യഹോവ എനിക്ക് സ്നേഹദയയുടെ ദൈവമാണ്
ജോൺ ആൻഡ്രൊനിക്കൊസ് പറഞ്ഞപ്രകാരം
വർഷം 1956. എന്റെ വിവാഹം കഴിഞ്ഞ് വെറും ഒമ്പതു ദിവസമേ ആയിരുന്നുള്ളൂ. അന്നു ഞാൻ, ഉത്തര ഗ്രീസിലെ കോമോറ്റിനിയിലുള്ള ഒരു അപ്പീൽ കോടതി മുമ്പാകെ നിൽക്കുകയായിരുന്നു. ദൈവരാജ്യത്തെ കുറിച്ചു സുവിശേഷിച്ചതിന്റെ പേരിൽ എനിക്കു ലഭിച്ച 12 മാസത്തെ ശിക്ഷാവിധി റദ്ദാക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ, ആറു മാസത്തേക്കു തടവിനു വിധിച്ചുകൊണ്ടുള്ള അപ്പീൽ കോടതിയുടെ തീരുമാനം എന്റെ പ്രതീക്ഷകളെ ഛിന്നഭിന്നമാക്കി. മാത്രമല്ല, നീണ്ട വിചാരണ പരമ്പരകളുടെ തുടക്കം മാത്രമായിരുന്നു അത് എന്നും തെളിഞ്ഞു. എന്നാൽ, അപ്പോഴെല്ലാം യഹോവ സ്നേഹദയയുടെ ദൈവമാണ് എന്ന് എനിക്കു ബോധ്യമായി.
ഞാൻ ജനിച്ചത് 1931 ഒക്ടോബർ 1-ന് ആണ്. കാവാലാ എന്ന നഗരത്തിലാണ്—തന്റെ രണ്ടാമത്തെ മിഷനറി യാത്രയിൽ പൗലൊസ് അപ്പൊസ്തലൻ സന്ദർശിച്ച മക്കദോന്യയിലെ നവപൊലി—അന്നു ഞങ്ങളുടെ കുടുംബം പാർത്തിരുന്നത്. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ മമ്മി ഒരു യഹോവയുടെ സാക്ഷിയായി. നിരക്ഷര ആയിരുന്നെങ്കിലും ദൈവത്തോടുള്ള സ്നേഹവും ഭയവും എന്നിൽ നട്ടുവളർത്താൻ മമ്മി കഴിവിന്റെ പരമാവധി ശ്രമിച്ചു. കടുത്ത യാഥാസ്ഥിതികൻ ആയിരുന്ന ഡാഡി, ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യങ്ങളോടു പറ്റിനിന്നു. ബൈബിൾ സത്യത്തിൽ അദ്ദേഹത്തിനു തെല്ലും താത്പര്യം ഇല്ലായിരുന്നു. അദ്ദേഹം മമ്മിയുടെ നിലപാടിനെ എതിർത്തിരുന്നു, മിക്കപ്പോഴും മമ്മിയെ ദേഹോപദ്രവവും ഏൽപ്പിച്ചിരുന്നു.
അങ്ങനെ, ഒരു വിഭജിത കുടുംബത്തിലാണു ഞാൻ വളർന്നുവന്നത്. മമ്മിയെ ഡാഡി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചുപോയി. ചെറുപ്പം മുതൽ മമ്മി എന്നെയും എന്റെ ഇളയ പെങ്ങളെയും ക്രിസ്തീയ യോഗങ്ങൾക്കു കൊണ്ടുപോയിരുന്നു. എന്നാൽ, എനിക്കു 15 വയസ്സായപ്പോൾ യൗവന മോഹങ്ങളും സ്വാതന്ത്ര്യത്തിന്റെ ആത്മാവും എന്നെ യഹോവയുടെ സാക്ഷികളിൽ നിന്ന് അകറ്റി. എന്നുവരികിലും, വിശ്വസ്തയായ എന്റെ മമ്മി എന്നെ സഹായിക്കാൻ വളരെയധികം ശ്രമിച്ചു, എന്നെ പ്രതി മമ്മി കുറച്ചൊന്നുമല്ല കണ്ണീർ പൊഴിച്ചത്.
ദാരിദ്ര്യവും കുത്തഴിഞ്ഞ ജീവിതരീതിയും നിമിത്തം ഗുരുതരമായ രോഗം പിടിപെട്ടു ഞാൻ മൂന്നു മാസത്തിലേറെ കിടപ്പിലായി. ആ സമയത്താണ്, സത്യം പഠിക്കാൻ മമ്മിയെ സഹായിച്ച വളരെ താഴ്മയുള്ള ഒരു സഹോദരൻ, എനിക്ക് ആത്മാർഥമായ ദൈവസ്നേഹം ഉണ്ടെന്നു മനസ്സിലാക്കിയത്. ആത്മീയമായി സുഖം പ്രാപിക്കുന്നതിന് എന്നെ സഹായിക്കാനാകുമെന്ന് അദ്ദേഹത്തിനു തോന്നി. മറ്റുള്ളവരാകട്ടെ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ജോണിന് ആത്മീയ കാര്യങ്ങളിൽ ഒട്ടും താത്പര്യമില്ല. അവനെ സഹായിക്കാൻ ശ്രമിച്ചുകൊണ്ടു വെറുതെ എന്തിനാണു സഹോദരൻ സമയം പാഴാക്കുന്നത്?” എന്നാൽ, അദ്ദേഹത്തിന്റെ ക്ഷമയ്ക്കും എന്നെ സഹായിക്കുന്നതിനുള്ള സ്ഥിരോത്സാഹത്തിനും ഫലമുണ്ടായി. 1952 ആഗസ്റ്റ് 15-ന് 21-ാം വയസ്സിൽ ഞാൻ യഹോവയ്ക്കുള്ള സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
മധുവിധു കഴിയും മുമ്പേ തടവിൽ
മൂന്നു വർഷത്തിനു ശേഷം ഞാൻ മാർത്തയെ പരിചയപ്പെട്ടു. വിശിഷ്ട ഗുണങ്ങളുള്ള, ആത്മീയ ചിന്താഗതിക്കാരി ആയിരുന്നു അവൾ. പെട്ടെന്നുതന്നെ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. ഒരിക്കൽ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ടു മാർത്ത ചോദിച്ചു: “ഇന്നു ഞാൻ വീടുതോറും സാക്ഷീകരിക്കാൻ പോകുകയാണ്, എന്റെ കൂടെ പോരുന്നോ?” അന്നു വരെ ഞാൻ സേവനത്തിന്റെ ഈ വശത്തു പ്രവർത്തിച്ചിരുന്നില്ല. മിക്കപ്പോഴും അനൗപചാരികമായിട്ടാണു ഞാൻ സാക്ഷീകരിച്ചിരുന്നത്. അന്നു ഗ്രീസിൽ പ്രസംഗ പ്രവർത്തനം നിരോധിച്ചിരുന്നതുകൊണ്ടു രഹസ്യമായിട്ടാണു സാക്ഷ്യവേല നടത്തിയിരുന്നത്. പലരെയും അറസ്റ്റു ചെയ്യുകയും കോടതി കേസുകളിൽ പ്രതികളാക്കുകയും കഠിന തടവിനു വിധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും, എന്റെ ഭാവിവധുവിനോട് വരുന്നില്ല എന്നു പറയാൻ എനിക്കു മടിതോന്നി!
1956-ൽ മാർത്ത എന്റെ ഭാര്യയായി. ഞങ്ങളുടെ വിവാഹം നടന്ന് വെറും ഒമ്പതു ദിവസം കഴിഞ്ഞപ്പോൾ കോമോറ്റിനിയിലുള്ള ഒരു അപ്പീൽ കോടതി എന്നെ ആറു മാസത്തെ തടവിനു വിധിച്ചു. ഇത്, എന്റെ മമ്മിയുടെ കൂട്ടുകാരിയായ ഒരു ക്രിസ്തീയ സഹോദരിയോടു ഞാൻ ഏതാനും മാസങ്ങൾക്കു മുമ്പ് ഉന്നയിച്ച ഒരു ചോദ്യം എന്റെ മനസ്സിലേക്കു കൊണ്ടുവന്നു. “ഞാൻ ഒരു യഥാർഥ യഹോവയുടെ സാക്ഷിയാണെന്ന് എനിക്ക് എങ്ങനെ തെളിയിക്കാൻ സാധിക്കും? എന്റെ വിശ്വാസത്തിനു തെളിവു നൽകാൻ എനിക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലല്ലോ.” തടവിൽ എന്നെ സന്ദർശിച്ചപ്പോൾ ആ സഹോദരി, ഞാൻ നേരത്തെ ഉന്നയിച്ച ചോദ്യത്തെ കുറിച്ച് എന്നെ ഓർമിപ്പിച്ചു: “യഹോവയെ നീ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അവനു കാണിച്ചുകൊടുക്കാൻ ഇപ്പോൾ നിനക്കു സാധിക്കും. അതാണു നിന്റെ നിയമനം.”
എന്നെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി വക്കീൽ കൂടുതൽ ഫീസ് ചോദിച്ചു എന്നു കേട്ടപ്പോൾ, ശിക്ഷയുടെ കാലാവധി മുഴുമിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ആറു മാസത്തെ ശിക്ഷയുടെ കാലാവധി തീരാറായപ്പോഴേക്കും എന്റെയൊപ്പം ഉണ്ടായിരുന്ന രണ്ടു തടവുപുള്ളികൾ സത്യം സ്വീകരിക്കുന്നതു കണ്ട് ഞാൻ എത്രമാത്രം സന്തോഷിച്ചെന്നോ! തുടർന്നുള്ള വർഷങ്ങളിൽ, സുവാർത്തയുടെ പേരിൽ ഞാൻ നിരവധി കോടതി കേസുകളിൽ പ്രതിയായി.
ഞങ്ങൾ ഒരിക്കലും ഖേദിച്ചിട്ടില്ലാത്ത തിരഞ്ഞെടുപ്പുകൾ
എനിക്കു മോചനം ലഭിച്ച് ഏതാണ്ടു രണ്ടു വർഷത്തിനു ശേഷം 1959-ൽ ഞാൻ ഒരു സഭാ ദാസൻ അഥവാ അധ്യക്ഷ മേൽവിചാരകൻ ആയി സേവിക്കാൻ തുടങ്ങി. ആ വർഷം, രാജ്യ ശുശ്രൂഷാ സ്കൂളിൽ—സഭാ മൂപ്പന്മാർക്കായുള്ള ഒരു പരിശീലന കോഴ്സ്—പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. അതേസമയം തന്നെ എനിക്ക് ഒരു സർക്കാർ ആശുപത്രിയിൽ സ്ഥിരമായ ജോലി വാഗ്ദാനം ചെയ്യപ്പെട്ടു. ആ ജോലി ചെയ്യുന്നപക്ഷം എനിക്കും കുടുംബത്തിനും സാമ്പത്തിക ഭദ്രത ലഭിക്കുമായിരുന്നു. ഞാൻ ഏതു തിരഞ്ഞെടുക്കും? മൂന്നു മാസമായി ഞാൻ അവിടെ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്റെ ജോലിയിൽ ആശുപത്രി ഡയറക്ടർ വളരെ സംതൃപ്തൻ ആയിരുന്നെങ്കിലും പ്രസ്തുത സ്കൂളിലേക്കു ക്ഷണം ലഭിച്ചപ്പോൾ വേതനമില്ലാത്ത അവധിപോലും എടുക്കാൻ അദ്ദേഹം എന്നെ അനുവദിച്ചില്ല. എന്റെ ബുദ്ധിമുട്ടിനെ കുറിച്ചു പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം, രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാനും ജോലി വേണ്ടെന്നു വെക്കാനും ഞാൻ തീരുമാനിച്ചു.—മത്തായി 6:33.
ഏതാണ്ട് അതേസമയം തന്നെ, ഡിസ്ട്രിക്റ്റ്/സർക്കിട്ട് മേൽവിചാരകന്മാർ ഞങ്ങളുടെ സഭ സന്ദർശിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് വൈദികരുടെയും അധികാരികളുടെയും ശക്തമായ എതിർപ്പുമൂലം, ഞങ്ങൾ യോഗങ്ങൾ നടത്തിയിരുന്നതു സ്വകാര്യ ഭവനങ്ങളിൽ ആയിരുന്നു. ഒരു യോഗത്തിനു ശേഷം, ഡിസ്ട്രിക്റ്റ് മേൽവിചാരകൻ എന്നെ സമീപിച്ച്, എനിക്കു മുഴു സമയ സേവനത്തിനു താത്പര്യമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്റെ അന്തരംഗങ്ങളെ സ്പർശിച്ചു. കാരണം, സ്നാപനമേറ്റ നാൾ മുതൽ അതെന്റെ സ്വപ്നം ആയിരുന്നു. “എന്റെ വലിയൊരു ആഗ്രഹമാണത്,” ഞാൻ മറുപടി നൽകി. പക്ഷേ മകളെ വളർത്തേണ്ട കൂടുതലായ ഉത്തരവാദിത്വവും എനിക്കുണ്ടായിരുന്നു. ആ സഹോദരൻ എന്നോടു പറഞ്ഞു: “യഹോവയിൽ ആശ്രയിക്കുക, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ അവൻ സഹോദരനെ സഹായിക്കും.” അങ്ങനെ, കുടുംബ ഉത്തരവാദിത്വങ്ങൾ അവഗണിക്കാതെ തന്നെ 1960 ഡിസംബർ മുതൽ പൂർവ മാസിഡോണിയയിൽ ഒരു പ്രത്യേക പയനിയറായി എനിക്കു സേവനം അനുഷ്ഠിക്കാൻ കഴിയത്തക്ക വിധം ഞങ്ങളുടെ സാഹചര്യങ്ങൾ ക്രമപ്പെടുത്താൻ എനിക്കും ഭാര്യക്കും സാധിച്ചു. അന്നു ഗ്രീസിൽ ആകെ ഉണ്ടായിരുന്ന അഞ്ചു പ്രത്യേക പയനിയർമാരിൽ ഒരാളായിരുന്നു ഞാൻ.
ഒരു വർഷം പ്രത്യേക പയനിയർ ആയി സേവനം അനുഷ്ഠിച്ചു കഴിഞ്ഞപ്പോൾ സഞ്ചാര മേൽവിചാരകനായി പ്രവർത്തിക്കാൻ ഏഥൻസിലുള്ള ബ്രാഞ്ച് ഓഫീസ് എന്നെ ക്ഷണിച്ചു. ഈ സേവന രംഗത്ത് ഒരു മാസത്തെ പരിശീലനത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി മാർത്തയുമായി എന്റെ അനുഭവങ്ങൾ പങ്കിടവെ, ഒരു വലിയ മാംഗനിസ് ഖനിയുടെ ഡയറക്ടർ വീട്ടിൽ വന്നു. ശുദ്ധീകരണ വിഭാഗത്തിന്റെ മാനേജരാകാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അഞ്ചു വർഷത്തെ കോൺട്രാക്റ്റും നല്ല ഒരു വീടും ഒരു വാഹനവും അദ്ദേഹം എനിക്കു വാഗ്ദാനം ചെയ്തു. തീരുമാനം അറിയിക്കാൻ രണ്ടു ദിവസവും അദ്ദേഹം എനിക്കു നൽകി. വീണ്ടും യാതൊരു സന്ദേഹവും കൂടാതെ ഞാൻ യഹോവയോടു പ്രാർഥനയിൽ പറഞ്ഞത്, “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നുതന്നെയാണ്. (യെശയ്യാവു 6:8) ഭാര്യക്കും അതിനു പൂർണ സമ്മതമായിരുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ടു ഞങ്ങൾ സഞ്ചാരവേല തുടങ്ങി. സ്നേഹദയയുള്ള ദൈവമായ യഹോവ ഞങ്ങളെ ഒരിക്കലും നിരാശപ്പെടുത്തിയില്ല.
പ്രതിസന്ധികളിന്മധ്യേ സേവനമനുഷ്ഠിക്കുന്നു
സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഞങ്ങൾ പിന്മാറിയില്ല. ഞങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ യഹോവ നിറവേറ്റി. തുടക്കത്തിൽ, ഒരു ചെറിയ മോട്ടോർ സൈക്കിളിൽ 500 കിലോമീറ്റർ വരെ യാത്രചെയ്ത് ഞാൻ സഭകൾ സന്ദർശിച്ചിരുന്നു. പലപ്പോഴും എനിക്കു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു, ചിലപ്പോഴൊക്കെ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഒരു ശൈത്യകാലത്തു ഞാൻ ഒരു സഭ സന്ദർശിച്ചു മടങ്ങുകയായിരുന്നു, നിറഞ്ഞൊഴുകുന്ന ഒരു അരുവി കുറുകെ കടക്കേണ്ടിയിരുന്നു. വണ്ടിയുടെ എഞ്ചിൻ നിലച്ചുപോയി, ഞാൻ മുട്ടറ്റം നനഞ്ഞു. മോട്ടോർ സൈക്കിളിന്റെ ഒരു ടയറും പഞ്ചറായി. അപ്പോൾ അതുവഴി വന്ന ഒരു വ്യക്തിയുടെ പക്കൽ പമ്പ് ഉണ്ടായിരുന്നു. അദ്ദേഹം എന്നെ സഹായിച്ചതുകൊണ്ട് അടുത്തുള്ള ഗ്രാമത്തിൽ എത്താൻ എനിക്കു സാധിച്ചു, അവിടെ വെച്ച് ടയർ നന്നാക്കിയെടുത്തു. ഒടുവിൽ വെളുപ്പിനു മൂന്നു മണിക്ക്, തണുത്തു മരവിച്ച്, ക്ഷീണിതനായി ഞാൻ വീട്ടിൽ എത്തിച്ചേർന്നു.
മറ്റൊരിക്കൽ, ഒരു സഭയിൽ നിന്നു മറ്റൊന്നിലേക്കു പോകവെ, മോട്ടോർ സൈക്കിൾ മറിഞ്ഞ് എന്റെ മുട്ടിനു പരിക്കേറ്റു. എന്റെ പാന്റ്സ് കീറിപ്പോയി, അതിൽ മുഴുവനും രക്തം പുരണ്ടു. എന്റെ പക്കൽ വേറെ പാന്റ്സ് ഇല്ലായിരുന്നു. തന്മൂലം, അന്നു വൈകുന്നേരം പ്രസംഗം നടത്തിയതു വേറൊരു സഹോദരന്റെ പാന്റ്സ് ഇട്ടുകൊണ്ടാണ്—അതാകട്ടെ ഒരാൾക്കു കൂടെ കയറത്തക്ക വലിപ്പമുള്ളതും. എന്നിരുന്നാലും, ഇത്തരം ബുദ്ധിമുട്ടുകളൊന്നും യഹോവയെയും പ്രിയപ്പെട്ട സഹോദരങ്ങളെയും സേവിക്കാനുള്ള എന്റെ ആഗ്രഹത്തിനു മങ്ങലേൽപ്പിച്ചില്ല.
മറ്റൊരു അപകടത്തിൽ, എനിക്കു ഗുരുതരമായി പരിക്കേറ്റു. എന്റെ കയ്യൊടിഞ്ഞു, മുൻ നിരയിലെ പല്ലുകളും പോയി. അപ്പോഴാണ് ഐക്യനാടുകളിൽ താമസിക്കുന്ന എന്റെ പെങ്ങൾ—സാക്ഷിയല്ല—എന്നെ സന്ദർശിച്ചത്. ഒരു കാറു വാങ്ങാൻ അവൾ എന്നെ സഹായിച്ചത് എത്ര ആശ്വാസപ്രദം ആയിരുന്നു! എനിക്കു സംഭവിച്ച അപകടത്തെ കുറിച്ച് അറിഞ്ഞ് ഏഥൻസ് ബ്രാഞ്ചിലെ സഹോദരങ്ങൾ എനിക്കു പ്രോത്സാഹജനകമായ ഒരു കത്തെഴുതി. മറ്റു കാര്യങ്ങളോടൊപ്പം അവർ റോമർ 8:28 (NW) ഉദ്ധരിച്ചിരുന്നു. അതു ഭാഗികമായി ഇങ്ങനെ പറയുന്നു: “തന്നെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കായി ദൈവം തന്റെ സകല പ്രവൃത്തികളെയും ഏകോപിപ്പിക്കുന്നു.” പലപ്പോഴും ഇത് എന്റെ കാര്യത്തിൽ വളരെ ശരിയാണെന്നു തെളിഞ്ഞു!
വിസ്മയകരമായ ഒരു അനുഭവം
1963-ൽ ഞാൻ ഒരു പ്രത്യേക പയനിയറോടൊപ്പം ഒരു ഗ്രാമത്തിൽ പ്രവർത്തിക്കുകയായിരുന്നു. അവിടത്തുകാർ രാജ്യ സന്ദേശത്തിൽ തെല്ലും താത്പര്യം കാട്ടിയിരുന്നില്ല. തെരുവിന്റെ ഇരുവശത്തുമായി ഒറ്റയ്ക്കു പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു വീട്ടിൽ ചെന്നപ്പോൾ, ഞാൻ കതകിൽ മുട്ടിയ ഉടനെ ഒരു സ്ത്രീ എന്നെ ഉള്ളിലേക്കു വലിച്ചു കയറ്റി കതകിനു കുറ്റിയിട്ടു. ഞാനാകെ അമ്പരന്നുപോയി, എന്താണു സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. ആ സ്ത്രീ പെട്ടെന്നുതന്നെ പ്രത്യേക പയനിയറെയും വീട്ടിൽ വിളിച്ചുകയറ്റി. എന്നിട്ട് അവർ ഞങ്ങളോടു പറഞ്ഞു: “ശബ്ദമുണ്ടാക്കാതെ അവിടെത്തന്നെ നിൽക്കൂ!” കുറച്ചു സമയത്തിനു ശേഷം, പുറത്തുനിന്ന് ആരൊക്കെയോ ക്രുദ്ധരായി സംസാരിക്കുന്നതു ഞങ്ങൾ കേട്ടു. ആളുകൾ ഞങ്ങളെ തേടുകയായിരുന്നു. രംഗം ഒന്നു ശാന്തമായപ്പോൾ ആ സ്ത്രീ ഞങ്ങളോടു പറഞ്ഞു: “നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടിയാണു ഞാൻ ഇതു ചെയ്തത്. നിങ്ങൾ സത്യക്രിസ്ത്യാനികൾ ആണെന്ന് എനിക്കറിയാം. അക്കാരണത്താൽ ഞാൻ നിങ്ങളെ ആദരിക്കുന്നു.” ഞങ്ങൾ അവർക്ക് ആത്മാർഥമായി നന്ദി പറഞ്ഞ്, നിരവധി സാഹിത്യങ്ങളും നൽകിയശേഷം അവിടെ നിന്നു പോന്നു.
പതിന്നാലു വർഷത്തിനു ശേഷം, ഗ്രീസിൽ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുക്കവെ ഒരു സ്ത്രീ എന്നെ സമീപിച്ചിട്ടു പറഞ്ഞു: “സഹോദരന് എന്നെ ഓർമയുണ്ടോ? ഞങ്ങളുടെ ഗ്രാമത്തിൽ സാക്ഷീകരണത്തിനു വന്നപ്പോൾ സഹോദരനെ എതിരാളികളിൽ നിന്നു സംരക്ഷിച്ച ആളാണു ഞാൻ.” ജർമനിയിലേക്കു കുടിയേറിപ്പാർത്ത അവർ അവിടെവെച്ചു ബൈബിൾ പഠിച്ച്, യഹോവയുടെ ജനത്തോടു ചേർന്നു. ഇപ്പോൾ അവരുടെ മുഴു കുടുംബവും സത്യത്തിലാണ്.
ഈ വർഷങ്ങളിലെല്ലാം നിരവധി “ശുപാർശക്കത്തുകൾ”കൊണ്ടു ഞങ്ങൾ തീർച്ചയായും അനുഗൃഹീതരായി. (2 കൊരിന്ത്യർ 3:1, പി.ഒ.സി. ബൈബിൾ) ബൈബിൾ സത്യത്തിന്റെ പരിജ്ഞാനം നേടുന്നതിന് നിരവധി പേരെ സഹായിക്കാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. അവരിൽ പലരും ഇപ്പോൾ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരും ആയി സേവനമനുഷ്ഠിക്കുന്നു. 1960-കളിൽ ഞാൻ സേവിച്ച സർക്കിട്ടുകളിൽ വിരലിലെണ്ണാവുന്നത്ര പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ യഹോവയുടെ ആരാധകരുടെ എണ്ണം 10,000-ത്തിലധികമായി വർധിച്ചിരിക്കുന്നതു കാണുന്നത് എത്ര രോമാഞ്ചജനകമാണ്! തന്റേതായ വിധത്തിൽ നമ്മെ ഉപയോഗിക്കുന്ന നമ്മുടെ സ്നേഹദയയുള്ള ദൈവമാണ് അതിനുള്ള എല്ലാ ബഹുമതിയും അർഹിക്കുന്നത്.
“രോഗശയ്യയിൽ”
ഞങ്ങൾ സഞ്ചാരവേലയിൽ ഏർപ്പെട്ടിരുന്ന വർഷങ്ങളിൽ, മാർത്ത ഒരു വലിയ സഹായമാണെന്നു തെളിഞ്ഞു. അവൾ എപ്പോഴും സന്തോഷപ്രകൃതം നിലനിർത്തിയിരുന്നു. എന്നിരുന്നാലും, 1976 ഒക്ടോബറിൽ ഗുരുതരമായ രോഗം പിടിപെട്ട് അവൾ വേദനാജനകമായ ഓപ്പറേഷനു വിധേയയായി. ഇരുകാലുകളും തളർന്ന അവൾ വീൽച്ചെയറിലായി. അതുമായി ബന്ധപ്പെട്ട ചെലവുകളും വൈകാരിക ക്ലേശങ്ങളും ഞങ്ങൾ എങ്ങനെ നേരിടുമായിരുന്നു? യഹോവയിൽ ആശ്രയിച്ചതിന്റെ ഫലമായി അവന്റെ സ്നേഹവും ദയയും ഞങ്ങൾ വീണ്ടും അനുഭവിച്ചറിഞ്ഞു. സേവനാർഥം ഞാൻ മാസിഡോണിയയിലേക്കു പോയപ്പോൾ ഫിസിയോതെറാപ്പിക്കു വേണ്ടി മാർത്ത ഒരു സഹോദരന്റെ കുടുംബത്തോടൊപ്പം ഏഥൻസിൽ താമസിച്ചു. ഫോണിലൂടെ അവൾ എനിക്ക് ഇങ്ങനെ പ്രോത്സാഹനമേകിയിരുന്നു: “എനിക്കു സുഖംതന്നെ. വേല നിർത്തുന്നതിനെ കുറിച്ചു ചിന്തിക്കരുത്, ചികിത്സ തീർന്ന ഉടനെ വീൽച്ചെയറിൽ ആണെങ്കിലും ഞാനും കൂടെ വരാം.” അതുതന്നെയാണ് അവൾ ചെയ്തതും. ബെഥേലിൽ നിന്നുള്ള ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങൾ ഞങ്ങൾക്കു പ്രോത്സാഹജനകമായ നിരവധി കത്തുകൾ എഴുതി. സങ്കീർത്തനം 41:3-ലെ പിൻവരുന്ന വാക്കുകൾ അവർ മാർത്തയെ ആവർത്തിച്ച് ഓർമിപ്പിച്ചുകൊണ്ടിരുന്നു: “യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാററിവിരിക്കുന്നു.”
ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം ഞാൻ ഒരു പ്രത്യേക പയനിയറായി സേവിക്കുന്നതായിരിക്കും ഉചിതം എന്ന് 1986-ൽ തീരുമാനിക്കപ്പെട്ടു. കാവാലായിൽ ആയിരുന്നു നിയമനം. അവിടെ ഞങ്ങളുടെ പ്രിയപ്പെട്ട മകളുടെ വീടിന് അടുത്താണു ഞാൻ താമസിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ എന്റെ പ്രിയപ്പെട്ട മാർത്ത മരണമടഞ്ഞു. അവൾ അന്ത്യത്തോളം വിശ്വസ്ത ആയിരുന്നു. അവൾ മരിക്കുന്നതിനു മുമ്പ്, സഹോദരങ്ങൾ അവളോട് “എങ്ങനെയുണ്ട് സഹോദരീ?” എന്നു ചോദിക്കുമ്പോഴൊക്കെ, “ഞാൻ യഹോവയോട് അടുത്തിരിക്കുന്നതുകൊണ്ട് എനിക്കു സുഖമാണ്” എന്ന് അവൾ മറുപടി പറയുമായിരുന്നു. യോഗങ്ങൾക്കു തയ്യാറാകുമ്പോഴോ കൊയ്ത്തു ധാരാളമുള്ളിടത്തു സേവിക്കാനുള്ള ആകർഷകമായ ക്ഷണങ്ങൾ ലഭിക്കുമ്പോഴോ മാർത്ത ഇങ്ങനെ പറയുമായിരുന്നു: “ജോൺ, ആവശ്യം അധികമുള്ളിടത്തു പോയി നമുക്കു സേവിക്കാം.” അവളുടെ തീക്ഷ്ണതയ്ക്ക് ഒരിക്കലും മങ്ങലേറ്റിരുന്നില്ല.
ഏതാനും വർഷങ്ങൾക്കു മുമ്പ് എനിക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. 1994 മാർച്ചിൽ, എനിക്കു മാരകമായ ഹൃദ്രോഗബാധ ഉള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ അനിവാര്യമായിരുന്നു. യഹോവയുടെ സ്നേഹനിർഭരമായ കരങ്ങൾ നിർണായക സമയത്ത് എന്നെ പിന്തുണയ്ക്കുന്നത് എനിക്ക് ഒരിക്കൽ കൂടി അനുഭവപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് എന്നെ പുറത്തു കൊണ്ടുവന്നപ്പോൾ ഒരു സർക്കിട്ട് മേൽവിചാരകൻ എന്റെ കിടക്കയുടെ അരികിൽ ഇരുന്നു നടത്തിയ പ്രാർഥന ഞാൻ ഒരിക്കലും മറക്കുകയില്ല. അതുപോലെ, സത്യത്തോടു കുറച്ചൊക്കെ താത്പര്യം കാട്ടിയ നാലു രോഗികളോടൊപ്പം ആശുപത്രി മുറിയിൽ വെച്ചു നടത്തിയ സ്മാരകാചരണവും എനിക്കു മറക്കാനാവില്ല.
യഹോവ ഞങ്ങളുടെ സഹായി ആയിരിക്കുന്നു
സമയം പറന്നു പോകുന്നു, ഒപ്പം ഞങ്ങളുടെ ജഡവും ബലഹീനമാകുന്നു. എന്നാൽ, ബൈബിൾ പഠനത്തിലൂടെയും സേവനത്തിലൂടെയും ഞങ്ങൾ ആത്മീയമായി ഉന്മേഷഭരിതർ ആയിത്തീരുകയാണ്. (2 കൊരിന്ത്യർ 4:16) “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു ഞാൻ പറഞ്ഞിട്ട് ഇപ്പോൾ 39 വർഷമായി. ഈ വർഷങ്ങളിലെല്ലാം ജീവിതം അർഥപൂർണവും സന്തോഷപ്രദവും പ്രതിഫലദായകവും ആയിരുന്നിട്ടുണ്ട്. ‘ഞാൻ എളിയവനും ദരിദ്രനും ആണ്’ എന്ന് എനിക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എന്നാൽ, അപ്പോഴെല്ലാം ദൃഢവിശ്വാസത്തോടെ എനിക്ക് യഹോവയോട് ഇങ്ങനെ പറയാൻ കഴിയുന്നു: “നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു.” (സങ്കീർത്തനം 40:17) അവൻ തീർച്ചയായും എനിക്ക് സ്നേഹദയയുടെ ദൈവം ആയിരുന്നിട്ടുണ്ട്.
[25-ാം പേജിലെ ചിത്രം]
1956-ൽ മാർത്തയോടൊപ്പം
[26-ാം പേജിലെ ചിത്രം]
കാവാലായിലെ തുറമുഖം
[26-ാം പേജിലെ ചിത്രം]
1997-ൽ മാർത്തയോടൊപ്പം