മാതാപിതാക്കളേ, നിങ്ങളുടെ മാതൃക എന്തു പഠിപ്പിക്കുന്നു?
“ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. . . . സ്നേഹത്തിൽ നടപ്പിൻ.”—എഫെസ്യർ 5:1, 2.
1. ആദ്യ മനുഷ്യ ദമ്പതികൾക്ക് യഹോവ ഏതു തരത്തിലുള്ള നിർദേശങ്ങൾ നൽകി?
യഹോവയാണ് കുടുംബ ക്രമീകരണത്തിനു തുടക്കം കുറിച്ചത്. അങ്ങനെ, ആദ്യ കുടുംബത്തിന് അടിത്തറ പാകുകയും ആദ്യ മനുഷ്യ ദമ്പതികൾക്കു പുനരുത്പാദന പ്രാപ്തികൾ നൽകുകയും ചെയ്തത് യഹോവ ആയതിനാൽ ഓരോ കുടുംബവും അതിന്റെ അസ്തിത്വത്തിന് അവനോടു കടപ്പെട്ടിരിക്കുന്നു. (എഫെസ്യർ 3:14, 15) അവൻ ആദാമിനും ഹവ്വായ്ക്കും അവരുടെ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച അടിസ്ഥാന നിർദേശങ്ങളും അവ സ്വന്തം നിലയിൽ നിർവഹിക്കാൻ മതിയായ അവസരങ്ങളും നൽകി. (ഉല്പത്തി 1:28-30; 2:6, 15-22) എന്നാൽ ആദാമും ഹവ്വായും പാപം ചെയ്തതിനെ തുടർന്ന്, കുടുംബങ്ങൾ നേരിടേണ്ടിയിരുന്ന പ്രശ്നങ്ങൾ വളരെ സങ്കീർണമായിത്തീർന്നു. എങ്കിലും, അത്തരം സാഹചര്യങ്ങളെ നേരിടാൻ തന്റെ ദാസരെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ യഹോവ സ്നേഹപൂർവം പ്രദാനം ചെയ്തു.
2. (എ) ഏതു മാർഗത്തിലൂടെയാണ് യഹോവ ലിഖിത പ്രബോധനത്തിനു പുറമേ അലിഖിത പ്രബോധനം കൂടി നൽകിയത്? (ബി) മാതാപിതാക്കൾ തങ്ങളോടു തന്നെ ഏതു ചോദ്യം ചോദിക്കേണ്ടതാണ്?
2 നമ്മുടെ മഹാപ്രബോധകൻ എന്ന നിലയിൽ യഹോവ, നാം എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നതു സംബന്ധിച്ച് ലിഖിത നിർദേശങ്ങൾ മാത്രമല്ല നൽകിയത്. പുരാതന കാലങ്ങളിൽ അവൻ ലിഖിത പ്രബോധനത്തിനു പുറമേ പുരോഹിതന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും കുടുംബത്തലവന്മാരിലൂടെയും അലിഖിത പ്രബോധനവും നൽകി. നമ്മുടെ കാലത്ത് അത്തരം അലിഖിത പഠിപ്പിക്കൽ നടത്താൻ അവൻ ആരെയാണ് ഉപയോഗിക്കുന്നത്? ക്രിസ്തീയ മൂപ്പന്മാരെയും മാതാപിതാക്കളെയും. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, കുടുംബത്തെ യഹോവയുടെ വഴികളിൽ പ്രബോധിപ്പിക്കുന്നതിലെ നിങ്ങളുടെ പങ്ക് നിങ്ങൾ നിർവഹിക്കുന്നുണ്ടോ?—സദൃശവാക്യങ്ങൾ 6:20-23.
3. ഫലപ്രദമായ പഠിപ്പിക്കൽ രീതി സംബന്ധിച്ച് കുടുംബത്തലവന്മാർക്ക് യഹോവയിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
3 കുടുംബത്തിനുള്ളിൽ അത്തരം പ്രബോധനം നൽകേണ്ടത് എങ്ങനെയാണ്? അതിനുള്ള നല്ല മാതൃക യഹോവ വെക്കുന്നു. എന്താണു ശരിയെന്നും എന്താണു തെറ്റെന്നും അവൻ വ്യക്തമായി പ്രസ്താവിക്കുന്നു. അവൻ അതു കൂടെക്കൂടെ ആവർത്തിക്കുകയും ചെയ്യുന്നു. (പുറപ്പാടു 20:4, 5; ആവർത്തനപുസ്തകം 4:23, 24; 5:8, 9; 6:14, 15; യോശുവ 24:19, 20) അവൻ ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. (ഇയ്യോബ് 38:4, 8, 31) ഉപമകളിലൂടെയും യഥാർഥ ജീവിതാനുഭവങ്ങളിലൂടെയും അവൻ നമ്മുടെ വികാരങ്ങളെ തൊട്ടുണർത്തുകയും ഹൃദയങ്ങളെ വാർത്തെടുക്കുകയും ചെയ്യുന്നു. (ഉല്പത്തി 15:5; ദാനീയേൽ 3:1-29) മാതാപിതാക്കളേ, കുട്ടികളെ പഠിപ്പിക്കുമ്പോൾ ആ മാതൃക പിൻപറ്റാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
4. ശിക്ഷണം നൽകുന്നതു സംബന്ധിച്ച് യഹോവയിൽ നിന്ന് നാം എന്തു പഠിക്കുന്നു, ശിക്ഷണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ശരി സംബന്ധിച്ച് യഹോവ ദൃഢമായ നിലപാടു സ്വീകരിക്കുന്നു. എന്നാൽ അവൻ അപൂർണതയുടെ ഫലങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശിക്ഷിക്കുന്നതിനു മുമ്പ് അവൻ അപൂർണ മനുഷ്യരെ പഠിപ്പിക്കുകയും അവർക്ക് ആവർത്തിച്ച് മുന്നറിയിപ്പുകളും ഓർമിപ്പിക്കലുകളും നൽകുകയും ചെയ്യുന്നു. (ഉല്പത്തി 19:15, 16; യിരെമ്യാവു 7:23-26) ശിക്ഷിക്കുമ്പോൾ പോലും ന്യായമായ ശിക്ഷയേ അവൻ നൽകുകയുള്ളൂ, അതൊരിക്കലും അമിതമായി പോകുന്നില്ല. (സങ്കീർത്തനം 103:10, 11; യെശയ്യാവു 28:26-29) നാം നമ്മുടെ കുട്ടികളോട് ഇടപെടുന്നത് അപ്രകാരമാണെങ്കിൽ, നാം യഹോവയെ അറിയുന്നു എന്ന് അതു തെളിയിക്കും. അത്, അവനെ അറിയുന്നത് അവർക്കും കൂടുതൽ എളുപ്പമാക്കിത്തീർക്കും.—യിരെമ്യാവു 22:16; 1 യോഹന്നാൻ 4:8.
5. കേൾക്കുന്നതു സംബന്ധിച്ച് മാതാപിതാക്കൾക്ക് യഹോവയിൽ നിന്ന് എന്തു പഠിക്കാൻ കഴിയും?
5 അതിശയകരമെന്നു പറയട്ടെ, സ്നേഹവാനായ ഒരു പിതാവിനെ പോലെ യഹോവ കേൾക്കുന്നു. അവൻ വെറുതെ കൽപ്പനകൾ പുറപ്പെടുവിക്കുകയല്ല ചെയ്യുന്നത്. നമ്മുടെ ഹൃദയങ്ങളെ തന്റെ മുമ്പാകെ പകരാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 62:8) നാം പ്രകടിപ്പിക്കുന്ന വികാരങ്ങൾ പൂർണമായും ശരിയല്ലാത്തപ്പോൾ അവൻ സ്വർഗത്തിൽനിന്ന് ഗർജിക്കുന്നില്ല. അവൻ ക്ഷമാപൂർവം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട്, “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം എത്ര ഉചിതമാണ്! (എഫെസ്യർ 4:31-5:1) മക്കളെ പ്രബോധിപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് യഹോവ എത്ര നല്ല മാതൃകയാണു വെച്ചിരിക്കുന്നത്! നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന, ദൈവിക മാർഗത്തിൽ നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, ഒരു മാതൃകയാണ് അത്.
മാതൃകയുടെ സ്വാധീനം
6. മാതാപിതാക്കളുടെ മനോഭാവവും മാതൃകയും കുട്ടികളെ സ്വാധീനിക്കുന്നത് എങ്ങനെ?
6 വാക്കാലുള്ള പ്രബോധനത്തിനു പുറമേ, മാതാപിതാക്കൾ നല്ല മാതൃക വെക്കുകയാണെങ്കിൽ അതിനു കുട്ടികളുടെമേൽ ശക്തമായ സ്വാധീനമുണ്ടായിരിക്കും. മാതാപിതാക്കൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും, കുട്ടികൾ അവരെ അനുകരിക്കും. തങ്ങൾതന്നെ പറഞ്ഞ കാര്യങ്ങൾ മക്കൾ പറയുന്നതു കേൾക്കുമ്പോൾ മാതാപിതാക്കൾക്കു ചിലപ്പോൾ സന്തോഷം തോന്നിയേക്കാം, ചിലപ്പോൾ അത് അവരെ ഞെട്ടിക്കുകയും ചെയ്തേക്കാം. മാതാപിതാക്കളുടെ നടത്തയും മനോഭാവവും ആത്മീയ കാര്യങ്ങളോട് ആഴമായ വിലമതിപ്പു പ്രകടിപ്പിക്കുന്നത് ആയിരിക്കുമ്പോൾ, അതു കുട്ടികളുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തുന്നു.—സദൃശവാക്യങ്ങൾ 20:7.
7. ഒരു പിതാവെന്ന നിലയിൽ തന്റെ പുത്രിക്ക് ഏതു തരത്തിലുള്ള മാതൃകയാണ് യിഫ്താഹ് വെച്ചത്, ഫലം എന്തായിരുന്നു?
7 മാതാപിതാക്കൾ വെക്കുന്ന മാതൃകയുടെ ഫലം ബൈബിളിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു. അമ്മോന്യരുടെ മേൽ വിജയം നേടുന്നതിന് ഇസ്രായേല്യരെ നയിക്കാൻ യഹോവ ഉപയോഗിച്ച യിഫ്താഹ് ഒരു പിതാവു കൂടി ആയിരുന്നു. ഇസ്രായേല്യരുമായുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ചുള്ള ചരിത്രം യിഫ്താഹ് കൂടെക്കൂടെ വായിച്ചിട്ടുണ്ടാകുമെന്ന് അമ്മോന്യ രാജാവിനോടുള്ള യിഫ്താഹിന്റെ മറുപടിയെ പറ്റിയുള്ള വിവരണം സൂചിപ്പിക്കുന്നു. അവന് ആ ചരിത്രം അനായാസം ഉദ്ധരിക്കാൻ കഴിഞ്ഞു. അവൻ യഹോവയിൽ ശക്തമായ വിശ്വാസം പ്രകടമാക്കുകയും ചെയ്തു. അവന്റെ മകൾ ഒരു അവിവാഹിത എന്ന നിലയിൽ യഹോവയ്ക്കുള്ള അർപ്പിത സേവനം ആയുഷ്കാലം മുഴുവനും ഏറ്റെടുത്തുകൊണ്ട് വിശ്വാസവും ആത്മത്യാഗ മനോഭാവവും പ്രകടമാക്കി. ആ ഗുണങ്ങൾ വളർത്തിയെടുക്കാൻ യിഫ്താഹിന്റെ മാതൃക അവളെ സഹായിച്ചിരിക്കുമെന്നതിനു സംശയമില്ല.—ന്യായാധിപൻമാർ 11:14-27, 34-40; യോശുവ 1:8 താരതമ്യം ചെയ്യുക.
8. (എ) ശമൂവേലിന്റെ മാതാപിതാക്കൾ ഏതു നല്ല മനോഭാവം പ്രകടമാക്കി? (ബി) അത് ശമൂവേലിന് എങ്ങനെ പ്രയോജനം ചെയ്തു?
8 ശമൂവേൽ ഒരു കുട്ടി എന്ന നിലയിൽ മാതൃകായോഗ്യനും ഒരു പ്രവാചകൻ എന്ന നിലയിൽ ആജീവനാന്തം ദൈവത്തോടു വിശ്വസ്തനും ആയിരുന്നു. നിങ്ങളുടെ മക്കൾ അവനെപ്പോലെ ആയിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ശമൂവേലിന്റെ മാതാപിതാക്കളായ എൽക്കാനയും ഹന്നായും വെച്ച ദൃഷ്ടാന്തം വിശകലനം ചെയ്യുക. അവരുടെ കുടുംബ സാഹചര്യം കുറ്റമറ്റത് അല്ലായിരുന്നെങ്കിലും, വിശുദ്ധ സമാഗമന കൂടാരം സ്ഥിതിചെയ്തിരുന്ന ശീലോവിൽ ആരാധനയ്ക്കു പോകുന്ന പതിവ് അവർക്ക് ഉണ്ടായിരുന്നു. (1 ശമൂവേൽ 1:3-8, 21) എത്രയധികം വികാരവായ്പോടെയാണ് ഹന്നാ പ്രാർഥിച്ചതെന്നതു ശ്രദ്ധിക്കുക. (1 ശമൂവേൽ 1:9-13) ദൈവത്തോടു ചെയ്ത ഏതൊരു വാഗ്ദാനവും പാലിക്കുന്നതിന്റെ പ്രാധാന്യത്തെ അവർ ഇരുവരും എങ്ങനെ വീക്ഷിച്ചെന്നു പരിചിന്തിക്കുക. (1 ശമൂവേൽ 1:22-28) ദൈവത്തെ സേവിക്കുന്നുവെന്നു നടിച്ചിരുന്ന, ചുറ്റും ഉണ്ടായിരുന്ന ആളുകൾ അവന്റെ വഴികളോട് യാതൊരു ആദരവും കാട്ടാതിരുന്നപ്പോൾ പോലും ശമൂവേൽ ശരിയായ ഗതി പിന്തുടർന്നു. അതിന് അവനെ പ്രാപ്തനാക്കിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കളുടെ ഉത്തമ ദൃഷ്ടാന്തം അവനെ സാഹായിച്ചുവെന്നതിൽ തെല്ലും സംശയമില്ല. കാലക്രമത്തിൽ, യഹോവ ശമൂവേലിനെ തന്റെ പ്രവാചകൻ എന്ന നിലയിലുള്ള ഉത്തരവാദിത്വം ഭരമേൽപ്പിച്ചു.—1 ശമൂവേൽ 2:11, 12; 3:1-21.
9. (എ) കുടുംബത്തിലെ ഏതു സ്വാധീനം തിമൊഥെയൊസിന്റെ മേൽ നല്ല ഫലം ഉളവാക്കി? (ബി) തിമൊഥെയൊസ് ഏതു തരത്തിലുള്ള വ്യക്തി ആയിത്തീർന്നു?
9 യുവാവായിരിക്കെ, പൗലൊസ് അപ്പൊസ്തലന്റെ സഹകാരി ആയിത്തീർന്ന തിമൊഥെയൊസിനെപ്പോലെ നിങ്ങളുടെ കുട്ടി ആയിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? തിമൊഥെയൊസിന്റെ പിതാവ് ഒരു വിശ്വാസി അല്ലായിരുന്നു. എന്നാൽ ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പിന്റെ കാര്യത്തിൽ അവന്റെ അമ്മയും വല്യമ്മയും ഒരു ഉത്തമ മാതൃക വെച്ചു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ തിമൊഥെയൊസിന്റെ ജീവിതത്തിന് നല്ല അടിസ്ഥാനം ഇടാൻ അതു സഹായിച്ചു എന്നതിനു യാതൊരു സംശയവുമില്ല. അവന്റെ അമ്മയായ യൂനീക്കയ്ക്കും വല്യമ്മയായ ലോവീസിനും ‘നിർവ്യാജവിശ്വാസം’ ഉണ്ടായിരുന്നെന്ന് നാം വായിക്കുന്നു. ക്രിസ്ത്യാനികൾ എന്ന നിലയിലുള്ള അവരുടെ ജീവിതം ഒരു നാട്യം ആയിരുന്നില്ല. വിശ്വസിക്കുന്നുവെന്നു തങ്ങൾ അവകാശപ്പെട്ടതിനു ചേർച്ചയിൽ അവർ ജീവിച്ചു. അതുതന്നെ ചെയ്യാൻ അവർ ബാലനായ തിമൊഥെയൊസിനെ പഠിപ്പിക്കുകയും ചെയ്തു. താൻ ആശ്രയയോഗ്യനും മറ്റുള്ളവരുടെ ക്ഷേമത്തിൽ യഥാർഥ താത്പര്യം ഉള്ളവനും ആണെന്ന് തിമൊഥെയൊസ് തെളിയിച്ചു.—2 തിമൊഥെയൊസ് 1:4, 5; ഫിലിപ്പിയർ 2:20-22.
10. (എ) വീടിനു വെളിയിലുള്ള ഏതെല്ലാം സംഗതികൾ കുട്ടികളെ സ്വാധീനിച്ചേക്കാം? (ബി) കുട്ടികളുടെ സംസാരത്തിലും മനോഭാവത്തിലും ആ സ്വാധീനങ്ങൾ പ്രകടമാകുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?
10 വീട്ടിലുള്ളവരുടെ മാതൃക മാത്രമല്ല കുട്ടികളെ സ്വാധീനിക്കുന്നത്. സഹപാഠികൾ, കുട്ടികളുടെ മനസ്സിനെ കരുപ്പിടിപ്പിക്കാൻ ഉത്തരവാദിത്വമുള്ള അധ്യാപകർ, രൂഢമൂലമായ ഗോത്ര-സാമുദായിക ആചാരങ്ങളോട് എല്ലാവരും അനുരൂപപ്പെടണമെന്ന് ശഠിക്കുന്ന ആളുകൾ, നേട്ടങ്ങളെപ്രതി വ്യാപകമായി പ്രകീർത്തിക്കപ്പെടുന്ന കായിക താരങ്ങൾ, പെരുമാറ്റം നിമിത്തം വാർത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം കുട്ടികളുടെ മേൽ സ്വാധീനം ചെലുത്തിയേക്കാം. അതിനു പുറമേ, ദശലക്ഷക്കണക്കിന് കുട്ടികൾ യുദ്ധത്തിലെ മൃഗീയത അറിയാനിടയാകുന്നു. കുട്ടികളുടെ സംസാരത്തിലും മനോഭാവത്തിലും ഈ ഘടകങ്ങളുടെ സ്വാധീനം പ്രകടമാകുന്നെങ്കിൽ നാം അമ്പരക്കണമോ? അങ്ങനെ സംഭവിക്കുന്നെങ്കിൽ നാം എങ്ങനെ പ്രതികരിക്കണം. പരുഷമായ ഒരു ശകാരമോ ശാസനയോ പ്രശ്നം പരിഹരിക്കുമോ? കുട്ടികളോട് ഉടനടി പ്രതികരിക്കുന്നതിനു പകരം നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുന്നത് മെച്ചമായിരിക്കില്ലേ, ‘യഹോവ നമ്മോട് ഇടപെടുന്ന വിധത്തിൽ ഉൾപ്പെട്ടിരിക്കുന്ന എന്തെങ്കിലും സംഗതി ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ട വിധം തിരിച്ചറിയാൻ സഹായിക്കുമോ?’—റോമർ 2:4 താരതമ്യം ചെയ്യുക.
11. മാതാപിതാക്കൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ, അത് അവരുടെ മക്കളുടെ മനോഭാവത്തെ എങ്ങനെ ബാധിച്ചേക്കാം?
11 അപൂർണരായ മാതാപിതാക്കൾ സാഹചര്യങ്ങൾ എല്ലായ്പോഴും ഏറ്റവും മെച്ചമായി കൈകാര്യം ചെയ്യണമെന്നില്ല. അവർക്കു തെറ്റുകൾ സംഭവിക്കും. കുട്ടികൾ അതു തിരിച്ചറിയുമ്പോൾ, മാതാപിതാക്കളോടുള്ള അവരുടെ ബഹുമാനം കുറഞ്ഞുപോകുമോ? അങ്ങനെ സംഭവിച്ചേക്കാം, തങ്ങളുടെ അധികാരം പരുഷമായി സ്ഥാപിച്ചെടുത്തുകൊണ്ട് മാതാപിതാക്കൾ സ്വന്തം തെറ്റിനെ നിസ്സാരമായി തള്ളിക്കളയാൻ ശ്രമിക്കുന്നെങ്കിൽ വിശേഷിച്ചും. അതേസമയം, മാതാപിതാക്കൾ താഴ്മയുള്ളവരും തങ്ങളുടെ തെറ്റുകൾ മടികൂടാതെ സമ്മതിക്കുന്നവരും ആണെങ്കിൽ ഫലം വളരെ വ്യത്യസ്തമായിരുന്നേക്കാം. ഇക്കാര്യത്തിൽ, അവർക്ക് തങ്ങളുടെ കുട്ടികൾക്കായി ഒരു വിലയേറിയ മാതൃക വെക്കാൻ കഴിയും, അവരും അപ്രകാരം ആയിരിക്കാൻ പഠിക്കേണ്ടതാണല്ലോ.—യാക്കോബ് 4:6.
നമ്മുടെ മാതൃകയാൽ പഠിപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ
12, 13. (എ) സ്നേഹത്തെ കുറിച്ച് കുട്ടികൾ എന്തു പഠിക്കേണ്ടതുണ്ട്, ഇത് ഏറ്റവും ഫലപ്രദമായി പഠിപ്പിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) കുട്ടികൾ സ്നേഹത്തെ കുറിച്ച് പഠിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 വാക്കാലുള്ള പ്രബോധനത്തോടൊപ്പം നല്ല മാതൃകയും വെക്കുന്നെങ്കിൽ, നമുക്കു വിലയേറിയ അനേകം പാഠങ്ങൾ ഏറ്റവും ഫലപ്രദമായി പഠിപ്പിക്കാനാകും. ചില കാര്യങ്ങൾ പരിചിന്തിക്കുക.
13 നിസ്വാർഥ സ്നേഹം പ്രകടിപ്പിക്കൽ: സ്നേഹത്തിന്റെ അർഥമാണ് നമ്മുടെ മാതൃകയിലൂടെ പഠിപ്പിക്കേണ്ടിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠം. “[ദൈവം] ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) അവൻ സ്നേഹത്തിന്റെ പ്രഭവസ്ഥാനവും അത്യുന്നത ദൃഷ്ടാന്തവുമാണ്. അഗാപെ എന്ന ഈ തത്ത്വാധിഷ്ഠിത സ്നേഹം ബൈബിളിൽ 100-ലേറെ പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. സത്യ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഒരു ഗുണമാണ് അത്. (യോഹന്നാൻ 13:35) ദൈവത്തോടും യേശുക്രിസ്തുവിനോടും മനുഷ്യരോടും എന്തിന് നമുക്കു പ്രിയം തോന്നാത്ത ആളുകളോടു പോലും അത്തരം സ്നേഹം കാണിക്കേണ്ടതാണ്. (മത്തായി 5:44, 45; 1 യോഹന്നാൻ 5:3) ഈ സ്നേഹം കുട്ടികളെ ഫലപ്രദമായി പഠിപ്പിക്കണമെങ്കിൽ, അത് ആദ്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കുകയും ജീവിതത്തിൽ പ്രകടമായിരിക്കുകയും വേണം. പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. സ്നേഹവും അതിനോടു ബന്ധപ്പെട്ട വാത്സല്യം പോലുള്ള ഗുണങ്ങളും കുട്ടികൾ കുടുംബത്തിൽ കാണുകയും അനുഭവിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. അവ ഇല്ലാത്തപ്പോൾ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ച മുരടിക്കുന്നു. കുടുംബത്തിനു വെളിയിലുള്ള സഹക്രിസ്ത്യാനികളോട് സ്നേഹവും വാത്സല്യവും ഉചിതമായി പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും കുട്ടികൾ കാണേണ്ടതുണ്ട്.—റോമർ 12:10; 1 പത്രൊസ് 3:8.
14. (എ) സംതൃപ്തി കൈവരുത്തുന്ന ജോലി ചെയ്യാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാനാകും? (ബി) നിങ്ങളുടെ കുടുംബ ചുറ്റുപാടിൽ ഇത് എങ്ങനെ ചെയ്യാനാകും?
14 എങ്ങനെ ജോലി ചെയ്യാമെന്നു പഠിക്കൽ: ജീവിതത്തിലെ ഒരു അടിസ്ഥാന സംഗതിയാണ് ജോലി. ഒരുവന് ആത്മാഭിമാനം തോന്നണമെങ്കിൽ നന്നായി ജോലി ചെയ്യാൻ പഠിക്കണം. (സഭാപ്രസംഗി 2:24; 2 തെസ്സലൊനീക്യർ 3:10) നിർദേശങ്ങൾ ഒന്നുംതന്നെ കൊടുക്കാതെ ഒരു ജോലി ചെയ്യാൻ കുട്ടിയോട് ആവശ്യപ്പെടുകയും എന്നിട്ട് അത് നന്നായി ചെയ്യാഞ്ഞതിന് കുട്ടിയെ ശകാരിക്കുകയും ചെയ്താൽ, അവൻ ജോലികൾ നന്നായി ചെയ്യാൻ പഠിക്കുന്നതിനു യാതൊരു സാധ്യതയുമില്ല. എന്നാൽ കുട്ടികൾ മാതാപിതാക്കളോടൊപ്പം ജോലി ചെയ്തു പഠിക്കുകയും അവർ ഉചിതമായി അഭിനന്ദിക്കപ്പെടുകയും ചെയ്യുമ്പോൾ, സംതൃപ്തിദായകമായി ജോലി ചെയ്യാൻ കുട്ടികൾ പഠിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. മാതാപിതാക്കൾ മാതൃക വെക്കുന്നതോടൊപ്പം ആവശ്യമായ വിശദീകരണവും നൽകുമ്പോൾ, എങ്ങനെ ഒരു ജോലി ചെയ്യാമെന്നു മാത്രമല്ല, പ്രശ്നങ്ങൾ തരണം ചെയ്യാനും ജോലി തീരുന്നതുവരെ അതിനോടു പറ്റിനിൽക്കാനും ന്യായബോധത്തോടെ തീരുമാനങ്ങൾ എടുക്കാനും കുട്ടികൾ പഠിക്കും. യഹോവയും ജോലി ചെയ്യുന്നുവെന്നും അവൻ അതു നന്നായി ചെയ്യുന്നുവെന്നും യേശു തന്റെ പിതാവിനെ അനുകരിക്കുന്നുവെന്നും മനസ്സിലാക്കാൻ കുട്ടികളെ ഈ സന്ദർഭത്തിൽ സഹായിക്കാൻ കഴിയും. (ഉല്പത്തി 1:31; സദൃശവാക്യങ്ങൾ 8:27-31; യോഹന്നാൻ 5:17) കുടുംബം കൃഷിയോ ബിസിനസോ നടത്തുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളിൽ ചിലർക്ക് അതിൽ ഒന്നിച്ചു പങ്കുപറ്റാവുന്നതാണ്. അല്ലെങ്കിൽ, പാചകം ചെയ്യാനും ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളും മറ്റും വൃത്തിയാക്കാനും അമ്മയ്ക്കു മകനെയോ മകളെയോ പഠിപ്പിക്കാവുന്നതാണ്. വീട്ടിൽനിന്നു ദൂരെ ജോലി ചെയ്യുന്ന ഒരു പിതാവിന് കുട്ടികളുമൊരുമിച്ചു വീട്ടിൽ ചില ജോലികൾ ചെയ്യാൻ ആസൂത്രണം ചെയ്യാവുന്നതാണ്. കേവലം തത്കാലത്തേക്കുള്ള ജോലികൾ ചെയ്തു തീർക്കണമെന്നതല്ല, മറിച്ച് കുട്ടികളെ ഭാവി ജീവിതത്തിനായി ഒരുക്കണമെന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായിരിക്കുന്നത് എത്ര പ്രയോജനകരമാണ്!
15. വിശ്വാസത്തെ കുറിച്ചുള്ള പാഠങ്ങൾ ഏതു വിധങ്ങളിൽ പഠിപ്പിക്കാവുന്നതാണ്? ദൃഷ്ടാന്തീകരിക്കുക.
15 പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസം കാത്തുസൂക്ഷിക്കൽ: വിശ്വാസവും നമ്മുടെ ജീവിതത്തിന്റെ ഒരു മർമപ്രധാന വശം ആണ്. കുടുംബ അധ്യയനത്തിൽ വിശ്വാസത്തെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ അതിന്റെ നിർവചനം കുട്ടികൾ പഠിച്ചേക്കാം. തങ്ങളുടെ ഹൃദയത്തിൽ വിശ്വാസം വളരാൻ ഇടയാക്കുന്ന തെളിവുകളും അവർക്കു ബോധ്യമായേക്കാം. എന്നാൽ കടുത്ത പരിശോധനകളിന്മധ്യേ തങ്ങളുടെ മാതാപിതാക്കൾ അചഞ്ചലമായ വിശ്വാസം പ്രകടമാക്കുന്നതു കുട്ടികൾ കാണുമ്പോൾ അതിന്റെ ഫലം ആജീവനാന്തം നിലനിന്നേക്കാം. യഹോവയെ സേവിക്കുന്നതു നിർത്തിയില്ലെങ്കിൽ വീട്ടിൽനിന്നു പുറത്താക്കുമെന്ന് പനാമയിലെ ഒരു ബൈബിൾ വിദ്യാർഥിനിയെ അവരുടെ ഭർത്താവ് ഭീഷണിപ്പെടുത്തി. എന്നിട്ടും, ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ എത്തിച്ചേരാനായി അവർ തന്റെ നാലു കൊച്ചു കുട്ടികളോടൊപ്പം പതിവായി 16 കിലോമീറ്റർ നടക്കുകയും തുടർന്ന് 30 കിലോമീറ്റർ ബസ് യാത്ര നടത്തുകയും ചെയ്തിരുന്നു. ആ ദൃഷ്ടാന്തത്താൽ പ്രോത്സാഹിതരായി, അവരുടെ കുടുംബത്തിലെ 20 അംഗങ്ങൾ സത്യത്തിന്റെ മാർഗം സ്വീകരിച്ചു.
അനുദിന ബൈബിൾ വായനയിൽ മാതൃക വെക്കുക
16. അനുദിന കുടുംബ ബൈബിൾ വായന ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
16 ഏതൊരു കുടുംബത്തിനും വെക്കാവുന്ന ഏറ്റവും മൂല്യവത്തായ ശീലങ്ങളിൽ ഒന്നാണു ക്രമമായ ബൈബിൾ വായന. മാതാപിതാക്കൾക്കു പ്രയോജനം ചെയ്യുന്നതും കുട്ടികൾക്ക് അനുകരിക്കാൻ കഴിയുന്നതുമായ ഒരു ശീലമാണ് അത്. എല്ലാ ദിവസവും ബൈബിൾ അൽപ്പമെങ്കിലും വായിക്കുന്നതിനു സാധ്യമായ സകല ശ്രമവും ചെയ്യുക. എത്രമാത്രം വായിക്കുന്നു എന്നതല്ല പരമ പ്രധാനം. ക്രമമായി വായിക്കുന്നുണ്ടോ എന്നതും വായിക്കുന്ന വിധവുമാണ് ഏറെ പ്രധാനം. കുട്ടികളുടെ കാര്യത്തിൽ, ബൈബിൾ വായനയ്ക്കു പുറമേ എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ ഓഡിയോ കാസെറ്റ് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ ലഭ്യമാണെങ്കിൽ അതു കൂടി അവരെ കേൾപ്പിക്കാവുന്നതാണ്. അനുദിനം ദൈവവചനം വായിക്കുന്നത് ദൈവത്തിന്റെ ചിന്തയെ മുൻപന്തിയിൽ നിർത്താൻ നമ്മെ സഹായിക്കും. അത്തരം ബൈബിൾ വായന വ്യക്തികളെന്ന നിലയിൽ മാത്രമല്ല, കുടുംബം ഒത്തൊരുമിച്ചും നടത്തുന്നുവെങ്കിൽ യഹോവയുടെ വഴികളിൽ നടക്കാൻ അതു മുഴു കുടുംബത്തെയും സഹായിക്കും. അടുത്തയിടെ നടന്ന, “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനിലെ കുടുംബങ്ങളേ—അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യയാക്കുക! എന്ന നാടകത്തിൽ അപ്രകാരം ചെയ്യാനാണ് നാം പ്രോത്സാഹിപ്പിക്കപ്പെട്ടത്.—സങ്കീർത്തനം 1:1-3.
17. സകുടുംബം ബൈബിൾ വായിക്കുന്നതും മുഖ്യ തിരുവെഴുത്തുകൾ മനപ്പാഠമാക്കുന്നതും എഫെസ്യർ 6:4-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ സഹായിക്കുന്നത് എങ്ങനെ?
17 സകുടുംബം ബൈബിൾ വായിക്കുന്നത്, എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് അപ്പൊസ്തലൻ എഴുതിയ നിശ്വസ്ത ലേഖനത്തിലെ പിൻവരുന്ന ഉദ്ബോധനത്തിനു ചേർച്ചയിലാണ്: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) അതിന്റെ അർഥം എന്താണ്? ‘മാനസിക ക്രമവത്കരണം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “മനസ്സ് ഉൾനടൽ” എന്നാണ്. അതുകൊണ്ട്, യഹോവയാം ദൈവത്തിന്റെ മനസ്സ് തങ്ങളുടെ കുട്ടികളിൽ ഉൾനടാൻ അതായത്, ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കാൻ ക്രിസ്തീയ പിതാക്കന്മാർ ഉദ്ബോധിപ്പിക്കപ്പെടുന്നു. മുഖ്യ തിരുവെഴുത്തുകൾ മനപ്പാഠമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് ഇക്കാര്യത്തിൽ വിജയം നേടാൻ സഹായിക്കും. മാതാപിതാക്കൾ ഒപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും, കുട്ടികളുടെ ആഗ്രഹങ്ങളും നടത്തയും ക്രമേണ ദൈവിക നിലവാരങ്ങളെ പ്രതിഫലിപ്പിക്കത്തക്കവിധം യഹോവയുടെ ചിന്തകൾ അവരുടെ ചിന്തകളെ നയിക്കാൻ ഇടയാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അത്തരം ചിന്തയ്ക്കുള്ള അടിസ്ഥാനം ബൈബിളാണ്.—ആവർത്തനപുസ്തകം 6:6, 7.
18. ബൈബിൾ വായിക്കുമ്പോൾ, (എ) അതു വ്യക്തമായി മനസ്സിലാക്കാനും (ബി) അതിലെ ബുദ്ധിയുപദേശത്തിൽ നിന്നു പ്രയോജനം അനുഭവിക്കാനും (സി) യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ച് അതു വെളിപ്പെടുത്തുന്നതിനോടു പ്രതികരിക്കാനും (ഡി) ആളുകളുടെ മനോഭാവത്തെയും പ്രവൃത്തികളെയും കുറിച്ച് അതു പറയുന്ന കാര്യങ്ങളിൽ നിന്നു പ്രയോജനം നേടാനും എന്താണ് ആവശ്യമായിരിക്കുന്നത്?
18 ബൈബിൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കണമെങ്കിൽ അതു പറയുന്നത് എന്താണെന്നു നാം തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്. അതിന് അനേകരും ഒരു ഭാഗം ഒന്നിലേറെ പ്രാവശ്യം വായിക്കേണ്ടത് ആവശ്യമായിരിക്കാം. ചില പദപ്രയോഗങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിന് നാം ഒരു നിഘണ്ടുവിലോ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകത്തിലോ ആ വാക്കുകൾ എടുത്തു നോക്കേണ്ടത് ഉണ്ടായിരിക്കാം. തിരുവെഴുത്തിൽ ഒരു ബുദ്ധിയുപദേശമോ കൽപ്പനയോ അടങ്ങിയിട്ടുണ്ടെങ്കിൽ, ഇന്ന് അത് ഏതെല്ലാം സാഹചര്യങ്ങളിലാണ് പ്രായോഗികമെന്നു ചർച്ച ചെയ്യാൻ സമയം എടുക്കുക. അപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാം?’ (യെശയ്യാവു 48:17, 18) പ്രസ്തുത തിരുവെഴുത്ത് യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഏതെങ്കിലും ഒരു വശത്തെ കുറിച്ചാണു സംസാരിക്കുന്നതെങ്കിൽ ഇപ്രകാരം ചോദിക്കുക, ‘നമ്മുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു?’ ഒരുപക്ഷേ ആളുകളുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും കുറിച്ചു പറയുന്ന ഒരു വിവരണമായിരിക്കാം നിങ്ങൾ വായിക്കുന്നത്. ജീവിതത്തിൽ എന്തെല്ലാം സമ്മർദങ്ങളാണ് അവർക്കു നേരിട്ടത്? അവർ അവ എങ്ങനെയാണു കൈകാര്യം ചെയ്തത്? അവരുടെ മാതൃകയിൽ നിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും? പ്രസ്തുത വിവരണത്തിന് ഇന്ന് നമ്മുടെ ജീവിതത്തിൽ എന്ത് അർഥമാണുള്ളതെന്നു ചർച്ച ചെയ്യാൻ എല്ലായ്പോഴും സമയം അനുവദിക്കുക.—റോമർ 15:4; 1 കൊരിന്ത്യർ 10:11.
19. ദൈവത്തെ അനുകരിക്കുക വഴി നാം നമ്മുടെ മക്കൾക്ക് എന്തായിരിക്കും പ്രദാനം ചെയ്യുന്നത്?
19 ദൈവത്തിന്റെ ചിന്തകളെ നമ്മുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കാനുള്ള എന്തൊരു ഉത്തമ മാർഗം! അങ്ങനെ, “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരി”ക്കാൻ നാം ശരിക്കും സഹായിക്കപ്പെടും. (എഫെസ്യർ 5:1) നമ്മുടെ മക്കൾക്കു തികച്ചും അനുകരണാർഹമായ ഒരു മാതൃകയായിരിക്കും നാം പ്രദാനം ചെയ്യുന്നത്.
നിങ്ങൾ ഓർമിക്കുന്നുവോ?
□ യഹോവയുടെ മാതൃകയിൽ നിന്നു മാതാപിതാക്കൾക്ക് എങ്ങനെ പ്രയോജനം നേടാനാകും?
□ വാക്കാലുള്ള പ്രബോധനത്തോടൊപ്പം മാതാപിതാക്കൾ കുട്ടികൾക്കു നല്ല മാതൃകയും വെക്കേണ്ടത് എന്തുകൊണ്ട്?
□ മാതാപിതാക്കളുടെ മാതൃകയാൽ ഏറ്റവും നന്നായി പഠിപ്പിക്കാൻ കഴിയുന്ന ചില പാഠങ്ങൾ ഏവ?
□ കുടുംബ ബൈബിൾ വായനയിൽനിന്ന് നമുക്ക് എങ്ങനെ പൂർണമായി പ്രയോജനം നേടാനാകും?
[10-ാം പേജിലെ ചിത്രം]
അനേകർ ഒരു കുടുംബം എന്ന നിലയിൽ ബൈബിൾ വായന ആസ്വദിക്കുന്നു