ഇസ്രായേലിൽ ദിവ്യനാമം ഉച്ചരിക്കപ്പെട്ടു
യഹോവ എന്ന ദിവ്യനാമം ഉച്ചരിക്കുന്നതിന് യഹൂദ പാരമ്പര്യം നൂറ്റാണ്ടുകളായി കർശനമായ വിലക്കു കൽപ്പിച്ചിരിക്കുന്നു. മിഷ്ന പറയുന്ന പ്രകാരം, ദൈവനാമം ഉച്ചരിക്കുന്ന ഏതൊരുവനും “വരുവാനുള്ള ലോകത്തിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല.”—സൻഹെദ്രിൻ 10:1.a
1995 ജനുവരി 30-ന് ഇസ്രായേലിലെ മുൻ സെഫാർഡിക് മുഖ്യ റബി മനപ്പൂർവം ദിവ്യനാമം ഉച്ചരിച്ചു. യഹൂദ കബലുകാരുടെ ഒരു തിരുത്തൽ-പ്രാർഥനയായ ടിക്കൂൻ ഉരുവിടുന്നതിന് ഇടയിലാണ് അദ്ദേഹം അതു ചെയ്ത്. കബലുകാരായ ആരാധകരുടെ അഭിപ്രായത്തിൽ, ദുഷ്ട ശക്തികൾ അനൈക്യം വിതച്ച പ്രപഞ്ചത്തിൽ ദൈവം ഒരു പരിധി വരെ ഐക്യം പുനഃസ്ഥാപിക്കേണ്ടതിനാണ് ആ പ്രാർഥന ഉരുവിടുന്നത്. 1995 ഫെബ്രുവരി 6-ലെ യെദിയൊട്ട് ആഹാരൊനൊട്ട് വർത്തമാനപ്പത്രം ഇങ്ങനെ പ്രസ്താവിച്ചു: “ഇത് അസാമാന്യ ശക്തിയുള്ള പ്രാർഥനാക്രമം ആയതിനാൽ ഇതിലെ പദങ്ങൾ, പൊതുജനങ്ങൾക്കു വിൽക്കാത്ത ഒരു പ്രത്യേക ചെറുപുസ്തകത്തിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.” ഈ സാഹചര്യത്തിൽ ദൈവനാമത്തിന്റെ ഉപയോഗം പ്രാർഥനയ്ക്കു പ്രത്യേക ശക്തി പകരുന്നതായി കരുതപ്പെടുന്നു.
യഹോവ എന്ന ദിവ്യനാമം ഉപയോഗിക്കാൻ ബൈബിൾ ദൈവദാസരോടു കൽപ്പിക്കുന്നു എന്നതു ശ്രദ്ധേയമാണ്. (പുറപ്പാടു 3:15; സദൃശവാക്യങ്ങൾ 18:10; യെശയ്യാവു 12:4; സെഫന്യാവു 3:9) ബൈബിളിന്റെ മൂല എബ്രായ പാഠത്തിൽ ആ നാമം ഏകദേശം 7,000 തവണ കാണാം. എന്നുവരികിലും, ദൈവനാമം വൃഥാ ഉപയോഗിക്കുന്നതിന് എതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. പത്തു കൽപ്പനകളിൽ മൂന്നാമത്തേത് ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.” (പുറപ്പാടു 20:7) ഒരുവൻ ദൈവനാമം എങ്ങനെ വൃഥാ എടുത്തേക്കാം? “വൃഥാ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം, ദിവ്യ നാമത്തിന്റെ “കാര്യഗൗരവമില്ലാത്ത ഉപയോഗത്തെ” മാത്രമല്ല, അത് “അനാവശ്യമായി ആവർത്തിച്ച് ഉരുവിടുന്നതിനെ”യും അർഥമാക്കുന്നു എന്ന് യഹൂദ പ്രസിദ്ധീകരണ സൊസൈറ്റിയുടെ ഒരു ഭാഷ്യം അഭിപ്രായപ്പെടുന്നു.
അങ്ങനെയെങ്കിൽ, കബലുകാരുടെ ടിക്കൂൻ തിരുത്തൽ-പ്രാർഥനയെ നാം എങ്ങനെ വീക്ഷിക്കണം? അതിന്റെ ഉത്ഭവം എവിടെ നിന്നാണ്? പൊ.യു. 12-ഉം 13-ഉം നൂറ്റാണ്ടുകളിൽ കബല എന്ന പേരിൽ ഒരു നിഗൂഢ യഹൂദമത സമ്പ്രദായം ജനസമ്മതി നേടാൻ തുടങ്ങി. 16-ാം നൂറ്റാണ്ടിൽ, ഐസക് ലുറിയ എന്ന റബി കബലുകാരുടെ പ്രാർഥനാ ക്രമത്തിൽ “ടിക്കൂനിം” കൂട്ടിച്ചേർത്തു. സവിശേഷ ശക്തിയുള്ള, നിഗൂഢമായ ഒന്നായാണു ദൈവനാമം ഉപയോഗിച്ചിരുന്നത്. അതു കബലുകാരുടെ ആചാരത്തിന്റെ ഭാഗമായിത്തീർന്നു. ദൈവനാമത്തിന്റെ ഇത്തരത്തിലുള്ള ഉപയോഗം ഉചിതമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?—ആവർത്തനപുസ്തകം 18:10-12.
ആ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം എന്തുതന്നെ ആയിരുന്നാലും, ഒരു കാര്യം നിങ്ങൾ സമ്മതിക്കും—ആധുനിക ഇസ്രായേലിൽ ദൈവനാമം പരസ്യമായി ഉപയോഗിക്കുന്നതു തികച്ചും അസാധാരണമാണ്. എന്നാൽ, ദൈവം ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. യഹോവെക്കു കീർത്തനം ചെയ്വിൻ; അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്വരട്ടെ.”—യെശയ്യാവു 12:4, 5.
സന്തോഷകരമെന്നു പറയട്ടെ, ലോകവ്യാപകമായി 230-ലധികം രാജ്യങ്ങളിൽ നടക്കുന്നതു പോലെതന്നെ ഇസ്രായേലിലും യഹോവയെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടാൻ തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ സകല ശ്രമവും നടത്തിവരുന്നു. ഇനിയും അനേകർ സങ്കീർത്തനം 91:14 പോലുള്ള തിരുവെഴുത്തുകളുടെ അർഥം മനസ്സിലാക്കും എന്നാണ് അവരുടെ പ്രതീക്ഷ. ആ തിരുവെഴുത്ത് ഇങ്ങനെ വായിക്കുന്നു: “അവൻ എന്നോടു [യഹോവയോടു] പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.”
[അടിക്കുറിപ്പുകൾ]
a റ്റാനായിം (ഉപദേഷ്ടാക്കന്മാർ) എന്നു വിളിക്കപ്പടുന്ന റബിമാരുടെ വിശദീകരണത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട, ന്യായപ്രമാണത്തിനു പുറമേയുള്ള ഭാഷ്യങ്ങളുടെ ഒരു സമാഹാരമാണു മിഷ്ന. പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് അതിനു ലിഖിത രൂപം കൈവന്നത്.
[28-ാം പേജിലെ ചിത്രം]
യഹോവയുടെ ജനം ഇവിടെ, നെഗെബിൽ അവന്റെ നാമവും വചനവും വെളിപ്പെടുത്തുന്നു
[29-ാം പേജിലെ ചിത്രം]
ദിവ്യനാമം അടങ്ങിയിരിക്കുന്ന പോസ്റ്റർ