പശ്ചിമ ആഫ്രിക്കയിൽ ഒരു കവർച്ചാശ്രമം പരാജയപ്പെട്ടു
യൂനീസ് എയ്ബൂ പറഞ്ഞപ്രകാരം
“ഞങ്ങളുടെ വീട്ടിൽ സാധാരണ സഭാ പുസ്തക അധ്യയനം നടക്കാറുള്ള ദിവസം സായുധ കവർച്ചക്കാർ അവിടെ ആക്രമണത്തിനു പരിപാടി ഇട്ടിരുന്നു. സഹോദരീസഹോദരന്മാർക്കും താത്പര്യക്കാർക്കും വേണ്ടി ഞങ്ങൾ ഗേറ്റ് മലർക്കെ തുറന്നിടുക പതിവാണ്. നമ്മുടെ പതിവുകളും യോഗസമയവും കവർച്ചക്കാർക്ക് അറിയാമായിരുന്നുവെന്നു തോന്നുന്നു. എവിടെനിന്നോ ഒരു കാർ മോഷ്ടിച്ച് അവർ പുസ്തക അധ്യയന ദിവസം കൃത്യസമയത്തുതന്നെ ഞങ്ങളുടെ ഗേറ്റിനടുത്തുവന്ന് കാത്തുനിൽക്കുകയായിരുന്നെന്നു ഞങ്ങൾക്കു മനസ്സിലായി.
“എന്നാൽ യാദൃശ്ചികമെന്നു പറയട്ടെ, അവർ വന്നത് സർക്കിട്ട് മേൽവിചാരകന്റെ സന്ദർശന വാരത്തിൽ ആയിരുന്നു. ഞങ്ങളുടെ വീട്ടിൽ കൂടുന്നതിനുപകരം, ഞങ്ങൾ രാജ്യഹാളിലാണ് കൂടിയത്. യോഗനന്തരം മൂപ്പന്മാർക്കുള്ള യോഗവും ഉണ്ടായിരുന്നു. പതിവനുസരിച്ച് ഞാനും കുട്ടികളും വീട്ടിലേക്കു തിരിക്കേണ്ടതായിരുന്നു, എന്നാൽ ഒരു മൂപ്പനായ എന്റെ ഭർത്താവ് ഞങ്ങളോടു കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. അധികം താമസിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞതിനാൽ ഞങ്ങൾ കാത്തുനിന്നു.
“പുറപ്പെടാൻ നേരമായപ്പോൾ കാർ സ്റ്റാർട്ട് ആകുന്നില്ല. സർക്കിട്ട് മേൽവിചാരകനും എന്റെ ഭർത്താവും അതു നന്നാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു മെക്കാനിക്കിനെ കൊണ്ടുവന്നെങ്കിലും അയാൾക്കും അതു ശരിയാക്കാൻ കഴിഞ്ഞില്ല.
“കുട്ടികൾ വീട്ടിലേക്കു നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് ഞാനും വീട്ടിലേക്കു തിരിച്ചു. പത്തു മണി ആയപ്പോഴേക്കും ഞാൻ എത്തിച്ചേർന്നു. ഞാനും കുട്ടികളും കാറിലല്ല എത്തിയത് എന്നതിനാൽ വലിയ ഗേറ്റ് തുറക്കേണ്ടിവന്നില്ല.
“ഞാൻ കിടക്കമുറിയിൽ പ്രവേശിച്ചപ്പോൾ ഉച്ചത്തിലുള്ള ഒരു വെടിയൊച്ച കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരു പിടിയുംകിട്ടിയില്ല. പൊലീസിനു ഫോൺ ചെയ്യാൻ ശ്രമിച്ചു, പക്ഷേ ഫോൺ പ്രവർത്തിക്കുന്നില്ലായിരുന്നു. ഞാൻ താഴേക്ക് ഓടി പ്രവേശന കവാടത്തിലെ ഇരുമ്പു വാതിലും പിന്നെ അകത്തെ വാതിലും പൂട്ടി. ലൈറ്റുകൾ അണച്ചു. കുട്ടികൾ ആകെ പരിഭ്രാന്തിയിലായിരുന്നു, ഞാൻ അവരോട് ശാന്തരായിരിക്കാൻ പറഞ്ഞു. യഹോവയുടെ സംരക്ഷണത്തിനായി ഞങ്ങൾ ഒരുമിച്ചു പ്രാർഥിച്ചു. എന്നാൽ എന്റെ ഭർത്താവ് അപ്പോഴും കാർ സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിൽ രാജ്യഹാളിൽത്തന്നെ ആയിരുന്നു.
“ജനാലയിൽക്കൂടി പുറത്തേക്കു നോക്കിയപ്പോൾ ഗേറ്റിനു പുറത്ത് തെരുവിൽ ഒരു മനുഷ്യൻ കിടക്കുന്നതു ഞാൻ കണ്ടു. കവർച്ചക്കാർ സ്ഥലംവിട്ടതായി തോന്നിയതിനാൽ ഞാൻ പരിക്കേറ്റ ആളെ എന്റെ കാറിൽ കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു. അപകടം നിറഞ്ഞതായിരുന്നെങ്കിലും, ഞാൻ അതു ചെയ്തേ പറ്റുകയുള്ളായിരുന്നു. സങ്കടകരമെന്നു പറയട്ടെ, പിറ്റേന്ന് അയാൾ മരിച്ചു.
“അങ്ങനെ ഒരു ദുരന്തം സംഭവിച്ചു. എന്നാൽ സംഗതികൾ അതിനെക്കാൾ വളരെ വളരെ വഷളാകേണ്ടതായിരുന്നു. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം ആയിരുന്നതിനാലാണ് പുസ്തക അധ്യയനം ഞങ്ങളുടെ വീട്ടിൽവെച്ചു നടക്കാഞ്ഞത്. കാർ കേടായതിനാലാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് വീട്ടിലെത്താതിരുന്നത്. എന്റെ ഭർത്താവ് വളരെ വൈകി എത്തിയതുകൊണ്ടു മാത്രമാണ് കവർച്ചക്കാർ അദ്ദേഹത്തെ പിടിക്കാതിരുന്നത്. ഇങ്ങനെ പല സംഗതികളും ആ രാത്രിയിൽ ഞങ്ങൾക്ക് അനുകൂലമായിരുന്നു.
“യഹോവ നമ്മുടെ കോട്ടയും സങ്കേതവും ആകുന്നു. അത് തിരുവെഴുത്തു പറയുന്നതുപോലെയാണ്: ‘യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.’”—സങ്കീർത്തനം 127:1.