അലിഖിത നിയമം—അതു രേഖപ്പെടുത്തപ്പെട്ടത് എന്തുകൊണ്ട്?
ഒന്നാം നൂറ്റാണ്ടിലെ അനേകം യഹൂദരും യേശുവിനെ മിശിഹായായി സ്വീകരിക്കാൻ പരാജയപ്പെട്ടത് എന്തുകൊണ്ട്? ഒരു ദൃക്സാക്ഷി റിപ്പോർട്ട് ചെയ്യുന്നു: “അവൻ [യേശു] ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതൻമാരും ജനത്തിന്റെ മൂപ്പൻമാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.” (മത്തായി 21:23) അവരുടെ ദൃഷ്ടിയിൽ, സർവശക്തനാണ് യഹൂദ ജനതയ്ക്ക് തോറ (ന്യായപ്രമാണം) നൽകിയത്; അതു ചില മനുഷ്യർക്ക് ദൈവദത്ത അധികാരം നൽകിയിരുന്നു. യേശുവിന് അത്തരം അധികാരം ഉണ്ടായിരുന്നോ?
യേശു തോറയോടും അതിലൂടെ യഥാർഥ അധികാരം ലഭിച്ചിരിക്കുന്നവരോടും അങ്ങേയറ്റം ആദരവ് പ്രകടമാക്കി. (മത്തായി 5:17-20; ലൂക്കൊസ് 5:14; 17:14) എന്നാൽ ദൈവത്തിന്റെ കൽപ്പനകളെ മറികടക്കുന്നവരെ അവൻ കൂടെക്കൂടെ അപലപിച്ചു. (മത്തായി 15:3-9; 23:2-28) അത്തരം ആളുകൾ അലിഖിത നിയമം എന്നു പറയുന്ന പാരമ്പര്യങ്ങളാണ് പിൻപറ്റിയിരുന്നത്. യേശു അതിന്റെ അധികാരത്തെ അംഗീകരിച്ചില്ല. അതിന്റെ ഫലമായി, അനേകരും അവനെ മിശിഹയായി അംഗീകരിച്ചില്ല. അധികാരത്തിലുള്ളവരുടെ പാരമ്പര്യങ്ങളെ പിന്തുണയ്ക്കുന്ന ഒരുവനേ ദൈവത്തിന്റെ പിന്തുണ ഉണ്ടായിരിക്കൂ എന്നാണ് അവർ വിശ്വസിച്ചത്.
ഈ അലിഖിത നിയമം എങ്ങനെ ഉണ്ടായതായിരുന്നു? അതിന് തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിഖിത ന്യായപ്രമാണത്തിനു തുല്യമായ അധികാരം ഉണ്ടെന്ന് യഹൂദന്മാർ വീക്ഷിക്കാൻ ഇടയായത് എങ്ങനെ? അത് അലിഖിത പാരമ്പര്യം ആയിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നെങ്കിൽ, അവസാനം അതു രേഖപ്പെടുത്തപ്പെട്ടത് എന്തുകൊണ്ട്?
പാരമ്പര്യങ്ങൾ എവിടെനിന്ന് ഉത്ഭവിച്ചു?
പൊ.യു.മു. 1513-ൽ സീനായ് പർവതത്തിങ്കൽവെച്ച് ഇസ്രായേല്യർ യഹോവയാം ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു വന്നു. മോശ മുഖാന്തരം, അവർക്ക് ആ ഉടമ്പടിയുടെ നിബന്ധനകൾ ലഭിച്ചു. (പുറപ്പാടു 24:3) ഈ നിബന്ധനകൾ പിൻപറ്റുന്നത് ‘തങ്ങളുടെ ദൈവമായ യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാൻ’ അവരെ സഹായിക്കുമായിരുന്നു. (ലേവ്യപുസ്തകം 11:44) ന്യായപ്രമാണ ഉടമ്പടിയിൻ കീഴിൽ, നിയുക്ത പുരോഹിതന്മാർ അർപ്പിക്കുന്ന ബലികൾ യഹോവയുടെ ആരാധനയുടെ ഭാഗമായിരുന്നു. ആരാധനയ്ക്കുള്ള ഒരു കേന്ദ്ര സ്ഥാനം ഉണ്ടായിരിക്കണമായിരുന്നു—അവസാനം അത് യെരൂശലേമിലെ ആലയം ആയിത്തീർന്നു.—ആവർത്തനപുസ്തകം 12:5-7; 2 ദിനവൃത്താന്തം 6:4-6.
ഒരു ജനത എന്ന നിലയിൽ യഹോവയെ ആരാധിക്കേണ്ട വിധം സംബന്ധിച്ച് മോശൈക ന്യായപ്രമാണം ഇസ്രായേലിന് ഒരു ആകമാന രൂപം പ്രദാനം ചെയ്തിരുന്നെങ്കിലും ചില വിശദാംശങ്ങൾ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരുന്നില്ല. ഉദാഹരണത്തിന്, ശബത്തിൽ ജോലി ചെയ്യുന്നത് ന്യായപ്രമാണം വിലക്കിയിരുന്നു. എന്നാൽ അത് ജോലിയും മറ്റു പ്രവർത്തനങ്ങളും തമ്മിൽ വ്യക്തമായ അതിർവരമ്പ് വെച്ചിരുന്നില്ല.—പുറപ്പാടു 20:10.
അങ്ങനെ വ്യക്തമായ നിർവചനം ഉചിതമായിരുന്നെങ്കിൽ, സാധ്യമായ എല്ലാ പ്രശ്നവും ഉൾപ്പെടുത്തി വിശദമായ നിബന്ധനകൾ യഹോവ പ്രദാനം ചെയ്യുമായിരുന്നു. എന്നാൽ മനുഷ്യനെ മനസ്സാക്ഷിയോടെ സൃഷ്ടിച്ചിരിക്കുന്നതിനാൽ, തന്റെ നിയമങ്ങളുടെ ചട്ടക്കൂട്ടിനുള്ളിൽ നിന്നുകൊണ്ടുതന്നെ ഒരളവോളം വഴക്കത്തോടെ, മനോധർമം അനുസരിച്ച് സേവിക്കാൻ അവൻ അവരെ അനുവദിക്കുകയായിരുന്നു. പുരോഹിതന്മാർ, ലേവ്യർ, ന്യായാധിപന്മാർ എന്നിവർ നീതിന്യായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. (ആവർത്തനപുസ്തകം 17:8-11) കേസുകൾ വർധിച്ചപ്പോൾ, ചില കീഴ്വഴക്കങ്ങൾ വയ്ക്കപ്പെട്ടു. ഇവയിൽ ചിലത് നിസ്സംശയമായും തലമുറ തലമുറയായി കൈമാറപ്പെട്ടു. യഹോവയുടെ ആലയത്തിൽ പൗരോഹിത്യ ചുമതലകൾ നിറവേറ്റുന്ന രീതികളും പിതാവിൽനിന്നു പുത്രനിലേക്കു കൈമാറപ്പെട്ടു. ആ ജനതയുടെ അനുഭവം വർധിച്ചതനുസരിച്ച്, പാരമ്പര്യങ്ങളും വർധിച്ചു.
എന്നിരുന്നാലും, ഇസ്രായേലിന്റെ ആരാധന മോശയ്ക്കു നൽകപ്പെട്ട ലിഖിത ന്യായപ്രമാണത്തെ കേന്ദ്രീകരിച്ചുള്ളത് ആയിരുന്നു. പുറപ്പാടു 24:3, 4 പ്രസ്താവിക്കുന്നു: “മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഈ ലിഖിത കൽപ്പനകൾക്കു ചേർച്ചയിലായിരുന്നു ദൈവം ഇസ്രായേല്യരുമായി ഉടമ്പടിയിലേർപ്പെട്ടത്. (പുറപ്പാടു 34:27) വാസ്തവത്തിൽ, തിരുവെഴുത്തുകൾ ഒരിടത്തും അലിഖിത നിയമത്തിന്റെ അസ്തിത്വത്തെ കുറിച്ചു പറയുന്നില്ല.
‘ഈ അധികാരം നിനക്കു തന്നതു ആർ?’
മോശൈക ന്യായപ്രമാണം അനുസരിച്ച്, പ്രാഥമിക മത അധികാരവും പ്രബോധനച്ചുമതലയും വ്യക്തമായും അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്ക് ആയിരുന്നു. (ലേവ്യപുസ്തകം 10:8-11; ആവർത്തനപുസ്തകം 24:8; 2 ദിനവൃത്താന്തം 26:16-20; മലാഖി 2:7) എന്നിരുന്നാലും, നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ ചില പുരോഹിതന്മാർ അവിശ്വസ്തരും ദുഷിച്ചവരും ആയിത്തീർന്നു. (1 ശമൂവേൽ 2:12-17, 22-29; യിരെമ്യാവു 5:31; മലാഖി 2:8, 9) യവന മേൽക്കോയ്മയുടെ കാലത്ത്, അനേകം പുരോഹിതന്മാരും മതപരമായ സംഗതികളിൽ വിട്ടുവീഴ്ച ചെയ്തു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ, യഹൂദ മതത്തിന് ഉള്ളിൽത്തന്നെ പരീശന്മാർ എന്ന ഒരു പുതിയ വിഭാഗം ഉടലെടുത്തു. പൗരോഹിത്യത്തിൽ അവിശ്വാസം പ്രകടമാക്കിയ ഇക്കൂട്ടർ സാധാരണക്കാരന് വിശുദ്ധിയുടെ കാര്യത്തിൽ താൻ പുരോഹിതനു സമനാണെന്നു കരുതാൻ കഴിയുന്ന പാരമ്പര്യങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ഈ പാരമ്പര്യങ്ങൾ അനേകരെ ആകർഷിച്ചെങ്കിലും, അവയ്ക്ക് ന്യായപ്രമാണത്തിന്റെ ഭാഗമാകാൻ കഴിയുകയില്ലായിരുന്നു.—ആവർത്തനപുസ്തകം 4:2; 12:32 (യഹൂദ പതിപ്പുകളിൽ 13:1).
പുരോഹിതന്മാർ ചെയ്യുന്നില്ലെന്നു തങ്ങൾക്കു തോന്നിയ വേല ചെയ്തുകൊണ്ട് പരീശന്മാർ ന്യായപ്രമാണത്തിന്റെ പുതിയ പണ്ഡിതന്മാർ ആയിത്തീർന്നു. തങ്ങളുടെ അധികാരത്തിന് മോശൈക ന്യായപ്രമാണത്തിന്റെ പിൻബലമില്ല എന്നതിനാൽ, അവ്യക്തമായ പരാമർശങ്ങളിലൂടെയും തങ്ങളുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നുവെന്നു തോന്നിയ മറ്റു മാർഗങ്ങളിലൂടെയും തിരുവെഴുത്ത് വ്യാഖ്യാനിക്കുന്ന പുതിയ വിധങ്ങൾ അവർ വികസിപ്പിച്ചെടുത്തു.a ഈ പാരമ്പര്യങ്ങളുടെ മുഖ്യസംരക്ഷകരും വക്താക്കളുമായ അവർ ഇസ്രായേലിൽ ഒരു പുതിയ അധികാര കേന്ദ്രം തീർത്തു. പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, പരീശന്മാർ യഹൂദ മതത്തിൽ ഒരു പ്രബല ശക്തിയായി മാറിയിരുന്നു.
നിലവിലുള്ള അലിഖിത പാരമ്പര്യങ്ങൾ സമാഹരിക്കുകയും തങ്ങളുടെ വക കൂടുതൽ പാരമ്പര്യങ്ങൾ സ്ഥാപിക്കാൻ തിരുവെഴുത്തു സൂചനകൾക്കായി അന്വേഷിക്കുകയും ചെയ്ത പരീശന്മാർക്ക് തങ്ങളുടെ പ്രവർത്തനത്തിനു കൂടുതൽ ആധികാരികത വേണമെന്ന ആവശ്യം തോന്നി. ഈ പാരമ്പര്യങ്ങളുടെ ഉത്ഭവം സംബന്ധിച്ച് ഒരു പുതിയ ആശയം ഉടലെടുത്തു. റബ്ബിമാർ ഇങ്ങനെ പഠിപ്പിക്കാൻ തുടങ്ങി: “സീനായിൽവെച്ച് മോശയ്ക്കു തോറ ലഭിച്ചു, അവൻ അത് യോശുവയ്ക്കും യോശുവ മൂപ്പന്മാർക്കും മൂപ്പന്മാർ പ്രവാചകന്മാർക്കും പ്രവാചകന്മാർ മഹാസഭയിലെ പുരുഷന്മാർക്കും കൈമാറി.”—ആവൊത് 1:1, മിഷ്നാ.
“മോശയ്ക്കു തോറ ലഭിച്ചു” എന്നു പറയുന്നതിലൂടെ, റബ്ബിമാർ ലിഖിത നിയമങ്ങളെ മാത്രമല്ല, തങ്ങളുടെ എല്ലാ അലിഖിത പാരമ്പര്യങ്ങളെയും കൂടി പരാമർശിക്കുകയായിരുന്നു. മനുഷ്യർ ഉണ്ടാക്കി വികസിപ്പിച്ചെടുത്ത ഈ പാരമ്പര്യങ്ങൾ സീനായിൽവെച്ച് മോശയ്ക്ക് ദൈവദത്തമായി ലഭിച്ചതാണെന്ന് അവർ അവകാശപ്പെട്ടു. തോറയിൽ പറഞ്ഞിട്ടില്ലാത്തവ നിർവചിക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചില്ല, പകരം ലിഖിത ന്യായപ്രമാണത്തിലില്ലാത്തവ അവൻ അലിഖിതമായി നിർവചിക്കുകയാണു ചെയ്തത് എന്ന് അവർ പഠിപ്പിച്ചു. അവർ പറയുന്നതനുസരിച്ച്, മോശ ഈ അലിഖിത നിയമം തലമുറകളിലൂടെ—പുരോഹിതന്മാർക്ക് അല്ല, മറിച്ച് മറ്റു നേതാക്കന്മാർക്ക്—കൈമാറി. അധികാരത്തിന്റെ ഈ “പൊട്ടാത്ത” ചങ്ങലയുടെ സ്വാഭാവിക അവകാശികൾ തങ്ങളാണെന്നു പരീശന്മാർ അവകാശപ്പെട്ടു.
ന്യായപ്രമാണം പ്രതിസന്ധിയിൽ—ഒരു പുതിയ പരിഹാരം
യഹൂദ മതനേതാക്കന്മാർ ആരുടെ ദൈവദത്ത അധികാരത്തെ ചോദ്യം ചെയ്തുവോ ആ യേശുതന്നെ ആലയത്തിന്റെ നാശം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 23:37–24:2) പൊ.യു. 70-ൽ റോമാക്കാർ ആലയം നശിപ്പിച്ചു, അതോടെ ബലികളെയും പൗരോഹിത്യ സേവനത്തെയും കുറിച്ചു പറയുന്ന ന്യായപ്രമാണ നിബന്ധനകൾ മേലാൽ നിറവേറ്റാൻ കഴിയാതായി. യേശുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവം പുതിയ ഒരു ഉടമ്പടി സ്ഥാപിച്ചുകഴിഞ്ഞിരുന്നു. (ലൂക്കൊസ് 22:20) മോശൈക ന്യായപ്രമാണം കാലഹരണപ്പെട്ടു കഴിഞ്ഞിരുന്നു.—എബ്രായർ 8:7-13.
ഈ സംഭവങ്ങളെ യേശു മിശിഹ ആണെന്നതിനുള്ള തെളിവായി കാണുന്നതിനു പകരം, പരീശന്മാർ മറ്റൊരു പരിഹാരം കണ്ടെത്തി. അതിനോടകംതന്നെ അവർ പൗരോഹിത്യ അധികാരത്തിന്റെ നല്ലൊരു പങ്ക് കൈക്കലാക്കിയിരുന്നു. ആലയം നശിപ്പിക്കപ്പെട്ടതോടെ, അവർക്ക് ഒരടി മുന്നോട്ടുവെക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. യാവ്നെയിലെ റബ്ബി അക്കാദമി പുനഃസംഘടിത സൻഹെദ്രിമിന്റെ—യഹൂദ മേൽക്കോടതിയുടെ—കേന്ദ്രമായിത്തീർന്നു. യാവ്നെയിലെ യോഹാനാൻ ബെൻ സാക്കിയും ഗമാലിയേൽ രണ്ടാമനും നേതൃത്വമെടുത്ത് യഹൂദ മതത്തിൽ സമ്പൂർണമായ അഴിച്ചുപണി നടത്തി. പുരോഹിതന്മാരുടെ കാർമികത്വത്തിൽ നടത്തപ്പെട്ടിരുന്ന ആലയത്തിലെ ആരാധനയുടെ സ്ഥാനത്ത് റബ്ബിമാരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സിനഗോഗ് അനുഷ്ഠാനങ്ങൾ നിലവിൽ വന്നു. ബലികളുടെ സ്ഥാനം പ്രാർഥനകൾക്കു ലഭിച്ചു, വിശേഷിച്ചും പാപപരിഹാര ദിവസത്തിലെ പ്രാർഥനകൾക്ക്. സീനായിൽ മോശയ്ക്കു നൽകപ്പെട്ട അലിഖിത നിയമം ഇതിനെ നേരത്തെതന്നെ മുൻകൂട്ടി കണ്ടിരുന്നുവെന്നും ഇതിനുള്ള കരുതൽ ചെയ്തിരുന്നുവെന്നും പരീശന്മാർ വാദിച്ചു.
റബ്ബിമാരുടെ അക്കാദമികൾക്ക് കൂടുതൽ പ്രാമുഖ്യത ലഭിച്ചു. അലിഖിത നിയമം തീവ്രമായി ചർച്ച ചെയ്യുക, മനപ്പാഠമാക്കുക, ബാധകമാക്കുക എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു അവരുടെ മുഖ്യ പാഠ്യപദ്ധതി. മുമ്പ്, അലിഖിത നിയമത്തിനുള്ള അടിസ്ഥാനം മിദ്രാഷ് എന്ന തിരുവെഴുത്തു വ്യാഖ്യാന രീതിയുമായി ബന്ധപ്പെട്ടിരുന്നു. പെരുകിക്കൊണ്ടിരുന്ന പാരമ്പര്യങ്ങൾ തരംതിരിച്ച് പഠിപ്പിക്കാനും സംഘടിപ്പിക്കാനും തുടങ്ങി. അലിഖിത നിയമഭാഗങ്ങൾ ഓരോന്നും ലളിതവും പാട്ട് രൂപത്തിലുള്ളതുമായ, എളുപ്പം ഓർമിക്കാവുന്ന വിധത്തിലുള്ള വാക്യങ്ങൾ ആക്കുകയും ചെയ്തു.
അലിഖിത നിയമം രേഖപ്പെടുത്തിയത് എന്തുകൊണ്ട്?
റബ്ബിമാരുടെ അക്കാദമികളും നിയമങ്ങളും പെരുകിയത് ഒരു പുതിയ പ്രശ്നം സൃഷ്ടിച്ചു. റബ്ബിമാരുടെ വിഷയങ്ങളിൽ പണ്ഡിതനായ ആഡൻ സ്റ്റീൻസാൾറ്റ്സ് വിശദമാക്കുന്നു: “ഓരോ അധ്യാപകനും സ്വന്തം വിധങ്ങളും തനതായ നിയമവാക്യങ്ങളും ഉണ്ടായിരുന്നു. . . . ഒരു വിദ്യാർഥി സ്വന്തം ഗുരുവിന്റേതു മാത്രമല്ല, മറ്റു പണ്ഡിതന്മാരുടെ പഠിപ്പിക്കലുകളുമായും പരിചിതൻ ആകണമായിരുന്നു. . . . അങ്ങനെ ‘വിജ്ഞാന സ്ഫോടനം’ ഹേതുവായി വളരെയേറെ വിവരങ്ങൾ മനപ്പാഠമാക്കാൻ വിദ്യാർഥികൾ നിർബന്ധിതരായി.” അനിയന്ത്രിതമായ വിജ്ഞാന പ്രളയം വിദ്യാർഥിയുടെ ഓർമശക്തിക്കു താങ്ങാവുന്നതിലും അധികമായിരുന്നു.
പൊ.യു. രണ്ടാം നൂറ്റാണ്ടിൽ, ബാർ കോക്ബായുടെ നേതൃത്വത്തിൽ റോമിനെതിരെ നടന്ന യഹൂദ മത്സരത്തിന്റെ ഫലമായി റബ്ബി-പണ്ഡിതന്മാരുടെ നേരേ കടുത്ത പീഡനമുണ്ടായി. ബാർ കോക്ബായെ പിന്തുണച്ച ഏറ്റവും പ്രമുഖ റബ്ബിയായ അകിബായും മറ്റ് അനേകം പ്രമുഖ പണ്ഡിതന്മാരും വധിക്കപ്പെട്ടു. തുടർന്നും പീഡനം ഉണ്ടായാൽ, അത് തങ്ങളുടെ അലിഖിത നിയമത്തിന്റെ അസ്തിത്വംതന്നെ ഇളക്കുമെന്നു റബ്ബിമാർ ഭയപ്പെട്ടു. പാരമ്പര്യങ്ങൾ ഗുരുവിൽനിന്ന് ശിഷ്യനിലേക്കു കൃത്യതയോടെ വാമൊഴിയായി കിട്ടിയതാണെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഈ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ ഹേതുവായി, ഗുരുവര്യന്മാരുടെ പഠിപ്പിക്കലുകൾ എന്നേക്കും വിസ്മൃതിയിൽ ആണ്ടുപോകാതിരിക്കാൻ അവയെ പരിരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ ഒരു ക്രമീകൃത രൂപഘടന ഉണ്ടാക്കുന്നതിനുള്ള വർധിച്ച ശ്രമം നടന്നു.
റോമുമായി കുറച്ചൊക്കെ സമാധാനത്തിൽ ആയിരുന്ന തുടർന്നുള്ള കാലഘട്ടത്തിൽ, പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്തുമായി ജീവിച്ചിരുന്ന ഒരു പ്രമുഖ റബ്ബിയായ യൂദാ ഹനസി അനേകം പണ്ഡിതന്മാരെ കൂട്ടിവരുത്തി അലിഖിത പാരമ്പര്യങ്ങളുടെ വൻശേഖരം 63 ഉപഭാഗങ്ങൾ ഉൾക്കൊള്ളുന്ന 6 ഭാഗങ്ങളായി ചിട്ടയോടെ രേഖപ്പെടുത്തി. ഈ പുസ്തകമാണ് മിഷ്നാ എന്ന് അറിയപ്പെടുന്നത്. അലിഖിത നിയമത്തിന്റെ കാര്യത്തിൽ ഒരു പണ്ഡിതനായ എഫ്രെയിം ഉർബാക് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “തോറ ഒഴിച്ച് മറ്റൊരു പുസ്തകത്തിനും ഒരിക്കലും ലഭിച്ചിട്ടില്ലാത്ത അംഗീകാരവും ആധികാരികതയും മിഷ്നായ്ക്ക് നൽകപ്പെട്ടു.” മിശിഹ തിരസ്കരിക്കപ്പെട്ടു, ആലയം നശിപ്പിക്കപ്പെട്ടു, എന്നാൽ അലിഖിത നിയമം മിഷ്നായിൽ ലിഖിതരൂപത്തിൽ പരിരക്ഷിക്കപ്പെട്ടു. അത് യഹൂദ മതത്തിൽ ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു.
[അടിക്കുറിപ്പുകൾ]
a ഈ വിധത്തിലുള്ള തിരുവെഴുത്തു വ്യാഖ്യാനം മിദ്രാഷ് എന്ന് അറിയപ്പെടുന്നു.
[26-ാം പേജിലെ ചിത്രം]
അനേകം യഹൂദന്മാർ യേശുവിന്റെ അധികാരത്തെ തിരസ്കരിച്ചത് എന്തുകൊണ്ടായിരുന്നു?