അവർ യഹോവയുടെ ഹിതം ചെയ്തു
യേശു കുട്ടികളോടൊത്ത് സമയം ചെലവഴിച്ചു
യേശുവിന്റെ മൂന്നര വർഷത്തെ ശുശ്രൂഷ അവസാനത്തോട് അടുക്കുകയായിരുന്നു. താമസിയാതെ, അവൻ യെരൂശലേമിൽ പ്രവേശിച്ച് കഠോര വേദന സഹിച്ച് മരിക്കുമായിരുന്നു. സംഭവിക്കാനിരുന്ന കാര്യങ്ങളെക്കുറിച്ച് അവനു നന്നായി അറിയാമായിരുന്നു. കാരണം, “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും” എന്ന് അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു.—മർക്കൊസ് 9:31.
തീർച്ചയായും, ശേഷിക്കുന്ന ഓരോ ദിവസവും നാഴികയും നിമിഷവും പരമാവധി ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കും. അവന്റെ ശിഷ്യന്മാർക്ക് അപ്പോഴും ശ്രദ്ധ ആവശ്യമായിരുന്നു. താഴ്മ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യവും ഇടറിപ്പോകുന്നതിന്റെ നിരന്തര അപകടവും സംബന്ധിച്ച് അവർക്ക് അപ്പോഴും ശക്തമായ ബുദ്ധ്യുപദേശം ആവശ്യമാണെന്ന് യേശു മനസ്സിലാക്കി. (മർക്കൊസ് 9:35-37, 42-48) വിവാഹം, വിവാഹമോചനം, ഏകാകിത്വം എന്നിവ സംബന്ധിച്ചും അവർക്കു പ്രബോധനം ആവശ്യമായിരുന്നു. (മത്തായി 19:3-12) തന്റെ മരണം ആസന്നമാണെന്ന് അറിയാമായിരുന്ന യേശു നിസ്സംശയമായും ശിഷ്യന്മാരോട് അടിയന്തിരതാ ബോധത്തോടെയും ഹ്രസ്വമായും സംസാരിച്ചു. സമയം വളരെ വിലപ്പെട്ടതായിരുന്നു—യേശു പിന്നീട് ചെയ്ത സംഗതി കൂടുതൽ ശ്രദ്ധേയമായ ഒന്നാണെന്ന് അതു കാണിക്കുന്നു.
യേശു കുട്ടികളെ സ്വാഗതം ചെയ്യുന്നു
“അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു” എന്നു ബൈബിൾ വിവരണം പറയുന്നു. അതു കണ്ട ശിഷ്യന്മാർ അതിനോടു പെട്ടെന്നുതന്നെ വിയോജിപ്പു പ്രകടമാക്കി. യേശു സുപ്രധാന വ്യക്തി ആണെന്നോ അല്ലെങ്കിൽ കുട്ടികളിൽ താത്പര്യം പ്രകടമാക്കാൻ കഴിയാത്ത വിധം അവൻ വളരെ തിരക്കിലാണെന്നോ ഒരുപക്ഷേ അവർ വിചാരിച്ചിട്ടുണ്ടാകാം. എന്നാൽ, യേശുവിന് ശിഷ്യന്മാരോട് മുഷിവ് തോന്നിയപ്പോൾ അവർക്ക് ഉണ്ടായ അമ്പരപ്പ് ഒന്നു വിഭാവന ചെയ്യുക! “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്ന് അവൻ അവരോടു പറഞ്ഞു. എന്നിട്ട് യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മർക്കൊസ് 10:13-15.
യേശു കുട്ടികളിൽ അഭികാമ്യ ഗുണങ്ങൾ കണ്ടു. സാധാരണ ഗതിയിൽ അവർ ജിജ്ഞാസുക്കളും ആശ്രയയോഗ്യരും ആണ്. അവർ മാതാപിതാക്കളുടെ വാക്കുകൾ സ്വീകരിക്കുകയും മറ്റു കുട്ടികളുടെ മുമ്പാകെ അവർക്കു വേണ്ടി വാദിക്കുകയും ചെയ്യും. അവരുടെ സ്വീകാര്യക്ഷമവും പഠിപ്പിക്കാവുന്നതുമായ പ്രകൃതം ദൈവരാജ്യത്തിൽ കടക്കാൻ ആഗ്രഹിക്കുന്ന സകലർക്കും അനുകരിക്കാൻ കഴിയുന്നതാണ്. യേശു പറഞ്ഞതുപോലെ, “ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.”—മത്തായി 18:1-5 താരതമ്യം ചെയ്യുക.
എന്നാൽ കേവലം ഒരു ദൃഷ്ടാന്തത്തിനു വേണ്ടി യേശു കുട്ടികളെ ഉപയോഗിക്കുക ആയിരുന്നില്ല. കുട്ടികളോടൊപ്പം ആയിരിക്കുന്നത് യേശുവിനു വളരെ പ്രിയമായിരുന്നു എന്നു വിവരണം വ്യക്തമാക്കുന്നു. യേശു “ശിശുക്കളെ എടുത്ത്, അവരുടെമേൽ കൈകൾവച്ച് അനുഗ്രഹിച്ചു” എന്ന് മർക്കൊസ് റിപ്പോർട്ടു ചെയ്യുന്നു. (മർക്കൊസ് 10:16, പി.ഒ.സി. ബൈ.) യേശു ‘ശിശുക്കളെ എടുത്തു’ എന്ന ഊഷ്മളമായ പരാമർശം മർക്കൊസിന്റെ വിവരണത്തിൽ മാത്രമേ കാണുന്നുള്ളൂ.a യേശു “തൊടേണ്ടതിന്നു” ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്ന മുതിർന്നവർ പ്രതീക്ഷിച്ചതിലും അധികം യേശു ചെയ്തു.
യേശു കുട്ടികളുടെ മേൽ ‘കൈകൾ വെച്ചു’ എന്നതിന്റെ പ്രസക്തി എന്തായിരുന്നു? ഇവിടെ അത് സ്നാപനം പോലുള്ള മതപരമായ ഒരു ചടങ്ങായിരുന്നു എന്നതിന്റെ യാതൊരു സൂചനയും ഇല്ല. ചില അവസരങ്ങളിൽ കൈകൾ വെക്കുന്നത് ഒരു നിയമനം നൽകുന്നതിനെ സൂചിപ്പിക്കുമ്പോൾ മറ്റു സന്ദർഭങ്ങളിൽ അതു കേവലം അനുഗ്രഹം നൽകുന്നതിനെയാണ് അർഥമാക്കുന്നത്. (ഉല്പത്തി 48:14; പ്രവൃത്തികൾ 6:6) അതുകൊണ്ട്, യേശു കുട്ടികളുടെ മേൽ കേവലം അനുഗ്രഹം ചൊരിയുകയായിരുന്നു.
സംഗതി എന്തായിരുന്നാലും, ‘അനുഗ്രഹം’ (കാറ്റ്യുലൊജിയോ) എന്നതിന് തീവ്രമായ ശക്തിയെ സൂചിപ്പിക്കുന്ന ശക്തമായ ഒരു പദമാണ് മർക്കൊസ് ഉപയോഗിക്കുന്നത്. ആത്മാർഥമായും ആർദ്രമായും ഊഷ്മളമായും യേശു കുട്ടികളെ അനുഗ്രഹിച്ചു എന്ന് ഇതു സൂചിപ്പിക്കുന്നു. വ്യക്തമായും, സമയം പാഴാക്കുന്ന ഒരു ഭാരമായി യേശു കുട്ടികളെ വീക്ഷിച്ചില്ല.
നമുക്കുള്ള പാഠം
പേടിപ്പിക്കുന്ന വിധത്തിലോ തരംതാഴ്ത്തുന്ന രീതിയിലോ അല്ല യേശു കുട്ടികളോടും മുതിർന്നവരോടും ഇടപെട്ടത്. “അവൻ വളരെ എളുപ്പം പുഞ്ചിരിക്കുകയും സന്തോഷത്തോടെ ചിരിക്കുകയും ചെയ്തിട്ടുണ്ടാകണം” എന്ന് ഒരു പരാമർശ കൃതി പറയുന്നു. എല്ലാ പ്രായക്കാർക്കും അവന്റെ സാമീപ്യം സന്തോഷപ്രദം ആയിരുന്നു എന്നതിൽ സംശയമില്ല. യേശുവിന്റെ മാതൃകയെക്കുറിച്ചു ചിന്തിക്കുമ്പോൾ, ‘മറ്റുള്ളവർക്ക് എന്നെ എളുപ്പം സമീപിക്കാൻ കഴിയുന്നുണ്ടോ?’ ‘മറ്റുള്ളവരുടെ കാര്യാദികളിൽ താത്പര്യം കാണിക്കാൻ കഴിയാത്തവിധം ഞാൻ വളരെ തിരക്കുള്ളവൻ ആണോ?’ എന്ന് നമുക്കു നമ്മോടുതന്നെ ചോദിക്കാൻ കഴിയും. ആളുകളിൽ ആത്മാർഥ താത്പര്യം നട്ടുവളർത്തുന്നത് യേശുവിനെപ്പോലെ നമ്മെത്തന്നെ വിട്ടുകൊടുക്കാൻ നമ്മെ പ്രേരിപ്പിക്കും. നാം പ്രകടമാക്കുന്ന ആത്മാർഥ താത്പര്യത്തെ ആളുകൾ തിരിച്ചറിയുകയും അവർ നമ്മിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.—സദൃശവാക്യങ്ങൾ 11:25.
കുട്ടികളോടൊത്ത് ആയിരിക്കുന്നത് യേശുവിന് പ്രിയമായിരുന്നു എന്ന് മർക്കൊസിന്റെ വിവരണം പ്രകടമാക്കുന്നു. അവർ കളിക്കുന്നത് ശ്രദ്ധിക്കാൻ അവൻ സമയമെടുത്തിരിക്കാം. കാരണം, അവന്റെ ഉപമകളിലൊന്നിൽ അവരുടെ കളികളെക്കുറിച്ച് അവൻ പരാമർശിക്കുകയുണ്ടായി. (മത്തായി 11:16-19) യേശു അനുഗ്രഹിച്ച കുട്ടികളിൽ ചിലർ, അവൻ ആരായിരുന്നു എന്നും അവൻ എന്തു പഠിപ്പിച്ചുവെന്നും മനസ്സിലാക്കാൻ കഴിയാത്ത അത്ര പ്രായം കുറഞ്ഞവർ ആയിരുന്നിരിക്കാം. എന്നാൽ അങ്ങനെ ചെയ്തതു മൂലം താൻ സമയം പാഴാക്കുകയാണെന്ന് അവൻ ചിന്തിച്ചില്ല. അവൻ അവരോടൊത്ത് സമയം ചെലവഴിച്ചു, കാരണം അവൻ അവരെ സ്നേഹിച്ചു. ചിലപ്പോൾ, തന്റെ ശുശ്രൂഷക്കാലത്ത് യേശു കണ്ടുമുട്ടിയ കുട്ടികളിൽ പലരും പിൽക്കാലത്ത് അവന്റെ സ്നേഹത്തോടു പ്രതികരിക്കാൻ പ്രചോദനം തോന്നി അവന്റെ ശിഷ്യന്മാർ ആയിത്തീർന്നിരിക്കാം.
തന്റെ ജീവിതത്തിലെ അവസാന ആഴ്ചകളിൽ യേശു കുട്ടികളോടൊത്ത് സമയം ചെലവഴിച്ചെങ്കിൽ, നമുക്കും നമ്മുടെ തിരക്കേറിയ പ്രവർത്തനങ്ങൾക്ക് ഇടയിലും അവർക്കു വേണ്ടി സമയം കണ്ടെത്താൻ സാധിക്കും. പിതാവില്ലാത്ത കുട്ടികളെ പോലെ പ്രത്യേക ആവശ്യങ്ങൾ ഉള്ളവരുടെ കാര്യത്തിൽ നാം വിശേഷിച്ചും ശ്രദ്ധ കാണിക്കേണ്ടതുണ്ട്. വാസ്തവത്തിൽ, ശ്രദ്ധ ലഭിക്കുമ്പോൾ കുട്ടികൾ അഭിവൃദ്ധിപ്പെടുന്നു. നാം കഴിയുന്നിടത്തോളം സ്നേഹവും സഹായവും അവർക്കു നൽകാൻ യഹോവ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 10:14.
[അടിക്കുറിപ്പ്]
a യേശു “അവരെ അണെച്ചു” എന്ന് ഒരു പരിഭാഷ പറയുന്നു. അവൻ ‘അവരെ കരങ്ങളിലെടുത്തു’ എന്ന് മറ്റൊരു ഭാഷാന്തരം പറയുന്നു.