ഇന്ന് യഹോവ നമ്മോട് എന്ത് ആവശ്യപ്പെടുന്നു?
“മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.”—മത്തായി 17:5.
1. ന്യായപ്രമാണം അതിന്റെ ഉദ്ദേശ്യം നിവർത്തിച്ചത് എപ്പോൾ?
യഹോവ ഇസ്രായേൽ ജനതയ്ക്ക് അനേകം വിശദാംശങ്ങളോടു കൂടിയ ന്യായപ്രമാണം നൽകി. അവയെ കുറിച്ചു പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം എഴുതി: “അവ കാര്യങ്ങൾ നേരെയാക്കാനുള്ള നിയമിത സമയം വരെ ചുമത്തപ്പെട്ട ജഡസംബന്ധിയായ നിയമ വ്യവസ്ഥകൾ ആയിരുന്നു.” (എബ്രായർ 9:10, NW) യേശുവിനെ മിശിഹാ, അഥവാ ക്രിസ്തു, ആയി സ്വീകരിക്കാൻ ന്യായപ്രമാണം ഒരു ഇസ്രായേല്യ ശേഷിപ്പിനെ നയിച്ചപ്പോൾ അതിന്റെ ഉദ്ദേശ്യം നിവർത്തിക്കപ്പെട്ടു. അതുകൊണ്ട് പൗലൊസ് ഇങ്ങനെ പ്രസ്താവിച്ചു: “ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.”—റോമർ 10:4; ഗലാത്യർ 3:19-25; 4:4, 5.
2. ന്യായപ്രമാണത്തിൻ കീഴിൽ ആയിരുന്നത് ആർ, അവർ അതിൽനിന്നു മുക്തരായത് എപ്പോൾ?
2 അതിന്റെ അർഥം ന്യായപ്രമാണം നമുക്ക് ഇന്നു ബാധകമല്ലെന്നാണോ? വാസ്തവത്തിൽ മനുഷ്യവർഗത്തിൽ ബഹുഭൂരിപക്ഷവും ഒരിക്കലും ന്യായപ്രമാണത്തിൻ കീഴിൽ ആയിരുന്നിട്ടില്ല. സങ്കീർത്തനക്കാരൻ അത് ഇങ്ങനെ വിശദീകരിച്ചു: “[യഹോവ] യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല.” (സങ്കീർത്തനം 147:19, 20) യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ദൈവം പുതിയ ഉടമ്പടി സ്ഥാപിച്ചപ്പോൾ, ഇസ്രായേൽ ജനത പോലും മേലാൽ ന്യായപ്രമാണം അനുസരിക്കാനുള്ള കടപ്പാടിൻ കീഴിൽ അല്ലാതായി. (ഗലാത്യർ 3:13; എഫെസ്യർ 2:14; കൊലൊസ്സ്യർ 2:13, 14, 16) അപ്പോൾ, ന്യായപ്രമാണം മേലാൽ നമുക്കു ബാധകമല്ലെങ്കിൽ, ഇന്ന് തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവരോടു യഹോവ എന്താണ് ആവശ്യപ്പെടുന്നത്?
യഹോവ ആവശ്യപ്പെടുന്നത്
3, 4. (എ) യഹോവ ഇന്നു നമ്മിൽനിന്ന് അടിസ്ഥാനപരമായി എന്താണ് ആവശ്യപ്പെടുന്നത്? (ബി) നാം യേശുവിന്റെ കാലടികൾ അടുത്തു പിന്തുടരേണ്ടത് എന്തുകൊണ്ട്?
3 യേശുവിന്റെ ശുശ്രൂഷയുടെ അവസാന വർഷത്തിൽ അവന്റെ അപ്പൊസ്തലന്മാരായ പത്രൊസും യാക്കോബും യോഹന്നാനും അവന്റെ കൂടെ ഒരു ഉയർന്ന മലയിലേക്ക്, ഒരുപക്ഷേ ഹെർമ്മോൻ പർവതത്തിലെ ഒരു കൊടുമുടിയിലേക്ക്, പോയി. അവിടെ അവർ അതിശ്രേഷ്ഠ തേജസ്സിൽ യേശുവിന്റെ ഒരു പ്രാവചനിക ദർശനം കാണുകയും ദൈവത്തിന്റെ സ്വന്തം ശബ്ദം പിൻവരുന്ന പ്രകാരം പ്രഖ്യാപിക്കുന്നതു കേൾക്കുകയും ചെയ്തു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ.” (മത്തായി 17:1-5) അടിസ്ഥാനപരമായി, അതാണ് യഹോവ നമ്മോട് ആവശ്യപ്പെടുന്നത്, അതായത് അവന്റെ പുത്രനു ശ്രദ്ധ കൊടുക്കാനും അവന്റെ മാതൃകയും പഠിപ്പിക്കലുകളും പിൻപറ്റാനും. (മത്തായി 16:24) അതുകൊണ്ട് പത്രൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.”—1 പത്രൊസ് 2:21.
4 നാം യേശുവിന്റെ ചുവടുകൾ അടുത്തു പിന്തുടരേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവനെ അനുകരിക്കുമ്പോൾ നാം യഹോവയാം ദൈവത്തെയാണ് അനുകരിക്കുന്നത്. ഭൂമിയിൽ വരുന്നതിനു മുമ്പ് പിതാവിനോടൊപ്പം സ്വർഗത്തിൽ ശതകോടിക്കണക്കിനു വർഷങ്ങൾ ചെലവഴിച്ച യേശു അവനെ അടുത്ത് അറിഞ്ഞിരുന്നു. (സദൃശവാക്യങ്ങൾ 8:22-31; യോഹന്നാൻ 8:23; 17:5; കൊലൊസ്സ്യർ 1:15-17) ഭൂമിയിൽ ആയിരിക്കെ യേശു തന്റെ പിതാവിനെ വിശ്വസ്തമായി പ്രതിനിധാനം ചെയ്തു. അവൻ ഇങ്ങനെ വിശദീകരിച്ചു: “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ [ഞാൻ] ഇതു സംസാരിക്കുന്നു.” വാസ്തവത്തിൽ, “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറയാൻ കഴിയത്തക്ക വിധം അത്ര കൃത്യമായി യേശു അവനെ അനുകരിച്ചു.—യോഹന്നാൻ 8:28; 14:9.
5. ക്രിസ്ത്യാനികൾ ഏതു നിയമത്തിൻ കീഴിലാണ്, ആ നിയമം പ്രാബല്യത്തിൽ വന്നത് എപ്പോൾ?
5 യേശുവിനു ശ്രദ്ധ കൊടുക്കുകയും അവനെ അനുകരിക്കുകയും ചെയ്യുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ഒരു നിയമത്തിൻ കീഴിൽ ആയിരിക്കുന്നതിനെ അത് അർഥമാക്കുന്നുവോ? പൗലൊസ് എഴുതി: “ഞാൻ നിയമത്തിൻ കീഴുള്ളവനല്ല.” ഇവിടെ അവൻ “പഴയ ഉടമ്പടി”യെ, അതായത് ഇസ്രായേല്യരുമായി ഉണ്ടാക്കിയ ന്യായപ്രമാണ ഉടമ്പടിയെ പരാമർശിക്കുകയായിരുന്നു. എങ്കിലും താൻ “ക്രിസ്തുവിനോടുള്ള നിയമത്തിനു കീഴിൽ” ആണെന്നു പൗലൊസ് സമ്മതിച്ചു പറയുകതന്നെ ചെയ്തു. (1 കൊരിന്ത്യർ 9:20, 21; 2 കൊരിന്ത്യർ 3:14, NW) പഴയ ന്യായപ്രമാണ ഉടമ്പടിയുടെ അവസാനത്തോടെ, യഹോവയുടെ ഇന്നത്തെ സകല ദാസന്മാരും അനുസരിക്കാൻ കടപ്പെട്ടിരിക്കുന്ന “ക്രിസ്തുവിന്റെ നിയമം” ഉൾപ്പെടുന്ന ഒരു “പുതിയ ഉടമ്പടി” പ്രാബല്യത്തിൽ വന്നു.—ലൂക്കൊസ് 22:20; ഗലാത്യർ 6:2, NW; എബ്രായർ 8:7-13.
6. “ക്രിസ്തുവിന്റെ നിയമ”ത്തെ എങ്ങനെ വിശദീകരിക്കാം, നാം അത് അനുസരിക്കുന്നത് എങ്ങനെ?
6 യഹോവ “ക്രിസ്തുവിന്റെ നിയമ”ത്തെ, പഴയ ന്യായപ്രമാണ ഉടമ്പടിയെപ്പോലെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് ഒരു നിയമ സംഹിതയുടെ രൂപത്തിൽ എഴുതിവെപ്പിച്ചില്ല. ക്രിസ്തുവിന്റെ അനുഗാമികൾക്കുള്ള ഈ പുതിയ നിയമത്തിൽ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ വിപുലമായൊരു പട്ടിക ഇല്ല. എന്നിരുന്നാലും യഹോവ തന്റെ വചനത്തിൽ തന്റെ പുത്രന്റെ ജീവിതത്തെയും പഠിപ്പിക്കലുകളെയും കുറിച്ചുള്ള വിശദമായ നാലു വിവരണങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മാത്രവുമല്ല, വ്യക്തിപരമായ പെരുമാറ്റവും സഭാപരമായ കാര്യങ്ങളും കുടുംബത്തിലെ നടത്തയും മറ്റു കാര്യങ്ങളും സംബന്ധിച്ചുള്ള ലിഖിത നിർദേശങ്ങൾ നൽകാൻ യേശുവിന്റെ ആദിമ അനുഗാമികളിൽ ചിലരെ ദൈവം നിശ്വസ്തരാക്കുകയും ചെയ്തു. (1 കൊരിന്ത്യർ 6:18; 14:26-35; എഫെസ്യർ 5:21-33; എബ്രായർ 10:24, 25) നമ്മുടെ ജീവിതത്തെ നാം യേശുക്രിസ്തുവിന്റെ മാതൃകയോടും പഠിപ്പിക്കലുകളോടും അനുരൂപപ്പെടുത്തുകയും ഒന്നാം നൂറ്റാണ്ടിലെ നിശ്വസ്ത ബൈബിൾ എഴുത്തുകാരുടെ ബുദ്ധിയുപദേശങ്ങൾ പിൻപറ്റുകയും ചെയ്യുമ്പോൾ നാം “ക്രിസ്തുവിന്റെ നിയമം” അനുസരിക്കുകയാണ്. ഇതാണ് യഹോവ ഇന്നു തന്റെ ദാസന്മാരോട് ആവശ്യപ്പെടുന്നത്.
സ്നേഹത്തിന്റെ പ്രാധാന്യം
7. തന്റെ അപ്പൊസ്തലന്മാരോട് ഒപ്പമുള്ള അവസാനത്തെ പെസഹ സമയത്ത് യേശു തന്റെ നിയമത്തിന്റെ സാരാംശം ഊന്നിപ്പറഞ്ഞത് എങ്ങനെ?
7 ന്യായപ്രമാണത്തിൻ കീഴിൽ സ്നേഹം പ്രധാനം ആയിരുന്നെങ്കിൽ, ക്രിസ്തുവിന്റെ നിയമത്തിന്റെ സാരം അഥവാ അന്തസ്സത്ത തന്നെ സ്നേഹമാണ്. പൊ.യു. 33-ലെ പെസഹ ആഘോഷിക്കാൻ യേശു അപ്പൊസ്തലന്മാരോട് ഒപ്പം കൂടിവന്നപ്പോൾ ഈ വസ്തുതയ്ക്ക് അവൻ ഊന്നൽ നൽകി. ആ രാത്രിയിലെ സംഭവങ്ങളെ കുറിച്ചുള്ള യോഹന്നാൻ അപ്പൊസ്തലന്റെ സംക്ഷിപ്ത വിവരണം അനുസരിച്ച്, യേശുവിന്റെ ഹൃദയംഗമമായ വാക്കുകളിൽ അവൻ 28 പ്രാവശ്യം സ്നേഹത്തെ പരാമർശിച്ചു. അത് അവന്റെ നിയമത്തിന്റെ സാരാംശം അഥവാ ആത്മാവ് അപ്പൊസ്തലന്മാർക്കു വ്യക്തമാക്കിക്കൊടുത്തു. ആ സുപ്രധാന രാത്രിയിലെ സംഭവങ്ങളെ കുറിച്ചുള്ള തന്റെ വിവരണം യോഹന്നാൻ പിൻവരുന്ന വാക്കുകളോടെ ആരംഭിക്കുന്നതു ശ്രദ്ധാർഹമാണ്: “പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.”—യോഹന്നാൻ 13:1.
8. (എ) അപ്പൊസ്തലന്മാരുടെ ഇടയിൽ നിരന്തരമായ ഒരു തർക്കം ഉണ്ടായിരുന്നു എന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) യേശു തന്റെ അപ്പൊസ്തലന്മാരെ താഴ്മ സംബന്ധിച്ച് ഒരു പാഠം പഠിപ്പിച്ചത് എങ്ങനെ?
8 അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള അമിതമായ ആഗ്രഹത്തെ കീഴടക്കാൻ തന്റെ അപ്പൊസ്തലന്മാരെ സഹായിക്കാനുള്ള യേശുവിന്റെ ശ്രമം പ്രത്യക്ഷത്തിൽ വിജയം കണ്ടില്ലെങ്കിലും അവൻ അവരെ സ്നേഹിച്ചു. അവർ യെരൂശലേമിൽ വരുന്നതിനു മാസങ്ങൾക്കു മുമ്പ് അവർ “തങ്ങളുടെ ഇടയിൽ വലിയവൻ ആർ” എന്നതിനെ കുറിച്ചു വാദപ്രതിവാദം നടത്തിയിരുന്നു. പെസഹയ്ക്കായി നഗരത്തിൽ എത്തുന്നതിനു തൊട്ടു മുമ്പും സ്ഥാനം സംബന്ധിച്ച് അവരുടെ ഇടയിൽ തർക്കം ഉണ്ടായി. (മർക്കൊസ് 9:33-37; 10:35-45) അപ്പൊസ്തലന്മാർ പെസഹയ്ക്കായി മാളിക മുറിയിൽ പ്രവേശിച്ച് അധികം താമസിയാതെ സംഭവിച്ച സംഗതി അത് ഒരു നിരന്തര പ്രശ്നം ആയിരുന്നെന്നു പ്രകടമാക്കി. അവർ ഒരുമിച്ചുള്ള അവസാനത്തെ പെസഹ ആയിരുന്നു അത്. മറ്റുള്ളവരുടെ കാൽ കഴുകുന്ന ആചാരപരമായ ആതിഥ്യ സേവനം ചെയ്യാൻ പ്രസ്തുത അവസരത്തിൽ ശിഷ്യന്മാരാരും തയ്യാറായില്ല. താഴ്മ സംബന്ധിച്ചുള്ള ഒരു പാഠം അവരെ പഠിപ്പിക്കാനായി യേശുതന്നെ അവരുടെ കാൽപ്പാദങ്ങൾ കഴുകി.—യോഹന്നാൻ 13:2-15; 1 തിമൊഥെയൊസ് 5:9, 10.
9. അവസാനത്തെ പെസഹയെ തുടർന്ന് ഉണ്ടായ ഒരു സാഹചര്യത്തെ യേശു കൈകാര്യം ചെയ്തത് എങ്ങനെ?
9 ആ പാഠം പഠിപ്പിച്ചെങ്കിലും, പെസഹ ആചരിക്കുകയും ആസന്നമായ തന്റെ മരണത്തിന്റെ സ്മാരകം യേശു ഏർപ്പെടുത്തുകയും ചെയ്ത ശേഷം വീണ്ടും എന്തു സംഭവിച്ചെന്ന് നോക്കുക. ലൂക്കൊസിന്റെ സുവിശേഷ വിവരണം പറയുന്നു: “തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.” അപ്പൊസ്തലന്മാരോടു കോപിച്ച് അവരെ ശകാരിക്കുന്നതിനു പകരം, ലോകത്തിലെ അധികാര ദാഹികളായ ഭരണാധിപന്മാരിൽനിന്നു വ്യത്യസ്തരായിരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് യേശു അവരെ ദയാപൂർവം ബുദ്ധിയുപദേശിച്ചു. (ലൂക്കൊസ് 22:24-27) എന്നിട്ട് അവൻ, ക്രിസ്തുവിന്റെ നിയമത്തിന്റെ മൂലക്കല്ല് എന്നു പറയാവുന്ന, പിൻവരുന്ന കൽപ്പന നൽകി: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.”—യോഹന്നാൻ 13:34.
10. യേശു ശിഷ്യന്മാർക്കു നൽകിയ കൽപ്പന ഏത്, അതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
10 ക്രിസ്തുതുല്യ സ്നേഹം എത്ര വിശാലമായിരിക്കണമെന്ന് പിന്നീട് ആ രാത്രിയിൽത്തന്നെ യേശു വ്യക്തമാക്കി. അവൻ പറഞ്ഞു: “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന. സ്നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:12, 13) സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം സഹവിശ്വാസികൾക്കു വേണ്ടി മരിക്കാൻ തന്റെ ശിഷ്യന്മാർ തയ്യാറാകണമെന്ന് യേശു പറയുകയായിരുന്നോ? ആ അവസരത്തിൽ അവിടെ ഉണ്ടായിരുന്ന യോഹന്നാന് അങ്ങനെയാണു മനസ്സിലായത്. എന്തെന്നാൽ പിന്നീട് അവൻ ഇങ്ങനെ എഴുതി: “അവൻ [യേശുക്രിസ്തു] നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.”—1 യോഹന്നാൻ 3:16.
11. (എ) നാം ക്രിസ്തുവിന്റെ നിയമം നിവർത്തിക്കുന്നത് എങ്ങനെ? (ബി) യേശു എന്തു മാതൃക പ്രദാനം ചെയ്തു?
11 അപ്പോൾ, ക്രിസ്തുവിനെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിച്ചതുകൊണ്ടു മാത്രം നാം അവന്റെ നിയമം നിവർത്തിക്കുന്നവർ ആകുന്നില്ല. നമ്മുടെ ജീവിതവും പെരുമാറ്റവും യേശുവിന്റേതുപോലെ ആയിരിക്കുകയും വേണം. യേശു മനോഹരമായ, നന്നായി തിരഞ്ഞെടുത്ത വാക്കുകൾ തന്റെ പ്രഭാഷണങ്ങളിൽ ഉപയോഗിച്ചെന്നതു ശരിതന്നെ. എന്നാൽ അവൻ മാതൃകയിലൂടെയും പഠിപ്പിച്ചു. യേശു സ്വർഗത്തിലെ ശക്തനായ ഒരു ആത്മസൃഷ്ടി ആയിരുന്നെങ്കിലും, ഭൂമിയിലെ കാര്യങ്ങൾ സംബന്ധിച്ച തന്റെ പിതാവിന്റെ താത്പര്യങ്ങൾക്കായി സേവനം അനുഷ്ഠിക്കാനും നാം എങ്ങനെ ജീവിക്കണം എന്നു പ്രകടമാക്കാനുമുള്ള അവസരം അവൻ പ്രയോജനപ്പെടുത്തി. അവൻ താഴ്മയും ദയയും പരിഗണനയും ഉള്ളവനായിരുന്നു. ക്ലേശിതരും മർദിതരുമായവരെ അവൻ സഹായിച്ചു. (മത്തായി 11:28-30; 20:28; ഫിലിപ്പിയർ 2:5-8; 1 യോഹന്നാൻ 3:8) യേശു തന്റെ അനുഗാമികളെ സ്നേഹിച്ചതുപോലെ, അവർ പരസ്പരം സ്നേഹിക്കാൻ അവൻ ഉദ്ബോധിപ്പിച്ചു.
12. ക്രിസ്തുവിന്റെ നിയമം യഹോവയെ സ്നേഹിക്കേണ്ടതിന്റെ ആവശ്യം കുറച്ചു കാട്ടുന്നില്ലെന്നു പറയാവുന്നത് എന്തുകൊണ്ട്?
12 ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ആയിരുന്ന യഹോവയോടുള്ള സ്നേഹത്തിന് ക്രിസ്തുവിന്റെ നിയമത്തിൽ എന്തു സ്ഥാനമാണ് ഉള്ളത്? (മത്തായി 22:37, 38; ഗലാത്യർ 6:2) രണ്ടാം സ്ഥാനമാണോ? ഒരിക്കലുമല്ല! യഹോവയോടുള്ള സ്നേഹവും സഹ ക്രിസ്ത്യാനികളോടുള്ള സ്നേഹവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. തന്റെ സഹോദരനെ സ്നേഹിക്കാതെ ഒരുവനു വാസ്തവത്തിൽ യഹോവയെ സ്നേഹിക്കാനാവില്ല. എന്തെന്നാൽ യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.”—1 യോഹന്നാൻ 4:20, 21; 1 യോഹന്നാൻ 3:17, 18 താരതമ്യം ചെയ്യുക.
13. യേശുവിന്റെ പുതിയ കൽപ്പനയോടുള്ള അവന്റെ അനുഗാമികളുടെ അനുസരണത്തിന്റെ ഫലം എന്തായിരുന്നു?
13 യേശു സ്നേഹിച്ചതുപോലെ ശിഷ്യന്മാരും പരസ്പരം സ്നേഹിക്കണമെന്നുള്ള പുതിയ കൽപ്പന അവൻ അവർക്കു നൽകിയപ്പോൾ, അതിന്റെ ഫലം എന്തായിരിക്കുമെന്ന് അവൻ വിശദീകരിച്ചു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) യേശുവിന്റെ മരണ ശേഷം ഏകദേശം നൂറു വർഷം കഴിയുന്നതു വരെ ജീവിച്ചിരുന്ന തെർത്തുല്യൻ പറയുന്നതനുസരിച്ച്, ആദിമ ക്രിസ്ത്യാനികളുടെ സഹോദര സ്നേഹത്തിന് അതേ ഫലം തന്നേ ഉണ്ടായിരുന്നു. ‘അവർ പരസ്പരം എത്ര സ്നേഹമുള്ളവരാണ്, ഓരോരുത്തരും മറ്റുള്ളവർക്കു വേണ്ടി മരിക്കാൻ പോലും എത്ര സന്നദ്ധരാണ്’ എന്ന് ക്രിസ്തുവിന്റെ അനുഗാമികളെ കുറിച്ച് ക്രിസ്ത്യാനികൾ അല്ലാത്തവർ പറഞ്ഞതായി തെർത്തുല്യൻ ഉദ്ധരിച്ചു. ‘ക്രിസ്തുവിന്റെ അനുഗാമികളിൽ ഒരുവനാണെന്ന് തെളിയിക്കും വിധം ഞാൻ സഹ ക്രിസ്ത്യാനികളോട് അത്തരം സ്നേഹം പ്രകടമാക്കുന്നുണ്ടോ?’ എന്ന് നമുക്കു നമ്മോടുതന്നെ ചോദിക്കാവുന്നതാണ്.
നാം സ്നേഹം തെളിയിക്കുന്ന വിധം
14, 15. ക്രിസ്തുവിന്റെ നിയമം അനുസരിക്കുന്നതു പ്രയാസമാക്കിയേക്കാവുന്നത് എന്ത്, എന്നാൽ അപ്രകാരം ചെയ്യാൻ നമ്മെ എന്തിനു സഹായിക്കാനാകും?
14 യഹോവയുടെ ദാസന്മാർ ക്രിസ്തുതുല്യ സ്നേഹം പ്രകടമാക്കേണ്ടതു മർമപ്രധാനമാണ്. എന്നാൽ, സ്വാർഥ ചായ്വുകൾ പ്രകടമാക്കുന്ന സഹ ക്രിസ്ത്യാനികളെ സ്നേഹിക്കാൻ പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തുന്നുവോ? നാം കണ്ടുകഴിഞ്ഞതു പോലെ, അപ്പൊസ്തലന്മാർ പോലും വാദപ്രതിവാദം നടത്തുകയും സ്വന്ത താത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. (മത്തായി 20:20-24) ഗലാത്യ ക്രിസ്ത്യാനികളും പരസ്പരം കലഹിച്ചു. അയൽസ്നേഹം ന്യായപ്രമാണത്തെ നിവർത്തിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയ ശേഷം പൗലൊസ് പറഞ്ഞു: “നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” ജഡത്തിന്റെ പ്രവൃത്തികളെ ദൈവാത്മാവിന്റെ ഫലങ്ങളുമായി വിപരീത താരതമ്യം ചെയ്ത ശേഷം പൗലൊസ് ഈ ബുദ്ധിയുപദേശം കൂട്ടിച്ചേർത്തു: “നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.” എന്നിട്ട് അപ്പൊസ്തലൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം [“നിയമം,” NW] നിവർത്തിപ്പിൻ.”—ഗലാത്യർ 5:14-6:2.
15 ക്രിസ്തുവിന്റെ നിയമം അനുസരിക്കാൻ പറയുക വഴി യഹോവ നമുക്കു സാധിക്കുന്നതിലധികം നമ്മോട് ആവശ്യപ്പെടുകയാണോ? വാസ്തവത്തിൽ, നമ്മോടു പരുഷമായി സംസാരിക്കുകയും വൈകാരികമായി നമ്മെ പിച്ചിച്ചീന്തുകയും ചെയ്തവരോടു ദയാപുരസ്സരം ഇടപെടുക പ്രയാസമായിരിക്കാമെങ്കിലും, “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരി”ക്കാൻ നാം ബാധ്യസ്ഥരാണ്. (എഫെസ്യർ 5:1, 2) “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” ദൈവം വെച്ചിരിക്കുന്ന ഈ മാതൃകയ്ക്കു നാം തുടർച്ചയായി ശ്രദ്ധ നൽകേണ്ടതാണ്. (റോമർ 5:8) നമ്മെ ദ്രോഹിച്ചവർ ഉൾപ്പെടെ മറ്റുള്ളവരെ സഹായിക്കാൻ മുൻകൈ എടുക്കുന്നതിനാൽ, നാം ദൈവത്തെ അനുകരിക്കുകയും ക്രിസ്തുവിന്റെ നിയമം അനുസരിക്കുകയും ചെയ്യുന്നുവെന്ന ബോധ്യത്തിൽനിന്ന് ഉളവാകുന്ന സംതൃപ്തി നമുക്ക് ആസ്വദിക്കാൻ കഴിയും.
16. ദൈവത്തോടും ക്രിസ്തുവിനോടുമുള്ള സ്നേഹം നാം തെളിയിക്കുന്നത് എങ്ങനെ?
16 നാം സ്നേഹം തെളിയിക്കുന്നതു ചെയ്യുന്ന കാര്യങ്ങളാലാണ്, കേവലം പറയുന്ന കാര്യങ്ങളാലല്ല എന്ന് ഓർമിക്കണം. ദൈവേഷ്ടത്തിന്റെ ഒരു പ്രത്യേക വശത്തിൽ ഉൾപ്പെട്ടിരുന്ന കാര്യങ്ങൾ നിമിത്തം അതു സ്വീകരിക്കാൻ യേശുവിനു പോലും ഒരവസരത്തിൽ ബുദ്ധിമുട്ടു തോന്നി. “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ,” അവൻ പ്രാർഥിച്ചു. എന്നാൽ പെട്ടെന്നുതന്നെ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ.” (ലൂക്കൊസ് 22:42) പല യാതനകളും അനുഭവിക്കേണ്ടിവന്നിട്ടും യേശു ദൈവേഷ്ടം ചെയ്തു. (എബ്രായർ 5:7, 8) അനുസരണം നമ്മുടെ സ്നേഹത്തിന്റെ ഒരു തെളിവാണ്. ദൈവമാർഗം ആണ് ഏറ്റവും മികച്ചത് എന്നു നാം അംഗീകരിക്കുന്നതായും അതു പ്രകടമാക്കുന്നു. ‘ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ അവനോടുള്ള സ്നേഹം’ എന്ന് ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:3) യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു: “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.”—യോഹന്നാൻ 14:15.
17. യേശു തന്റെ അനുഗാമികൾക്ക് ഏതു പ്രത്യേക കൽപ്പന കൊടുത്തു, അത് ഇന്ന് നമുക്കു ബാധകമാണെന്ന് എങ്ങനെ അറിയാം?
17 പരസ്പരം സ്നേഹിക്കാനുള്ള കൽപ്പനയ്ക്കു പുറമേ മറ്റേതു പ്രത്യേക കൽപ്പനയാണ് ക്രിസ്തു തന്റെ അനുഗാമികൾക്കു നൽകിയത്? അവർ പ്രസംഗ വേല ചെയ്യണമെന്ന് അവൻ കൽപ്പിച്ചു. അതിനായി അവൻ അവരെ പരിശീലിപ്പിച്ചിരുന്നു. പത്രൊസ് ഇങ്ങനെ പറഞ്ഞു: “ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.” (പ്രവൃത്തികൾ 10:42) യേശു വിശേഷാൽ ഇങ്ങനെ കൽപ്പിച്ചിരുന്നു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) ആ നിർദേശങ്ങൾ ഇപ്പോഴത്തെ, “അന്ത്യകാല”ത്തെ, അവന്റെ അനുഗാമികൾക്കും ബാധകമായിരിക്കുമെന്ന് യേശു വെളിപ്പെടുത്തി. എന്തെന്നാൽ അവൻ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (ദാനീയേൽ 12:4; മത്തായി 24:14) നാം പ്രസംഗിക്കണം എന്നുള്ളതു തീർച്ചയായും ദൈവത്തിന്റെ ഇഷ്ടമാണ്. എന്നാൽ, ആ വേല ചെയ്യണമെന്നു പറയുക വഴി ദൈവം നമുക്കു സാധിക്കുന്നതിലധികം നമ്മോട് ആവശ്യപ്പെടുകയാണെന്നു ചിലർ ചിന്തിച്ചേക്കാം. എന്നാൽ വാസ്തവത്തിൽ അത് അങ്ങനെയാണോ?
അതു പ്രയാസമായി തോന്നിയേക്കാവുന്നതിന്റെ കാരണം
18. യഹോവ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യുന്നതിന്റെ ഫലമായി കഷ്ടം അനുഭവിക്കേണ്ടിവരുമ്പോൾ നാം എന്ത് ഓർമിക്കണം?
18 നാം കണ്ടുകഴിഞ്ഞതു പോലെ, ചരിത്രത്തിലുടനീളം വ്യത്യസ്ത വ്യവസ്ഥകൾ അനുസരിക്കാൻ യഹോവ ആവശ്യപ്പെട്ടിട്ടുണ്ട്. അവരോടു ചെയ്യാൻ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങൾ വ്യത്യസ്തങ്ങൾ ആയിരുന്നു. അതുപോലെതന്നെ ആയിരുന്നു അവർ അനുഭവിച്ച പരിശോധനകളുടെ സ്വഭാവവും. ദൈവം ആവശ്യപ്പെട്ടതു ചെയ്തതിന്റെ ഫലമായി ദൈവത്തിന്റെ പ്രിയ പുത്രൻ ഏറ്റവും ക്ലേശകരമായ പരിശോധനകൾക്കു വിധേയനായി, ഒടുവിൽ ഏറ്റവും ക്രൂരമായ വിധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ യഹോവ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യുന്നതിന്റെ ഫലമായി നാം കഷ്ടം അനുഭവിക്കുമ്പോൾ, നമ്മുടെ പരിശോധനകളുടെ ഉത്തരവാദി അവൻ അല്ല എന്നുള്ളതു നാം ഓർമിക്കണം. (യോഹന്നാൻ 15:18-20; യാക്കോബ് 1:13-15) സാത്താന്റെ മത്സരമാണ് പാപവും ദുരിതവും മരണവും കൈവരുത്തിയത്. യഹോവ തന്റെ ദാസന്മാരോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതു മിക്കപ്പോഴും വളരെ ക്ലേശകരമാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നതും സാത്താനാണ്.—ഇയ്യോബ് 1:6-19; 2:1-8.
19. ദൈവം തന്റെ പുത്രൻ മുഖാന്തരം നമ്മോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒരു പദവി ആയിരിക്കുന്നത് എന്തുകൊണ്ട്?
19 എല്ലാ മാനുഷ ദുരിതങ്ങളുടെയും ഏക പരിഹാരം ദൈവരാജ്യ ഭരണമാണെന്നുള്ളത് ഈ അന്ത്യകാലത്ത് തന്റെ ദാസന്മാർ ഭൂവ്യാപകമായി ഘോഷിക്കണമെന്നു യഹോവ തന്റെ പുത്രനിലൂടെ നിർദേശിച്ചിട്ടുണ്ട്. ദൈവത്തിന്റെ ആ ഗവൺമെന്റ്, യുദ്ധം, കുറ്റകൃത്യം, ദാരിദ്ര്യം, വാർധക്യം, രോഗം, മരണം എന്നിങ്ങനെ ഭൂമിയിലെ സകല പ്രശ്നങ്ങളും ഇല്ലായ്മ ചെയ്യും. ആ രാജ്യം മഹത്ത്വപൂർണമായ ഒരു ഭൗമിക പറുദീസയും ആനയിക്കും. മരിച്ചവർ അതിലേക്കു പുനരുത്ഥാനം പ്രാപിക്കുക പോലും ചെയ്യും. (മത്തായി 6:9, 10; ലൂക്കൊസ് 23:43, NW; പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3-5) അത്തരം കാര്യങ്ങളെ കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുന്നത് എന്തൊരു പദവിയാണ്! അപ്പോൾ, ദൈവം നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യത്തിൽ യാതൊരു പ്രശ്നവും ഇല്ലെന്നു വ്യക്തമാണ്. നാം എതിർപ്പ് അഭിമുഖീകരിക്കുന്നു. എന്നാൽ, പിശാചായ സാത്താനും അവന്റെ ലോകവുമാണ് അതിന് ഉത്തരവാദികൾ.
20. പിശാച് കൊണ്ടുവരുന്ന ഏതു വെല്ലുവിളിയെയും നമുക്കു വിജയപ്രദമായി നേരിടാൻ കഴിയുന്നത് എങ്ങനെ?
20 സാത്താൻ കൊണ്ടുവരുന്ന ഏതു വെല്ലുവിളിയെയും നമുക്കു വിജയപ്രദമായി നേരിടാൻ കഴിയുന്നത് എങ്ങനെ? പിൻവരുന്ന വാക്കുകൾ മനസ്സിൽ പിടിക്കുന്നതിനാൽ: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) ഭൂമിയിൽ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യാനായി സ്വർഗീയ ജീവിതത്തിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ചുകൊണ്ട് സാത്താന്റെ വെല്ലുവിളിക്കുള്ള ഒരു ഉത്തരം യേശു യഹോവയ്ക്കു നൽകി. (യെശയ്യാവു 53:12; എബ്രായർ 10:7) ഒരു മനുഷ്യൻ എന്ന നിലയിൽ, തന്റെ മേൽ വന്ന സകല പരിശോധനകളും യേശു സഹിച്ചു, ഒരു ദണ്ഡന സ്തംഭത്തിലെ മരണം പോലും. നമ്മുടെ മാതൃകാപുരുഷൻ എന്ന നിലയിൽ നാം അവനെ പിൻപറ്റുന്നെങ്കിൽ, നമുക്കും യാതനകൾ സഹിച്ചു നിൽക്കാനും യഹോവ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യാനും സാധിക്കും.—എബ്രായർ 12:1-3.
21. യഹോവയും അവന്റെ പുത്രനും പ്രകടമാക്കിയിരിക്കുന്ന സ്നേഹത്തെ കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?
21 ദൈവവും അവന്റെ പുത്രനും നമ്മോട് എന്തൊരു സ്നേഹമാണു പ്രകടമാക്കിയിരിക്കുന്നത്! യേശുവിന്റെ ബലി നിമിത്തം, അനുസരണമുള്ള മനുഷ്യവർഗത്തിന് പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന പ്രത്യാശയുണ്ട്. അതുകൊണ്ട് നമ്മുടെ പ്രത്യാശയെ മൂടിക്കളയാൻ നമുക്കു യാതൊന്നിനെയും അനുവദിക്കാതിരിക്കാം. പകരം, യേശു സാധ്യമാക്കിത്തീർത്തിരിക്കുന്നത് നമുക്കു വ്യക്തിപരമായി മനസ്സിൽ പിടിക്കാം. അങ്ങനെ ചെയ്ത പൗലൊസ് ഇങ്ങനെ പറഞ്ഞു: ‘ദൈവപുത്രൻ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്തു.’ (ഗലാത്യർ 2:20) നമുക്കു സാധിക്കുന്നതിലധികം നമ്മോട് ഒരിക്കലും ആവശ്യപ്പെടാത്ത, നമ്മുടെ സ്നേഹവാനായ യഹോവയാം ദൈവത്തോടു നമുക്കു ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവ ഇന്നു നമ്മോട് എന്താണ് ആവശ്യപ്പെടുന്നത്?
□ അപ്പൊസ്തലന്മാരോട് ഒപ്പമുള്ള തന്റെ അവസാന രാത്രിയിൽ, ക്രിസ്തു സ്നേഹത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത് എങ്ങനെ?
□ ദൈവത്തെ സ്നേഹിക്കുന്നുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാൻ കഴിയും?
□ യഹോവ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യുന്നത് ഒരു പദവിയായിരിക്കുന്നത് എന്തുകൊണ്ട്?
[23-ാം പേജിലെ ചിത്രം]
അപ്പൊസ്തലന്മാരുടെ കാൽ കഴുകുകവഴി യേശു എന്തു പാഠമാണ് പഠിപ്പിച്ചത്?
[25-ാം പേജിലെ ചിത്രം]
എതിർപ്പുണ്ടായാലും, സുവാർത്ത പങ്കുവെക്കുന്നത് ഒരു സന്തുഷ്ട പദവിയാണ്