വെളിപ്പാടു പുസ്തകത്തിന്റെ സന്തുഷ്ട വായനക്കാർ ആയിരിപ്പിൻ
“ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].”—വെളിപ്പാടു 1:3.
1. വെളിപ്പാടു പുസ്തകം എഴുതിയപ്പോൾ യോഹന്നാൻ അപ്പൊസ്തലൻ ഏതു സാഹചര്യത്തിൽ ആയിരുന്നു, അവൻ ആ ദർശനങ്ങൾ എഴുതിവെച്ചത് എന്ത് ഉദ്ദേശ്യത്തിൽ ആയിരുന്നു?
“യോഹന്നാൻ എന്ന ഞാൻ ദൈവത്തെ കുറിച്ചു സംസാരിക്കുകയും യേശുവിനു സാക്ഷ്യം വഹിക്കുകയും ചെയ്തതു നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിത്തീർന്നു.” (വെളിപ്പാടു 1:9, NW) യോഹന്നാൻ അപ്പൊസ്തലൻ അപ്പോക്കലിപ്സ്, അഥവാ വെളിപ്പാടു പുസ്തകം എഴുതിയപ്പോഴത്തെ സാഹചര്യം അതായിരുന്നു. ചക്രവർത്തിയാരാധന കർശനമാക്കുകയും ക്രിസ്ത്യാനികളുടെ ഒരു പീഡകനായിത്തീരുകയും ചെയ്ത ഡൊമിഷ്യൻ ചക്രവർത്തിയുടെ ഭരണ കാലത്താണ് (പൊ.യു. 81-96) അദ്ദേഹം പത്മൊസിലേക്കു നാടുകടത്തപ്പെട്ടതെന്നു കരുതപ്പെടുന്നു. പത്മൊസിൽ ആയിരിക്കെ യോഹന്നാനു തുടർച്ചയായി നിരവധി ദർശനങ്ങൾ ലഭിക്കുകയും അവൻ അത് എഴുതി വെക്കുകയും ചെയ്തു. അവൻ അത് ആദിമ ക്രിസ്ത്യാനികളോടു വിവരിച്ചത് അവരെ ഭയപ്പെടുത്താൻ ആയിരുന്നില്ല, മറിച്ച് അവർ അനുഭവിച്ചുകൊണ്ടിരുന്നതും ഭാവിയിൽ അനുഭവിക്കാനിരുന്നതുമായ പീഡനങ്ങളുടെ വീക്ഷണത്തിൽ അവരെ ശക്തിപ്പെടുത്താനും ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ആയിരുന്നു.—പ്രവൃത്തികൾ 28:22; വെളിപ്പാടു 1:4, 5; 2:3, 9, 10, 13.
2. യോഹന്നാന്റെയും സഹക്രിസ്ത്യാനികളുടെയും സാഹചര്യം ഇന്നത്തെ ക്രിസ്ത്യാനികൾക്ക് താത്പര്യമുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
2 ഈ ബൈബിൾ പുസ്തകം എഴുതപ്പെട്ട സാഹചര്യങ്ങൾ ഇന്നത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ അർഥവത്താണ്. യഹോവയ്ക്കും അവന്റെ പുത്രനായ ക്രിസ്തുയേശുവിനും സാക്ഷ്യം വഹിച്ചതു നിമിത്തം യോഹന്നാൻ പീഡനം അനുഭവിക്കുകയായിരുന്നു. നല്ല പൗരന്മാർ ആയിരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവർക്കു ചക്രവർത്തിയാരാധന നടത്താൻ കഴിയുമായിരുന്നില്ല. തന്മൂലം, അവനും സഹക്രിസ്ത്യാനികളും ശത്രുത നിറഞ്ഞ ഒരു ചുറ്റുപാടിലാണു ജീവിച്ചിരുന്നത്. (ലൂക്കൊസ് 4:8) ഇന്ന് ചില രാജ്യങ്ങളിൽ സത്യക്രിസ്ത്യാനികൾ സമാനമായ സാഹചര്യങ്ങളിലാണ്. അവിടങ്ങളിൽ, “മതപരമായി ശരിയായത്” എന്താണെന്നു നിർവചിക്കാനുള്ള അവകാശം രാഷ്ട്രം കയ്യടക്കി വെക്കുന്നു. ആയതിനാൽ, വെളിപ്പാടു പുസ്തകത്തിന്റെ ആമുഖത്തിൽ കാണുന്ന പിൻവരുന്ന വാക്കുകൾ എത്ര ആശ്വാസപ്രദമാണ്: “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW]; സമയം അടുത്തിരിക്കുന്നു.” (വെളിപ്പാടു 1:3) അതേ, വെളിപ്പാടു പുസ്തകം ശ്രദ്ധാപൂർവം വായിച്ച് അനുസരിക്കുന്നവർക്ക് യഥാർഥ സന്തുഷ്ടി കണ്ടെത്താനും അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കാനും സാധിക്കും.
3. യോഹന്നാനു ലഭിച്ച വെളിപ്പാടിന്റെ ഉറവിടം ആരാണ്?
3 വെളിപ്പാടിന്റെ ആത്യന്തിക ഉറവിടം ആരാണ്? ഏതു സരണിയിലൂടെയാണ് അതു കൈമാറപ്പെട്ടത്? പ്രാരംഭ വാക്യം നമ്മോട് ഇങ്ങനെ പറയുന്നു: “യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” (വെളിപ്പാടു 1:1) ലളിതമായി പറഞ്ഞാൽ, വെളിപ്പാടിന്റെ യഥാർഥ ഉറവിടം യഹോവയാം ദൈവമാണ്. അവൻ അത് യേശുവിനു നൽകി. തന്റെ ദൂതനിലൂടെ യേശു അത് യോഹന്നാനെ അറിയിച്ചു. സഭകൾക്കു സന്ദേശങ്ങൾ കൈമാറാനും യോഹന്നാനു ദർശനങ്ങൾ നൽകാനും യേശു പരിശുദ്ധാത്മാവിനെയും ഉപയോഗിച്ചെന്ന് അൽപ്പംകൂടെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു.—വെളിപ്പാടു 2:7, 11, 17, 29; 3:6, 13, 22; 4:2; 17:3; 21:10; പ്രവൃത്തികൾ 2:33 താരതമ്യം ചെയ്യുക.
4. ഭൂമിയിലെ തന്റെ ജനത്തെ നയിക്കാൻ യഹോവ ഇപ്പോഴും ഏതു മാർഗങ്ങൾ ഉപയോഗിക്കുന്നു?
4 ഭൂമിയിലെ തന്റെ ദാസന്മാരെ പഠിപ്പിക്കാൻ യഹോവ ‘സഭയുടെ തല’യായ തന്റെ പുത്രനെ ഇപ്പോഴും ഉപയോഗിക്കുന്നു. (എഫെസ്യർ 5:23; യെശയ്യാവു 54:13; യോഹന്നാൻ 6:45) തന്റെ ജനത്തെ പ്രബോധിപ്പിക്കാൻ യഹോവ തന്റെ പരിശുദ്ധാത്മാവിനെയും ഉപയോഗിക്കുന്നു. (യോഹന്നാൻ 15:26; 1 കൊരിന്ത്യർ 2:10) ഒന്നാം നൂറ്റാണ്ടിലെ സഭകൾക്കു പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയ ആഹാരം പ്രദാനം ചെയ്യാൻ യേശു “തന്റെ ദാസനായ യോഹന്നാ”നെ ഉപയോഗിച്ചതു പോലെ, ഇന്ന് തന്റെ വീട്ടുകാർക്കും അവരുടെ സഹകാരികൾക്കും “തക്ക സമയത്ത് [ആത്മീയ] ആഹാരം” നൽകാൻ ഭൂമിയിലെ തന്റെ അഭിഷിക്ത ‘സഹോദരന്മാർ’ അടങ്ങിയ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ അവൻ ഉപയോഗിക്കുന്നു. (മത്തായി 24:45-47, NW; 25:40) ആത്മീയ ആഹാരത്തിന്റെയും അതു ലഭ്യമാക്കാൻ ഉപയോഗിക്കുന്ന സരണിയുടെയും രൂപത്തിൽ നമുക്കു ലഭിക്കുന്ന ‘നല്ല ദാനങ്ങ’ളുടെ ഉറവിടത്തെ തിരിച്ചറിയുന്നവർ സന്തുഷ്ടരാകുന്നു.—യാക്കോബ് 1:17.
ക്രിസ്തു-നിയന്ത്രിത സഭകൾ
5. (എ) ക്രിസ്തീയ സഭകളെയും അതിലെ മേൽവിചാരകന്മാരെയും എന്തിനോട് ഉപമിച്ചിരിക്കുന്നു? (ബി) നാം അപൂർണരാണെങ്കിലും നമ്മുടെ സന്തുഷ്ടിക്ക് ആക്കം കൂട്ടുന്നത് എന്ത്?
5 വെളിപ്പാടു പുസ്തകത്തിന്റെ പ്രാരംഭ അധ്യായങ്ങളിൽ ക്രിസ്തീയ സഭകളെ നിലവിളക്കുകളോട് ഉപമിച്ചിരിക്കുന്നു. അവയിലെ മേൽവിചാരകന്മാരെ ദൂതന്മാരോടും (സന്ദേശവാഹകർ) നക്ഷത്രങ്ങളോടും ഉപമിച്ചിരിക്കുന്നു. (വെളിപ്പാടു 1:20)a തന്നെക്കുറിച്ചു തന്നെ സംസാരിച്ചുകൊണ്ട്, ക്രിസ്തു യോഹന്നാനോട് ഇപ്രകാരം എഴുതാൻ പറഞ്ഞു: “ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്ന”താണ് ഈ കാര്യങ്ങൾ. (വെളിപ്പാടു 2:1) ഏഷ്യയിലെ ഏഴ് സഭകൾക്ക് അയച്ച ഏഴ് സന്ദേശങ്ങൾ ഒന്നാം നൂറ്റാണ്ടിലെ സഭകൾക്കും അവയിലെ മൂപ്പന്മാർക്കും ശക്തവും ദുർബലവും ആയ സ്വഭാവ സവിശേഷതകൾ ഉണ്ടായിരുന്നെന്ന് പ്രകടമാക്കുന്നു. ഇന്നും അതു സത്യമാണ്. അതുകൊണ്ട്, നമ്മുടെ തലയായ ക്രിസ്തു സഭകളുടെ മധ്യേ ഉണ്ടെന്നുള്ള വസ്തുത ഒരിക്കലും മറക്കാതിരിക്കുന്നെങ്കിൽ നാം വളരെയേറെ സന്തുഷ്ടരായിരിക്കും. എന്താണ് സംഭവിക്കുന്നത് എന്ന് അവനു കൃത്യമായി അറിയാം. മേൽവിചാരകന്മാർ ആലങ്കാരികമായി അവന്റെ “വലങ്കയ്യിൽ” ആണ്, അതായത് അവന്റെ നിയന്ത്രണത്തിനും മാർഗനിർദേശത്തിനും കീഴിലാണ്. കൂടാതെ, തങ്ങൾ സഭയിൽ ഇടയവേല ചെയ്യുന്ന വിധം സംബന്ധിച്ച് അവർ അവനോട് ഉത്തരം പറയേണ്ടിയുമിരിക്കുന്നു.—പ്രവൃത്തികൾ 20:28; എബ്രായർ 13:17.
6. ക്രിസ്തുവിനോട് ഉത്തരം പറയേണ്ടവർ മേൽവിചാരകന്മാർ മാത്രമല്ലെന്ന് എന്തു പ്രകടമാക്കുന്നു?
6 എന്നാൽ, മേൽവിചാരകന്മാർ മാത്രമേ തങ്ങളുടെ പ്രവൃത്തികൾക്ക് ക്രിസ്തുവിനോട് ഉത്തരം പറയേണ്ടതുള്ളൂ എന്നു ചിന്തിക്കുന്നെങ്കിൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയായിരിക്കും. തന്റെ ഒരു സന്ദേശത്തിൽ ക്രിസ്തു പറഞ്ഞു: “ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.” (വെളിപ്പാടു 2:23) ഇത് ഒരു മുന്നറിയിപ്പും അതേസമയംതന്നെ ഒരു പ്രോത്സാഹനവുമാണ്. നമ്മിൽ രൂഢമൂലമായിരിക്കുന്ന മനോഭാവങ്ങൾ ക്രിസ്തു അറിയുന്നു എന്നതാണ് മുന്നറിയിപ്പ്. ക്രിസ്തു നമ്മുടെ ശ്രമങ്ങളെ കുറിച്ചു ബോധവാനാണെന്നും നമ്മാൽ ആകുന്നതെല്ലാം നാം ചെയ്യുന്നെങ്കിൽ അവൻ നമ്മെ അനുഗ്രഹിക്കുമെന്നും അതു നമുക്കു ഉറപ്പുതരുന്നതിനാൽ അതൊരു പ്രോത്സാഹനം കൂടിയാണ്.—മർക്കൊസ് 14:6-9; ലൂക്കൊസ് 21:3, 4.
7. ഫിലദെൽഫ്യയിലെ ക്രിസ്ത്യാനികൾ ‘സഹിഷ്ണുതയെക്കുറിച്ചുള്ള യേശുവിന്റെ വചനം കാത്തുകൊണ്ടത്’ എങ്ങനെ?
7 ലുദിയൻ നഗരമായ ഫിലദെൽഫ്യയിലെ സഭയ്ക്കു ക്രിസ്തു നൽകിയ സന്ദേശത്തിൽ ശാസനകൾ ഒന്നും ഇല്ല. എന്നാൽ നമുക്കു വളരെ താത്പര്യം ഉണ്ടായിരിക്കേണ്ട ഒരു വാഗ്ദാനം അതു നൽകുന്നു. “സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.” (വെളിപ്പാടു 3:10) ഫിലദെൽഫ്യയിലെ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ കൽപ്പനകൾ അനുസരിച്ചതിനു പുറമേ വിശ്വസ്തതയോടെ സഹിച്ചു നിൽക്കാനുള്ള അവന്റെ ബുദ്ധിയുപദേശം പിൻപറ്റുകയും ചെയ്തിരുന്നെന്ന് 8-ാം വാക്യം സൂചിപ്പിക്കുന്നു.—മത്തായി 10:22; ലൂക്കൊസ് 21:19.
8. (എ) ഫിലദെൽഫ്യയിലെ ക്രിസ്ത്യാനികൾക്ക് യേശു എന്തു വാഗ്ദാനം നൽകി? (ബി) ഇന്ന് “പരീക്ഷാകാല”ത്താൽ ബാധിക്കപ്പെടുന്നത് ആരാണ്?
8 താൻ അവരെ “പരീക്ഷാകാലത്തു” സംരക്ഷിക്കുമെന്ന് യേശു കൂട്ടിച്ചേർത്തു. അന്നത്തെ ക്രിസ്ത്യാനികൾക്ക് അത് കൃത്യമായും എന്ത് അർഥമാക്കിയെന്നു നമുക്ക് അറിയില്ല. പൊ.യു. 96-ൽ ഡൊമിഷ്യന്റെ മരണ ശേഷം പീഡനത്തിന് അൽപ്പകാലത്തേക്ക് ഒരു ശമനം ഉണ്ടായെങ്കിലും ട്രാജന്റെ കീഴിൽ (പൊ.യു. 98-117) പീഡനം വീണ്ടും അലയടിച്ചു. അതു കൂടുതൽ പരിശോധനകൾ വരുത്തിവെച്ചു എന്നതിൽ തെല്ലും സംശയമില്ല. എന്നാൽ “കർത്താവിന്റെ ദിവസത്തി”ലെ നാം ഇന്നു ജീവിക്കുന്ന “അന്ത്യകാല”മാണ് മുഖ്യ ‘പരീക്ഷാകാലം.’ (വെളിപ്പാടു 1:10, NW; ദാനീയേൽ 12:4) ഒന്നാം ലോകമഹായുദ്ധ കാലത്തും അതിനു തൊട്ടുപുറകെയും ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ ഒരു പ്രത്യേക പരീക്ഷാകാലത്തിലൂടെ കടന്നുപോയി. എങ്കിലും, ‘പരീക്ഷാകാലം’ ഇപ്പോഴും തുടരുകയാണ്. മഹോപദ്രവത്തെ അതിജീവിക്കാൻ പ്രതീക്ഷിക്കുന്ന മഹാപുരുഷാരത്തിൽ പെടുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉൾപ്പെടെ “ഭൂതലത്തിൽ എങ്ങും” ഉള്ളവരെ അതു ബാധിക്കുന്നു. (വെളിപ്പാടു 3:10; 7:9, 14) ‘സഹിഷ്ണുതയെക്കുറിച്ചുള്ള യേശുവിന്റെ വചനം കാത്തുകൊള്ളുന്ന’ പക്ഷം നാം സന്തുഷ്ടരായിരിക്കും. അവൻ പറഞ്ഞു: “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:13.
യഹോവയുടെ പരമാധികാരത്തിന് സസന്തോഷം കീഴ്പെടൽ
9, 10. (എ) യഹോവയുടെ സിംഹാസനത്തെ കുറിച്ചുള്ള ദർശനം നമ്മെ ഏതു വിധങ്ങളിൽ ബാധിക്കണം? (ബി) വെളിപ്പാടു പുസ്തകം വായിക്കുന്നത് നമ്മുടെ സന്തുഷ്ടിയെ ഉന്നമിപ്പിച്ചേക്കാവുന്നത് എങ്ങനെ?
9 യഹോവയുടെ സിംഹാസനത്തെയും അവന്റെ സ്വർഗീയ സദസ്സിനെയും കുറിച്ച് വെളിപ്പാടു 4-ഉം 5-ഉം അധ്യായങ്ങളിൽ കൊടുത്തിരിക്കുന്ന ദർശനം നമ്മെ ഭയാദരവുകൊണ്ടു നിറയ്ക്കണം. യഹോവയുടെ നീതിനിഷ്ഠമായ പരമാധികാരത്തിനു സന്തോഷത്തോടെ കീഴ്പെടുന്ന ശക്തരായ സ്വർഗീയ ജീവികളുടെ ഹൃദയംഗമമായ സ്തുതി വചനങ്ങൾ നമ്മിൽ മതിപ്പുളവാക്കണം. (വെളിപ്പാടു 4:8-11) പിൻവരുന്നപ്രകാരം പറയുന്നവരുടെ കൂട്ടത്തിൽ നമ്മുടെ സ്വരവും മുഴങ്ങിക്കേൾക്കണം: “സിംഹാസനത്തിൽ ഇരിക്കുന്നവന്നും കുഞ്ഞാടിന്നും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ.”—വെളിപ്പാടു 5:13.
10 പ്രായോഗിക തലത്തിൽ ഇത്, സകലത്തിലും നാം യഹോവയുടെ ഇഷ്ടത്തിനു സന്തോഷത്തോടെ കീഴ്പെടുന്നതിനെ അർഥമാക്കുന്നു. പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ.” (കൊലൊസ്സ്യർ 3:17) നമ്മുടെ മനസ്സിന്റെയും ഹൃദയത്തിന്റെയും അടിത്തട്ടിൽ നാം യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അവന്റെ ഇഷ്ടം കണക്കിലെടുക്കുകയും ചെയ്യുന്നെങ്കിൽ വെളിപ്പാടു പുസ്തകം വായിക്കുന്നതു നമ്മെ തികച്ചും സന്തുഷ്ടരാക്കും.
11, 12. (എ) സാത്താന്റെ ഭൗമിക വ്യവസ്ഥിതി പിടിച്ചുലയ്ക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെ? (ബി) വെളിപ്പാടു 7-ാം അധ്യായം അനുസരിച്ച്, ആ സമയത്ത് “ആർക്കു നില്പാൻ കഴിയും”?
11 വ്യക്തിപരവും വിശ്വവ്യാപകവുമായ സന്തുഷ്ടിയുടെ അടിസ്ഥാനം യഹോവയുടെ പരമാധികാരത്തിനു സന്തോഷപൂർവം കീഴ്പെടുന്നതാണ്. പെട്ടെന്നുതന്നെ പ്രതീകാത്മകമായ ഒരു വലിയ ഭൂകമ്പം സാത്താന്റെ ലോക വ്യവസ്ഥിതിയുടെ അടിസ്ഥാനങ്ങളെതന്നെ പിടിച്ചുലയ്ക്കുകയും നശിപ്പിക്കുകയും ചെയ്യും. ദൈവത്തിന്റെ നിയമാധിഷ്ഠിത പരമാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തുവിന്റെ സ്വർഗീയ രാജ്യ ഗവൺമെന്റിനു കീഴ്പെടാൻ വിസമ്മതിക്കുന്നവർക്കു യാതൊരു അഭയസ്ഥാനവും ഉണ്ടായിരിക്കില്ല. പ്രവചനം ഇപ്രകാരം പറയുന്നു: “ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.”—വെളിപ്പാടു 6:12, 15-17.
12 ആ ചോദ്യത്തിനുള്ള ഉത്തരം എന്നവണ്ണം അടുത്ത അധ്യായത്തിൽ, മഹോപദ്രവത്തിൽ നിന്നു പുറത്തുവന്ന മഹാപുരുഷാരത്തിൽ പെട്ടവർ “സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്ന”തായി യോഹന്നാൻ അപ്പൊസ്തലൻ വിവരിക്കുന്നു. (വെളിപ്പാടു 7:9, 14, 15) അവർ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നത് അവർ ആ സിംഹാസനത്തെ അംഗീകരിക്കുന്നുവെന്നും യഹോവയുടെ പരമാധികാരത്തിനു പൂർണമായും കീഴ്പെടുന്നുവെന്നും പ്രകടമാക്കുന്നു. അതുകൊണ്ട് അവർ അംഗീകാരമുള്ളവരായി നിലകൊള്ളുന്നു.
13. (എ) ഭൂമിയിലെ ഭൂരിപക്ഷം പേരും എന്തിനെ ആരാധിക്കുന്നു, അവരുടെ നെറ്റിയിലോ കൈമേലോ ഉള്ള അടയാളം എന്തിനെ പ്രതീകപ്പെടുത്തുന്നു? (ബി) സഹിഷ്ണുത അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 അതേസമയം, ഭൂമിയിലെ മറ്റു നിവാസികൾ സാത്താന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെ—അതിനെ ഒരു കാട്ടു മൃഗത്താൽ പ്രതീകപ്പെടുത്തിയിരിക്കുന്നു—ആരാധിക്കുന്നതായി 13-ാം അധ്യായം വിവരിക്കുന്നു. ആ വ്യവസ്ഥിതിക്കുള്ള തങ്ങളുടെ മാനസികവും ശാരീരികവുമായ പിന്തുണ പ്രകടമാക്കിക്കൊണ്ട് അവർ തങ്ങളുടെ ‘നെറ്റിയിലോ’ ‘കൈമേലോ’ ഒരു അടയാളം സ്വീകരിക്കുന്നു. (വെളിപ്പാടു 13:1-8, 16, 17) തുടർന്ന് 14-ാം അധ്യായം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെററിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; . . . ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം.” (വെളിപ്പാടു 14:9, 10, 12) കാലം കടന്നുപോകുന്നതോടെ, ചോദ്യം മുഖ്യമായും ഇതായിരിക്കും: നിങ്ങൾ ആരെയാണു പിന്തുണയ്ക്കുന്നത്? യഹോവയെയും അവന്റെ പരമാധികാരത്തെയും ആണോ അതോ കാട്ടുമൃഗത്താൽ പ്രതീകവത്കരിക്കപ്പെടുന്ന അഭക്ത രാഷ്ട്രീയ വ്യവസ്ഥിതിയെ ആണോ? മൃഗത്തിന്റെ അടയാളം സ്വീകരിക്കാതിരിക്കുകയും യഹോവയുടെ പരമാധികാരത്തിനു കീഴ്പെട്ട് വിശ്വസ്തതയോടെ സഹിച്ചുനിൽക്കുകയും ചെയ്യുന്നവർ സന്തുഷ്ടരായിരിക്കും.
14, 15. അർമഗെദോനെ കുറിച്ചുള്ള വെളിപ്പാടിലെ വിവരണത്തിനിടയ്ക്ക് ഏതു സന്ദേശം കടന്നുവരുന്നു, ആ സന്ദേശം നമുക്ക് എന്ത് അർഥമാക്കുന്നു?
14 “സർവ്വഭൂതലത്തിലും ഉള്ള” ഭരണാധിപന്മാർ ഒരു സംഘട്ടനത്തിന്റെ പാതയിലാണ്. പരമാധികാരം സംബന്ധിച്ച വിവാദ വിഷയത്തിൽ യഹോവയുമായുള്ള ഒരു ഏറ്റുമുട്ടലിലേക്കാണ് അവർ നീങ്ങുന്നത്. അന്തിമ ബലപരീക്ഷണം “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമഗെദോനിൽ ആയിരിക്കും. (വെളിപ്പാടു 16:14, 16, NW) യഹോവയുമായുള്ള യുദ്ധത്തിനു ഭൂമിയിലെ ഭരണാധിപന്മാരെ കൂട്ടിച്ചേർക്കുന്നതിനെ കുറിച്ചുള്ള വിവരണത്തിന്റെ നടുവിൽത്തന്നെ രസകരമായ ഒരു വാക്യം പ്രത്യക്ഷപ്പെടുന്നു. യേശുക്രിസ്തുതന്നെ ദർശനത്തിൽ ഇടയ്ക്കു കയറി ഇങ്ങനെ പറയുന്നു: “ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” (വെളിപ്പാടു 16:15) ഇവിടെ ലേവ്യരായ ആലയ കാവൽക്കാരെ പരോക്ഷമായി പരാമർശിക്കുക ആയിരുന്നിരിക്കാം. കാവൽ വേലയിൽ അവർ ഉറങ്ങുന്നതായി കണ്ടാൽ അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ പരസ്യമായി നാണംകെടുത്തിയിരുന്നു.
15 സന്ദേശം വ്യക്തമാണ്: അർമഗെദോനെ അതിജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ആത്മീയമായി ഉണർന്നിരിക്കുകയും യഹോവയാം ദൈവത്തിന്റെ വിശ്വസ്ത സാക്ഷികളായി നമ്മെ തിരിച്ചറിയിക്കുന്ന പ്രതീകാത്മക ഉടുപ്പ് സൂക്ഷിക്കുകയും വേണം. ആത്മീയ നിദ്രാലസത ഒഴിവാക്കി ദൈവത്തിന്റെ സ്ഥാപിതമായ രാജ്യത്തെ കുറിച്ചുള്ള “നിത്യസുവിശേഷം” പ്രചരിപ്പിക്കുന്നതിൽ അവിരാമം തീക്ഷ്ണതയോടെ തുടരുന്നെങ്കിൽ നാം സന്തുഷ്ടരായിരിക്കും.—വെളിപ്പാടു 14:6.
‘ഈ പ്രവചന വാക്കുകൾ പ്രമാണിക്കുന്നവർ സന്തുഷ്ടർ’
16. വെളിപ്പാടു പുസ്തകത്തിന്റെ സമാപന അധ്യായങ്ങൾ സന്തോഷിക്കാനുള്ള സവിശേഷ കാരണം ആയിരിക്കുന്നത് എന്തുകൊണ്ട്?
16 “സർവശക്തിയുള്ള ദൈവമായ യഹോവ”യ്ക്കു സ്തുതി കരേറ്റുന്ന നമ്മുടെ മഹത്തായ പ്രത്യാശയായ പുതിയ ഭൂമിയെയും പുതിയ ആകാശത്തെയും, അതായത് ശുദ്ധീകരിക്കപ്പെട്ട പുതിയ മനുഷ്യ സമുദായത്തെയും അതിന്മേൽ ഭരണം നടത്തുന്ന നീതിനിഷ്ഠമായ സ്വർഗീയ രാജ്യ ഗവൺമെന്റിനെയും കുറിച്ചു വിവരിക്കുന്ന വെളിപ്പാടിലെ സമാപന അധ്യായങ്ങൾ വായിക്കുന്ന അതിന്റെ സന്തുഷ്ട വായനക്കാർക്കു ആനന്ദപുളകിതരാകാൻ കഴിയും. (വെളിപ്പാടു 21:22) വിസ്മയാവഹമായ ദർശന പരമ്പര സമാപിക്കവെ ദൂത സന്ദേശവാഹകൻ യോഹന്നാനോട് ഇങ്ങനെ പറഞ്ഞു: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ [“നിശ്വസ്ത മൊഴികളുടെ,” NW] ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].”—വെളിപ്പാടു 22:6, 7.
17. (എ) വെളിപ്പാടു 22:6-ൽ ഏത് ഉറപ്പ് നൽകപ്പെട്ടിരിക്കുന്നു? (ബി) എന്ത് ഒഴിവാക്കാൻ നാം ജാഗ്രതയുള്ളവർ ആയിരിക്കണം?
17 ഇതിനോടു സമാനമായ വാക്കുകൾ ഈ “പുസ്തകത്തി”ന്റെ തുടക്കത്തിലും പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് വെളിപ്പാടിന്റെ സന്തുഷ്ട വായനക്കാർ ഓർമിക്കും. (വെളിപ്പാടു 1:1, 3) ബൈബിളിലെ അവസാന പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ‘വേഗത്തിൽ സംഭവിക്കും’ എന്ന് ഈ വാക്കുകൾ നമുക്ക് ഉറപ്പു തരുന്നു. അന്ത്യകാലത്തിന്റെ പരമാന്ത്യത്തിലാണു നാം ജീവിക്കുന്നത്. ആയതിനാൽ വെളിപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സുപ്രധാന സംഭവങ്ങൾ തീർച്ചയായും ത്വരിതഗതിയിൽ ഒന്നൊന്നായി സംഭവിക്കും. അതുകൊണ്ട് സാത്താന്റെ വ്യവസ്ഥിതിയുടെ പ്രഥമദൃഷ്ട്യാ ഉള്ള സ്ഥിരത നമ്മെ നിദ്രാലസരാക്കരുത്. ജാഗ്രതയുള്ള ഒരു വായനക്കാരൻ, ഏഷ്യയിലെ ഏഴു സഭകൾക്കു നൽകിയ സന്ദേശത്തിലെ മുന്നറിയിപ്പുകൾ ഓർമിക്കുകയും ഭൗതികത്വം, വിഗ്രഹാരാധന, അധാർമികത, ശീതോഷ്ണാവസ്ഥ, വിശ്വാസത്യാഗപരമായ വിഭാഗീയത എന്നിങ്ങനെയുള്ള കെണികൾ ഒഴിവാക്കുകയും ചെയ്യും.
18, 19. (എ) യേശു ഇനിയും വരേണ്ടിയിരിക്കുന്നത് എന്തുകൊണ്ട്, യോഹന്നാൻ പ്രകടിപ്പിച്ച ഏതു പ്രത്യാശയിലാണ് നാം പങ്കുചേരുന്നത്? (ബി) യഹോവ ഇനിയും ‘വരാൻ’ ഇരിക്കുന്നത് എന്ത് ഉദ്ദേശ്യത്തിൽ?
18 “ഞാൻ വേഗം വരുന്നു” എന്ന് യേശു വെളിപ്പാടു പുസ്തകത്തിൽ അനേകം പ്രാവശ്യം അറിയിക്കുന്നു. (വെളിപ്പാടു 2:16; 3:11; 22:7, 20എ) മഹാബാബിലോന്റെയും സാത്താന്റെ രാഷ്ട്രീയ വ്യവസ്ഥിതിയുടെയും മിശിഹൈക രാജ്യത്താൽ ഇപ്പോൾ പ്രതിനിധാനം ചെയ്യപ്പെടുന്ന യഹോവയുടെ പരമാധികാരത്തിനു കീഴ്പെടാൻ വിസമ്മതിക്കുന്ന സകല മനുഷ്യരുടെയും മേൽ ന്യായവിധി നടപ്പാക്കാനായി യേശു വരാനിരിക്കുന്നതേയുള്ളൂ. പിൻവരുന്ന പ്രകാരം പറയുന്നതിൽ യോഹന്നാൻ അപ്പൊസ്തലനോടൊപ്പം നാമും പങ്കുചേരുന്നു: “ആമേൻ, കർത്താവായ യേശുവേ, വരേണമേ.”—വെളിപ്പാടു 22:20ബി.
19 യഹോവതന്നെ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളിപ്പാടു 22:12) വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന “പുതിയ ആകാശ”ത്തിന്റെയോ “പുതിയ ഭൂമി”യുടെയോ ഭാഗമായുള്ള, അനന്ത ജീവിതമാകുന്ന മഹത്തായ പ്രതിഫലം നോക്കിപ്പാർത്തിരിക്കെ ആത്മാർഥ ഹൃദയർക്ക് പിൻവരുന്ന ക്ഷണം നീട്ടിക്കൊടുക്കുന്നതിൽ നമുക്ക് ഉത്സാഹത്തോടെ പങ്കുചേരാം: “വരിക . . . ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 22:17) അവരും ദൈവ നിശ്വസ്തവും പ്രചോദനാത്മകവുമായ വെളിപ്പാടു പുസ്തകത്തിന്റെ സന്തുഷ്ട വായനക്കാർ ആയിത്തീരട്ടെ!
[അടിക്കുറിപ്പുകൾ]
a വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, പേജുകൾ 28-9, 136 (അടിക്കുറിപ്പ്) കാണുക.
പുനരവലോകന ആശയങ്ങൾ
□ വെളിപ്പാടു കൈമാറാൻ യഹോവ ഏതു സരണിയെ ഉപയോഗിച്ചു, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാനാകും?
□ ഏഷ്യയിലെ ഏഴു സഭകൾക്ക് അയച്ച സന്ദേശങ്ങൾ വായിക്കുന്നതിൽ നാം സന്തുഷ്ടരായിരിക്കേണ്ടത് എന്തുകൊണ്ട്?
□ ‘പരീക്ഷാകാലത്ത്’ നമുക്കു സുരക്ഷിതരായിരിക്കാൻ കഴിയുന്നത് എങ്ങനെ?
□ വെളിപ്പാടു പുസ്തകത്തിലെ പ്രവചന വാക്കുകൾ പ്രമാണിച്ചാൽ നമുക്ക് എന്ത് സന്തുഷ്ടി കരഗതമാകും?
[15-ാം പേജിലെ ചിത്രം]
സദ്വർത്തമാനങ്ങളുടെ ഉറവിടം തിരിച്ചറിയുന്നവർ സന്തുഷ്ടരാകുന്നു
[18-ാം പേജിലെ ചിത്രം]
ഉണർന്നിരിക്കുന്നവൻ സന്തുഷ്ടനാകുന്നു