കുടുംബത്തിന് യഥാർഥ സഹായം
“വാസ്തവം പറഞ്ഞാൽ അമേരിക്ക കുടുംബ പ്രതിസന്ധിയെ നേരിടുകയാണ്. വിവാഹമോചനം, അവിവാഹിതരുടെ ഇടയിലെ ശിശു ജനനം, കുട്ടികളോടും ഇണകളോടുമുള്ള ദ്രോഹം എന്നിവ സംബന്ധിച്ചുള്ള കണക്കുകളിൽനിന്നു മറ്റൊരു നിഗമനത്തിൽ എത്തിച്ചേരാനാവില്ല.”
ഐക്യനാടുകളിലെ ടെലിവിഷൻ വാർത്താ അവതാരകനായ ടോം ബ്രോക്കായുടെ ഈ വാക്കുകൾ മിക്ക രാജ്യങ്ങൾക്കും ബാധകമാണ്. ഈ പ്രതിസന്ധി എന്ത് അർഥമാക്കുന്നു?
പല വിധങ്ങളിലും സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അതു കുഴപ്പത്തിലാണെങ്കിൽ സമൂഹവും കുഴപ്പത്തിൽ ആയിരിക്കും. അതിനുപുറമേ, കുട്ടികളുടെ വൈകാരികവും സാമ്പത്തികവുമായ പിന്തുണയുടെ ഉറവാണ് കുടുംബം. ജീവിതത്തിലെ പ്രഥമവും പരമ പ്രധാനവുമായ പാഠങ്ങൾ അവർ പഠിക്കുന്നത് അവിടെനിന്നാണ്. എന്നാൽ കുഴപ്പത്തിലായ ഒരു കുടുംബത്തിൽനിന്നു കുട്ടികൾ എന്താണു പഠിക്കുക? അവർക്ക് അവിടെ എന്തു സുരക്ഷിതത്വമാണ് ഉണ്ടായിരിക്കുക? പ്രായപൂർത്തി ആകുമ്പോൾ അവർ എങ്ങനെയുള്ളവർ ആയിരിക്കും?
ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് എന്തെങ്കിലും സഹായം ലഭ്യമാണോ? ഉവ്വ്. ദൈവംതന്നെ സ്ഥാപിച്ച ഒരു ക്രമീകരണമാണ് കുടുംബം. (ഉല്പത്തി 1:27, 28) തന്റെ വചനമായ ബൈബിളിൽ അവൻ കുടുംബത്തിനുള്ള സുപ്രധാന മാർഗനിർദേശം നൽകിയിട്ടുമുണ്ട്. (കൊലൊസ്സ്യർ 3:18-21) നമുക്കു സമൂഹത്തെ ഒന്നാകെ മാറ്റിയെടുക്കാൻ സാധിക്കില്ലെന്നുള്ളതു സത്യം തന്നെ. എന്നാൽ ബൈബിൾ ബുദ്ധ്യുപദേശം സ്വന്തം കുടുംബത്തിൽ ബാധകമാക്കാൻ നമുക്കു സാധിക്കും. അപ്രകാരം ചെയ്ത ചിലരെ കുറിച്ചും അവർക്കു ലഭിച്ച നല്ല ഫലങ്ങളെ കുറിച്ചും നിങ്ങളോടു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
വിവാഹമോചനം ഒഴിവാക്കൽ
പല രാജ്യങ്ങളിലും 50 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുന്നു. ഇതു മാനുഷ ബന്ധങ്ങളിലെ വലിയൊരു പരാജയമാണ്! ഇക്കാരണത്താൽ ഇണയില്ലാത്തവർ ആയിത്തീർന്ന അനേകർ തങ്ങളുടെ കുട്ടികളെ വളർത്തുന്നതിൽ ധീരോദാത്തമായ കൃത്യം നിർവഹിക്കുന്നുണ്ട് എന്നുള്ളതു ശരിതന്നെ. എന്നാൽ, ദമ്പതികൾക്കു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ചു നിൽക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറെ മെച്ചം എന്നുള്ളതിനോടു തീർച്ചയായും മിക്കവരും യോജിക്കും.
സോളമൻ ദ്വീപുകളിലുള്ള ഒരു ദമ്പതിമാരുടെ വിവാഹം ഒരു പ്രതിസന്ധിയിലേക്കു നീങ്ങിയിരുന്നു. ഒരു ഗ്രാമ മുഖ്യന്റെ മകനായ ഭർത്താവ് അക്രമ പ്രവണതയും അനേകം ദുഃസ്വഭാവങ്ങളും ഉള്ളവനായിരുന്നു. ജീവിതം വളരെ ദുസ്സഹമായിത്തീർന്നിട്ട് ഭാര്യ ആത്മഹത്യയ്ക്കു പോലും ശ്രമിച്ചു. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ഭർത്താവു സമ്മതിച്ചു. ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരുവനും തെറ്റ് എന്താണെന്ന് അറിഞ്ഞാൽ മാത്രം പോരാ, “ദോഷത്തെ വെറു”ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പഠിച്ചു. (സങ്കീർത്തനം 97:10) നുണപറയൽ, മോഷണം, അക്രമം, അമിത മദ്യപാനം തുടങ്ങിയ കാര്യങ്ങളെ വെറുക്കുന്നത് അതിൽ ഉൾപ്പെടുന്നു. അദ്ദേഹം ആ ബുദ്ധ്യുപദേശത്തിനു ശ്രദ്ധ കൊടുത്തു. പെട്ടെന്നുതന്നെ തന്റെ ദുഃസ്വഭാവങ്ങളെയും അക്രമ പ്രവണതയെയും അദ്ദേഹം കീഴടക്കി. ആ മാറ്റം കണ്ടു ഭാര്യ അത്ഭുതം കൂറി. അങ്ങനെ, ദൈവവചനത്തിന്റെ സ്വാധീനത്താൽ അവരുടെ വിവാഹബന്ധം വളരെയേറെ മെച്ചപ്പെട്ടു.
ദക്ഷിണാഫ്രിക്കയിലുള്ള യഹോവയുടെ സാക്ഷിയായ ഒരു സ്ത്രീ, തന്റെ തൊഴിലുടമയും അവരുടെ ഭർത്താവും വിവാഹമോചനം നേടുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നു കേൾക്കാനിടയായി. വിവാഹത്തെ കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം സംബന്ധിച്ച് ആ സാക്ഷി തന്റെ തൊഴിലുടമയോടു സംസാരിക്കുകയും കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം അവരെ കാണിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഈ പുസ്തകം വിവാഹ ബന്ധത്തിൽ ബാധകമാകുന്ന ബൈബിൾ തത്ത്വങ്ങൾ എടുത്തു കാണിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈബിൾ ദമ്പതിമാരെ എങ്ങനെ സഹായിക്കുന്നു എന്നതിനു പ്രത്യേകമായ ഊന്നൽ നൽകുകയും ചെയ്യുന്നു. തൊഴിലുടമയും ഭർത്താവും ആ പുസ്തകം വായിച്ച് അതിൽ കൊടുത്തിരുന്ന ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കാൻ ആത്മാർഥമായി ശ്രമിച്ചു. തത്ഫലമായി, വിവാഹമോചനം വേണ്ടെന്ന് അവർ തീരുമാനിച്ചു. അങ്ങനെ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുക വഴി മറ്റൊരു വിവാഹവും രക്ഷപ്പെട്ടു.
വ്യത്യസ്ത മതവിശ്വാസങ്ങൾ ഉള്ളപ്പോൾ
ഇണകൾ വ്യത്യസ്ത മതവിശ്വാസങ്ങൾ പുലർത്തുന്ന വിവാഹബന്ധങ്ങളുടെ കാര്യമോ? “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്ന പ്രായോഗിക ബുദ്ധ്യുപദേശം ബൈബിൾ നൽകുന്നു. (1 കൊരിന്ത്യർ 7:39) എന്നാൽ ചില അവസരങ്ങളിൽ വിവാഹ പങ്കാളികളിൽ ഒരാൾ മതം മാറുന്നു. അത് വിവാഹബന്ധത്തിന് അന്ത്യം കുറിക്കേണ്ടതുണ്ടോ? തീർച്ചയായും ഇല്ല.
അടുത്തയിടെ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്ന ഒരു ബോട്സ്വാനക്കാരിയോട് പുതിയ മതം അവരിൽ എന്തു മാറ്റമാണു വരുത്തിയിരിക്കുന്നതെന്നു ചോദിച്ചു. തനിക്കുവേണ്ടി ഉത്തരം പറയാൻ അവർ തന്റെ ഭർത്താവിനോടു പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇതാണ്: “എന്റെ ഭാര്യ ഒരു യഹോവയുടെ സാക്ഷി ആയതു മുതൽ ഞാൻ അവളിൽ അനേകം നല്ല മാറ്റങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. അവൾക്കു മുമ്പ് ഇല്ലാതിരുന്ന ശാന്തമായ, ജ്ഞാനപൂർവകമായ ഒരു ശക്തി ഇപ്പോഴുണ്ട്. പുകവലി ശീലം നിർത്താൻ വേണ്ട ശക്തിയും ബോധ്യവും അവൾ നേടിയിരുന്നു. എനിക്ക് ഇപ്പോഴും മറികടക്കാൻ സാധിക്കാത്ത ഒരു പ്രശ്നമാണത്. കുട്ടികളോടും എന്നോടും മറ്റുള്ളവരോടും എന്റെ ഭാര്യ ഇപ്പോൾ കൂടുതൽ സ്നേഹവും പ്രിയവും ഉള്ളവളാണ്. അവളിപ്പോൾ കൂടുതൽ സഹിഷ്ണുതയും പ്രകടമാക്കുന്നു, വിശേഷിച്ചു കുട്ടികളോടുള്ള ബന്ധത്തിൽ. തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിനു ശ്രമിച്ചുകൊണ്ട് അവൾ ശുശ്രൂഷയിൽ സമയം ചെലവഴിക്കുന്നതു ഞാൻ കാണുന്നു. എന്നിൽത്തന്നെയും ഞാൻ നല്ല മാറ്റങ്ങൾ കണ്ടിരിക്കുന്നു. അത് അവളുടെ മാതൃക ഒന്നുകൊണ്ടു മാത്രമാണെന്നു ഞാൻ വിശ്വസിക്കുന്നു.” ഈ വിവാഹ ബന്ധത്തിൽ ബൈബിൾ തത്ത്വങ്ങൾക്ക് എത്ര നല്ല ഫലമാണുള്ളതെന്നു നോക്കൂ! സാക്ഷികളായ തങ്ങളുടെ ഇണകളെ കുറിച്ചു സാക്ഷികൾ അല്ലാത്ത അനേകം പേർ സമാനമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
പിതാവ് തന്റെ ഉത്തരവാദിത്വങ്ങൾ അവഗണിക്കുമ്പോൾ
ശക്തമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിലെ ഒരു മുഖ്യ ഘടകമാണ് പിതാവും കുട്ടികളും തമ്മിലുള്ള ബന്ധം. പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) ദ വിൽസൺ ക്വാർട്ടേർലിയിലെ ഒരു ലേഖനം പല സാമൂഹിക പ്രശ്നങ്ങൾക്കും കുറ്റപ്പെടുത്തിയത് തങ്ങളുടെ ധർമം നിർവഹിക്കാത്ത പിതാക്കന്മാരെ ആണെന്നതിൽ അതിശയിക്കാനില്ല. ആ ലേഖനം ഇങ്ങനെ പറഞ്ഞു: “സ്വന്തം പിതാക്കന്മാരിൽനിന്ന് അകന്നു താമസിക്കുന്ന കുട്ടികളുടെ ശതമാനം 1960-നും 1990-നും ഇടയ്ക്ക് ഇരട്ടിയിൽ അധികമായി വർധിച്ചു. . . . അമേരിക്കൻ സമൂഹത്തിലെ ഏറ്റവും ആകുലപ്പെടുത്തുന്ന വ്യാപകമായ പ്രശ്നങ്ങളിൽ പലതിന്റെയും പിന്നിലെ മുഖ്യ കാരണം പിതൃധർമം നിറവേറ്റുന്നതിലെ അധോഗതിയാണ്.”
പിതാക്കന്മാർ മാർഗനിർദേശം നൽകാത്ത കുട്ടികൾ എല്ലാം സുനിശ്ചിതമായും വഴിതെറ്റിപ്പോകും എന്നാണോ ഇതിന്റെ അർഥം? അല്ല. പുരാതന സങ്കീർത്തനക്കാരൻ പറഞ്ഞു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) തായ്ലൻഡിലെ ഒമ്പതു വയസ്സുള്ള ഒരു കുട്ടി ഇതു സത്യമാണെന്നു കണ്ടെത്തി. ബാലൻ ആയിരുന്നപ്പോൾത്തന്നെ അവന് അമ്മയെ നഷ്ടമായി. പിതാവിനാണെങ്കിൽ അവനെ വേണ്ടായിരുന്നു. തന്മൂലം അയാൾ അവനെ വല്യമ്മയുടെ അടുത്ത് ഉപേക്ഷിച്ചു. താൻ ആർക്കും വേണ്ടാത്തവനും ആരാലും സ്നേഹിക്കപ്പെടാത്തവനും ആണെന്നു തോന്നിയ ആ കുട്ടി മത്സരിയായി, മുഠാളൻ എന്ന ദുഷ്പ്പേരും നേടി. അവൻ തന്റെ വല്യമ്മയെ ഭീഷണിപ്പെടുത്തുക പോലും ചെയ്തു. അവൻ മിക്കപ്പോഴും പ്രാദേശിക രാജ്യഹാളിനു വെളിയിൽ നിൽക്കുന്നതു കണ്ട യഹോവയുടെ സാക്ഷികളുടെ രണ്ടു മുഴുസമയ സുവിശേഷകമാർ ഒരു ദിവസം അവനെ തങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു.
അവർ അവനോടു ദൈവത്തെ കുറിച്ചു വിവരിച്ചു. വിശേഷിച്ച് ഒരു പിതാവിനെപ്പോലെ അവൻ തന്റെ മക്കളെ സ്നേഹിക്കുന്നു എന്ന് അവർ പറഞ്ഞു. വിശ്വസ്ത മനുഷ്യർക്കായി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഭൗമിക പറുദീസയെ കുറിച്ചും അവർ പറഞ്ഞു. (വെളിപ്പാടു 21:3-5എ) ഇതെല്ലാം അവന് ആകർഷകമായി തോന്നി. കൂടുതൽ പഠിക്കാനായി അവൻ എല്ലാ ദിവസവും വരുമായിരുന്നു. വാസ്തവത്തിൽ ദൈവം തന്റെ പിതാവ് ആയിരിക്കാൻ അവൻ ആഗ്രഹിക്കുന്നെങ്കിൽ മേലാൽ ഒരു മുഠാളൻ ആയിരിക്കാൻ പാടില്ലെന്ന് ആ സാക്ഷികൾ അവനോടു പറഞ്ഞു. അത് റോമർക്കുള്ള പൗലൊസിന്റെ വാക്കുകൾക്കു ചേർച്ചയിലായിരുന്നു: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.” (റോമർ 12:18) വല്യമ്മയോട് അവൻ ദയാപൂർവം പെരുമാറേണ്ടതും ഉണ്ടായിരുന്നു. (1 തിമൊഥെയൊസ് 5:1, 2) അവൻ പെട്ടെന്നുതന്നെ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ തുടങ്ങി. നിസ്സംശയമായും അത് വല്യമ്മയുമായുള്ള അവന്റെ ബന്ധം ഏറെ മെച്ചപ്പെടുത്തി. (ഗലാത്യർ 5:22, 23) അവനിൽ കണ്ട മാറ്റങ്ങൾ അയൽക്കാരിൽ വളരെയേറെ മതിപ്പുളവാക്കി. തങ്ങളുടെ കുട്ടികളും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കണമെന്ന് അവർ ആഗ്രഹിച്ചു.
സമാധാനപരമായ മനോഭാവം
പൗലൊസ് അപ്പൊസ്തലൻ കൊലൊസ്സ്യർക്ക് എഴുതി: “എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ.” (കൊലൊസ്സ്യർ 3:14, 15) സമാധാനപരമായ മനോഭാവവും ഹൃദയംഗമമായ സ്നേഹവും തീർച്ചയായും കുടുംബ ബന്ധത്തെ അരക്കിട്ടുറപ്പിക്കും. കുടുംബത്തിലെ ദീർഘകാല ഭിന്നതകൾ പരിഹരിക്കാൻ അതു സഹായിക്കും. അൽബേനിയയിൽ താമസിക്കുന്ന റൂക്കിയ കുടുംബ വിയോജിപ്പു നിമിത്തം തന്റെ സഹോദരനോടു സംസാരിച്ചിട്ട് 17 വർഷത്തിലേറെ ആയിരുന്നു. അവർ യഹോവയുടെ സാക്ഷികളുമൊത്തു ബൈബിൾ പഠിച്ചപ്പോൾ, മറ്റുള്ളവരുമായി സമാധാനം നട്ടുവളർത്താൻ എല്ലാ ദൈവദാസന്മാരെയും ഉദ്ബോധിപ്പിച്ചിരിക്കുന്നു എന്ന് അവർ മനസ്സിലാക്കി. ‘അവൻ സമാധാനം അന്വേഷിച്ചു പിന്തുടരട്ടെ.’—1 പത്രൊസ് 3:11.
തന്റെ സഹോദരനുമായി താൻ സമാധാനത്തിൽ ആകേണ്ടതാണെന്നു റൂക്കിയ മനസ്സിലാക്കി. രാത്രി മുഴുവനും അവർ പ്രാർഥിച്ചു. പിറ്റേന്നു രാവിലെ അവർ തന്റെ സഹോദരന്റെ വീട്ടിലേക്കു പുറപ്പെട്ടു, അവരുടെ ഹൃദയമിടിപ്പു വർധിച്ചിരുന്നു. റൂക്കിയയുടെ സഹോദരപുത്രി വാതിൽ തുറന്നിട്ട് അതിശയത്തോടെ ചോദിച്ചു: “നിങ്ങൾ എന്താ ഇവിടെ?” തന്റെ സഹോദരനെ കാണണമെന്നു റൂക്കിയ ശാന്തമായി ആവശ്യപ്പെട്ടു. സഹോദരനുമായി സമാധാനത്തിലാകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ വിശദീകരിച്ചു. എന്തുകൊണ്ട്? എന്തെന്നാൽ അതു ദൈവഹിതമാണെന്ന് അവർ ഇപ്പോൾ തിരിച്ചറിഞ്ഞിരുന്നു. അവരുടെ സഹോദരൻ അനുകൂലമായി പ്രതികരിച്ചു. തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിൽ സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ട് അവർ പരസ്പരം ആശ്ലേഷിച്ചു. അങ്ങനെ, ബൈബിൾ തത്ത്വങ്ങൾ പിൻപറ്റിയതിന്റെ ഫലമായി ഒരു കുടുംബം പുനരേകീകരിക്കപ്പെട്ടു.
മോശമായ സഹവാസങ്ങൾ
“ഇന്ന്, ഒരു സാധാരണ കുട്ടി ദിവസം ഏഴു മണിക്കൂർ ടെലിവിഷൻ കാണുന്നു. പ്രാഥമിക സ്കൂൾ കഴിയാറാകുമ്പോഴേക്കും, അവൻ ഏഴായിരം കൊലപാതകങ്ങളും ഒരു ലക്ഷം അക്രമ പ്രവൃത്തികളും കണ്ടിട്ടുണ്ടാകും” എന്ന് ഏറെ വിജയപ്രദമായ കുടുംബങ്ങളുടെ 7 ശീലങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അതൊക്കെ ഒരു കുട്ടിയുടെ മേൽ എന്തു ഫലമാണ് ഉളവാക്കുന്നത്? അക്കാര്യത്തിൽ “വിദഗ്ധർക്ക്” അഭിപ്രായ ഐക്യമില്ല. എന്നിരുന്നാലും ബൈബിൾ ചീത്ത സഹവാസത്തിന് എതിരെ ശക്തമായ മുന്നറിയിപ്പു നൽകുന്നു. ദൃഷ്ടാന്തത്തിന്, അതു പറയുന്നു: “ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) അത് ഇങ്ങനെയും പറയുന്നു: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) മോശമായ സഹവാസം, നേരിട്ടു വ്യക്തികളുമായി ഇടപെടുന്നതിന്റെയോ ടെലിവിഷൻ പരിപാടികൾ വീക്ഷിക്കുന്നതിന്റെയോ ഫലമായിട്ടായാലും ഈ തത്ത്വങ്ങൾ സത്യമാണെന്നു നാം വിവേകപൂർവം തിരിച്ചറിയുന്നെങ്കിൽ കുടുംബ ജീവിതം മെച്ചപ്പെടുത്താനാകും.
ലക്സംബർഗിലുള്ള ഒരു മാതാവ് ഒരു യഹോവയുടെ സാക്ഷിയുമൊത്തു ബൈബിൾ പഠിക്കുകയായിരുന്നു. ഏഴും എട്ടും വയസ്സുള്ള തന്റെ പെൺമക്കൾ വൈകുന്നേരങ്ങളിൽ വല്ലാതെ വഴക്കടിക്കുന്നതായി ഒരു ദിവസം അവർ ആ സാക്ഷിയോടു പറഞ്ഞു. വൈകുന്നേരങ്ങളിൽ അവർ എന്താണു ചെയ്യുന്നതെന്നു സാക്ഷി ചോദിച്ചു. താൻ അടുക്കള വൃത്തിയാക്കുമ്പോൾ അവർ ടെലിവിഷൻ കാണുമെന്ന് ആ മാതാവ് പറഞ്ഞു. ഏതു പരിപാടികൾ? “ഓ, ഏതോ കാർട്ടൂണുകൾ,” മാതാവ് പ്രതിവചിച്ചു. അത്തരം പരിപാടികൾ മിക്കപ്പോഴും അക്രമം നിറഞ്ഞതാണെന്ന് ആ സന്ദർശക പറഞ്ഞപ്പോൾ അവർ കാണുന്നത് എന്താണെന്നു നിരീക്ഷിക്കാമെന്നു മാതാവ് സമ്മതിച്ചു.
അവർ നിരീക്ഷിച്ചുകൊണ്ടിരുന്ന കാർട്ടൂണുകൾ തന്നെ ഞെട്ടിപ്പിച്ചെന്ന് ആ മാതാവ് പിറ്റേ ദിവസം പറഞ്ഞു. തങ്ങളുടെ പാതയിലുള്ള സകലതിനെയും നിഷ്കരുണം തച്ചുടയ്ക്കുന്ന സാങ്കൽപ്പിക ബഹിരാകാശ ഭീകര ജീവികളെ ആണ് അവ ചിത്രീകരിച്ചത്. യഹോവ അക്രമത്തെ വെറുക്കുന്നുവെന്നും നാം അത്തരം ക്രൂരത നിരീക്ഷിക്കുന്നത് അവനു സന്തോഷകരമല്ലെന്നും അവർ തന്റെ മക്കളോടു വിശദീകരിച്ചു. (സങ്കീർത്തനം 11:5) യഹോവയെ പ്രീതിപ്പെടുത്താൻ ആഗ്രഹിച്ച ആ പെൺകുട്ടികൾ, ടെലിവിഷൻ കാണുന്നതിനു പകരം ഡ്രോയിങ്ങോ പെയിന്റിങ്ങോ ചെയ്യാമെന്നു സമ്മതിച്ചു. താമസിയാതെ തന്നെ, അവരുടെ അക്രമസ്വഭാവം മാറി. കുടുംബ അന്തരീക്ഷം മെച്ചപ്പെട്ടു.
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് കുടുംബ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നു കാണിക്കാനുള്ള ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ് ഇവ. ബൈബിൾ ബുദ്ധ്യുപദേശം എല്ലാവിധ സാഹചര്യങ്ങൾക്കും ഇണങ്ങുന്നതാണ്. അത് ആധികാരികവും നന്മയ്ക്കുള്ള ശക്തമായൊരു സ്വാധീനവുമാണ്. (എബ്രായർ 4:12) ആളുകൾ ബൈബിൾ പഠിക്കുകയും അതു പറയുന്നതു ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾ ബലിഷ്ഠമാകുന്നു, വ്യക്തിത്വങ്ങൾ മെച്ചപ്പെടുന്നു, പിശകുകൾ ഒഴിവാക്കപ്പെടുന്നു. ദൈവത്തിന്റെ ബുദ്ധ്യുപദേശം പിൻപറ്റുന്നതു കുടുംബത്തിലെ ഒരു അംഗം മാത്രം ആയിരിക്കുമ്പോൾ പോലും കാര്യങ്ങൾ മെച്ചപ്പെടുന്നു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും, സങ്കീർത്തനക്കാരൻ വീക്ഷിച്ചതുപോലെതന്നെ നാം ദൈവവചനത്തെ വീക്ഷിക്കണം. അവൻ ഇങ്ങനെ എഴുതി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.”—സങ്കീർത്തനം 119:105.
[5-ാം പേജിലെ ചിത്രം]
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയതിലൂടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്