യുവജനങ്ങളേ—ലോകത്തിന്റെ ആത്മാവിനെ ചെറുക്കുവിൻ
“നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, . . . ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.”—1 കൊരിന്ത്യർ 2:12.
1, 2. (എ) ലോകത്തിലെ യുവജനങ്ങളും യഹോവയുടെ സാക്ഷികളുടെ സഭകളിലെ യുവജനങ്ങളും തമ്മിൽ എന്തു വ്യത്യാസം കാണാനാകും? (ബി) സാക്ഷികളായ മിക്ക യുവജനങ്ങളും ഏത് ഊഷ്മളമായ അഭിനന്ദനം അർഹിക്കുന്നു?
“നമ്മുടെ യുവ തലമുറക്കാർ ഉന്മേഷരഹിതരും ത്യജിക്കപ്പെട്ടവരും മത്സരികളുമാണ്.” ഓസ്ട്രേലിയൻ പത്രമായ ദ സൺ-ഹെറാൾഡ് ആണ് അപ്രകാരം പ്രസ്താവിച്ചത്. “ഗുരുതരമായ അക്രമത്തിൽ ഏർപ്പെട്ട കുറ്റത്തിന് കോടതി മുമ്പാകെ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ [കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്] 22 ശതമാനം വർധനവ് ഉള്ളതായി കോടതി രേഖകൾ കാണിക്കുന്നു. . . . കുട്ടികളുടെ ആത്മഹത്യാ നിരക്ക് 60-കളുടെ മധ്യഘട്ടത്തെ അപേക്ഷിച്ച് മൂന്നിരട്ടി ആയിരിക്കുന്നു. . . . തലമുറവിടവ് വർധിച്ചു വർധിച്ച് ഒരു അഗാധഗർത്തം ആയിത്തീർന്നിരിക്കുന്നു. അതിന്റെ ഫലമായി മയക്കുമരുന്നിലും മദ്യപാനത്തിലും ആത്മഹത്യയിലും അഭയം കണ്ടെത്തുന്ന യുവജനങ്ങളുടെ എണ്ണം എന്നത്തെക്കാളും കൂടിവരുകയാണ്” എന്ന് ആ പത്രം കൂട്ടിച്ചേർത്തു. എന്നാൽ ഇത് ഒരു രാജ്യത്തെ മാത്രം പ്രശ്നമല്ല. ലോകത്തിൽ ഉടനീളം മാതാപിതാക്കളും അധ്യാപകരും മാനസികാരോഗ്യ വിദഗ്ധരും യുവജനങ്ങളുടെ അവസ്ഥയെ കുറിച്ചു വിലപിക്കുന്നു.
2 യഹോവയുടെ സാക്ഷികളുടെ സഭകളിലെ മാതൃകായോഗ്യരായ യുവജനങ്ങൾ ഇന്നത്തെ മിക്ക യുവജനങ്ങളിൽ നിന്നും എത്രയോ വ്യത്യസ്തരാണ്! അവർ പൂർണരാണെന്നല്ല. ‘യൗവനമോഹങ്ങ’ളുമായുള്ള പോരാട്ടം അവർക്കുമുണ്ട്. (2 തിമൊഥെയൊസ് 2:22) എന്നാൽ ഒരു കൂട്ടം എന്ന നിലയിൽ അവർ ശരിയായതിനു വേണ്ടി ധീരമായ നിലപാടു സ്വീകരിക്കുകയും ലോകത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങിക്കൊടുക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. സാത്താന്റെ “കുടില തന്ത്രങ്ങൾ”ക്ക് എതിരെയുള്ള പോരാട്ടത്തിൽ വിജയം വരിക്കുന്ന ചെറുപ്പക്കാരായ നിങ്ങളെ എല്ലാവരെയും ഞങ്ങൾ മുഴു ഹൃദയത്തോടെ അഭിനന്ദിക്കുന്നു. (എഫെസ്യർ 6:11, NW അടിക്കുറിപ്പ്) “ബാല്യക്കാരേ [അഥവാ യുവജനങ്ങളേ], നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു” എന്നു പറഞ്ഞ യോഹന്നാൻ അപ്പൊസ്തലനെ പോലെ പറയാൻ ഞങ്ങൾ പ്രേരിതരാകുന്നു.—1 യോഹന്നാൻ 2:14.
3. “ആത്മാവ്” എന്ന പദത്തിന് എന്ത് അർഥമാക്കാൻ കഴിയും?
3 എന്നിരുന്നാലും, ദുഷ്ടനായവന് എതിരെയുള്ള നിങ്ങളുടെ പോരാട്ടത്തിൽ തുടർന്നും വിജയിക്കാൻ, ബൈബിൾ പറയുന്ന “ലോകത്തിന്റെ ആത്മാവിനെ” നിങ്ങൾ ശക്തമായി ചെറുത്തുനിൽക്കണം. (1 കൊരിന്ത്യർ 2:12) ഗ്രീക്ക് ഭാഷയെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം പറയുന്നത് അനുസരിച്ച് “ആത്മാവ്” എന്നതിന് “ഒരു വ്യക്തിയിൽ നിറയുകയും അയാളെ നിയന്ത്രിക്കുകയും ചെയ്യുന്ന മനോഭാവത്തെയോ സ്വാധീനത്തെയോ” അർഥമാക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, ഒരുവൻ വഴക്കാളിയാണെന്നു നിങ്ങൾ കാണുന്നെങ്കിൽ, അയാളുടേത് മോശമായ ഒരു മനോഭാവം അഥവാ “ആത്മാവ്” ആണെന്നു നിങ്ങൾ പറഞ്ഞേക്കാം. നിങ്ങളുടെ “ആത്മാവ്,” മനോഭാവം, അഥവാ മാനസിക ചായ്വ് നിങ്ങളുടെ തീരുമാനങ്ങളെയും പ്രവർത്തനങ്ങളെയും സംസാരത്തെയും സ്വാധീനിക്കുന്നു. രസാവഹമായി, വ്യക്തികൾക്കു മാത്രമല്ല സമൂഹങ്ങൾക്കും ഒരു പ്രത്യേക “ആത്മാവ്” പ്രകടമാക്കാൻ കഴിയും. പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളുടെ ഒരു കൂട്ടത്തിന് എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ [“നിങ്ങൾ പ്രകടമാക്കുന്ന,” NW] ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.” (ഫിലേമോൻ 25) അപ്പോൾ, ഈ ലോകം പ്രകടമാക്കുന്ന ആത്മാവ് എന്താണ്? “സർവ്വലോകവും ദുഷ്ടന്റെ,” അതായത് പിശാചായ സാത്താന്റെ “അധീനതയിൽ കിടക്കുന്ന”തിനാൽ ഈ ലോകത്തിന്റെ ആത്മാവ് എങ്ങനെ ആരോഗ്യാവഹമായിരിക്കും?—1 യോഹന്നാൻ 5:19.
ലോകത്തിന്റെ ആത്മാവിനെ തിരിച്ചറിയൽ
4, 5. (എ) ക്രിസ്ത്യാനികൾ ആയിത്തീരുന്നതിനു മുമ്പ് എഫെസൊസ് സഭയിൽ ഉണ്ടായിരുന്നവരിൽ ഏത് ആത്മാവ് സ്വാധീനം ചെലുത്തിയിരുന്നു? (ബി) “വായുവിന്റെ അധികാരത്തിന്റെ അധിപതി” ആരാണ്, ഈ “വായു” എന്താണ്?
4 പൗലൊസ് എഴുതി: “ഒരിക്കൽ ഈ ലോകത്തിന്റെ വ്യവസ്ഥയ്ക്കും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിന്റെ അധിപതിയായവനും അനുസൃതമായി നടന്ന് അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നിട്ടും നിങ്ങളെയാണ് ദൈവം ഉയർപ്പിച്ചത്. അതെ, അവരുടെ ഇടയിൽ നാമെല്ലാവരും ഒരിക്കൽ നമ്മുടെ ജഡത്തിനും ചിന്തകൾക്കും ഇഷ്ടമായതു ചെയ്തുകൊണ്ട് ജഡത്തിന്റെ മോഹങ്ങൾക്ക് അനുസൃതമായി നടന്നു, പ്രകൃത്യാ നാമും മറ്റുള്ളവരെപ്പോലെ കോപത്തിന്റെ മക്കളായിരുന്നു.”—എഫെസ്യർ 2:1-3, NW.
5 ക്രിസ്തീയ മാർഗം പഠിക്കുന്നതിനു മുമ്പ് എഫെസൊസിലെ ക്രിസ്ത്യാനികൾ “വായുവിന്റെ അധികാരത്തിന്റെ അധിപതിയായ” പിശാചായ സാത്താന്റെ അനുഗാമികൾ ആയിരുന്നു, അവർ അതു സംബന്ധിച്ചു ബോധവാന്മാർ അല്ലായിരുന്നെങ്കിലും. സാത്താനും ഭൂതങ്ങളും വസിക്കുന്ന ഏതെങ്കിലും അക്ഷരീയ സ്ഥലമല്ല ആ “വായു.” പൗലൊസ് ആ വാക്കുകൾ എഴുതിയപ്പോൾ പിശാചായ സാത്താനും ഭൂതങ്ങൾക്കും അപ്പോഴും സ്വർഗത്തിൽ പ്രവേശനം ഉണ്ടായിരുന്നു. (ഇയ്യോബ് 1:6; വെളിപ്പാടു 12:7-12 എന്നിവ താരതമ്യം ചെയ്യുക.) സാത്താന്റെ ലോകത്തെ നിയന്ത്രിക്കുന്ന ആത്മാവിനെ അഥവാ മനോഭാവത്തെ ആണ് “വായു” എന്ന വാക്ക് അർഥമാക്കുന്നത്. (വെളിപ്പാടു 16:17-21, NW താരതമ്യം ചെയ്യുക.) നമുക്കു ചുറ്റുമുള്ള അക്ഷരീയ വായുവിനെപ്പോലെ ഈ ആത്മാവും എല്ലായിടത്തുമുണ്ട്.
6. ‘വായുവിന്റെ അധികാരം’ എന്താണ്, അനേകം യുവജനങ്ങളിൽ അതു പ്രയോഗിക്കപ്പെടുന്നത് എങ്ങനെ?
6 എന്നാൽ ‘വായുവിന്റെ അധികാരം’ എന്താണ്? ഈ “വായു”വിന് ആളുകളുടെ മേലുള്ള ശക്തമായ സ്വാധീനത്തെയാകാം അത് അർഥമാക്കുന്നത്. പ്രസ്തുത ആത്മാവ് ‘അനുസരണക്കേടിന്റെ മക്കളിൽ വ്യാപരിക്കുന്നു’ എന്ന് പൗലൊസ് പറഞ്ഞു. അതുകൊണ്ട് ലോകത്തിന്റെ ആത്മാവ് അനുസരണക്കേടിന്റെയും മത്സരത്തിന്റെയും ഒരു ആത്മാവിനു വളംവെക്കുന്നു. ആ അധികാരം പ്രയോഗിക്കപ്പെടുന്ന ഒരു മാർഗമാണ് സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം. ചെറുപ്പക്കാരിയായ ഒരു സാക്ഷി പറയുന്നു: “സ്കൂളിൽ ആയിരിക്കുമ്പോൾ, അൽപ്പം മത്സര സ്വഭാവം കാണിക്കാൻ സർവരും നിങ്ങളെ എല്ലായ്പോഴും പ്രോത്സാഹിപ്പിക്കുന്നു. മത്സരാത്മകമായ എന്തെങ്കിലും ചെയ്താൽ കുട്ടികൾ നിങ്ങളോടു കൂടുതൽ ആദരവ് കാട്ടുന്നു.”
ലോകത്തിന്റെ ആത്മാവിന്റെ വിവിധ വശങ്ങൾ
7-9. (എ) ഇന്നത്തെ യുവജനങ്ങളുടെ ഇടയിൽ ലോകത്തിന്റെ ആത്മാവ് പ്രകടമായിരിക്കുന്ന ചില വിധങ്ങൾ പറയുക. (ബി) ഇതുപോലുള്ള കാര്യങ്ങൾ നിങ്ങളുടെ പ്രദേശത്തു നിരീക്ഷിച്ചിട്ടുണ്ടോ?
7 ഇന്നത്തെ യുവജനങ്ങളുടെ ഇടയിൽ കാണുന്ന ലോകത്തിന്റെ ആത്മാവിന്റെ ചില വശങ്ങൾ ഏവയാണ്? വഞ്ചനയും മത്സരവും. കോളെജിലെ ജൂനിയർ-സീനിയർ വിദ്യാർഥികളിൽ 70 ശതമാനം പേരും തങ്ങളുടെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് വഞ്ചന കാണിച്ചിട്ടുണ്ടെന്ന് ഒരു മാസികയിലെ റിപ്പോർട്ട് പ്രസ്താവിച്ചു. അധികപ്രസംഗം, കുത്തുവാക്ക്, അശ്ലീല സംഭാഷണം എന്നിവയും സർവസാധാരണമാണ്. ഇയ്യോബും പൗലൊസ് അപ്പൊസ്തലനും നീതിനിഷ്ഠമായ രോഷം പ്രകടിപ്പിക്കാനായി, കുത്തുവാക്കായി ചിലർ വീക്ഷിച്ചേക്കാവുന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നുള്ളതു ശരിതന്നെ. (ഇയ്യോബ് 12:2; 2 കൊരിന്ത്യർ 12:13) എന്നാൽ ഇന്നത്തെ മിക്ക യുവജനങ്ങളുടെയും വായിൽനിന്നു വരുന്ന നിർദയമായ കുത്തുവാക്കുകൾ മിക്കപ്പോഴും അധിക്ഷേപത്തിനു തുല്യമാണ്.
8 വിനോദത്തിലെ അമിതത്വവും ലോകത്തിന്റെ ആത്മാവിന്റെ പ്രകടനമാണ്. യുവജനങ്ങളുടെ നിശാക്ലബ്ബുകളും റേവുനൃത്തങ്ങളുംa മറ്റു തരത്തിലുള്ള വന്യമായ കുടിച്ചുകൂത്താട്ടങ്ങളും യുവജനങ്ങൾക്ക് ഇടയിൽ വളരെ പ്രിയങ്കരമാണ്. വസ്ത്രധാരണത്തിലെയും ചമയത്തിലെയും അമിതത്വങ്ങളും അതുപോലെതന്നെ വ്യാപകമാണ്. അമിത വലുപ്പത്തിലുള്ള ഹിപ്പ് ഹോപ്പ് സ്റ്റൈൽ വസ്ത്രങ്ങൾ മുതൽ ശരീരം കുത്തിത്തുളയ്ക്കൽ പോലുള്ള ഞെട്ടിക്കുന്ന ഭ്രമങ്ങൾ വരെ പിൻപറ്റിക്കൊണ്ട് ഇന്നത്തെ നിരവധി യുവജനങ്ങൾ ലോകത്തിന്റെ മത്സര മനോഭാവം പ്രകടമാക്കുന്നു. (റോമർ 6:16 താരതമ്യം ചെയ്യുക.) ഭൗതിക സ്വത്തുക്കളിലുള്ള അമിതമായ താത്പര്യമാണ് ലോകത്തിന്റെ ആത്മാവ് പ്രകടമാകുന്ന മറ്റൊരു വശം. ഒരു വിദ്യാഭ്യാസ മാസിക പറയുന്നത് അനുസരിച്ച്, “അത്യധികം ശക്തമായ തന്ത്രങ്ങളും നാനാവിധ ഉത്പന്നങ്ങളുംകൊണ്ട് വിപണനക്കാർ കുട്ടികളെ സദാ വേട്ടയാടുകയാണ്.” ഐക്യനാടുകളിലെ യുവജനങ്ങൾ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പ്രായം ആകുമ്പോഴേക്കും 3,60,000 ടിവി പരസ്യങ്ങൾ കണ്ടിട്ടുണ്ടാകും. സാധനങ്ങൾ വാങ്ങിക്കൂട്ടാൻ സമപ്രായക്കാരും സമ്മർദം ചെലുത്തിയേക്കാം. ഒരു പതിന്നാലുകാരി പറയുന്നു: “‘നിന്റെ കമ്പിളിയുടുപ്പ്, ജാക്കറ്റ് അല്ലെങ്കിൽ ജീൻസ് ഏതു ബ്രാൻഡാണ്’ എന്ന് എല്ലാവരും സദാ ചോദിക്കുന്നു.”
9 ബൈബിൾ കാലങ്ങൾ മുതൽക്കേ അനാരോഗ്യകരമായ സംഗീതം അശ്ലീല പെരുമാറ്റത്തെ ഉത്തേജിപ്പിക്കാനുള്ള സാത്താന്റെ ഒരു ഉപകരണമായിരുന്നിട്ടുണ്ട്. (പുറപ്പാടു 32:17-19; സങ്കീർത്തനം 69:12; യെശയ്യാവു 23:16 എന്നിവ താരതമ്യം ചെയ്യുക.) അപ്പോൾ, ലൈംഗികമായി വഴിപിഴപ്പിക്കുന്ന—മറകൂടാതെ വിളിച്ചുപറയുന്നതു പോലുമായ—വാക്കുകളുള്ളതും ദൈവനിന്ദ കലർന്നതും വന്യവും ഉദ്ദീപകവുമായ താളവേഗത്തോടു കൂടിയതുമായ സംഗീതം ജനരഞ്ജകമായിരിക്കുന്നതിൽ അതിശയിക്കാനില്ല. ഈ ലോകത്തിന്റെ അശ്ലീല ആത്മാവിന്റെ മറ്റൊരു പ്രകടനമാണ് ലൈംഗിക അധാർമികത. (1 കൊരിന്ത്യർ 6:9-11) ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു: “അനേകം കൗമാരക്കാർക്കും സമപ്രായക്കാരാൽ അംഗീകരിക്കപ്പെടുന്നതിന് ലൈംഗികത ഒരു നിബന്ധന ആയിരിക്കുകയാണ് . . . ഹൈസ്കൂളിലെ മുതിർന്ന വിദ്യാർഥികളിൽ മൂന്നിൽ രണ്ടിലേറെ പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്.” ദ വാൾസ്ട്രീറ്റ് ജേർണലിലെ ഒരു ലേഖനം, 8-നും 12-നും ഇടയ്ക്കു പ്രായമുള്ള കുട്ടികളിൽ “ലൈംഗിക ബന്ധം പുലർത്തുന്നവരുടെ എണ്ണം കൂടിവരുന്നു” എന്നതിന്റെ തെളിവു നിരത്തി. അടുത്തയിടെ റിട്ടയർ ചെയ്ത ഒരു സ്കൂൾ ഉപദേഷ്ട്രി പറയുന്നു: “ഗർഭിണികളായ ചില ആറാം ക്ലാസുകാരികളെ നാം കണ്ടുതുടങ്ങിയിരിക്കുന്നു.”b
ലോകത്തിന്റെ ആത്മാവിനെ നിരസിക്കൽ
10. ക്രിസ്തീയ കുടുംബങ്ങളിൽ നിന്നുള്ള ചില യുവജനങ്ങൾ ലോകത്തിന്റെ ആത്മാവിനു വശംവദരായിരിക്കുന്നത് എങ്ങനെ?
10 ദുഃഖകരമെന്നു പറയട്ടെ, ചില ക്രിസ്തീയ യുവജനങ്ങളും ലോകത്തിന്റെ ആത്മാവിനു വശംവദരായിരിക്കുന്നു. “മാതാപിതാക്കളുടെയും സഹക്രിസ്ത്യാനികളുടെയും മുമ്പാകെ ഞാൻ വളരെ നന്നായി പെരുമാറിയിരുന്നു” എന്ന് ഒരു ജാപ്പനീസ് പെൺകുട്ടി സമ്മതിച്ചു പറയുന്നു. “എന്നാൽ ഞാൻ ഒരു ഇരട്ട ജീവിതം നയിക്കുകയായിരുന്നു.” കെനിയയിൽ നിന്നുള്ള ഒരു യുവതി പറയുന്നു: “കുറെക്കാലം ഞാൻ ഒരു ഇരട്ട ജീവിതം നയിച്ചു. അതിൽ പാർട്ടികളും റോക്ക് സംഗീതവും മോശക്കാരായ കൂട്ടുകാരും ഉൾപ്പെട്ടിരുന്നു. അതു തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ഞാൻ അത് അത്ര കാര്യമാക്കിയില്ല, ക്രമേണ എല്ലാം ശരിയായിക്കൊള്ളും എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ അങ്ങനെ സംഭവിച്ചില്ല. കാര്യങ്ങൾ കൂടുതൽ വഷളായതേ ഉള്ളൂ.” ജർമനിയിൽ നിന്നുള്ള ഒരു യുവതി പറയുന്നു: “മോശം സുഹൃത്തുക്കൾ ഉണ്ടായതോടെയാണ് അതെല്ലാം തുടങ്ങിയത്. തുടർന്ന് ഞാൻ പുകവലിക്കാൻ തുടങ്ങി. എന്റെ മാതാപിതാക്കളെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു, എന്നാൽ വ്രണപ്പെട്ടത് ഞാൻതന്നെയാണ്.”
11. പത്ത് ഒറ്റുകാർ ഒരു മോശമായ റിപ്പോർട്ടു കൊണ്ടുവന്നപ്പോൾ ഒഴുക്കിനൊത്തു നീങ്ങാതിരിക്കാൻ കാലേബിനു സാധിച്ചത് എങ്ങനെ?
11 എന്നാൽ ലോകത്തിന്റെ ആത്മാവിനെ ചെറുത്തു നിൽക്കാൻ, വർജിക്കാൻ, നമുക്കു സാധിക്കും. പുരാതന കാലത്തെ കാലേബിന്റെ ദൃഷ്ടാന്തം പരിഗണിക്കുക. ഭീരുക്കളായ പത്ത് ഒറ്റുകാർ വാഗ്ദത്ത ദേശത്തെ കുറിച്ച് മോശമായ ഒരു റിപ്പോർട്ടു കൊണ്ടുവന്നപ്പോൾ യോശുവയെപ്പോലെ കാലേബും ഭയപ്പെടുകയോ ഒഴുക്കിനൊത്തു നീങ്ങുകയോ ചെയ്തില്ല. അവർ സധൈര്യം പ്രഖ്യാപിച്ചു: “ഞങ്ങൾ സഞ്ചരിച്ചു ഒററുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.” (സംഖ്യാപുസ്തകം 14:7, 8) ആ സമ്മർദങ്ങളെ എല്ലാം ചെറുത്തുനിൽക്കാൻ കാലേബിനെ പ്രാപ്തനാക്കിയത് എന്തായിരുന്നു? കാലേബിനെക്കുറിച്ച് യഹോവ പറഞ്ഞു: “അവനു വ്യത്യസ്തമായ ഒരു ആത്മാവ് ഉണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.”—സംഖ്യാപുസ്തകം 14:24, NW.
“വ്യത്യസ്തമായ ഒരു ആത്മാവ്” പ്രകടമാക്കൽ
12. ഒരുവന്റെ സംസാരത്തിന്റെ കാര്യത്തിൽ “വ്യത്യസ്തമായ ഒരു ആത്മാവ്” പ്രകടമാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 ഇന്ന്, ലോകത്തിന്റേതിൽനിന്ന് “വ്യത്യസ്തമായ ഒരു ആത്മാവ്,” അഥവാ മനോഭാവം പ്രകടമാക്കാൻ ധൈര്യവും കരുത്തും ആവശ്യമാണ്. കുത്തുവാക്കും അനാദരണീയ സംസാരവും ഒഴിവാക്കുന്നതാണ് അപ്രകാരം ചെയ്യാനുള്ള ഒരു മാർഗം. രസാവഹമായി, കുത്തുവാക്ക് എന്നതിന്റെ ആംഗലേയ പദം (sarcasm) വന്നിരിക്കുന്നത് “നായ്ക്കളെപ്പോലെ മാംസം കടിച്ചുകീറുക” എന്ന് അക്ഷരീയ അർഥമുള്ള ഒരു ഗ്രീക്കു ക്രിയാപദത്തിൽ നിന്നാണ്. (ഗലാത്യർ 5:15 താരതമ്യം ചെയ്യുക.) ഒരു നായുടെ പല്ലിന് അസ്ഥിയിൽനിന്നു മാംസം കടിച്ചുകീറാൻ കഴിയുന്നതു പോലെ കുത്തുവാക്കുകളിലൂടെയുള്ള “നർമ”ത്തിന് മറ്റുള്ളവരുടെ മാന്യതയെ പിച്ചിച്ചീന്താനാകും. എന്നാൽ “കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകള”യാൻ കൊലൊസ്സ്യർ 3:8 നമ്മെ ഉപദേശിക്കുന്നു. സദൃശവാക്യങ്ങൾ 10:19 പറയുന്നു: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.” ഒരുവൻ നിങ്ങളെ അധിക്ഷേപിക്കുന്നെങ്കിൽ, ‘മറ്റേ ചെകിടും കാണിക്കാൻ’ തക്ക ആത്മനിയന്ത്രണം ഉണ്ടായിരിക്കുക. ഒരുപക്ഷേ അധിക്ഷേപകനോട് സ്വകാര്യതയിൽ ശാന്തമായും സമാധാനപരമായും സംസാരിക്കാവുന്നതാണ്.—മത്തായി 5:39; സദൃശവാക്യങ്ങൾ 15:1.
13. യുവജനങ്ങൾക്ക് ഭൗതിക വസ്തുക്കൾ സംബന്ധിച്ച് ഒരു സമനിലയുള്ള വീക്ഷണം പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
13 “വ്യത്യസ്തമായ ഒരു ആത്മാവ്” പ്രകടമാക്കാനുള്ള മറ്റൊരു മാർഗം ഭൗതിക വസ്തുക്കൾ സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കുക എന്നതാണ്. നല്ല സാധനങ്ങൾ ഉണ്ടായിരിക്കാനുള്ള ആഗ്രഹം സ്വാഭാവികം മാത്രമാണ്. യേശുക്രിസ്തുവിന് വളരെ മേന്മയുള്ള വസ്ത്രം ഒരെണ്ണം എങ്കിലും ഉണ്ടായിരുന്നു എന്നു വ്യക്തമാണ്. (യോഹന്നാൻ 19:23, 24) എന്നിരുന്നാലും, സാധനങ്ങൾ സ്വന്തമാക്കുന്നത് നിങ്ങൾക്ക് ഒരു ജ്വരമായിത്തീർന്നിരിക്കുന്നെങ്കിൽ, അല്ലെങ്കിൽ മാതാപിതാക്കൾക്കു വാസ്തവത്തിൽ വാങ്ങിത്തരാൻ സാധിക്കാത്ത സാധനങ്ങൾക്കായി നിങ്ങൾ നിരന്തരം കെഞ്ചുകയോ നിങ്ങളുടെ ലക്ഷ്യം മറ്റു യുവജനങ്ങളെ അനുകരിക്കുന്നതു മാത്രമായിരിക്കുകയോ ചെയ്യുന്നെങ്കിൽ, ലോകത്തിന്റെ ആത്മാവിന് നിങ്ങൾ തിരിച്ചറിയുന്നതിലും അധികം അധികാരം നിങ്ങളുടെമേൽ ഉണ്ടായിരിക്കാം. ബൈബിൾ പറയുന്നു: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” അതേ, ലോകത്തിന്റെ ഭൗതികത്വ ആത്മാവിനു വശംവദരാകരുത്! ഉള്ളതുകൊണ്ടു തൃപ്തിപ്പെടാൻ പഠിക്കുക.—1 യോഹന്നാൻ 2:16; 1 തിമൊഥെയൊസ് 6:8-10.
14. (എ) യെശയ്യാവിന്റെ നാളിലെ ദൈവജനം വിനോദത്തിന്റെ കാര്യത്തിൽ സമനിലയില്ലാത്ത ഒരു വീക്ഷണം പ്രകടമാക്കിയത് എങ്ങനെ? (ബി) ചില ക്രിസ്തീയ യുവജനങ്ങൾ നിശാക്ലബ്ബുകളിലും വന്യമായ പാർട്ടികളിലും എന്തെല്ലാം അപകടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്?
14 വിനോദത്തെ അതിന്റേതായ സ്ഥാനത്തു നിർത്തുന്നതും പ്രധാനമാണ്. പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചു: “അതികാലത്തു എഴുന്നേററു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പുംകുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.” (യെശയ്യാവു 5:11, 12) ഖേദകരമെന്നു പറയട്ടെ, ചില ക്രിസ്തീയ യുവജനങ്ങൾ സമാനമായി വന്യമായ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. യുവജനങ്ങളുടെ നിശാക്ലബ്ബുകളിൽ നടക്കുന്നത് എന്തെന്നു വിവരിക്കാൻ ഒരു കൂട്ടം ക്രിസ്തീയ യുവജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ, ഒരു യുവ സഹോദരി പറഞ്ഞു: “എപ്പോഴും അടിപിടികൾ ഉണ്ടാകാറുണ്ട്. ഞാൻ അതിനിടയിൽ പെട്ടിട്ടുമുണ്ട്.” “മദ്യപാനവും പുകവലിയും അതുപോലുള്ള കാര്യങ്ങളും,” ഒരു യുവ സഹോദരൻ കൂട്ടിച്ചേർത്തു. മറ്റൊരു യുവ സഹോദരൻ സമ്മതിച്ചു പറഞ്ഞു: “ആളുകൾ കുടിച്ചു മത്തരാകുന്നു. അവർ വിഡ്ഢികളെപ്പോലെ പെരുമാറുന്നു! മയക്കുമരുന്നും ഉപയോഗിക്കാറുണ്ട്. മോശമായ ഒരുപാടു കാര്യങ്ങൾ നടക്കുന്നു. നിങ്ങൾ അവിടെ ചെന്നിട്ട് അതൊന്നും നിങ്ങളെ ബാധിക്കില്ലെന്ന് ചിന്തിക്കുന്നെങ്കിൽ, നിങ്ങൾക്കു തെറ്റു പറ്റിയിരിക്കുന്നു.” അതുകൊണ്ട്, ബൈബിൾ വെറിക്കൂത്തിനെ, അഥവാ “വന്യമായ പാർട്ടി”കളെ “ജഡത്തിന്റെ പ്രവൃത്തിക”ളിൽ ഒന്നായി പട്ടികപ്പെടുത്തുന്നത് ശരിയായ കാരണത്താലാണ്.—ഗലാത്യർ 5:19-21; ബയിങ്ടൺ; റോമർ 13:13.
15. വിനോദം സംബന്ധിച്ചു സന്തുലിതമായ എന്തു വീക്ഷണമാണു ബൈബിൾ നൽകുന്നത്?
15 ഹാനികരമായ വിനോദം ഒഴിവാക്കുന്നതിനാൽ നിങ്ങളുടെ ജീവിതം ഉല്ലാസരഹിതമാകില്ല. ഒരു “സന്തുഷ്ട ദൈവ”ത്തെയാണു നാം ആരാധിക്കുന്നത്. നിങ്ങൾ യൗവനം ആസ്വദിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 1:11, NW; സഭാപ്രസംഗി 11:9) എന്നാൽ ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ഉല്ലാസപ്രിയൻ [“വിനോദപ്രിയൻ,” ലാംസ] ദരിദ്രനായ്തീരും.” (സദൃശവാക്യങ്ങൾ 21:17) അതെ, വിനോദത്തെ ജീവിതത്തിലെ ഏറ്റവും മുഖ്യ സംഗതി ആക്കുന്നെങ്കിൽ നിങ്ങൾ ആത്മീയ ദാരിദ്ര്യം അനുഭവിക്കും. അതുകൊണ്ട് വിനോദം തിരഞ്ഞെടുക്കുമ്പോൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുക. നിങ്ങളെ തകർത്തുകളയുന്ന വിധത്തിലല്ല, മറിച്ച് കെട്ടുപണി ചെയ്യുന്ന വിധത്തിൽ ജീവിതം ആസ്വദിക്കാൻ അനേകം മാർഗങ്ങളുണ്ട്.c—സഭാപ്രസംഗി 11:10.
16. തങ്ങൾ വ്യത്യസ്തരാണെന്നു ക്രിസ്തീയ യുവജനങ്ങൾക്ക് എങ്ങനെ പ്രകടമാക്കാൻ സാധിക്കും?
16 ലോകത്തിന്റെ ഭ്രമങ്ങൾ നിരസിച്ചുകൊണ്ട് വസ്ത്ര ധാരണത്തിലും ചമയത്തിലും വിനയം പ്രകടമാക്കുന്നതും നിങ്ങളെ വ്യത്യസ്തരാക്കും. (റോമർ 12:2; 1 തിമൊഥെയൊസ് 2:9) സംഗീതം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതും സമാനമായ ഫലം ഉളവാക്കും. (ഫിലിപ്പിയർ 4:8, 9) “വലിച്ചെറിയേണ്ടതാണെന്ന് എനിക്ക് അറിയാവുന്ന പാട്ടുകൾ എന്റെ പക്കലുണ്ട്” എന്ന് ഒരു ക്രിസ്തീയ യുവതി സമ്മതിക്കുന്നു, “എന്നാൽ അതു വളരെ നല്ലതായി തോന്നുന്നു!” ഒരു ചെറുപ്പക്കാരൻ സമാനമായി ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “പാട്ടുകൾ എനിക്ക് ഒരു കെണിയാണ്, കാരണം ഞാനതു വളരെയധികം ഇഷ്ടപ്പെടുന്നു. ഒരു ഗാനത്തിൽ കുഴപ്പമുണ്ടെന്ന് ഞാൻ കണ്ടെത്തുകയോ മാതാപിതാക്കൾ അത് എന്റെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ, എന്റെ ഹൃദയത്തിന്മേൽ നിയന്ത്രണം നേടാൻ ഞാൻ എന്റെ മനസ്സിനെ നിർബന്ധിക്കേണ്ടിയിരിക്കുന്നു, കാരണം ഉള്ളിന്റെയുള്ളിൽ എനിക്ക് ആ ഗാനം ഇഷ്ടമാണ്.” യുവജനങ്ങളേ, ‘സാത്താന്റെ തന്ത്രങ്ങളെ അറിയാത്തവർ ആയിരിക്കരുത്!’ (2 കൊരിന്ത്യർ 2:11) യുവ ക്രിസ്ത്യാനികളെ യഹോവയിൽനിന്ന് അകറ്റാനായി അവൻ സംഗീതത്തെ ഉപയോഗിക്കുന്നു! റാപ്പ്, ഹെവി മെറ്റൽ, ഓൾട്ടർനേറ്റീവ് റോക്ക് സംഗീതം എന്നിവയെ കുറിച്ച് ചർച്ച ചെയ്യുന്ന ലേഖനങ്ങൾ വാച്ച്ടവർ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്.d എന്നിരുന്നാലും, പുതിയ രൂപത്തിലും ഭാവത്തിലുമുള്ള എല്ലാ സംഗീതത്തെ കുറിച്ചും അഭിപ്രായ പ്രകടനം നടത്താൻ വാച്ച്ടവർ പ്രസിദ്ധീകരണങ്ങൾക്കു കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, സംഗീതം തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ “ചിന്താപ്രാപ്തി”യും “വിവേക”വും ഉപയോഗിക്കണം.—സദൃശവാക്യങ്ങൾ 2:11, NW.
17. (എ) എന്താണ് പോർണിയ, അതിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു? (ബി) ധാർമിക കാര്യങ്ങൾ സംബന്ധിച്ച് ദൈവത്തിന്റെ ഹിതം എന്താണ്?
17 അവസാനമായി, നിങ്ങൾ ധാർമികമായി ശുദ്ധരായി നിലകൊള്ളണം. ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ദുർന്നടപ്പു [“പരസംഗം,” NW] വിട്ടു ഓടുവിൻ.” (1 കൊരിന്ത്യർ 6:18) പരസംഗം എന്നതിന്റെ മൂല ഗ്രീക്ക് പദമായ പോർണിയ ജനനേന്ദ്രിയങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന, വിവാഹബന്ധത്തിനു പുറത്തുള്ള എല്ലാ അധാർമിക ലൈംഗിക പ്രവൃത്തികളെയും പരാമർശിക്കുന്നു. അതിൽ അധരസംഭോഗവും ലൈംഗിക അവയവങ്ങൾ മനപ്പൂർവം തലോടുന്നതും ഉൾപ്പെടും. തങ്ങൾ വാസ്തവത്തിൽ പരസംഗത്തിൽ ഏർപ്പെടുന്നില്ല എന്നു സങ്കൽപ്പിച്ചുകൊണ്ട് നിരവധി ക്രിസ്തീയ യുവജനങ്ങൾ അത്തരം പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ദൈവവചനം വ്യക്തമായി ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു [“പരസംഗം,” NW] വിട്ടൊഴിഞ്ഞു . . . വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.”—1 തെസ്സലൊനീക്യർ 4:3-5.
18. (എ) യുവജനങ്ങൾക്ക് ലോകത്തിന്റെ ആത്മാവിനാൽ കളങ്കപ്പെടുന്നത് എങ്ങനെ ഒഴിവാക്കാൻ സാധിക്കും? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതായിരിക്കും?
18 അതെ, യഹോവയുടെ സഹായത്താൽ നിങ്ങൾക്കു ലോകത്തിന്റെ ആത്മാവിനാലുള്ള കളങ്കം ഒഴിവാക്കാൻ സാധിക്കും! (1 പത്രൊസ് 5:10) എന്നാൽ സാത്താൻ മാരകമായ കെണികളെ മിക്കപ്പോഴും മറച്ചു പിടിക്കുന്നു. അപകടം മനസ്സിലാക്കാൻ പലപ്പോഴും നല്ല വിവേകം ആവശ്യമാണ്. തങ്ങളുടെ ഗ്രഹണ പ്രാപ്തികൾ വികസിപ്പിക്കുന്നതിന് യുവജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അടുത്ത ലേഖനം.
[അടിക്കുറിപ്പുകൾ]
a പൊതുവെ രാത്രി മുഴുവൻ നീളുന്ന ഡാൻസ് പാർട്ടികളാണ് ഇവ. കൂടുതൽ വിവരത്തിന്, ഉണരുക!യുടെ 1997 ഡിസംബർ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . റേവുനൃത്തം നിരുപദ്രവകരമായ വിനോദമോ?” എന്ന ലേഖനം കാണുക.
b ഏകദേശം 11 വയസ്സുള്ള കുട്ടികൾ.
c ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും പുസ്തകത്തിന്റെ 296-303 പേജുകൾ കാണുക.
d വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1993 ഏപ്രിൽ 15 ലക്കം കാണുക.
പുനരവലോകന ചോദ്യങ്ങൾ
□ ‘ലോകത്തിന്റെ ആത്മാവ്’ എന്താണ്, അത് ആളുകളുടെമേൽ ‘അധികാരം’ പ്രയോഗിക്കുന്നത് എങ്ങനെ?
□ ഇന്നത്തെ യുവജനങ്ങൾക്ക് ഇടയിൽ ലോകത്തിന്റെ ആത്മാവ് പ്രകടമായിരിക്കുന്ന ചില വിധങ്ങൾ ഏവ?
□ സംസാരത്തിന്റെയും വിനോദത്തിന്റെയും കാര്യത്തിൽ ക്രിസ്തീയ യുവജനങ്ങൾക്ക് “ഒരു വ്യത്യസ്തമായ ആത്മാവ്” പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
□ ധാർമികതയുടെയും സംഗീതത്തിന്റെയും കാര്യത്തിൽ ക്രിസ്തീയ യുവജനങ്ങൾക്ക് “ഒരു വ്യത്യസ്തമായ ആത്മാവ്” പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
[9-ാം പേജിലെ ചിത്രം]
അനേക യുവജനങ്ങളുടെയും നടത്ത അവർ ലോകത്തിന്റെ ആത്മാവിന്റെ “അധികാര”ത്തിൻ കീഴിലാണെന്നു പ്രകടമാക്കുന്നു
[10-ാം പേജിലെ ചിത്രം]
സംഗീതം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക
[11-ാം പേജിലെ ചിത്രം]
ലോകത്തിന്റെ ആത്മാവിനെ ചെറുത്തു നിൽക്കാൻ ധൈര്യം ആവശ്യമാണ്