസ്രായുടെ കാര്യംതന്നെ എടുക്കാം. തന്റെ മാതൃദേശത്തേക്കു മടങ്ങിവരുന്നതിനു മുമ്പു പോലും യെരൂശലേമിലെ നിർമലാരാധനയുടെ താത്പര്യങ്ങൾക്കു വേണ്ടി അവൻ തീക്ഷ്ണതയോടെ പ്രവർത്തിച്ചിരുന്നു. (എസ്രാ 7:6, 10) അതു നിമിത്തം എസ്രാ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. മടങ്ങിവരുന്ന പ്രവാസികളുടെ രണ്ടാമതൊരു കൂട്ടത്തെ യെരൂശലേമിലേക്കു നയിക്കുന്നതിനുള്ള പദവി എസ്രായ്ക്കു നൽകുന്നതിനു പേർഷ്യൻ രാജാവിന്റെ ഹൃദയത്തെ യഹോവയാം ദൈവം പ്രേരിപ്പിച്ചു. മാത്രമല്ല, “യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു [“മനോഹരമാക്കുന്നതിന്,” NW]” സംഭാവനയായി ധാരാളം സ്വർണവും വെള്ളിയും രാജാവ് അവർക്കു നൽകി.—എസ്രാ 7:21-27.
3. യെരൂശലേം തന്റെ മുഖ്യ താത്പര്യമാണെന്നു നെഹെമ്യാവ് തെളിയിച്ചത് എങ്ങനെ?
3 ഏതാണ്ട് 12 വർഷത്തിനു ശേഷം നിർണായകമായ നടപടി സ്വീകരിച്ച മറ്റൊരു യഹൂദൻ ഉണ്ടായിരുന്നു—നെഹെമ്യാവ്. ശൂശനിലെ പേർഷ്യൻ രാജധാനിയിലാണ് അവൻ സേവനം അനുഷ്ഠിച്ചിരുന്നത്. അർഥഹ്ശഷ്ടാവ് രാജാവിന്റെ പാനപാത്ര വാഹകൻ എന്ന ഉയർന്ന സ്ഥാനം അവന് ഉണ്ടായിരുന്നു. എന്നാൽ അത് നെഹെമ്യാവിന്റെ ‘മുഖ്യസന്തോഷം’ ആയിരുന്നില്ല. പകരം, മടങ്ങിപ്പോയി യെരൂശലേം പുനർനിർമിക്കാനാണ് അവൻ അത്യധികം അഭിലഷിച്ചത്. അതിനു വേണ്ടി നെഹെമ്യാവ് മാസങ്ങളോളം പ്രാർഥിച്ചു. തന്നിമിത്തം യഹോവയാം ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. നെഹെമ്യാവിന്റെ താത്പര്യത്തെക്കുറിച്ച് മനസ്സിലാക്കിയ പേർഷ്യൻ രാജാവ് അവനു സൈനിക സഹായം മാത്രമല്ല, യെരൂശലേം പുതുക്കിപ്പണിയാനുള്ള അധികാരപത്രങ്ങളും കൊടുത്തു.—നെഹെമ്യാവു 1:1–2:9.
4.നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന മറ്റേത് സന്തോഷത്തെക്കാളും വലുതാണ് യഹോവയുടെ ആരാധന എന്ന് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
4 നിസ്സംശയമായും, എസ്രായും നെഹെമ്യാവും അവരോടു സഹകരിച്ച മറ്റു പല യഹൂദന്മാരും മറ്റ് എന്തിനെക്കാളും—‘തങ്ങളുടെ മുഖ്യ സന്തോഷത്തെക്കാളും’ അതായത് തങ്ങൾ സന്തോഷിച്ചേക്കാവുന്ന മറ്റേതൊരു സംഗതിയെക്കാളും—പ്രധാനം, യെരൂശലേമിൽ കേന്ദ്രീകൃതമായ, യഹോവയുടെ ആരാധനയാണ് എന്നു തെളിയിച്ചു. അത്തരം വ്യക്തികൾ, യഹോവയെയും അവന്റെ ആരാധനയെയും അവന്റെ ആത്മനിയന്ത്രിത സംഘടനയെയും അതേ വിധത്തിൽ വീക്ഷിക്കുന്ന ഇന്നത്തെ സകലർക്കും എന്തൊരു പ്രോത്സാഹനമാണ്! നിങ്ങളുടെ കാര്യത്തിൽ അതു സത്യമാണോ? യഹോവയുടെ സമർപ്പിത ജനത്തോടൊപ്പം അവനെ ആരാധിക്കുക എന്ന പദവിയാണ് നിങ്ങളുടെ ഏറ്റവും വലിയ സന്തോഷമെന്ന് ദൈവിക പ്രവൃത്തികളിലെ സഹിഷ്ണുതയിലൂടെ നിങ്ങൾ പ്രകടമാക്കുന്നുണ്ടോ? (2 പത്രൊസ് 3:11, 12) ആ ലക്ഷ്യത്തിലേക്കുള്ള കൂടുതലായ ഒരു പ്രോത്സാഹനമെന്ന നിലയിൽ യെരൂശലേമിലേക്കുള്ള എസ്രായുടെ യാത്രയുടെ നല്ല ഫലങ്ങൾ നമുക്കു പരിചിന്തിക്കാം.
അനുഗ്രഹങ്ങളും ഉത്തരവാദിത്വങ്ങളും
5. എസ്രായുടെ നാളുകളിൽ യഹൂദാ നിവാസികൾക്ക് സമൃദ്ധമായ എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിച്ചത്?
5 എസ്രായോടൊപ്പം മടങ്ങിവന്ന 6,000-ത്തോളം പ്രവാസികളുടെ കൂട്ടം യഹോവയുടെ ആലയത്തിലേക്ക് സംഭാവനയായി സ്വർണവും വെള്ളിയും കൊണ്ടുവന്നു. ഇപ്പോഴത്തെ നിരക്ക് വെച്ചുനോക്കുമ്പോൾ അതിന് ഏകദേശം 140 കോടി രൂപയുടെ മൂല്യം വരും. ആദ്യം തിരിച്ചെത്തിയ പ്രവാസികൾ കൊണ്ടുവന്ന സ്വർണത്തിന്റെയും വെള്ളിയുടെയും അളവിന്റെ ഏഴു മടങ്ങ് വരുമായിരുന്നു അത്. ആളുകളുടെ പിന്തുണയും ലഭിച്ച ഭൗതിക വസ്തുക്കളും നിമിത്തം യെരൂശലേമിലെയും യഹൂദയിലെയും നിവാസികൾക്കു യഹോവയോട് എത്ര നന്ദി തോന്നിയിരിക്കണം! എന്നാൽ ദൈവത്തിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ ഉത്തരവാദിത്വങ്ങളും കൈവരുത്തുന്നു.—ലൂക്കൊസ് 12:48.
6. തന്റെ മാതൃദേശത്ത് എസ്രാ എന്താണ് കണ്ടെത്തിയത്, അവൻ എങ്ങനെ പ്രതികരിച്ചു?
6 ചില പുരോഹിതന്മാരും മൂപ്പന്മാരും ഉൾപ്പെടെ പല യഹൂദന്മാരും ദൈവത്തിന്റെ ന്യായപ്രമാണത്തെ മറികടന്ന് പുറജാതീയ സ്ത്രീകളെ വിവാഹം കഴിച്ചതായി എസ്രാ പെട്ടെന്നുതന്നെ മനസ്സിലാക്കി. (ആവർത്തനപുസ്തകം 7:3, 4) ദൈവത്തിന്റെ ന്യായപ്രമാണ ഉടമ്പടിയുടെ ഈ ലംഘനത്തിൽ അവൻ ഉചിതമായും വളരെ അസ്വസ്ഥനായിരുന്നു. “ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി . . . സ്തംഭിച്ചു കുത്തിയിരുന്നു.” (എസ്രാ 9:3) അപ്പോൾ, ഉത്കണ്ഠാകുലരായ ഇസ്രായേല്യർ സന്നിഹിതരായിരിക്കെ, എസ്രാ പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ ഹൃദയം പകർന്നു. എല്ലാ ഇസ്രായേല്യരും കേൾക്കെ എസ്രാ ഇസ്രായേലിന്റെ കഴിഞ്ഞകാല അനുസരണക്കേടും ദേശത്തെ പുറജാതീയ നിവാസികളെ വിവാഹം കഴിച്ചാൽ എന്തു സംഭവിക്കുമെന്നതു സംബന്ധിച്ച് ദൈവം നൽകിയ മുന്നറിയിപ്പും പുനരവലോകനം ചെയ്തു. അവൻ ഇങ്ങനെ നിഗമനം ചെയ്തു: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാൻ; ഞങ്ങളോ ഇന്നുള്ളതുപോലെ തെററി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങൾ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതുനിമിത്തം നിന്റെ മുമ്പാകെ നില്പാൻ ആർക്കും കഴിവില്ല.”—എസ്രാ 9:14, 15.
7. (എ) ദുഷ്പ്രവൃത്തി കൈകാര്യം ചെയ്യുന്നതിൽ എസ്രാ എന്തു നല്ല മാതൃക വെച്ചു? (ബി) എസ്രായുടെ നാളിലെ ദുഷ്പ്രവൃത്തിക്കാർ എങ്ങനെ പ്രതികരിച്ചു?
7 “ഞങ്ങൾ” എന്ന പദപ്രയോഗമാണ് എസ്രാ ഉപയോഗിച്ചത്. അതേ, വ്യക്തിപരമായി എസ്രാ കുറ്റമുള്ളവൻ അല്ലായിരുന്നെങ്കിലും അവൻ തന്നെക്കൂടി ഉൾപ്പെടുത്തി. എസ്രായുടെ വലിയ അസ്വസ്ഥതയും ഒപ്പം അവന്റെ എളിയ പ്രാർഥനയും ആളുകളുടെ ഹൃദയത്തെ സ്പർശിക്കുകയും അനുതാപ പ്രവൃത്തികൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അവർ വേദനാകരമായ ഒരു പരിഹാര മാർഗം സ്വമേധയാ കണ്ടെത്തി—ദൈവത്തിന്റെ ന്യായപ്രമാണം ലംഘിച്ച സകലരും അവരുടെ വിദേശ ഭാര്യമാരെയും അവരിൽ ജനിച്ച കുട്ടികളെയും അവരുടെ മാതൃദേശത്തേക്ക് തിരിച്ചയയ്ക്കും എന്നുള്ളതായിരുന്നു അത്. ഈ നടപടിയോട് എസ്രാ യോജിക്കുകയും തദനുസരണം പ്രവർത്തിക്കാൻ കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പേർഷ്യൻ രാജാവ് അവനു നൽകിയ അധികാരം ഉപയോഗിച്ച് നിയമ ലംഘികളെ എല്ലാം വധിക്കാനോ യെരൂശലേമിൽനിന്നും യഹൂദയിൽനിന്നും നാടുകടത്താനോ അവനു കഴിയുമായിരുന്നു. (എസ്രാ 7:12, 26) എന്നാൽ അത്തരം ഒരു നടപടി അവനു സ്വീകരിക്കേണ്ടി വന്നില്ലെന്നു തോന്നുന്നു. “സർവ്വസഭയും” ഇങ്ങനെ പറഞ്ഞു: “നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകുന്നു.” കൂടുതലായി, അവർ ഇങ്ങനെ ഏറ്റുപറഞ്ഞു: ‘ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കുന്നു.’ (എസ്രാ 10:11-13) വിദേശ ഭാര്യമാരെയും അവരിൽ ജനിച്ച കുട്ടികളെയും പറഞ്ഞയച്ചുകൊണ്ട് പ്രസ്തുത തീരുമാനപ്രകാരം പ്രവർത്തിച്ച 111 ആളുകളുടെ പേരുകൾ എസ്രാ 10-ാം അധ്യായത്തിൽ കാണാം.
8. വിദേശ ഭാര്യമാരെ പറഞ്ഞയയ്ക്കുക എന്ന കടുത്ത നടപടി മുഴു മനുഷ്യവർഗത്തിന്റെയും പ്രയോജനത്തിനു വേണ്ടി ആയിരുന്നത് എന്തുകൊണ്ട്?
8 ഈ നടപടി ഇസ്രായേലിന്റെ മാത്രം താത്പര്യത്തെ മുൻനിർത്തി ആയിരുന്നില്ല, പിന്നെയോ മുഴു മനുഷ്യവർഗത്തിന്റെയും പ്രയോജനത്തിനു വേണ്ടി ആയിരുന്നു. കാര്യങ്ങൾ നേരേയാക്കാൻ ഒന്നും ചെയ്തില്ലായിരുന്നെങ്കിൽ, ഇസ്രായേല്യർ ക്രമേണ ചുറ്റുമുള്ള ജനതകളിൽ ലയിച്ചു പോകുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ, മുഴു മനുഷ്യവർഗത്തെയും അനുഗ്രഹിക്കാനുള്ള വാഗ്ദത്ത സന്തതിയിലേക്കു നയിക്കുന്ന വംശപരമ്പര ദുഷിപ്പിക്കപ്പെടുമായിരുന്നു. (ഉല്പത്തി 3:15; 22:18) യഹൂദാ ഗോത്രത്തിലെ ദാവീദ് രാജാവിന്റെ സന്തതി എന്ന നിലയിൽ വാഗ്ദത്ത സന്തതി ആരാണെന്ന വസ്തുത സ്ഥാപിക്കുക ദുഷ്കരം ആയിത്തീരുമായിരുന്നു. ഏകദേശം 12 വർഷം കഴിഞ്ഞ് “യിസ്രായേൽസന്തതിയായവർ സകല അന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞ”പ്പോൾ ഈ മർമപ്രധാനമായ കാര്യത്തിനു പിന്നെയും ശ്രദ്ധ നൽകപ്പെട്ടു.—നെഹെമ്യാവു 9:1, 2; 10:29, 30.
9. അവിശ്വാസികളെ വിവാഹം ചെയ്തിരിക്കുന്ന ക്രിസ്ത്യാനികൾക്കു ബൈബിൾ എന്തു നല്ല ബുദ്ധ്യുപദേശം നൽകുന്നു?
9 ഈ വിവരണത്തിൽനിന്ന് യഹോവയുടെ ഇന്നത്തെ ദാസന്മാർക്ക് എന്തു പഠിക്കാൻ കഴിയും? ക്രിസ്ത്യാനികൾ ന്യായപ്രമാണ ഉടമ്പടിയുടെ കീഴിലല്ല. (2 കൊരിന്ത്യർ 3:14) മറിച്ച്, അവർ അനുസരിക്കുന്നത് “ക്രിസ്തുവിന്റെ ന്യായപ്രമാണ”മാണ്. (ഗലാത്യർ 6:2) അതുകൊണ്ട്, ഒരു അവിശ്വാസിയെ വിവാഹം ചെയ്തിരിക്കുന്ന ക്രിസ്ത്യാനി പൗലൊസിന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നു: “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.” (1 കൊരിന്ത്യർ 7:12) മാത്രമല്ല, അവിശ്വാസികളെ വിവാഹം ചെയ്തിരിക്കുന്ന ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ദാമ്പത്യബന്ധം വിജയിപ്പിക്കുന്നതിനു ശ്രമിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ കടപ്പാടുണ്ട്. (1 പത്രൊസ് 3:1, 2) ഈ നല്ല ബുദ്ധ്യുപദേശത്തോടുള്ള അനുസരണം മിക്കപ്പോഴും അനുഗ്രഹത്തിൽ കലാശിച്ചിട്ടുണ്ട്—അതായത്, അവിശ്വാസികളായ ഇണകൾക്കു സത്യത്തോടുള്ള മനോഭാവത്തിൽ മാറ്റം സംഭവിച്ചിരിക്കുന്നു. ചിലർ സ്നാപനമേറ്റ വിശ്വസ്ത ക്രിസ്ത്യാനികൾ ആയിത്തീരുക പോലും ചെയ്തിട്ടുണ്ട്.—1 കൊരിന്ത്യർ 7:16.
10. തങ്ങളുടെ വിദേശ ഭാര്യമാരെ പറഞ്ഞയച്ച 111 ഇസ്രായേല്യ പുരുഷന്മാരിൽനിന്നു ക്രിസ്ത്യാനികൾക്ക് എന്തു പാഠം പഠിക്കാൻ സാധിക്കും?
10 എന്നിരുന്നാലും, ഇസ്രായേല്യർ വിദേശ ഭാര്യമാരെ പറഞ്ഞയച്ചത് ഏകാകികളായ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പാഠമാണ്. അവർ എതിർലിംഗ വർഗത്തിൽ പെട്ട അവിശ്വാസികളുമായി പ്രണയ ബന്ധങ്ങളിൽ ഏർപ്പെടരുത്. അത്തരം ഒരു ബന്ധം ഒഴിവാക്കുന്നത് ദുഷ്കരമോ ചിലപ്പോൾ വേദനാകരം പോലുമോ ആയിരുന്നേക്കാം. എന്നാൽ ദൈവത്തിന്റെ തുടർച്ചയായ അനുഗ്രഹം ഉണ്ടായിരിക്കുന്നതിന് ഉത്തമമായ ഗതി അതാണ്. ക്രിസ്ത്യാനികളോട് ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: “അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു.” (2 കൊരിന്ത്യർ 6:14) വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏകാകിയായ ഏതൊരു ക്രിസ്ത്യാനിയും ഒരു യഥാർഥ സഹവിശ്വാസിയെ വിവാഹം കഴിക്കാനായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്.—1 കൊരിന്ത്യർ 7:39.
11. ഇസ്രായേല്യ പുരുഷന്മാരെ പോലെ, നമ്മുടെ ‘സന്തോഷ’ത്തിന്റെ കാര്യത്തിൽ നാം എങ്ങനെ പരിശോധിക്കപ്പെട്ടേക്കാം?
11 പല കാര്യങ്ങളിലും, തിരുവെഴുത്തുപരമല്ലാത്ത ഒരു ഗതിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചപ്പോൾ ക്രിസ്ത്യാനികൾ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. (ഗലാത്യർ 6:1) ദൈവത്തിന്റെ സംഘടനയുടെ ഭാഗമായി തുടരുന്നതിൽനിന്ന് ഒരു വ്യക്തിയെ അയോഗ്യനാക്കുന്ന തിരുവെഴുത്തു വിരുദ്ധമായ നടത്തയെ ഈ പത്രിക ഇടയ്ക്കിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, മയക്കുമരുന്ന് ദുരുപയോഗിക്കുന്നതും പുകയില ഉപയോഗിക്കുന്നതും ഗുരുതരമായ പാപങ്ങളാണെന്ന് 1973-ൽ യഹോവയുടെ ജനം പൂർണമായി മനസ്സിലാക്കി. ദൈവിക ഗതി പിൻപറ്റുന്നതിന് “ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നേ വെടിപ്പാ”ക്കേണ്ടതുണ്ട്. (2 കൊരിന്ത്യർ 7:1) ധാരാളം പേർ ആ ബൈബിൾ ബുദ്ധ്യുപദേശം ഗൗരവമായി എടുത്തു; അത്തരം ശീലങ്ങൾ നിർത്തിയതു മൂലമുള്ള പ്രാരംഭ ശാരീരിക അസ്വസ്ഥതകൾ സഹിച്ചുകൊണ്ട് ദൈവത്തിന്റെ ശുദ്ധിയുള്ള ജനത്തിന്റെ ഭാഗമായിരിക്കാൻ അവർ മനസ്സൊരുക്കം ഉള്ളവരായിരുന്നു. ലൈംഗിക കാര്യങ്ങൾ, വസ്ത്രധാരണം, ചമയം, ജ്ഞാനപൂർവം ജോലി തിരഞ്ഞെടുക്കൽ, വിനോദം, സംഗീതം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തമായ തിരുവെഴുത്തു മാർഗനിർദേശം നൽകപ്പെട്ടിട്ടുണ്ട്. നമ്മുടെ ശ്രദ്ധയിലേക്ക് എന്ത് തിരുവെഴുത്തു തത്ത്വങ്ങൾ കൊണ്ടുവന്നാലും, 111 ഇസ്രായേല്യ പുരുഷന്മാർ ചെയ്തതുപോലെ “പുനഃക്രമീകരണം നടത്താൻ” നമുക്കു മനസ്സൊരുക്കം കാണിക്കാം. (2 കൊരിന്ത്യർ 13:11, NW) യഹോവയുടെ വിശുദ്ധ ജനത്തോടൊപ്പം അവനെ ആരാധിക്കുകയെന്ന പദവി നാം നമ്മുടെ ‘മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കുന്നു’ എന്ന് ഇതു പ്രകടമാക്കും.
12. പൊ.യു.മു. 455-ൽ എന്തു സംഭവിച്ചു?
12 വിദേശ ഭാര്യമാർ ഉൾപ്പെടുന്ന സംഭവം റിപ്പോർട്ടു ചെയ്തതിനു ശേഷം അടുത്ത 12 വർഷക്കാലത്ത് യെരൂശലേമിൽ എന്തു സംഭവിച്ചുവെന്നു ബൈബിൾ നമ്മോടു പറയുന്നില്ല. അനേകം വിവാഹ ബന്ധങ്ങൾ റദ്ദാക്കപ്പെട്ടതു നിമിത്തം ഇസ്രായേല്യരുടെ അയൽജനതകൾ അവരോടു കൂടുതൽ ശത്രുതാ മനോഭാവം കാട്ടി എന്നതിനു സംശയമില്ല. പൊ.യു.മു. 455-ൽ നെഹെമ്യാവ് സൈനിക അകമ്പടിയോടെ യെരൂശലേമിൽ എത്തി. യഹൂദായുടെ ഗവർണറായി അവൻ നിയമിക്കപ്പെട്ടിരുന്നു. നഗരം പുനർനിർമിക്കുന്നതിന് അവനെ അധികാരപ്പെടുത്തുന്ന പേർഷ്യൻ രാജാവിന്റെ കത്തുകളും അവൻ കൂടെ കൊണ്ടുവന്നിരുന്നു.—നെഹെമ്യാവു 2:9, 10; 5:14.
അസൂയ മൂത്ത അയൽക്കാരുടെ എതിർപ്പ്
13. യഹൂദന്മാരുടെ വ്യാജ മതക്കാരായ അയൽക്കാർ എങ്ങനെയുള്ള മനോഭാവമാണ് പ്രകടമാക്കിയത്, നെഹെമ്യാവ് എങ്ങനെ പ്രതികരിച്ചു?
13 വ്യാജമതക്കാരായ അയൽക്കാർ നെഹെമ്യാവ് വന്നതിന്റെ ഉദ്ദേശ്യത്തെ എതിർത്തു. “നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ”? എന്നു ചോദിച്ചുകൊണ്ട് അവരുടെ നേതാക്കന്മാർ അവന്റെ നേരെ ഭീഷണി ഉയർത്തി. യഹോവയിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് നെഹെമ്യാവ് മറുപടി പറഞ്ഞു: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേററു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല.” (നെഹെമ്യാവു 2:19, 20) മതിലിന്റെ അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾ, ‘ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്തു ചെയ്വാൻ പോകുന്നു? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്നു അവർ കല്ലു ജീവിപ്പിക്കുമോ? ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും’ എന്നൊക്കെ പറഞ്ഞ് അതേ ശത്രുക്കൾതന്നെ അവരെ പരിഹസിച്ചു. ആ പരിഹാസങ്ങൾക്കു മറുപടി പറയുന്നതിനു പകരം, നെഹെമ്യാവ് ഇങ്ങനെ പ്രാർഥിച്ചു: ‘ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു ഏല്പിക്കേണമേ.’ (നെഹെമ്യാവു 4:2-4) യഹോവയിൽ ആശ്രയിക്കുന്നതിന്റെ ഈ നല്ല മാതൃക വെക്കുന്നതിൽ നെഹെമ്യാവ് തുടർന്നു!—നെഹെമ്യാവു 6:14; 13:14.
14, 15. (എ) ശത്രുവിന്റെ ആക്രമണ ഭീഷണിയെ നെഹെമ്യാവ് എങ്ങനെയാണ് കൈകാര്യം ചെയ്തത്? (ബി) കടുത്ത എതിർപ്പിൻ മധ്യേയും തങ്ങളുടെ ആത്മീയ നിർമാണ പ്രവർത്തനം തുടരാൻ യഹോവയുടെ സാക്ഷികൾക്ക് എങ്ങനെ കഴിഞ്ഞിരിക്കുന്നു?
14 തങ്ങളുടെ മുഖ്യ പ്രസംഗ നിയമനം നിർവഹിക്കുന്നതിന് ഇന്ന് യഹോവയുടെ സാക്ഷികളും ദൈവത്തിൽ ആശ്രയിക്കുന്നു. പരിഹസിച്ചുകൊണ്ട് ഈ വേലയെ തടസ്സപ്പെടുത്താൻ പരിഹാസികൾ ശ്രമിക്കുന്നു. ചിലപ്പോൾ, രാജ്യ പ്രത്യാശയിൽ താത്പര്യമുള്ള വ്യക്തികൾ പഠനം നിർത്തിക്കളയുന്നു. കാരണം, അവർക്കു പരിഹാസത്തെ ചെറുത്തു നിൽക്കാൻ കഴിയുന്നില്ല. പരിഹാസം വിജയിക്കാതെ വരുമ്പോൾ, ശത്രുക്കൾ കുപിതരായി അക്രമ ഭീഷണി മുഴക്കിയേക്കാം. യെരൂശലേമിൽ മതിൽ പണിക്കാർക്ക് ഉണ്ടായത് ഈ അനുഭവമാണ്. എന്നാൽ നെഹെമ്യാവ് ഭീഷണിക്കു വശംവദനായില്ല. പകരം, ശത്രുവിന്റെ ആക്രമണത്തിനെതിരെ അവൻ പണിക്കാരെ ആയുധ സജ്ജരാക്കുകയും പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അവരെ ബലപ്പെടുത്തുകയും ചെയ്തു: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ.”—നെഹെമ്യാവു 4:13, 14.
15 നെഹെമ്യാവിന്റെ കാലത്തെന്നപോലെ, കടുത്ത എതിർപ്പിൻ മധ്യേയും തങ്ങളുടെ ആത്മീയ നിർമാണ പ്രവർത്തനം തുടരാൻ യഹോവയുടെ സാക്ഷികൾ സജ്ജരാണ്. വേല നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോലും ഫലം ഉളവാക്കാൻ ദൈവജനത്തെ സഹായിക്കുന്ന, വിശ്വാസത്തെ ബലപ്പെടുത്തുന്ന ആത്മീയ ഭക്ഷണം “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്തിട്ടുണ്ട്. (മത്തായി 24:45, NW) തത്ഫലമായി, ഭൂമിയിൽ ഉടനീളം വർധനവുകൾ നൽകിക്കൊണ്ട് യഹോവ തന്റെ ജനത്തെ തുടർന്ന് അനുഗ്രഹിച്ചിരിക്കുന്നു.—യെശയ്യാവു 60:22.
ആന്തരിക പ്രശ്നങ്ങൾ
16. യെരൂശലേം മതിൽ പണിക്കാരുടെ ഉത്സാഹത്തിനു ഭീഷണിയായി എന്തെല്ലാം ആന്തരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു?
16 യെരൂശലേം മതിലിന്റെ പുനർനിർമാണം പുരോഗമിച്ച് അതിന്റെ ഉയരം കൂടിയപ്പോൾ വേല കൂടുതൽ പ്രയാസകരമായി. കഷ്ടപ്പെടുന്ന പണിക്കാരുടെ ഉത്സാഹത്തിനു ഭീഷണിയായ ഒരു പ്രശ്നം അപ്പോഴാണ് വ്യക്തമായത്. ഭക്ഷ്യക്ഷാമം നിമിത്തം തങ്ങളുടെ കുടുംബങ്ങൾക്ക് ആഹാരം കണ്ടെത്തുന്നതും പേർഷ്യൻ ഗവൺമെന്റിന് കപ്പം കൊടുക്കുന്നതും ചില യഹൂദന്മാർക്കു പ്രയാസകരമായി. സമ്പന്നരായ യഹൂദന്മാർ ഭക്ഷണവും പണവും അവർക്കു വായ്പയായി കൊടുത്തു. എന്നിരുന്നാലും, ആ പണം പലിശയോടു കൂടെ തിരികെ നൽകുമെന്നുള്ളതിന്റെ ഈടായി ദരിദ്ര ഇസ്രായേല്യർക്ക് സ്വന്തം കുട്ടികളെയും തങ്ങളുടെ പുരയിടങ്ങളെയും നൽകേണ്ടിവന്നു. ഇത് ദൈവത്തിന്റെ ന്യായപ്രമാണത്തിനു കടകവിരുദ്ധമായിരുന്നു. (പുറപ്പാടു 22:25; ലേവ്യപുസ്തകം 25:35-37; നെഹെമ്യാവു 4:6, 10; 5:1-5) ഇപ്പോൾ, കടം കൊടുത്തവർ അവരുടെ പുരയിടങ്ങൾ കൈവശമാക്കുമെന്നും അവരുടെ കുട്ടികളെ അടിമകളായി വിൽക്കുമെന്നും ഭീഷണി മുഴക്കി. സ്നേഹശൂന്യമായ, ഈ ഭൗതികാസക്ത മനോഭാവത്തിൽ നെഹെമ്യാവ് കുപിതനായി. യെരൂശലേം മതിലിന്റെ പുനർനിർമാണ പ്രവർത്തനത്തിൽ യഹോവയുടെ അനുഗ്രഹം തുടർന്നും ഉണ്ടെന്ന് ഉറപ്പു വരുത്താൻ അവൻ സത്വരം പ്രവർത്തിച്ചു.
17. നിർമാണ പ്രവർത്തനത്തിന്മേൽ യഹോവയുടെ തുടർച്ചയായ അനുഗ്രഹം ഉറപ്പു വരുത്താൻ നെഹെമ്യാവ് എന്തു ചെയ്തു, ഫലം എന്തായിരുന്നു?
17 നെഹെമ്യാവ് ഒരു “മഹായോഗം” വിളിച്ചുകൂട്ടി, സമ്പന്നരായ ഇസ്രായേല്യർ ചെയ്തത് യഹോവയെ അപ്രീതിപ്പെടുത്തിയിരിക്കുന്നു എന്ന് വ്യക്തമായി കാണിച്ചുകൊടുത്തു. വാങ്ങിയ പലിശ മുഴുവനും അതുപോലെ പലിശ കൊടുക്കാൻ കഴിയാത്തവരിൽനിന്നു നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പുരയിടങ്ങളും മടക്കിക്കൊടുക്കാൻ ചില പുരോഹിതന്മാർ ഉൾപ്പെടെയുള്ള അപരാധികളോട് അവൻ അഭ്യർഥിച്ചു. അപരാധികൾ അഭിനന്ദനീയമാം വിധം ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും.” വെറും പാഴ്വാക്കുകൾ ആയിരുന്നില്ല അവ. കാരണം, “ജനം ഈ വാഗ്ദാനപ്രകാരം പ്രവർത്തിച്ചു” എന്ന് ബൈബിൾ പറയുന്നു. മുഴു സഭയും യഹോവയെ സ്തുതിച്ചു.—നെഹെമ്യാവു 5:7-13.
18. ഏതു മനോഭാവം നിമിത്തം യഹോവയുടെ സാക്ഷികൾ പേരുകേട്ടവർ ആയിരിക്കുന്നു?
18 നമ്മുടെ നാളിലോ? യഹോവയുടെ സാക്ഷികൾ ചൂഷണം ചെയ്യുന്നവരല്ല. മറിച്ച്, വിപത്ത് നേരിട്ടിരിക്കുന്ന സഹ വിശ്വാസികളോടും മറ്റുള്ളവരോടും കാണിക്കുന്ന ഉദാരമായ മനോഭാവത്തിനു പരക്കെ അറിയപ്പെടുന്നവരാണ് അവർ. ഇത്, നെഹെമ്യാവിന്റെ നാളിലെപ്പോലെ, യഹോവയ്ക്ക് അനേകം വിധങ്ങളിൽ നന്ദിപൂർവകമായ സ്തുതി ലഭിക്കുന്നതിനു കാരണമായിരിക്കുന്നു. അതേസമയം, ബിസിനസ് കാര്യങ്ങൾ സംബന്ധിച്ചും മറ്റുള്ളവരെ അത്യാഗ്രഹത്തോടെ ചൂഷണം ചെയ്യാതിരിക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ചും തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം നൽകുന്നത് ആവശ്യമാണെന്ന് “വിശ്വസ്തനും വിവേകിയുമായ അടിമ” കണ്ടെത്തിയിരിക്കുന്നു. ചില രാജ്യങ്ങളിൽ വൻ സ്ത്രീധനത്തുക ചോദിക്കുന്ന പതിവുണ്ട്. എന്നാൽ അത്യാഗ്രഹികളും പിടിച്ചുപറിക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന് ബൈബിൾ വ്യക്തമായി മുന്നറിയിപ്പു നൽകുന്നു. (1 കൊരിന്ത്യർ 6:9, 10) അത്തരം ബുദ്ധ്യുപദേശത്തോടുള്ള മിക്ക ക്രിസ്ത്യാനികളുടെയും നല്ല പ്രതികരണം, ദരിദ്ര സഹോദരങ്ങളെ ചൂഷണം ചെയ്യുന്നതിലെ തെറ്റു കണ്ട യഹൂദന്മാരെ അനുസ്മരിപ്പിക്കുന്നു.
യെരൂശലേം മതിൽ പൂർത്തിയാക്കപ്പെടുന്നു
19, 20. (എ) യെരൂശലേം മതിലിന്റെ പൂർത്തീകരണത്തിന് മതവൈരികളുടെ മേൽ എങ്ങനെയുള്ള ഫലമാണ് ഉണ്ടായത്? (ബി) യഹോവയുടെ സാക്ഷികൾക്കു പല നാടുകളിലും എന്തു വിജയം ഉണ്ടായിരിക്കുന്നു?
19 എല്ലാ തരത്തിലുള്ള എതിർപ്പിന്റെ മധ്യേയും യെരൂശലേം മതിലിന്റെ നിർമാണം 52 ദിവസംകൊണ്ട് പൂർത്തിയായി. ശത്രുക്കളുടെമേൽ ഇതിന് എങ്ങനെയുള്ള ഫലമാണ് ഉണ്ടായത്? നെഹെമ്യാവ് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുററുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.”—നെഹെമ്യാവു 6:16.
20 ഇന്ന് പല സ്ഥലങ്ങളിൽ, പല വിധങ്ങളിൽ ദൈവത്തിന്റെ വേലയെ ശത്രുക്കൾ തുടർന്നും എതിർക്കുന്നു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളെ എതിർക്കുന്നതിന്റെ നിരർഥകത ദശലക്ഷക്കണക്കിന് ആളുകൾ കണ്ടിരിക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ കാലത്ത് നാസി ജർമനിയിലും പൂർവ യൂറോപ്പിലും ആഫ്രിക്കയിലെ പല രാജ്യങ്ങളിലും പ്രസംഗ വേലയ്ക്ക് അറുതി വരുത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചു ചിന്തിക്കുക. അത്തരം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. ‘ദൈവത്തിൽനിന്നാണ് നമ്മുടെ വേല നടക്കുന്നത്’ എന്ന് ഇപ്പോൾ പലരും അംഗീകരിക്കുന്നു. അത്തരം ദേശങ്ങളിൽ യഹോവയുടെ ആരാധനയെ ‘തങ്ങളുടെ മുഖ്യ സന്തോഷത്തെക്കാൾ വിലമതിച്ച’ വിശ്വസ്തരായ പഴമക്കാർക്ക് അത് എത്ര പ്രതിഫലദായകം ആയിരിക്കുന്നു!
21. അടുത്ത ലേഖനത്തിൽ എന്തെല്ലാം സുപ്രധാന സംഭവങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
21 പുനർനിർമിച്ച യെരൂശലേം മതിലിന്റെ സന്തോഷകരമായ ഉദ്ഘാടനത്തിലേക്കു നയിച്ച സുപ്രധാന സംഭവങ്ങൾ നാം അടുത്ത ലേഖനത്തിൽ അവലോകനം ചെയ്യുന്നതായിരിക്കും. മുഴു മനുഷ്യവർഗത്തിന്റെയും പ്രയോജനത്തിനു വേണ്ടി അതിനെക്കാൾ വലിയ ഒരു നഗരത്തിന്റെ പൂർത്തീകരണം എങ്ങനെ അടുത്തുവരുന്നു എന്നതു സംബന്ധിച്ചും നാം പരിചിന്തിക്കുന്നതായിരിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ എസ്രായും മറ്റുള്ളവരും യെരൂശലേമിനെക്കുറിച്ച് സന്തോഷിച്ചത് എങ്ങനെ?
◻ എന്തെല്ലാം തെറ്റുകൾ തിരുത്താനാണ് എസ്രായും നെഹെമ്യാവും അനേകം യഹൂദന്മാരെ സഹായിച്ചത്?
◻ എസ്രായും നെഹെമ്യാവും ഉൾപ്പെടുന്ന വിവരണങ്ങളിൽനിന്നു നിങ്ങൾക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകും?
[15-ാം പേജിലെ ചിത്രം]
നെഹെമ്യാവിനെ സംബന്ധിച്ച് പ്രധാനമായിരുന്നത് ശൂശനിലെ ഉന്നത ജോലി ആയിരുന്നില്ല, മറിച്ച് യെരൂശലേം ആയിരുന്നു
[16, 17 പേജുകളിലെ ചിത്രങ്ങൾ]
നെഹെമ്യാവിനെപ്പോലെ, സർവപ്രധാനമായ നമ്മുടെ പ്രസംഗ നിയമനത്തിൽ തുടരാൻ യഹോവയുടെ മാർഗനിർദേശത്തിനും ശക്തിക്കുമായി നാം പ്രാർഥിക്കണം