ദൈവവചനത്തെ നിങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു?
“നിന്റെ നിയമത്തെ ഞാൻ എത്ര സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ ചിന്താവിഷയമാകുന്നു.”—സങ്കീർത്തനം 119:97, NW.
1. ദൈവഭയമുള്ള ആളുകൾ ദൈവചനത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കുന്ന ഒരു വിധമേത്?
കോടിക്കണക്കിനു സ്ത്രീ പുരുഷന്മാരുടെ കൈവശം ബൈബിൾ ഉണ്ട്. എന്നാൽ സ്വന്തമായി ഒരു ബൈബിൾ ഉണ്ടായിരിക്കുന്നതും ദൈവവചനത്തെ സ്നേഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ദൈവവചനം വല്ലപ്പോഴുമൊക്കെ മാത്രമേ വായിക്കുന്നുള്ളൂ എങ്കിൽ, താൻ അതിനെ സ്നേഹിക്കുന്നുവെന്ന് ഒരുവനു ന്യായമായും അവകാശപ്പെടാൻ സാധിക്കുമോ? തീർച്ചയായും ഇല്ല. നേരെ മറിച്ച്, മുമ്പു ബൈബിളിൽ തെല്ലും താത്പര്യം ഇല്ലാതിരുന്ന ചിലർ അത് ഇപ്പോൾ എല്ലാ ദിവസവും വായിക്കുന്നു. അവർ ദൈവവചനത്തെ സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു. സങ്കീർത്തനക്കാരനെ പോലെ അവർ ‘ദിവസം മുഴുവൻ’ ദൈവവചനത്തെ തങ്ങളുടെ ചിന്താവിഷയമാക്കുന്നു.—സങ്കീർത്തനം 119:97, NW.
2. പ്രയാസ സാഹചര്യങ്ങളിൽ വിശ്വാസം നിലനിർത്താൻ യഹോവയുടെ ഒരു സാക്ഷിയെ സഹായിച്ചത് എന്ത്?
2 ദൈവവചനത്തെ സ്നേഹിക്കാൻ പഠിച്ച ഒരു വ്യക്തിയാണ് നാഷോ ഡോറി. സഹവിശ്വാസികളോടൊപ്പം അദ്ദേഹം സ്വദേശമായ അൽബേനിയയിൽ പല പതിറ്റാണ്ടുകൾ യഹോവയുടെ സേവനത്തിൽ സഹിഷ്ണുതയോടെ തുടർന്നു. അതിൽ ഭൂരിഭാഗം സമയത്തും യഹോവയുടെ സാക്ഷികൾ നിരോധനത്തിൽ ആയിരുന്നു. ആ വിശ്വസ്ത ക്രിസ്ത്യാനികൾക്കു കാര്യമായൊന്നും ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചിരുന്നില്ല. എന്നിട്ടും ഡോറി സഹോദരൻ വിശ്വാസത്തിൽ ബലിഷ്ഠനായി നിലകൊണ്ടു. എങ്ങനെ? അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എല്ലാ ദിവസവും ഒരു മണിക്കൂർ എങ്കിലും ബൈബിൾ വായിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. കാഴ്ച മങ്ങുന്നതു വരെ, ഏതാണ്ട് 60 വർഷം ഞാൻ അതു ചെയ്തു.” ഈ അടുത്ത കാലം വരെ അൽബേനിയൻ ഭാഷയിൽ മുഴു ബൈബിളും ലഭ്യമല്ലായിരുന്നു. എന്നാൽ ഡോറി സഹോദരൻ കുട്ടിക്കാലത്ത് ഗ്രീക്ക് ഭാഷ പഠിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ആ ഭാഷയിലാണു ബൈബിൾ വായിച്ചത്. അനേകം പരിശോധനകളുടെ മധ്യേ സഹിച്ചുനിൽക്കാൻ പതിവായ ബൈബിൾ വായന ഡോറി സഹോദരനെ സഹായിച്ചു. സഹിച്ചുനിൽക്കാൻ അതിനു നമ്മെയും സഹായിക്കാനാകും.
ദൈവവചനത്തിനായി “വാഞ്ഛിപ്പിൻ”
3. ക്രിസ്ത്യാനികൾ ദൈവവചനത്തോട് ഏതു മനോഭാവം നട്ടുവളർത്തണം?
3 അപ്പൊസ്തലനായ പത്രൊസ് എഴുതി: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ . . . വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1 പത്രൊസ് 2:2-3) ഒരു ശിശു അതിന്റെ അമ്മയുടെ പാലിനായി വാഞ്ഛിക്കുന്നതു പോലെ, തങ്ങളുടെ ആത്മീയ ആവശ്യങ്ങളെ കുറിച്ചു ബോധമുള്ള ക്രിസ്ത്യാനികൾ ദൈവവചനം വായിക്കുന്നതിൽ അത്യന്തം ആനന്ദം കണ്ടെത്തുന്നു. നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്? അല്ലെങ്കിൽ, നിരാശപ്പെടരുത്. നിങ്ങൾക്കും ദൈവവചനത്തിനായി ഒരു വാഞ്ഛ നട്ടുവളർത്താൻ കഴിയും.
4. ബൈബിൾ വായന ഒരു അനുദിന ശീലമാക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
4 അപ്രകാരം ചെയ്യുന്നതിന്, ആദ്യം ബൈബിൾ വായന ഒരു ശീലമാക്കാൻ, സാധ്യമെങ്കിൽ എല്ലാ ദിവസവും വായിക്കാൻ, നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക. (പ്രവൃത്തികൾ 17:11) നാഷോ ഡോറിയെ പോലെ എല്ലാ ദിവസവും ഒരു മണിക്കൂർ ബൈബിൾ വായിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല. എന്നാൽ സകല സാധ്യതയും അനുസരിച്ച്, ദൈവവചനം പരിചിന്തിക്കാൻ എല്ലാ ദിവസവും നിങ്ങൾക്കു കുറച്ചു സമയമെങ്കിലും നീക്കിവെക്കാൻ കഴിയും. അനേകം ക്രിസ്ത്യാനികൾ ഒരു ബൈബിൾ ഭാഗത്തെ കുറിച്ചു ധ്യാനിക്കാനായി അൽപ്പം നേരത്തേ എഴുന്നേൽക്കുന്നു. ഒരു ദിവസത്തിനു തുടക്കമിടാൻ അതിലും മെച്ചമായ എന്തു മാർഗമാണുള്ളത്? ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുമ്പ്, ദിവസത്തെ അവസാന പ്രവർത്തനം എന്ന നിലയിൽ ബൈബിൾ വായിക്കാൻ ചിലർ ഇഷ്ടപ്പെടുന്നു. മറ്റുചിലർ സൗകര്യപ്രദമായ മറ്റേതെങ്കിലും സമയത്തു ബൈബിൾ വായിക്കുന്നു. ബൈബിൾ പതിവായി വായിക്കണം എന്നതാണ് പ്രധാന സംഗതി. എന്നിട്ട്, വായിച്ചതിനെ കുറിച്ചു ധ്യാനിക്കാൻ ഏതാനും മിനിട്ടുകൾ എടുക്കുക. ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്തതിൽ നിന്നു പ്രയോജനം നേടിയ ചില വ്യക്തികളുടെ അനുഭവം നമുക്കു പരിചിന്തിക്കാം.
ദൈവനിയമത്തെ സ്നേഹിച്ച ഒരു സങ്കീർത്തനക്കാരൻ
5, 6. 119-ാം സങ്കീർത്തനം എഴുതിയ വ്യക്തിയുടെ പേര് നമുക്ക് അറിയില്ലെങ്കിലും, അവൻ എഴുതിയതു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിനാൽ നമുക്ക് അവനെ കുറിച്ച് എന്തു പഠിക്കാനാകും?
5 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് ദൈവവചനത്തോട് ആഴമായ വിലമതിപ്പ് ഉണ്ടായിരുന്നു എന്നതു തീർച്ചയാണ്. ആ സങ്കീർത്തനം എഴുതിയത് ആരാണ്? എഴുത്തുകാരൻ ആരാണെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ സന്ദർഭത്തിൽനിന്ന്, അവനെ കുറിച്ചുള്ള ചില വിശദാംശങ്ങൾ നാം മനസ്സിലാക്കുന്നു. ജീവിതത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്ന ഒരാളായിരുന്നു അവനെന്ന് നമുക്ക് അറിയാം. യഹോവയുടെ ആരാധകരായി കരുതപ്പെട്ടിരുന്ന അവന്റെ ചില പരിചയക്കാർക്ക് ബൈബിൾ തത്ത്വങ്ങളോട് അവന് ഉണ്ടായിരുന്നതു പോലുള്ള സ്നേഹം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ശരി ചെയ്യുന്നതിൽ നിന്നു തന്നെ തടയാൻ സങ്കീർത്തനക്കാരൻ അവരുടെ മനോഭാവത്തെ അനുവദിച്ചില്ല. (സങ്കീർത്തനം 119:23) നിങ്ങൾ ജീവിക്കുന്നതോ ജോലിചെയ്യുന്നതോ ബൈബിൾ തത്ത്വങ്ങളെ ആദരിക്കാത്ത ഒരുവനോടൊപ്പം ആണെങ്കിൽ, നിങ്ങളുടെയും സങ്കീർത്തനക്കാരന്റെയും സാഹചര്യങ്ങൾ തമ്മിൽ നിങ്ങൾ സമാനതകൾ കണ്ടേക്കാം.
6 സങ്കീർത്തനക്കാരൻ ദൈവഭക്തി ഉള്ളവൻ ആയിരുന്നെങ്കിലും, ഒരു പ്രകാരത്തിലും സ്വയനീതിക്കാരൻ ആയിരുന്നില്ല. അവൻ തന്റെ അപൂർണതകൾ തുറന്നു സമ്മതിച്ചു. (സങ്കീർത്തനം 119:5, 6, 67) എന്നാൽ, തന്നെ നിയന്ത്രിക്കാൻ അവൻ പാപത്തെ അനുവദിച്ചില്ല. “ബാലൻ [“ഒരു യുവാവ്,” NW] തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?” എന്ന് അവൻ ചോദിച്ചു. “നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ” എന്നായിരുന്നു അവന്റെ മറുപടി. (സങ്കീർത്തനം 119:9) എന്നിട്ട്, ദൈവവചനം നന്മയ്ക്കുള്ള എത്ര ശക്തമായ ഒരു പ്രചോദനമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.” (സങ്കീർത്തനം 119:11) ദൈവത്തിന് എതിരെ പാപം ചെയ്യാതിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു ശക്തി തീർച്ചയായും വളരെ ശക്തമായിരിക്കും!
7. ബൈബിൾ ദിവസവും വായിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു യുവജനങ്ങൾ വിശേഷാൽ ബോധവാന്മാർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
7 ക്രിസ്തീയ യുവജനങ്ങൾ സങ്കീർത്തനക്കാരന്റെ വാക്കുകൾ പരിചിന്തിക്കുന്നതു നന്നായിരിക്കും. യുവ ക്രിസ്ത്യാനികൾ ഇന്ന് ആക്രമണ വിധേയരാണ്. യഹോവയുടെ ആരാധകരുടെ യുവ തലമുറയെ ദുഷിപ്പിക്കാൻ സാത്താൻ അതീവ തത്പരനായിരിക്കും. ജഡിക മോഹങ്ങൾക്കു വഴിപ്പെട്ട് ദൈവ നിയമങ്ങൾ ലംഘിക്കാൻ യുവ ക്രിസ്ത്യാനികളെ പ്രലോഭിപ്പിക്കുക എന്നതാണ് സാത്താന്റെ ലക്ഷ്യം. ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും മിക്കപ്പോഴും പിശാചിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്നു. അത്തരം പരിപാടികളിലെ താരങ്ങൾ ആകർഷണീയരും അഭിമതരും ആണെന്നു തോന്നിയേക്കാം. അവർക്ക് ഇടയിലെ അധാർമിക ബന്ധങ്ങൾ ഒരു സ്വാഭാവിക സംഗതിയായി ചിത്രീകരിക്കപ്പെടുന്നു. അതു നൽകുന്ന സന്ദേശമോ? ‘പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്നിടത്തോളം കാലം അവിവാഹിതർക്ക് ഇടയിലെ ലൈംഗിക ബന്ധം അനുവദനീയമാണ്.’ ദുഃഖകരമെന്നു പറയട്ടെ, ഓരോ വർഷവും പല ക്രിസ്തീയ യുവജനങ്ങളും അത്തരം ന്യായവാദത്തിന് ഇരകളാകുന്നു. ചിലരുടെ വിശ്വാസം തകരുന്നു. അതെ, സമ്മർദം ചെലുത്തപ്പെടുകതന്നെ ചെയ്യുന്നു! എന്നാൽ ചെറുപ്പക്കാരായ നിങ്ങൾക്കു തരണം ചെയ്യാനാവാത്ത വിധം അത്ര ശക്തമാണോ ആ സമ്മർദം? ഒരിക്കലും അല്ല! അനാരോഗ്യകരമായ ആഗ്രഹങ്ങളെ തരണം ചെയ്യാനുള്ള ഒരു മാർഗം യഹോവ യുവ ക്രിസ്ത്യാനികൾക്കു നൽകിയിട്ടുണ്ട്. ‘ദൈവവചന പ്രകാരം ജാഗ്രത പുലർത്തിക്കൊണ്ട് ദൈവവചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്ന’ പക്ഷം അവർക്ക് സാത്താൻ മെനഞ്ഞെടുക്കുന്ന ഏതൊരു ആയുധത്തെയും ചെറുത്തു നിൽക്കാനാകും. പതിവായുള്ള വ്യക്തിഗത ബൈബിൾ വായനയ്ക്കും ധ്യാനത്തിനും വേണ്ടി എത്രമാത്രം സമയം നിങ്ങൾ ചെലവഴിക്കാറുണ്ട്?
8. ഈ ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ മോശൈക ന്യായപ്രമാണത്തോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
8 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “നിന്റെ നിയമത്തെ ഞാൻ എത്ര സ്നേഹിക്കുന്നു!” (സങ്കീർത്തനം 119:97, NW) അവൻ ഏതു നിയമത്തെ ആയിരുന്നു പരാമർശിച്ചത്? മോശൈക ന്യായപ്രമാണ സംഹിത ഉൾപ്പെടെയുള്ള യഹോവയുടെ വെളിപ്പെടുത്തപ്പെട്ട വചനത്തെ. ചിലർ ന്യായപ്രമാണ സംഹിതയെ പ്രഥമദൃഷ്ട്യാ പഴഞ്ചനായി തള്ളിക്കളയുകയും അതിനെ ഒരുവനു സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് അതിശയിക്കുകയും ചെയ്തേക്കാം. പക്ഷേ, സങ്കീർത്തനക്കാരനെ പോലെ നാം മോശൈക ന്യായപ്രമാണത്തിന്റെ വ്യത്യസ്ത വശങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോൾ, ആ ന്യായപ്രമാണത്തിനു പിന്നിലെ ജ്ഞാനം നമുക്കു ഗ്രഹിക്കാനാകും. അനേകം പ്രാവചനിക വശങ്ങൾക്കു പുറമേ ആരോഗ്യ പരിപാലനത്തോടും ആഹാര ക്രമത്തോടും ബന്ധപ്പെട്ട വ്യവസ്ഥകളും ന്യായപ്രമാണത്തിലുണ്ട്. ശുചിത്വവും നല്ല ആരോഗ്യവും ഉന്നമിപ്പിക്കുന്നവ ആയിരുന്നു അവ. (ലേവ്യപുസ്തകം 7:23, 24, 26; 11:2-8) വ്യാപാര ഇടപാടുകളിൽ സത്യസന്ധരായിരിക്കാൻ ന്യായപ്രമാണം പ്രോത്സാഹിപ്പിച്ചു. ദരിദ്രരായ സഹാരാധകരോടു സമാനുഭാവം കാണിക്കാൻ അത് ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ചു. (പുറപ്പാടു 22:26, 27; 23:6; ലേവ്യപുസ്തകം 19:35, 36; ആവർത്തനപുസ്തകം 24:17-21) നീതിന്യായ തീർപ്പുകൾ നിഷ്പക്ഷം ആയിരിക്കണമായിരുന്നു. (ആവർത്തനപുസ്തകം 16:19; 19:15) ദൈവത്തിന്റെ ന്യായപ്രമാണം ബാധകമാക്കുന്നവർക്ക് അത് എത്രമാത്രം പ്രയോജനം ചെയ്യുന്നുവെന്ന് 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരന് ജീവിതത്തിൽ അനുഭവജ്ഞാനം സിദ്ധിച്ചപ്പോൾ മനസ്സിലായി എന്നതിനു സംശയമില്ല. അങ്ങനെ അതിനോടുള്ള അവന്റെ പ്രിയം കൂടുതൽ ശക്തമായി. സമാനമായി ഇന്ന്, ക്രിസ്ത്യാനികൾ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ വിജയിക്കുമ്പോൾ ദൈവവചനത്തോടുള്ള അവരുടെ സ്നേഹവും വിലമതിപ്പും ഏറ്റവും വർധിക്കുന്നു.
വ്യത്യസ്തനായിരിക്കാൻ ധൈര്യം കാട്ടിയ ഒരു രാജകുമാരൻ
9. ഹിസ്കീയാവ് രാജാവ് ദൈവവചനത്തോട് ഏതു മനോഭാവം നട്ടുവളർത്തി?
9 119-ാം സങ്കീർത്തനത്തിന്റെ ഉള്ളടക്കം, ഒരു യുവ രാജകുമാരൻ എന്ന നിലയിൽ ഹിസ്കീയാവിനെ കുറിച്ചു നമുക്ക് അറിയാവുന്നതുമായി നന്നായി യോജിക്കുന്നു. ഈ സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ഹിസ്കീയാവ് ആണെന്നു ചില ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. ഈ കാര്യത്തിൽ ഉറപ്പില്ലെങ്കിലും, ഹിസ്കീയാവിനു ദൈവവചനത്തോട് ആഴമായ ആദരവ് ഉണ്ടായിരുന്നെന്നു നമുക്ക് അറിയാം. സങ്കീർത്തനം 119:97-ലെ വാക്കുകളോടു തനിക്കു ഹൃദയംഗമമായ യോജിപ്പ് ഉണ്ടായിരുന്നെന്നു തന്റെ ജീവിത ഗതിയിലൂടെ അവൻ പ്രകടമാക്കി. ഹിസ്കീയാവിനെ കുറിച്ചു ബൈബിൾ പറയുന്നു: “അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.”—2 രാജാക്കന്മാർ 18:6.
10. ദൈവഭക്തി ഇല്ലാത്ത മാതാപിതാക്കളാൽ വളർത്തപ്പെടുന്ന ക്രിസ്ത്യാനികൾക്ക് ഹിസ്കീയാവിന്റെ മാതൃക എന്തു പ്രോത്സാഹനം പ്രദാനം ചെയ്യുന്നു?
10 ഹിസ്കീയാവ് വളർന്നു വന്നത് തെല്ലും ദൈവഭക്തി ഇല്ലാതിരുന്ന ഒരു കുടുംബത്തിലാണെന്നു തെളിവുകൾ വ്യക്തമാക്കുന്നു. അവന്റെ പിതാവായ ആഹാസ് രാജാവ് അവിശ്വസ്തനായ ഒരു വിഗ്രഹാരാധകൻ ആയിരുന്നു. ആഹാസ് തന്റെ പുത്രന്മാരിൽ കുറഞ്ഞത് ഒരുവനെ എങ്കിലും—അതേ, ഹിസ്കീയാവിന്റെ സ്വന്തം സഹോദരനെ—ജീവനോടെ ദഹിപ്പിച്ച് ഒരു വ്യാജ ദേവനു ബലിയർപ്പിച്ചു! (2 രാജാക്കന്മാർ 16:3) തന്റെ പിതാവു വെച്ച മാതൃക അത്ര മോശമായിരുന്നെങ്കിലും, ദൈവവചനം നന്നായി പഠിച്ചതു നിമിത്തം പുറജാതീയ സ്വാധീനങ്ങൾക്കു വിധേയനാകാതെ ‘തന്റെ നടപ്പിനെ നിർമ്മലമാക്കാൻ’ ഹിസ്കീയാവിനു സാധിച്ചു.—2 ദിനവൃത്താന്തം 29:2.
11. തന്റെ അവിശ്വസ്ത പിതാവിന്റെ കാര്യത്തിൽ സംഗതികൾ എങ്ങനെ വികാസം പ്രാപിക്കുന്നതായിട്ടാണ് ഹിസ്കീയാവിനു നിരീക്ഷിക്കാൻ കഴിഞ്ഞത്?
11 വിഗ്രഹാരാധകനായ തന്റെ പിതാവ് എങ്ങനെയാണു രാജ്യകാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് വളർന്നപ്പോൾ ഹിസ്കീയാവ് നേരിട്ടു കണ്ടു. യഹൂദാദേശം ശത്രുക്കളാൽ ചുറ്റപ്പെട്ടിരുന്നു. അരാം (സിറിയൻ) രാജാവായ രെസീനും ഇസ്രായേൽ രാജാവായ പേക്കഹും ചേർന്ന് യെരൂശലേമിനെ ഉപരോധിച്ചു. (2 രാജാക്കന്മാർ 16:5, 6) ഏദോമ്യരും ഫെലിസ്ത്യരും യഹൂദയ്ക്ക് എതിരെ വിജയപ്രദമായ മിന്നലാക്രമണങ്ങൾ നടത്തി. അവർ ചില യഹൂദ്യ നഗരങ്ങൾ പിടിച്ചെടുക്കുക പോലും ചെയ്തു. (2 ദിനവൃത്താന്തം 28:16-19) ആഹാസ് ഈ പ്രതിസന്ധികളെ എങ്ങനെയാണു കൈകാര്യം ചെയ്തത്? സിറിയയ്ക്ക് എതിരെ യഹോവയുടെ സഹായം തേടുന്നതിനു പകരം ആലയ ഭണ്ഡാരത്തിൽനിന്നു പോലുമുള്ള സ്വർണവും വെള്ളിയും അശ്ശൂർ (അസീറിയൻ) രാജാവിന് കൈക്കൂലിയായി കൊടുത്തുകൊണ്ട് ആഹാസ് സഹായത്തിനായി അവനിലേക്കു തിരിഞ്ഞു. എന്നാൽ അത് യഹൂദയ്ക്കു ശാശ്വത സമാധാനം കൈവരുത്തിയില്ല.—2 രാജാക്കന്മാർ 16:6, 8.
12. തന്റെ പിതാവ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഹിസ്കീയാവിനെ എന്തു സഹായിക്കുമായിരുന്നു?
12 ഒടുവിൽ ആഹാസ് മരിക്കുകയും ഹിസ്കീയാവ് 25-ാം വയസ്സിൽ രാജാവാകുകയും ചെയ്തു. (2 ദിനവൃത്താന്തം 29:1) അവൻ താരതമ്യേന ചെറുപ്പമായിരുന്നു. എന്നാൽ വിജയപ്രദനായ ഒരു രാജാവാകുന്നതിൽ നിന്ന് അത് അവനെ തടഞ്ഞില്ല. തന്റെ അവിശ്വസ്ത പിതാവിന്റെ നടത്ത അനുകരിക്കുന്നതിനു പകരം അവൻ യഹോവയുടെ ന്യായപ്രമാണത്തോടു പറ്റിനിന്നു. അതിൽ രാജാക്കന്മാർക്കായി ഒരു പ്രത്യേക കൽപ്പന ഉണ്ടായിരുന്നു: “[രാജാവ്] തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കയും . . . അവൻ തന്റെ ആയുഷ്കാലം ഒക്കെയും അതു വായിക്കയും വേണം.” (ആവർത്തനപുസ്തകം 17:18-20) ദൈവവചനം എല്ലാ ദിവസവും വായിക്കുന്നതിനാൽ ഹിസ്കീയാവ് യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ദൈവഭക്തനല്ലായിരുന്ന തന്റെ പിതാവ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
13. ഒരു ആത്മീയ അർഥത്തിൽ, താൻ ചെയ്യുന്നതൊക്കെയും വിജയിക്കും എന്ന് ഒരു ക്രിസ്ത്യാനിക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ?
13 ദൈവവചനത്തിന് നിരന്തര ശ്രദ്ധ നൽകാനുള്ള പ്രോത്സാഹനം ലഭിച്ചത് ഇസ്രായേലിലെ രാജാക്കന്മാർക്കു മാത്രമായിരുന്നില്ല. ദൈവഭയമുള്ള സകല ഇസ്രായേല്യരും അപ്രകാരം ചെയ്യണമായിരുന്നു. ഒന്നാം സങ്കീർത്തനം യഥാർഥത്തിൽ സന്തുഷ്ടനായ ഒരുവനെ, “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ” എന്ന് വർണിക്കുന്നു. (സങ്കീർത്തനം 1:1, 2) അത്തരത്തിലുള്ള ഒരു വ്യക്തിയെ കുറിച്ച് സങ്കീർത്തനക്കാരൻ പറയുന്നു: “അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:3) നേരെ മറിച്ച്, യഹോവയാം ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഒരുവനെ കുറിച്ച്, അവൻ “തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു” എന്ന് ബൈബിൾ പറയുന്നു. (യാക്കോബ് 1:8) നാം എല്ലാവരും സന്തുഷ്ടരും വിജയപ്രദരും ആയിരിക്കാൻ ആഗ്രഹിക്കുന്നു. പതിവായ, അർഥവത്തായ ബൈബിൾ വായനയ്ക്ക് നമ്മുടെ സന്തുഷ്ടിയെ ഉന്നമിപ്പിക്കാനാകും.
ദൈവവചനം യേശുവിനെ നിലനിർത്തി
14. യേശു ദൈവവചനത്തോടു സ്നേഹം പ്രകടമാക്കിയത് എങ്ങനെ?
14 ഒരു അവസരത്തിൽ യേശു യെരൂശലേം ദേവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ ഇടയിൽ ഇരിക്കുന്നത് അവന്റെ മാതാപിതാക്കൾ കണ്ടു. “അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും,” ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പണ്ഡിതരായിരുന്ന ആ ഉപദേഷ്ടാക്കന്മാർക്ക് എത്ര “വിസ്മയം തോന്നി”യെന്നോ! (ലൂക്കൊസ് 2:46, 47) അത് യേശുവിനു 12 വയസ്സുള്ളപ്പോൾ ആയിരുന്നു. അതേ, അവനു ചെറുപ്പത്തിൽ തന്നെ ദൈവവചനത്തോടു പ്രിയം ഉണ്ടായിരുന്നെന്നു വ്യക്തമാണ്. പിന്നീട്, ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”’ എന്നു പറഞ്ഞുകൊണ്ട് സാത്താനെ ശാസിക്കാൻ യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചു. (മത്തായി 4:3-10) തുടർന്ന് അധികം താമസിയാതെ, യേശു തന്റെ മാതൃപട്ടണമായ നസറെത്തിലെ നിവാസികളോട് തിരുവെഴുത്തുകൾ ഉപയോഗിച്ചു പ്രസംഗിച്ചു.—ലൂക്കൊസ് 4:16-21.
15. മറ്റുള്ളവരോടു പ്രസംഗിക്കവെ യേശു ഒരു മാതൃക വെച്ചത് എങ്ങനെ?
15 തന്റെ പഠിപ്പിക്കലിനെ പിന്താങ്ങാനായി യേശു കൂടെക്കൂടെ ദൈവവചനത്തിൽ നിന്ന് ഉദ്ധരിച്ചു. ശ്രോതാക്കൾ “അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (മത്തായി 7:28) അതിൽ യാതൊരു അതിശയവുമില്ല. കാരണം, യേശുവിന്റെ പഠിപ്പിക്കലുകൾ യഹോവയാം ദൈവത്തിൽനിന്നു തന്നെയാണ് വന്നത്! യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല.”—യോഹന്നാൻ 7:16, 18.
16. യേശു ഏതു ഘട്ടത്തോളം ദൈവവചനത്തോടു സ്നേഹം പ്രകടമാക്കി?
16 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനിൽ നിന്നു വ്യത്യസ്തനായി, യേശുവിൽ യാതൊരു ‘നീതികേടും ഇല്ലാ’യിരുന്നു. അവൻ പാപരഹിതനായിരുന്നു. ദൈവപുത്രനായ അവൻ “തന്നെത്താൻ താഴ്ത്തി മരണത്തോളം . . . അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:8; എബ്രായർ 7:26) പൂർണനായിരുന്നിട്ടും യേശു ദൈവത്തിന്റെ ന്യായപ്രമാണം പഠിക്കുകയും അനുസരിക്കുകയും ചെയ്തു. ദൃഢമായ വിശ്വസ്തത നിലനിർത്താൻ അവനെ പ്രാപ്തനാക്കിയ ഒരു സുപ്രധാന സംഗതി ആയിരുന്നു അത്. തന്റെ യജമാനൻ അറസ്റ്റു ചെയ്യപ്പെടുന്നത് തടയാനുള്ള ശ്രമത്തിൽ പത്രൊസ് വാൾ ഉപയോഗിച്ചപ്പോൾ യേശു ആ അപ്പൊസ്തലനെ ശകാരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു: “എന്റെ പിതാവിനോട് ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും”? (മത്തായി 26:53, 54) അതേ, ക്രൂരവും അപമാനകരവുമായ ഒരു മരണത്തിൽ നിന്നു രക്ഷപ്പെടുന്നതിനെക്കാൾ യേശുവിനു പ്രധാനം തിരുവെഴുത്തുകളുടെ നിവൃത്തിയായിരുന്നു. ദൈവവചനത്തോടുള്ള സ്നേഹത്തിന്റെ എത്ര മുന്തിയ ഒരു ദൃഷ്ടാന്തം!
ക്രിസ്തുവിന്റെ മറ്റ് അനുകാരികൾ
17. പൗലൊസ് അപ്പൊസ്തലന് ദൈവവചനം എത്ര പ്രധാനമായിരുന്നു?
17 പൗലൊസ് അപ്പൊസ്തലൻ സഹക്രിസ്ത്യാനികൾക്ക് എഴുതി: “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.” (1 കൊരിന്ത്യർ 11:1) തന്റെ യജമാനനെ പോലെ പൗലൊസും തിരുവെഴുത്തുകളോടു പ്രിയം വളർത്തിയെടുത്തു. അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.” (റോമർ 7:22) പൗലൊസ് ദൈവവചനത്തിൽനിന്ന് കൂടെക്കൂടെ ഉദ്ധരിച്ചു. (പ്രവൃത്തികൾ 13:32-41; 17:2, 3; 28:23) തന്റെ പ്രിയപ്പെട്ട ഒരു സഹശുശ്രൂഷകനായിരുന്ന തിമൊഥെയൊസിന് അന്തിമ നിർദേശങ്ങൾ നൽകവെ “ദൈവത്തിന്റെ മനുഷ്യ”രുടെ അനുദിന ജീവിതത്തിൽ ദൈവവചനത്തിന് ഉണ്ടായിരിക്കേണ്ട സുപ്രധാന സ്ഥാനം പൗലൊസ് ഊന്നിപ്പറഞ്ഞു.—2 തിമൊഥെയൊസ് 3:15-17.
18. ആധുനികകാലത്ത് ദൈവവചനത്തോട് ആദരവു കാട്ടിയ ഒരു വ്യക്തിയുടെ ദൃഷ്ടാന്തം പറയുക.
18 സമാനമായി, യഹോവയുടെ ആധുനിക കാലത്തെ അനേകം വിശ്വസ്ത ദാസന്മാരും ദൈവവചനത്തോടുള്ള യേശുവിന്റെ സ്നേഹത്തെ അനുകരിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ചെറുപ്പക്കാരന് തന്റെ സുഹൃത്തിൽനിന്ന് ഒരു ബൈബിൾ ലഭിച്ചു. ആ അമൂല്യ സമ്മാനം തന്നിൽ ഉളവാക്കിയ ഫലത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: “ഓരോ ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കുന്നത് ജീവിതത്തിലെ ഒരു നിബന്ധനയാക്കാൻ ഞാൻ തീരുമാനിച്ചു.” ആ ചെറുപ്പക്കാരൻ ഫ്രെഡറിക് ഫ്രാൻസ് ആയിരുന്നു. ബൈബിളിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം യഹോവയുടെ സേവനത്തിൽ സുദീർഘവും വിജയപ്രദവുമായ ഒരു ജീവിതം ആസ്വദിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ബൈബിളിലെ മുഴുവൻ അധ്യായങ്ങളും ഓർമയിൽനിന്ന് ഉദ്ധരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാപ്തിയെ പ്രതി അദ്ദേഹം വാത്സല്യപൂർവം സ്മരിക്കപ്പെടുന്നു.
19. ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനു വേണ്ടിയുള്ള പ്രതിവാര ബൈബിൾ വായന ചിലർ പട്ടികപ്പെടുത്തുന്നത് എങ്ങനെ?
19 യഹോവയുടെ സാക്ഷികൾ പതിവായ ബൈബിൾ വായനയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു. അവരുടെ ക്രിസ്തീയ യോഗങ്ങളിൽ ഒന്നായ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനു വേണ്ടിയുള്ള തയ്യാറാകലിൽ ഓരോ ആഴ്ചയും അവർ ബൈബിളിന്റെ പല അധ്യായങ്ങൾ വായിക്കുന്നു. ആ നിയമിത ബൈബിൾ വായനാ ഭാഗത്തിന്റെ വിശേഷാശയങ്ങൾ യോഗസമയത്ത് ചർച്ച ചെയ്യപ്പെടുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള ബൈബിൾ വായനയെ ഏഴ് ചെറിയ ഭാഗങ്ങളായി തിരിച്ച് ദിവസവും അവയിൽ ഓരോ ഭാഗം വായിക്കുന്നത് സൗകര്യപ്രദമാണെന്നു ചില സാക്ഷികൾ കരുതുന്നു. അവർ അതു വായിക്കുമ്പോൾ, അതേക്കുറിച്ചു ചിന്തിക്കുന്നു. സാധ്യമായിരിക്കുമ്പോൾ, ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ കൂടുതലായ ഗവേഷണവും നടത്തുന്നു.
20 പതിവായ ബൈബിൾ വായനയ്ക്കു സമയം കണ്ടെത്താൻ ആവശ്യമായിരിക്കുന്നത് എന്ത്?
20 ബൈബിൾ പതിവായി വായിക്കുന്നതിന് നിങ്ങൾ മറ്റു പ്രവർത്തനങ്ങളിൽ നിന്നു ‘സമയം വിലയ്ക്കു വാങ്ങേണ്ടത്’ ഉണ്ടായിരിക്കാം. (എഫെസ്യർ 5:16, NW) എന്നാൽ, ചെയ്യുന്ന ഏതൊരു ത്യാഗത്തോടുമുള്ള താരതമ്യത്തിൽ പ്രയോജനങ്ങൾ വളരെ വലുതായിരിക്കും. അനുദിന ബൈബിൾ വായന നിങ്ങൾ ഒരു ശീലമാക്കുമ്പോൾ ദൈവവചനത്തോടുള്ള നിങ്ങളുടെ സ്നേഹം വർധിക്കും. അധികം താമസിയാതെ സങ്കീർത്തനക്കാരനോടൊപ്പം പിൻവരുന്ന പ്രകാരം പറയാൻ നിങ്ങൾ പ്രേരിതരാകും: “നിന്റെ നിയമത്തെ ഞാൻ എത്ര സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ ചിന്താവിഷയമാകുന്നു.” (സങ്കീർത്തനം 119:97, NW) അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെ, അത്തരമൊരു മനോഭാവം ഇപ്പോഴും ഭാവിയിലും മഹത്തായ പ്രയോജനങ്ങൾ കൈവരുത്തും.
നിങ്ങൾ ഓർമിക്കുന്നുവോ?
□ 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവവചനത്തോട് ആഴമായ സ്നേഹം പ്രകടമാക്കിയത് എങ്ങനെ?
□ യേശുവിന്റെയും പൗലൊസിന്റെയും ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ ഉൾക്കൊള്ളാനാകും?
□ ദൈവവചനത്തോടുള്ള സ്നേഹത്തിൽ നമുക്കു വ്യക്തിപരമായി വളരാൻ കഴിയുന്നത് എങ്ങനെ?
[10-ാം പേജിലെ ചിത്രങ്ങൾ]
വിശ്വസ്തരായ രാജാക്കന്മാർ ദൈവവചനം പതിവായി വായിക്കേണ്ടിയിരുന്നു. നിങ്ങൾ അതു ചെയ്യുന്നുണ്ടോ?
[12-ാം പേജിലെ ചിത്രം]
ഒരു കുട്ടി ആയിരുന്നപ്പോൾ പോലും യേശുവിന് ദൈവവചനത്തോടു സ്നേഹമുണ്ടായിരുന്നു