ദൈവ സേവനത്തിൽ ഏകീകൃതരായ വലിയ കുടുംബങ്ങൾ
‘മക്കൾ, യഹോവ നൽകുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴി നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ” എന്നു സങ്കീർത്തനക്കാരൻ എഴുതി.—സങ്കീർത്തനം 127:3-5.
അതേ, മക്കൾ യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹം ആയിരിക്കാവുന്നതാണ്. തന്റെ ആവനാഴിയിൽനിന്ന് എങ്ങനെ അസ്ത്രം തൊടുത്തുവിടാമെന്ന് അറിയാവുന്ന വില്ലാളി അതിൽ സംതൃപ്തി കണ്ടെത്തുന്നതുപോലെ, മാതാപിതാക്കൾ തങ്ങളുടെ മക്കളെ നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽ നയിക്കുമ്പോൾ അവർക്കു സന്തോഷം ഉണ്ടാകുന്നു.—മത്തായി 7:14.
പുരാതന കാലത്ത്, തങ്ങളുടെ ‘ആവനാഴി നിറ’യെ മക്കളുണ്ടായിരുന്ന കുടുംബങ്ങൾ ദൈവജനതയ്ക്കിടയിൽ സാധാരണമായിരുന്നു. ഉദാഹരണത്തിന്, വർഷങ്ങളോളം ഈജിപ്തിൽ അടിമത്തത്തിലായിരുന്ന ഇസ്രായേല്യരുടെ കാര്യംതന്നെ: “യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.” (പുറപ്പാടു 1:7) ഈജിപ്തിൽ ഇസ്രായേല്യർ ചെന്നപ്പോഴത്തെ സംഖ്യയും അവർ അവിടെനിന്നു പുറപ്പെട്ടപ്പോഴത്തെ സംഖ്യയും താരതമ്യം ചെയ്താൽ ഓരോ കുടുംബത്തിലും ശരാശരി 10 അംഗങ്ങൾ ഉണ്ടായിരുന്നിരിക്കണം!
ഇന്ന് അനേകർക്കും വലിയതെന്നു തോന്നുന്ന ഒരു കുടുംബത്തിലാണ് യേശു വളർന്നത്. ആദ്യജാതനായ യേശുവിനെ കൂടാതെ യോസേഫിനും മറിയയ്ക്കും വേറെ നാലു പുത്രന്മാരും ഏതാനും പുത്രിമാരും ഉണ്ടായിരുന്നു. (മത്തായി 13:54-56) അനേകം മക്കൾ ഉണ്ടായിരുന്നു എന്നതാകാം മറിയയും യോസേഫും, കൂട്ടത്തിൽ യേശു ഇല്ല എന്നു തിരിച്ചറിയാതെ യെരൂശലേമിൽനിന്നു മടക്കയാത്ര ആരംഭിക്കാൻ ഉണ്ടായ ഒരു കാരണം.—ലൂക്കൊസ് 2:42-46.
ഇന്നത്തെ വലിയ കുടുംബങ്ങൾ
ഇന്ന്, ആത്മീയവും സാമ്പത്തികവും സാമൂഹികവും പോലുള്ള കാരണങ്ങളാൽ അനേകം ക്രിസ്ത്യാനികൾ തങ്ങളുടെ മക്കളുടെ എണ്ണം പരിമിതമായിരിക്കാൻ തീരുമാനിക്കുന്നു. എന്നിരുന്നാലും, അനേകം സമുദായങ്ങളിലും വലിയ കുടുംബങ്ങൾ സാധാരണമാണ്. സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ചിൽഡ്രൻ 1997 പറയുന്ന പ്രകാരം, ഏറ്റവും കൂടുതൽ ജനനനിരക്ക് സഹാറയുടെ തെക്കുള്ള ആഫ്രിക്കൻ പ്രദേശത്താണ്. അവിടെ, സാധാരണമായി ഒരു സ്ത്രീ ആറു കുട്ടികൾക്കു ജന്മം നൽകുന്നു.
വലിയ കുടുംബങ്ങളിലെ ക്രിസ്തീയ മാതാപിതാക്കൾക്ക് യഹോവയെ സ്നേഹിക്കാൻ പാകത്തിന് കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് എളുപ്പമല്ല, എന്നാൽ അനേകരും അതു വിജയപ്രദമായി നിർവഹിക്കുന്നുണ്ട്. കുടുംബം നിർമലാരാധനയിൽ ഏകീകൃതമായിരിക്കുന്നതിനെ ആശ്രയിച്ചാണു വിജയമിരിക്കുന്നത്. കൊരിന്ത്യ സഭയ്ക്കുള്ള പൗലൊസ് അപ്പൊസ്തലന്റെ വാക്കുകൾ ഇന്നത്തെ കുടുംബങ്ങൾക്കും ബാധകമാണ്. അവൻ എഴുതി: “സഹോദരൻമാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ . . . പ്രബോധിപ്പിക്കുന്നു.” (1 കൊരിന്ത്യർ 1:10) അത്തരം ഐക്യം എങ്ങനെ നേടിയെടുക്കാം?
മാതാപിതാക്കൾ ആത്മീയ വ്യക്തികൾ ആയിരിക്കണം
മാതാപിതാക്കൾ പൂർണമായും ദൈവത്തിനു സമർപ്പിതർ ആയിരിക്കണം എന്നതാണു പ്രധാനപ്പെട്ട ഒരു സംഗതി. മോശ ഇസ്രായേല്യരോടു പറഞ്ഞതു പരിചിന്തിക്കുക: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:4-7.
ദൈവത്തിന്റെ കൽപ്പനകൾ മാതാപിതാക്കളുടെ ‘ഹൃദയത്തിൽ’ ഇരിക്കേണ്ട ആവശ്യമുണ്ടെന്നു മോശ പറഞ്ഞതു ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ മക്കൾക്കു ക്രമമായി ആത്മീയ പ്രബോധനം നൽകാൻ മാതാപിതാക്കൾ താത്പര്യം കാട്ടുകയുള്ളൂ. വാസ്തവത്തിൽ, മാതാപിതാക്കൾ ആത്മീയമായി ശക്തരായിരിക്കുമ്പോൾ, ആത്മീയ സംഗതികൾ സംബന്ധിച്ചു പ്രബോധനം നൽകാൻ അവർക്ക് ഉത്സാഹം ഉണ്ടായിരിക്കും.
ഒരുവൻ ആത്മീയ വ്യക്തി ആയിത്തീരുന്നതിനും മുഴുഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നതിനും ദൈവവചനം ക്രമമായി വായിക്കുന്നതും ധ്യാനിക്കുന്നതും ബാധകമാക്കുന്നതും മർമപ്രധാനമാണ്. യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദംകൊള്ളുകയും അതു “രാപ്പകൽ” വായിക്കുകയും ചെയ്യുന്നവൻ “ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും [“വിജയിക്കും,” NW].”—സങ്കീർത്തനം 1:2, 3.
ക്രമമായി നനയ്ക്കുന്നെങ്കിൽ വൃക്ഷം കായ്ക്കുന്നതുപോലെ, ആത്മീയമായി പോഷിപ്പിക്കപ്പെടുന്ന കുടുംബങ്ങൾ ദൈവിക ഫലം ഉത്പാദിപ്പിച്ച് യഹോവയ്ക്കു പുകഴ്ച വരുത്തും. ഉദാഹരണത്തിന്, പശ്ചിമ ആഫ്രിക്കയിൽ താമസിക്കുന്ന ഊവാഡിയെഗ്വൂന്റെ കുടുംബം. ഊവാഡിയെഗ്വൂ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടു പേർ നിരന്തര പയനിയർമാർ, അഥവാ യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ ആണ്. അദ്ദേഹം പറയുന്നു: “കഴിഞ്ഞ 20 വർഷമായി ഞങ്ങളുടെ കുടുംബത്തിൽ ക്രമമായ ബൈബിൾ അധ്യയനം ഉണ്ട്. ശൈശവം മുതലേ ഞങ്ങൾ കുട്ടികളെ, കുടുംബ അധ്യയന വേളയിൽ മാത്രമല്ല ശുശ്രൂഷയ്ക്കിടയിലും മറ്റു സമയങ്ങളിലും, ദൈവവചനം പഠിപ്പിച്ചു. ഞങ്ങളുടെ മക്കൾ എല്ലാവരും രാജ്യസുവാർത്താ ഘോഷകർ ആണ്. 6 വയസ്സുള്ള ഏറ്റവും ഇളയ കുട്ടി മാത്രമേ ഇനി സ്നാപനമേൽക്കാനുള്ളൂ.”
ഒരു സംഘമായി പ്രവർത്തിക്കൽ
“ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 24:3) കുടുംബത്തിനുള്ളിൽ അത്തരം ജ്ഞാനം കൂട്ടായ വേല ഉളവാക്കുന്നു. കുടുംബമെന്ന കൂട്ടത്തിന്റെ “ക്യാപ്റ്റൻ” പിതാവ് ആണ്; ഭവനത്തിന്റെ ദൈവനിയമിത ശിരസ്സ് ആണ് അദ്ദേഹം. (1 കൊരിന്ത്യർ 11:3) ശിരഃസ്ഥാനത്തിന്റെ ഉത്തരവാദിത്വം എത്ര ഗൗരവമായതാണ് എന്നതിന് ഊന്നൽ നൽകിക്കൊണ്ട് നിശ്വസ്ത അപ്പൊസ്തലനായ പൗലൊസ് എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി [ഭൗതികമായും ആത്മീയമായും] കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8.
ദൈവവചനത്തിൽനിന്നുള്ള ഈ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ, ക്രിസ്തീയ ഭർത്താക്കന്മാർ ഭാര്യമാരുടെ ആത്മീയതയ്ക്കുവേണ്ടി കരുതേണ്ട ആവശ്യമുണ്ട്. ഭാര്യമാർ വീട്ടുജോലികളാൽ ഭാരപ്പെടുന്നെങ്കിൽ, അവരുടെ ആത്മീയതയെ അതു പ്രതികൂലമായി ബാധിക്കും. ഒരു ആഫ്രിക്കൻ രാജ്യത്ത് പുതുതായി സ്നാപനമേറ്റ ഒരു ക്രിസ്ത്യാനി സഭയിലെ മൂപ്പന്മാരോട് തന്റെ ഭാര്യ ആത്മീയ കാര്യങ്ങളിൽ കാര്യമായ താത്പര്യം കാണിക്കുന്നില്ലെന്നു പരാതിപ്പെട്ടു. ഭാര്യയ്ക്കു പ്രായോഗിക സഹായമാണ് ആവശ്യമെന്നു മൂപ്പന്മാർ സൂചിപ്പിച്ചു. അതുകൊണ്ട് ഭർത്താവ് വീട്ടുജോലികളിൽ അവളെ സഹായിക്കാൻ തുടങ്ങി. ബൈബിൾ വായനയും പരിജ്ഞാനവും മെച്ചപ്പെടുത്താനും അവളെ സഹായിക്കാനും അദ്ദേഹം സമയം ചെലവഴിച്ചു. അവൾ അതിനോടു നന്നായി പ്രതികരിച്ചു, ഇപ്പോൾ മുഴുകുടുംബവും ദൈവസേവനത്തിൽ ഏകീകൃതരാണ്.
പിതാക്കന്മാർ തങ്ങളുടെ മക്കളുടെ ആത്മീയതയ്ക്കുവേണ്ടിയും പ്രവർത്തിക്കേണ്ടതുണ്ട്. പൗലൊസ് എഴുതി: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) തങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുതെന്ന ബുദ്ധ്യുപദേശവും അവരെ പരിശീലിപ്പിക്കണമെന്ന കൽപ്പനയും മാതാപിതാക്കൾ ചെവിക്കൊള്ളുമ്പോൾ, തങ്ങൾ കുടുംബമെന്ന സംഘത്തിന്റെ ഭാഗമാണെന്ന തോന്നൽ മക്കൾക്ക് ഉണ്ടാകും. തത്ഫലമായി, ആത്മീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ കുട്ടികൾ പരസ്പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ട്.
കൂട്ടായ വേലയുടെ ഭാഗമെന്ന നിലയിൽ, കുട്ടികൾ സജ്ജരാകുന്നതനുസരിച്ച് അവർക്ക് ആത്മീയ ഉത്തരവാദിത്വങ്ങൾ നൽകണം. 11 മക്കളുടെ പിതാവായ ഒരു ക്രിസ്തീയ മൂപ്പൻ രാവിലെ നേരത്തേ ഉണർന്ന് അവരിൽ പലരുമായി അധ്യയനം നടത്തിയിട്ടാണു ജോലിക്കു പുറപ്പെടുന്നത്. മൂത്ത മക്കൾ, സ്നാപനത്തിനുശേഷം, തങ്ങളുടെ ഊഴമനുസരിച്ച് അനുജന്മാരെയും അനുജത്തിമാരെയും സഹായിച്ച് അവരെ ബൈബിൾ പഠിപ്പിക്കുന്നതിൽ പങ്കുപറ്റുന്നു. പിതാവ് അവരുടെ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും അവരെ അതിനു പ്രശംസിക്കുകയും ചെയ്യുന്നു. കുട്ടികളിൽ 6 പേർ സ്നാപനമേറ്റു. മറ്റുള്ളവർ ആ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
നല്ല ആശയവിനിമയം, പൊതുവായ ലക്ഷ്യങ്ങൾ
സ്നേഹപുരസ്സരമായ ആശയവിനിമയവും പൊതുവായ ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതും ഏകീകൃത കുടുംബങ്ങൾക്ക് മർമപ്രധാനമാണ്. നൈജീരിയയിൽ പാർക്കുന്ന ഗൊർഡൻ എന്നു പേരായ ക്രിസ്തീയ മൂപ്പന് 11 മുതൽ 27 വരെ പ്രായമുള്ള ഏഴ് മക്കളുണ്ട്. അവരിൽ 6 പേരും മാതാപിതാക്കളെപ്പോലെ പയനിയർമാരാണ്. ഈയിടെ സ്നാപനമേറ്റ ഏറ്റവും ഇളയ കുട്ടി കുടുംബാംഗങ്ങളോടൊപ്പം ശിഷ്യരാക്കൽ വേലയിൽ ക്രമമായി പങ്കെടുക്കുന്നു. പ്രായപൂർത്തിയെത്തിയ രണ്ടു പുത്രന്മാർ സഭയിൽ ശുശ്രൂഷാ ദാസന്മാർ ആണ്.
ഗൊർഡൻ തന്റെ മക്കളിൽ ഓരോരുത്തർക്കും വ്യക്തിപരമായി ബൈബിൾ അധ്യയനം നടത്തിയിരുന്നു. കൂടാതെ, കുടുംബത്തിന് സമഗ്രമായ ബൈബിൾ പഠന പരിപാടിയുമുണ്ട്. ദിവസവും രാവിലെ അവർ ഒരുമിച്ചുകൂടി ബൈബിൾവാക്യം പരിചിന്തിക്കുന്നു, പിന്നെ സഭാ യോഗങ്ങൾക്കായി തയ്യാറാകുകയും ചെയ്യുന്നു.
ഓരോ കുടുംബാംഗവും വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളിലെ എല്ലാ ലേഖനങ്ങളും വായിക്കണമെന്നതാണ് ഒരു ലക്ഷ്യം. ഈയിടെ, അവർ അനുദിന ബൈബിൾ വായനയും തങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തി. വായിച്ചതിനെ കുറിച്ചു സംസാരിച്ചുകൊണ്ട്, കുടുംബാംഗങ്ങൾ പരസ്പരം പ്രോത്സാഹിപ്പിച്ച് പ്രസ്തുത ശീലം നിലനിർത്തുന്നു.
പ്രതിവാര കുടുംബ ബൈബിൾ അധ്യയനം ഒരു പതിവ് ആയിക്കഴിഞ്ഞതിനാൽ അതേക്കുറിച്ച് ആരും ഓർപ്പിക്കേണ്ടിവരുന്നില്ല; സകലരും അതിനായി കാത്തിരിക്കുകയാണ്. കുട്ടികളുടെ പ്രായവും ആവശ്യങ്ങളും മാറുന്നതനുസരിച്ച് കുടുംബ അധ്യയനത്തിന്റെ ഉള്ളടക്കത്തിനും ഘടനയ്ക്കും ദൈർഘ്യത്തിനും വർഷങ്ങളിലൂടെ മാറ്റങ്ങൾ വരുത്തി. കുടുംബം ദൈവത്തിന്റെ വിശ്വസ്തരായ മറ്റു ദാസന്മാരുമായി അടുത്തിരിക്കുന്നു. ഇത് കുട്ടികളുടെമേൽ ഒരു നല്ല സ്വാധീനമായിരുന്നു.
ഒരു കുടുംബം എന്ന നിലയിൽ, അവർ കാര്യങ്ങൾ ഒരുമിച്ചു ചെയ്യുകയും വിനോദത്തിനു സമയം മാറ്റിവെക്കുകയും ചെയ്യുന്നു. വാരംതോറും അവർ ഒരു “കുടുംബസന്ധ്യ” ആസ്വദിക്കുന്നു. പ്രശ്നോത്തരി, തമാശകൾ, പിയാനോ വായന, കഥപറയൽ എന്നിങ്ങനെയുള്ള പരിപാടികളോടുകൂടിയ ഒരു ഉല്ലാസവേളയാണ് അത്. ചിലപ്പോഴൊക്കെ, കടൽപ്പുറത്തോ മറ്റു വിനോദ കേന്ദ്രങ്ങളിലോ പോകുകയും ചെയ്യും.
യഹോവയിൽ ആശ്രയിക്കൽ
മേൽപ്പറഞ്ഞ സംഗതികളൊന്നുംതന്നെ വലിയ കുടുംബത്തെ വളർത്തിക്കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കുന്നില്ല. “എട്ടു കുട്ടികൾക്ക് ഒരു നല്ല പിതാവ് ആയിരിക്കുകയെന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്,” ഒരു ക്രിസ്ത്യാനി പറയുന്നു. “അതിന് അവരെ നിലനിർത്തുന്ന സമൃദ്ധമായ ഭൗതിക, ആത്മീയ ഭക്ഷണം ആവശ്യമാണ്. അവരെ പിന്തുണയ്ക്കാൻ ആവശ്യമായ പണം സമ്പാദിക്കുന്നതിനു ഞാൻ കഠിന വേല ചെയ്യണം. മൂത്ത കുട്ടികൾ കൗമാരപ്രായക്കാർ ആണ്. എട്ടു പേരും സ്കൂളിൽ പോകുന്നവർ. ആത്മീയ പരിശീലനം ആണ് മർമപ്രധാനമെന്ന് എനിക്കറിയാം, എങ്കിലും എന്റെ കുട്ടികളിൽ ചിലർ ശാഠ്യക്കാരും അനുസരണംകെട്ടവരും ആണ്. അവർ എന്നെ ദുഃഖിപ്പിക്കുന്നു, എന്നാൽ ഞാനും യഹോവയുടെ ഹൃദയത്തെ ചിലപ്പോഴൊക്കെ ദുഃഖിപ്പിക്കുന്നു എന്നും യഹോവ എന്നോടു ക്ഷമിക്കുന്നു എന്നും എനിക്കറിയാം. അതിനാൽ കുട്ടികൾ സുബോധത്തിലേക്കു വരുന്നതുവരെ ഞാൻ അവരെ ക്ഷമാപൂർവം തിരുത്തിയേ തീരൂ.
“എല്ലാവരും അനുതാപത്തിലേക്കു വരാൻ ആഗ്രഹിക്കുന്നതുകൊണ്ട് നമ്മോടു ക്ഷമ കാട്ടുന്ന യഹോവയുടെ മാതൃക പിൻപറ്റാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ കുടുംബത്തിന് അധ്യയനം എടുക്കുന്നു, കുട്ടികളിൽ ചിലർ സ്നാപന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഫലങ്ങൾക്കായി ഞാൻ സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നില്ല; എന്റെ ശക്തികൊണ്ട് ഒന്നും നേടാനാവില്ല. ഞാൻ പ്രാർഥനയിൽ യഹോവയുമായി അധികമധികം അടുക്കാനും പിൻവരുന്ന പ്രകാരം പറയുന്ന സദൃശവാക്യം ബാധകമാക്കാനും ശ്രമിക്കുകയാണ്: ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.’ എന്റെ കുട്ടികളുടെ പരിശീലനം പൂർത്തിയാക്കാൻ യഹോവ എന്നെ സഹായിക്കും.”—സദൃശവാക്യങ്ങൾ 3:5, 6.
ഒരിക്കലും വിട്ടുകളയരുത്!
കുട്ടികളെ പരിശീലിപ്പിക്കുന്നത് നന്ദി ലഭിക്കാത്ത ഒരു ഉദ്യമം ആണെന്നു ചിലപ്പോൾ തോന്നിയേക്കാമെങ്കിലും ഒരിക്കലും വിട്ടുകളയരുത്! സ്ഥിരോത്സാഹം കാണിക്കുക! നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ശ്രമങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ അവയെ വിലമതിക്കുന്നില്ലെങ്കിൽ, അവർ ഭാവിയിൽ അങ്ങനെ ചെയ്തേക്കാം. ഒരു കുട്ടി വളർന്ന് ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ക്രിസ്ത്യാനി ആയിത്തീരുന്നതിന് സമയം ആവശ്യമാണ്.—ഗലാത്യർ 5:22, 23.
കെനിയയിൽ പാർക്കുന്ന, പത്തു മക്കളിൽ ഒരുവളായ മോനിക്ക പറയുന്നു: “എന്റെ മാതാപിതാക്കൾ ഞങ്ങളെ ശൈശവം മുതലേ ബൈബിൾ പഠിപ്പിച്ചു. വാരംതോറും ഡാഡി ഞങ്ങൾക്ക് ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽനിന്ന് അധ്യയനം എടുത്തു. അദ്ദേഹത്തിന്റെ ജോലി നിമിത്തം, അധ്യയനം എല്ലായ്പോഴും ഒരേ ദിവസം അല്ലായിരുന്നു. ചിലപ്പോൾ, അദ്ദേഹം ജോലി കഴിഞ്ഞെത്തുമ്പോൾ ഞങ്ങൾ വെളിയിൽ കളിക്കുന്നതായി കാണുന്നെങ്കിൽ അഞ്ചു മിനിറ്റിനകം നാമെല്ലാവരും അകത്ത് ബൈബിൾ അധ്യയനത്തിനു കൂടിവരാൻ പോകുകയാണെന്ന് അദ്ദേഹം പറയും. ഞങ്ങളുടെ ബൈബിൾ അധ്യയനത്തിനുശേഷം, ചോദ്യങ്ങൾ ചോദിക്കാനോ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ ഞങ്ങൾക്കു പ്രോത്സാഹനം ലഭിച്ചിരുന്നു.
“ഞങ്ങൾ ദൈവഭക്തിയുള്ള കുട്ടികളുമായി സഹവസിക്കുന്നു എന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു. അദ്ദേഹം ക്രമമായി സ്കൂളിൽ വന്ന് ഞങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് അധ്യാപകരോടു തിരക്കുമായിരുന്നു. ഒരു സന്ദർശനത്തിൽ, എന്റെ മൂന്നു സഹോദരന്മാർ മറ്റ് ആൺകുട്ടികളുമായി വഴക്കുണ്ടാക്കിയെന്നും അവർ ചിലപ്പോഴൊക്കെ പരുക്കൻമട്ടിൽ ഇടപെട്ടുവെന്നും അദ്ദേഹം കേട്ടു. മോശമായി പെരുമാറിയതിന് ഡാഡി അവരെ ശിക്ഷിച്ചു, അതേസമയം അവർ ദൈവികമായ വിധത്തിൽ പെരുമാറേണ്ടത് എന്തുകൊണ്ടെന്ന് തിരുവെഴുത്തുകളിൽനിന്നു വിശദമാക്കാൻ സമയം എടുക്കുകയും ചെയ്തു.
“ഞങ്ങളോടൊപ്പം യോഗപരിപാടികൾ തയ്യാറായിക്കൊണ്ട് യോഗങ്ങൾക്കു സംബന്ധിക്കുന്നതിന്റെ പ്രയോജനങ്ങൾ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾക്കു കാണിച്ചുതന്നു. റിഹേഴ്സലുകളിലൂടെ ശുശ്രൂഷകർ ആയിത്തീരുന്നതിനുള്ള പരിശീലനം ഞങ്ങൾക്കു വീട്ടിൽവെച്ചുതന്നെ ലഭിച്ചു. ശൈശവം മുതലേ ഞങ്ങൾ മാതാപിതാക്കളോടൊപ്പം വയൽസേവനത്തിനു പോകുമായിരുന്നു.
“ഇന്ന്, എന്റെ മൂത്ത രണ്ടു സഹോദരന്മാർ പ്രത്യേക പയനിയർമാരും ഒരു സഹോദരി നിരന്തര പയനിയറും ആണ്. വിവാഹിതയും കുടുംബിനിയുമായ മറ്റൊരു സഹോദരി തീക്ഷ്ണതയുള്ള സാക്ഷിയാണ്. 18-ഉം 16-ഉം വയസ്സുള്ള എന്റെ രണ്ട് അനുജത്തിമാർ സ്നാപനമേറ്റ പ്രസാധകർ ആണ്. രണ്ട് അനുജന്മാരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. മൂന്നു വർഷമായി ഞാൻ യഹോവയുടെ സാക്ഷികളുടെ കെനിയ ബ്രാഞ്ച് ഓഫീസിൽ സേവിച്ചുകൊണ്ടിരിക്കുന്നു. എന്റെ മാതാപിതാക്കൾ ആത്മീയ വ്യക്തികൾ ആയതുകൊണ്ടു ഞാൻ അവരെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു; അവർ ഞങ്ങൾക്കു നല്ല മാതൃക വെച്ചു.”
നിങ്ങൾക്ക് എത്ര കുട്ടികൾ ഉണ്ടെങ്കിലും, നിത്യജീവനിലേക്കുള്ള പാതയിൽ അവരെ സഹായിക്കുന്നതു നിങ്ങൾ ഒരിക്കലും നിർത്തരുത്. യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നതുകൊണ്ട്, തന്റെ ആത്മീയ മക്കളെ കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞ വാക്കുകൾ നിങ്ങളും പറയും: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹന്നാൻ 4.