യേശുവിന്റെ ജനനം—യഥാർഥ ചരിത്രം
നിങ്ങളുടെ രാജ്യത്തെ സംബന്ധിച്ച ചരിത്രത്തിലെ പരക്കെ അറിയപ്പെടുന്ന ഒരു സംഭവത്തെ കുറിച്ചു ചിന്തിക്കുക. അതിനെക്കുറിച്ച് ഒന്നിലധികം ചരിത്രകാരന്മാർ തെളിവുകൾ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ സംഭവം നടന്നിട്ടേയില്ല, അത് ഒരു കെട്ടുകഥയാണ് എന്ന് ആരെങ്കിലും നിങ്ങളോടു പറയുന്നെങ്കിലോ? അല്ലെങ്കിൽ കൂടുതൽ വ്യക്തിപരമായ ഒരു സ്ഥിതിവിശേഷമെടുക്കാം. നിങ്ങളുടെ വല്യപ്പന്റെ ജനനത്തെയും അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെയും കുറിച്ച് നിങ്ങളുടെ വീട്ടുകാർ നിങ്ങളോടു പറഞ്ഞിരിക്കുന്ന മിക്കതും വ്യാജമാണെന്ന് ആരെങ്കിലും പറയുന്നെങ്കിലോ? രണ്ടു സംഗതികളിലും, അത്തരമൊരു സൂചനപോലും നിങ്ങളിൽ കോപം ജ്വലിപ്പിക്കും. നിശ്ചയമായും, നിങ്ങൾ അത്തരം അവകാശവാദങ്ങൾ മുഖവിലയ്ക്ക് എടുക്കുകയില്ല.
എന്നിട്ടും, യേശുവിന്റെ ജനനത്തെ കുറിച്ചുള്ള മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷ വിവരണം വിമർശകർ സാധാരണഗതിയിൽ തള്ളിക്കളയുന്നു. ഈ വിവരണങ്ങൾ അങ്ങേയറ്റം പരസ്പരവിരുദ്ധവും പൊരുത്തപ്പെടുത്താനാകാത്തതും ആണെന്നും രണ്ടിലും കെട്ടിച്ചമച്ച സംഗതികളും ചരിത്രപരമായ അബദ്ധങ്ങളും ഉണ്ടെന്നും അവർ പറയുന്നു. അതു സത്യമായിരിക്കുമോ? അത്തരം ആരോപണങ്ങൾ വിശ്വസിക്കുന്നതിനുപകരം, ആ സുവിശേഷ വിവരണങ്ങൾ നമുക്കൊന്നു പരിശോധിച്ചുനോക്കാം. അങ്ങനെ, അവയ്ക്കു നമ്മെ ഇന്ന് എന്തു പഠിപ്പിക്കാനുണ്ട് എന്നു കാണാം.
എഴുതിയതിന്റെ ഉദ്ദേശ്യം
ആദ്യംതന്നെ ഈ ബൈബിൾ വിവരണങ്ങളുടെ ഉദ്ദേശ്യം എന്തെന്ന് ഓർക്കുന്നതു സഹായകമാണ്. അവ ജീവചരിത്രങ്ങൾ അല്ല; സുവിശേഷങ്ങളാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം വേർതിരിച്ച് അറിയുന്നതു പ്രധാനമാണ്. ഒരു ജീവചരിത്രത്തിൽ, അതിന്റെ എഴുത്തുകാരൻ താൻ ആരെക്കുറിച്ച് എഴുതുന്നുവോ അയാൾ എങ്ങനെ പ്രശസ്തൻ ആയിത്തീർന്നു എന്നു പ്രകടമാക്കുന്നതിന് നൂറുകണക്കിനു പേജുകൾ എഴുതിയേക്കാം. അതുകൊണ്ട് ചില ജീവചരിത്രങ്ങളിൽ വ്യക്തിയുടെ മാതാപിതാക്കളെയും ജനനത്തെയും കുട്ടിക്കാലത്തെയും കുറിച്ചു വിശദീകരിക്കുന്നതിനു വളരെയേറെ പേജുകൾ ഉപയോഗിച്ചിരിക്കുന്നതു കാണാം. എന്നാൽ സുവിശേഷങ്ങളുടെ കാര്യത്തിൽ സംഗതി വ്യത്യസ്തമാണ്. നാലു സുവിശേഷ വിവരണങ്ങളിൽ, മത്തായിയുടേതും ലൂക്കൊസിന്റേതും മാത്രമേ യേശുവിന്റെ ജനനത്തെയും ബാല്യകാലത്തെയും കുറിച്ചു പറയുന്നുള്ളൂ. എന്നാൽ അവയുടെ ഉദ്ദേശ്യം യേശു എങ്ങനെ പ്രശസ്തൻ ആയിത്തീർന്നു എന്നു വിവരിക്കുക അല്ല. ഭൂമിയിലേക്കു വരുന്നതിനുമുമ്പ് യേശു ഒരു ആത്മവ്യക്തിയായി അസ്തിത്വത്തിൽ ഉണ്ടായിരുന്നു എന്ന് യേശുവിന്റെ അനുഗാമികൾ അംഗീകരിച്ചിരുന്നു എന്ന് ഓർക്കുക. (യോഹന്നാൻ 8:23, 58) അതുകൊണ്ട്, യേശു ഏതുതരം മനുഷ്യൻ ആയിത്തീർന്നു എന്നു കാണിക്കാൻ മത്തായിയും ലൂക്കൊസും അവന്റെ ബാല്യകാലത്തെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നില്ല. മറിച്ച്, തങ്ങളുടെ സുവിശേഷത്തിന്റെ ഉദ്ദേശ്യത്തിനു ചേർന്ന സംഭവങ്ങളാണ് അവർ വിവരിച്ചത്.
അവ എഴുതിയതിലെ അവരുടെ ഉദ്ദേശ്യം എന്തായിരുന്നു? അവർ രണ്ടുപേർക്കും ഒരേ സന്ദേശം—സുവാർത്ത—ആണ് ഉണ്ടായിരുന്നത്. യേശു വാഗ്ദത്ത മിശിഹ, അഥവാ ക്രിസ്തു ആണ്; അവൻ മനുഷ്യവർഗത്തിന്റെ പാപങ്ങൾക്കു വേണ്ടി മരിച്ചു; അവൻ സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്തു എന്ന സുവിശേഷം തന്നെ. എന്നാൽ രണ്ട് എഴുത്തുകാരും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽനിന്ന് ഉള്ളവരായിരുന്നു. എഴുതിയതോ രണ്ടു വ്യത്യസ്ത കൂട്ടങ്ങൾക്കുവേണ്ടിയും. നികുതി പിരിവുകാരനായ മത്തായി തന്റെ വിവരണം മുഖ്യമായും യഹൂദർക്കു വേണ്ടിയാണ് എഴുതിയത്. വൈദ്യൻ ആയിരുന്ന ലൂക്കൊസ് ആകട്ടെ, ഏതോ ഉന്നത സ്ഥാനം വഹിച്ചിരിക്കാൻ സാധ്യതയുള്ള ‘ശ്രീമാനായ തെയോഫിലോസിനും,’ ഒരുപക്ഷേ യഹൂദന്മാരും വിജാതീയരും ഉൾപ്പെട്ട ഒരു വലിയ കൂട്ടത്തിനു വേണ്ടിയും. (ലൂക്കൊസ് 1:1-3) താൻ ആർക്കുവേണ്ടി എഴുതുന്നുവോ ആ പ്രത്യേക കൂട്ടത്തെ ബോധ്യപ്പെടുത്താൻ ഏറ്റവും സാധ്യതയുള്ളതും ഏറ്റവും പ്രസക്തമായതുമായ സംഭവങ്ങളാണ് ഓരോ എഴുത്തുകാരനും തിരഞ്ഞെടുത്തത്. അങ്ങനെ, മത്തായിയുടെ വിവരണം യേശുവിനോടുള്ള ബന്ധത്തിൽ നിറവേറിയ എബ്രായ തിരുവെഴുത്തു പ്രവചനങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു. അതേസമയം, ലൂക്കൊസ് കൂടുതൽ ചരിത്രാധിഷ്ഠിതമായ, യഹൂദരല്ലാത്ത വായനക്കാർക്ക് അനുയോജ്യമായ സമീപനം കൈക്കൊള്ളുന്നു.
അപ്പോൾ അവരുടെ വിവരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ വിമർശകർ അവകാശപ്പെടുന്നതുപോലെ, രണ്ടും പരസ്പരവിരുദ്ധമല്ല. അവ പരസ്പരപൂരകങ്ങളാണ്, രണ്ടും ഭംഗിയായി കൂടിച്ചേർന്ന് കൂടുതൽ സമ്പൂർണമായ ഒരു ചിത്രം പ്രദാനം ചെയ്യുന്നു.
യേശു ബേത്ലഹേമിൽ ജനിക്കുന്നു
യേശുവിന്റെ ജനനം സംബന്ധിച്ച ഒരു ശ്രദ്ധേയമായ അത്ഭുതം അവൻ കന്യകയിൽനിന്നു ജനിച്ചു എന്നതാണ്; ഇതിനെ കുറിച്ച് മത്തായിയും ലൂക്കൊസും രേഖപ്പെടുത്തുന്നുണ്ട്. ഈ അത്ഭുതം നൂറ്റാണ്ടുകൾക്കു മുമ്പ് യെശയ്യാവ് ഉച്ചരിച്ച ഒരു പ്രവചനം നിവർത്തിക്കുന്നു എന്നു മത്തായി പ്രകടമാക്കുന്നു. (യെശയ്യാവു 7:14; മത്തായി 1:22, 23) യേശു ബേത്ലഹേമിൽ ജനിക്കാൻ കാരണം കൈസരുടെ ഒരു പേർചാർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് യോസേഫിനും മറിയയ്ക്കും അങ്ങോട്ടു യാത്ര ചെയ്യേണ്ടിവന്നതായിരുന്നു എന്നു ലൂക്കൊസ് വിശദമാക്കുന്നു. (7-ാം പേജിലെ ചതുരം കാണുക.) യേശു ബേത്ലഹേമിൽ ജനിച്ചു എന്നതിനു പ്രാധാന്യമുണ്ട്. യെരൂശലേമിന് അടുത്തുള്ള, പ്രത്യക്ഷത്തിൽ അപ്രധാനമായ ഈ കൊച്ചു പട്ടണത്തിൽനിന്ന് ആയിരിക്കും മിശിഹ വരുന്നതെന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് മീഖാ പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരുന്നു.—മീഖാ 5:2.
യേശുവിന്റെ ജനന പശ്ചാത്തലം ചിത്രീകരിക്കുന്നതിനുള്ള അടിസ്ഥാനം എന്നനിലയിൽ അവൻ ജനിച്ച രാത്രി പ്രശസ്തമായിത്തീർന്നിരിക്കുന്നു. എന്നിരുന്നാലും, സാധാരണമായി ചിത്രീകരിക്കപ്പെടുന്നതിൽനിന്നും വളരെ വ്യത്യസ്തമാണ് വസ്തുത. ചരിത്രകാരനായ ലൂക്കൊസ്, യോസേഫും മറിയയും ബേത്ലഹേമിലേക്കു വരാൻ ഇടയാക്കിയ ജനസംഖ്യാ കണക്കെടുപ്പിനെ കുറിച്ചും അവൻ ജനിച്ച ആ പ്രധാന രാത്രിയിൽ ആടുകളോടൊപ്പം വെളിയിൽ കഴിഞ്ഞിരുന്ന ഇടയന്മാരെ കുറിച്ചും നമ്മോടു പറയുന്നു. ഈ രണ്ടു വസ്തുതകളും കണക്കിലെടുക്കുമ്പോൾ യേശുവിന്റെ ജനനം ഡിസംബറിൽ നടന്നിരിക്കാൻ സാധ്യതയില്ലെന്ന് അനേകം ബൈബിൾ ഗവേഷകർ നിഗമനം ചെയ്തിരിക്കുന്നു. തണുപ്പും മഴയുമുള്ള കാലത്ത് താന്താന്റെ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ കൽപ്പിക്കുന്നത് അപ്പോൾത്തന്നെ കലാപ പ്രവണത പ്രകടമാക്കിയിരുന്ന, മത്സരികളായ യഹൂദ ജനതയെ കൂടുതൽ കോപാകുലരാക്കുമായിരുന്നു. അതുകൊണ്ട്, കൈസർ അതു ചെയ്തിരിക്കാൻ സാധ്യതയില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ, അത്തരം കഠിന കാലാവസ്ഥയിൽ ആടുകളുമായി ആട്ടിടയന്മാർ വെളിയിൽ ആയിരിക്കുന്നതിനും സാധ്യതയില്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.—ലൂക്കൊസ് 2:8-14.
തന്റെ പുത്രന്റെ ജനനത്തെക്കുറിച്ച് അറിയിക്കാൻ നടത്താൻ യഹോവ തിരഞ്ഞെടുത്തത് ആരെ ആണെന്നതും ശ്രദ്ധിക്കുക. വിദ്യാസമ്പന്നരും പ്രബലരും ആയിരുന്ന ആ നാളിലെ മതനേതാക്കന്മാരെ അല്ല, മറിച്ച് വീടിനു വെളിയിൽ കഴിഞ്ഞിരുന്ന ഏറ്റവും സാധാരണക്കാരായ തൊഴിലാളികളെ ആയിരുന്നു. ശാസ്ത്രിമാർക്കും പരീശന്മാർക്കും ഇടയന്മാരുമായി കാര്യമായ സമ്പർക്കമൊന്നും ഇല്ലായിരുന്നു. ഇടയന്മാരുടെ ക്രമമില്ലാത്ത ജോലി സമയം നിമിത്തം അലിഖിത നിയമങ്ങളിൽ ചിലതു നിറവേറ്റാൻ അവർക്ക് ആകുമായിരുന്നില്ല. എന്നാൽ ദൈവം വലിയ പദവി നൽകി ആദരിച്ചത് താഴ്മയുള്ള ഈ വിശ്വസ്ത പുരുഷന്മാരെ ആയിരുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ദൈവജനത കാത്തിരുന്ന മിശിഹ ബേത്ലഹേമിൽ ജനിച്ചിരിക്കുന്നു എന്ന് ഒരു കൂട്ടം ദൂതന്മാർ അവരെ അറിയിച്ചു. ഈ പുരുഷന്മാരാണ് മറിയയെയും യോസേഫിനെയും സന്ദർശിക്കുകയും പുൽത്തൊട്ടിയിൽ കിടക്കുന്ന നിഷ്കളങ്ക പൈതലിനെ കാണുകയും ചെയ്തത്, അല്ലാതെ പുൽക്കൂടുകളിൽ സാധാരണമായി ചിത്രീകരിക്കാറുള്ളതുപോലെ “മൂന്നു രാജാക്കന്മാർ” അല്ല.—ലൂക്കൊസ് 2:15-20.
താഴ്മയുള്ള സത്യാന്വേഷകർക്കു യഹോവയുടെ പ്രീതി
തന്നെ സ്നേഹിക്കുകയും തന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തി കാണുന്നതിൽ അതിയായ താത്പര്യം കാണിക്കുകയും ചെയ്യുന്ന താഴ്മയുള്ള ആളുകളോടു ദൈവം പ്രീതി കാട്ടുന്നു. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും ഇതു കൂടെക്കൂടെ കാണാം. കുട്ടിയുടെ ജനനത്തിനുശേഷം ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ, യോസേഫും മറിയയും മോശൈക ന്യായപ്രമാണം അനുസരിച്ചുകൊണ്ട് “ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ” യാഗം കഴിക്കുന്നു. (ലൂക്കൊസ് 2:22-24) ന്യായപ്രമാണപ്രകാരം വാസ്തവത്തിൽ ഒരു ആട്ടുകൊറ്റനാണ് വേണ്ടിയിരുന്നത്, എന്നാൽ ദരിദ്രർക്ക് ചെലവു കുറഞ്ഞ യാഗം ന്യായപ്രമാണത്തിൽ അനുവദിച്ചിരുന്നു. (ലേവ്യപുസ്തകം 12:1-8) അതിനെക്കുറിച്ചു ചിന്തിക്കുക. അഖിലാണ്ഡത്തിന്റെ പരമാധികാരിയായ യഹോവയാം ദൈവം തന്റെ പ്രിയപ്പെട്ടവനും ഏകജാതനും ആയ പുത്രൻ വളർത്തപ്പെടേണ്ടതിന് തിരഞ്ഞെടുത്തത് ഒരു സമ്പന്ന കുടുംബത്തെ അല്ല, മറിച്ച് ഒരു സാധു കുടുംബത്തെ ആയിരുന്നു. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, നിങ്ങളുടെ മനസ്സിൽ സജീവമായി പതിയേണ്ട ഒരു ആശയമാണ് ഇത്, അതായത് നിങ്ങൾക്ക് നിങ്ങളുടെ കുട്ടികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ദാനം—സമ്പത്തിനെക്കാളും അസൂയാവഹമായ വിദ്യാഭ്യാസത്തെക്കാളും വളരെയേറെ മെച്ചപ്പെട്ടത്—ആത്മീയ മൂല്യങ്ങൾക്കു മുൻതൂക്കം നൽകുന്ന ഒരു ഭവനാന്തരീക്ഷം ആണ്.
ആലയത്തിൽവച്ച്, വിശ്വസ്തരും താഴ്മയുള്ളവരുമായ മറ്റു രണ്ട് ആരാധകർക്കും യഹോവയുടെ പ്രീതി ലഭിക്കുന്നുണ്ട്. ഒന്ന് 84 വയസ്സുകാരിയും “ദൈവാലയം വിട്ടുപിരിയാ”ത്തവളുമായ ഹന്ന ആണ്. (ലൂക്കൊസ് 2:36, 37) മറ്റൊരാൾ വിശ്വസ്തനും പ്രായം ചെന്നവനുമായ ശിമ്യോൻ. മരിക്കുന്നതിനു മുമ്പ്, വാഗ്ദത്ത മിശിഹ ആയിത്തീരാനിരിക്കുന്നവനെ കാണുക എന്ന ദൈവദത്ത പദവിയിൽ രണ്ടുപേരും പുളകിതരാണ്. ശിമ്യോൻ കുട്ടിയെക്കുറിച്ച് ഒരു പ്രവചനം നടത്തുന്നു. അത് പ്രത്യാശാനിർഭരമായ ഒന്നാണെങ്കിലും അതിൽ ദുഃഖവും കലർന്നിരുന്നു. ഈ യുവമാതാവായ മറിയം തന്റെ പ്രിയപുത്രനെ പ്രതി ദുഃഖത്താൽ കുത്തിത്തുളയ്ക്കപ്പെടും എന്ന് അവൻ മുൻകൂട്ടി പറയുന്നു.—ലൂക്കൊസ് 2:25-35.
കുട്ടി അപകടത്തിൽ
ഈ നിഷ്കളങ്കനായ കുട്ടി ദ്വേഷിക്കപ്പെടുമെന്നുള്ള ശോകാർദ്രമായ ഒരു ഓർമിപ്പിക്കലാണ് ശിമ്യോന്റെ പ്രവചനം. അവൻ ശിശുവായിരിക്കെത്തന്നെ, ഈ വിദ്വേഷം പ്രകടമായി. മത്തായിയുടെ വിവരണം അതു വിശദമാക്കുന്നുണ്ട്. പല മാസങ്ങൾ കഴിഞ്ഞുപോയി, യോസേഫും മറിയയും യേശുവും ഇപ്പോൾ ബേത്ലഹേമിലെ ഒരു വീട്ടിൽ പാർക്കുകയാണ്. അപ്രതീക്ഷിതമായി ഏതാനും വിദേശികൾ അവരെ സന്ദർശിക്കുന്നു. എണ്ണമറ്റ പുൽക്കൂടു ദൃശ്യങ്ങളിൽനിന്നു വ്യത്യസ്തമായി, ഇവർ എത്ര പേർ ഉണ്ടായിരുന്നു എന്നു മത്തായി വ്യക്തമാക്കുന്നില്ല. അവൻ അവരെ “ജ്ഞാനികൾ” എന്നോ “മൂന്നു രാജാക്കന്മാർ” എന്നോ വിശേഷിപ്പിക്കുന്നുമില്ല. അവൻ മാഗി എന്ന ഗ്രീക്കു പദമാണ് ഉപയോഗിക്കുന്നത്; അതിനർഥം “ജ്യോതിഷക്കാർ” എന്നാണ്. ഇതു മാത്രം മതിയാകും ഇവിടെ ദുഷ്ടമായ എന്തോ സംഭവിക്കാൻ പോകുകയാണെന്ന സൂചന വായനക്കാരനു ലഭിക്കാൻ. എന്തെന്നാൽ ദൈവവചനം കുറ്റംവിധിക്കുന്നതും വിശ്വസ്ത യഹൂദന്മാർ കർശനമായി ഒഴിവാക്കിയിരുന്നതുമായ ഒരു സംഗതിയായിരുന്നു ജ്യോതിഷം.—ആവർത്തനപുസ്തകം 18:10-12; യെശയ്യാവു 47:13, 14.
ഈ ജ്യോതിഷക്കാർ “യെഹൂദൻമാരുടെ രാജാവായി പിറന്നവ”നുള്ള സമ്മാനങ്ങളുമായി കിഴക്കുനിന്ന് ഒരു നക്ഷത്രത്തെ പിന്തുടർന്നു വരികയായിരുന്നു. (മത്തായി 2:2) എന്നാൽ ആ നക്ഷത്രം അവരെ ബേത്ലഹേമിലേക്കു നയിക്കുന്നില്ല. മറിച്ച് യെരൂശലേമിലേക്കും മഹാനായ ഹെരോദാവിന്റെ അടുക്കലേക്കുമാണു നയിക്കുന്നത്. ശിശുവായ യേശുവിനെ ഏതു മാർഗം ഉപയോഗിച്ചും കൊല്ലാൻ ഇദ്ദേഹത്തെപ്പോലെ പ്രാപ്തനും തത്പരനുമായി മറ്റാരും അന്നു ലോകത്ത് ഇല്ലായിരുന്നു. അധികാരമോഹവും ഹിംസബുദ്ധിയും കാട്ടിയിരുന്ന ഈ മനുഷ്യൻ, സ്വന്തം കുടുംബാംഗങ്ങളിൽത്തന്നെ തനിക്കു ഭീഷണിയെന്നു കണ്ട പലരെയും വധിച്ചിരുന്നു.a “യെഹൂദൻമാരുടെ” ഭാവി “രാജാവി”ന്റെ ജനനത്തെ കുറിച്ച് കേട്ട് അസ്വസ്ഥനായ ഹെരോദാവ് ബേത്ലഹേമിൽ അവനെ അന്വേഷിച്ചു കണ്ടെത്താൻ ജ്യോതിഷക്കാരെ അയയ്ക്കുന്നു. അവർ യാത്രയാകുന്നതോടെ, അസാധാരണമായ ഒന്ന് സംഭവിക്കുന്നു. അവരെ യെരൂശലേമിലേക്കു നയിച്ച ആ “നക്ഷത്രം” നീങ്ങിക്കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നു!—മത്തായി 2:1-9.
ഇത് ആകാശത്തിലെ ഒരു യഥാർഥ വെളിച്ചമായിരുന്നോ അതോ കേവലം ഒരു ദർശനമായിരുന്നോ എന്നു നമുക്ക് അറിയില്ല. എന്നാൽ ഈ “നക്ഷത്രം” ദൈവത്തിൽനിന്ന് അല്ലായിരുന്നു എന്നു നമുക്കറിയാം. അത് കുടിലമായ ഉദ്ദേശ്യത്തോടെ, കൃത്യമായിത്തന്നെ, ഈ പുറജാതി ആരാധകരെ ദരിദ്രനായ ഒരു ആശാരിയുടെയും ഭാര്യയുടെയും സംരക്ഷണയിൽ കഴിയുന്ന നിസ്സഹായനായ യേശുവിന്റെ അടുക്കലേക്കു നയിക്കുന്നു. അറിയാതെതന്നെ ഹെരോദാവിന്റെ ഉപകരണങ്ങളായിത്തീർന്ന ഈ ജ്യോതിഷക്കാർ പ്രതികാരദാഹിയായ ആ ഏകാധിപതിയുടെ അടുക്കൽ മടങ്ങിയെത്തി വിവരം ധരിപ്പിക്കാനും അങ്ങനെ അത് കുട്ടിയുടെ നാശത്തിൽ കലാശിക്കാനുമുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ഒരു സ്വപ്നത്തിലൂടെ ദൈവം ഇടപെട്ട് അവരെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുന്നു. അതുകൊണ്ട് മിശിഹയെ ദ്രോഹിക്കുന്നതിന് എന്തും ചെയ്യാൻ മടിക്കാത്ത ദൈവശത്രുവായ സാത്താന്റെ ഒരു തന്ത്രമായിരുന്നിരിക്കണം ആ “നക്ഷത്രം.” ഈ “നക്ഷത്ര”ത്തെയും ജ്യോതിഷക്കാരെയും ദൈവം അയച്ചതാണെന്ന മട്ടിൽ പുൽക്കൂടുകളിൽ ചിത്രീകരിക്കുന്നത് എന്തൊരു വിരോധാഭാസമാണ്!—മത്തായി 2:9-12.
എന്നിട്ടും സാത്താൻ വിട്ടുകൊടുക്കാൻ കൂട്ടാക്കുന്നില്ല. അവന്റെ ചട്ടുകമായിത്തീർന്ന ഹെരോദാവ് രാജാവ് ബേത്ലഹേമിലെ രണ്ടു വയസ്സിനു താഴെയുള്ള എല്ലാ ആൺകുഞ്ഞുങ്ങളെയും വധിക്കാൻ ഉത്തരവിടുന്നു. എന്നാൽ യഹോവയ്ക്ക് എതിരായ യുദ്ധത്തിൽ സാത്താനു വിജയിക്കാനാവില്ല. നിഷ്കളങ്കരായ കുട്ടികളെ ഇങ്ങനെ നിഷ്കരുണം കൊന്നൊടുക്കും എന്നത് ദൈവം ദീർഘനാൾമുമ്പേ മുൻകൂട്ടി കണ്ടിരുന്നു എന്ന് മത്തായി എഴുതുന്നു. യഹോവ വീണ്ടും സാത്താനെ പരാജയപ്പെടുത്തി. അവൻ ഒരു ദൂതൻ മുഖാന്തരം യോസേഫിനോട് സംരക്ഷണാർഥം ഈജിപ്തിലേക്കു പലായനം ചെയ്യാൻ ആവശ്യപ്പെട്ടു. കുറച്ചു കാലത്തിനുശേഷം, അവസാനം യോസേഫും കുടുംബവും നസറെത്തിൽ താമസമാക്കിയെന്നും തന്റെ ഇളയ സഹോദരീസഹോദരന്മാരുമൊത്ത് യേശു അവിടെ വളർന്നുവെന്നും മത്തായി റിപ്പോർട്ടു ചെയ്യുന്നു.—മത്തായി 2:13-23; 13:55, 56.
ക്രിസ്തുവിന്റെ ജനനം—അതു നിങ്ങൾക്ക് അർഥമാക്കുന്നത്
യേശുവിന്റെ ജനനത്തെയും ശൈശവകാലത്തെയും കുറിച്ചുള്ള സംഭവങ്ങളുടെ സംക്ഷിപ്ത വിവരണം നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? അതു പലരെയും അത്ഭുതപ്പെടുത്തുന്നു. ചിലരുടെ അവകാശവാദങ്ങൾക്കു വിപരീതമായി, വാസ്തവത്തിൽ പ്രസ്തുത വിവരണങ്ങളുടെ പരസ്പര യോജിപ്പിലും കൃത്യതയിലും അവർ വിസ്മയിക്കുന്നു. ചില സംഭവങ്ങൾ നൂറുകണക്കിനു വർഷംമുമ്പേ മുൻകൂട്ടി പറയപ്പെട്ടിരുന്നു എന്നതിലും അവർ അത്ഭുതപ്പെടുന്നു. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട പരമ്പരാഗത കഥകളിലും പുൽക്കൂടുകളിലും ചിത്രീകരിക്കപ്പെടുന്നതിനും സുവിശേഷങ്ങളിലെ മുഖ്യാശയങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് അറിയുന്നതും അവരെ അതിശയിപ്പിക്കുന്നു.
ഒരുപക്ഷേ ഏറ്റവും വിസ്മയജനകം പരമ്പരാഗത ക്രിസ്തീയ ആഘോഷങ്ങളിൽ ഏറെയും സുവിശേഷ വിവരണങ്ങളിലെ മുഖ്യാശയങ്ങൾ വിട്ടുകളയുന്നു എന്നതാണ്. ഉദാഹരണത്തിന്, യേശുവിന്റെ പിതാവിനെ കുറിച്ച്—യോസേഫിനെ അല്ല, യഹോവയാം ദൈവത്തെ കുറിച്ച്—ആരും കാര്യമായി ചിന്തിക്കുന്നില്ല. തന്റെ പ്രിയപുത്രനെ വളർത്തിക്കൊണ്ടുവരാനും പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം അവൻ യോസേഫിനെയും മറിയയെയും ഏൽപ്പിച്ചപ്പോഴത്തെ അവന്റെ വികാരങ്ങളെ കുറിച്ചു ചിന്തിക്കുക. തന്റെ പുത്രൻ ശിശു ആയിരിക്കുമ്പോൾപ്പോലും വിദ്വേഷിയായ ഒരു രാജാവ് അവനെ വധിക്കാൻ ഗൂഢാലോചന നടത്തുമായിരുന്ന ഒരു ലോകത്തിൽ വളരാൻ അവനെ അനുവദിക്കേണ്ടിവരുന്ന ആ സ്വർഗീയ പിതാവിന്റെ കടുത്ത മനോവ്യഥയെ കുറിച്ചു ചിന്തിക്കുക! മനുഷ്യവർഗത്തോടുള്ള ആഴമായ സ്നേഹം ആണ് ഈ ത്യാഗം നടത്താൻ യഹോവയെ പ്രേരിപ്പിച്ചത്.—യോഹന്നാൻ 3:16.
ക്രിസ്തുമസ്സ് ആഘോഷങ്ങളിൽ യഥാർഥ യേശു പലപ്പോഴും അന്യനാകുകയാണ്. എന്തിന്, തന്റെ ജനനത്തീയതിയെ കുറിച്ച് അവൻ എപ്പോഴെങ്കിലും ശിഷ്യന്മാരോടു പറഞ്ഞതായിപോലും രേഖയില്ല; അനുഗാമികൾ അവന്റെ ജന്മദിനം ആഘോഷിച്ചിരുന്നു എന്നതിനും യാതൊരു സൂചനയുമില്ല.
യേശുവിന്റെ ജനനം അല്ല, മറിച്ച് മരണം ആഘോഷിക്കാനാണ് അവൻ തന്റെ അനുഗാമികളോട് ആവശ്യപ്പെട്ടത്; അതാണ് ലോകത്തിന്റെ ചരിത്രത്തെ ബാധിച്ച പ്രധാന സംഭവം. (ലൂക്കൊസ് 22:19, 20) പുൽത്തൊട്ടിയിലെ ഒരു നിസ്സഹായ ശിശുവായി അനുസ്മരിക്കപ്പെടാനല്ല യേശു ആഗ്രഹിച്ചത്, കാരണം അവൻ മേലാൽ ഒരു നിസ്സഹായനായ കുട്ടിയല്ല. വധിക്കപ്പെട്ട് 60-ലധികം വർഷം കഴിഞ്ഞ് യോഹന്നാൻ അപ്പൊസ്തലനു നൽകപ്പെട്ട ദർശനം ശ്രദ്ധിക്കുക. അതിൽ യേശു തന്നെത്തന്നെ യുദ്ധത്തിനായി പുറപ്പെടുന്ന ശക്തനായ ഒരു രാജാവ് എന്ന നിലയിൽ അവനു വെളിപ്പെടുത്തി. (വെളിപ്പാടു 19:11-16) ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ ആ റോളിലാണ് നാം ഇന്ന് യേശുവിനെ അറിയേണ്ടത്; എന്തെന്നാൽ ലോകത്തിനു മാറ്റം വരുത്താൻ പോകുന്ന രാജാവ് ആണ് അവൻ.
[അടിക്കുറിപ്പുകൾ]
a വാസ്തവത്തിൽ, ഹെരോദാവിന്റെ പുത്രൻ ആയിരിക്കുന്നതിനെക്കാൾ സുരക്ഷിതമായിരുന്നു ഹെരോദാവിന്റെ പന്നി ആയിരിക്കുന്നത് എന്ന് അഗസ്റ്റസ് കൈസർ അഭിപ്രായപ്പെടുകയുണ്ടായി.
[8-ാം പേജിലെ ചിത്രം]
ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചുള്ള സുവാർത്ത അറിയിച്ചുകൊണ്ട് യഹോവയുടെ ദൂതൻ താഴ്മയുള്ള ഇടയന്മാരോടു പ്രീതി കാട്ടി